Current Date

Search
Close this search box.
Search
Close this search box.

ശൈഖ് ഖറദാവി – പ്രസ്ഥാനത്തിനും ഉമ്മത്തിനും മധ്യേ ( 1 – 6 )

ഒരു നൂറ്റാണ്ടോടടുത്ത കാലം ജീവിച്ച ശേഷമാണ് ശൈഖ് അല്ലാമാ യൂസുഫുൽ ഖറദാവി ലോകത്തോട് വിടവാങ്ങിയത്. ആയുഷ്കാലം വല്ലാതെ നീണ്ടു എന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. അത് കൊണ്ടാണ് മരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ്, ആരോ തനിക്ക് ആയുസ്സ് നീട്ടി നൽകാൻ പ്രാർഥിച്ചപ്പോൾ അദ്ദേഹം വിലക്കിയത്. അദ്ദേഹം പറ്റെ ക്ഷീണിതനായിരുന്നു. തന്റെ നാഥനെ കണ്ടുമുട്ടാനുള്ള ഉൽക്കടമായ ആഗ്രഹത്തിലുമായിരുന്നു. ഒരായുഷ്കാലം കൊണ്ട് ഒരു വിധം എല്ലാ അനുഭവങ്ങളിലൂടെയും അദ്ദേഹം കടന്നുപോയി. പ്രശസ്തിയുടെ ഉച്ചിയിൽ നിൽക്കുമ്പോഴും ചൊരിയപ്പെടുന്ന അധിക്ഷേപങ്ങൾക്കും ഒരു കണക്കുമുണ്ടായിരുന്നില്ല. അദ്ദേഹത്തോട് യോജിച്ചവരുണ്ട്, വിയോജിച്ചവരുണ്ട്. ആവോളം സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്; ജയിലിലും കിടന്നിട്ടുണ്ട്. ലോകത്ത് പലയിടത്തും ചുറ്റിക്കറങ്ങി. അപ്പോഴും ചില രാഷ്ട്രങ്ങൾ അദ്ദേഹത്തിന് ഊരു വിലക്കേർപ്പെടുത്തി. 2013-ൽ ഈജിപ്തിലെ ജനാധിപത്യ ഗവൺമെന്റ് അട്ടിമറിക്കപ്പെട്ടപ്പോൾ പൊതു രംഗത്ത് നിന്ന് പതിയെ അദ്ദേഹം പിൻവാങ്ങാൻ തുടങ്ങി. പിന്നെയും ഒമ്പത് വർഷം കഴിഞ്ഞ് മരിക്കുമ്പോൾ അദ്ദേഹം ഏകാന്തവാസത്തിന് സമാനമായ അവസ്ഥയിലായിരുന്നു.

പലതരം ഭരണകൂടങ്ങളെ അനുഭവിച്ചറിഞ്ഞിട്ടുണ്ട് അദ്ദേഹം. ആദ്യം ഈജിപ്തിലെ രാജഭരണം. പിന്നെ 1952-ലെ ജൂലൈ വിപ്ലവം. പിന്നെയും പല ഭരണകൂടങ്ങൾ. ഒടുവിൽ അറബ് വസന്ത വിപ്ലവങ്ങൾ. അറബ് വസന്തത്തിന്റെ ഐക്കണുകളിലൊന്നായിരുന്നു ആ മുഖം. ജീവിതാവസാനത്തിൽ അതിന്റെ പേരിലാണ് അദ്ദേഹത്തിന് ഏറെ ക്ലേശങ്ങൾ സഹിക്കേണ്ടി വന്നത്. ഒരു നൂറ്റാണ്ടോടടുത്ത ജീവിതത്തിൽ തന്റെ കാലത്തെ ‘ശൈഖുൽ ഇസ്ലാമാ’യി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞു. മാറുന്ന ലോകത്ത് ഇസ്ലാമിക വ്യവഹാരം എങ്ങനെയായിരിക്കണമെന്നും നിർണ്ണയിച്ചു. ‘ഉമ്മത്തിന്റെ ആലിം’ എന്ന നിലയിൽ ഇസ്ലാമിക ലോകത്തെ അതോറിറ്റിയായി നിലകൊണ്ടു, ഫിഖ്ഹിലും രാഷ്ട്രീയത്തിലും പ്രബോധനത്തിലും സംഘാടനത്തിലുമെല്ലാം. പ്രസാധനം, സാറ്റലൈറ്റ് സംവിധാനം, ഇന്റർനെറ്റ്, ധാരാളം യാത്രകൾ, സ്ഥാപനങ്ങളുടെ നിർമിതി തുടങ്ങി പുതിയ രീതികളിലേക്കും കടന്നുചെന്നു.

ശൈഖ് ഖറദാവി എന്ന വ്യക്തിത്വത്തെ മൂന്ന് പദാവലികൾ കൊണ്ട് നിർവചിക്കാമെന്ന് ആമുഖമായി പറഞ്ഞു കൊള്ളട്ടെ. ഇസ്ലാമിന്റെ സമഗ്രത, അൽ ഉമ്മ, ശരീഅത്ത് എന്നിവയാണത്. ആദ്യം ‘ഇസ്ലാമിന്റെ സമഗ്രത’യെക്കുറിച്ച് പറയാം. ഈ ആശയം മുന്നോട്ട് വെച്ച മഹാപരിഷ്കർത്താക്കളിലെ അവസാനത്തെ കണ്ണിയാണ് ശൈഖ് ഖറദാവി. ശൈഖ് മുഹമ്മദ് അബ്ദുവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ശിഷ്യൻ റശീദ് റിദാ തന്റെ രണ്ടാം ഘട്ട ജീവിതത്തിലാണ് ഈ ആശയം മുന്നോട്ട് വെച്ചത് എന്ന് പറയുന്നവരുണ്ട്. റശീദ് രിദായുടെ ആശയത്തിലേക്ക് ഇമാം ഹസനുൽ ബന്ന ധാരാളം കൂട്ടിച്ചേർക്കലുകൾ നടത്തിയിട്ടുണ്ട് എന്ന് കരുതുന്നവരും ഉണ്ട്. ഇമാം ബന്ന ശൈഖ് ഖറദാവിയിൽ വലിയൊരു സ്വാധീന ശക്തി തന്നെയാണ്. പ്രാഥമിക മദ്രസയിൽ പഠിക്കുമ്പോൾ ബന്നയിൽ നിന്ന് തന്നെ ഇസ്ലാം സമഗ്രമാണെന്ന സന്ദേശം അദ്ദേഹം ഉൾക്കൊള്ളുന്നുണ്ട്. സെക്കന്ററി ഘട്ടത്തിൽ പഠിക്കുമ്പോൾ ഖറദാവി ഇഖ് വാനുൽ മുസ്ലിമൂനിൽ ചേർന്നത് അദ്ദേഹത്തിന്റെ ജീവിതത്തെയും ബോധ്യങ്ങളെയും പലരീതിയിൽ മാറ്റിമറിക്കുന്നുണ്ട്. അങ്ങനെ കേവലം ദീനീ പ്രഭാഷകനിൽ നിന്ന് സമഗ്ര ഇസ്ലാമിന് വേണ്ടി പണിയെടുക്കുന്ന ഇസ്ലാമിക പ്രബോധകൻ ജൻമം കൊണ്ടു.

ആയുഷ്കാലം വല്ലാതെ നീണ്ടു എന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. അത് കൊണ്ടാണ് മരണത്തിന് ഏതാനും ആഴ്ചകൾക്ക് മുമ്പ്, ആരോ തനിക്ക് ആയുസ്സ് നീട്ടി നൽകാൻ പ്രാർഥിച്ചപ്പോൾ അദ്ദേഹം വിലക്കിയത്.

തുടർന്നുള്ള ഘട്ടത്തിൽ ഇസ്ലാമിന്റെ ഈ സമഗ്രത ശരീഅത്തിന്റെ സത്ത തന്നെയാണെന്ന് അദ്ദേഹം കണ്ടെത്തുന്നു. ഇവിടെ ഒരു ഗുരു പരമ്പര തന്നെ കാണാം. കൗമാരത്തിലാണ് റശീദ് രിദായുടെ ശിഷ്യനായ ഹസനുൽ ബന്നയുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നെ ഖറദാവി ശിഷ്യപ്പെടുന്നത്, മുഹമ്മദ് അബ്ദുവിന്റെ ഖുർആൻ വ്യാഖ്യാന ശൈലിയിലും മറ്റും വല്ലാതെ ആകൃഷ്ടനായ ശൈഖ് മഹ്മൂദ് ശൽതൂതിനാണ്. ശൽതൂതിന്റെ തലമുറയിൽ പെടുന്ന മുഹമ്മദ് ദറാസിന്റെയും ശിഷ്യനാകുന്നുണ്ട്. മുഹമ്മദ് ദറാസാകട്ടെ, മുഹമ്മദ് അബ്ദുവിന്റെ ശിഷ്യനായ അബ്ദുല്ലാ ദറാസിന്റെ പുത്രനും. ശൈലിയുടെ കാര്യത്തിലാണെങ്കിൽ റശീദ് രിദ ഖുർആൻ വ്യാഖ്യാനിക്കുന്നതിന്റെയും ഫത് വ നൽകുന്നതിന്റെയും ശൈലിയാണ് ഖറദാവിയെ ഏറെ ആകർഷിച്ചിട്ടുള്ളത്. ഖറദാവിയുടെ പരിഷ്കരണ സംരംഭങ്ങളിലാകട്ടെ തനിക്ക് മുമ്പുള്ളവർ പല നിലയിൽ അദ്ദേഹത്തെ സ്വാധീനിച്ചതായും കണ്ടെത്താൻ കഴിയും. അൽ ഉമ്മ എന്ന പരികൽപ്പനയെ തിരിച്ചു പിടിക്കുക, ശരീഅത്തിനെയും ആധുനികതയെയും ചേർത്തു വെക്കുക, മദ് ഹബീ അനുകരണ ഭ്രമത്തെ മറികടക്കുക, ഇജ്തിഹാദിലേക്കും തജ്ദീദിലേക്കും ശ്രദ്ധ ക്ഷണിക്കുക, മഖാസിദ് / മസ്വാലിഹ് (ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങൾ/ താൽപ്പര്യങ്ങൾ) ചിന്തകളെ ഉദ്ദീപിപ്പിക്കുക, ഇബ്നു ഹസമിന്റെയും ഇബ്നു തൈമിയയുടെയും ചിന്താ വിശാലതകളിലേക്ക് കൊണ്ട് പോവുക, അതിനേക്കാളൊക്കെ പ്രധാനമായി മൗലിക പാഠങ്ങളിലേക്ക് (ഖുർആനും സുന്നത്തും ) നേരിൽ കയറിച്ചെല്ലുക ഇതൊക്കെയായിരുന്നു അദ്ദേഹം മുന്നോട്ട് വെച്ച പരിഷ്കരണത്തിന്റെ ഭാവങ്ങൾ. ഇവിടെ പരാമർശിക്കപ്പെട്ട പരിഷ്കർത്താക്കൾ തമ്മിൽ ആശയ പങ്കാളിത്തം ഉള്ളതോടൊപ്പം സന്ദർഭത്തിന്റെ തേട്ടമനുസരിച്ചുള്ള വ്യത്യാസങ്ങളും ഉണ്ട്. നിലപാടുകളിലും രീതിശാസ്ത്രങ്ങളിലും അവ തെളിഞ്ഞു കാണും. മുഹമ്മദ് അബ്ദുവും റശീദ് റിദായും, നമ്മൾ പാശ്ചാത്യരെപ്പോലെ എങ്ങനെ പുരോഗമിക്കും എന്നു ചിന്തിച്ചപ്പോൾ, ബന്നയും ശേഷം വന്നവരും കൊളോണിയൽ അധിനിവേശത്താലും ആശയ സംഘട്ടനങ്ങളാലും വെല്ലുവിളി നേരിടുന്ന ഇസ്ലാമിക സ്വത്വത്തെ എങ്ങനെ സംരക്ഷിക്കാം എന്നാണ് ആലോചിച്ചത്.

രണ്ടാം തവണ നിരസിച്ചപ്പോൾ അദ്ദേഹമതിന് കാരണം പറഞ്ഞത്, ഒരു സംഘടനയുടെ മുർശിദല്ല, ഒരു ഉമ്മത്തിന്റെ മുർശിദാവാനാണ് താൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു.

അൽ ഉമ്മ എന്ന സങ്കൽപ്പനത്തെക്കുറിച്ചാണെങ്കിൽ, ഖറദാവി ചിന്തയുടെ കേന്ദ്രാശയങ്ങളിൽ ഒന്നാണത്. നിയമദാതാവായ അല്ലാഹുവിന്റെ കൽപ്പനകൾ വ്യക്തികളെ കേവലം വ്യക്തികൾ എന്ന നിലക്കല്ല, മുഴുവൻ വ്യക്തികളെയും ഒരൊറ്റ ആദർശ സമൂഹം എന്ന നിലക്കാണ് അഭിസംബോധന ചെയ്യുന്നത്. ഈ ആശയത്തിന്റെ ആദ്യ തീപ്പൊരി ഖറദാവിയുടെ മനസ്സിൽ വീണത് ബാലനായിരിക്കെ അദ്ദേഹം ബന്നയുടെ പ്രസംഗം കേട്ടപ്പോഴായിരിക്കണം. പക്ഷെ അൽ ഉമ്മ എന്ന പരികൽപ്പനയിൽ ഖറദാവി ബന്നയെയും മറികടന്നു പോകുന്നതാണ് കാണാനാവുക. ബന്നയെ സംബന്ധിച്ചിടത്തോളം ആദ്യ പരിഗണന നേർക്ക് നേരെ രാഷ്ട്രീയം തന്നെയായിരുന്നു. അതായത് ഖിലാഫത്തിലേക്ക് എത്തിച്ചേരുന്ന രാഷ്ട്ര സങ്കൽപ്പം. അത്തരമൊരു ആശയത്തിന്റെ പ്രയോഗവൽക്കരണം ഖറദാവി ജീവിച്ച കാലത്ത് വളരെയേറെ പ്രതിബന്ധങ്ങൾ നേരിട്ടു. ദേശരാഷ്ട്ര സങ്കൽപ്പത്തെ മറി കടന്നുപോകുന്ന പ്രതികാത്മകമായ ഒരു ഭാവനാ സമൂഹമായി അൽ ഉമ്മയെ സങ്കൽപ്പിക്കുകയാണ് ഖറദാവി ചെയ്തത്. ബന്ന ഒരു പ്രസ്ഥാനത്തിന്റെയും സംഘടനയുടെയും ചട്ടക്കൂടിലേക്ക് പരിമിതപ്പെട്ടപ്പോൾ ഖറദാവി സംഘടനയുടെ ഇടുക്കത്തിൽ നിന്ന് അൽ ഉമ്മ എന്ന വിശാലതയിലേക്ക് പോവുകയാണുണ്ടായത്. എഴുപതുകളുടെ അവസാനത്തിൽ തന്നെ ഖറദാവി ഇഖ് വാനീ സംഘടനാ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചിരുന്നു. രണ്ട് തവണ ഇഖ്‌വാന്റെ മുർശിദുൽ ആം എന്ന അധ്യക്ഷ പദവി ഏറ്റെടുക്കാൻ അദ്ദേഹത്തോട് അഭ്യർഥിച്ചെങ്കിലും അദ്ദേഹമത് നിരസിച്ചു. രണ്ടാം തവണ നിരസിച്ചപ്പോൾ അദ്ദേഹമതിന് കാരണം പറഞ്ഞത്, ഒരു സംഘടനയുടെ മുർശിദല്ല, ഒരു ഉമ്മത്തിന്റെ മുർശിദാവാനാണ് താൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ എൺപതുകളിലും തൊണ്ണൂറുകളിലും സംഘടനയിൽ നിന്ന് മാറി ഈ വിധമുള്ള അൽ ഉമ്മ ചിന്ത ഖറദാവിയിൽ ശക്തിപ്പെട്ടതേയുള്ളൂ. ബന്നയുടെ വിഭാവന പ്രാസ്ഥാനികമായി വികസിച്ചപ്പോൾ പ്രസ്ഥാനത്തെയും മറികടന്നുപോകുന്ന ഒന്നായിട്ടാണ് ഖറദാവിയിൽ അത് സ്ഥാനപ്പെട്ടത്. അങ്ങനെ വിവിധ ചിന്താധാരകളിലേക്കും ഖറദാവിക്ക് ചെന്നെത്താനായി. ‘അൽ ഹലാലു വൽ ഹറാമു ഫിൽ ഇസ്ലാം’ എന്ന ഗ്രന്ഥത്തിനെതിരെ തുടക്കത്തിലുണ്ടായ സലഫി വിമർശനം ഇതിന് അപവാദമാണ്. ഇത് പോലുള്ളത് മാറ്റിനിർത്തിയാൽ, ആഭ്യന്തരമായി, അതായത് ഇസ്ലാമിക സമൂഹത്തിനകത്ത് രമ്യതയിലെത്തിക്കുന്ന വ്യക്തിത്വം എന്ന റോളാണ് അദ്ദേഹം നിർവഹിച്ച് വന്നത്. പുറം ലോകത്തിനും, അഥവാ സയണിസ്റ്റുകൾ ഒഴികെയുള്ള ജൂത – ക്രൈസ്തവ വിഭാഗങ്ങൾക്കും ഇതേ അനുഭവമാണ് അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുള്ളത്.

ഇല്ലാതായിപ്പോയ ഖിലാഫത്തിനെയോർത്തുളള വ്യഥ ഖറദാവി ചിന്തകളിലുടനീളമുണ്ട്. അൽ ഉമ്മ നേരിടുന്ന രണ്ട് മുഖ്യ പ്രശ്നങ്ങളെക്കുറിച്ചും അദ്ദേഹത്തിന് നല്ല അവബോധമുണ്ടായിരുന്നു. അതിലൊന്ന് അധിനിവേശവും (മുഖ്യമായും ഫലസ്തീൻ അധിനിവേശം) രണ്ടാമത്തേത് സർവാധിപത്യവും (ഭരണം നിയമാനുസൃതമാവണം എന്നതുമായി ബന്ധപ്പെട്ട് മുസ്ലിം നാടുകളിലെ സർവാധിപത്യ ഭരണകൂടങ്ങളുമായുളള സംഘർഷങ്ങൾ ) ആയിരുന്നു. ഈ രണ്ടാമത്തെ പ്രശ്നത്തിന്റെ പേരിലാണ് അദ്ദേഹം ഒന്നിലധികം തവണ അറസ്റ്റ് ചെയ്യപ്പെട്ടതും ഒടുവിൽ നാട് വിടേണ്ടി വന്നതും. അറുപതുകളുടെ ആദ്യം മുതൽ അദ്ദേഹത്തിന്റെ ജീവിതം ജൻമനാടിന് പുറത്താണ്. (തുടരും )

വിവ : അശ്റഫ് കീഴുപറമ്പ്

Related Articles