Current Date

Search
Close this search box.
Search
Close this search box.

ഇസ് ലാം സ്ത്രീകളുടെ പദവി ഉയർത്തുകയാണ് ചെയ്തത് ( 1 – 3 )

പടിഞ്ഞാറൻ രാജ്യങ്ങളിലെ വ്യാപകമായൊരു കാഴ്ചപ്പാട് ഇസ് ലാം സ്ത്രീകളുടെ പദവിയെ മാനിക്കുന്നില്ല, ഇസ് ലാം സ്ത്രീകളെ അടിച്ചമർത്തുന്നു എന്നതാണ്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, ഇന്ന് ലോകത്തുള്ള മനുഷ്യരിൽ ഭൂരിപക്ഷം പേർക്കും അടിസ്ഥാനപരമായി രണ്ട് ലോക വീക്ഷണങ്ങളാണുള്ളത്. മനുഷ്യർ തിരഞ്ഞെടുക്കുന്ന വ്യക്തിപരമായ തലത്തിന് പുറമേ, ഇവയുടെ ആധികാരികതയെയും കൃത്യതയെയും കുറിച്ചുള്ള ചർച്ചയുടെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര തലത്തിലും ഈ വീക്ഷണങ്ങൾ വിരുദ്ധ ധ്രുവത്തിലാണെന്ന് കാണാം.

പാശ്ചാത്യ ലിബറൽ വീക്ഷണമാണ് നമ്മളിൽ മിക്കവർക്കും പരിചിതമായ ആദ്യത്തെ ലോകവീക്ഷണം. യഹൂദ-ക്രിസ്ത്യൻ പാരമ്പര്യത്തിൽ നിന്ന് വേരൂന്നിയതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും നവീകരണവാദത്തിന് ശേഷം പ്രത്യക്ഷപ്പെട്ട ആശയങ്ങളിലാണ് ഇതിന്റെ വേരുകളെന്ന് പ്രാഥമികാന്വേഷണത്തിൽ തന്നെ ബോധ്യപ്പെടും. മതേതര ആശയങ്ങളും അതിനുശേഷം ‘ജ്ഞാനോദയ കാലഘട്ടത്തിൽ’ പ്രത്യക്ഷപ്പെട്ട ലോകവീക്ഷണവുമാണ് അതിന്റെ അടിസ്ഥാന ശില.

ഇസ് ലാമിക ലോകവീക്ഷണമാണ് രണ്ടാമത്തേത്. ഈ വീക്ഷണത്തിന്റെ ആശയപരമായ കിടപ്പ് അല്ലാഹു പ്രവാചകൻ മുഹമ്മദ് (സ്വ)ക്ക് നൽകിയ വഹ്‌യിലാണ്. ഈ വീക്ഷണത്തിന്റെ പ്രയോക്താക്കൾ അവകാശപ്പെടുന്നത് ഇത് മനുഷ്യരാശിക്ക് എല്ലാ പ്രായത്തിലും എല്ലാ കാലത്തും ഉപയോഗിക്കാമെന്നും അതിന്റെ പ്രസക്തിയും പ്രയോജനവും ഒരു നിശ്ചിത കാലഘട്ടത്തിലോ ഭൂമിശാസ്ത്രപരമായ പ്രദേശത്തിലോ മനുഷ്യവർഗത്തിലോ പരിമിതമല്ലെന്നുമാണ്. സമാനമായി, പാശ്ചാത്യ മതേതരത്വവും ലിബറൽ പാരമ്പര്യവും അടിസ്ഥാനമായ ആദ്യ വീക്ഷണത്തിന്റെ അനുയായികളും തങ്ങളുടെ ലോകവീക്ഷണവും ആശയങ്ങളും സംസ്‌കാരവും നാഗരികതയുമെല്ലാമാണ് മനുഷ്യരാശിക്ക് ഏറ്റവും മികച്ചതെന്ന് വിശ്വസിക്കുന്നു. അമേരിക്കൻ എഴുത്തുകാരനായ ഫ്രാൻസിസ് ഫുകുയാമയുടെ ‘ദ എൻഡ് ഓഫ് ടൈം’ എന്ന പേരിൽ പുറത്തിറങ്ങിയ പുസ്തകം നിങ്ങളിൽ ചിലരെങ്കിലും വായിച്ചിട്ടുണ്ടാകും. മനുഷ്യന്റെ പുരോഗതി ആശയങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയാണെങ്കിൽ ഈ ലിബറൽ സെക്യുലർ ചിന്തയുടെ കടന്നുവരവോടെ അവസാനിച്ചുവെന്നും അതിൽ കൂടുതലൊന്നും മനുഷ്യരാശിക്ക് വരാനില്ലെന്ന സിദ്ധാന്തം അദ്ദേഹം അതിൽ മുന്നോട്ടുവെക്കുകയുണ്ടായി. ഈയൊരു മതേതര മാനുഷിക വീക്ഷണത്തെ പുണരാത്ത ലോകത്തിലെ ഒരേയൊരു ഭാഗം ഇസ്ലാമിക ലോകമാണെന്നും ഇസ്ലാമിക ലോകത്ത് പ്രത്യയശാസ്ത്ര സംഘർഷം ഉണ്ടാകുമെന്നും അദ്ദേഹം തന്റെ പുസ്തകത്തിൽ കൂട്ടിച്ചേർക്കുന്നു.

പാശ്ചാത്യ മതേതര ലിബറൽ ഹ്യൂമനിസ്റ്റ് കാഴ്ചപ്പാടിന്റെയും ഇസ് ലാമിക പാരമ്പര്യത്തിന്റെയും ഇടയിലുള്ള പ്രധാന തർക്ക വിഷയങ്ങളിലൊന്ന് സ്ത്രീ പദവിയാണ്. സ്ത്രീകളുടെ സ്ഥാനവും പദവിയും എന്താണ്? ഒരു സംസ്‌കാരത്തിൽ സ്ത്രീകൾ ഉയർത്തപ്പെടുകയും മറ്റൊരു സംസ്‌കാരത്തിൽ അടിച്ചമർത്തപ്പെടുകയും ചെയ്യുന്നുണ്ടോ? പാശ്ചാത്യ രാജ്യങ്ങളിൽ മാത്രമാണ് സ്ത്രീകൾ ഉയർത്തപ്പെടുന്നതെന്നും കാലക്രമേണ അവർക്ക് കൂടുതൽ കൂടുതൽ അവകാശങ്ങൾ ലഭിക്കുന്നുവെന്നും ഇസ് ലാമിക സമൂഹത്തിൽ ജീവിക്കുന്ന സ്ത്രീകൾ ഇപ്പോഴും അടിച്ചമർത്തപ്പെടുന്നുവെന്നുമാണ് പാശ്ചാത്യ വീക്ഷണം. യഥാർത്ഥത്തിൽ ഇസ്ലാമിക വ്യവസ്ഥിതിയാണ് പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ യഥാർത്ഥ സ്വാതന്ത്ര്യം നൽകുന്നതെന്നും പാശ്ചാത്യ രാജ്യങ്ങളിലെ സ്ത്രീകളും പുരുഷന്മാരും വെറും മിഥ്യ മാത്രമായ സ്വാതന്ത്ര്യം എന്ന സങ്കൽപ്പത്തിലേക്ക് വശംവദരാവുകയാണെന്നുമാണ് മുസ്ലിംകളുടെ വാദം. ഇവിടെ ഞാൻ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത് ഇസ് ലാം സ്ത്രീകളെ എങ്ങനെ കാണുന്നു എന്നതിനെപ്പറ്റിയാണ്. അതിനാൽ എന്റെ സംസാരം ഒരു രാജ്യത്ത് നിന്ന് മറ്റൊരിടത്തേക്കെത്തുമ്പോഴേക്കും വ്യത്യാസങ്ങൾ ദൃശ്യമാവുന്ന വ്യക്തിഗത സമ്പ്രദായങ്ങളെക്കാൾ ഇസ് ലാമിന്റെ തത്വശാസ്ത്രപരമായ അടിത്തറയെ അധിഷ്ഠിതമാക്കിയായിരിക്കും. ഇസ് ലാം ഒരു ദൈവശാസ്ത്ര സങ്കൽപമാണ് എന്നതിനാൽ ഇസ്ലാമിൽ സ്ത്രീകളെ എങ്ങനെ കാണുന്നു എന്നത് ശരിയായി മനസ്സിലാക്കാൻ അതിന്റെ ദാർശനിക അടിത്തറയെ കൂടി മനസിലാക്കേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്.

ആദ്യമായി, വിരുദ്ധമായ ഈ കാഴ്ചപ്പാടുകളെ പരസ്പരം താരതമ്യം ചെയ്യാൻ പാശ്ചാത്യ പാരമ്പര്യത്തിൽ സ്ത്രീകളോട് എന്ത് തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചതെന്ന് നമുക്ക് അവലോകനം ചെയ്യാം. പ്രവാചകനായ യേശുവിന് മുമ്പ് നിലനിന്നിരുന്ന ഗ്രീക്ക് പാരമ്പര്യത്തിന്റെ ബൗദ്ധിക അവകാശികളാണ് തങ്ങളെന്നാണ് പാശ്ചാത്യ പാരമ്പര്യം സ്വയം അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ അരിസ്റ്റോട്ടിൽ, പ്ലേറ്റോ തുടങ്ങിയ ആദ്യകാല ഗ്രീക്ക് തത്ത്വചിന്തകരുടെ രചനകളിലും ഒരു പരിധിവരെ പാശ്ചാത്യ ബൗദ്ധിക പാരമ്പര്യങ്ങളുടെ സാന്നിധ്യം നമുക്ക് ദർശിക്കാനാകും.

സ്ത്രീകളോടുള്ള അവരുടെ സമീപനമെന്തായിരുന്നു? അരിസ്റ്റോട്ടിലിന്റെയും പ്ലേറ്റോയുടെയും ആശയങ്ങളിൽ സ്ത്രീ പ്രതിനിധീകരിക്കപ്പെട്ടതെങ്ങനെ? ആദ്യകാല ഗ്രീക്ക് തത്ത്വചിന്തകരുടെ കൃതികൾ അവലോകനം ചെയ്യുന്ന ഏതൊരാൾക്കും അവർക്ക് സ്ത്രീകളെപ്പറ്റി വളരെ നിന്ദ്യമായ വീക്ഷണങ്ങളാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്താനാകും. സ്ത്രീകൾ പൂർണ്ണ മനുഷ്യരല്ലെന്നും സ്ത്രീയുടെ സ്വഭാവം പൂർണ്ണ മനുഷ്യന്റേതല്ലെന്നും അരിസ്റ്റോട്ടിൽ തന്റെ രചനകളിൽ വാദിച്ചു. അതിനാൽ സ്ത്രീകൾ സ്വഭാവദൂഷ്യമുള്ളവരും വിശ്വസിക്കാൻ കൊള്ളാത്തവരും അവഗണിക്കപ്പെടേണ്ടവരുമാണ്. വാസ്തവത്തിൽ, ഗ്രീക്ക് സമൂഹത്തിന്റെ പല മേഖലകളിലും സ്ത്രീകളുടെ പദവി – വരേണ്യവർഗങ്ങളിലെ വളരെ കുറഞ്ഞ സ്ത്രീകളൊഴിച്ച് – മൃഗങ്ങൾക്കും അടിമകൾക്കും സമാനമായിരുന്നുവെന്ന് കാണാം.

സ്ത്രീകളെക്കുറിച്ചുള്ള ഈ അരിസ്റ്റോട്ടിലിയൻ വീക്ഷണം തന്നെയാണ് പിന്നീട് കത്തോലിക്കാ സഭയുടെ ആദ്യകാല ക്രിസ്ത്യൻ പാരമ്പര്യത്തിലേക്കും പറിച്ചുനടപ്പെട്ടത്. സെന്റ് തോമസ് അക്വിനാസ് തന്റെ രചനകളിൽ സ്ത്രീകൾ സാത്താന്റെ കെണിയാണെന്ന് വാദിക്കുകയുണ്ടായി. ആദാമിന്റെയും ഹവ്വയുടെയും കഥയാണ് അരിസ്റ്റോട്ടിൽ ഉൾപ്പെടെയുള്ള ഗ്രീക്ക് തത്വചിന്തകരുടെ ആശയങ്ങൾക്ക് ഇത്തരമൊരു മാനം നൽകിയത്. പുരുഷന്റെ പതനത്തിന് കാരണം സ്ത്രീകളായിരുന്നുവെന്നും അതിനാൽ സ്ത്രീ സാത്താന്റെ കെണിയാണെന്നും ജാഗ്രതയോടെയും അവരെ കാണണമെന്നും, കാരണം മനുഷ്യരാശിയുടെ ആദ്യ പതനത്തിന് കാരണമായത് അവരാണെന്നും, അങ്ങനെ എല്ലാ തിന്മകളും ഉടലെടുക്കുന്നത് സ്ത്രീകളിൽ നിന്നാണെന്നും അവർ പറഞ്ഞുവെക്കുകയുണ്ടായി. മധ്യകാലഘട്ടങ്ങളിൽ സഭാധ്യക്ഷന്മാരുടെ രചനകളിലുടനീളം ഇത്തരം ചിന്തകൾ വ്യാപകമായിരുന്നു. എന്നാൽ, പ്രൊട്ടസ്റ്റന്റ് നവീകരണവാദത്തിനുശേഷം, കത്തോലിക്കാ സഭയുടെ വിലങ്ങുകൾ പൊട്ടിച്ചെറിയാൻ യൂറോപ്പ് തീരുമാനിച്ചു. ജ്ഞാനോദയത്തിന്റെ യുഗം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാലത്തുണ്ടായ പുതുചിന്തകൾ, തങ്ങളുടെ പഴയ പല ആശയങ്ങളിൽ നിന്നും മോചിതരാകേണ്ടതുണ്ടെന്ന് അവർക്ക് തോന്നിത്തുടങ്ങി. ശാസ്ത്രീയ സ്വഭാവമുള്ള ആശയങ്ങളായിരുന്നു ഇവയിൽ ചിലത്. സൂര്യൻ ഭൂമിയെ ചുറ്റുന്നതിന് പകരം ഭൂമി സൂര്യനെ ചുറ്റുന്നു എന്ന ശാസ്ത്രീയ വാദം അവർ അംഗീകരിച്ചു. കൂടാതെ, മാർട്ടിൻ ലൂഥറിന്റെ രചനകളിലെന്നപോലെ ദൈവശാസ്ത്രപരമായ ആശയങ്ങൾ, സ്ത്രീകൾ സമൂഹത്തിൽ വഹിക്കുന്ന സ്ഥാനം പോലുള്ള സാമൂഹിക ആശയങ്ങൾ തുടങ്ങിയവയിലെല്ലാം അതിന്റെ അനുരണനങ്ങളുണ്ടായി. എങ്കിലും, ജ്ഞാനോദയ കാലത്തെ എഴുത്തുകാരിൽ പലരും അപ്പോഴും സ്ത്രീകൾ പൂർണ്ണ മനുഷ്യരല്ല എന്ന ഈ അടിസ്ഥാനപരമായ കാഴ്ചപ്പാടിനെ കൊണ്ടുനടക്കുകയുണ്ടായി. ഫ്രഞ്ച് വിപ്ലവകാലത്തെ എഴുത്തുകാരായ റൂസോ, വോൾട്ടയർ തുടങ്ങിയവരും സ്ത്രീകളെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ഭാരമായാണ് കണ്ടത്. അതുകൊണ്ടാണ് റൂസോ സ്ത്രീ വിദ്യാഭ്യാസത്തെക്കുറിച്ച് എഴുതിയ ‘എമിലി’ എന്ന പുസ്തകത്തിൽ, പുരുഷന്മാർക്ക് മനസ്സിലാക്കാൻ കഴിയുന്നത്ര സ്ത്രീകൾക്ക് മനസ്സിലാക്കാൻ കഴിയുകയില്ല എന്ന വസ്തുതയെ അടിസ്ഥാനമാക്കിയാണ് സ്ത്രീകൾക്ക് വ്യത്യസ്തമായൊരു വിദ്യാഭ്യാസരീതി നിർദ്ദേശിച്ചതെന്ന് ഞാൻ കരുതുന്നു.

പാശ്ചാത്യർക്ക് പാരമ്പര്യമായി ലഭിച്ച പാരമ്പര്യത്തിൽ മാറ്റങ്ങളുണ്ടാകുന്നത് 1800-കളിൽ സ്ത്രീ എഴുത്തുകാരും ചില പുരുഷന്മാരും ഈ ആശയങ്ങൾ തിരുത്തണമെന്ന വാദം തങ്ങളുടെ രചനകളിൽ ഉന്നയിക്കുന്നതോടെയാണ്. യൂറോപ്പിലെ ആദ്യകാല ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉത്ഭവവും ഇതോടെയാണ് സംഭവിക്കുന്നത്. 1800-കളിൽ പുറത്തിറങ്ങിയ മേരി വാൽസെൻക്രാഫ്റ്റിന്റെ ‘വിൻഡിക്കേഷൻ ഫോർ ദി റൈറ്റ്‌സ് ഓഫ് വിമൻ’ ( Vindication for the Rights of Women ) ആണ് ആദ്യമായി എഴുതപ്പെട്ട സ്ത്രീപക്ഷ പുസ്തകങ്ങളിൽ ഒന്ന്. അതിനുശേഷം സ്ത്രീകൾക്ക് ചില അവകാശങ്ങൾ ലഭിക്കുന്ന സമ്പ്രദായം നിലവിൽ വന്നു. ഇതിൽ ആദ്യത്തേത് അടിസ്ഥാനപരമായ നിയമാവകാശങ്ങളായിരുന്നു. കാരണം 1800-കൾ വരെ സ്ത്രീകൾക്ക് സ്വത്തിന്റെ ഉടമസ്ഥത നേടാനോ പുരുഷന്മാരെപ്പോലെ തങ്ങളുടെ സമ്പത്ത് വിനിയോഗിക്കാനോ കഴിഞ്ഞിരുന്നില്ല. അമേരിക്കയിലും യൂറോപ്പിലുമൊക്കെ സ്ത്രീകളെ സ്വത്ത് കൈവശം വയ്ക്കാൻ അനുവദിച്ച ആദ്യനിയമങ്ങൾ 1800-കളുടെ അവസാനത്തിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടതെന്നത് നമുക്ക് പരിചിതമാണല്ലോ.

വ്യാവസായിക വിപ്ലവമായിരുന്നു ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മറ്റൊരു പ്രചോദനം. ആ സമയത്ത് ഇംഗ്ലണ്ടിലെ കൽക്കരി ഖനികളിലും മറ്റും മണിക്കൂറുകളോളം അദ്ധ്വാനിക്കാൻ സ്ത്രീകൾ നിർബന്ധിതരായി. പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ അവർക്ക് ലഭിക്കുന്ന പ്രതിഫലം നന്നേ കുറവുമായിരുന്നു. അതുകൊണ്ടുതന്നെ, ഒരേ സമയം ജോലി ചെയ്യുന്ന ആളുകൾക്ക് ഒരേ കൂലി ലഭിക്കണം എന്നതായിരുന്നു ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാലത്തെ ആഹ്വാനങ്ങളിലൊന്ന്.

പാശ്ചാത്യ പാരമ്പര്യത്തിൽ രൂഢമൂലമായ ഇത്തരം കാഴ്ചപ്പാടുകൾക്ക് മാറ്റം സംഭവിക്കുന്നത് ഒടുവിൽ ഈ നൂറ്റാണ്ടിലാണ്. രണ്ടാം ലോകയുദ്ധത്തിനു ശേഷം പ്രത്യക്ഷപ്പെട്ട ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൽ നിന്ന് രൂപം കൊണ്ട പുതിയൊരു പ്രസ്ഥാനം, സ്ത്രീകളുടെ നിയമപരമായ അവകാശങ്ങൾ ഉൾപ്പെടെയുള്ള സ്ത്രീ വിമോചനത്തിന് വേണ്ടി ശബ്ദമുയർത്തുകയും സമൂഹത്തിന്റെ ധാർമ്മികബോധ്യങ്ങളെ ചോദ്യം ചെയ്യുകയും സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ലൈംഗിക സ്വാതന്ത്ര്യം വേണമെന്ന വാദം മുന്നോട്ടുവെക്കുകയും ചെയ്തു. വിവാഹം എന്ന സാമൂഹിക സ്ഥാപനവും കുടുംബം എന്ന ആശയവും മറ്റുമാണ് അടിസ്ഥാനപരമായി പ്രശ്‌നങ്ങൾ സൃഷ്ടിച്ചതെന്ന് അവർ വാദിച്ചു. ഇവയിൽ നിന്ന് രക്ഷപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അനേകം പേർ എഴുതുകയും ചെയ്തു. ( തുടരും )

വിവ. മുഹമ്മദ് അഫ്സൽ പി. ടി

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles