Current Date

Search
Close this search box.
Search
Close this search box.

‘ഇബ്‌റാഹിം നബി തന്റെ ജീവിതത്തില്‍ മൂന്ന് കളവുകള്‍ മാത്രമാണ് പറഞ്ഞത്’

നബിയുടെ കൂടെ - 12

ഇമാം ബുഖാരി നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: ‘ഇബ്‌റാഹിം നബി തന്റെ ജീവിതത്തില്‍ മൂന്ന് കളവുകള്‍ മാത്രമാണ് പറഞ്ഞത്. അതില്‍ രണ്ടെണ്ണം അല്ലാഹുവിന്റെ വിഷയത്തിലായിരുന്നു. ‘ഞാന്‍ രോഗിയാണ്’ എന്നദ്ദേഹം പറഞ്ഞതും ‘അല്ല, ബിംബങ്ങളെ തകര്‍ത്തത് കൂട്ടത്തിലെ വലിയ ബിംബമാണെന്ന്’ പറഞ്ഞതും. നബി (സ) തുടരുന്നു: ഒരു ദിവസം ഇബ്‌റാഹിം നബി പത്‌നി സാറാ ബീവിയോടൊപ്പം അന്നത്തെ വലിയൊരു ക്രൂരനായ രാജാവിന്റെ അടുക്കലായിരുന്നു. ജനങ്ങളിലെ ഏറ്റവും ഉത്തമരായൊരു സ്ത്രീയും പുരുഷനും ഇവിടെയുണ്ടെന്ന് അയാളോട് പറയപ്പെട്ടു. ഇബ്‌റാഹിം നബിയെ അയാള്‍ വിളിപ്പിക്കുകയും കൂടെയുള്ളതാരാണെന്ന് ചോദിച്ചപ്പോള്‍ എന്റെ സഹോദരിയാണെന്ന് പറയുകയും ചെയ്തു.

ശേഷം ഇബ്‌റാഹിം നബി സാറാ ബീവിയോടായി പറഞ്ഞു: സാറാ, ഈ ദുനിയാവില്‍ ഇന്ന് വിശ്വാസിയായിട്ടുള്ളത് നീയും ഞാനും മാത്രമാണ്.  ഈ മനുഷ്യന്‍ നിന്നെക്കുറിച്ച് എന്നോടു ചോദിച്ചപ്പോള്‍ നീയെന്റെ സഹോദരിയെന്നാണ് ഞാന്‍ പറഞ്ഞത്. അത് നീ തെറ്റിക്കരുത്. അങ്ങനെ സാറാ ബീവിയെ അയാളുടെ അടുക്കലേക്ക് കൊണ്ടുപോവുകയും അവരെ പിടിക്കാന്‍ വേണ്ടി അയാള്‍ കയ്യോങ്ങിയപ്പോള്‍ കൈകള്‍ ആരോ വന്ന് പിടിക്കുന്ന പോലെ അനുഭവപ്പെടുകയും ചെയ്തു.

എന്റെ കൈ വെറുതെ വിടാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കൂ, നിങ്ങളെ ഞാന്‍ ഉപദ്രവിക്കില്ലെന്ന് അയാള്‍ പറഞ്ഞപ്പോള്‍ ബീവി പ്രാര്‍ഥിക്കുകയും കൈ പഴയപടിയാവുകയും ചെയ്തു. രണ്ടാം വട്ടവും മൂന്നാം വട്ടവും അയാള്‍ ബീവിടെ കയ്യേറാന്‍ ശ്രമിക്കുകയും അതുതന്നെ സംഭവിക്കുകയും ചെയ്തു. ശേഷം കാവല്‍ക്കാരെ വിളിച്ച് അയാള്‍ പറഞ്ഞു: നിങ്ങളെന്റെ അടുക്കലേക്ക് കൊണ്ടുവന്നതൊരു മനുഷ്യനല്ല, അതൊരു പിശാചാണ്! ശേഷം, നമസ്‌കരിച്ചുകൊണ്ടിരിക്കുകയായിരുന്ന ഇബ്‌റാഹിം നബിയുടെ അടുക്കലേക്ക് ബീവി ചെന്ന് അക്രമിയുടെ കൈകളെ അല്ലാഹു വിലങ്ങിടുകയും ഹാജറിനെ അടിമയാക്കി തരികയും ചെയ്തു എന്നു പറയുകയും ചെയ്തു!’.

ഗുണപാഠം 1

പ്രവാചകന്മാരുടെ നിരപരാധിത്വമാണ് ഈ ഹദീസില്‍ പറയുന്നത്. ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്ക് പ്രധാനമായി രണ്ടഭിപ്രായങ്ങളാണുള്ളത്. ഒന്നാമതായി, ദീനിലും ദുനിയാവിലും പ്രവാചന്മാര്‍ നിരുപാധികം പാപങ്ങള്‍ സംഭവിക്കാത്തവരാണ് എന്ന അഭിപ്രായം. രണ്ടാമതായി, ദീനിന്റെയും പ്രബോധനത്തിന്റെയും വിഷയത്തില്‍ തെറ്റുകള്‍ സംഭവിക്കില്ല എന്നും ദുനിയാവിന്റെ കാര്യത്തില്‍ തെറ്റുകള്‍ സംഭവിച്ചേക്കാം എന്നുമുള്ള അഭിപ്രായം.

ഇതില്‍ രണ്ടാമത്തെ അഭിപ്രായത്തെ ഞാന്‍ പിന്തുണക്കുകയാണെങ്കില്‍, ദുനിവാവിന്റെ വിഷയത്തിലാണെങ്കില്‍ പോലും അവര്‍ കളവുപറയാന്‍ സാധ്യതയുണ്ടെന്നു പറയല്‍ ദഅ്‌വത്തിന്റെ വിഷയത്തില്‍ കളവു സംഭവിക്കുന്നതുമായി സംബന്ധിച്ചുള്ള തര്‍ക്കത്തിനുള്ള വഴിതുറക്കലാണ്. പ്രവാചന്മാര്‍ അതിനെക്കാളൊക്കെ എത്രയോ സമുന്നതരാണല്ലോ. പക്ഷേ, അല്ലാഹുവിന്റെ വിഷയത്തിലുള്ള ഇബ്‌റാഹിം നബിയുടെ രണ്ടു കളവുകളില്‍ തന്റെ സമുദായത്തിനിടയില്‍ സത്യവിശ്വാസം സ്ഥാപിക്കുക എന്നതില്‍ കവിഞ്ഞ് മറ്റൊന്നുമില്ലതന്നെ!

ഫിര്‍ഔനോടു പറഞ്ഞിട്ടുള്ള കളവാണെങ്കില്‍ തൗരിയത്തി (മനസ്സില്‍ മറ്റൊന്ന് ഉദ്ദേശിച്ച് പറയല്‍) ന്റെ ഗണത്തില്‍ പെടുന്നതുമാണ്. മുസ്‌ലിംകളെല്ലാം പരസ്പരം സഹോദരങ്ങളാണെന്ന നിലക്കാണ് ഇബ്‌റാഹിം നബി സാറാ ബീവിയെ സഹോദരിയെന്ന് പറഞ്ഞതെന്നു വെക്കാം. ഇക്കാര്യം ഹദീസുകളിലും കാണാവുന്നതാണ്. അബൂബക്‌റി(റ)ന്റെ കൂടെയുള്ള ഹിജ്‌റ ദിവസം ഒരു ഗ്രാമീണവാസി ‘നിങ്ങള്‍ ഏതു ഗോത്രക്കാരാണെന്ന്’ ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ വെള്ളത്തില്‍ നിന്നാണ്’ എന്നായിരുന്നു നബി തങ്ങളുടെ മറുപടി. ‘അറബികള്‍ക്കിടയില്‍ ഗോത്രങ്ങള്‍ ഒരുപാടുണ്ടന്ന്’ ആ ഗ്രാമീണവാസി പ്രതികരിക്കുകയും ചെയ്തു. മനുഷ്യ സൃഷ്ടിയുടെ അടിസ്ഥാനം വെള്ളമാണല്ലോ എന്ന അര്‍ഥത്തിലായിരുന്നു നബി തങ്ങളുടെ അയാളോടുള്ള മറുപടി!.

ഗുണപാഠം 2

കളവിനെക്കുറിച്ചുള്ള സംസാരമായതിനാല്‍ കളവ് അനുവദിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളെക്കുറിച്ചു കൂടി പറയാം. മൂന്ന് സാഹചര്യങ്ങളിലാണ് ഇസ്‌ലാം കളവുപറയല്‍ അനുവദിച്ചിട്ടുള്ളത്. ഒന്നാമതായി, ശത്രുക്കളോടുള്ള കളവു പറച്ചിലാണ്. ഒരു മുസ്‌ലിമിനെ ശത്രുക്കള്‍ ബന്ദിയാക്കി പിടിക്കുകയും സൈനികരഹസ്യങ്ങളും മറ്റും ചോദിക്കുന്ന സമയത്ത് അയാള്‍ സത്യം പറയുകയും ചെയ്യുക എന്നത് ഒരിക്കലും യുക്തിപരമല്ലല്ലോ! മുസ്‌ലിം സമുദായത്തിന് മൊത്തമായി പ്രശ്‌നങ്ങള്‍ വന്നുചേരുന്നത് തടയുക എന്നതാണ് ഇവിടെ കളവ് അനുവദിക്കപ്പെടാനുള്ള കാരണം.

രണ്ടാമതായി, രണ്ടുപേര്‍ക്കിടയിലെ പ്രശ്‌നപരിഹാരത്തിനു വേണ്ടി കളവു പറയലാണ്. രണ്ടുപേരും പരസ്പരം പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കിപ്പറഞ്ഞ് അവര്‍ക്കിടയില്‍ നല്ല മതിപ്പുണ്ടാക്കാവുന്ന രീതിയാണിത്. ദുനിയാവിന്റെ നല്ലനടപ്പിനുവേണ്ടി തര്‍ക്കങ്ങളില്ലാതെ സൂക്ഷിക്കാനാണ് ഇവിടെ കളവ് അനുവദിക്കപ്പെട്ടിട്ടുള്ളത്.

മൂന്നാമത്തേത് ഭാര്യ ഭര്‍ത്താവിനോടും ഭര്‍ത്താവ് ഭാര്യയോടും കളവു പറയലാണ്. നല്ല ബന്ധം നിലനിര്‍ത്താനും നല്ല മനസ്സ് സൃഷ്ടിക്കാനും വേണ്ടിയുള്ള പറച്ചില്‍. ദുഷ്ടലാക്കും ചതിയും ഇതില്‍ അനുവിക്കപ്പെടുന്നതല്ല. ഭാര്യയുടെ ഭക്ഷണത്തെയും സൗന്ദര്യത്തെയും പുകഴ്ത്തിപ്പറയല്‍ അതിന്റെ ഭാഗമാണ്.

ഉമറി(റ)ന്റെ കാലത്ത് ഒരാള്‍ തന്റെ ഭാര്യയോട് നീയെന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ അല്ലാഹുവിന്റെ പേരുപറഞ്ഞ് സത്യം ചെയ്യണമെന്ന് പറഞ്ഞു. അല്ലാഹുവാണ ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നില്ലെന്നവള്‍ പറയുകയും ചെയ്തു. ഭര്‍ത്താവ് ഖലീഫയോട് പരാതിയുമായി ചെന്നപ്പോള്‍ ഭാര്യയെ സ്വകാര്യമായി വിളിപ്പിച്ചു. ‘ഞാന്‍ ഭര്‍ത്താവിനോട് കളവു പറയണമെന്നാണോ നിങ്ങള്‍ പറയുന്നതെ’ ന്ന് അവര്‍ ചോദിച്ചപ്പോള്‍ ഖലീഫയുടെ മറുപടി ‘അതെ, നിങ്ങള്‍ ഭര്‍ത്താവിനോട് സ്‌നേഹിക്കുന്നുവെന്ന് കളവു പറഞ്ഞോളൂ. എല്ലാ വീടകങ്ങളും സ്‌നേഹത്താല്‍ നിര്‍മിക്കപ്പെട്ടതല്ലല്ലോ. ജനങ്ങള്‍ പെരുമാറേണ്ടത് ഉത്തരവാദിത്തത്തോടെയും മനുഷ്യത്വത്തോടെയുമാണ്’ എന്നുമായിരുന്നു!.

ഗുണപാഠം 3

ഭീകരമായൊരു കൊടുങ്കാറ്റ് നടന്നൊരു രാത്രി കഴിഞ്ഞ പകല്‍ ഞാന്‍ പ്രകൃതിയെ ഒന്നു ചെന്നുനോക്കി. ഒത്തിരി മരങ്ങള്‍ കടപുഴകി വീണുകിടക്കുന്നത് കാണാമായിരുന്നു. പക്ഷേ, ചെറിയ പുല്ലുകളാണെങ്കില്‍ യാതൊരു പോറലുമേല്‍ക്കാതെ അതേപടി നിലനില്‍ക്കുന്നതും കണ്ടു. അന്ന് ഞാന്‍ മനോഹരമായൊരു പാഠം പഠിച്ചു: ചിലപ്പോള്‍ മനുഷ്യന് താഴ്ന്നുകൊടുക്കേണ്ടിയും വരും രക്ഷപ്പെടാന്‍!

വിവേകമുള്ള മനുഷ്യന്‍ സാഹചര്യങ്ങളെ കൃത്യമായി വിശകലനം ചെയ്യും. പരാജയപ്പെടാന്‍ സാധ്യതയുള്ളൊരു പോരാട്ടത്തിലേക്ക് അയാള്‍ കടന്നുചെല്ലില്ല. ചിലപ്പോള്‍ പ്രതിയോഗിയുടെ ശക്തി നാം കൃത്യമായി മനസ്സിലാക്കേണ്ടി വരും. കാരണം, ആ കണക്കുകൂട്ടലുകളിലുള്ള പിഴവിന്റെ വില നമ്മുടെ ജീവന്‍ തന്നെയാവും! ചിലപ്പോള്‍ ചില തര്‍ക്കങ്ങളില്‍ വിജയിക്കാനുള്ള ഏകവഴി ആ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകതന്നെ ചെയ്യാതിരിക്കുകയാവും.

ഇബ്‌റാഹിം നബി അതിവിവേകിയായിരുന്നു. രാജാവിന്‍റെ  മുന്നില്‍ ചെന്നുനിന്നാല്‍ തന്റെ അന്ത്യം അവിടെനിന്നുതന്നെ സംഭവിക്കുമെന്നും താന്‍ രക്തസാക്ഷിയാവുമെന്നും അദ്ദേഹത്തിനുറപ്പായിരുന്നു. ഭീരുവായതുകൊണ്ടോ രക്തസാക്ഷിത്വം ആഗ്രഹിക്കാഞ്ഞിട്ടോ അല്ലായിരുന്നു ആയൊരു ഉദ്യമത്തിന് അദ്ദേഹം മുതിരാതിരുന്നതും. പക്ഷേ, താന്‍ നിയോഗിക്കപ്പെട്ട ദൗത്യം അതിലൊക്കെ എത്രയോ വലുതാണെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു.

അതുകൊണ്ട് ആവുംപോലെ കാരണങ്ങളില്‍ പിടിച്ച് വഴിയെ വരാനുള്ളത് അല്ലാഹുവില്‍ ഭരമേല്‍പിച്ചു അദ്ദേഹം. ഫലമായി, ഭാര്യ അതിസുരക്ഷിതയായി തിരിച്ചുവരികയും പിന്നീട് തന്റെ ഭാര്യയാവാനുള്ള ഒരു സ്ത്രീയെ കൂടെ കൊണ്ടുവരികയും ചെയ്തു!.

ഗുണപാഠം 4

നല്ല തറവാടിയായ സ്ത്രീ ഒരിക്കലും തന്റെ ഭര്‍ത്താവിന്റെ അഭിമാനത്തിന് ക്ഷതമേല്‍പിക്കില്ല. സാറാ ബീവി ഭൂമിയിലെ അതിസുന്ദരിമാരിലൊരാളായിരുന്നു. യൂസുഫ് നബിയുടെ സൗന്ദര്യം വല്ലിമ്മ ബീവി സാറയുടെ സൗന്ദര്യത്തിന്റെ പാരമ്പര്യമാണെന്ന് ചില തഫ്‌സീര്‍ പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സൗന്ദര്യത്തിനൊക്കെ പുറമേ, സ്‌നേഹിക്കുന്നവരും മര്യാദയുള്ളവരുമായിരുന്നു അവര്‍. സത്യത്തിന്റെ മാര്‍ഗത്തില്‍ ഭര്‍ത്താവിനെ സഹായിക്കുകയും തന്റെ സൗന്ദര്യത്തിന്റെ പേരില്‍ അഹങ്കരിക്കാതിരിക്കുകയും ചെയ്തു അവര്‍.

ഖദീജ ബീവിയും അതുപോലെ തറവാടിയായ സ്ത്രീയായിരുന്നല്ലോ. ബീവി അതിസമ്പന്നയും ഭര്‍ത്താവ് നബി (സ) അതിദരിദ്രനും. ശേഷം തന്റെ സമ്പത്ത് മുഴുവന്‍ ഭര്‍ത്താവിന്റെ സത്യ ദീനിന്റെ വഴിയില്‍ ചെലവഴിക്കുകയും ചെയ്തു. ഈ സാമ്പത്തിക വ്യത്യാസം അവരുടെ വിവാഹത്തിനോ ദാമ്പത്യജീവിതത്തിലോ ഒരിക്കല്‍ പോലും തടസ്സമായില്ല. മരണത്തിനു ശേഷവും ബീവി ഒരു വാക്കുകൊണ്ടുപോലും നോവിക്കപ്പെടുന്നത് നബി തങ്ങള്‍ക്ക് അസഹനീയമായതും അതുകൊണ്ടായിരുന്നു.

കൂടുതലായി ഖദീജ ബീവിയെക്കുറിച്ച് നബി തങ്ങള്‍ പറയുന്നത് ബീവി ആഇശക്കു പോലും സഹിച്ചിരുന്നില്ല എന്നും കാണാം. ‘നിങ്ങളിപ്പോഴും അവരെ ഓര്‍ത്തിരിക്കുകയാണോ. വെറുമൊരു വൃദ്ധ മാത്രമായിരുന്നില്ലേ അവര്‍. അതിലും മനോഹരമായത് താങ്കള്‍ക്ക് അല്ലാഹു പകരം തന്നില്ലേ’ എന്ന് ഒരിക്കല്‍ നബിയോട് ബീവി ആഇശ പറഞ്ഞപ്പോള്‍ ‘ഖദീജക്കു പകരംവെക്കാവുന്ന ആരെയും അല്ലാഹു എനിക്ക് തന്നിട്ടില്ല. ജനങ്ങളൊക്കെ മാറ്റിനിര്‍ത്തിയപ്പോള്‍ എന്നെ സ്വീകരിച്ച, ജനങ്ങളെന്നെ കള്ളനാക്കിയപ്പോള്‍ എന്നെ വിശ്വസിച്ച, എനിക്കെല്ലാം നല്‍കിയ എന്റെ സ്‌നേഹനിധിയായ സ്ത്രീയായിരുന്നു അവര്‍’ എന്നായിരുന്നു നബിയുടെ മറുപടി!.

ഗുണപാഠം 5

വിശ്വാസിയെന്നാല്‍ അമൂല്യമായൊരു നിധിയാണ്, അവനെ സംരക്ഷിക്കല്‍ മതപരമായൊരു ബാധ്യതയുമാണ്! വിശ്വാസി ഭീരുവല്ല എന്നതും നിശ്ചയിക്കപ്പെട്ടാല്‍ മരണത്തെ സ്വാഗതം ചെയ്യുന്നവനുമാണ് എന്നതു ശരിതന്നെ. പക്ഷേ, രക്തം ചിന്തപ്പെടാനുള്ള ബലിമൃഗങ്ങളല്ലല്ലോ ജനങ്ങള്‍. ഉമര്‍ ബ്ന്‍ ഖത്താബി(റ)ന് അംറുബ്‌നുല്‍ ആസി(റ)ന്റെ പടയോട്ടങ്ങള്‍ കണ്ട് അത്ഭുതമായിരുന്നു. കാരണം, അതീവ തന്ത്രശാലിയും നേതൃപാടവവും ഉള്ളവരായിരുന്നു അംറുബ്‌നുല്‍ ആസ്(റ). പരമാവധി തര്‍ക്കങ്ങളുപേക്ഷിക്കുകയും ഉടമ്പടികള്‍ നടത്തുകയും ചെയ്തു അദ്ദേഹം.

ശത്രുവിന് ഒളിച്ചോടാന്‍ അവസരം കൊടുക്കുന്ന രീതിയിലുള്ളൊരു യുദ്ധത്തിന് അദ്ദേഹം ഒരുങ്ങുകതന്നെ ചെയ്തില്ല. ‘എന്റെ ആയുസ്സുതന്നെ സത്യം, ഇതാണ് യഥാര്‍ഥ വിജയം’ എന്ന് ഉമര്‍(റ) പറയാറുണ്ടായിരുന്നത്രെ! നേതാക്കള്‍ ഒരിക്കലും മറക്കാതിരിക്കേണ്ടൊരു അടിസ്ഥാനമാണ് രക്തച്ചൊരിച്ചലില്ലാതെ ലക്ഷ്യം നേടുകയെന്ന വലിയ കാര്യം! ഇബ്‌റാഹിം നബി സ്വന്തത്തെ സംരക്ഷിച്ചതും അംറി(റ)ന്റെ ധിഷണയും ഉമറി(റ)ന്റെ നല്ലവാക്കുകളും അവര്‍ക്കൊരു പാഠമാവട്ടെ!.

നബിയുടെ കൂടെ – 11

 

വിവ: മുഹമ്മദ് ശാക്കിർ മണിയറ

Related Articles