Current Date

Search
Close this search box.
Search
Close this search box.

ശൈഖ് ഖറദാവി : ഉമ്മത്തിനും പ്രസ്ഥാനത്തിനും മധ്യേ ( 4 – 6 )

ശൈഖ് ഖറദാവിയുടെ അഞ്ച് വ്യക്തിത്വ സവിശേഷതകളാണ് ഇവിടെ എടുത്ത് പറയാൻ ഉദ്ദേശിക്കുന്നത്.

ഒന്ന് : നിതാന്ത ജാഗ്രതയും ഉണർന്നിരിക്കലും. ഹദീസ് നിദാനശാസ്ത്ര പണ്ഡിതൻമാരുടെ ഭാഷയിൽ അതിന് ‘തയഖ്ഖുള്’
എന്നാണ് പറയുക. എൺപത് വയസ്സ് ആയിരുന്നപ്പോഴും തനിക്ക് ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ വിശദാംശങ്ങൾ വരെ അദ്ദേഹം മനസ്സിലാക്കി വെക്കും. അക്കാര്യത്തിൽ യാതൊരു അശ്രദ്ധ (ഗഫ് ലത്ത് ) യും അദ്ദേഹത്തിൽ നിന്നുണ്ടാവില്ല. ആര് സംസാരിക്കുകയാണെങ്കിലും അതെല്ലാം അദ്ദേഹം ശ്രദ്ധിച്ച് കേൾക്കും. കേട്ടതെല്ലാം മനസ്സിൽ ഭദ്രമായി സൂക്ഷിച്ച് വെച്ചിട്ടുണ്ടാവും. ആവശ്യം വരുമ്പോൾ അത് പുറത്തെടുക്കും. ഒരു സംഭവം ഓർക്കുകയാണ്. ഒരിക്കൽ കെയ്റോ വിമാനത്താവളത്തിൽ ഇറങ്ങാൻ നോക്കുമ്പോൾ ശൈഖ് ഖറദാവിയുമുണ്ട് വിമാനത്തിൽ. ഞങ്ങൾ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്തതല്ല. യാദൃച്ഛികമായി ഒത്ത് വന്നതാണ്. ഞങ്ങൾ ഒന്നിച്ച് എയർപോർട്ടിലൂടെ നടക്കുകയാണ്. ശൈഖിനെ കണ്ട് പലരും അടുത്തു കൂടി. അത് ചെറിയൊരു ആൾക്കൂട്ടമായി. അപ്പോൾ ഞാൻ നടത്തം പതുക്കെയാക്കി. ഇപ്പോൾ അദ്ദേഹം കുറെ മുമ്പിലായിക്കഴിഞ്ഞു. ആൾക്കൂട്ടത്തിൽ ഇടിച്ച് കയറേണ്ടെന്ന് കരുതി ഞാൻ അദ്ദേഹത്തോട് യാത്ര പറയാതെ സ്ഥലം വിട്ടു. പിന്നെ രണ്ടാഴ്ച കഴിഞ്ഞ് ഞാൻ അദ്ദേഹത്തെ ജർമനിയിൽ നിന്ന് ഫോണിൽ വിളിച്ചു. ഞാനെന്തെങ്കിലും പറയുന്നതിന് മുമ്പ് എന്നോട് ഇങ്ങോട്ടൊരു ചോദ്യം : നിങ്ങളതിനിടക്ക് എങ്ങോട്ട് പോയി? വിമാനത്താവളത്തിൽ വെച്ച്‌ യാത്ര പറയാതെ പോയതിലുള്ള പരിഭവമാണെന്ന് മനസ്സിലായി. പ്രായമായതല്ലേ, ഇത്രയധികം ആളുകൾ കൂടുമ്പോൾ എന്റെ കാര്യം അദ്ദേഹം മറന്നിട്ടുണ്ടാവുമെന്നാണ് ഞാൻ കരുതിയത്. അതാണ് പറഞ്ഞത്, ചുറ്റും ആരൊക്കെയുണ്ടെന്ന് അദ്ദേഹം നന്നായി ഓർത്തു വെക്കും. എന്നല്ല അവരെയോരുത്തരെയും വേണ്ട വിധം പരിഗണിക്കുകയും ചെയ്യും. ഇതിനെയാണ് ഞാൻ ജാഗ്രത എന്ന് പറഞ്ഞത്.

അൽ ജസീറ ചാനലിൽ അദ്ദേഹം ‘അശ്ശരീഅത്തു വൽ ഹയാത്ത്’ എന്ന പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ ഓരോ ആഴ്ചയും ചർച്ച ചെയ്യാനായി പല വിഷയങ്ങളും നിർദേശിച്ചു കൊടുക്കാറുണ്ടായിരുന്നു. ഒരൊറ്റ വിഷയം അല്ല നിർദേശിക്കുക. ഞാൻ നിർദേശിച്ച വിഷയങ്ങളിൽ നിന്ന് അദ്ദേഹം തെരഞ്ഞെടുക്കുകയാണ് ചെയ്യുക. അദ്ദേഹം ചോദിക്കും: ഈയാഴ്ച എന്താണ് വിഷയം? ഒരാഴ്ച പല വിഷയങ്ങൾ നിർദേശിച്ചപ്പോൾ അതിലൊരെണ്ണം അദ്ദേഹം തെരഞ്ഞെടുത്തു. പിറ്റേ ആഴ്ചയും വിഷയങ്ങൾ പറഞ്ഞപ്പോൾ ഞാൻ മുമ്പ് പറഞ്ഞ വിഷയങ്ങളൊക്കെയും ഓർമയിൽ നിന്നെടുത്ത് അദ്ദേഹം പറഞ്ഞു. ചർച്ചക്കെടുക്കാത്ത വിഷയങ്ങളൊന്നും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടാവില്ല എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ ആ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം ചിന്തിച്ചുക്കൊണ്ടിരിക്കുകയായിരുന്നുവെന്ന് അപ്പോഴാണ് മനസ്സിലായത്!

രണ്ട്: മീഡിയയിൽ കാണുന്ന ആളല്ല യഥാർഥ ഖറദാവി. യഥാർഥത്തിൽ അദ്ദേഹം കുറച്ചേ സംസാരിക്കൂ. കൂടുതൽ കേൾക്കുകയായിരിക്കും. താനിടപെടേണ്ടാത്ത ഒരു കാര്യത്തിലും അദ്ദേഹം ഇടപെടില്ല. ഇമാം ആജുർറി പണ്ഡിതന്റെ വിശേഷണമായി ഇങ്ങനെ പറഞ്ഞിട്ടുണ്ട് : ‘താനിടപെടേണ്ടാത്ത കാര്യത്തിൽ പണ്ഡിതൻ ദീർഘ മൗനത്തിലായിരിക്കും. കൂടെയിരിക്കുന്നവർ ഇദ്ദേഹം ഒരു വാക്ക് മിണ്ടിയെങ്കിൽ എന്ന് കൊതിച്ചു പോകും. അറിവ് കൂടിയാൽ അതൊക്കെ തെളിവ് വെച്ച് സമർഥിക്കണമല്ലോ എന്ന ആധി അദ്ദേഹത്തെ പിടികൂടും. ഇൽമ് കൂടുന്നതിനനുസരിച്ച് ഈ പേടിയും കൂടിക്കൊണ്ടിരിക്കും.‘ ശരീഅത്തും ജീവിതവും എന്ന അദ്ദേഹത്തിന്റെ ടെലിവിഷൻ പരിപാടിയുടെ പ്രൊഡക് ഷനിൽ ഞാനും പങ്കാളിയായിട്ടുണ്ട്. 2004 ഡിസംബർ മുതൽ 2013 ഓഗസ്റ്റിൽ ആ പരിപാടി അവസാനിപ്പിക്കുന്നത് വരെ ഈ പങ്കാളിത്തം തുടർന്നു. ഇക്കാലത്തിനിടക്ക് ഒരിക്കൽ പോലും ഇത് സംബന്ധമായ എന്റെ ജോലിയിൽ അദ്ദേഹം ഇടപെട്ടിട്ടില്ല.

ചിലപ്പോൾ അദ്ദേഹത്തോട് ചോദിക്കാനുളള ചാദ്യങ്ങൾ ഞാനാണ് തയ്യാറാക്കുക. എന്തിന് ഇത്തരമൊരു ചോദ്യം എന്ന് ഒരിക്കലും ചോദിച്ചിട്ടില്ല. തുടക്ക കാലത്തൊക്കെ കടുത്ത വിമർശനമുള്ള ചോദ്യങ്ങളാണ് ഞാൻ തയ്യാറാക്കിയിരുന്നത്. പിന്നെപ്പിന്നെ ചോദ്യങ്ങൾ മയമുള്ളതാക്കി. പക്ഷെ വിമർശന സ്വരം അപ്പോഴുമുണ്ടാവും. അവതരണ വാക്യങ്ങളും ചോദ്യങ്ങളും ചർച്ചാ ഏരിയകളും മറ്റുമായി പരിപാടിയുടെ ഒരു കരട് എല്ലാ വ്യാഴാഴ്ച വൈകുന്നേരവും ഞാൻ അദ്ദേഹത്തിനും പരിപാടിയുടെ അവതാരകനും അയച്ചു കൊടുക്കും. ചില ആഴ്ചകളിൽ ശൈഖ് സ്ഥലത്തുണ്ടാവില്ല. അപ്പോൾ പകരം ഒരാളെ കണ്ടെത്തണം. ഇന്നെയാളെ ആക്കണം എന്ന് അദ്ദേഹം ആ ഒമ്പത് വർഷക്കാലത്തിനിടക്ക് പറഞ്ഞിട്ടില്ല. പക്ഷെ ഒരിക്കൽ മാത്രം വളരെ മടിച്ച് മടിച്ച് ഇന്നയാളെ പകരമാക്കിക്കൂടേ എന്ന് ചോദിച്ചു. അതിന് കാരണവുമുണ്ട്. താൻ കാരണമാണ് ആ പണ്ഡിതന് ചാനലിൽ അവസരം കിട്ടാത്തതെന്ന് ആ പണ്ഡിതൻ കരുതുന്നുണ്ടായിരുന്നു. ആ ധാരണ നീക്കിക്കൊടുക്കാനായി മാത്രമാണ് ഞങ്ങളോടിങ്ങനെ അപേക്ഷിച്ചത്. ശരീഅത്തും ജീവിതവും എന്ന പരിപാടിയിൽ ഒന്ന് മുഖം കാണിക്കാൻ പലരും അദ്ദേഹത്തിന്റെ സഹായം തേടുമായിരുന്നെങ്കിലും അദ്ദേഹം ഒരിക്കലും ഇടപെടില്ല.

മൂന്ന്: അപാരമായ മാന്യത. ഒരാളെപ്പറ്റിയും മോശമായി ഒന്നും പറയില്ല. ഇത് എന്റെ അനുഭവമാണ്. ആശയപരമായി അദ്ദേഹത്തിന്റെ എതിർചേരിയിൽ നിൽക്കുന്നവരോട് ചോദിച്ചപ്പോഴും നല്ല അനുഭവങ്ങളേ അവർക്കും പറയാനുള്ളൂ. 1996-ൽ പ്രമുഖ സെക്യുലർ ചിന്തകനായ സ്വാദിഖ് ജലാൽ ഇളമുമായി അൽ ജസീറയിൽ ശൈഖ് ഖറദാവി ഒരു സംവാദം നടത്തിയിരുന്നു. അന്നദ്ദേഹം തീവ്ര സെക്യുലറിസത്തിന്റെ കടുത്ത വിമർശനാണ്. പക്ഷെ ആശയങ്ങളെയും ചിന്തകളെയും മാത്രമേ വിമർശിക്കൂ. അതൊരിക്കലും വ്യക്തിവിമർശനത്തിലേക്ക് പോകില്ല. ആലിം അങ്ങനെ ആയിരിക്കണമല്ലോ. പണ്ഡിതൻമാർ അദ്ദേഹത്തെ സന്ദർശിക്കാൻ ചെന്നാൽ ഇൽമീ കാര്യങ്ങളെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും മാത്രമേ സംസാരിക്കൂ. പുതിയ വിവരങ്ങൾ ചോദിച്ചറിയും. ഓരോ നാട്ടിലെയും മുസ്‌ലിംകളുടെ അവസ്ഥകൾ അന്വേഷിക്കും. അവർക്ക് വേണ്ടി പ്രാർഥിക്കും. വീൽചെയറിലായിരിക്കുമ്പോഴും ദോഹയിൽ നടക്കുന്ന പുസ്തക മേളയിൽ പോകണമെന്ന് ആഗ്രഹം പറയും.

നാല്: വിമർശനം ഉൾക്കൊള്ളാനുള്ള ശേഷി. അദ്ദേഹത്തിന്റെ പരിപാടിക്ക് വേണ്ടി ഞാൻ എഴുതിത്തയ്യാറാക്കിയ കടുത്ത വിമർശന സ്വരമുള്ള ചോദ്യങ്ങളെപ്പറ്റി പറഞ്ഞല്ലോ. ആ ചോദ്യങ്ങൾ മയപ്പെടുത്തിക്കൂടേ എന്നദ്ദേഹം ചോദിച്ചിട്ടില്ല. അദ്ദേഹത്തിന് എൺപത് വയസ്സാകുന്നതിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ചില രചനകളെ ഞാൻ വിമർശിച്ചിരുന്നു. അതൊക്കെ ശ്രദ്ധാപൂർവം അദ്ദേഹം കേട്ട് ഇരുന്നു. ‘ഖറദാവിക്ക് ശേഷം ആര്’ എന്നൊക്കെ എന്റെതായ ഭാഷയിൽ മയമില്ലാതെ ആ വേദിയിൽ വെച്ച് തന്നെ ഞാൻ ചോദിക്കുകയുമുണ്ടായി. വേദിയിൽ അദ്ദേഹം എന്റെ ഇടത് വശത്തിരിക്കുകയാണ്. ഒരു പാട് ആളുകൾ ഒത്തുകൂടിയിട്ടുണ്ട്. തൽസമയ സംപ്രേക്ഷണം നടക്കുകയുമാണ്. എന്റെ ഈ വിമർശന ത്വര കണ്ടിട്ടാവാം അദ്ദേഹം തന്റെ ഒരു പുസ്തകം എനിക്ക് സമ്മാനിച്ചപ്പോൾ അതിൽ ഇങ്ങനെ എഴുതി – ജാഗ്രത്തായിരിക്കുന്ന എന്റെ വിമർശക, ഗവേഷക സുഹൃത്തിന്! രണ്ട് തരം വിമർശനങ്ങളുണ്ട്. അവ വേർതിരിച്ച് തന്നെ മനസ്സിലാക്കണം. ഒന്ന് ചിന്താപരവും വൈജ്ഞാനികവുമാണ്. അതിൽ മറ്റു താൽപ്പര്യങ്ങളൊന്നുമില്ല. രണ്ടാമത്തെ തരം വിമർശനത്തിന്റെ പിന്നിലുള്ളത് അസൂയയും വെറുപ്പും ഭയവും സ്ഥാനമാനമോഹവും ഒക്കെയാണ്. ശൈഖിന്റെ മരണ ശേഷവും അദ്ദേഹത്തിന്റെ ചില പ്രതിയോഗികളുടെ മനസ്സിൽ വിഷം പടർത്തുന്നത് ഇത്തരം ദുർവിചാരങ്ങളാണ്.

അഞ്ച്: അസാധാരണമായ വിനയം. തന്റെ ആത്മകഥക്ക് ‘ഗ്രാമത്തിന്റെയും ഓത്തുപള്ളിയുടെയും പുത്രൻ’ എന്നാണ് ശൈഖ് ഖറദാവി പേര് നൽകിയിരിക്കുന്നത്. ആ ഗ്രാമീണ വിനയമാണ് ജനങ്ങളുമായുള്ള ഇടപാടുകളിൽ കാണാനുണ്ടായിരുന്നത്. ഈ ബൃഹത് ആത്മകഥയെക്കുറിച്ച് ഞാൻ ചില വിമർശനങ്ങൾ ഉന്നയിക്കുകയും ആ ലേഖനം ഉൾപ്പെടുത്തിയ പുസ്തകം ഞാൻ അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തിരുന്നു. താനിപ്പോഴും ഗ്രാമത്തിന്റെ പുത്രൻ എന്ന നിലയിൽ തന്നെയായിരുന്നു പെരുമാറ്റങ്ങൾ. പക്ഷെ അദ്ദേഹം ഇതിനകം ഖത്തറിൽ അറുപതിലധികം വർഷം ജീവിച്ചു തീർത്തിരുന്നു. ലോക വ്യക്തിത്വമായി മാറുകയും ചെയ്തിരുന്നു. ഇങ്ങനെയൊരു വ്യക്തിത്വമായി മാറിക്കഴിഞ്ഞതിനാൽ കാണാൻ വരുന്നവരുടെ കാര്യത്തിൽ ഒരു കരുതലും ജാഗ്രതയും വേണമെന്നായിരുന്നു എന്റെ അഭിപ്രായം. വിവിധ നാടുകളിൽ നിന്ന് പലതരം ഉദ്ദേശ്യങ്ങളുമായി വരുന്നവരുണ്ടാവാം. പക്ഷെ അതൊന്നും നോക്കാതെ അവർക്കൊക്കെ ഇമാമായി നമസ്കരിക്കുകയാണ് അദ്ദേഹത്തിന്റെ പതിവ്.

തന്റെ വീട്ടിൽ ഒരു സൽക്കാരമോ മറ്റോ നടക്കുന്നുണ്ടെങ്കിൽ അതിലേക്ക് വരേണ്ടവരെ, അത് കുട്ടികളാണെങ്കിലും മുതിർന്നവരാണെങ്കിലും, താൻ തന്നെ നേരിട്ട് ക്ഷണിക്കണമെന്നത് അദ്ദേഹത്തിന് നിർബന്ധമാണ്. അഭിനന്ദിക്കുകയാണെങ്കിലും അനുശോചിക്കുകയാണെങ്കിലും അങ്ങനെത്തന്നെ. 2008-ൽ ഇറാഖിൽ സുന്നി- ശിഈ സംഘർഷം രൂക്ഷമായ ഘട്ടത്തിൽ ഞാനൊരു ലേഖനം എഴുതിയിരുന്നു. അതിൽ ഇമാം ബന്നയെ വിമർശിക്കുന്നുണ്ട്. ആ വിഷയത്തിൽ തനിക്ക് വേറെ ചില നിരീക്ഷണങ്ങളുണ്ട് എന്ന് അറിയിച്ച ശേഷം, എനിക്കറിയാത്ത പലതും അതിൽ നിന്ന് മനസ്സിലാക്കാനായി എന്ന് പറഞ്ഞ് എന്നെ അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ സ്ഥാനമോ പ്രായമോ എന്റെ പ്രായച്ചെറുപ്പമോ ഒന്നും അങ്ങനെ പറയാൻ അദ്ദേഹത്തിന് തടസ്സമല്ല. ഒരാളിൽ നിന്ന് എന്തെങ്കിലും പുതിയ അറിവ് ലഭിച്ചാൽ ആയാളെ അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്യും. അത് യഥാർഥ പണ്ഡിതന്റെ സ്വഭാവമാണെന്ന് ഇമാം ആജുർറി പറഞ്ഞിട്ടുണ്ട്.

ആജുർറിയും ഇബ്നു ജമാഅയുമൊക്കെ പണ്ഡിതന്റെ സ്വഭാവചര്യകളെയും സംസ്കാരത്തെയും കുറിച്ച് എഴുതിയിട്ടുണ്ട്. ആ എഴുതി വെച്ചതൊന്നും കേവലം ആശയങ്ങളോ ചരിത്ര വിവരണങ്ങളോ അല്ലെന്നും ശൈഖിന്റെ ജീവിതം നമുക്ക് പറഞ്ഞു തരുന്നുണ്ട്. അത്തരം മാതൃകകൾ നമ്മുടെ കാലത്തുമുണ്ട് എന്നതിന് സാക്ഷ്യമാണ് ആ ജീവിതം. (തുടരും)

വിവ : അശ്റഫ് കീഴുപറമ്പ്

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles