Current Date

Search
Close this search box.
Search
Close this search box.

സവര്‍ണ സംവരണ നിയമം ഇന്ത്യയോട് പറയുന്നത്:

വിശുദ്ധ പശുക്കളായിക്കണ്ട് ഇക്കണ്ട കാലമത്രയും നമ്മള്‍ തൊടാതെ വെച്ചിരുന്ന പലതും അങ്ങനെയല്ലെന്നും വേണമെങ്കില്‍ പല സാധ്യതകളും അവ കൊണ്ടാവാമെന്നുമുള്ള സത്യം രാജ്യത്തിന് മുന്നില്‍ കൊണ്ടുവന്നതിന് നരേന്ദ്ര ദാമോദര്‍ ദാസ് മോദിക്ക് നന്ദി. മോദിയിലൂടെ RSS വെച്ച സംവരണക്കെണി മറ്റെല്ലാവരെയും കുടുക്കാനാണ്. പലരും അതില്‍ വീഴുകയും ചെയ്തു.

പക്ഷെ, മോദിയും RSS ഉം ആഗ്രഹിക്കാത്ത ചില ഗുണഫലങ്ങള്‍ സവര്‍ണ സംവരണ നിയമം ഉണ്ടാക്കുന്നുണ്ട്. ഇന്ത്യന്‍ സാമൂഹ്യ മണ്ഡലത്തെ കുറിച്ചും അതിലെ പ്രാതിനിധ്യങ്ങളെ കുറിച്ചും ആഴമേറിയ ചിന്തയ്ക്ക് അത് വഴി തുറക്കുന്നു എന്നതാണ് അവയില്‍ മുഖ്യം.

ഇന്ത്യയിലെ സാമൂഹ്യ ബന്ധങ്ങളെ മുച്ചൂടും നിയന്ത്രിക്കുന്നതും എന്നാല്‍ നാം ഒളിച്ചു കളിക്കുന്നതുമായ ജാതി എന്ന യാഥാര്‍ഥ്യത്തെയും അതുണ്ടാക്കിയ അസന്തുലിതത്വങ്ങളെയും ചര്‍ച്ചയുടെ കേന്ദ്രസ്ഥാനത്ത് കൊണ്ടു വന്നതാണ് അടുത്തത്.

ഈ പശ്ചാത്തലത്തില്‍ ചില വിചാരങ്ങള്‍:

1. സംവരണം മെറിറ്റിനെ അട്ടിമറിക്കുന്നതാണെന്നും അതുവഴി വിദ്യാഭ്യാസ സേവന മേഖലകളുടെ ഗുണമേന്മ കുറയ്ക്കുന്നതാണെന്നുമുള്ള വാദം തെറ്റാണെന്ന് രാജ്യം ഒറ്റക്കെട്ടായി അംഗീകരിച്ചിരിക്കുന്നു. സവര്‍ണ സംവരണ ബില്ലിനെ കുറിച്ച ചര്‍ച്ചയില്‍ പാര്‍ലമെന്റിനകത്തും പുറത്തും ആരും ഗുണമേന്‍മാ പ്രശ്‌നം ഉയര്‍ത്താത്തതില്‍ നിന്നും 60 വര്‍ഷമായി സംവരണ വിരുദ്ധര്‍ ഗുണമേന്മാ പ്രശ്‌നം ഉയര്‍ത്തിയത് കൊതിക്കെറുവിനാല്‍ മാത്രമായിരുന്നെന്ന് വ്യക്തമാകുകയാണ്.

2. ഇന്ത്യയില്‍ സാമൂഹ്യമായി പട്ടിക വിഭാഗങ്ങളെക്കാള്‍ പിന്നാക്കം നില്‍ക്കുന്നവരാണ് മുസ്ലിംകള്‍ എന്നത് വെറുമൊരു തോന്നലല്ല. കേന്ദ്ര ഗവണ്‍മെന്റുകള്‍ തന്നെ നിയമിച്ച രാജീന്ദര്‍ സച്ചാര്‍ കമ്മറ്റി, രംഗനാഥ് മിശ്ര കമ്മീഷന്‍, അമിതാഭ് കുണ്ടു കമ്മറ്റി എന്നിവ കൃത്യമായ പഠനങ്ങളിലൂടെ വെളിച്ചത്ത് കൊണ്ടുവന്ന യാഥാര്‍ഥ്യമാണത്. രാജ്യത്തിന്റെ 12-17% വരുന്ന രണ്ടാമത്തെ പ്രമുഖ സാമൂഹ്യ വിഭാഗം രാഷട്ര നിര്‍മാണ പ്രക്രിയയില്‍ പങ്ക് ലഭിക്കാതെ അരിക് വല്‍ക്കരിക്കപ്പെടുന്നതിനാല്‍ രാജ്യത്തിനുണ്ടാകുന്ന നഷ്ടം ഭീമമാണ്. അത് പരിഹരിക്കാവുന്ന വിധം മുസ്ലിം പങ്കാളിത്തം ഉറപ്പാക്കാക്കാന്‍ സംവരണം പരിഹാരമായി ഉയര്‍ത്തപ്പെടുമ്പോള്‍, മതാധിഷ്ഠിത സംവരണം ഭരണഘടന അംഗീകരിക്കുന്നില്ല എന്നാണ് പറയാറ്. ഇപ്പോള്‍ കേവല ഊഹത്തെ അടിസ്ഥാനപ്പെടുത്തി വെറും രണ്ട് ദിനം കൊണ്ട് സാമ്പത്തിക സംവരണത്തിനായി ഭരണഘടന ഭേദഗതി ചെയ്യാമെന്ന് വ്യക്തമായിരിക്കെ, മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിച്ച് രാജ്യത്തെ ശക്തപ്പെടുത്താത്തതിന് കാരണം ഇന്ത്യന്‍ സാമൂഹ്യ രംഗത്തെ വംശീയ മുന്‍ വിധികള്‍ മാത്രമാണെന്ന് വെളിച്ചത്ത് വന്നിരിക്കുകയാണ്. അതിനാല്‍ ഇന്ത്യന്‍ സമൂഹത്തിലെ most marginalized social group നെ ഉള്‍ക്കൊള്ളുന്ന രീതിയില്‍ ഭരണഘടന ഭേദഗതി ചെയ്യുന്നതിന് താമസിക്കേണ്ടതില്ല. സവര്‍ണ സംവരണ ബില്ലിനെ പിന്തുണച്ച കോണ്‍ഗ്രസ് – ഇടതു പക്ഷ- BSP – SP പാര്‍ട്ടികള്‍ക്ക് ഇതില്‍ വലിയ ഉത്തരവാദിത്തമുണ്ട്

3. സംവരണം സംബന്ധിച്ച ചര്‍ച്ച കിട്ടിയവനോടുള്ള അസൂയയും കിട്ടാത്തവനുള്ള കൊതിക്കെറുവുമായാണ് അനുഭവപ്പെടാറ്. ഇന്ത്യയെപ്പോലെ ബഹുസ്വര വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് ഇത്തരം അസൂയാധിഷ്ഠിത ബന്ധങ്ങളുണ്ടാക്കുന്ന പരിക്ക് ഗുരുതരമാണ്. ഈ പ്രശ്‌നം എന്നേക്കുമായി പരിഹരിക്കാനുള്ള മാര്‍ഗം സംവരണം എന്നതു മാറ്റി പ്രാതിനിധ്യം കൊണ്ടു വരിക എന്നതാണ്; representation in place of reservation. മുഴുവന്‍ സാമൂഹ്യ /ജാതി വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പു വരുത്തുക.ഭരണഘടന വിഭാവനം ചെയ്യുന്ന വിധം ഓരോ പത്ത് വര്‍ഷത്തിലും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യത്തോത് പുനര്‍ നിര്‍ണയം ചെയ്യുക. സംവരണം മുഴുവന്‍ പിന്നാക്കക്കാര്‍ കൊണ്ടുപോയി എന്ന് സവര്‍ണര്‍ക്കും ബ്രാഹ്മണര്‍ മുഴുവന്‍ കുഞ്ചിക സ്ഥാനങ്ങളും കൈയടക്കി എന്നു പിന്നാക്കക്കാര്‍ക്കും പിന്നീട് പരാതിപ്പെടേണ്ടി വരില്ല. ഇതിന് വേണ്ട ഭരണഘടനാ ഭേദഗതിക്കാവണം ഇനി നമ്മുടെ ശ്രമം. ഇതിനായി 2011 ലെ സെന്‍സസില്‍ ശേഖരിച്ച ജാതിക്കണക്ക് പുറത്ത് വിടണം. സവര്‍ണാധിപത്യ രാഷ്ട്ര സ്ഥാപനം ലക്ഷ്യമാക്കിയ BJP യില്‍ നിന്ന് അത് പ്രതീക്ഷിക്കാനാവാത്തതിനാല്‍ കോണ്‍ഗ്രസും ഇടതുപക്ഷവും അതിന് മുന്‍കൈയെടുക്കണം.

4. സിനിമകളിലൂടെയും കഥകളിലൂടെയും ജനമനസ്സില്‍ പ്രതിഷ്ഠിക്കപ്പെട്ട സവര്‍ണരിലെ സാമ്പത്തിക പിന്നാക്കാവസ്ഥ എന്നതിലെ യാഥാര്‍ഥ്യത്തെ കുറിച്ച് പുനരാലോചനയ്ക്കുള്ള അവസരമാണിത്. സംവരണമില്ലാത്തതിനാല്‍ പട്ടിണി കിടന്നിട്ടും തൊഴിലുറപ്പിലോ കൂലിപ്പണിയിലോ തൂപ്പുകാരിലോ ബ്രാഹ്മണ നായര്‍ വിഭാഗങ്ങളിലെ ആളുകളെ കാണാത്തതെന്ത്! അല്‍ഭുതം തോന്നുന്നു [OEC എന്ന കാറ്റഗറിയില്‍ പെടുന്ന വിളക്കത്തല, ചക്കാല നായന്‍മാരെയല്ല ഉദ്ദേശിച്ചത്] .പട്ടിണി മരണങ്ങളിപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് സംവരണ സമുദായങ്ങളില്‍ നിന്നാണ് താനും. അപ്പോള്‍ ഈ സവര്‍ണപ്പട്ടിണി…..? സിനിമാക്കഥകള്‍ക്കപ്പുറം, കൃത്യമായ കണക്കുകളുമായി വേണം ഭരണഘടന പുനഃപരിശോധിക്കാന്‍. അതിനായി സവര്‍ണരുടെ സാമ്പത്തികാവസ്ഥയെ കുറിച്ച കൃത്യമായ പഠനത്തിന് കേന്ദ്ര- സംസ്ഥാന ഗവണ്‍മെന്റുകള്‍ തയ്യാറായി കമ്മറ്റികളെ വെച്ച് റിപ്പോര്‍ട്ടു പ്രസിദ്ധപ്പെടുത്തണം. പലതിലും മുന്നില്‍ നടന്ന കേരളം ഇതിലും മുന്നില്‍ നടക്കണം.

5. സാമൂഹ്യ ശാസ്ത്ര പരമായ ഒരു ചര്‍ച്ചയ്ക്ക് കൂടി വഴി തുറന്നിരിക്കുകയാണ്.. ഇത്രയും പട്ടിണി കിടന്നിട്ടും അധ്യാന മേഖലകളിലൊന്നും കാണാത്ത ബ്രാഹ്മണ സവര്‍ണ വിഭാഗങ്ങളുടെ കൈയില്‍ സംവരണം വന്ന് നിസ്വരാക്കപ്പെടും മുമ്പ് എങ്ങനെയാണ് ഇത്രയും ഭൂസ്വത്തുക്കള്‍ കൈവശം വന്നത്? എന്ത് സാമ്പത്തിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതിനാലാണ് മുമ്പ് അവര്‍ സമ്പന്നരായിരുന്നത്?

6. സാമൂഹ്യ പിന്നോക്ക വസ്ഥ അനുഭവിക്കാത്ത സവര്‍ണരുടെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് 8 ലക്ഷം വാര്‍ഷിക വരുമാന പരിധി നിശ്ചയിച്ചത് എന്തടിസ്ഥാനത്തിലാണ്? ഒരു ലക്ഷം രൂപ അല്ലെങ്കില്‍ വരുമാന നികുതി പരിധിയായ രണ്ടര ലക്ഷം രൂപ പരിധി വെച്ചാല്‍ അവരില്‍ പാവപ്പെട്ടവരെ കിട്ടാനുണ്ടാവില്ല എന്നത് കൊണ്ടാണോ? പാവപ്പെട്ടവരെ സഹായിക്കാനായിരുന്നെങ്കില്‍ വരുമാന പരിധി താഴത്തി വെക്കുകയായിരുന്നല്ലോ വേണ്ടത്. ഈ ബില്‍ നിയമമാവുന്നതോടെ, നിങ്ങളുടെ ജാതി / സമുദായം / സാമൂഹ്യാവസ്ഥ എന്ത് തന്നെയായാലും വരുമാനം 8 ലക്ഷത്തിന് താഴെയാണെങ്കില്‍ നിങ്ങള്‍ സംവരണത്തിനര്‍ഹനാവും. അതായത്, അസംഖ്യം സമരങ്ങളിലൂടെ നേടി, കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലും നിരവധി കോടതി മുറികളിലും ഇഴകീറി പരിശോധിച്ച്, 68 വര്‍ഷങ്ങളായി ഭരണഘടനാ ദത്ത അവകാശമായി ഇന്ത്യ പുലര്‍ത്തിപ്പോരുന്ന സാമൂഹ്യനീതി സങ്കല്‍പത്തെ രണ്ടേ രണ്ട് ദിവസം കൊണ്ട് എല്ലാവരും ചേര്‍ന്ന്അട്ടിമറിച്ചിരിക്കുന്നു. സംവരണത്തിന്റെ അടിസ്ഥാനം സമ്പത്തിലേക്ക് മാറ്റിയിരിക്കുന്നു. ഒരു ഡാറ്റ യുടെയും പിന്‍ബലമില്ലാത്ത സവര്‍ണതയുടെ ഊഹാതിഷ്ഠിത ഭയങ്ങള്‍ക്ക് വേണ്ടിഎത്ര എളുപ്പത്തിലാണ് ഭരണഘടനയെ വളച്ചെടുക്കുന്നത് എന്ന് നാം മനസ്സിലാക്കുന്നു. സ്വന്തം നിലനില്‍പിന്റെ അടിസ്ഥാനങ്ങളെ നശിപ്പിക്കുന്ന സവര്‍ണ നിയമത്തിന് വേണ്ടി കൈയടിക്കാനും കവിത ചൊല്ലാനും വോട്ട് ചെയ്യാനും മാത്രം ശക്തമാണ് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിരണ്ടാമാണ്ടിലും പിന്നാക്കക്കാരിലെ ദാസ്യ മനോഭാവം എന്ന് വെളിപ്പെടുത്തുന്നതായി ഇവ്വിഷയകമായ പാര്‍ലമെന്റ് ചര്‍ച്ച; അസവര്‍ണര്‍ക്ക് പറയാനുള്ളത് പോലും തൊണ്ടയില്‍ കുരുക്കാന്‍ മാത്രം ശ്വാസം മുട്ടിക്കുന്നതാണ് പൊതുമണ്ഡലത്തെ പൊതിഞ്ഞ് നില്‍ക്കുന്ന സവര്‍ണത എന്നും.

Related Articles