Current Date

Search
Close this search box.
Search
Close this search box.

ദിക്റുകളുടെ ഏകീകരണം

1.  ജൂവൈറ(റ)യിൽനിന്ന് നിവേദനം. നബി (സ) ഒരിക്കൽ അവരുടെ അരികിൽ നിന്ന് പുറത്തുപോയി. പിന്നീട് പൂർവാഹ്നശേഷം മടങ്ങിവന്നു. അപ്പോൾ ‘ അവർ അവിടെത്തന്നെ ഇരിക്കുകയാണ്. അവിടന്ന് ചോദിച്ചു: “ഞാൻ പിരിഞ്ഞുപോയപ്പോൾ ഉള്ളതുപോലെത്തന്നെ കുത്തിയിരിക്കുകയാണോ?’ അവർ പറഞ്ഞു: ‘അതെ.’ തിരുമേനി പറഞ്ഞു. നിയുമായി വേർ പിരിഞ്ഞശേഷം ഞാൻ നാല് വാക്കുകൾ മുന്ന് പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഇന്നുവരെ നീ പറഞ്ഞ എല്ലാം കൂടി വച്ചുനോക്കിയാൽ ഇവയായിരിക്കും കൂടുതൽ കനം തൂങ്ങുന്നത്.

سُبْحَانَ اللهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ
(അല്ലാഹു പരിശുദ്ധൻ. അവന്റെ സൃഷ്ടികളുടെ എണ്ണത്തോളവും, അവന് തൃപ്തി വരുവോളവും, അവന്റെ സിംഹാസനത്തിന്റെ ഭാരത്തോളവും, അവന്റെ വാക്യങ്ങളുടെ മഷിയോളവും അവനു സ്തുതി.)” (മുസ്ലിം, അബൂദാവൂദ്)

2. തിരുമേനി ഒരു സ്ത്രീയുടെ അരികിൽ പ്രവേശിച്ചു. മുമ്പിൽ കാരക്കക്കുരുവോ കല്ലോ വച്ചുകൊണ്ട് അവർ തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുകയാണ്. തിരുമേനി പറഞ്ഞു: “ഇതിനേക്കാൾ എളുപ്പമുള്ളത് ഇതിനേക്കാൾ ശ്രേഷ്ഠമായത് ഞാൻ പറഞ്ഞു തരാം.” അവിടന്ന് പറഞ്ഞു:

سُبْحَانَ اللَّهِ عَدَدَ مَا خَلَقَ فِي السَّمَاءِ وَسُبْحَانَ اللَّهِ عَدَدَ مَا خَلَقَ فِي الأَرْضِ وَسُبْحَانَ اللَّهِ عَدَدَ مَا بَيْنَ ذَلِكَ وَسُبْحَانَ اللَّهِ عَدَدَ مَا هُوَ خَالِقٌ
الله اکبر എന്നും وسبحان الله എന്നും لا اله إلا الله എന്നും അതുപോലെ പറയുക. ( അതായത് അവയിൽ ഓരോന്നിനോടും عدد ما خلق في السماء , عدد ما خلق في الأرض എന്നിങ്ങനെ ചേർത്തു പറയുക.)

സുനനുകാരും ഹാകിമും ഉദ്ധരിച്ചതാണിത്. ഹാകിം പറഞ്ഞു: മുസ്ലിമിന്റെ പരമ്പരയിൽ ഉദ്ധരികപ്പെടുന്ന പ്രബലമായ റിപ്പോർട്ടാണിത്.

3. ഇബ്നുഉമറി(റ)ൽ നിന്ന് റിപ്പോർട്ട്. അല്ലാഹുവിന്റെ അടിമകളിൽ ഒരാൾ ഇങ്ങനെ പറഞ്ഞതായി തിരുമേനി അവരോട് പറഞ്ഞു:
يا رب لك الحمد كما ينبغي لجلال وجهك وعظيم سلطانك
(നാഥാ, നിന്റെ ആധിപത്യത്തിന്റെ മഹത്വവും നിന്റെ മുഖത്തിന്റെ ഗാംഭീര്യവും അർഹിക്കുന്ന വിധത്തിൽ നിനക്കു സ്തുതി. ഇത് പറഞ്ഞപ്പോൾ എഴുതുന്ന രണ്ടു മലക്കുകൾക്ക് അത് വലിയ കാര്യമായി തോന്നി. എങ്ങനെയാണത് എഴുതേണ്ടതെന്ന് അവർക്ക് മനസ്സിലായില്ല. അങ്ങനെ അവർ ആകാശത്തിലേക്ക് കയറി അല്ലാഹുവോട് പറഞ്ഞു: “ഞങ്ങളുടെ നാഥാ, നിന്റെ ഒരടിമ ഒരു വാക്ക് പറഞ്ഞിരിക്കുന്നു. അതെങ്ങനെയാണ് എഴുതേണ്ടതെന്ന് ഞങ്ങൾക്കറിഞ്ഞുകൂടാ അല്ലാഹു ചോദിച്ചു: – അടിമ എന്താണ് പറഞ്ഞതെന്ന് അവന്നറിയാം – എന്താണ് എന്റെ അടിമ പറഞ്ഞത്? അവർ പറഞ്ഞു: നാഥാ, അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.

يا رب لك الحمد كما ينبغي لجلال وجهك وعظيم سلطانك
അല്ലാഹു പറഞ്ഞു: “എന്റെ അടിമ പറഞ്ഞപോലെ നിങ്ങൾ എഴുതുക. അങ്ങനെ അവൻ എന്നെ കണ്ടുമുട്ടുമ്പോൾ ഞാൻ അതിന്ന് അർഹമായ പ്രതിഫലം നൽകിക്കൊള്ളും.” (അഹ്മദ്, ഇബ്നുമാജ)

ദിക്റുകൾ എണ്ണൽ

1. ബുസൈറയിൽനിന്ന് നിവേദനം. നബി(സ) പറഞ്ഞു: “നിങ്ങൾ അല്ലാഹുവിന് തസ്ബീഹും തഹ് ലിലും ചൊല്ലുകയും അവനെ പരിശുദ്ധപ്പെടുത്തുകയും ചെയ്യുക. അതിൽ നിങ്ങൾ അശ്രദ്ധരാവരുത്. എങ്കിൽ നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യം വിസ്മരിച്ചേക്കും. വിരലുകളിൽ നിങ്ങൾ അത് എണ്ണുക. കാരണം, ആ വിരലുകൾ ചോദിക്കപ്പെടുകയും സംസാരി ക്കപ്പെടുകയും ചെയ്യുന്നതാണ്.” (സുനനുകാരും ഹാകിമും ഉദ്ധരിച്ചത്.)

2. അബ്ദുല്ലാഹിബ്നു ഉമർ (റ) പറഞ്ഞു: നബി (സ) തന്റെ വലതു കൈയിൽ തസ്ബീഹ് എണ്ണുന്നത് ഞാൻ കണ്ടിരിക്കുന്നു. (സുനനുകാർ ഉദ്ധരിച്ചത്.)

ഹംദും സ്വലാത്തുമില്ലാത്ത സദസ്സ്

അബൂഹുറയ്റയിൽനിന്ന് നിവേദനം. നബി(സ) പറഞ്ഞു: “അല്ലാഹുവിനെ സ്മരിക്കുകയും നബി(സ)യുടെമേൽ സ്വലാത്ത് ചൊല്ലുകയും ചെയ്യാത്ത സദസ്സിൽ ഇരിക്കുന്നവർക്ക് അത് അന്ത്യനാളിൽ ഖേദത്തിന് കാരണമാവുക തന്നെ ചെയ്യും.” (തിർമിദി-അദ്ദേഹം ഇത് ഹസനാണെന്ന് പറഞ്ഞിരിക്കുന്നു.)
അഹ്മദിന്റെ വാക്കുകൾ ഇങ്ങനെയാണ്. അല്ലാഹുവിനെ സ്മരിക്കാത്ത സദസ്സിൽ ഇരിക്കുന്നത് അവർക്ക് നഷ്ടമാണ്; ഖേദകരമാണ്. അല്ലാഹുവിനെ സ്മരിക്കാതെ ഒരാളൊരു മാർഗത്തിലൂടെ നടക്കുകയാണങ്കിൽ അതയാൾക്ക് ദുഃഖഹേതുകമാണ്. അല്ലാഹുവിനെ സ്മരിക്കാതെ ഒരാൾ ശയ്യയിലേക്ക് പോവുകയാണെങ്കിൽ അതയാൾക്ക് നഷ്ടമാണ്.”
‘ഫത്ഹുൽ അല്ലാമി’ൽ പറയുന്നു. ദിക് റും നബി (സ)യുടെ പേരിലുള്ള സ്വലാത്തും നിർബന്ധമാണന്നതിന് ഈ ഹദീസ് തെളിവാണ്. പ്രത്യേകിച്ചും “നഷ്ടം’ എന്നതിന് ഹദീസിൽ ഉപയോഗിച്ച് ترة എന്ന പദത്തിന് നരകം എന്നും ശിക്ഷ എന്നും അർഥമുള്ള തിനാൽ അങ്ങനെയും ചിലർ അതിന് അർഥകൽപന നടത്തിയിട്ടുണ്ട്. ഒരു നിഷിദ്ധം പ്രവർത്തിക്കുകയോ നിർബന്ധം ഉപേക്ഷിക്കുകയോ ചെയ്താലല്ലാതെ ശിക്ഷയുണ്ടാവുകയില്ല. അതിനാൽ ദിക്റ് നബി(സ) യുടെ മേലുള്ള സ്വലാത്തും ഒരുമിച്ചു നിർബന്ധമാണന്നാണ് പ്രത്യക്ഷത്തിൽ മനസ്സിലാവുന്നത്.

പ്രായശ്ചിത്തത്തിന് ദിക്റ്

1. അബൂഹുറയ്റയിൽനിന്നു നിവേദനം. നബി (സ) പറഞ്ഞു: “കൂടുതൽ കുറ്റകരമായ വാക്കുകൾ പറയുന്ന ഒരു സദസ്സിൽ ഒരാൾ ഇരുന്നാൽ ആ സദസ്സിൽ നിന്നു എഴുന്നേൽക്കുന്നതിനു മുമ്പായി അവൻ ഇങ്ങനെ പറയണം .

سبحانك اللهم وبحمدك، اشهد ان لا اله الا انت، استغفرك وأتوب إليك
എങ്കിൽ ആ സദസ്സിൽ വച്ച് അവൻ പ്രവർത്തിച്ച് തെറ്റു കൾ അല്ലാഹു പൊറുക്കാതിരിക്കയില്ല.“

പരദുഷണത്തിന്റെ പ്രായശ്ചിത്തം

നബി(സ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നു. പരദൂഷണത്തിന്റെ പ്രായശ്ചിത്തം, ആരെപ്പറ്റി പരദൂഷണം പറഞ്ഞുവോ അവന്റെ കുറ്റം പൊറുക്കാൻ വേണ്ടി പ്രാർത്ഥിക്കുകയാണ്. അവൻ പറയണം: اللّهُـمَّ اغْفِـرْ لنا وله (അല്ലാഹുവേ, ഞങ്ങൾക്കും അദ്ദേഹത്തിനും നീ പൊറുത്തു തരേണമേ.)

ആരെപ്പറ്റി പരദൂഷണം പറഞ്ഞുവോ അവന്റെ ഗുണങ്ങൾ പറയുകയും അവനുവേണ്ടി പൊറുക്കാൻ പ്രാർഥിക്കുകയും ചെയ്താൽ പരദൂഷണത്തിന്റെ കുറ്റം പൊറുക്കപ്പെടുമെന്നാണ് പരിഗണനീയമായ അഭിപ്രായം. അങ്ങനെ ചെയ്യുന്നത് അയാളെ അറിയിക്കുകയോ കേൾപ്പിക്കുകയോ ചെയ്യണമെന്നില്ല.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles