Current Date

Search
Close this search box.
Search
Close this search box.

പുരാതന ഡല്‍ഹിയിലൂടെ ഞാന്‍ അനുഭവിച്ച ഇന്ത്യ -1

പുറം ചേരുവകള്‍ കൊണ്ട് സമ്പന്നമായ ഇന്ത്യയിലെ ചരിത്ര പ്രാധാന്യം നിറഞ്ഞ പ്രദേശങ്ങളിലൊന്നാണ് ഇന്നത്തെ തലസ്ഥാന നഗരിയായ ഡല്‍ഹി. ചരിത്രത്തെപ്പോലും അതിശയിപ്പിച്ച, നിശ്ചലമാക്കിയ ഒട്ടനവധി സംഭവങ്ങള്‍ക്ക് നേര്‍സാക്ഷിയാവാന്‍ ഡല്‍ഹിക്കു കഴിഞ്ഞിട്ടുണ്ട്. അതില്‍ സുവര്‍ണ്ണ കാലഘട്ടമായി വിലയിരുത്തപ്പെടാവുന്ന കാലമായിരുന്നു മുസ്ലിം ഡല്‍ഹിയും അതിലെ ഒട്ടുമിക്ക ഏടുകളും. പൊടി തട്ടിയെടുത്ത പ്രസ്തുത ഏടുകളില്‍ മായാത്ത, മറക്കാന്‍ കഴിയാത്ത ഡല്‍ഹി എന്ന പ്രദേശത്തിന്റെ മുസ്ലിം പൈതൃകങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഭാഗമാണ് ഇന്നത്തെ പുരാന ഡല്‍ഹി അഥവാ ഓള്‍ഡ് ഡല്‍ഹി. കേട്ട് പഴകിയ പഴമയുടെ ചരിത്രം പറയുന്നതിനേക്കാള്‍ ഓള്‍ഡ് ഡല്‍ഹിയുടെ വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളിലേക്കു പോവുന്നത് ഒരു തരത്തില്‍ അവയെ പുനര്‍ജീവിപ്പിക്കുന്നതിന് തുല്യമായ പ്രവര്‍ത്തനമായി മനസ്സിലാക്കുന്നു.

ഡല്‍ഹിയില്‍ എത്തിയതിനു ശേഷം പലപ്പോഴും ലോകത്തെ തന്നെ ഏറ്റവും വലിയ പള്ളികളിലൊന്നായ ജുമാമസ്ജിദിലെ പടവുകളില്‍ ഇരുന്ന് ഡല്‍ഹിയെ വീക്ഷിച്ചിട്ടുണ്ട്. പഴയ മുസ്ലിം ഡല്‍ഹിയുടെ രുചിഭേദങ്ങള്‍ ആസ്വദിച്ചിട്ടുണ്ട്. മീനാ ബസാറിലെയും സ്വദര്‍ ബസാറയിലെയും രാത്രി കാഴ്ചകളെ അനുഭവിച്ചിട്ടുണ്ട്. രണ്ട് പെരുന്നാള്‍ നമസ്‌കാരങ്ങള്‍ ജുമാമസ്ജിദിന്റെ നടുമുറ്റത്ത് നിര്‍വഹിച്ചത് ജീവിതത്തിലെ ഇന്നും മറക്കാതെ ഓര്‍ക്കാന്‍ കഴിയുന്ന അപൂര്‍വ്വ നിമിഷങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ഒരിക്കലെങ്കിലും അവിടെ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കണമെന്നുള്ള വാശി, അതൊരുപക്ഷേ ഡല്‍ഹിയില്‍ ജീവിച്ച് തുടങ്ങുന്ന ഏതൊരു ഇസ്ലാംമത വിശ്വാസിയിലും ചിലപ്പോഴെല്ലാം ഉണ്ടാവുന്ന തോന്നലുകളാണ്. തുടര്‍ന്നുള്ള ഓരോ വരവുകളിലും ജുമാമസ്ജിദിന്റെ പടവുകള്‍ക്കു പോലും ജീവനുണ്ടെന്നു തോന്നിപ്പോയ സന്ദര്‍ഭങ്ങള്‍ വരെയുണ്ടായിട്ടുണ്ട്.

പക്ഷെ പിന്നീടുള്ള യാത്രകളില്‍ ഡല്‍ഹിയില്‍ നിന്ന് നോക്കി കാണാന്‍ ശ്രമിക്കേണ്ടത് ഡല്‍ഹിയെയല്ല മറിച്ച് ഇന്ത്യയെ തന്നെയായിരുന്നുവെന്ന് ഓര്‍മ്മപ്പെടുത്തുന്ന നിമിഷങ്ങള്‍ ജീവിതത്തിലുണ്ടായി. അതിന് പ്രേരകമായി വര്‍ത്തിച്ചത് പഴമയുടെ ഓര്‍മ്മകള്‍ പേറുന്ന ഷാജഹാന്‍ബാദായിരുന്നു. ഇന്ത്യയിലെ പ്രത്യേകിച്ച് ഡല്‍ഹിയില്‍ മനോഹര നിര്‍മ്മിതികളുടെ തോഴനായാണ് ഷാജഹാന്‍ ചരിത്രത്തില്‍ അറിയപ്പെടുന്നത്. അവയില്‍ ആഗ്രയിലെ താജ്മഹല്‍ കഴിഞ്ഞാല്‍ മുന്നില്‍ നില്‍ക്കുന്ന രണ്ട് അതിമനോഹര കയ്യൊപ്പുകളാണ് മേല്‍ വിവരിച്ച ഡല്‍ഹിയിലെ ജുമാമസ്ജിദും തൊട്ടടുത്ത് ഇന്ത്യന്‍ പതാക പാറിക്കളിക്കുന്ന ചെങ്കോട്ടയും.

നെടുനീളെ പണിത കല്‍പ്പടവുകള്‍ കയറി ജുമാ മസ്ജിദിന്റെ മുകളിലെത്തി താഴേക്ക് നോക്കിയാല്‍ അതുവരെയും അനുഭവിച്ച ഡല്‍ഹിയെ അറിയാതെ നാം മറന്നു പോകുമെന്ന് തീര്‍ച്ച. ഒരു രാജ്യത്തിന്റെ നിര്‍ണ്ണായക നിമിഷങ്ങളില്‍ സാക്ഷിയാകേണ്ടി വന്ന പ്രദേശങ്ങളിലൊന്നാണ് ഡല്‍ഹി.

പ്രസ്തുത പള്ളിയുടെ അങ്കണത്തില്‍ നിന്ന് പുറത്തേക്ക് നോക്കിയാല്‍ നമ്മെപോലെ ചോരയും നീരുമുള്ള മനുഷ്യരുടെ പച്ചയായ ജീവിതങ്ങളെ കാണാം. ചക്ക് വലിച്ച് നെഞ്ചുന്തിയ, മെലിഞ്ഞുണങ്ങിയ നിരവധി ശരീരങ്ങള്‍, കൈകുഞ്ഞുങ്ങളുമായി റോഡരികിലെ ചതുപ്പ് നിലങ്ങളില്‍ ഒട്ടിയ മുഖവുമായി സന്ദര്‍ശകര്‍ക്കിടയില്‍ കരുണ വറ്റാത്ത മുഖങ്ങളെ അന്വേഷിക്കുന്ന സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കുടിയേറി പഴയ ഡല്‍ഹിയുടെ അന്തേവാസികളായ ഒരുപറ്റം മനുഷ്യര്‍, നിരത്തുകള്‍ തോറും ഉന്തു വണ്ടിയിലും നിലത്തു പായ വിരിച്ചും അന്നത്തെ അഷ്ടിക്ക് വക കണ്ടെത്തുന്ന അന്യദേശക്കാരായ തൊഴിലാളികള്‍ തുടങ്ങി ജീവനുള്ള ഒരുപിടി നേര്‍’ചിത്രങ്ങളെ’ ഒരിക്കലെങ്കിലും പഴയ ഡല്‍ഹിയുടെ (OLD DELHI) തെരുവുകള്‍ കാണാന്‍ ഇറങ്ങിയ ആരും തന്നെ മറക്കാന്‍ ഇടയില്ല. ഒപ്പം ഇന്ത്യയുടെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലാന്‍ അധികം സമയമൊന്നും വേണ്ടി വരില്ലെന്ന ബോധ്യവും.

വെറുതെ കണ്ണും കാതും തുറന്നു വെച്ചാല്‍ മാത്രം മതി ഒരുനിമിഷം നിങ്ങള്‍ ഈ ലോകത്ത് നിശ്ചലമായി നിന്ന് പോകുന്ന അവസ്ഥകളെ അനുഭവിക്കാം. ഇത് വരെ ജീവിതത്തില്‍ കേള്‍ക്കാത്ത രോദനങ്ങള്‍ നിങ്ങളെ തേടിയെത്തും, ഒപ്പം അറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്ന മുഖങ്ങള്‍ ചിലപ്പോഴൊക്കെ നിങ്ങള്‍ക്കുമുണ്ടാവാം. ഡല്‍ഹി എന്ന നഗര സമുച്ചയം ഇന്ത്യയുടെ അകവും പുറവും കാണാന്‍ കഴിയുന്ന ഒരു വലിയ കണ്ണാടിയായി നിങ്ങള്‍ക്കനുഭവപ്പെടണമെങ്കില്‍ ജീവിതത്തിലോരിക്കല്‍ പുരാനാ ഡല്‍ഹിയിലെ സൈക്കിള്‍ റിക്ഷകളില്‍ ഒരു നഗര പ്രദക്ഷിണം ചെയ്താല്‍ മതിയാകും.

തുടരും….

Sabah Aluva

Related Articles