Current Date

Search
Close this search box.
Search
Close this search box.

ഖുർആൻ ഓത്തും വായനയും

ഖുർആൻ അവതരിച്ചത് ഓർമിപ്പിച്ചു വീണ്ടും റമദാൻ. നേർമാർഗം, അതിന്റെ വിശദശാംശങ്ങൾ, വിവേചനശക്തി എന്നിവയാണ് ഖുർആൻ മനുഷ്യന് നൽകുകയെന്ന് റമദാനോട് ചേർത്തുകൊണ്ടാണ് പറയുന്നത് (2: 185). ശരിയായ വായനയിലൂടെ താൻ ജീവിക്കുന്ന മാർഗം ശരിയാണെന്നു ഉറപ്പിക്കുവാനായിരിക്കാം അവസാന വേദ ഗ്രന്ഥത്തിന് നിരന്തര വായന / വായനയിൽ മികച്ചു നിൽക്കുന്നത് എന്നർത്ഥം വരുന്ന ‘ഖുർആൻ’ എന്ന പേര്.

“ഈ ഖുർആൻ ഏറ്റവും ശരിയായ മാർഗത്തിലൂടെ നിങ്ങളെ നയിക്കും” (17:9) ഖുർആൻ ഉറപ്പ് നൽകുന്നു. പക്ഷെ, നമ്മുടെ ഖുർആൻ വായന എത്രത്തോളം ഈ ലക്‌ഷ്യം സാധൂകരിക്കുന്നുണ്ട്? ചിതറിയ ചില ചിന്തകൾ പങ്കുവെക്കുകയാണ്.

ഓത്തും വായനയും
റമദാനിൽ നോമ്പെടുക്കുന്നതോടൊപ്പം ഖുർആൻ/മുസ്ഹഫ് ഖത്തം തീർക്കുക ഒരു പതിവാണ്. ഖുർആൻ ആദ്യാവസാനം ‘ഓതിത്തീർത്താൽ’ ഒരു ഖത്തം. ഇത് കഴിയുന്നത്ര ആവർത്തിക്കുന്നതാണ് ഭക്തി കൂടുതലുള്ളവരുടെ ശ്രേഷ്ടകർമം എന്നാണു ധാരണ. ഖുർആൻ ഓതുക എന്നാണു പറയുക. വിവരമൊക്കെയുള്ളവർ പാരായണം ചെയ്യുകയെന്നും പറയും. അർത്ഥമോ ആശയമോ മനസ്സിലാക്കാതെ പ്രത്യേക ശൈലിയിൽ ഉരുവിടുന്നതാണ് ഇതുകൊണ്ടു സാധാരണ ഗതിയിൽ അർത്ഥമാക്കുന്നത്. എന്തിനാണ് ഖുർആൻ ഓതുന്നത്? കൂലി കിട്ടാൻ. വെറുതെ ഒരു പണിയും നമ്മൾ എടുക്കില്ലല്ലോ. അപ്പോൾ ഒരു കൂലിപ്പണിയാണ് ഖത്തം തീർക്കൽ. അർത്ഥമൊന്നും അറിയാതെ ഓതിയാൽ കൂലി കിട്ടുമോ ഇല്ലേ എന്ന തർക്കം അവിടെ നിൽക്കട്ടെ. കർമങ്ങളുടെ ഉദ്ദേശശുദ്ധിയാണ്‌ പ്രതിഫലത്തിന് അടിസ്ഥാനം. അതറിയുന്നവൻ അല്ലാഹു മാത്രം.
ഓതുന്നതിന് അറബിയിൽ ‘തിലാവ’ എന്നു പറയും. അർഥം അറിയാതെ വായിക്കുന്നതും ഓത്താണ് എന്നാണ് ധാരണ. പക്ഷെ സംഗതി അങ്ങിനെയല്ല. ഖുർആനിൽ റസൂൽ(സ)യെ ഒന്നിലധികം സ്ഥലങ്ങളിൽ പരിചയപ്പെടുത്തുന്നത് യത് ലു അലൈഹിം ആയാതിഹി ‘അവർക്ക് ഗ്രന്ഥം വായിച്ചു കേൾപ്പിക്കുന്നവൻ’ എന്നാണ്. തലാ എന്ന വാക്കിൽ നിന്നാണ് തിലാവത്. കോടതികളിൽ കുറ്റാരോപിതനെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനും ന്യായാധിപൻ വിധി വായിക്കുന്നതിനും ‘തലാ’ എന്നാണ് പറയുന്നത്. അഥവാ, പറയുന്നവനും കേൾക്കുന്നവനും ശരിക്കും കേട്ടു മനസ്സിലാവും വിധം വ്യക്തമായി വായിക്കുന്നതാണ് ‘തിലാവത്’.

‘ഖറഅ’ എന്ന വാക്കിൽ നിന്നാണ് ഖിറാഅ. വായനക്ക് ‘ഖിറാഅ’ എന്നും വായിക്കുന്നയാളെ ‘ഖാരിഉ’ എന്നുമാണ് പറയുക. ഖുർആൻ നന്നായി ഈണത്തിൽ ഓതുന്നയാളാണ് ഖാരിഉ എന്നാണ് മിക്കവരും മനസ്സിലാക്കിയിട്ടുള്ളത്. അങ്ങിനെയാണോ?

മക്കയിലെ ജബലുന്നൂറിൽ ഹിറാ ഗുഹയിൽ ധ്യാനത്തിലിരിക്കുമ്പോൾ ജിബ്രീൽ എന്ന മാലാഖ വന്നു പ്രവാചകനോട് ആദ്യം പറഞ്ഞ/ കല്പിച്ച വാക്ക് വാക്ക് – إقرأ ‘ഇഖ്‌റഉ’ – നീ വായിക്ക്. ആജ്ഞാസ്വരത്തിൽ കടുപ്പിച്ചു പറഞ്ഞാൽ ‘വായിക്കെടോ’. അതുകേട്ടു വായന അറിയാത്ത റസൂൽ(സ) കൈമലർത്തി. ജിബ്രീൽ(അ) വിട്ടില്ല. മൂന്നുതവണ ആവർത്തിച്ച ശേഷം ആദ്യ വചനങ്ങൾ വായിച്ചു കേൾപ്പിച്ചു: “നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തിൽ നീ വായിക്ക്. മനുഷ്യനെ ‘അലഖിൽ’ നിന്നാണവൻ സൃഷ്ടിച്ചത്. വായിക്ക്, അതീവ ഔദാര്യവാനായ നിന്റെ നാഥനാണ് പേന ഉപയോഗിക്കാൻ പഠിപ്പിച്ചവൻ, മനുഷ്യന് ഇതുവരെ അറിയാത്തവ പഠിപ്പിച്ചവനും” (96:1-5).

വായന അറിയാത്ത റസൂലിനോട് ആദ്യ വചനങ്ങളിൽ പറഞ്ഞ സംഗതികൾ മക്കയിലെ അന്നത്തെ സമൂഹത്തിന് മിക്കവാറും ബോധ്യമുള്ള കാര്യങ്ങൾ തന്നെയായിരുന്നു. സൃഷ്ടാവ് അല്ലാഹുവാണ് എന്നവർക്ക് ധാരണയുണ്ടായിരുന്നു. മനുഷ്യൻ, ഖലം, വായന, പഠനം ഇതൊക്കെ അവർക്ക് അറിയാം – അലഖ് മാത്രമായിരിക്കും ശാസ്ത്രീയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത ആ സമൂഹത്തിൽ അപരിചിതം. ഗർഭപാത്രത്തിന്റെ ഭിത്തിയിൽ ഒട്ടിപ്പിടിച്ചു തൂങ്ങിനിൽക്കുന്ന രക്തപിണ്ഡമാണ് അലഖ്. ഗർഭം ഉറപ്പായ ആദ്യരൂപം. ഈ സംഗതികളൂം റബ്ബും തമ്മിലുള്ള ബന്ധം അവർ മനസ്സിലാക്കിയിരുന്നില്ല. ഈ ബന്ധത്തിൽ നിന്നാണ് തുടക്കം. ഖുർആൻ ഉടനീളം ഈ ബന്ധമാണ്. ഇത് മനസ്സിലാക്കാത്ത ‘ഖാരിഉ’ ഖുർആൻ എത്രതവണ വായിച്ചാലും യഥാർത്ഥത്തിൽ ഖുർആൻ വായിച്ചയാളാണെന്നു പറയാമോ?

പരിസര വായന
വായിക്കുക എന്ന് പറയുമ്പോൾ മനസ്സിൽ വരിക എന്തെങ്കിലും എഴുതിയത് നോക്കി ശബ്ദത്തോടെയോ അല്ലാതെയോ ഉരുവിടലാണ്. വായിക്കുവാൻ ആദ്യകല്പന ലഭിച്ച റസൂൽ (സ) ഒരിക്കലും എഴുതിയത് വായിച്ചില്ല. എഴുതാനോ എഴുതിയത് വായിക്കാനോ കഴിയാത്ത ‘ഉമ്മിയ്യ്’ ആയിരുന്നു റസൂൽ(സ). ഉമ്മിയ്യ് റസൂലിന്റെ ഒരു സവിശേഷതയായത് ഖുർആൻ യാതൊരു കലർപ്പുമില്ലാത്ത അല്ലാഹുവിന്റെ കലാമാണ് എന്ന് ഉറപ്പിക്കുവാനാണ്. ‘ഉമ്മ്’ ( മാതാവ്) എന്ന വാക്കിൽ നിന്നാണ് ഉമ്മിയ്യ്. കലർപ്പില്ലാത്തത്, പ്രകൃതിദത്തം എന്നൊക്കെ അതിനു അർത്ഥം കല്പിക്കാം.

റസൂൽ(സ)യുടെ കാലത്ത് സാഹിത്യത്തിൽ നിപുണരായ ചിലർ മക്കയിലും പരിസരങ്ങളിലും ഉണ്ടായിരുന്നു. ഒരു പ്രവാചകന്റെ ആഗമനം അറേബ്യയിൽ ഉണ്ടാവുമെന്ന് അവരിൽ ചിലർ മനസ്സിലാക്കിയിരുന്നു. ആ പദവി തനിക്കു കിട്ടണമെന്ന് ആഗ്രഹിക്കുകയും ത്വാഇഫിലെ തന്റെ സമൂഹത്തിൽ അങ്ങിനെ പറഞ്ഞു നടക്കുകയും ചെയ്തിരുന്നു നല്ലൊരു കവിയായ ഉമയ്യ ബിൻ അബിസലീത്. നിരക്ഷരനായ മുഹമ്മദിന് പ്രവാചകത്വം ലഭിച്ചതറിഞ്ഞ അയാൾ തലക്കനം കാരണം സത്യം സ്വീകരിച്ചില്ല. ഭാഷയിലും സാഹിത്യത്തിലുമൊക്കെ നല്ല കഴിവുള്ളവർ വായിക്കേണ്ടത് വായിച്ചോളണമെന്നില്ല. ചിലർ വായിച്ചാലും എഴുതിയാലും ജീവിതത്തിൽ സ്വീകരിക്കണമെന്നില്ല. വായന ഉൾകൊള്ളുമ്പോഴാണ് ‘ഖുർആൻ’ നമുക്ക് നേർമാർഗം നൽകുക.

വായന അറിയാത്ത റസൂൽ(സ) വായിച്ചത് റബ്ബിനെയാണ്, റബ്ബിന് ശേഷം ആദ്യ വഹ്‌യിൽ തന്നെ പറഞ്ഞ മനുഷ്യനെയാണ്. അവന്റെജീവിത പരിസരത്തെയാണ്. അവന്റെ പ്രശ്നങ്ങളെയാണ്. ഖുർആനിലൂടെ നമ്മുടെ പ്രശ്നങ്ങളെ വായിക്കാൻ കഴിയണം.

റസൂൽ(സ) തനിക്ക് അവതരിച്ച സന്ദേശം ഹൃദയത്തിൽ നിന്ന് വായിക്കുകയായിരുന്നു. ആശയപൂർവം ഹൃദിസ്ഥമാക്കിയത് ഉരുവിടുന്നത് വായനയാണ്. കണ്ണ് കാണാത്തവർ കേൾക്കുന്നത് വായനയാണ്. കണ്ണും കാതുമുള്ള നമ്മളൊക്കെ ഇക്കാലത്ത് ഓഡിയോ/ വീഡിയോ പുസ്തകങ്ങൾ കേൾക്കുന്നതും കാണുന്നതും വായനയാണ്. ആശയം മനസ്സിലാവാതെ ഇതിനൊക്കെ വായന എന്ന് പറയുമോ? ഏതെങ്കിലും ഭാഷയിൽ എഴുതപ്പെട്ട നല്ലൊരു പുസ്തകം ഞാൻ വായിച്ചിട്ടുണ്ട് എന്ന് ആ ഭാഷയുടെ ആശയം വശമില്ലാത്ത ഒരാൾ പറഞ്ഞാൽ നമ്മൾ വിശ്വസിക്കില്ല. പക്ഷെ ഖുർആനിൽ എന്താണ് പറഞ്ഞതെന്ന് അറിയില്ലെങ്കിലും അത് വായിക്കുന്നവർ / ഓതുന്നവർ നല്ല ഖാരിഉ ആണെന്ന് നമ്മൾ പറയും. അങ്ങിനെയാണ് നാം ധരിച്ചുവച്ചത്.

ജീവിതത്തിരക്കിനിടെ അല്ലാഹുവിലേക്ക് അടുക്കുവാൻ അവസരം നഷ്ടപ്പെടുമ്പോൾ അവന്റെ കലാമിൽ നിന്ന് അൽപം വായിച്ചാൽ അതൊരു പരിഹാരമാകും എന്ന് ഖുർആൻ പഠിപ്പിക്കുന്നത് ശ്രദ്ധേയമാണ്. അധ്യായം 73 സൂറതുൽ മുസ്സമ്മിലിന്റെ അവസാനവചനം വായിച്ചു നോക്കൂ.

‘റസൂലേ, നീയും നിന്റെ സതീർഥ്യരിൽ ഒരു കൂട്ടമാളുകളും രാത്രിയുടെ മൂന്നിൽ രണ്ടു ഭാഗമോ പകുതിയോ മൂന്നിലൊന്നോ ആരാധനയാൽ സജീവമാക്കുന്നത് നിന്റെ നാഥനറിയാം. രാപ്പകലുകളുടെ വ്യതിയാനങ്ങൾ കണക്കാക്കുന്നത് അല്ലാഹുവാണ്. നിങ്ങൾക്ക് ചിലപ്പോൾ ഈ ആരാധനസമയം കൃത്യമായി നിർണയിക്കാൻ സാധിക്കുന്നില്ലെന്ന് അവന്നറിയാം. അതിനാൽ നിങ്ങൾക്കവൻ പരിഹാരത്തിനവസരം തരുന്നു. നിങ്ങൾ ഖുർആനിൽ ‍നിന്ന് വായിക്കാൻ കഴിയുന്നത്ര വായിച്ചുകൊള്ളുക. നിങ്ങളിൽ ‍ ചിലർ രോഗികളും വേറെ ചിലർ ഉപജീവനത്തിന് അല്ലാഹുവിന്റെ ഔദാര്യം തേടി ഭൂമിയിൽ അധ്വാനിക്കുന്നവരും ഇനിയും ചിലർ അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നവരുമാണെന്ന് അവനറിയാം. കുഴപ്പമില്ല. നിങ്ങൾ ഖുർആനിൽ നിന്ന് സാധ്യമായത് വായിക്കൂ….’ (73:20).

ഇസ്ലാമിന്റെ പ്രാരംഭ കാലത്തു കലുഷിത സാഹചര്യം മറികടക്കുവാൻ റസൂൽ(സ)യും അനുചരരും അല്ലാഹുവിലേക്ക് കൂടുതൽ അടുക്കുവാൻ രാത്രിനമസ്കാരത്തിൽ പുലർത്തിയിരുന്ന നിഷ്കർഷ. സമയം കണക്കാക്കാൻ ഉപകാരണങ്ങളില്ലാത്ത അക്കാലത്ത് അവരിൽ ചിലർക്കൊക്കെ അതിൽ വന്ന വീഴ്ച. വേറെ ചിലർ രോഗം, ജോലി, പോരാട്ടം പോലുള്ള തടസ്സങ്ങൾ/ കർമമേഖലകൾ കാരണം രാത്രിയിലെ മനസ്സറിഞ്ഞ പ്രാർത്ഥനക്ക് അവസരം ലഭിക്കാതെ പോയവർ. വാത്സല്യമേറിയ ഒരധ്യാപകനെ പോലെ അല്ലാഹു നൽകുന്ന പരിഹാരം നോക്കൂ. ‘നിങ്ങൾ ഖുർആനിൽ നിന്ന് സാധ്യമായത് വായിച്ചാൽ മതി’. കോവിഡ് ദുരന്തകാലത്ത് നമുക്ക് പയറ്റിനോക്കാവുന്നതാണ്.

ഒന്നോ രണ്ടോ ആയതോ അരപ്പേജോ മുരണ്ടു പോകുവാനല്ല അല്ലാഹു പറയുന്നത്. ഖുർആൻ അൽപം വായിക്കുമ്പോൾ നമസ്കാരത്തിൽ നിന്ന് കിട്ടുന്ന വീണ്ടുവിചാരം ഉണ്ടാവും. കർത്തവ്യബോധം വീണ്ടെടുക്കും. റബ്ബിനെ മനസ്സിലാവും. സഹജീവികളോടുള്ള കടപ്പാട് ബോധത്തെ തൊട്ടുണർത്തും. ആശയം മനസ്സിലാവാതെ അതു സാധിക്കുമോ, എത്ര ഈണത്തിൽ വായിച്ചാലും?

കഥാവായന
മനുഷ്യ പ്രകൃതത്തിന്റെ അവിഭാജ്യ ഘടകമായ ആസ്വാദനത്തിനു വായനയിൽ നല്ല പരിഗണനയാണ് ഖുർആൻ നൽകിയിരിക്കുന്നത്. നേർമാർഗത്തിന്റെ വിശദവിവരങ്ങൾ വ്യക്തമാക്കുവാൻ ഖുർആൻ ഉപയോഗിച്ച രണ്ടു പ്രധാന ശൈലികളാണ് ഉപമകളും കഥാഖ്യാനവും. ഉപമകൾ മനുഷ്യ ഭാവനയെ അനിർവചനീയമായ സങ്കല്പങ്ങളിലേക്ക് കൊണ്ടുപോവും. സ്വർഗത്തെക്കുറിച്ചുള്ള മനോഹാമായ ഉപമകൾ ഓരോ മനുഷ്യന്റെയും ഭാവനക്കനുസരിച്ചു അവനവനു ആസ്വദിക്കാം.

ഖുർആനിൽ ഏതാണ്ട് 2000 ത്തോളം സൂക്തങ്ങൾ കഥാഖ്യാനമാണ്. ഖുർആന്റെ മൂന്നിലൊന്നു വരുമിത്. കഥകൾ പൊതുവെ ആസ്വാദനത്തിനുള്ളതാണ്. ഖുർആൻ കഥകൾ വെറും ആസ്വാദനത്തിനല്ല. യഥാർത്ഥത്തിൽ ഭാവനാ കഥകൾ ഖുർആനിൽ ഇല്ല. ‘ഖിസസ്’ ആണ് കഥകൾ. ഖുർആനിൽ ഉള്ളത് ‘ഖസസ്’ ആണ്. രണ്ടും രണ്ടാശയമാണ്. ‘അവരുടെ കഥകളിൽ കാമ്പ് തേടുന്നവർക്ക് ഗുണപാഠം ഉറപ്പാണ്’ എന്ന് ‘അഹ്‌സനുൽ ഖസസ്’ (ഏറ്റവും മനോഹരകഥ) എന്ന് ഖുർആൻ തന്നെ വിശേഷിപ്പിച്ച സൂറതു യൂസുഫിന്റെ അവസാനത്തിൽ പറയുന്നുണ്ട് (12:111).

വായിച്ചു തുടങ്ങിയാൽ ഒറ്റയിരിപ്പിനു തീർക്കുന്ന ആകർഷണീയതയാണ് സൂറതു യൂസുഫിന്. ഈ നീണ്ടകഥയുടെ പല കൗതുകങ്ങളിലൊന്നാണ് 111 സൂക്തങ്ങളിൽ എവിടെയും സ്വർഗ്ഗ-നരക പരാമർശങ്ങൾ ഇല്ലെന്നത്. ഖുർആനിൽ മറ്റെവിടെയും ഈ കഥാബാക്കി ആവർത്തിച്ചിട്ടുമില്ല.
ഉപമയാണെന്നു പ്രത്യേകം പറയാത്ത എല്ലാ ഖുർആൻ കഥകളും നടന്ന സംഭവങ്ങളാണ്. മിക്കവാറും മുൻകാല സമൂഹങ്ങളിലെ പ്രവാചകരുടെ ദൗത്യങ്ങൾ. ഒരു കഥയിലും അവയുടെ കാലം പരാമർശിക്കുന്നില്ല. കഥാപാത്രങ്ങളുടെ പേരുവിവരങ്ങൾ, സ്ഥലം തുടങ്ങയവ വിവരിച്ചത് ചുരുക്കം ചില കഥകളിൽ മാത്രം. ഖുർആൻ കഥകളിൽ പരാമർശിക്കാത്ത ഘടകങ്ങളോ വിശദീകരണങ്ങളോ അന്വേഷിക്കേണ്ടതില്ല. അവ അറിഞ്ഞത് കൊണ്ടോ അറിയാത്തതു കൊണ്ടോ നമ്മുടെ വിശ്വാസത്തിലോ ഖുർആനിൽ നിന്ന് ലഭിക്കേണ്ട നേർമാർഗത്തിലോ തിരിച്ചറിവിലോ ഏറ്റക്കുറച്ചിൽ ഉണ്ടാവില്ലെന്നതാണ് സത്യം.

ഉദാഹരണത്തിന്, ആദമിന്റെ രണ്ടു മക്കൾക്കിടയിൽ ഉണ്ടായ കശപിശയും കൊലപാതകവും (അധ്യായം 5 അൽമാഇദ 27-31 ). ആ മക്കൾ ആരാണ് എന്ന് ഖുർആൻ പറയുന്നില്ല. ഖുർആൻ നൽകുന്ന നേർമാർഗത്തിനും തിരിച്ചറിവിനും അതാവശ്യമില്ല.

ഗുണപാഠങ്ങൾ സ്വീകരിക്കുവാൻ ഒരു കഥയിലെ ചില ഭാഗങ്ങൾ പരത്തിപ്പറയുകയും വ്യത്യസ്ത ആങ്കിളുകളിൽ ആവർത്തിക്കുകയും ചെയ്യുന്നത് മറ്റൊരു വായനാ കൗതുകമാണ്. മൂസ(അ) നബിയുടെ ചരിതം ഉദാഹരണം. മാതാവ് കുഞ്ഞായ മൂസയെ നദിയിൽ ഒഴുക്കിയതും ഫറോവയുടെ കൊട്ടാരത്തിൽ എത്തിച്ചു അവർക്ക് തിരിച്ചു നൽകിയതും ഒന്നിലധികം തവണ ആഖ്യാന വ്യത്യാസങ്ങളോടെ ആവർത്തിക്കുന്നു. പിന്നീട് മുതിർന്ന മൂസ സമൂഹത്തിൽ ഒരു പ്രശ്‌നത്തിൽ ഇടപെടുന്നതാണ് കാണുന്നത്. അതുവരെയുള്ള ജീവിതം എന്തെന്ന് പ്രധാനമല്ല, വായനക്കാരന് ഭാവനയിൽ കാണുന്നതിന് കുഴപ്പമില്ല.

മൂസ ഇണയെ കണ്ടെത്തുന്നതിനു നിമിത്തമായ സംഭവം ഒന്ന് പറഞ്ഞു പോവെന്നേയുള്ളൂ. ആ വ്യക്തിത്വത്തെ അടയാളപ്പെടുത്തുവാൻ. തുവാ താഴ്വരയിൽ നിന്ന് പ്രവാചകത്വം ഏറ്റെടുക്കുന്നത്, ഫറോവയുടെ അടുക്കൽ ചെന്ന് സംവദിക്കുന്നത്, മാരണക്കാരുമായി മത്സരിക്കുന്നത് തുടങ്ങിയ രംഗങ്ങൾ പലതവണ ആവർത്തിക്കുന്നു. വിവിധ ആങ്കിളുകളിൽ നിന്നുള്ള ഒരു ചിത്രീകരണം പോലെ. ഓരോ ആങ്കിളിലും പുതിയ പാഠങ്ങളുണ്ട്.

മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുന്ന സാമൂഹികദർശനം ഖുർആൻ കഥകളിലുണ്ടെന്നു നിരീക്ഷിച്ചു കൊണ്ടാണ് പ്രസിദ്ധ സാമൂഹ്യശാസ്ത്ര പണ്ഡിതൻ ഇബ്നു ഖൽദൂൻ പതിനഞ്ചാം നൂറ്റാണ്ടിൽ ‘മുഖദ്ദിമ’ രചിച്ചത്. സാമൂഹിക നിയമങ്ങളും ദൈവിക നടപടിക്രമങ്ങളും ചേർത്തു പറയുന്ന ആ കൃതി ഒരു ഇതിഹാസമായി. ചരിത്രം എന്നതിനപ്പുറം സോഷ്യൽ ഫിലോസഫിയാണ് മുഖദ്ദിമ. അദ്ദേഹത്തിനു മുൻപും ശേഷവുമുള്ള പല അറബ് മുസ്‌ലിം ചരിത്രകാരന്മാരും അടിസ്ഥാനരഹിതമായ കേട്ടുകേൾവികൾ പൊടിപ്പും തൊങ്ങലും നിരത്തിയ ചരിത്രരചനകൾ കുറേയുണ്ട്.

റസൂൽ(സ)ക്കു മുൻപുള്ള ഇസ്ലാമിക ചരിത്രത്തിലും ഖുർആൻ വ്യാഖ്യാനങ്ങളിലും ഒരുപാടു കെട്ടുകഥകൾ കയറിക്കൂടുവാൻ ഇതിടയാക്കി. ഇസ്രാഈലിയ്യാതുകൾ എന്നാണവ വിമർശിക്കപ്പെടുന്നത്. അറേബ്യയിലെ പഴയ ജൂതക്രൈസ്തവ വിഭാഗങ്ങളുടെ ഊഹക്കഥകളാണവ. പ്രവാചകന്മാരെക്കുറിച്ചെല്ലാം അവരുടെ വ്യക്തിത്വത്തിനും ദൗത്യത്തിനും നിരക്കാത്ത അനവധി കെട്ടുകഥകളാണ് ഇത്തരത്തിൽ ചില തഫ്‌സീറുകളിൽ ഉള്ളത്. അവയെ അടിസ്ഥാനമാക്കി ഇറക്കിയ ഇതരഭാഷാ വ്യാഖ്യാനങ്ങളിലും ഇത്തരം പൊടിപ്പുതൊങ്ങലുകൾ കയറിക്കൂടിയിട്ടുണ്ട്. ഖുർആൻ നൽകുന്ന ആഖ്യാനങ്ങൾക്കും ആധികാരിക പ്രവാചക വചനങ്ങൾക്കും അപ്പുറം ഖുർആൻ കഥകളുടെ പെരുപ്പിച്ച വായന യഥാർത്ഥ ഗുണപാഠങ്ങളിൽ നിന്ന് വായനക്കാരനെ വഴിതെറ്റിച്ചേക്കും.

അഹ് ലുൽ കിതാബ് എന്ന് ഖുർആൻ പൊതുവെ വിളിക്കുന്ന മുൻവേദക്കാർ കമ്മട്ടവും കെട്ടുകഥകളും നിരത്തുമെന്നും അവരുടെ ഒരു വിവരണങ്ങളും ആധികാരികമായി എടുക്കരുതെന്നും അസ്ഹാബുൽ കഹ്ഫിന്റെ ഖിസ്സ വിവരിക്കുന്നിടത്ത് അല്ലാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട് (18 : 22 ). പറഞ്ഞിട്ടെന്ത്, എന്തെങ്കിലും കേട്ടാൽ വെറുതെ ചുഴിഞ്ഞന്വേഷിക്കലും ഒന്നും കിട്ടിയില്ലെങ്കിൽ സ്വന്തമായി ഊഹങ്ങൾ രചിക്കലും മനുഷ്യനിലെ ഒരുതരം പൈശാചികതയാണല്ലോ. അതിനാണ് ഖുർആൻ കഥകൾ തടയിടുന്നതും.

ഹൃദ്യ വായന
“എന്റെ ഒട്ടകത്തെ തളക്കുന്ന കയറുകഷണം കാണാതായാൽ അതു ഞാൻ അല്ലാഹുവിന്റെ ഗ്രന്ഥത്തിലൂടെ കണ്ടെത്തും.” റസൂൽ(സ)യുടെ അനുചരന്മാരിൽ ഖുർആനോട് കൂടുതൽ അടുപ്പം കാണിച്ചിരുന്ന അബ്ദുല്ല ബിൻ അബ്ബാസിന്റെ വാക്കുകളാണിത്. ഏതു നിസ്സാര പ്രശ്നത്തിനും ഖുർആനിലൂടെ പരിഹാരം കണ്ടെത്താൻ സാധിക്കും, ഖുർആൻ വഴികാണിക്കും എന്നാണ് അതിന്റെ താല്പര്യം. ഖുർആൻ വായിക്കുന്നതിനോട് പുലർത്തുന്ന സമീപനമാണ് വിഷയം. ജീവിതത്തിനു വഴികാട്ടിയാണ് ഖുർആൻ എന്ന് തിരിച്ചറിയുമ്പോൾ മാത്രമാണ് ഖുർആൻ ‘ഹുദ’ നേർമാർഗം കാണിക്കുന്നത്.

“എന്റെ റബ്ബേ, എന്റെ സമൂഹം ഈ ഖുർആനെ ഉപേക്ഷിച്ചു കളഞ്ഞുവല്ലോ” (25:30) എന്ന് ഖുർആൻ നമുക്ക് കേൾപ്പിച്ചു തന്ന റസൂൽ(സ) അല്ലാഹുവിന് മുൻപിൽ പരാതിപ്പെടുമെന്ന് ഖുർആൻ മുന്നറിയിപ്പ് നൽകുന്നു . നമ്മൾ ഖുർആൻ ഉപേക്ഷിച്ചിട്ടൊന്നും ഇല്ലല്ലോ? ഭക്ത്യാദര പൂർവം മുത്തിമണത്ത്, നല്ല ചട്ടയും പട്ടുപൊതിയുമൊക്കെയിട്ട്, ഷെൽഫിൽ മുകളിൽ തന്നെ വച്ച് നാം സൂക്ഷിക്കുന്നില്ലേ? അതല്ല റസൂൽ(സ) ഉദ്ദേശിച്ചത്. ഖുർആൻ എന്തു പറയുന്നു എന്ന് ആലോചിക്കാനുള്ള മുള പോലും നമ്മുടെ ഉള്ളിൽ കത്തുന്നില്ല എങ്കിൽ അതാണ് റസൂൽ (സ) പറഞ്ഞ ഉപേക്ഷ. ഹൃദയത്തിനകത്തു നിന്നാണ് ഈ മൂള ഉയരേണ്ടത്. ഖുർആന് മുന്നിൽ പൂട്ടിയ ഹൃദയമാണെങ്കിലോ? അല്ലാഹു തന്നെ ഇത് നമ്മോട് ചോദിക്കുന്നുണ്ട്: “അവരെന്താണ് ഖുർആന്റെ അന്തരാർത്ഥങ്ങൾ ചികയാത്തത്? അവരുടെ ഹൃദയങ്ങൾക്ക് മേൽ ആരെങ്കിലും താഴിട്ടു പോയതാണോ?” (47:24).

ഖുർആനോട് അടുക്കാൻ നമുക്കൊരു പേടി തോന്നുന്നുണ്ടോ? ഹൃദയ ബന്ധത്തിന്റെ കുറവ് കൊണ്ടല്ലേ അത്? അതുതന്നെയല്ലേ ഈ താഴ്?
ഖുർആൻ അർഥം പഠിക്കുവാനും വ്യാഖ്യാനിച്ചു തരുവാനും അറബി ഭാഷ സ്വായത്തമാക്കി നിഘണ്ടുവൊക്കെ കലക്കിക്കുടിക്കണം എന്ന തോന്നൽ വേണ്ട. ഖുർആനോട് അടുക്കുവാൻ ഹൃദയം തുറന്നു സമീപിച്ചു നോക്കൂ. ആശയങ്ങൾ തെളിഞ്ഞു വരുന്നത് അനുഭവപ്പെടും. ഭാഷാപരിജ്ഞാനം പോലും അതിനു തടസമാവില്ല. ഏതെങ്കിലും പരിഭാഷകളിലൂടെ വായിച്ചാൽ പോലും അതനുഭവപ്പെടും. അങ്ങിനെയാണ് അതിന്റെ സംവിധാനം. എന്നാണ് അല്ലാഹു തന്നെ പറയുന്നത്: “ഉൾക്കൊള്ളാൻ കഴിയുന്ന പാഠങ്ങളാക്കി ഖുർആനെ നാം ലളിതമാക്കിയിട്ടുണ്ട്. ആരെങ്കിലും തയ്യാറുണ്ടോ പാഠമുൾക്കൊള്ളുവാൻ? (54:17). അല്ലാഹുവിന്റെ ചോദ്യമാണ്.

നേരത്തെ പഠിച്ചിട്ടില്ലാത്ത, ശീലിച്ചിട്ടില്ലാത്ത പലതും നാം ശീലിച്ചിട്ടില്ലേ? മൊബൈൽ ഫോൺ എന്താണെന്നു നമുക്ക് അറിയില്ലായിരുന്നു. ഇപ്പോൾ നാം കണ്ണെടുക്കാത്ത സ്മാർട്ട് ഫോണും അതിലെ ഫേസ്‌ബുക്ക്, വാട്സാപ്പ് തുടങ്ങി വിവിധ ആപ്പുകളും ഉപയോഗിക്കാൻ നേരത്തെ നാം പഠിച്ചു വച്ചിരുന്നോ? നമുക്ക് വേണമെന്ന ഒരൊറ്റ തീരുമാനം മതി. എല്ലാം നാം പഠിക്കും.

വേണ്ടപോലെ അക്ഷരാഭ്യാസം ലഭിക്കാത്ത പഴയ തലമുറ പ്രതിഫലേച്ഛയോടെ ഭക്ത്യാദരം കഴിയും വിധം ഖുർആൻ ഓതിയിരുന്നു. അതിനും കഴിയാത്തവർ ഖുർആനിലേക്ക് നോക്കി ഇരുന്നിരുന്നു. അവർക്ക് പഠിക്കാൻ സൗകര്യങ്ങൾ ഇല്ലായിരുന്നത് ഒരു കാരണമായി അല്ലാഹു സ്വീകരിച്ചേക്കും. സ്വയം പഠിക്കുവാൻ എല്ലാ സൗകര്യങ്ങളുമുള്ള ഇക്കാലത്തു ജീവിക്കുന്ന നാം എന്തു കാരണമാണ് അല്ലാഹുവിനു മുന്നിൽ വെക്കുക?

വായിച്ചു തുടങ്ങുക
റസൂൽ (സ)യുടെ അനുചരരിൽ ഏറ്റവും മനോഹരമായി ഖുർആൻ വായിച്ചിരുന്നയാളാണ് അബ്ദുല്ല ബിൻ മസ്ഊദ്(റ). ഇടയനായിരുന്നു. ശാരീരിക ദുർബലത കാരണം പരിഹാസവും പീഡനങ്ങളും ഒരുപാടു നേരിട്ടു. മക്കയിലെ ഖുറൈശി പ്രമാണികളുടെ കവിതാ-സാഹിത്യ ചർച്ചകളുടെ സമീപത്തൊന്നും മണത്തുനോക്കാൻ പോലും അവസരം ലഭിക്കാത്തയാൾ. ആദ്യം കേട്ട ഖുർആൻ സന്ദേശം തന്നെ അദ്ദേഹത്തെ സത്യത്തിലേക്ക് അടുപ്പിച്ചു. റസൂൽ(സ)യുടെ അധരത്തിൽ നിന്ന് വീഴുന്ന ഖുർആൻ വചനങ്ങൾ അദ്ദേഹം അപ്പടി ഹൃദയത്തിലേക്ക് ഒപ്പിയെടുത്തു.

ഒരിക്കൽ റസൂൽ(സ) അദ്ദേഹത്തെ അരികിൽ വിളിച്ചു ഖുർആൻ വായിച്ചുകേൾപ്പിക്കുവാൻ ആവശ്യപ്പെട്ടു. തനിക്കവതരിച്ച സന്ദേശങ്ങൾ മറ്റൊരാളിൽ നിന്ന് കേൾക്കുന്നതിന്റെ അനുഭവമായിരുന്നു താല്പര്യം. നാലാം അധ്യായം അന്നിസാ (വനിതകൾ) തുടക്കം മുതൽ ഇബ്‌നു മസ്ഊദ് വായിച്ചു തുടങ്ങി. വചനം 41ൽ എത്തി. “ഓരോ സമൂഹങ്ങളിലെയും സാക്ഷികളെ നിരത്തി അവരുടെയൊക്കെ സാക്ഷിയായി നിന്നെ നാം കൊണ്ടുവരുന്ന രംഗം എങ്ങനെയുണ്ടാവും”. പരലോക ജീവിതത്തിന്റെ തുടക്കമായ വിചാരണയുടെ ഘട്ടം. ഉൾക്കിടിലമുണ്ടാക്കുന്ന ചോദ്യം. തേങ്ങുന്ന ശബ്ദത്തോടെ വായന നിറുത്തുവാൻ റസൂൽ(സ) പറയുന്നത് കേട്ടപ്പോഴാണ് വായനയിൽ മുഴുകിയിരുന്ന ഇബ്‌നു മസ്ഊദ് തലയുയർത്തി നോക്കുന്നത്. റസൂൽ(സ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്.

വായന ജീവിത വഴിയാണ്. ഈ ലോകത്തെ ജീവിതം ക്ഷണികമായ അൽപാസ്വാദനം മാത്രം (40:39). പരലോകമാണ് യഥാർത്ഥ ജീവിതം (29:64). അത് ബോധ്യപ്പെടുത്തുവാൻ വേണ്ടിയാണ് തുടക്കം മുതൽ ഉടനീളം ഖുർആൻ പരലോകത്തെ കുറിച്ച് പറയുന്നത്.

ഇരുലോകത്തും വിജയിക്കുവാനാണ് വായന. വായിക്കേണ്ടത് ഖുർആൻ തന്നെയാണ്. ഇനിയെങ്കിലും നമുക്ക് വായിച്ചു തുടങ്ങാം. ഈ റമദാനിൽ മഹാമാരി നൽകിയ സമയലാഭം നമുക്ക് ഖുർആൻ വായനയിൽ നിക്ഷേപിക്കാം. അക്ഷര വായനയല്ല, കൂലിയോത്തല്ല. നമ്മുടെ തന്നെ ഭാവി സുരക്ഷിതമാക്കാൻ അർത്ഥം ഗ്രഹിച്ചു ലാഭനഷ്ടങ്ങൾ മനസ്സിലാക്കിയ നിക്ഷേപം.

“അലിഫ് ലാം മീം. സംശയരഹിതമാണ്‌ ആ ഗ്രന്ഥം. സൂക്ഷ്മത പുലർത്തുന്നവർക്കത് നേർമാർഗമാണ്. അദൃശ്യ അനുഭവങ്ങളിൽ വിശ്വസിക്കുന്നവരാണവർ. പ്രാർത്ഥനയിൽ നൈരന്തര്യമുള്ളവർ. ലഭിച്ച വിഭവങ്ങൾ മറ്റുള്ളവർക്ക് ചിലവഴിക്കുന്നവർ. നിനക്ക് അവതരിച്ച ഈ ഗ്രന്ഥത്തിലും നിനക്ക് മുൻപ് അവതരിച്ചവയിലും വിശ്വാസമുള്ളവർ. പരലോക ജീവിതത്തിൽ അടിയുറച്ചു വിശ്വസിക്കുന്നവർ. അവരാണ് രക്ഷിതാവിൽ നിന്ന് നേർമാർഗം സിദ്ധിച്ചവർ. അവർ തന്നെയാണ് വിജയികളും” (2: 1-5).

Related Articles