Current Date

Search
Close this search box.
Search
Close this search box.

മുങ്ങി മരണം; ഇസ്‌ലാമിക കാഴ്‍ചപ്പാട്

പ്രപഞ്ചം സൃഷ്ടിച്ചത് മുതൽ യാതൊരു മാറ്റങ്ങൾക്കും വിധേയമാക്കാതെ മനുഷ്യ-മൃഗ-ജിന്ന് വിഭാഗങ്ങളിൽ അല്ലാഹു സജ്ജീകരിച്ച സുനിശ്ചിതമായ പ്രക്രിയയാണ് മരണം. വലുപ്പ, ചെറുപ്പ, യുവത്വ, വാർധക്യ ഭേദമന്യേ അവധിയെത്തിയാൽ നിർണ്ണിതമായ ദിവസത്തിൽ  കൃത്യ സമയത്ത് നിശ്ചിത സ്ഥലത്ത് മനുഷ്യൻ മരണത്തിന് മുന്നിൽ കീഴടങ്ങുന്നു. വിശുദ്ധ ഖുർആനിലൂടെ സർവ്വശക്തൻ മരണത്തിനെക്കുറിച്ച് വിവരിക്കുന്നു: ”അവിടെ (ഭൂമുഖത്ത്) യുള്ള എല്ലാവരും നശിച്ചു പോകുന്നവരാകുന്നു, നിൻറെ രക്ഷിതാവിൻറെ മഹത്വവും ഉദാരതയും ഉള്ള മുഖം അവശേഷിക്കുന്നതാണ്.’ (സൂറത്ത് റഹ്‌മാൻ: ആയത്ത്: 26,27).

മരണം പലരീതിയിലും മനുഷ്യനെ പിന്തുടർന്നു കൊണ്ടേയിരിക്കും. മനുഷ്യന്റെ ചെരുപ്പിന്റെ വാറിനേക്കാൾ മരണം അവനിലേക്ക് അടുത്തു നിൽക്കുന്നു. സർവ്വശക്തന്റെ തൃപ്തി മാത്രം ഉദ്ദേശിച്ച് ഇസ്ലാമിന് വേണ്ടി പോരാടി നേടിയ മരണമാണ് മരണത്തിന്റെ കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ടവും അഭികാമ്യവുമായ മരണം. അങ്ങനെ നാഥന്റെ പ്രീതി ഉദ്ദേശിച്ച് യുദ്ധം ചെയ്ത് ധീര രക്തസാക്ഷിത്വം വരിച്ചവർ ശുഹദാക്കൾ (രക്തസാക്ഷികൾ) എന്ന പേരിലാണ് ഇസ്ലാമിൽ അറിയപ്പെടുന്നത്. അല്ലാഹു രക്തസാക്ഷികളെ കുറിച്ച് വിവരിക്കുന്നു: “അല്ലാഹുവിൻറെ മാർഗത്തിൽ കൊല്ലപ്പെട്ടവരെ മരിച്ചുപോയവരായി നീ ഗണിക്കരുത്. എന്നാൽ അവർ അവരുടെ രക്ഷിതാവിൻറെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ്. അവർക്ക് ഉപജീവനം നൽകപ്പെട്ടുകൊണ്ടിരിക്കുന്നു” (സൂറ: ആലിംറാൻ: 169).

അല്ലാഹു അവന്റെ മഹത്തായ ഔദാര്യവും മാന്യതയും കാരണത്താൽ മുങ്ങി മരണം പോലുളള വലിയ രീതിയിലുളള വേദന അനുഭവിച്ച് മരണപ്പെടുന്നവർക്ക് ശഹാദത്തിനോട് കിടപിടക്കുന്ന പ്രതിഫലം ലഭിക്കുമെന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട്. ആരെങ്കിലും ആത്മഹത്യ ഉദ്ദേശിക്കാത്ത രീതിയിൽ  മുങ്ങിമരിച്ചാൽ അവൻ ശഹാദത്തിന്റെ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നുവെന്ന് പ്രവാചക വചനം വ്യക്തമാക്കുന്നു. അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി (സ) തങ്ങൾ പറയുന്നു: “രക്തസാക്ഷികൾ അഞ്ചു വിഭാഗമാണ്:  പ്ലേഗ് പോലുളള സാംക്രമിക രോഗം ബാധിച്ച് മരണപ്പെട്ടവർ, ഉദരസംബന്ധിയായ രോഗം കാരണം മരണപ്പെട്ടവർ, മുങ്ങി മരിച്ചവർ, കെട്ടിടം തകർന്ന് മരണപ്പെട്ടവരും അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്ത് രക്തസാക്ഷിത്വം വരിച്ചവരുമാണവർ” ( ബുഖാരി: 42/6). നബി (സ) തങ്ങൾ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്ത് മരിച്ചവരോടൊത്ത് ശേഷിക്കുന്ന നാല് വിഭാഗക്കാരെയും ചേർത്ത് പറഞ്ഞത്, ശഹാദത്തിനോട് തതുല്ല്യമായ പ്രതിഫലം ഇങ്ങനെയുളള മരണങ്ങൾക്കും ലഭിക്കുമെന്ന് വ്യക്തമാക്കാനാണ്.

മുങ്ങിമരിച്ചവർ യഥാർത്ഥ ശഹീദിനെ പോലെ ആഖിറത്തിൽ ഉയർന്ന സ്ഥാനങ്ങൾ കരസ്ഥമാക്കുവെങ്കിലും ദീനീപരമായ വിധികളിൽ രണ്ട് പേർക്കിടയിലും അജഗജാന്തരം വ്യത്യാസമുണ്ട്. നാഥന്റെ മാർഗത്തിൽ യുദ്ധം ചെയ്ത് ശഹീദായവരെ കുളിപ്പിക്കാതെ രക്തക്കറയോടെ  മറമാടുകയാണ് ചെയ്യുക, നേരെ മറിച്ച് മുങ്ങി മരിച്ചവരെ കുളിപ്പിച്ച് കഫൻ ചെയ്ത് വേണം മറമാടുവാൻ. (അൽ മൗസൂഅത്തുൽ ഫിഖ്ഹിയ്യ അൽ കുവൈത്തിയ്യ, 181/31)

ഇത്തരത്തിൽ മരണപ്പെട്ടയാൾ അതിശക്തമായ വേദനസഹിച്ച് മരണപ്പെട്ടത് കൊണ്ടാണ് ശഹാദത്തിനോട് തുല്യമായ സ്ഥാനം അയാൾക്ക് ലഭിച്ചതെന്ന് പണ്ഡിതന്മാരെ ഉദ്ധരിച്ചു കൊണ്ട് ഇമാം നവവി (റ) പറഞ്ഞതായി കാണാം.

ശഹീദ് എന്നതിൻ്റെ നിർവചനം

ശഹീദ് എന്ന പദം ഭാഷാർത്ഥത്തിൽ ‘ശഹിദ’ എന്ന പദത്തിന്റെ ‘ഫഈൽ’ വസ്‌നാണ്, അതിന്റെ അർത്ഥം ‘സന്നിഹിതനായവൻ’ എന്നാണ്. അതേ സമയം, സാങ്കേതിക തലത്തിൽ ശഹീദ് എന്ന പദത്തിനെ ചർച്ച ചെയ്യുമ്പോൾ അല്ലാഹുവിന്റെ മാർഗത്തിൽ പോരാടി മരിച്ചവർക്ക് മുഴുവൻ ശഹീദ് എന്ന പദമാണ് അറബികൾ ഉപയോഗിച്ചിരുന്നത്. നബി (സ) തങ്ങളുടെ ഹദീഥുകളിൽ മറ്റു ചില വിഭാഗങ്ങളെയും ശഹീദ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിലപാടനുസരിച്ചാണ് മുങ്ങിമരിച്ചയാൾക്ക് ശഹീദിന്റെ പ്രതിഫലത്തിനോട് തുല്യമായ പ്രതിഫലം നൽകപ്പെടുന്നതെന്ന് നമുക്ക് മനസ്സിലാക്കാം. എങ്കിലും, യുദ്ധത്തിൽ മരണപ്പെട്ടവരിൽ നിന്നും വ്യത്യസ്ഥമായ ഒരുപാട് വിധികൾ പ്രസ്തുത രീതിയിൽ മരണമടയുന്നവർക്കുണ്ടാകുന്നതായും കാണാം. 

രക്തസാക്ഷിക്ക് ശഹീദ് എന്ന പേര്  ലഭിക്കാനുള്ള കാരണം അല്ലാഹുവും മലക്കുകളും രക്തസാക്ഷികൾക്ക് സ്വർഗം കൊണ്ട് സാക്ഷി നിൽക്കുന്നത് കൊണ്ടാണെന്ന് ചില മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും  അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ച് ഇസ്ലാമിന് വേണ്ടി പോരാടി  രക്തസാക്ഷികളായവർ  എപ്പോഴും ജീവിച്ചിരിക്കുന്നവരാണെന്നും അവർക്കരികിലേക്ക് സദാസമയവും മാലാഖമാർ സന്നിഹിതരാവുന്നുണ്ടെന്നും ഇത് കാരണമാണ് ശഹീദ് എന്ന പേര് ലഭിച്ചതെന്നും മറ്റു ചില അഭിപ്രായങ്ങൾ  വ്യക്തമാക്കുന്നു. ഇത് സംബന്ധിയായ വിവരങ്ങൾ അല്ലാഹു വിശദീകരിക്കുന്നു:  “ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും, പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവരാരോ അവരുടെ അടുക്കൽ മലക്കുകൾ ഇറങ്ങിവന്നുകൊണ്ട് ഇപ്രകാരം പറയുന്നതാണ്:  നിങ്ങൾ ഭയപ്പെടുകയോ ദുഃഖിക്കുകയോ വേണ്ട. നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ടിരുന്ന സ്വർഗത്തെപ്പറ്റി നിങ്ങൾ സന്തോഷമടഞ്ഞു കൊള്ളൂ” (സുറത്ത്: ഫുസ്വിലത്ത്: 30).

ശുഹദാക്കളുടെ ഇനങ്ങൾ

പണ്ഡിതന്മാർ രക്തസാക്ഷികൾക്ക് ദുൻയാവിലും ആഖിറത്തിലും ഉണ്ടായേക്കാവുന്ന കർമ്മശാസ്ത്രപരമായ  വിധികളെ  മൂന്ന് ഇനങ്ങളായി തരംതിരിക്കുന്നു. ഇവരിലെ ഒന്നാമത്തെ വിഭാഗം ഇഹലോകത്തും പരലോകത്തും ശഹീദായി പരിഗണിക്കപ്പെടുന്നവരാണ്. അല്ലാഹുവിന്റെ പ്രീതി മാത്രം ഉദ്ദേശിച്ച് ഇസ്ലാമിന് വേണ്ടി ധീരമായി പോരാടി രക്തസാക്ഷിത്വം വരിച്ചവരാണ് ഈ വിഭാഗക്കാർ. ദുൻയാവിൽ ഈ വിഭാഗത്തിൽപ്പെട്ടവരെ കുളിപ്പിക്കുവാനോ അവരുടെ മേൽ മയ്യിത്ത് നമസ്‌ക്കരിക്കപ്പെടുകയോ ചെയ്യുകില്ല. ആഖിറത്തിൽ ഈ വിഭാഗക്കാർക്ക് പരിപൂർണ്ണമായ രക്തസാക്ഷിത്വത്തിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യും.

രണ്ടാമത്തെ വിഭാഗം ഇഹലോകത്ത് മാത്രം ശഹീദായി പരിഗണിക്കപ്പെടുന്നവരാണ്. സ്വന്തം കാരണത്താൽ അവിശ്വാസികളുമായുളള യുദ്ധത്തിൽ കൊല്ലപ്പെട്ടവർ, മറ്റുളളവർക്ക് മുന്നിൽ മേനി നടിക്കാനോ, ഗനീമത്ത് ഉദ്ദേശിച്ചോ യുദ്ധത്തിൽ പങ്കെടുത്തവർ, യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടുന്ന വഴിയിലോ മറ്റോ മരണപ്പെട്ടവർ തുടങ്ങിയവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുകയെന്ന് ശാഫിഈ ഇമാം പറയുന്നു. ഇത്തരക്കാരെ മറ്റുളള ശഹീദുകളെ പോലെ കുളിപ്പിക്കുവാനോ നിസ്‌ക്കരിക്കപ്പെടാനോ പാടില്ലെങ്കിലും മറ്റുളള ശഹീദുകൾക്ക് ലഭിക്കുന്ന പ്രതിഫലം  ആഖിറത്തിൽ ഇവർക്ക് ലഭിക്കില്ല.

മൂന്നാമത്തെ വിഭാഗം പരലോകത്തിൽ മാത്രം ശഹീദായി പരിഗണിക്കപ്പെടുന്നവരാണ്.  യുദ്ധങ്ങളൊന്നും സംഭവിക്കാതെ അക്രമികളാൽ കൊല്ലപ്പെട്ടവർ, ഉദരരോഗം കാരണമായി മരണപ്പെട്ടവർ, മുങ്ങിമരിച്ചവർ എന്നിവരാണ് ഈ വിഭാഗത്തിൽ പെടുന്നത്. ഇവർക്ക് ആഖിറത്തിൽ അല്ലാഹുവിന്റെ മാർഗത്തിൽ പോരാടി മരിച്ചവർക്ക് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം ലഭിക്കും. (അൽ ഫിഖ്ഹുൽ ഇസ്ലാമിയ്യ വ അദില്ലത്തുഹു, അസ്സുഹൈലി, 2/1589). ഇഹലോകത്തിലെ വിധികളിൽ മുങ്ങിമരിച്ചവരുടെ കർമ്മശാസ്ത്ര വിധികളിലേക്കൊന്ന്  കണ്ണോടിച്ചാൽ അങ്ങനെ മരണപ്പെട്ടവരെ കുളിപ്പിക്കലും കഫൻ ചെയ്യലും അവരുടെ മേൽ നിർബന്ധമായ മയ്യിത്ത് നമസ്‌കാരം നിർവ്വഹിക്കലും നിർബന്ധമാണ് (ഫർള് കിഫായ). അതേ സമയം മുമ്പ് പറഞ്ഞത് പോലെ അല്ലാഹുവിന്റെ മാർഗത്തിൽ ശഹീദായവരെ കുളിപ്പിക്കുകയോ അവർ കഫൻ ചെയ്യപ്പെടുകയോ ഇല്ല.

മൃഗങ്ങളുടെ കുത്തേറ്റ് മരണപ്പെടുക, പിടി മൃഗം കീഴ്‌പ്പെടുത്തിയത് കാരണമായി മരണപ്പെടുക, വാഹനമായി ഉപയോഗിക്കുന്ന മൃഗത്തിൽ നിന്ന് വീണ് മരണപ്പെടുക, കപ്പലിൽ യാത്ര ചെയ്യവേ അതിശക്തമായ അതിസാരം, ഛർദി എന്നിവ കാരണമായി മരണപ്പെടുക, മലനിരകളിൽ നിന്ന് താഴെ വീണ് മരണപ്പെടുക തുടങ്ങിയ ഇരുപതോളം കാര്യങ്ങൾ പോർക്കളത്തിൽ മരണപ്പെടുന്ന ശഹീദിന്റെ പ്രതിഫലം ലഭിക്കാൻ കാരണമാകുമെന്ന് പണ്ഡിതന്മാർ ഏകോപിച്ചതായി ഹാഫിള് ഇബ്‌നു ഹജർ അസ്ഖലാനി (റ) വിവരിച്ചിട്ടുണ്ട്.

വെളളത്തിൽ മുങ്ങി താഴുന്നവനെ കണ്ടാൽ എന്ത് ചെയ്യണം?

വെളളത്തിൽ മുങ്ങിത്താഴുന്നവനെ കാണുന്ന മുസ്ലിമായ ഒരു വ്യക്തിക്ക് മുങ്ങിയവനെ  രക്ഷിക്കലും രക്ഷാപ്രവർത്തനത്തിൽ കഴിവിന്റെ പരമാവധി ശ്രമങ്ങൾ നടത്തലും നിർബന്ധമാണ്. മുങ്ങിത്താഴുന്നവന്റെ ജീവൻ രക്ഷിക്കൽ ദീനിലെയും ദുൻയാവിലെയും മികച്ച പ്രവർത്തനങ്ങളിലൊന്നായി കർമ്മശാസ്ത്ര പണ്ഡിതർ ഗണിക്കുന്നുണ്ട്. മറ്റുളളവരുടെ ജീവൻ രക്ഷിക്കുന്നതിനെക്കുറിച്ച് അല്ലാഹു പറയുന്നു: “ഒരാളുടെ ജീവൻ വല്ലവനും രക്ഷിച്ചാൽ, അത് മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചതിന് തുല്യമാകുന്നു” (സൂറത്തുൽ മാഇദ: 32).

ഒരു വിശ്വാസി  സുന്നത്ത് നമസ്‌ക്കാരത്തിലൊ ഫർള് നമസ്‌ക്കാരത്തിലൊ ആയിരിക്കെ നസ്മകരിക്കുന്നവന്റെ മുന്നിലായി ഒരാൾ മുങ്ങിത്താഴുന്നതായി കണ്ടാൽ അയാളെ രക്ഷിക്കുവാൻ വേണ്ടി നിസ്‌കരിക്കുന്നവൻ നിസ്‌കാരം മുറിക്കൽ നിർബന്ധമാണെന്നും നിസ്‌കാരത്തിന്റെ സമയം വളരെ ചുരുങ്ങിയതാണെങ്കിലും അവിടെ നിസ്‌കാരം മുറിക്കുകയാണ് വേണ്ടതെന്നും കർമ്മശാസ്ത്ര പണ്ഡിതർ ഫിഖ്ഹീ കിതാബുകളിൽ വ്യക്തമാക്കിയിട്ടുണ്ട്.

രക്ഷപ്പെടുത്താതെ മാറി നിൽക്കാവതല്ല

രക്ഷിക്കുവാനുളള അവസരങ്ങളുണ്ടായിട്ടും മുങ്ങിത്താഴുന്നവനെ രക്ഷിക്കാതെ മാറി നിന്നവൻ കുറ്റക്കാരനാകുമെന്ന കാര്യത്തിൽ ഫിഖ്ഹീ പണ്ഡിതർ ഏകാഭിപ്രായക്കാരാണ്. മുങ്ങിത്താഴുന്നവനെ രക്ഷപ്പെടുത്തുവാനുളള എല്ലാ സൗകര്യങ്ങളുമുളളവൻ മുങ്ങുന്നവനെ രക്ഷിക്കൽ നിർബന്ധമാണെന്നും ഇനി മുങ്ങുന്നവനെ രക്ഷിക്കാൻ ശ്രമിക്കുക വഴി രക്ഷിക്കുന്നവനും മുങ്ങിമരിക്കാൻ സാധ്യതയുണ്ടെങ്കിൽ രക്ഷാപ്രവർത്തനം ഒഴിവാക്കലാണ് നല്ലതെന്നും ഇമാം ശൗക്കാനി തന്റെ സൈലുൽ ജിറാർ എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട്.  

മുങ്ങിമരിച്ചവരുടെ  അനന്തരസ്വത്ത് 

ഒരുപാട് ആളുകൾ ഒരുമിച്ച് മുങ്ങിമരിക്കുകയും അവരിൽ ആരാണ് ആദ്യം മരിച്ചതെന്ന് അറിയാതിരിക്കുകയും അതോടൊപ്പം അവർ പരസ്പരം അനന്തരമെടുക്കുന്നുമില്ലെങ്കിൽ മരിച്ചവരുടെ ജീവിച്ചിരിക്കുന്ന അനന്തരാവകാശികൾക്ക് സ്വത്ത് വീതിച്ചെടുക്കാമെന്ന് അബൂബക്കർ (റ), ഉമർ ബിൻ ഖത്താബ് (റ) എന്നിവർ പറഞ്ഞിട്ടുണ്ട്. ഒന്നോ ഒന്നിലധികമോ അനന്തരവകാശികൾ വെളളപൊക്കം, തീപിടുത്തം, കെട്ടിടം തകരുക, യുദ്ധം, ഭൂമികുലുക്കം, കപ്പൽ മുങ്ങൽ തുടങ്ങിയ കാരണങ്ങളാൽ മരണപ്പെടുകയോ അവരിൽ ആരാണ് ആദ്യം മരിച്ചത്, ആരാണ് അവസാനം മരിച്ചത് എന്ന് അറിയപ്പെടാതിരിക്കുകയും ചെയ്താൽ മരിച്ചവരുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളായിരിക്കും സ്വത്തുകളുടെ ഉടമകളായിത്തീരുക. (ഇആനത്തുത്വാലിബീൻ 191).

മുങ്ങിമരിച്ചവന്റെ കടങ്ങൾ ആര് വീട്ടണം?

മുങ്ങിമരിച്ചവന്റെ കടമല്ലാത്ത ബാക്കിയുളള മുഴുവൻ ബാധ്യതകളും അല്ലാഹു  പൊറുത്തുക്കൊടുക്കും. അബ്ദുല്ലാഹി ബിൻ ഉമർ (റ) ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീഥിൽ നബി (സ) പറയുന്നു: “മുങ്ങിമരിച്ചവന്റെ കടമല്ലാത്ത മുഴുവൻ ബാധ്യതകളും അല്ലാഹു തആല പൊറുത്തു നൽകുമെന്ന് ജിബ്‍രീൽ (അ) എന്നോട് പറഞ്ഞിട്ടുണ്ട്. പൊതുജനവുമായി ബന്ധപ്പെട്ട ബാധ്യതകളെല്ലാം സഹജീവികൾ പൊരുത്തപ്പെട്ടു കൊടുക്കാതെ അവന് പൊറുക്കപ്പെടുകയില്ല, ആ ബാധ്യതകളെല്ലാം അവന്റെ മേൽ ന്യൂനതകളായി ആഖിറത്തിൽ ശേഷിക്കും” (അൽ ഇസ്ലാം, സുആൽ വജവാബ്,29/03/2008).

മുങ്ങി മരണം പോലുളളവയിലൂടെ മരണപ്പെട്ടവരെ പരലോകത്ത് ബഹുമാനിക്കാനും അവരുടെ പരലോക സ്ഥാനം ഉയർത്താനുമാണ് അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നത്. കാരണം, വിധികർത്താവ്, ഭരണാധികാരി, കച്ചവടക്കാരൻ, പണക്കാരൻ , പാവപ്പെട്ടവൻ തുടങ്ങി ഏത് സ്ഥാനമാനങ്ങൾ വഹിക്കുന്നവരുമാകട്ടെ മനുഷ്യ വിഭാഗം പ്രാപഞ്ചിക സത്യങ്ങൾ മനസ്സിലാക്കാതെ ഇഹലോകത്തെ തിരക്കുകൾക്കിടയിൽ പെട്ട് അശ്രദ്ധരായി ജീവിതം നയിക്കുന്നവരാണ്. അല്ലാഹു പറയുന്നു: “അവിടെ (ഭൂമുഖത്ത്) യുള്ള എല്ലാവരും നശിച്ചു പോകുന്നവരാകുന്നു.’ നിൻറെ രക്ഷിതാവിൻറെ മഹത്വവും ഉദാരതയും ഉള്ള മുഖം അവശേഷിക്കുന്നതാണ്” (സൂറത്തു റഹ്‌മാൻ: 26,27).

എല്ലാ മനുഷ്യരുടെയും മരണം സുനിശ്ചിതമാണ്. ദുനിയാവിലെ ജീവിതം അവസാനിക്കുന്നതോടെ മനുഷ്യർ പരലോക ജീവിതത്തിലേക്ക് കാലെടുത്തുവെക്കുകയാണ് ചെയ്യുന്നത്. മരണവും പുനർജന്മവും ഹിസാബും സ്വർഗവും നരകവുമൊക്കെ ചേർന്ന ആ ലോകത്തെ ആലമുൽ ബർസഖിയ്യ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.  അല്ലാഹു മനുഷ്യനെ ആദ്യം പിതാവിന്റെ മുതുകിൽ നിന്ന് മാതാവിന്റെ ഗർഭപാത്രത്തിലേക്കും അവിടെ നിന്ന് ദേഹേച്ഛകൾ നിറഞ്ഞ പ്രപഞ്ചലോകത്തിലേക്കും യാത്രാ ക്ഷീണം മാറ്റി ഒരൽപ സമയം വിശ്രമിക്കുവാൻ ഇരുളടഞ്ഞ ഖബറിലേക്കും അവിടെ നിന്ന് ഖിയാമത്ത് നാളിലേക്കും ഹിസാബിന് ശേഷം ശാശ്വതമായ സ്വർഗത്തിലേക്കോ നരഗത്തിലേക്കോ യാത്രയാകുന്നു. അങ്ങനെ മനുഷ്യ വിഭാഗത്തെ പരിപൂർണ്ണമായിട്ടും ശാശ്വതരായിട്ടാണ് പടച്ചത്, അവർ ഒരു വീട്ടിൽ നിന്ന് മറ്റൊരു വീട്ടിലേക്ക് യാത്രയായി കൊണ്ടേയിരിക്കുന്നു.

വിവ: ജലാലുദ്ദീൻ കണ്ണംങ്കൈ

അവലംബം: ഇസ്‍ലാം ഓൺലൈൻ

Related Articles