മറ്റെല്ലാ കാര്യത്തിലുമെന്ന പോലെ അനന്തരാവകാശത്തിലും ഇസ്ലാം സ്ത്രീയെ രണ്ടാം പൌരയായി മാത്രമേ കാണുന്നുള്ളൂ എന്നാണ് വിമര്‍ശകരുടെ ആരോപണത്തിന്‍റെ കാതല്‍. സ്ത്രീയുടെ സ്വത്തോഹരി, പൌത്രന്‍റെ അവകാശം, സംരക്ഷണോത്തരവാദിത്തം ഏറ്റെടുക്കാത്ത ബന്ധുക്കള്‍ക്ക് സ്വത്തോഹരി നല്‍കുന്നതിലെ അനൌചിത്യം തുടങ്ങിയവയാണ് സാധാരണ കേള്‍ക്കുന്ന പ്രധാന ആരോപണങ്ങള്‍. ഈ മൂന്ന്‍ ആരോപണങ്ങളെ ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും ഇസ് ലാമിക അദ്ധ്യാപനങ്ങളുടെയും വെളിച്ചത്തില്‍ വളരെ ചുരുക്കി വിശകലനം ചെയ്യുകയാണ് ഇവിടെ.
ചില അടിസ്ഥാനങ്ങള്‍
മനുഷ്യന്‍ ഉള്‍ക്കൊള്ളുന്ന പ്രപഞ്ചത്തെ സൃഷ്ടിച്ച് സംവിധാനിച്ച് പരിപാലിച്ചു കൊണ്ടുപോകുന്നവന്‍ അല്ലാഹുവാണ്. ഭൂമിയില്‍ തന്‍റെ പ്രതിനിധി എന്ന നിലക്കാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. അല്ലാഹുവിന്‍റെ കല്‍പ്പനകള്‍ക്കനുസൃതമായി ജീവിതം നയിക്കുന്ന മനുഷ്യനെ മുസ്ലിം എന്ന് വിളിക്കാം. ആ ജീവിത വ്യവസ്ഥയാണ് ഇസ്ലാം. ഇസ്ലാമില്‍ ഏത് നിയമവും, സിവിലായാലും ക്രിമിനല്‍ ആയാലും, നിര്‍മ്മിക്കുന്നത് അല്ലാഹുവും അതിനെ വിശദീകരിച്ചു തരുന്നത് തിരുദൂതരുമാണ്.
ഈ രണ്ട് അടിസ്ഥാനങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് കാലാകാലങ്ങളില്‍ പണ്ഡിതന്മാര്‍ റിസര്‍ച്ച് നടത്തി എത്തിച്ചേരുന്ന ഏകോപിച്ച അഭിപ്രായങ്ങളും, മുകളില്‍ പറഞ്ഞവയ്ക്ക് വിരുദ്ധമാവാത്ത പ്രാദേശികാചാരങ്ങളും ഇസ്ലാം നിയമമായിത്തന്നെ അംഗീകരിക്കുന്നുണ്ട്. മക്കയില്‍ പ്രവാചകനായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബി (സ) അവിടെ 13 വര്‍ഷം പ്രബോധനം നടത്തിയ ശേഷം, മദീനയിലേക്ക് പലായനം ചെയ്ത മൂന്നാം വര്‍ഷത്തിലാണ് അനന്തരാവകാശ നിയമങ്ങള്‍ അവതരിക്കുന്നത്. ഇസ്ലാമിലെ സിവില്‍ നിയമങ്ങള്‍ ഭൂരിപക്ഷവും വ്യക്തിതലത്തില്‍ നടപ്പാക്കാന്‍ കഴിയുന്നതാണെങ്കിലും, ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കേണ്ടത് ഇസ് ലാമിക ഭരണകൂടവുമാണ്.
മുകളില്‍ പറഞ്ഞ അടിസ്ഥാനത്തില്‍ നിന്നുകൊണ്ട് മാത്രമേ നമുക്ക് ഇസ്ലാമിലെ ഏതൊരു വ്യവസ്ഥയെ കുറിച്ചും ചര്‍ച്ച നടത്താന്‍ കഴിയൂ.
സമ്പത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഖുര്‍ആന്‍ കൂടുതല്‍ പ്രാധാന്യം നല്‍കി, നിയമങ്ങള്‍ അല്ലാഹു തന്നെ കല്‍പ്പിക്കുന്നത് നമുക്ക് കാണാം. സകാത്തും അനന്തരവാകാശനിയമങ്ങളും കടമിടപാടുകളുമൊക്കെ ഉദാഹരണമായി എടുക്കാം.
ഈ മേഖലകളില്‍ മനുഷ്യനിര്‍മ്മിതതത്വങ്ങള്‍ക്ക് സ്വഭാവികമായി ഉണ്ടാവുന്ന പക്ഷപാതിത്തം ഇല്ലാതിരിക്കാനാണ് ഇത് എന്ന് വ്യക്തം. അല്ലാഹു തന്‍റെ സൃഷ്ടികള്‍ എന്ന വിശാലതയിലാണ് മനുഷ്യനെ കാണുന്നത്.
ഖുര്‍ആനില്‍ നാലാം അദ്ധ്യായം സൂറ അന്നിസാഇലെ 11, 12, 176 സൂക്തങ്ങളിലൂടെയാണ് അനന്തരാവകാശ നിയമങ്ങളുടെ അടിസ്ഥാനങ്ങള്‍ പഠിപ്പിച്ചത്.
നബി തിരുമേനി (സ) അവയെ വിശദീകരിക്കുകയും, ഖലീഫമാരും പിന്‍ഗാമികളായ മദ്ഹബ് ഇമാമുമാരും പണ്ടിതന്മാരും ഇതിനെ പ്രായോഗികമായി കാണിച്ചുതരികയും ചെയ്തു.
നിരവധി ഗ്രന്ധങ്ങള്‍ തന്നെ ഈ വിഷയത്തില്‍ വിരചിതമാവുകയും, അനന്തരാവകാശനിയമസംഹിത ഒരു സ്വന്തന്ത്ര ശാസ്ത്രമായി വളരുകയും ചെയ്തു. അറബി ഭാഷയിലും ഉര്‍ദു ഭാഷയിലും നൂറുകണക്കിന് സ്വതന്ത്രഗ്രന്ഥങ്ങളും, ഓരോ കര്‍മ്മശാസ്ത്രഗ്രന്ഥത്തിലും ഒരു അദ്ധ്യായമെന്ന നിലയിലും ഈ വിഷയം പരിഗണിക്കപ്പെട്ടു.
മലയാളത്തില്‍ പൊതുവേ ഈ വിഷയത്തില്‍ രചനകള്‍ വളരെ പരിമിതമാണ്. എന്നാല്‍, അനന്തരാവകാശ നിയമങ്ങളുടെ നീതി പൂര്‍ണ്ണമായി മനസ്സിലാവണമെങ്കില്‍ അതേ സൂറ തുടക്കം മുതല്‍ പത്താം സൂക്തം വരെയും, 13, 14 സൂക്തങ്ങളും കൃത്യമായി മനസ്സിലാക്കല്‍ ആവശ്യമാണ്.
11, 12, 176 ആയത്തുകളിലൂടെ നിയമങ്ങള്‍ പറയുന്നതിന് മുമ്പ് പത്ത് സൂക്തങ്ങളിലൂടെ അതിനൊരു മുന്നൊരുക്കം നടത്തുന്നത് പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു.
അല്ലാഹുവാണ് മനുഷ്യനെ ഒരു ആണില്‍ നിന്നും പെണ്ണില്‍ നിന്നും സൃഷ്ടിച്ചത്. നിങ്ങള്‍ പരസ്പരം എന്ത് ചോദിക്കുന്നതും അല്ലാഹുവിനെ മുന്‍നിര്‍ത്തിയാണല്ലോ, അതിനാല്‍ ആ അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കണം.
അല്ലാഹുവിനോടുള്ള ബന്ധം നിലനിര്‍ത്തുന്ന അതേ ഗൌരവത്തില്‍ കുടുംബബന്ധങ്ങളും സൂക്ഷിക്കണം.
അനാഥരുടെ മുതല്‍ കൈകാര്യം ചെയ്യുന്നവര്‍ ഒരു കെയര്‍ ടേക്കര്‍ (വലിയ്യ്) മാത്രമാണ്. അനാഥര്‍ സ്വന്തമായി സ്വത്ത് കൈകാര്യം ചെയ്യാനുള്ള പക്വത എത്തിയാല്‍ അവരുടെ സ്വത്ത് അവര്‍ക്ക് കൈമാറണം.
അനാഥയുടെ മുതലും വലിയ്യിന്‍റെ മുതലും കൂട്ടിക്കുഴച്ച് നിങ്ങളുടെ മുതലും കൂടി അശുദ്ധമാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കണം.
അനാഥയുടെ ധനം അന്യായമായി ഭുജിക്കാന്‍ പാടില്ല.
അനാഥയല്ലാത്ത 4 സ്ത്രീകളെ വരെ വിവാഹം കഴിക്കാന്‍ നിങ്ങള്‍ക്ക് അനുമതി ഉണ്ടായിരിക്കെ, അനാഥയുടെ ധനം കൈവശപ്പെടുത്താന്‍ വേണ്ടി മാത്രം അവരെ വിവാഹം കഴിക്കാനും പാടില്ല.
വിവാഹസമയത്ത് സ്ത്രീക്ക് മഹര്‍ നല്‍കല്‍ നിര്‍ബദ്ധമാണ്. അങ്ങിനെ അവര്‍ക്ക് ലഭിച്ച സംഖ്യ എത്ര വലുതാണെങ്കിലും അത് അവര്‍ക്ക് മാത്രം സ്വന്തമായിട്ടുള്ളതാണ്. നല്‍കിയ ഭര്‍ത്താവിന് അതില്‍ യാതൊരു അവകാശവുമില്ല; ഭാര്യ സന്തോഷത്തോടെ എന്തെങ്കിലും നല്‍കുന്നതൊഴികെ.
കൈകാര്യം ചെയ്യാന്‍ ത്രാണിയില്ലാത്ത വ്യക്തിക്ക് സ്വത്ത് നല്‍കി അത് പാഴാകാന്‍ ഇടയാക്കരുത്. കാരണം സ്വത്ത് മനുഷ്യന്‍റെ നിലനില്‍പ്പിന് ആധാരമായിട്ടാണ് അല്ലാഹു നല്‍കിയിട്ടുള്ളത്. കൈകാര്യം ചെയ്യാന്‍ കഴിയാത്ത വ്യക്തിയുടെ സ്വത്ത് അയാളുടെ വലിയ്യ് (രക്ഷാധികാരി – വിശദീകരണം പുറകെ വരുന്നുണ്ട്) കൈകാര്യം ചെയ്യുകയും വളര്‍ത്തുകയും നഷ്ടപ്പെടാതെ സൂക്ഷിക്കുകയും വേണം.
വിവേകം എത്തിയിട്ടില്ലാത്ത വ്യക്തിക്ക് അയാളുടെ ഭക്ഷണം, വസ്ത്രം തുടങ്ങിയ ആവശ്യങ്ങള്‍ ഈ സ്വത്തില്‍ നിന്ന്‍ വലിയ്യ് നിര്‍വഹിച്ചു കൊടുക്കണം. അവരെ ഇക്കാര്യങ്ങള്‍ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുകയും വേണം.
അനാഥ തന്‍റെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള തന്‍റേടം പ്രാപിച്ചു കഴിഞ്ഞാല്‍ ആ സ്വത്ത് വലിയ്യ് അവനെ (ആണായാലും പെണ്ണയാലും) തിരികെ ഏല്‍പ്പിക്കണം. അതിന് സാക്ഷികളും ഉണ്ടാവണം.
വലിയ്യ് സാമ്പത്തിക ഭദ്രതയുള്ള ആളാണെങ്കില്‍ അനാഥയുടെ ധനത്തില്‍ നിന്ന് യാതൊന്നും പ്രയോജനപ്പെടുത്താന്‍ പാടില്ല. അയാള്‍ ഒരു കെയര്‍ടേക്കര്‍ മാത്രമായിരിക്കണം.
സാമ്പത്തിക ഞെരുക്കമുള്ള ആളാണ് വലിയ്യ് എങ്കില്‍, അനാഥയുടെ ധനത്തില്‍ നിന്ന് അവര്‍ക്ക് സൌകര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന കൂട്ടത്തില്‍ മാന്യമായ രീതിയില്‍ ഇയാള്‍ക്കും അനുഭവിക്കാം.
എന്നാല്‍ കുട്ടികള്‍ വളര്‍ന്ന് വരുമെന്ന ഭീതിയില്‍ അവരുടെ സ്വത്ത് ആര്‍ഭാടമായി തിന്നുമുടിക്കാന്‍ പാടില്ല.
മാതാപിതാക്കളും ബന്ധുക്കളും മരണസമയത്ത് ബാക്കിയാക്കിപ്പോകുന്ന സ്വത്തില്‍ ആണിനും പെണ്ണിനും ഓഹരികള്‍ ലഭിക്കും.
അനന്തരസ്വത്ത് എത്ര കുറവാണെങ്കിലും കൂടുതലാണെങ്കിലും, അല്ലാഹു നിശ്ചയിച്ച ഓഹരിക്രമത്തില്‍ ആ സ്വത്ത് വീതം വെക്കല്‍ നടക്കണം.
അനന്തരസ്വത്ത് ഓഹരി വെക്കുന്ന സമയത്ത് ബന്ധുക്കളോ, അനാഥരോ, പാവങ്ങളോ ഹാജരായാല്‍, അവര്‍ക്കും ആ ധനത്തില്‍ നിന്ന് അല്‍പ്പം നല്‍കണം. ചുരുങ്ങിയത് അവര്‍ക്കൊരു അന്നദാനമെങ്കിലും ആവണം.
അനാഥരുടെ മുതല്‍ അന്യായമായി ഭക്ഷിക്കുന്നവര്‍ തങ്ങളുടെ ഉദരത്തില്‍ നരകത്തീയാണ് നിറച്ചുകൊണ്ടിരിക്കുന്നത്. കഠിനശിക്ഷ അവരെ കാത്തിരിക്കുന്നു.
ഇത്രയും ആമുഖമായി വിവരിച്ചത് കേട്ട് മാനസികമായി ഒരു തലത്തില്‍ എത്തിയ വിശ്വാസിയോടാണ് 11, 12 ആയത്തുകളിലൂടെ അനന്തരാവകാശ നിയമങ്ങളുടെ അടിസ്ഥാനങ്ങള്‍ സംക്ഷിപ്തമായി കല്‍പ്പിച്ചത്. ഈ അടിസ്ഥാനങ്ങളുടെ ഒരു വിശദീകരണമാണ് 176 ആമത്തെ ആയത്തിലൂടെ നല്‍കുന്നത്.
13, 14 ആയത്തുകളിലൂടെ വിഷയത്തെ ഉപസംഹരിക്കുന്നത് പ്രത്യേകം പ്രസ്ഥാവ്യമാണ്. മുകളില്‍ പറഞ്ഞ നിയമങ്ങളൊക്കെ അല്ലാഹുവിന്‍റെ അലംഘനീയമായ പരിധികളാണ്. അല്ലാഹുവിനെയും ദൂതനെയും അനുസരിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗമാണ് കാത്തിരിക്കുന്നത്. അല്ലാഹുവിനെയും ദൂതനെയും ധിക്കരിക്കുന്നവരെ കാത്തിരിക്കുന്നത് നിന്ദ്യമായ ശിക്ഷ ലഭിക്കുന്ന നരകമാണ്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ആമുഖമായും അടിസ്ഥാനമായും മനസ്സിലാക്കി ഉള്‍ക്കൊണ്ടുകഴിഞ്ഞാല്‍, അനന്തരാവകാശസ്വത്ത് വീതം വെക്കല്‍ ഒരു തര്‍ക്കവും വാശിയും വൈരാഗ്യവും ഇല്ലാതെ പരിഹരിക്കാന്‍ കഴിയുന്ന ലളിതമായ ഒരു കാര്യമാണ്.
വിമര്‍ശനങ്ങള്‍; വസ്തുതകള്‍
സ്ത്രീക്ക് പുരുഷന്റെ പകുതി സ്വത്ത്!
‘അനന്തരാവകാശ സ്വത്തിന്റെ കാര്യത്തില്‍ പോലും ഇസ്ലാം സ്ത്രീയെ അവഗണിച്ചിരിക്കുന്നു, പുരുഷന്റെ പകുതി സ്വത്ത് മാത്രമാണ് അവള്‍ക്കുള്ളത്, ഒരാള്‍ക്ക് പെണ്‍മക്കള്‍ മാത്രമാണുള്ളതെങ്കില്‍ പോലും ഇസ്ലാമിക വീക്ഷണത്തില്‍ അയാളുടെ മുഴുവന്‍ സ്വത്തിന് അവര്‍ അവകാശികളാകുന്നില്ല, എന്നാല്‍ ആണ്‍മക്കള്‍ മാത്രമാണെങ്കില്‍ അവര്‍ പൂര്‍ണ അവകാശികളാകുകയും ചെയ്യും. ഇവ്വിധം പലവിധ അനീതികള്‍ നിറഞ്ഞതാണ് ഇസ്ലാമിലെ ദായദനാവകാശ നിയമം’ എന്നാണ് ഇസ്ലാം വിമര്‍ശകരുടെ മറ്റൊരാരോപണം.
തെറ്റാണ് ഈ ആരോപണവും ധാരണയും! ഇങ്ങനെ മുറവിളികൂട്ടുന്നവര്‍ അന്ധമായ ഇസ്‌ലാമിക വിരോധം വെച്ചുപുലര്‍ത്തുന്നവരോ, യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാതെ ഏറ്റുപിടിക്കുന്നവരോ ആണ്. ഇസ്‌ലാമിന് മുമ്പ് സ്ത്രീകള്‍ക്ക് അനന്തരസ്വത്ത് ഉണ്ടായിരുന്നില്ല. എന്നല്ല, സ്ത്രീയെത്തന്നെ അനന്തരമെടുക്കുന്ന അവസ്ഥയാണ് നിലനിന്നിരുന്നത്! കുട്ടികള്‍ക്കും സ്വത്തുണ്ടായിരുന്നില്ല. യുദ്ധത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മാത്രമായിരുന്നു അതില്‍നിന്ന് വല്ലതും ലഭിച്ചത്. സഖ്യത്തിലേര്‍പ്പട്ടവര്‍ക്കും ദത്തുപുത്രര്‍ക്കും നല്‍കിയിരുന്ന അനന്തരാവകാശം ഇസ്‌ലാം നിര്‍ത്തലാക്കുകയും ന്യായമായി ലഭിക്കേണ്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവരുടെ വിഹിതങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു എന്നതാണ് വസ്തുത. അങ്ങനെ സ്ത്രീക്ക് നിശ്ചയിക്കപ്പെട്ട വിഹിതമാകട്ടെ, അവളുടെയും പുരുഷന്റെയും ബാധ്യതകളുമായും ഉത്തരവാദിത്വങ്ങളുമായും താരതമ്യം ചെയ്തുനോക്കുമ്പോള്‍ പുരുഷന്റെ വിഹിതത്തേക്കാള്‍ എത്രയോ ഇരട്ടിക്ക് തുല്യവും! പുരുഷന്മാരുടെ സാമ്പത്തിക ഭാരം പരിഗണിച്ചുകൊണ്ടാണ് സ്ത്രീയേക്കാള്‍ ഇരട്ടി പുരുഷന്ന് അനന്തരാവകാശം നല്‍കിയിരിക്കുന്നത്. ഇസ്ലാമിക ശരീഅത്ത് ദായധനത്തിന്റെ അടിസ്ഥാന അളവായി സ്ത്രീയുടെ സ്വത്തിനെയാണ് കണക്കാക്കുന്നത്. സ്ത്രീകളുടെ ഇരട്ടി പുരുഷന് എന്ന (അന്നിസാഅ്: 11) ഖുര്‍ആനിക പ്രഖ്യാപനത്തിലൂടെ (ചോദ്യത്തില്‍ പറഞ്ഞപോലെ, പുരുഷന്റെ പകുതി സ്ത്രീക്ക് എന്നല്ല.) സ്ത്രീയുടെ അവകാശം ഉന്നതമാക്കി. ഏറ്റവും ആദരിക്കപ്പെടേണ്ടതും പരിഗണിക്കേണ്ടതും സ്ത്രീകളാണെന്ന ബോധം വളര്‍ത്തി.
മക്കളുടെയോ കുടുംബത്തിന്റെയോ സാമ്പത്തികമായ ബാധ്യതകള്‍ ഒന്നും തന്നെ ഇസ്ലാം സ്ത്രീകളില്‍ ചുമത്തിയിട്ടില്ല. എന്നിട്ടും അവള്‍ക്ക് അവകാശങ്ങള്‍ ഉണ്ട് താനും. പിതാവിന്റെയും സഹോദരന്‍മാരുടെയും സംരക്ഷണത്തില്‍ വളര്‍ന്ന (വളരുന്ന) അവള്‍ പിന്നീട് ഭര്‍ത്താവിന്റെയും മക്കളുടെയും സംരക്ഷണത്തിലെത്തുന്നു. സ്ത്രീ എത്ര സമ്പന്നയാണെങ്കിലും അവള്‍ക്ക് സാമ്പത്തിക ബാധ്യത ഏല്‍പ്പിക്കപ്പെട്ടിട്ടില്ല. സ്ത്രീക്ക് സ്വത്ത് സമ്പാദിക്കുവാനുള്ള അവകാശം ഖുര്‍ആന്‍ അംഗീകരിക്കുന്നു. എത്ര വേണമെങ്കിലും സമ്പാദിക്കാം. പ്രസ്തുത സമ്പാദ്യത്തില്‍ പുരുഷന് യാതൊരു അവകാശവുമില്ല. അവളുടെ സമ്പാദ്യം അവളുടേത് മാത്രമാണ്. അവളുടെ അനുമതിയില്ലാതെ അതില്‍നിന്ന്‍ ഒന്നും എടുക്കാന്‍ ആര്‍ക്കും അനുവാദമില്ല. എന്നാല്‍ പുരുഷന്റെ സ്വത്തില്‍നിന്നും ന്യായമായ വിഹിതം സ്ത്രീകള്‍ക്ക് അനുഭവിക്കാന്‍ ഇസ്‌ലാം സ്വാതന്ത്ര്യം നല്‍കുന്നു. കുടുംബമാകുന്ന യൂണിറ്റ് രൂപംകൊള്ളുന്ന വിവാഹവേളയില്‍ മഹ്ര്‍ ചോദിച്ചുവാങ്ങാനുള്ള അവകാശം അവര്‍ക്ക് (സ്ത്രീക്ക്) നല്‍കിയിരിക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവുകളും വഹിക്കേണ്ടത് പുരുഷനാണ്. ഇങ്ങനെ മുഴുവന്‍ സാമ്പത്തിക ബാധ്യതയും പുരുഷനില്‍ നിക്ഷിപ്തമായിരിക്കെ, സ്ത്രീക്ക് കിട്ടുന്നതെന്തും ബാധ്യതകളില്ലാത്ത അവകാശമായിരിക്കെ (വിശേഷിച്ചും) സ്ത്രീയുടെ ഇരട്ടി പുരുഷന് നല്‍കുന്നതില്‍ എന്ത് അന്യായമാണുള്ളത്? (!)
സാധാരണഗതിയില്‍ സ്ത്രീക്ക് തന്റെ സമ്പത്തില്‍നിന്ന്‍ സ്വന്തം ആവശ്യത്തിന് പോലും ഒന്നും ചെലവഴിക്കേണ്ടിവരുന്നില്ല; സകാത്ത് കൊടുക്കല്‍ ബാധ്യതയാകുന്ന അളവില്‍ സമ്പത്തുണ്ടെങ്കില്‍ അതൊഴികെ. അവളുടെ സംരക്ഷണ ബാധ്യത പുരുഷനാണ്. കുടുംബത്തിനും ബന്ധുക്കള്‍ക്കും മറ്റു ആശ്രിതര്‍ക്കും ചെലവിന് കൊടുക്കാന്‍ അയാള്‍ കടപ്പെട്ടിരിക്കുന്നു. ഭാര്യാ-സന്താനങ്ങളുടെ ചികിത്സ, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, കുട്ടികളുടെ വിദ്യാഭ്യാസം (തുടങ്ങി) എല്ലാം അയാളുടെ ഉത്തരവാദിത്വത്തില്‍ പെടുന്നു. എന്നിട്ടും സ്ത്രീ പൊതുവായ സാഹചര്യങ്ങളില്‍ ദായധനത്തിന്റെ മൂന്നില്‍ ഒരു ഭാഗം തന്റെ സ്വകാര്യാവശ്യങ്ങള്‍ക്ക് വേണ്ടി കൈവശപ്പെടുത്തുന്നു (ലഭിക്കുന്നു). പുരുഷന്‍ (പുരുഷനാവട്ടെ) തന്റെ ഭാര്യാസന്താനങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കാനായി അതിന്റെ (ചെലവഴിച്ച് തീര്‍ന്നുപോകുന്ന) മൂന്നില്‍ രണ്ടുഭാഗവും സ്വീകരിക്കുന്നു (ലഭിക്കുന്നു). അപ്പോള്‍ ആര്‍ക്കാണ് ലാഭം? കൂടുതല്‍ പരിഗണനയും നേട്ടവും ആര്‍ക്ക്?! പുരുഷന് ലഭിക്കുന്ന ഇരട്ടിയുടെ (സ്ത്രീയുടെ അവകാശത്തിന്റെ ഇരട്ടിയുടെ) ഗുണഭോക്താക്കള്‍ സ്ത്രീകളാണെന്ന (സ്ത്രീകള്‍ തന്നെയാണെന്ന) കാര്യം ബോധപൂര്‍വം വിസ്മരിച്ചുകൊണ്ടാണ് ഇസ്ലാമിലെ ദായധന സമ്പ്രദായത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നതിന് ഇതില്‍പരം തെളിവെന്തിന്?!
സ്ത്രീ അവിവാഹിതയാണെങ്കില്‍ പിതാവിനും, പിതാവില്ലെങ്കില്‍ സഹോദരന്‍മാര്‍ക്കുമായിരിക്കും അവളുടെ വിഷയത്തിലുള്ള സാമ്പത്തിക ബാധ്യതകളൊക്കെയും. മാതാവിന്റെ സംരക്ഷണ ചുമതല മക്കള്‍ക്കാണ്. ഇനി സ്ത്രീ വിവാഹിതയാണെങ്കിലോ, വിവാഹ വേളയില്‍ വധു എന്ന നിലക്ക് അവളുടെ വസ്ത്രങ്ങളും വിവാഹ സദ്യയുമുള്‍പ്പെടെ എല്ലാവിധ ചെലവുകളും വഹിക്കേണ്ടത് ഭര്‍ത്താവാണ്. അതോടൊപ്പം അവന്‍ ഭാര്യക്ക് മഹര്‍ നല്‍കുകയും വേണം. ജീവിത പങ്കാളിയെന്ന നിലയില്‍ തന്റെ ഇണയുടെ സംരക്ഷണ ബാധ്യതകളൊക്കെയും താന്‍ വഹിക്കാമെന്നതിന്റെ പ്രതീകാത്മകമായ പ്രഖ്യാപനം കൂടിയാണ് മഹര്‍. സമ്പല്‍ സമൃദ്ധിയും നിത്യവരുമാനവുമുള്ള ഉദ്യോഗസ്ഥയോ വ്യവസായിയോ ആയ ഭാര്യയുടെ പോലും ഭക്ഷണവും വസ്ത്രവും ചികിത്സയും ഉള്‍പ്പെടെയുള്ള ചെലവുകളൊക്കെ വഹിക്കേണ്ടത് ഭര്‍ത്താവാണ്. ഭര്‍ത്താവ് മരണമടഞ്ഞാല്‍ അയാള്‍ക്ക് സ്വത്തില്ലെങ്കില്‍ നിയമപരമായി അയാളുടെ അനാഥക്കുട്ടികളെ സംരക്ഷിക്കേണ്ടത് ഭര്‍തൃപിതാവാണ്; ആ കുട്ടികളുടെ ഉമ്മയല്ല. മരിച്ച ഭര്‍ത്താവിന് പിതാവില്ലെങ്കില്‍ അദ്ദേഹത്തിന്റെ സഹോദരന്മാരാണ്. അവരുമില്ലെങ്കില്‍ സഹോദരന്മാരുടെ മക്കള്‍. അവരുമില്ലെങ്കില്‍ പിതൃവ്യന്‍. അദ്ദേഹവുമില്ലെങ്കില്‍ അദ്ദേഹത്തിന്റെ മക്കള്‍. ആ ഗണത്തിലും ആരുമില്ലെങ്കില്‍ ഭര്‍തൃ പിതാവിന്റെ പിതൃവ്യന്‍. അയാളില്ലെങ്കില്‍ അയാളുടെ മക്കള്‍. പുരുഷ പുത്രന്മാരിലൂടെ എത്ര കീഴ്പോട്ട് പോയാലും അവര്‍ക്കായിരിക്കും മക്കളുടെ സംരക്ഷണോത്തരവാദിത്വം. (സംരക്ഷണോത്തരവാദിത്തം)
ഒരു പുരുഷന് അല്ലെങ്കില്‍ സ്ത്രീക്ക് പെണ്മക്കള്‍ മാത്രമുള്ളപ്പോള്‍ ഒരവസ്ഥയിലും പെണ്മക്കള്‍ അവരുടെ സ്വത്തിന് മുഴുവന്‍ അവകാശികളാകുന്നില്ല, എന്നാല്‍ ആണ്‍മക്കള്‍ മാത്രമാണെങ്കില്‍ അവര്‍ പൂര്‍ണ അവകാശികളാകുന്നു എന്നതാണല്ലോ കാര്യമായ ഒരു വിമര്‍ശനം. ഇതുന്നയിക്കുന്നവര്‍ ബോധപൂര്‍വം വിസ്മരിക്കുന്ന ചില വസ്തുതകളുണ്ട്.
1. പെണ്‍മക്കള്‍ മാത്രമുള്ള മാതാപിതാക്കള്‍ക്ക് അവരുടെ വാര്‍ധക്യ കാലത്ത്, അന്യ കുടുംബങ്ങളില്‍ ഭര്‍ത്താക്കന്മാരോടും കുട്ടികളോടുമൊപ്പം താമസിക്കുന്ന പെണ്‍മക്കള്‍ ചെലവിന് കൊടുക്കുകയോ മുഴുസമയ ശുശ്രൂഷ നടത്തുകയോ ചെയ്യാന്‍ മിക്കവാറും സാധ്യതയില്ല. ഇവര്‍ക്ക് ജീവനാംശം (ചെലവ്) നല്‍കാന്‍ പെണ്‍മക്കളോ അവരുടെ ഭര്‍ത്താക്കന്മാരോ ഇസ്ലാമിക നിയമപ്രകാരം ബാധ്യസ്ഥരുമല്ല. ഈ മാതാപിതാക്കളുടെ കൂടെയോ അകലെയോ താമസിക്കുന്ന സഹോദരന്മാര്‍, സഹോദര പുത്രന്മാര്‍, പിതൃവ്യന്‍മാര്‍ എന്നിവരില്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരാണ്, വേണ്ടിവന്നാല്‍ ജീവനാംശവും (ചെലവും) ശുശ്രൂഷയും നല്‍കാന്‍ ബാധ്യസ്ഥര്‍. അതുകൊണ്ടാണ് പെണ്‍മക്കളുടെ പരമാവധി വിഹിതം കഴിച്ച് ബാക്കിയുള്ളത് ഈ വിഭാഗതില്‍ പെട്ട ബന്ധുക്കള്‍ക്ക് നല്‍കുന്നത്. (ത്വലാഖ് സമയത്തുള്ള പ്രയോഗമല്ലേ ജീവനാംശം? തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ ആ വാക്ക് മാറ്റി ചെലവ് എന്ന് മാത്രം പറഞ്ഞാല്‍ മതി എന്ന് തോന്നുന്നു)
2. ഈ പെണ്‍മക്കള്‍ വിധവകളാകുകയോ അവരുടെ സന്തതികള്‍ അനാഥരാവുകയോ ചെയ്താല്‍ അവര്‍ക്ക് സംരക്ഷണവും ജീവനാംശവും (ചെലവും) നല്‍കാന്‍ ബാധ്യസ്ഥരായിട്ടുള്ളത് മാതാപിതാക്കളുടെ ബന്ധുക്കളാണ്. അതുകൊണ്ടും ശിഷ്ടാവകാശം ലഭിക്കാന്‍ ആ ബന്ധുക്കള്‍ അര്‍ഹരാകുന്നു.
3. സഹോദരന്മാരും സഹോദരിമാരും ഒരാളുടെ ജീവതകാലത്ത് അയാളോടും അയാളുടെ മരണശേഷം അയാളുടെ ബന്ധുക്കളോടും ഏറ്റവുമടുത്ത് ബന്ധപ്പെടുന്നവരാണ്. സഹോദരന്മാര്‍ സംരക്ഷണ ബാധ്യതയുള്ളവരുമാണ്. സഹോദരന്മാരുടെ അസാന്നിധ്യത്തില്‍ അവരുടെ ആണ്‍മക്കളും അങ്ങനെത്തന്നെ. എന്നാല്‍ മറ്റു കുടുംബങ്ങളിലേക്ക് വിവാഹം ചെയ്തുവിട്ട സഹോദരപുത്രിമാര്‍ക്ക് സംരക്ഷണ ബാധ്യതയോ പതിവായി സഹായ-സഹകരണങ്ങള്‍ നാല്‍കാനുള്ള ഉത്തരവാദിത്വമോ ഇല്ല. സഹോദരന്മാരുടെ ആണ്‍മക്കളെയും പെണ്‍മക്കളെയും അനന്തരാവകാശത്തില്‍ തുല്യമായി പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് കൂടി ഇതില്‍നിന്ന്‍ മനസ്സിലാക്കാം.
ചുരുക്കത്തില്‍ ഇസ്ലാമിക ശരീഅത്ത് പ്രകാരം ഏതവസ്ഥയിലും നിയമപരമായി സ്ത്രീക്ക് സാമ്പത്തിക ബാധ്യത ഒട്ടുമില്ല. പരസ്പര സ്നേഹത്തിന്റെയും ബന്ധത്തിന്റെയും പേരില്‍ സ്ത്രീ സമ്പത്ത് ചെലവഴിക്കുന്നുവെങ്കില്‍ അത് മറ്റൊരു കാര്യമാണ്. അതിനാല്‍തന്നെ ഒരു വിധ സാമ്പത്തിക ഉത്തരവാദിത്വവുമില്ലാത്ത സ്ത്രീക്ക് പിന്നെയും എന്തിന് അനന്തര സ്വത്ത് അനുവദിക്കുന്നുവെന്നതാണ് വിമര്‍ശകന്‍മാര്‍ പഠനവിധേയമാക്കേണ്ടത്. അതോടെ ഇത്തരം വിമര്‍ശനങ്ങളെല്ലാം അവര്‍ക്ക് പിന്‍വലിക്കേണ്ടിവരും!
ഇസ്ലാമിലെ ദായധനാവകാശ നിയമം സ്ത്രീക്ക് പുരുഷനേക്കാള്‍ ഗുണകരമാകുന്നതെങ്ങനെ എന്ന്‍ മനസ്സിലാക്കാന്‍ ഒരുദാഹരണം പറയാം: ഒന്നര ലക്ഷം രൂപ വിട്ടേച്ചുപോയ ഒരാള്‍ക്ക് ഒരു പുത്രനും പുത്രിയുമാണ് അനന്തരാവകാശികളായി ഉള്ളതെങ്കില്‍, പുത്രന് ഒരു ലക്ഷവും പുത്രിക്ക് അമ്പതിനായിരവുമാണ് അവകാശമായി ലഭിക്കുക. രണ്ടുപേരും വിവാഹ പ്രായമെത്തിയവരാണെങ്കില്‍, പുരുഷന്‍ തന്റെ ഭാര്യക്ക് മഹ്റും ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമൊക്കെ സജ്ജീകരിക്കാന്‍ നിര്‍ബന്ധിതനാണ്. എന്നാല്‍ സ്ത്രീക്ക് അതെല്ലാം തന്റെ വരനില്‍നിന്ന്‍ ലഭിക്കുകയാണ് ചെയ്യുക. (വിവാഹം വരെ അവളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഈ സഹോദരന്‍റെ ചുമലിലാണ് താനും.) അതിനാല്‍ പുത്രന്റെ ഒരു ലക്ഷം അതിവേഗം ചെലവാകുകയും പുത്രിയുടെ അമ്പതിനായിരം മഹ്റുകൂടി ചേരുന്നതിനാല്‍ വര്‍ധിക്കുകയുമാണ് ചെയ്യുക. അതോടൊപ്പം, അവള്‍ക്ക് സ്വന്തം ആവശ്യത്തിന് പോലും ഒന്നും വ്യയം ചെയ്യേണ്ടിവരുന്നുമില്ല. ഇങ്ങനെയെല്ലാമായിട്ടും ഇസ്ലാം സ്ത്രീക്ക് അനന്തരാവകാശം നല്‍കിയത് അവളോടുള്ള പ്രത്യേക പരിഗണനയുടെയും കാരുണ്യത്തിന്റെയും പേരിലാണ്. അവള്‍ക്ക് സമൂഹത്തില്‍ മാന്യതയും ആദരവും നേടിയെടുക്കാന്‍ അത് വഴിയൊരുക്കുന്നു.
ശ്രദ്ധിക്കപ്പെടാതെപോകുന്ന സുപ്രധാനമായ മറ്റൊരു കാര്യമിതാണ്: ഇസ്ലാമിക ദായധന സമ്പ്രദായത്തില്‍ എപ്പോഴും സ്ത്രീക്ക് പുരുഷന്റെ പകുതിയല്ല അവകാശമായി ലഭിക്കുക. മകനും മകളും പോലെ ഒരേ കാറ്റഗറിയില്‍ പുരുഷനും സ്ത്രീയും വരുമ്പോഴാണ് പുരുഷന് രണ്ട് സ്ത്രീകളുടെ ഓഹരിയുള്ളത്. അഥവാ സ്ത്രീക്ക് പുരുഷന്റെ പകുതി മാത്രം കിട്ടുക. അതല്ലാതെ, സ്ത്രീ ആയി എന്ന കാരണത്താല്‍ ഏതവസ്ഥയിലും അത്രയേ അവള്‍ക്ക് കിട്ടൂ എന്നൊരു നിയമമില്ല. ചില സന്ദര്‍ഭങ്ങളില്‍ പുരുഷന്‍റേതിന് തുല്യമായ അവകാശവും മറ്റു ചിലപ്പോള്‍ പുരുഷനേക്കാള്‍ കൂടുതലും അവള്‍ക്ക് ലഭിക്കും.
പുരുഷന്നും സ്ത്രീക്കും തുല്യാവകാശങ്ങള്‍ ലഭിക്കുന്ന ചില സന്ദര്‍ഭങ്ങള്‍: 1. ഒരാള്‍ മരിച്ചു. അയാള്‍ക്ക് മകനും മാതാപിതാക്കളുമുണ്ടെങ്കില്‍ മാതാവിനും പിതാവിനും തുല്യാവകാശമാണ് (ആറിലൊന്ന്) ലഭിക്കുക. ബാക്കി മകന്. 2. മരിച്ചയാള്‍ക്ക് ഒരു മകളും പിതാവുമാണുള്ളതെങ്കില്‍ ഇരുവര്‍ക്കും പകുതിവീതമാണ് ലഭിക്കുക. 3. പരേതന് ഒരു മകളും പേരമകനുമാണെങ്കില്‍ മകൾക്ക് പകുതി, പേരമകന് പകുതി എന്ന രൂപത്തിലാണ് സ്വത്ത് വീതിക്കുക.
സ്ത്രീക്ക് പുരുഷനേക്കാള്‍ കൂടുതല്‍ വിഹിതം ലഭിക്കുന്ന സന്ദര്‍ഭങ്ങളില്‍ ചിലത് കാണുക: 1. മകൾ, പിതാവ്, മാതാവ് എന്നിവരാണ് അവകാശികളെങ്കിൽ മകൾക്ക് പകുതി ലഭിക്കുന്നു. മാതാവിന് ആറിലൊന്നും പിതാവിന് ആറിലൊന്നും ബാക്കിയും ലഭിക്കുന്നു. അഥവാ പുരുഷനായ പിതാവിനേക്കാൾ മകൾക്ക് ലഭിക്കുന്നു എന്നര്‍ഥം. 2. മകന്റെ മകൾ, ഭർത്താവ്, പിതാവ് എന്നിവരാണ് അവകാശികളായി ഉള്ളതെങ്കില്‍, മകന്റെ മകൾക്ക് പകുതി, ഭർത്താവിന് നാലിലൊന്ന്, പിതാവിന് ബാക്കി എന്നതാണ് നിയമം. 3. ഭർത്താവും മകളും മാത്രം അനന്തരാവകാശികളായി വരുമ്പോള്‍ ഭർത്താവിന് നാലിലൊന്ന്, മകൾക്ക് പകുതിയും ബാക്കിയുള്ളതും.
ഇപ്രകാരം നീതിപൂര്‍ണവും സ്ത്രീക്ക് പ്രത്യേക പരിഗണന നല്‍കുന്നതുമാണ് ഇസ്ലാമിലെ അനന്തരാവകാശ നിയമം. നിഷ്പക്ഷമായി അത് പഠിക്കാന്‍ ശ്രമിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇസ്‌ലാം ദൈവിക മതമാണെന്നും സര്‍വജ്ഞനായ അല്ലാഹുവിന്റെ യുക്തി അപാരമാണെന്നും ബോധ്യപ്പെടും.
ഖുര്‍ആനില്‍ ഗണിതശാസ്ത്ര പിഴവോ?!
ഒരാള്‍ തന്‍റെ ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും അനാഥരാക്കി വിട പറയുന്നു. ബന്ധുക്കളായി ഇവര്‍ക്കു പുറമേ അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ മാത്രമാണുള്ളത്. ഇത്തരം സന്ദര്‍ഭത്തില്‍ ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്ന ദായധനക്രമം പിന്തുടരുന്ന പക്ഷം വിധവ നിരാലംബയും നിരാശ്രയയും ആയിത്തീരും. ഇസ്‌ലാമിക ദായധനക്രമമനുസരിച്ചു ഇവിടെ പെണ്‍മക്കള്‍ക്കു മൂന്നില്‍ രണ്ടും മാതാപിതാക്കള്‍ക്ക് മൂന്നിലൊന്നും ഭാര്യക്ക് എട്ടിലൊന്നും കിട്ടണം. പരേതന്‍ ഉപേക്ഷിച്ചിട്ട സമ്പത്ത് മൂന്ന് ഏക്കര്‍ ഭൂമിയാണെന്ന് സങ്കല്‍പ്പിക്കുക. മാതാപിതാക്കള്‍ക്ക് മൂന്നിലൊന്ന് അഥവാ, ഒരു ഏക്കര്‍ ഭൂമിയും പെണ്‍മക്കള്‍ക്ക് മൂന്നില്‍ രണ്ട് അഥവാ, രണ്ട് ഏക്കര്‍ ഭൂമിയും നല്‍കിയാല്‍ പിന്നെ ഒരിത്തിരി ഭൂമി പോലും ബാക്കിയില്ല. അപ്പോള്‍ വിധവ അനാഥയാകാതെ തരമില്ല. അല്ലാഹുവിന് തെല്ലും ഗണിതശാസ്ത്രം അറിയാത്തത് കൊണ്ടാണ് ഈ മഹാവങ്കത്തം ഖുര്‍ആനില്‍ ഉള്‍പെട്ടത്!” വിശുദ്ധ ഖുര്‍ആനില്‍ ഗണിതശാസ്ത്രപരമായ അബദ്ധങ്ങള്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനായി ചിലര്‍ ഉന്നയിക്കാറുള്ള ആരോപണമാണിത്.
അനന്തര സ്വത്ത് ഓഹരി വെക്കുന്നതുമായി ബന്ധപ്പെട്ട് ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള അടിസ്ഥാന നിയമങ്ങളെയോ, അതിനെ മുസ്ലിം സമൂഹം പ്രയോഗവല്‍ക്കരിക്കുന്ന രീതിയെയോ കുറിച്ച് പ്രാഥമിക ജ്ഞാനം പോലുമില്ലാത്തതാണ് ഈ വിമര്‍ശനത്തിനാധാരം. അതിനാല്‍തന്നെ ഇവിടെയുള്ളത് ഖുര്‍ആന്‍റെ കുഴപ്പമല്ല; വിമര്‍ശകരുടെ സമീപനത്തിന്‍റെ കുഴപ്പമാണ്. നമസ്കാരം, സകാത്ത്, ഹജ്ജ് തുടങ്ങിയ കര്‍മങ്ങളുടെയൊന്നും വിശദാംശങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടില്ല. നബിചര്യയില്‍നിന്നാണ് അവയെക്കുറിച്ച് അറിവ് നമുക്ക് ലഭിക്കുക. അനന്തരാവകാശ നിയമങ്ങളുടെ കാര്യവും അങ്ങനെത്തന്നെയാണ്.
പൊതുവെ സങ്കീര്‍ണം എന്ന്‍ പറയാവുന്ന ദായധന വിഭജനക്രമത്തിന്‍റെ മൗലിക തത്വങ്ങള്‍ മാത്രമേ വിശുദ്ധ ഖുര്‍ആന്‍ നാലാം അധ്യായം 11,12,176 സൂക്തങ്ങളില്‍ വിവരിച്ചിട്ടുള്ളൂ. അതിന്‍റെ ശാസ്ത്രീയമായ വിശദാംശങ്ങള്‍ ഇജ്തിഹാദിന് യോഗ്യതയുള്ളവര്‍ നബിചര്യയില്‍നിന്നും അല്ലാത്തവര്‍ മദ്ഹബുകളില്‍നിന്നുമാണ് ഗ്രഹിക്കേണ്ടത്. ഖുര്‍ആന്‍ പറഞ്ഞ മൗലിക തത്വങ്ങളെ അടിസ്ഥാനമാക്കി അനന്തര സ്വത്ത് എങ്ങനെ കണിശമായും വ്യവസ്ഥാപിതമായും ഓഹരി ചെയ്യാമെന്ന് ഹദീസുകളില്‍ വിവരിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകാനുചരന്‍മാര്‍ അതിന്റെ പ്രായോഗിക രൂപം നമുക്ക് പഠിപ്പിച്ച് തന്നിട്ടുമുണ്ട്. കര്‍മശാസ്ത്ര കൃതികളിലാണെങ്കില്‍, അത്യപൂര്‍വമായി വരുന്ന സംഭവങ്ങളില്‍വരെ ഖുര്‍ആന്റെ മൗലിക തത്വങ്ങള്‍ ലംഘിക്കാതെ സ്വത്ത് വിഭജിക്കാവുന്ന മാര്‍ഗങ്ങള്‍ വിവരിക്കപ്പെട്ടിരിക്കുന്നു.
ഇവിടെ ഉന്നയിക്കപ്പെട്ട പ്രശ്നം പുതുമയുള്ളതല്ല. നിയമപ്രകാരമുള്ള ഓഹരികള്‍ തികയാതെ വരുന്ന സന്ദര്‍ഭങ്ങളില്‍, കമ്മി എല്ലാ ഓരോ അവകാശിയും പങ്കിടുന്ന വിധത്തില്‍ ഓഹരികള്‍ വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. സാങ്കേതികമായി ‘ഔല്‍’ എന്നാണ് അതറിയപ്പെടുന്നത്. പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ഋണബാധിതന്റെ സ്വത്ത് വില്‍പനക്ക് വെച്ചാല്‍ ലഭിക്കുന്ന വില എല്ലാ കടക്കാരുടെയും സംഖ്യകള്‍ കൊടുത്തുതീര്‍ക്കാന്‍ മതിയാകാതെ വരുമ്പോള്‍ കമ്മി എല്ലാവരും നീതിപൂര്‍വകമായി പങ്കിടണമെന്ന തത്ത്വമാണ് ഖലീഫാ ഉമറി(റ)ന്റെ കാലത്ത് ആവിഷ്കരിക്കപ്പെട്ട ഈ ഫോര്‍മുലയുടെ അടിസ്ഥാനം. അല്‍പം കൂടി വിശദീകരിക്കാം:
സ്വത്തുക്കള്‍ ഓഹരിവെക്കുന്നതിന് അവയുടെ അടിസ്ഥാന വിഹിതങ്ങളുടെ എണ്ണം ക്ലിപ്തപ്പെടുത്തേണ്ടതുണ്ട്. ഓഹരികളുടെ ഛേദങ്ങളുടെ ഗുണനമൂല്യമായിരിക്കണം അടിസ്ഥാന വിഹിതങ്ങള്‍ ആയി കണക്കാക്കേണ്ടത്. ഛേദങ്ങള്‍ ഭിന്നസംഖ്യ വരാത്ത വിധം പരസ്പരം വിഭജിച്ചു പോകുന്നതില്‍ അവയില്‍ ഏറ്റവും ചെറിയ ഒന്ന് മാത്രം പരിഗണിക്കുന്നു. ഭിന്നസംഖ്യ വരുന്നതില്‍ അവയെ അപ്പടി പരിഗണിക്കുന്നു. ഉദാഹരണം, ഛേദം മൂന്ന്, നാല്, ആറ്, എട്ട് എന്നിവയായാല്‍ മൂന്ന് ആറില്‍ ഭിന്നസംഖ്യ വരാത്ത വിധം വിഭജിച്ചു പോകും; അവയില്‍ ചെറുത് അഥവാ മൂന്ന് പരിഗണിക്കുന്നു. മൂന്ന് നാലില്‍ ഭിന്നസംഖ്യ വരാത്ത വിധം വിഭജിച്ചുപോകുകയില്ല. അപ്പോള്‍ രണ്ടിനെയും പരിഗണിക്കുന്നു. എന്നാല്‍ നാല് എട്ടില്‍നിന്ന് ഭിന്നസംഖ്യ വരാത്ത വിധം വിഭജിച്ചുപോകും; അപ്പോള്‍ അവയില്‍ നാലിനെ പരിഗണിക്കുന്നു. ഇനി മൊത്തം അടിസ്ഥാന വിഹിതങ്ങള്‍ കിട്ടുന്നതിനു മൂന്നും നാലും തമ്മില്‍ ഗുണിക്കുന്നു; ഉത്തരം പന്ത്രണ്ട്. ആകെ എട്ട് സന്ദര്‍ഭങ്ങളില്‍ അടിസ്ഥാന വിഹിതങ്ങള്‍ കൊണ്ട് മാത്രം തികയാതെ വരും; അടിസ്ഥാന വിഹിതം ആറോ പന്ത്രണ്ടോ ഇരുപത്തിനാലോ ആകുമ്പോള്‍ ആണിത്. അപ്പോള്‍ ആറിനെ ഏഴ്, എട്ട്, ഒമ്പത്, പത്ത് എന്നിവയില്‍ ഏതെങ്കിലും ഒന്നിലേക്കും, പന്ത്രണ്ടിനെ പതിമൂന്ന്, പതിനഞ്ച്, പതിനേഴ് എന്നിവയില്‍ ഏതെങ്കിലും ഒന്നിലേക്കും, ഇരുപത്തിനാലിനെ ഇരുപത്തിയേഴിലേക്കും വികസിപ്പിക്കുന്നു. അതോടെ പ്രശ്നത്തിന് പരിഹാരം തീര്‍ച്ച.
വിമര്‍ശകന്‍ പറഞ്ഞ ഉദാഹരണത്തില്‍ പെണ്‍മക്കള്‍ക്ക് മൂന്നില്‍ രണ്ട്, മാതാപിതാക്കള്‍ക്ക് മൂന്നിലൊന്ന്, ഭാര്യക്ക് എട്ടിലൊന്ന് എന്നിവയാണല്ലോ ഓഹരികള്‍. മൂന്ന്, എട്ട് എന്നിവയുടെ ഗുണനമൂല്യം 24. അപ്പോള്‍ മൊത്തം സ്വത്തായ മൂന്ന് ഏക്കര്‍ അഥവാ 300 സെന്റ് ഭൂമിയെ 24 വിഹിതങ്ങളാക്കുന്നു. അപ്പോള്‍ ഒരു വിഹിതം 300/24 = 12.5 സെന്റ്. അതിന്‍റെ മൂന്നില്‍ രണ്ട് അഥവാ 16X12.5 വിഹിതങ്ങള്‍ = 200 സെന്റ് പെണ്‍മക്കള്‍ക്ക്. മൂന്നിലൊന്ന് (ആറിലൊന്ന് വീതം) അഥവാ 8X12.5 വിഹിതങ്ങള്‍ = 100 സെന്റ് മാതാപിതാക്കള്‍ക്ക് (അഥവാ 4X12.5 വിഹിതങ്ങള്‍ = 50 സെന്റ് വീതം മാതാപിതാക്കള്‍ ഓരോരുത്തര്‍ക്കും). എട്ടിലൊന്ന് അഥവാ 3X12.5 വിഹിതങ്ങള്‍ = 37.5 സെന്റ് ഭാര്യക്ക്. അപ്പോള്‍ ആകെ വിഹിതങ്ങളുടെ എണ്ണം 27 അഥവാ 337.5 സെന്റ് ഭൂമിയാണ്. ഇവിടെ മൂന്ന് വിഹിതങ്ങളുടെ അതായത് 37.5 സെന്റ് ഭൂമിയുടെ കുറവുണ്ട്. അതിനാല്‍ അടിസ്ഥാന വിഹിതങ്ങളുടെ എണ്ണം 24 എന്നത് 27 ആക്കി ഉയര്‍ത്തുന്നു; അതിന്‍റെ 16 വിഹിതങ്ങള്‍ പെണ്‍മക്കള്‍ക്ക്, 8 വിഹിതങ്ങള്‍ മാതാപിതാക്കള്‍ക്ക്, മൂന്ന് വിഹിതങ്ങള്‍ ഭാര്യക്ക്. ആകെ 27. ഇപ്പോള്‍ പ്രശ്നം പരിഹൃതമായി. ഇത്രയും ലളിതമായി തിരുസുന്നത്തില്‍ പരിഹാരം നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള കാര്യത്തെ പര്‍വതീകരിച്ച് എന്തോ ഗണിതക്കുഴപ്പമാക്കി ഉയര്‍ത്തിക്കാണിക്കുന്നത് ഇസ്‌ലാമിക ജ്ഞാന ശാസ്ത്രത്തെ സംബന്ധിച്ച് തെല്ലും വിവരമില്ലാത്തത് കൊണ്ട് മാത്രമാണ്.
എട്ടോളം സാഹചര്യങ്ങളില്‍ ഇതുപോലെ വികസിപ്പിക്കല്‍ -തഅ്’വീല്‍- വേണ്ടിവരും. ചോദ്യകര്‍ത്താവ് പറഞ്ഞതിന് പുറമെയുള്ള സന്ദര്‍ഭങ്ങള്‍ ഇവയാണ്:
1. പരേതയുടെ ഭര്‍ത്താവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും ഉള്ളപ്പോള്‍ ഭര്‍ത്താവിന് 1/2, സഹോദരിമാര്‍ക്ക് 2/3. അടിസ്ഥാന വിഹിതങ്ങള്‍ 2X3=6. ആറില്‍ മൂന്ന് ഭര്‍ത്താവിനും നാല് സഹോദരിമാര്‍ക്കും; ഒരു വിഹിതത്തിന്‍റെ കുറവ് നികത്താന്‍ ഏഴിലേക്ക് തഅ്’വീല്‍ ചെയ്യും.
2. പരേതയുടെ ഭര്‍ത്താവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവും ഉള്ളപ്പോള്‍ ഭര്‍ത്താവിന് 1/2, സഹോദരിമാര്‍ക്ക് 2/3, മാതാവിന് 1/6. അടിസ്ഥാന വിഹിതങ്ങള്‍ 2X3=6. ആറില്‍ മൂന്ന് ഭര്‍ത്താവിനും നാല് സഹോദരിമാര്‍ക്കും ഒന്ന് മാതാവിനും. രണ്ട് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ എട്ടിലേക്ക് തഅ്’വീല്‍ ചെയ്യും.
3. പരേതയുടെ ഭര്‍ത്താവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവും മാതാവൊത്ത സഹോദരനും ഉള്ളപ്പോള്‍ ഭര്‍ത്താവിന് 1/2, സഹോദരിമാര്‍ക്ക് 2/3, മാതാവിന് 1/6, മാതാവൊത്ത സഹോദരനും 1/6. അടിസ്ഥാന വിഹിതങ്ങള്‍ 2X3=6. ആറില്‍ മൂന്ന് ഭര്‍ത്താവിനും നാല് സഹോദരിമാര്‍ക്കും ഒന്ന് മാതാവിനും ഒന്ന് മാതാവൊത്ത സഹോദരനും. മൂന്ന് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ ഒമ്പതിലേക്ക് തഅ്’വീല്‍ ചെയ്യും.
4. പരേതയുടെ ഭര്‍ത്താവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവും മാതാവൊത്ത രണ്ട് സഹോദരന്മാരും ഉള്ളപ്പോള്‍ ഭര്‍ത്താവിനു 1/2, സഹോദരിമാര്‍ക്ക് 2/3, മാതാവിന് 1/6, മാതാവൊത്ത സഹോദരന്മാര്‍ക്ക് 1/3. അടിസ്ഥാന വിഹിതങ്ങള്‍ 2X3=6. ആറില്‍ മൂന്ന് ഭര്‍ത്താവിനും നാല് സഹോദരിമാര്‍ക്കും ഒന്ന് മാതാവിനും രണ്ട് മാതാവൊത്ത സഹോദരന്മാര്‍കും. നാല് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ പത്തിലേക്ക് തഅ്’വീല്‍ ചെയ്യും.
5. പരേതന്‍റെ ഭാര്യയും മാതാവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും ഉള്ളപ്പോള്‍ ഭാര്യക്ക് ¼, മാതാവിന് 1/6, സഹോദരിമാര്‍ക്ക് 2/3. അടിസ്ഥാന വിഹിതങ്ങള്‍ 4X3=12. പന്ത്രണ്ടില്‍ മൂന്ന് ഭാര്യക്കും രണ്ട് മാതാവിനും എട്ട് സഹോദരിമാര്‍ക്കും. ഒരു വിഹിതത്തിന്‍റെ കുറവ് നികത്താന്‍ പതിമൂന്നിലേക്ക് തഅ്’വീല്‍ ചെയ്യും.
6. പരേതന്‍റെ ഭാര്യയും മാതാവും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവൊത്ത സഹോദരനും ഉള്ളപ്പോള്‍ ഭാര്യക്ക് 1/4, മാതാവിന് 1/6, മാതാവൊത്ത സഹോദരനും1/6, സഹോദരിമാര്‍ക്ക് 2/3. അടിസ്ഥാന വിഹിതങ്ങള്‍ 4X3=12. പന്ത്രണ്ടില്‍ മൂന്ന് ഭാര്യക്കും രണ്ട് മാതാവിനും രണ്ട് മാതാവൊത്ത സഹോദരനും എട്ട് സഹോദരിമാര്‍ക്കും. രണ്ട് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ പതിനഞ്ചിലേക്ക് തഅ്’വീല്‍ ചെയ്യും.
7. പരേതന്‍റെ ഭാര്യയും മാതാവോ മാതാപിതാക്കളോ ഒത്ത രണ്ട് സഹോദരിമാരും മാതാവും മാതാവൊത്ത രണ്ട് സഹോദരന്മാരും ഉള്ളപ്പോള്‍ ഭാര്യക്ക് 1/4, സഹോദരിമാര്‍ക്ക് 2/3, മാതാവിന് 1/6, മാതാവൊത്ത സഹോദരന്മാര്‍ക്ക് 1/3. അടിസ്ഥാന വിഹിതങ്ങള്‍ 4X3=12. പന്ത്രണ്ടില്‍ മൂന്ന് ഭാര്യക്കും എട്ട് സഹോദരിമാര്‍ക്കും രണ്ട് മാതാവിനും നാല് മാതാവൊത്ത സഹോദരന്മാര്‍ക്കും. നാല് വിഹിതത്തിന്‍റെ കുറവ് നികത്താന്‍ പത്തിലേക്ക് തഅ്’വീല്‍ ചെയ്യും.
ഇതിനു സമാനമായ മറ്റു ചില ഉദാഹരണങ്ങള്‍ വരാമെങ്കിലും അടിസ്ഥാന വിഹിതങ്ങളുടെ എണ്ണത്തില്‍ ഇവിടെ ഉദ്ധരിച്ചതല്ലാത്ത മാറ്റം ഒരിക്കലും ഉണ്ടാകുകയില്ല. അതാണ് തിരുനബിചര്യകളുടെയും മദ്ഹബുകളുടെയും സമഗ്രത. ഇവയില്‍ 24 നെ 27 ആയി തഅ്’വീല്‍ ചെയ്യുന്നത് ‘മസ്അലത്തുല്‍ മിമ്പരിയ്യ’ എന്നറിയപ്പെടുന്നു. അതിനു കാരണം നബിശിഷ്യനായ അലി(റ)യുമായി ബന്ധപ്പെട്ട ഒരു സംഭവമാണ്. അദ്ദേഹം ഒരിക്കല്‍ കൂഫയിലെ മിമ്പറില്‍ പ്രഭാഷണം നിര്‍വഹിച്ചുകൊണ്ടിരിക്കുകയായിരുന്നു: ‘അല്‍ഹംദു ലില്ലാഹില്ലദീ യഹ്കുമു ബില്‍ ഹഖി ഖത്ആ…., വയജ്സീ കുല്ല നഫ്സിന്‍ ബിമാ തസ്ആ…, വഇലയ്ഹില്‍ മആലു വര്‍റുജ്ആ…..’ എന്ന്‍ പറയവേ ഒരാള്‍ വന്ന് ഇതേകുറിച്ച് സംശയമുന്നയിച്ചു. അദ്ദേഹം ഒട്ടും ശങ്കിക്കാതെയും കാത്തുനില്‍ക്കാതെയും പ്രഭാഷണത്തിന്‍റെ പ്രാസഭംഗി പോലും കളയാതെ മറുപടി പറഞ്ഞു: ‘സ്വാറ സുമുനല്‍ മര്‍അത്തി തിസ്ആ….’ തുടര്‍ന്ന്‍ അതേ പ്രാസംഗ ഭംഗിയോടെ അദ്ദേഹം പ്രഭാഷണം തുടരുകയും ചെയ്തു.
ഇപ്പോള്‍ വിമര്‍ശനമുന്നയിക്കപ്പെട്ടതിന് സമാനമായ വിഷയം പതിനഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ തിരുനബിയും ശിഷ്യരും വിശദമായി ചര്‍ച്ച ചെയ്തിട്ടുള്ളതാണ് എന്ന്‍ ഇതില്‍നിന്ന്‍ മനസ്സിലാക്കാം. ഖുര്‍ആനില്‍ ഗണിതശാസ്ത്ര പിശകുണ്ടെന്ന ആരോപണം ഇവിടെ പൊളിയുന്നു.
തുടക്കത്തില്‍ നാം പറഞ്ഞത്പോലെ, ഒരു ഇസ് ലാമിക സ്റ്റേറ്റിലൂടെയേ ഇസ്ലാമിലെ സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍ അതിന്‍റെ പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കാന്‍ കഴിയൂ. കാരണം നിയമങ്ങള്‍ എക്സിക്യൂട്ട് ചെയ്യുമ്പോള്‍ ധിക്കരിക്കുന്നവനെതിരെ നടപടി എടുക്കാന്‍ പവര്‍ വേണ്ടതുണ്ട്. എന്നാല്‍ അനന്തരാവകാശനിയമങ്ങള്‍ എല്ലാം തന്നെ ഒരു വിശ്വാസിക്ക് വ്യക്തിതലത്തില്‍ നടപ്പാക്കാന്‍ കഴിയുന്നതാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍, ഈ നിയമങ്ങളെ മറികടക്കുന്ന ആള്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമനടപടികള്‍ക്ക് ഉണ്ടാവുന്ന അനാസ്ഥയും കാലതാമസവും പലപ്പോഴും ഇസ് ലാമിക ശരീഅത്തിനെതിരെ വിമര്‍ശനമായിട്ടാണ് കാണുന്നത്. അതിന്‍റെ അനൌചിത്യം മനസ്സിലാക്കണം എന്ന് മാത്രമാണ് ഉണര്‍ത്തുവാനുള്ളത്.
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE