Current Date

Search
Close this search box.
Search
Close this search box.

തുറുങ്കിലടക്കപ്പെടുന്ന കശ്മീരി ജനത – ഭാഗം 1

കഴിഞ്ഞ ഓഗസ്റ്റിൽ ആർട്ടിക്കൾ 370 റദ്ദാക്കിയതിന് ശേഷം സംസ്ഥാനത്തെ മുതിർന്ന രാഷ്ട്രീയ നേതാക്കളെയടക്കം ആയിരക്കണക്കിന് ആളുകളെയാണ് കശ്മീരിൽ മോദി ഭരണകൂടം ജയിലിലടച്ചത്. ക്രമസമാധനത്തിന് ഭീഷണിയാണ് എന്നാരോപിച്ചാണ് ഇവരിലധിക പേരെയും തടവിൽ പാർപ്പിച്ചിരിക്കുന്നത്. കശ്മീരിൽ എല്ലാം സമാധാനപരമാണ് എന്ന് കേന്ദ്ര സർക്കാർ ആണയിട്ട് പറയുമ്പോഴും ആശ്വസിക്കാൻ വകയുള്ള വാർത്തകളല്ല താഴ്വരയിൽ നിന്ന് യഥാർത്ഥത്തിൽ ലഭിക്കുന്നത്.

ശ്രീനഗറിലെ മൈസൂമയിൽ താമസിക്കുന്ന 60-കാരിയായ അതീഖാ ബാനു കഴിഞ്ഞ അഞ്ചു മാസമായി തന്റെ മകന്റെ ശബ്ദം ശ്രവിച്ചിട്ടില്ല. അവൻ എവിടെയാണെന്നോ എങ്ങനെയിരിക്കുന്നുവെന്നോ അവർക്ക് അറിയില്ല. തന്റെ മകനെ പാർപ്പിച്ചിരിക്കുന്ന തടവറയിലേക്ക് പറന്നിറങ്ങാൻ കഴിഞ്ഞിരുനുവെങ്കിൽ എന്നവർ ആഗ്രഹിച്ചുപോകുന്നു. കച്ചവടക്കാരനും കുടുംബത്തിന്റെ ഏക അത്താണിയുമായ അതീഖാ ബാനുവിന്റെ മകൻ ഫൈസൽ പബ്ലിക് സേഫ്റ്റി ആക്ട് (PSA) പ്രകാരം കഴിഞ്ഞ വർഷം ഓഗസ്റ്റ് 5 മുതൽ തടവിലാണ്. അറസ്റ്റ് ചെയ്തതിന് ശേഷം ഉത്തർപ്രദേശിലെ ഒരു ജയിയിലേക്ക് ഫൈസലിനെ പോലീസ് മാറ്റുകയുണ്ടായി. കശ്മീരിൽ നിന്ന് 1500 കിലോമീറ്ററോളം സഞ്ചരിച്ച് തന്റെ മകനെ സന്ദർശിക്കുക എന്നത് അതീഖാ ബാനുവിന് എളുപ്പത്തിൽ സാധ്യമാവുന്ന കാര്യമല്ല. തന്റെ മകനോടൊപ്പം ഒറ്റയ്ക്കാണ് അതീഖാ ബാനു താമസിച്ചിരുന്നത്. പത്തു വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചതിന് ശേഷം മകനായിരുന്നു അവർക്ക് താങ്ങും തണലുമായി ഉണ്ടായിരുന്നത്. വിധി തന്നോട് എത്ര ക്രൂരമായാണ് പെരുമാറിയത് എന്ന് തേങ്ങുകയാണ് ഇന്ന് ആ മാതാവ്. അതീഖയുടെ വിവാഹിതയായ മകൾ പട്ടണത്തിന്റെ മറ്റൊരു ഭാഗത്ത് ഭർത്താവിനൊപ്പമാണ് താമസം. തന്റെ മകനോടാണ് അതീഖക്ക് കൂടുതൽ അടുപ്പം.

Also read: ട്രംപിന്റെ നൂറ്റാണ്ടിലെ കരാര്‍

പല പ്രാവശ്യം ഫൈസലിന് പോലീസ് തടവിൽ കഴിയേണ്ടി വരികയും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരികയുമൊക്കെ ചെയ്തിട്ടുണ്ട്. വീടിന് കുറച്ചകലെ സ്ഥിതിചെയ്യുന്ന CRPF ക്യാമ്പിന് സമീപത്തു വെച്ചാണ് ഫൈസൽ അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് അതീഖാ ബാനു പറയുന്നു. മൂന്നു ദിവസത്തോളം മൈസൂമയിലെ പോലീസ് സ്റ്റേഷനിലാണ് ഫൈസലിനെ തടവിൽ വെച്ചത്. “എനിക്ക് സുഖമില്ലായിരുന്നു. എനിക്ക് മരുന്നു വാങ്ങാൻ വേണ്ടിയാണ് അവൻ പുറത്തു പോയത്. പുറത്തു പോകേണ്ട, കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് എന്ന് ഞാൻ പറഞ്ഞു നോക്കിയെങ്കിലും പെട്ടെന്ന് തിരിച്ചു വരാം എന്ന് പറഞ്ഞാണ് അവൻ പോയത്”, ഫൈസൽ തടവിലായ ആ ദിവസം അതീഖാ ബാനു ഓർത്തെടുക്കുന്നു. മണിക്കൂറുകൾ കഴിഞ്ഞും ഫൈസൽ തിരിച്ചുവരാതായപ്പോൾ അവർ അവനെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. എന്നാൽ തന്റെ മകൻ പോലീസ് പിടിയിലാണെന്ന് ആ മാതാവിന് യാതൊരു അറിവും ഉണ്ടായിരുന്നില്ല.

“ഫൈസൽ വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താതിരുന്നപ്പോൾ എനിക്ക് വല്ലാത്ത ആശങ്കയായി. എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. അവന് എന്തോ സംഭവിച്ചു എന്ന് എന്റെ മനസ്സ് മന്ത്രിച്ചു”, അതീഖാ ബാനു പറഞ്ഞു. വൈകുന്നേരം 6 മണിയായപ്പോഴാണ് ഫൈസലിന്റെ സുഹൃത്ത് വന്ന് അവൻ പോലീസ് കസ്റ്റഡിയിലാണ് എന്നറിയിച്ചത്. ഇതു കേട്ടയുടനെ മാറത്തടിച്ച് കരഞ്ഞുകൊണ്ട് തന്റെ മകനെ വിട്ടു കിട്ടാനായി പോലീസ് സ്റ്റേഷനിലേക്ക് ഓടുകയാണു ആ ഉമ്മ ചെയ്തത്. തങ്ങളുടെ കുടുംബാംഗങ്ങൾ സുരക്ഷിതരായി തിരിച്ചെത്തണമേയെന്ന് മനമുരുകി പ്രാർത്ഥിക്കുന്ന കശ്മീരിലെ നൂറുകണക്കിന് സ്ത്രീകളിൽ ഒരാളാണ് ഇന്ന് അതീഖാ ബാനുവും. കഴിഞ്ഞ അഞ്ചു മാസമായി മകനെ കുറിച്ച് യാതൊരു അറിവുമില്ലാതെ കണ്ണീർ വറ്റി അവർ കാത്തിരിക്കുന്നു.

Also read: സയ്യിദ് മൗദൂദിയുടെ “ഖാദിയാനി മസ്അല”

മൈസൂമയിലെ പോലീസ് സ്റ്റേഷനിൽ നിന്ന് മൂന്നു ദിവസത്തിന് ശേഷം ശ്രീനഗറിലെ സെൻട്രൽ ജയിലിലേക്കാണ് പോലീസ് ഫൈസലിനെ മാറ്റിയത്. ഓഗസ്റ്റ് 21 വരെ അവിടെ തടവിൽ കഴിഞ്ഞ ഫൈസലിനെ പിന്നീട് ഉത്തർപ്രദേശിലെ അംബേദ്കർ നഗർ ജയിലിലേക്ക് മാറ്റിപാർപ്പിക്കുകയുണ്ടായി. “അവനെ കാണാൻ ശ്രീനഗറിലെ സെൻട്രൽ ജയിലിലേക്ക് പോയ എനിക്ക് പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരം ഫൈസലിനെ ഉത്തർപ്രദേശിലെ ജയിലിലേക്ക് മാറ്റി എന്ന വിവരമാണ് ലഭിച്ചത്”, അതീഖാ ബാനു പറയുന്നു. ഇതുവരെ താഴ്വര വിട്ട് പുറത്തേക്ക് പോകാത്ത 60 – കാരിയായ അവർക്ക് എങ്ങനെ തന്റെ മകനെ വിട്ടുകിട്ടുമെന്നോ എവിടെ പോയി അന്വേഷിക്കണമെന്നോ അറിയില്ല.

“എന്റെ ഹൃദയം വേദന കൊണ്ട് നുറുങ്ങുന്നു. താഴ്വരയിലെ ഏതെങ്കിലും ജയിലിലായിരുന്നു അവനെങ്കിൽ ഒരാശ്വാസമുണ്ടായിരുന്നു. എനിക്ക് ഇടക്കിടെ അവനെ സന്ദർശിക്കാനും കാണാനും കഴിയുമായിരുന്നു. ഇതിപ്പോൾ 170 ദിവസങ്ങൾ പിന്നിട്ടിട്ടും എനിക്കെന്റെ മകനെ ഒരു നോക്ക് കാണാൻ കഴിഞ്ഞിട്ടില്ല”, ഇതു പറയുമ്പോൾ അതീഖാ ബാനുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

തടവുകാരെ വളരെ വിദൂരസ്ഥമായ ജയിലുകളിൽ കൊണ്ടുപോയി അടക്കുന്നത് അവരുടെ ആത്മവീര്യം ചോർത്തിക്കളയാനുള്ള ഭരണകൂടത്തിന്റെ ആസൂത്രിതമായ ശ്രമമാണ്. “അത്രയും ദൂരം സഞ്ചരിച്ച് ജയിലുകളിൽ കഴിയുന്ന തങ്ങളുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനുള്ള സാമ്പത്തിക ശേഷി പലർക്കുമില്ല. അങ്ങനെ തടവുകാരെ ഒറ്റപ്പെടുത്തുകയും അതുവഴി അവരെയും അവരുടെ കുടുംബങ്ങളെയും മാനസികമായി തകർക്കുകയുമാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അല്ലെങ്കിൽ താഴ്വരയിലെ ജയിലുകളിൽ തന്നെ അവരെ പാർപ്പിക്കാമായിരുന്നു”, അഭിഭാഷകനായ പർവേസ് ഇംറോസ് പറയുന്നു.

Also read: തഫ്‌സീറിനെ സംബന്ധിച്ച് ഓറിയന്റലിസ്റ്റുകള്‍ പറഞ്ഞത്

“ഇത്രയും മാസങ്ങൾ ഞാൻ എങ്ങനെ കഴിച്ചുകൂട്ടിയെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ. എന്നെ സഹായിക്കാൻ ആരുമില്ലായിരുന്നു. വെറും കയ്യോടെ എന്റെ മകനെ കാണാൻ ചെല്ലുന്നത് എനിക്ക് സഹിക്കാൻ പറ്റില്ല”, അതീഖാ ബാനു തന്റെ വേദന പങ്കുവെച്ചു. കഴിഞ്ഞ ജനുവരി 1-ന് തടവുകാരുടെ ബന്ധുകൾക്ക് അവരുമായി വീഡിയോ കോൺഫറൻസിംഗ് വഴി സംസാരിക്കാമെന്ന സർക്കാരിന്റെ അറിയിപ്പ് വളരെ ഉത്സാഹത്തോടെയാണ് അവർ കേട്ടത്. തന്റെ മകനോട് സംസാരിക്കാനായി കൊതിച്ച് പിറ്റേന്ന് തന്നെ പോലീസ് സ്റ്റേഷനിലെത്തിയ ആ മാതാവിന് മനസ്സിലായത്, ശ്രീനഗറിൽ നിന്ന് 300 കിലോമീറ്റർ ദൂരെയുള്ള ജമ്മുവിൽ തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കൾക്കാണ് ഈ സൗകര്യം ലഭ്യമാവുക എന്നാണ്. കാത്തിരുന്ന പുന:സ്സമാഗമത്തിന് അപ്രതീക്ഷിതമായി അന്ത്യമായപ്പോൾ ഹതാശയായി അവർ വീട്ടിലേക്ക് തിരിച്ചു നടന്നു.

ഫൈസലിനായി ജമ്മു-കാശ്മീർ ഹൈക്കോടതിയിൽ വാദിക്കുന്ന അഭിഭാഷകൻ ചുമത്തപ്പെട്ട PSA പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒരു ഹേബിയസ് കോർപസ് സമർപ്പിച്ചിരുന്നു. അതിൽ കോടതിയുടെ മറുപടിക്കായി കാത്തിരിക്കുകയാണ്. മുമ്പ് സമാനമായ രീതിയിൽ PSA ചുമത്തപ്പെട്ട് രണ്ടു വർഷം ജയിൽവാസമനുഭവിച്ച് 2019 ജൂലായിലാണ് ഫൈസൽ മോചിതനായത്. അതിന് കൃത്യം 13 ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമതും അദ്ദേഹം ജയിലിലടക്കപ്പെട്ടിരിക്കുന്നത്. ഫൈസലിന്റെ മാതാവ് അതീഖാ ബാനുവിന്റെ കണ്ണീർ ഒറ്റപെട്ട സംഭവമല്ല. ആയിരക്കണക്കിന് ചെറുപ്പക്കാരാണ് കശ്മീരിനകത്തും പുറത്തുമായി അന്യായമായി തുറുങ്കിലടക്കപ്പെട്ടിരിക്കുന്നത്. അതീഖാ ബാനുവിനെ പോലെ അവരുടെ ബന്ധുക്കളും കണ്ണീരിലും പ്രാർത്ഥനയിലും കാത്തിരിപ്പിലുമാണ്.

മൊഴിമാറ്റം: അനസ് പടന്ന
കടപ്പാട്: twocircles.net

Related Articles