Studies

മെഹറോലി: മുസ്‌ലിം പൈതൃകങ്ങളുടെ അവിസ്മരണീയ കൂടിച്ചേരല്‍

ചരിത്രത്തില്‍ നിധി അന്വേഷിച്ചു പോയ യാത്രകളായിരുന്നു കൂടുതല്‍ കൗതുകങ്ങളും അവിസ്മരണീയ മുഹൂര്‍ത്തങ്ങളും ലോകത്തിന് സമ്മാനിച്ചിട്ടുള്ളത്. ഒരു സഞ്ചാരിയെ സംബന്ധിച്ചിടത്തോളം ആരും ഇതുവരെയും കേള്‍ക്കാത്ത, അനുഭവിക്കാത്ത കൊതിപ്പിക്കുന്ന ലോകത്തിന്റെ കാഴ്ച അനുഭവങ്ങളെ തന്നിലൂടെ അറിയണമെന്ന് ആഗ്രഹിക്കുന്നവര്‍ കുറവൊന്നുമല്ല. നിധി ചിലപ്പോള്‍ ചരിത്ര രേഖകളാവാം, സംഭവങ്ങളോ വ്യക്തികളോ ആയേക്കാം. ഇവിടെ ഡല്‍ഹിയെന്ന മഹാ നഗരത്തിലെ നിധി കണ്ടെത്താനുള്ള യാത്രയില്‍ എത്തപ്പെട്ട പ്രദേശമായിരുന്നു മെഹറോലി.

ഡല്‍ഹി സന്ദര്‍ശന വേളകളില്‍ ഖുതുബ് മിനാറിന്റെ ഭംഗിയും വലിപ്പവും കണ്ടു മടങ്ങുന്നവര്‍ക്ക് അത്ര സുപരിചതമല്ലാത്ത പ്രദേശമാണ് ഖുതുബ് കോംപ്‌ളക്‌സിനകത്തെ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്ക്. സിറിയയിലും ഈജിപ്ത്തിലും അടിമവംശ ഭരണം തുടങ്ങുന്നതിന് അര നൂറ്റാണ്ട് മുന്‍പ് തന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുസ്ലിംകളുടെ ഭരണം ആരംഭം കുറിച്ചിരുന്നു. ശിഹാബുദ്ധീന്‍ ഗോറി വിലക്ക് വാങ്ങിയ അടിമകളില്‍ ഐബക് എന്ന അടിമ സ്ഥാപിച്ച ഭരണകൂടമാണ് അടിമ വംശം. ഡല്‍ഹിയിലെ ആദ്യത്തെ മുസ്ലിം രാജവംശം. ഖുതുബുദ്ധീന്‍ ഐബക് തുടങ്ങി വെച്ച ഖുതുബ് മിനാറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത് ഐബക്കിന്റെ അടിമയായ ഇല്‍തുമിശാണ്. ഡല്‍ഹിയില്‍ ഖുവ്വത്തുല്‍ ഇസ്ലാം എന്ന പേരില്‍ ഐബക് പണി കഴിപ്പിച്ച പള്ളിയുടെ മിനാരമാണ് യഥാര്‍ത്ഥത്തില്‍ ഖുതുബ് മിനാര്‍ എന്ന ഏക ശിലാ മിനാര മാതൃക.

ഈ യാത്ര യഥാര്‍ത്തത്തില്‍ ഖുതുബ് മിനാറിന്റെ ചരിത്രത്തിലേക്കായിരുന്നില്ല മറിച്ച് അതിനോട് ചേര്‍ന്ന് നിര്‍മ്മിക്കപ്പെട്ട മുസ്ലിം ഡല്‍ഹിയുടെ ഉള്ളുകളിലേക്കായിരുന്നു. ഏഴ് നഗര സമുച്ചയങ്ങളുടെ കൂടിച്ചേരലാണ് ഇന്നത്തെ ഡല്‍ഹി. അതില്‍ ആറു നഗരങ്ങളും മുസ്ലിംങ്ങള്‍ ഇന്ത്യാ ഉപഭൂഖണ്ഡം ഭരിക്കുമ്പോള്‍ നിലനിര്‍ത്തിയിരുന്നവയാണ്. അതില്‍ രണ്ടാമത്തെ പ്രധാനപ്പെട്ട പ്രദേശമാണ് മെഹറോലി. 1561ല്‍ നിര്‍മ്മിക്കപ്പെട്ട ആദം ഖാന്‍ ടോമ്പില്‍ (ശവകുടീരം) നിന്നായിരുന്നു യാത്രയുടെ തുടക്കം. അക്ബറിന്റെ ജനറലായ ആദം ഖാന, അക്ബറിന്റെ മറ്റൊരു പ്രധാന ജനറലായിരുന്ന അതാഗാ ഖാനെ കൊന്നു. അതിന് പ്രതികാരം എന്നോണം അക്ബര്‍ നടപ്പിലാക്കിയ ശിക്ഷ വളരെ വിചിത്രമായിരുന്നു. ആദം ഖാനെ ആഗ്ര കോട്ടയുടെ മുകളില്‍ നിന്ന് അക്ബര്‍ താഴേക്ക് തുടരെ വലിച്ചെറിഞ്ഞു (Defenestration) ശിക്ഷ നടപ്പാക്കി. ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലാണ് ഇതേ രീതിയില്‍ ശിക്ഷ നടപ്പാക്കി മുന്‍പ് ലോകത്തെ ഞെട്ടിച്ചിരുന്നത്.

ഇന്നത്തെ ഡല്‍ഹിയില്‍ മെഹറോലി നഗരത്തിന്റെ ഒത്ത നടുക്കായി ആദം ഖാന്‍ ടോമ്പ് തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ധാരാളം കൊത്ത് പണികളാല്‍ അലംകൃതമായ ടോമ്പിന്റെ നിര്‍മ്മാണ വൈവിധ്യവും ടോമ്പില്‍ നിന്നുള്ള ഖുതുബ് മിനാറിന്റെ കാഴ്ച്ചയും അതി സുന്ദരവും അവര്‍ണനീയവുമാണ്.
യഥാര്‍ത്ഥത്തില്‍ ഈ യാത്രയിലൂടെ ഖുതുബ് മിനാറിനേക്കാള്‍ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കായി രൂപാന്തരപ്പെടുത്തിയ ഖുതുബ് ഭൂപ്രദേശമായിരുന്നു സന്ദര്‍ശകര്‍ കൂടുതല്‍ മനസ്സിലാക്കേണ്ടിയിരുന്നതെന്ന് മനസ്സില്‍ തോന്നിപോയി.

നൂറ് ഏക്കറോളം പരന്നു കിടക്കുന്ന അതിവിശാല ഭൂപ്രദേശം. ഡല്‍ഹിയില്‍ ഈ പാര്‍കില്‍ ഡല്‍ഹി സല്‍ത്തനേറ്റ് മുതല്‍ മുഗള്‍ കാലഘട്ടം വരെയുള്ള ശേഷിപ്പുകളുടെ ഒരപൂര്‍വ്വ ഒത്തുചേരലാണെന്ന് ഒറ്റ വാക്കില്‍ പറയാം. ഇന്ത്യയിലെ ചിശ്തി സൂഫി ധാരയില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഖുതുബുദ്ധീന്‍ ബഖ്തിയാര്‍ ഖാകിയുടെ ജീവിതത്തിന്റെ പ്രധാനപ്പെട്ട ഏടുകള്‍ ചേര്‍ക്കപ്പെട്ട പ്രദേശങ്ങളിലൊന്നാണ് മെഹ്‌റോലി. മെഹര്‍ വലിയ് (‘ഔലിയയോട് കൂടുതല്‍ ഇഷ്ടം തോന്നുന്ന വ്യക്തി’) എന്ന ആശയത്തിലുള്ള പേര്‍ഷ്യന്‍ വാചകം പില്‍ക്കാല ഡല്‍ഹിയില്‍ മെഹറോലി ആയി നാമകരണം ചെയ്യപ്പെട്ടു.

13,14 നൂറ്റാണ്ടുകളില്‍ ഇസ്ലാമിലേക്കുണ്ടായ വലിയ തോതിലുള്ള മത പരിവര്‍ത്തനത്തില്‍ ഇദേഹത്തിന്റെ സാമൂഹിക ഇടപെടലുകള്‍ക്ക് വലിയ പങ്കാളിത്തം ഉണ്ടായി. 1541ല്‍ ബഖ്തിയാര്‍ ഖാകിയുടെ ദര്‍ഗ ഡല്‍ഹിയില്‍ നിര്‍മ്മിക്കപ്പെട്ടതോടെ മെഹറോലി എന്ന പ്രദേശം സന്ദര്‍ശക ശ്രദ്ധ പിടിച്ചു പറ്റുന്ന സ്ഥിരം വേദിയായി മാറി. മുഗള്‍ രാജാക്കന്മാരായ അക്ബര്‍, ബഹദൂര്‍ ഷാ സഫര്‍ തുടങ്ങിയവര്‍ പില്‍കാലത്ത് ധരാളം പള്ളികളും കെട്ടിട സമുച്ചയങ്ങളും സ്ഥാപിച്ച് പ്രദേശത്തെ കൂടുതല്‍ വിശാലമാക്കി.

ഖുതുബ് അങ്കണത്തിനകത്തെ കാഴ്ച്ചകളില്‍ ഏറ്റവും മനോഹരവും തലയെടുപ്പുമുള്ള നിര്‍മിതിയാണ് ബാല്‍ബന്‍ പണിതുയര്‍ത്തിയ കൊട്ടാര വൈവിധ്യങ്ങള്‍. ഈജ്യപ്തിലെ ബെബറസ, മൊറോക്കോയിലെ മറയാന്‍ ഭരണാധികാരി യാക്കൂബ് എന്നിവരുടെ സമകാലീകനായിരുന്നു ഗിയാസുദ്ധീന്‍ ബാല്‍ബന്‍. ഈ മൂന്ന് പേരും അക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരായ ഭരണാധികാരികളായിരുന്നു. മെഹറോലി-ഗുഡ്ഗാവ് റോഡിന്റെ പടിഞ്ഞാറ് ഭാഗത്താണ് പ്രസ്തുത ടോമ്പ് ഇന്നുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ആദ്യമായി ഇന്തോ-തുര്‍കിഷ് രീതിയിലുള്ള കമാന കവാടങ്ങളും, കുംഭഗോപുര സൗധങ്ങളും നിര്‍മിച്ചത് ബാല്‍ബന്‍ കാലഘട്ടത്തിലാണ്. ഇന്ത്യയിലെ ക്ഷേത്ര നിര്‍മ്മിതികളില്‍ കാണാന്‍ സാധിക്കുന്ന, ചുവരില്‍ നിന്ന് പുറത്തേക്ക് തള്ളിനില്‍കുന്ന രൂപത്തിലുള്ള ജീവികളുടെ മാതൃകകള്‍ ഒഴിവാക്കി, പ്രസ്തുത കലാ ശൈലികളെ ഇസ്ലാമിക സംസ്‌കാരത്തോട് കൂടുതല്‍ ചേര്‍ത്ത് പുതുമയോടെ അവതരിപ്പിക്കാന്‍ ശ്രമം നടത്തി. ടോമ്പിന്റെ കേന്ദ്ര സ്ഥാനത്ത് പ്രദിഷ്ടിക്കുന്ന കല്ല് വ്യത്യസ്ത രൂപത്തിലുള്ള കൊത്ത് പണികളാല്‍ അലങ്കാരപ്പെടുത്തി സജ്ജീകരിച്ചിരിക്കുന്നു. ശവകുടീരത്തിന്റെ കിഴക്ക് ഭാഗത്തുള്ള മുറിയില്‍ ബാല്‍ബന്റെ മകന്‍ ഖാന്‍ സാഹിബിന്റെ ഖബറും സന്ദര്‍ശകര്‍ക്ക് കാണാം.

തുടരും…

Facebook Comments
Show More

Related Articles

Close
Close