Faith

പലിശ വ്യത്യസ്ത സ്വഭാവത്തിലോ?-2

മുആവദാത്തും തബര്‍റുആത്തും:

ഉപകാരപ്രദവും പ്രയോജനകരവുമാകുന്നതിന് ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് പണം നല്‍കുന്നതിനെ ഇസ്‌ലാം വിലക്കുന്നില്ല. പക്ഷേ, ഒരു രീതി വിലക്കുകയും, ബാക്കിയുള്ളതെല്ലാം അനുവദനീയമാക്കുകയുമാണ് ചെയ്യുന്നത്. കടം വാങ്ങിയവരില്‍ നിന്ന് ബാങ്ക് കൂടുതല്‍ സമ്പാദിക്കുന്നു എന്നതല്ല പ്രശ്‌നം മറിച്ച്, ആ ഇടപാടിന്റെ സ്വഭാവത്തെയാണ് ഇസ്‌ലാം വിമര്‍ശിക്കുന്നത്. ഇവിടെ ‘ഉഖൂദ് തബര്‍റുആത്ത്’ എന്ന ഇടപാട് നാം പരിശോധിക്കേണ്ടതുണ്ട്. അഥവാ കടം നല്‍കുന്നവന്‍ ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവന് നല്‍കുന്നതാണ് ‘ഉഖൂദ് തബര്‍റുആത്ത്’. എന്നാല്‍, കൈപറ്റിയ പണം നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്താല്‍ അത് തിരിച്ചുനല്‍കാന്‍ പണം വാങ്ങിയ വ്യക്തി ഉത്തരവാദിയാണ്. കൈപറ്റിയ പണം തിരിച്ചുനല്‍കുമ്പോള്‍ അതില്‍ അധികം നല്‍കുന്നത് മുമ്പ് തീരുമാനിക്കപ്പെട്ട നിബന്ധനകളുടെ (പണം അധികമായി നല്‍കണമെന്ന നിബന്ധനയുണ്ടെങ്കില്‍ പ്രശ്‌നമാണ്) അടിസ്ഥാനത്തിലല്ലെങ്കില്‍ പ്രശ്‌നമില്ല.

ഇനി, പണം കൈപറ്റിയ വ്യക്തിയില്‍ നിന്ന് കൂടുതല്‍ വാങ്ങാന്‍ ബാങ്ക് ഉദ്ദേശിക്കുകയാണെങ്കില്‍ അത് നടപ്പിലാകുന്നത് ‘മുറാബഹ’ (ലാഭം മുന്നില്‍കണ്ടുള്ള കച്ചവടം), ‘മുശാറക’ (കൂട്ടുകച്ചവടം) തുടങ്ങിയ രീതികളിലൂടെയാണ്. ഇവിടെ ഇടപാട് നിക്ഷേപത്തെ അടിസ്ഥാനമാക്കി കൊണ്ടുള്ളതാണ്. പണം കൈപറ്റുന്നവന്‍ സമ്പത്തുള്ളവനായിരിക്കുന്നിടത്തോളം നിക്ഷേപം നടത്തുന്നതാണ്. എന്തുകൊണ്ടാണ് ബാങ്ക് പണം കൈപറ്റുന്നവരുമായുള്ള നിക്ഷേപത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്?
ഇത്തരം നിക്ഷേപത്തിലൂടെ ബാങ്കിന് പര്‌സപര ധാരണയുടെയും തൃപ്തിയുടെയും അടിസ്ഥാനത്തില്‍ ലാഭത്തിന്റെ 90 ശതമാനം വരെ നേടാന്‍ കഴിയുന്നതാണ്. ഇവിടെ നിക്ഷപം നടത്തുന്ന വ്യക്തി മൂലധനത്തിന് സംഭവിക്കുന്ന നഷ്ടത്തിന്റെ ഉത്തരാവദിത്തം ഏറ്റെടുക്കുകയില്ല. എന്നാല്‍, ആ വ്യക്തിയുടെ അലസതയുടെയോ ഉത്തരവാദിത്തമില്ലായമയുടെയോ ഭാഗമായിട്ടാണ് നഷ്ടം സംഭവിക്കുന്നതെങ്കില്‍ മൂലധനത്തിന്റെ ഉത്തരവാദിത്തം നിക്ഷേപത്തില്‍ പങ്കുകൊണ്ട വ്യക്തി ഏറ്റെടുക്കേണ്ടതാണ്.

Also read: ലോകം ഇന്ത്യയെ കുറിച്ച് അത്ര ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നില്ല

ബാങ്കുകള്‍ എന്ത് കൊണ്ട്  ഈ രീതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നില്ലെന്ന ചോദ്യം ഇവിടെ ഉയര്‍ന്നവരികയാണ്:

ഏതുരാജ്യത്തുളള കേന്ദ്ര ബാങ്കുകകളായാലും (central bank) നിക്ഷേപിക്കുന്ന പണത്തിന്റെ ഉത്തരവാദിത്തം പരമ്പരാഗത ബാങ്കുകള്‍ (Conventional bank) ഏല്‍ക്കുന്നതിനെ തടയുന്നു എന്നതാണ് അതിനുള്ള ഉത്തരം. കാരണം ബാങ്ക് ഒരു വ്യക്തിയില്‍ നിന്ന് സ്വീകരിച്ച പണം മറ്റൊരു വ്യക്തിക്ക് കടമായി നല്‍കുകയാണ് ചെയ്യുന്നത്. ഇവിടെ ബാങ്ക് പ്രവര്‍ത്തിക്കുന്നത് ഇടനിലക്കാരന്‍ (mediator) എന്ന നിലക്കാണ്. വ്യാവസായിക ബാങ്കോ (Commercial bank) അല്ലെങ്കില്‍ പലിശാധിഷ്ടിത ബാങ്കോ (usurious bank) നിക്ഷേപിക്കുന്ന പണത്തിന്റെ ഉത്തരവാദിത്തം ഏല്‍ക്കുന്നതിനെ നിയമപരമായിതന്നെ തടയുന്നു. എന്നാല്‍, ഭൂരിപക്ഷ ഇസ്‌ലാമിക ബാങ്കുകളും നഷ്ടം സംഭവിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇസ്‌ലാമിക ബാങ്കുകളും ലാഭം ഉദ്ദേശിച്ചുകൊണ്ടാണല്ലോ പ്രവര്‍ത്തിക്കുന്നത്! പലിശ അധിഷ്ടിതമായ ബാങ്കുകളുടെ അബദ്ധമെന്നത് ഫൈനാന്‍സിങില്‍ (التمويل) മാത്രം കേന്ദ്രീകരിക്കപ്പെടുന്നു എന്നതാണ്. അത് മൂന്‍കൂട്ടി ഒരു നിശ്ചിത ശതമാനം തീരുമാനിച്ചുകൊണ്ടുള്ള ഇടപാടാണ്. ഫൈനാന്‍സിങിന്റെ വ്യത്യസ്ത ഇനങ്ങള്‍ പണം തിരിച്ചടക്കുമെന്ന് ഉറപ്പാക്കുകയല്ലാതെ മറ്റൊന്നും മുന്നോട്ടുവെക്കുന്നില്ല.

പലിശ നിഷിദ്ധമാക്കിയതിനെതിരെ രംഗത്തുവരുകയല്ല വേണ്ടത്. പകരം നിക്ഷേപത്തിന്റെ വ്യത്യസ്ത സാധ്യതകളെ കുറിച്ച് കണ്ടെത്തുകയാണ് വേണ്ടത്. നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസതമാര്‍ന്ന പദ്ധതികളിലേക്ക് ബാങ്കുകള്‍ പ്രവേശിക്കേണ്ടതുണ്ട്. സാമ്പത്തിക സഹായം (financing) നല്‍കുകയും, അത് തിരിച്ചടക്കുമ്പോള്‍ നല്‍കിയതിനേക്കാള്‍ അധിക പണം വ്യവസ്ഥപ്പെടുത്തുകയും ചെയ്യുന്ന ഉത്തരവാദിത്തം മാത്രമല്ല ബാങ്കുകള്‍ക്ക് ഉണ്ടാവേണ്ടത്. മറിച്ച്, ബാങ്ക് പങ്കാളിയായിട്ടാണ് ഇടപാടുകള്‍ നടത്തേണ്ടത്. എന്നിട്ട് അതില്‍നിന്ന് വിഹിതം കൈപറ്റുകയുമാണ് വേണ്ടത്. അങ്ങനെ ബാങ്കില്‍ ശേഖരിക്കപ്പെട്ട ഭീമമായ സമ്പത്ത് തൊഴിലെടുക്കുന്നവരുടെ അങ്ങാടിയിലേക്ക് ഒഴുകേണ്ടതുണ്ട്. അതിലൂടെ ഉത്പാദനവും, നിക്ഷേപത്തെ മുന്‍നിര്‍ത്തികൊണ്ടുള്ള പദ്ധതികളും വര്‍ധിക്കുകയും ചെയ്യേണ്ടതുണ്ട്. അത് സമൂഹത്തിന് ഗുണപ്രദവും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉയര്‍ത്തുകയും, തൊഴിലില്ലായ്മ കുറയ്ക്കുകയും ചെയ്യുന്നതായിരിക്കും. അങ്ങനെ സമൂഹത്തിന് അവരുടെ ആവശ്യങ്ങള്‍ക്കുള്ളത് അങ്ങാടിയില്‍ നിന്ന് ലഭ്യമാവുകയും ചെയ്യുന്നു.

Also read: തുറുങ്കിലടക്കപ്പെടുന്ന കശ്മീരി ജനത – ഭാഗം 1

ഇത്, നിഷിദ്ധം, അനുവദനീയം എന്ന തര്‍ക്കത്തില്‍ നിന്ന് മാറിയുള്ള പ്രായോഗിക കാഴ്ചപ്പാടാണ്. പലിശ നിഷിദ്ധമാണെന്നത് സ്ഥിരപ്പെട്ട കാര്യമാണ്. ആധുനിക കാലത്തെ പലിശയാണ് ജാഹിലിയ്യ കാലത്തെ പലിശയേക്കാള്‍ കൂടുതല്‍ അപകടകരവും തിന്മയുമായിട്ടുള്ളത്. ജാഹിലിയ്യ കാലത്ത് നിശ്ചിത അവധിക്ക് കടം കൊടുക്കുകയും, ആ കാലയളവില്‍ പണമൊന്നും ഈടാക്കാതിരിക്കുകയും ചെയ്യുന്നു. ആ കാലാവധി കഴിഞ്ഞാല്‍ പണം നല്‍കേണ്ടതായി വരും. ആ സമയത്ത് അധികമായി ഒന്നും നല്‍കേണ്ടതില്ല. കടം വാങ്ങിയവന്‍ പണം നല്‍കിയാല്‍ അതില്‍ കൂടുതലായൊന്നും നല്‍കേണ്ടിവരുമായിരുന്നില്ല. എന്നാല്‍ തിരിച്ചടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ നിശ്ചിത തുക അധികം നല്‍കണമെന്നതില്‍ യോജിക്കുകയാണ്. ആധുനിക കാലത്തെ പലിശയേക്കാള്‍ നിസാരമാണ് വിഗ്രഹത്തെ ആരാധിച്ചിരുന്ന കാലത്തെ പലിശ; അത് രണ്ടും നിഷിദ്ധമാണെങ്കിലും! സമൂഹത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വ്യത്യസ്തമാര്‍ന്ന നിക്ഷേപങ്ങള്‍ മുന്‍നിര്‍ത്തികൊണ്ടുള്ള പദ്ധതികള്‍ കണ്ടെത്തി നടപ്പിലാക്കുന്നതിനെ കുറിച്ച് ആധുനിക കാലത്ത് ചിന്തിക്കേണ്ടതുണ്ട്.

(കഴിഞ്ഞു)

അവലംബം: mugtama.com
വിവ: അര്‍ശദ് കാരക്കാട്

Facebook Comments
Related Articles
Close
Close