Current Date

Search
Close this search box.
Search
Close this search box.

ഇസ് ലാം സ്ത്രീകളുടെ പദവി ഉയർത്തുകയാണ് ചെയ്തത് ( 3 – 3 )

പുരുഷനും സ്ത്രീയും മനുഷ്യത്വം എന്ന ഒരേ സത്തയിൽ പങ്കുചേരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും, ഇസ്ലാം ഇരുവരും വ്യത്യസ്തരാണെന്നും സ്ഥിരീകരിക്കുന്നു. ഈ വ്യത്യാസം സൂചിപ്പിക്കുന്നത് പുരുഷന്മാർ സ്വതവേ നല്ലവരും സ്ത്രീകൾ അന്തർലീനമായി തിന്മയുള്ളവരും ആണെന്നാണോ? അല്ല. ഈയൊരു കാഴ്ചപ്പാടിനെപ്പറ്റിയുള്ള ഖുർആനിക വാക്യത്തിൽ അല്ലാഹു തന്റെ സൃഷ്ടിപ്പിനെ വിവരിച്ചുകൊണ്ട് പറയുന്നതിങ്ങനെയാണ്: നിങ്ങൾ ചക്രവാളത്തിലേക്ക് നോക്കിയാൽ രാത്രി ഒരു ആവരണം പോലെ ചക്രവാളത്തെ പൊതിഞ്ഞതായി കാണാം. ആ രാത്രിയെ സൃഷ്ടിച്ചതവനാണ്. വെട്ടിത്തിളങ്ങുന്ന സൂര്യനെയുപയോഗിച്ച് പകലിനെ സൃഷ്ടിച്ചവനും ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചതും അവൻ തന്നെ. എന്നിട്ട് അടുത്ത സൂക്തത്തിൽ പറയുന്നു: തീർച്ചയായും നിങ്ങൾ മനുഷ്യർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് വൈവിധ്യമാർന്ന ലക്ഷ്യങ്ങൾക്കു വേണ്ടിയാണ്. ചിലർ ദൈവപ്രീതിക്കായി പരിശ്രമിക്കുമ്പോൾ ചിലർ ദൈവത്തോട് അനുസരണക്കേട് കാണിക്കുന്നു. ചിലർ മനുഷ്യർക്ക് നന്മ ചെയ്യാൻ ശ്രമിക്കുമ്പോൾ ചിലർ ദോഷം ചെയ്യാൻ ശ്രമിക്കുന്നു. ഇവിടെ എന്താണ് ഉദാഹരണമായി അല്ലാഹു കൊണ്ടുവന്നതെന്ന് നമുക്ക് പരിശോധിക്കാം. രാവും പകലും പരാമർശിച്ചതിന് ശേഷം അല്ലാഹു പറയുന്നത് ആണിനെയും പെണ്ണിനെയും കുറിച്ചാണ്. ഇതിൽ നിന്നും മനസ്സിലാകുന്നത് രാത്രിയുടെ സൃഷ്ടിപ്പിന് പിന്നിൽ ഒരു ലക്ഷ്യമുണ്ടെന്നാണ്. അതിനെപ്പറ്റി അനവധി സൂക്തങ്ങൾ ഖുർആനിൽ നിങ്ങൾക്ക് കാണാം. രാത്രി മാത്രമായിരുന്നു ഇവിടെ ഉള്ളതെങ്കിൽ മനുഷ്യർക്ക് ഭൂമിയിൽ ജീവിക്കാൻ കഴിയില്ലെന്നും അത് മനുഷ്യരാശിയോട് പറയുന്നു. രാത്രി മാത്രമായിരുന്നെങ്കിൽ സൂര്യപ്രകാശം ഇല്ലാതാവുകയും ശരീരത്തിലെ ചില ഹോർമോണുകൾക്ക് പുനരുൽപ്പാദനം നടത്താനാവുകയില്ലെന്നും മനുഷ്യർ മരിച്ചുപോകുമെന്നും ഇന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയിൽ നമുക്ക് പരിചിതമായ ജീവനുകളൊന്നും ശേഷിക്കില്ല. അതുപോലെ, പകലിന്് പിന്നിലുമുണ്ട് ദൈവികമായ യുക്തി. എന്നാൽ രാത്രി നല്ലതാണെന്നും പകൽ ചീത്തയാണെന്നും ഒരാൾക്ക് വാദിച്ചാലും ആരും വിശ്വസിക്കില്ല. അതുപോലെ ആണിനും പെണ്ണിനും അവരവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. പുരുഷന്റെ ഉത്തരവാദിത്തം സ്വതവേ നല്ലതും സ്ത്രീയുടെ ചീത്തയുമാണെന്ന് പറയാനാവില്ല. നേരെ മറിച്ചും അങ്ങനെത്തന്നെ.

പാശ്ചാത്യ ചിന്തയും ഇസ്്‌ലാമിക വിശ്വാസവും തമ്മിലുള്ള പ്രധാനമായ സംഘട്ടനമാണിത്. വത്തിക്കാനിലോ മറ്റോ ഉള്ള ചില ഭാഗങ്ങളെ മാറ്റിനിർത്തിയാൽ, പുരുഷന്മാരും സ്ത്രീകളും ഒരേ മനുഷ്യത്വത്തെയാണ് പങ്കിടുന്നതെന്നുള്ള പാശ്ചാത്യ ചിന്ത അടിസ്ഥാനപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ മുസ്്‌ലിംകൾ ഇത് വിശ്വസിക്കാൻ തുടങ്ങിയിട്ട് 1400 വർഷമായി. എന്നാൽ പാശ്ചാത്യ ചിന്തയിലുള്ള വ്യത്യാസമെന്തെന്നാൽ, സ്ത്രീകൾ പൂർണാർഥത്തിൽ മനുഷ്യരല്ല എന്ന ആദ്യകാല ചിന്തയുടെ പ്രതികരണമെന്നോണം, സമൂഹത്തിൽ സ്ത്രീയുടെയും പുരുഷന്റെയും പങ്ക് സംസ്‌കാരം, പരിസ്ഥിതി, വളർത്തൽ എന്നിവയാൽ മാത്രമേ നിർവചിക്കപ്പെടുകയുള്ളൂ എന്നവർ വാദിച്ചു എന്നതാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും നിശ്ചിതമായ ഉത്തരവാദിത്തമില്ലെന്നും സമൂഹത്തിന് നല്ല രീതിയിൽ പഠിപ്പിച്ചുകൊടുത്താൽ ഇത് പരസ്പര കൈമാറ്റം നടത്താനാകുമെന്നും അവർ വാദിച്ചു. എന്നാൽ ഇസ്ലാമിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കൃത്യമായ ഉത്തരവാദിത്തങ്ങളുണ്ട്്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ ഉത്തരവാദിത്തത്തെ നിശ്ചയിക്കുന്നയാൾ അവരുടെ സ്രഷ്ടാവാണ്. ഇസ്ലാം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഈ ഉത്തരവാദിത്തങ്ങൾ വിഭജിച്ചു നൽകിയപ്പോൾ, അത് ഇരുവരുടെയും ബാധ്യതകൾക്ക് തുല്യമായ ഉത്തരവാദിത്തങ്ങളാണ് നൽകിയതെന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ഉദാഹരണം പറയാം: ഇസ്്‌ലാമിക വീക്ഷണ പ്രകാരം, സ്ത്രീകൾക്ക് അമ്മയുടെ സ്വഭാവം കൈവരുന്നത് സാംസ്‌കാരിക പാരമ്പര്യം കൊണ്ടോ സാമൂഹിക വ്യവസ്ഥിതി കൊണ്ടോ അല്ല. മറിച്ച് സന്താനങ്ങളെ പരിപാലിക്കുന്നതിൽ അവർ പരമ്പരാഗതമായി മികച്ചവരാണ് എന്നതുകൊണ്ടാണത്. മനുഷ്യന്റെ കേവല പാരമ്പര്യത്തേക്കാൾ മനഃശാസ്ത്രപരവും, ശാരീരികവുമായ ബന്ധമാണത്. തൽഫലമായി, ഇസ്്‌ലാം കുട്ടികളുടെ മേലുള്ള ഉത്തരവാദിത്തങ്ങൾ മിക്കതും സ്ത്രീകളുടെ മേൽ ചുമത്തി. ബാക്കിയുള്ളത് പുരുഷന്മാർക്കും.

അതേ സമയം, ഇസ്ലാമിൽ കുട്ടികൾക്ക് അവരുടെ മാതാവിനോടാണ് പിതാവിനേക്കാൾ കൂടുതൽ കടപ്പാടുകൾ ഉള്ളത്. അതുകൊണ്ടാണ് സ്വഹാബിമാരിലൊരാൾ ആരോടാണ് ഏറ്റവും കൂടുതൽ ഈ ലോകത്ത് ഞാൻ സുഹൃദബന്ധം സ്ഥാപിക്കേണ്ടത് എന്ന് ചോദിച്ചപ്പോൾ മുഹമ്മദ് നബി (സ) ഇങ്ങനെ മറുപടി പറഞ്ഞത്: ‘നിന്റെ ഉമ്മ.’ അപ്പോൾ ആ മനുഷ്യൻ രണ്ടാമതും അതേ ചോദ്യം ആവർത്തിച്ചു. പ്രവാചകൻ വീണ്ടും നിങ്ങളുടെ ഉമ്മ എന്ന മറുപടിയാണ് നൽകിയത്. മൂന്നാമതായി ചോദിച്ചപ്പോഴും അതേ മറുപടി തന്നെ. ഒടുവിൽ നാലാമത്തെ പ്രാവശ്യമാണ് ‘നിന്റെ പിതാവ്’ എന്ന് പറഞ്ഞത്. അതുപോലെ, ഗർഭകാലത്തിന്റെയും ശിശുപരിപാലനത്തിന്റെയും കഷ്ടപ്പാടുകളെയും ബുദ്ധിമുട്ടുകളെയും കുറിച്ച് സൂചിപ്പിച്ചുകൊണ്ട് നിങ്ങളുടെ ഉമ്മ നിങ്ങളെ ഒരു കഷ്ടപ്പാടിൽ നിന്ന് മറ്റൊരു പ്രയാസത്തിലേക്ക് ചുമന്നുവെന്ന് ഖുർആൻ മനുഷ്യരോട് പറയുന്നുണ്ട്. തുടർന്ന് രണ്ട് വർഷം നിങ്ങൾക്ക് ഭക്ഷണം നൽകുകയും, മുലപ്പാൽ നൽകുകയും ചെയ്തതിനെ ഓർമിപ്പിക്കുന്ന ഖുർആൻ നാം നമ്മുടെ മാതാപിതാക്കളോട് അനുകമ്പയോടെ പെരുമാറാൻ ആഹ്വാനം ചെയ്യുകയും നമ്മുടെ ഉപ്പമാർക്ക്് മുമ്പ് ഉമ്മയെ ആദ്യം ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കുട്ടികളുള്ള സ്ത്രീകൾക്ക് പിതാവിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ഉത്തരവാദിത്തമാണ് ഇസ്്‌ലാം കൽപിച്ചിട്ടുള്ളതെങ്കിലും, സ്ത്രീകൾക്ക് തങ്ങളുടെ മക്കളിൽ നിന്ന് പിതാക്കന്മാർക്ക് ലഭിച്ചതിനേക്കാൾ വലിയ ബഹുമാനവും ആദരവും ഇസ്‌ലാം നൽകുന്നു. പിതാക്കന്മാർക്ക് ആദരവ് ഇസ്്‌ലാം നൽകുന്നില്ലെന്നല്ല, അവരുടെ ഉത്തരവാദിത്തത്തിന്റെ അളവനുസരിച്ചുള്ള ആദരവ് ഇസ്്‌ലാം നൽകുന്നുണ്ട്. അതുപോലെ, സാംസ്‌കാരിക പാരമ്പര്യത്തേക്കാൾ തലമുറകൾ കൈമാറിക്കിട്ടുന്നൊരു ബന്ധമാണ് അമ്മയും കുഞ്ഞും തമ്മിലുള്ളത് എന്നതിനാൽ ആ ബന്ധം ഉപ്പയുമായുള്ള ബന്ധത്തേക്കാൾ മഹത്തരമാകുന്നു. കുട്ടിയിൽ നിന്ന് അളവറ്റ ബഹുമാനവും ആദരവും ലഭിക്കുന്ന സ്ത്രീക്ക് അതേ സമയം വലിയൊരു ഉത്തരവാദിത്തമാണ് നിർവഹിക്കാനുള്ളത്.

ലിംഗവ്യത്യാസങ്ങളെ അംഗീകരിക്കുന്ന ഇസ്്‌ലാം, ലിംഗഭേദം എന്നത് വളർത്തലിന്റെയോ സാംസ്‌കാരിക പാരമ്പര്യത്തിന്റെയോ ഫലമായിട്ടുണ്ടാകുന്നതാണെന്ന ആശയത്തിനോട് യോജിക്കുന്നില്ല. കാരണം ആണിനും പെണ്ണിനും ഇടയിൽ അന്തർലീനമായ വ്യത്യാസങ്ങളാണുള്ളത്. ഇത് സ്ഥാപിക്കാനുള്ള ഒരു ഉദാഹരണം മാത്രമാണ് ഞാൻ നേരത്തെ പറഞ്ഞത്. അതിന്റെ ഫലമായി രണ്ട് ലിംഗക്കാരുടെയും കടമകളും ഉത്തരവാദിത്തങ്ങളും ഒരുമിച്ചാണ്. അതിൽ നിന്ന് മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, പുരുഷന്മാരും സ്ത്രീകളും വ്യത്യസ്തരാണെങ്കിലും, അവർ പരസ്പരവിരുദ്ധരല്ല എന്നതാണ്. പാശ്ചാത്യ ചിന്തകളുടെ, പ്രത്യേകിച്ച് ഫെമിനിസ്റ്റ് പാരമ്പര്യങ്ങളുടെയൊക്കെ അടിസ്ഥാനമതാണ്. പുരുഷന്മാരും സ്ത്രീകളും തമ്മിൽ ഒരു സംഘട്ടനം നടക്കുന്നു എന്ന പോലെയുള്ള ഫെമിനിസ്റ്റ് ഭാഷ്യങ്ങളോട് ഇസ്്‌ലാമിന് ഒരു യോജിപ്പും ഇല്ല. രാവും പകലും മാറിവരുന്നത് പോലെ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് പ്രവർത്തിക്കുന്നു. നിങ്ങൾ പകൽ സമയത്തും രാത്രിയിലും ജീവിക്കുന്നു. നിങ്ങൾക്ക് രാത്രിയിലോ പകലിലോ മാത്രമായി ജീവിക്കാൻ കഴിയില്ല. സമാനമായി, പുരുഷന്മാരും സ്ത്രീകളും പരസ്പരം എതിരല്ല. മറിച്ച് ഒരേ ലക്ഷ്യത്തിൽ അവർ പങ്കുചേരുന്നു. അവർക്ക് ലഭിച്ചിട്ടുള്ള വ്യത്യസ്ത ഉത്തരവാദിത്തങ്ങളെ പരസ്പരം പൂരിപ്പിക്കേണ്ടത് മനുഷ്യരാശിയുടെ ഈ ഭൂമിയിലുള്ള വിജയത്തിനും അതിലപ്പുറം തങ്ങളുടെ ആത്യന്തികമായ ലക്ഷ്യമെന്ന് മുസ്്‌ലിംകൾ കാണുന്ന പരലോകത്തെ വിജയത്തിനും അതാവശ്യമാണ്.

നമ്മൾ ഒരുപാട് ചിന്തകളെയും വിശ്വാസങ്ങളെയും ചരിത്രപരമായ ആശയങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയുണ്ടായല്ലോ. എന്നാൽ പ്രയോഗാർത്ഥത്തിൽ മേൽപറഞ്ഞ രണ്ട് കാഴ്ചപ്പാടുകളിൽ ഏതാണ് വിജയകരമാവുക? മതേതര പാശ്ചാത്യ വീക്ഷണമാണോ അതോ ഇസ്്‌ലാമിക വീക്ഷണമാണോ? ഇതിന്റെ നല്ലൊരു ഉദാഹരണം നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു വേനൽക്കാലത്ത് സ്ത്രീകളെക്കുറിച്ചുള്ള യുഎൻ 4-ാമത് ലോക സമ്മേളനത്തിനായി ഞാൻ ബീജിംഗിൽ എത്തിയപ്പോൾ, അവിടെ വിവിധ രാജ്യങ്ങളും സംഘടനകളും പരസ്പര ചർച്ചകൾ നടത്തുന്ന ഒരു വേദി ശ്രദ്ധയിൽപ്പെട്ടു. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ നിലവാരം ഉയർത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ആ വേദിയുടെ ലക്ഷ്യം. തീർച്ചയായും അത് വളരെ ശരിയായ ലക്ഷ്യങ്ങളാണെന്നതിൽ തർക്കമില്ല. ഈ വേദി ദാരിദ്ര്യം, ആരോഗ്യം, സാമ്പത്തികം, സംഘർഷങ്ങളും അക്രമങ്ങളും എന്നിങ്ങനെ 12 വിവിധ മേഖലകളായാണ് തരംതിരിച്ചിട്ടുണ്ടായിരുന്നത്. അതിലൊന്ന് പെൺകുട്ടികളുടെ ഭാവിയെയും അവരുടെ സാഹചര്യങ്ങളെയും പറ്റി ചർച്ച ചെയ്യാനുള്ളതായിരുന്നു. കോൺഫറൻസിന് ആതിഥേയത്വം വഹിച്ച രാജ്യമായ ചൈന പെൺകുട്ടികളെ കൊല്ലുന്ന സമ്പ്രദായത്തിന് കുപ്രസിദ്ധിയാർജിച്ചതാണ്. തങ്ങളുടെ ജനസംഖ്യയാണ് അവർ അതിന് ന്യായമായി പറയുന്നത്. ഒരു ദമ്പതികൾക്ക് ഒരു കുട്ടി മാത്രമേ ആകാവൂ. ചൈനക്കാരുടെ പാരമ്പര്യമനുസരിച്ച് പുരുഷന്മാർ സ്ത്രീകളേക്കാൾ എണ്ണത്തിൽ കുറവാണ്. അതിനാൽ ഭാര്യ ഒരു ആൺകുട്ടിക്ക് ജന്മം നൽകുമെന്ന പ്രതീക്ഷയിൽ സാധാരണയായി പെൺകുഞ്ഞിനെ കൊന്നുകളയുന്നു. ആതിഥേയർ ചൈനയായതിനാൽ, ഈ പ്രശ്‌നത്തെ ഉയർത്തിക്കാട്ടാൻ ഐക്യരാഷ്ട്രസഭ തയ്യാറായില്ല. ചൈനയിൽ ആ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുന്നത് രാഷ്ട്രീയമായി ശരിയല്ലാത്തതിനാൽ അവർ അതിനെക്കുറിച്ച് സംസാരിക്കാൻ പോലും തയ്യാറായില്ല. വിദേശ പൗരൻമാർ പാലിക്കേണ്ട ചില നിയന്ത്രണങ്ങളും മറ്റും അവർ പാസാക്കിയിട്ടുണ്ടെങ്കിലും, ഒരുപക്ഷേ ഇരുപത്തഞ്ചോ അമ്പതോ വർഷങ്ങൾ പിന്നിട്ടാലും പെൺകുട്ടികളുടെ നില കാര്യമായി മെച്ചപ്പെടില്ല.

രണ്ടാം ലോകയുദ്ധത്തിനുശേഷം ഐക്യരാഷ്ട്രസഭ സൃഷ്ടിക്കപ്പെട്ടതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന്, യൂറോപ്പിലെ ദശലക്ഷക്കണക്കിന് മനുഷ്യരെ, ആറ് ദശലക്ഷം ജൂതന്മാരെ കൊന്നൊടുക്കിയ ഹോളോകോസ്റ്റ് ആയിരുന്നു. അമ്പത് വർഷങ്ങൾക്ക് ശേഷം, യുഎൻ അമ്പതാം വാർഷികം ആഘോഷിക്കുന്ന അതേ വർഷം, യൂറോപ്പിൽ ബോസ്‌നിയൻ വംശജരുടെ ഒരു വംശഹത്യ നടക്കുകയുണ്ടായി. കഴിഞ്ഞ അൻപത് വർഷത്തിനിടയിലെ ഒരു മനുഷ്യാവകാശ പ്രഖ്യാപനങ്ങൾക്കും ഭൂമിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. പ്രവാചകൻ മുഹമ്മദ് (സ്വ) അറബികളിലേക്ക് അയക്കപ്പെട്ടപ്പോഴും അവർക്കിടയിൽ ഇത്തരമൊരു രീതി വ്യാപകമായിരുന്നു. അവർ തങ്ങളുടെ പെൺകുഞ്ഞുങ്ങളെ കൊല്ലുന്നത് പതിവായിരുന്നു. പല കാരണങ്ങളാൽ പ്രത്യേകിച്ചും ദാരിദ്ര്യം കാരണത്താൽ അറബികൾ അവരുടെ പെൺകുട്ടികളെ കൊന്നുകളഞ്ഞു. വ്യവസായമോ ഏതെങ്കിലും തരത്തിലുള്ള വ്യാപാര മാർഗങ്ങളോ ഇല്ലാത്ത മരുഭൂമിയിലെ ജനവിഭാഗമായതിനാൽ നിലനിൽപ്പിനുള്ള അവസരങ്ങൾ അവർക്കു മുമ്പിൽ നന്നേ ശുഷ്‌കമായിരുന്നു. തൽഫലമായി, ദാരിദ്ര്യം ഭയന്ന് അവർ തങ്ങളുടെ പെൺകുഞ്ഞുങ്ങളെ കൊല്ലുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യുകയായിരുന്നു. ഖുർആനിൽ പരാമർശിച്ചിരിക്കുന്നതും മുഹമ്മദ് നബി (സ്വ) യുടെ കാലത്ത് വ്യാപകമായിരുന്നതുമായ ഒരു വസ്തുതയാണിത്. പെൺകുഞ്ഞിനെ കൊല്ലുകയും മണ്ണിൽ കുഴിച്ചിടുകയും ചെയ്യുന്ന ആചാരത്തെയും പെൺകുട്ടികളോടുള്ള അറബികളുടെ മനോഭാവത്തെയും അല്ലാഹു ഖുർആനിൽ അപലപിക്കുന്നതായി കാണാം. ഖുർആനിലെ ഒരു വാക്യം ഇങ്ങനെയാണ്: ‘അവന്റെ ഭാര്യ ഒരു പെൺകുട്ടിക്ക് ജന്മം നൽകി എന്ന സന്തോഷവാർത്ത അവനറിയുമ്പോൾ അവന്റെ മുഖം കറുത്തുപോവുകയും അവനത് നാണക്കേടാകുമെന്നോർത്ത് ആരുമായും പങ്കുവെക്കാതിരിക്കുകയും ചെയ്യും. ‘അല്ലെങ്കിൽ അവൻ അതിനെ മണ്ണിൽ കുഴിച്ചിടും’, ഈ സൂക്തം മേൽപറഞ്ഞ ദുരാചാരത്തെ ശക്തമായി അപലപിക്കുന്നു. അതുപോലെ മുഹമ്മദ് നബി (സ്വ)യുടെ അനുചരന്മാരിൽ പലരും ഇസ്്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് തങ്ങളുടെ പെൺകുഞ്ഞുങ്ങളെ കൊന്നുകളഞ്ഞിരുന്നു. ഒരാൾ മുഹമ്മദ് നബി(സ്വ)യുടെ അടുക്കൽ വന്ന് ഇങ്ങനെ പറയുകയുണ്ടായി: ജീവിതകാലത്ത് എന്റെ പത്ത് പെൺമക്കളെ ഞാൻ കൊന്നു. അക്കാരണത്താൽ എനിക്ക് സ്വർഗം നിഷേധിക്കപ്പെടുമോ? വിഗ്രഹങ്ങളെ ആരാധിക്കുകയും പെൺകുഞ്ഞുങ്ങളെ കൊല്ലുകയും മറ്റും ചെയ്തിരുന്ന ആ വിജാതീയ മതം ഞാൻ ഉപേക്ഷിച്ചതിനാൽ, എന്റെ പശ്ചാത്താപം ദൈവം സ്വീകരിക്കുമോ? പ്രവാചകൻ പ്രബോധനദൗത്യവുമായി രംഗത്തുണ്ടായിരുന്ന 23 വർഷത്തിനുള്ളിൽ തന്നെ അറബികൾക്കിടയിലെ ഈ ദുരാചാരം അവസാനിക്കുകയുണ്ടായി. അതിനു പുറമേ, സ്ത്രീകളോടുള്ള മനോഭാവത്തിലും കാര്യമായ മാറ്റം കൈവന്നു. ഇസ്്‌ലാം അവരെ അഭ്യസ്തവിദ്യരാക്കുകയും ധാർമികതയുള്ളവരാക്കി മാറ്റുകയും ചെയ്തു.

സ്വർഗം മാത്രമാണ് ഒരു മുസ്്‌ലിമിന്റെ ഏറ്റവും വലിയ ലക്ഷ്യവും പ്രചോദനവും അവരുടെ ഉൺമക്ക് കാരണവും. അതിനാൽ ഇസ്്‌ലാം പെൺകുട്ടികളെ കൊല്ലുക എന്ന മോശം വശം നീക്കം ചെയ്യുക മാത്രമല്ല, പെൺകുട്ടികളെ പഠിപ്പിക്കുകയും അവരെ സമൂഹത്തിന്റെ ഭാഗമാക്കുകയും ചെയ്യുകയുണ്ടായി. ഇതാണ് ഞാൻ പറഞ്ഞുവന്നത്. എന്നാൽ ഇത്രയും കാലത്തിനിടക്ക് നടന്ന മനുഷ്യാവകാശങ്ങളുടെ പ്രഖ്യാപനങ്ങൾക്കൊന്നും തന്നെ, അവ ശരിയോ തെറ്റോ ആകട്ടെ, പ്രസ്താവിച്ച ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. ബോസ്‌നിയൻ വിഷയത്തിൽ യുഎൻ സ്വീകരിച്ച നിലപാട് അതിനൊരുദാഹരണമാണ്. ബോസ്‌നിയൻ വംശഹത്യ അൻപത് വർഷങ്ങൾക്ക് മുമ്പ് യുഎൻ ആരംഭിച്ച അതേ ആളുകളുടെ കൈകളാൽ തന്നെ സംഭവിച്ചത്. ഇക്കാര്യത്തിൽ അവർക്ക് ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ലെന്നർഥം. നേരത്തെ സൂചിപ്പിച്ചതുപോലെ, ഇസ്്‌ലാമിക നാഗരികത മറ്റേതൊരു നാഗരികതയിൽ നിന്നും വ്യത്യസ്തമായി ദിവ്യബോധനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്ത്രീകളുടെ പിന്തുണയാലാണ് അതിവിടെ സ്ഥാപിക്കപ്പെട്ടതും. മുഹമ്മദ് നബി (സ) യിൽ ആദ്യമായി വിശ്വസിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ഖദീജയായിരുന്നു. പ്രവാചകത്വത്തിന്റെ ആദ്യ വർഷങ്ങളിൽ, അവരുടെ സാമ്പത്തിക പിന്തുണയിലൂടെയും പ്രോത്സാഹനത്തിലൂടെയും ദിവ്യസന്ദേശത്തെ പ്രചരിപ്പിക്കാൻ പ്രവാചകന് കഴിഞ്ഞു. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടപ്രകാരമുള്ള വിശ്വാസം തെരെഞ്ഞെടുക്കാം എന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയങ്ങൾ വിജാതീയർക്ക് അന്യമായിരുന്നു. തങ്ങളുടെ വഴികളിൽ നിന്നും മാറി നടക്കുന്ന, പാരമ്പര്യത്തിനെതിരെയുള്ള ഒരു കലാപമായാണ് അവർക്കത് അനുഭവപ്പെട്ടത്. അതിനാൽ പീഡനത്തിലൂടെയും കൊലയിലൂടെയും തങ്ങൾക്ക് കഴിയുന്ന മറ്റെല്ലാ മാർഗങ്ങളിലൂടെയും അതിനെ തടയാൻ അവർ ശ്രമിച്ചു. അതുപോലെ, പ്രവാചകൻ മുഹമ്മദ് (സ്വ) അറേബ്യയിലെ ജനങ്ങളെ പരിവർത്തനം ചെയ്യാൻ ശ്രമിച്ചപ്പോഴും ഇസ്്‌ലാമിക പാരമ്പര്യത്തെ തടയാൻ അവർ ശ്രമിച്ചു. എന്നാൽ നിങ്ങൾക്കറിയാവുന്നതുപോലെ ലോകത്ത് നൂറ് കോടിയോളം മുസ്്‌ലിംകൾ ഇന്നുണ്ട്. ലോകത്തിന്റെ എല്ലാ ഭൂഖണ്ഡങ്ങളിലും അവരുടെ സാന്നിധ്യമുണ്ട്. ബീജിംഗിലും ആയിരത്തിലധികം വർഷം പഴക്കമുള്ള ഒരു പള്ളി ഉണ്ടായിരുന്നു. അമ്പതിനായിരത്തോളം മുസ്്‌ലിംകൾ അവിടെ താമസിക്കുന്നു. ഇസ്ലാമിന്റെ വളർച്ചയും ഇസ്ലാമിന്റെ സ്പിരിറ്റും ഒരു മിഡിൽ ഈസ്റ്റേൺ പ്രതിഭാസമോ അറേബ്യൻ പ്രതിഭാസമോ മാത്രമല്ലെന്നും ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യരിലേക്കും വംശങ്ങളിലേക്കും അത് വ്യാപിക്കുന്നതെങ്ങനെയെന്നും ഇത് വ്യക്തമാക്കുന്നു.

ഇരുപത്തിമൂന്ന് വർഷത്തെ പ്രബോധന ശേഷം മുഹമ്മദ് നബി (സ്വ) വഫാത്തായപ്പോൾ, ഇസ്്‌ലാം അറേബ്യയിൽ മാത്രമേ പ്രചരിച്ചിരുന്നുള്ളൂ. ഇസ്്‌ലാമിനെ അടിസ്ഥാനപരമായി പ്രചരിപ്പിച്ചത് പ്രവാചകരുടെ അധ്യാപനം ഏറ്റവും കൂടുതൽ ലഭിച്ച നാലോ അഞ്ചോ വ്യക്തികളാണ്. അവരിലൊരാളായിരുന്നു പ്രവാചക പത്‌നിയായ ആഇശ(റ)യും. അവരേക്കാൾ പ്രവാചകരുടെ പ്രസ്താവനകൾ അഥവാ ഹദീസുകൾ ഏറ്റവും കൂടുതൽ വിവരിക്കുകയും മതപരമായ വിധികൾ പുറപ്പെടുവിക്കുകയും ഖുർആനിക സൂക്തങ്ങളുടെ ആശയസന്ദർഭങ്ങൾ വിശദീകരിക്കുകയും ചെയ്ത വേറൊരാളും അന്നുണ്ടായിരുന്നില്ല.

മനുഷ്യരാശിയുടെ ചരിത്രത്തിലെ മറ്റേതൊരു നാഗരികതയിലേക്കും നോക്കിയാലും അതിന്റെ സംസ്ഥാപനത്തിൽ ഒരു സ്ത്രീ എന്തെങ്കിലുമൊരു പങ്കുവഹിക്കുന്നതായി നിങ്ങൾ കാണാനാവില്ല. ഗ്രീക്കുകാർ – തത്വചിന്തകരായ പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയവരൊക്കെയും – എല്ലാവരും പുരുഷന്മാരായിരുന്നു. ആദ്യകാല രചനകൾ നിർവഹിച്ച സഭാനേതാക്കളെല്ലാം പുരുഷന്മാരായിരുന്നു. ഇന്നും ക്രിസ്ത്യൻ സഭകളിൽ സ്ത്രീകളുടെ സ്‌കോളർഷിപ്പ് ചില മേഖലകളിൽ മാത്രം പരിമിതമാണ്. ഫ്രഞ്ച് വിപ്ലവത്തിലെ ഫ്രഞ്ച് എഴുത്തുകാരും റഷ്യക്കാരുമെല്ലാം പുരുഷന്മാരായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സ്ഥാപകർ പുരുഷന്മാരായിരുന്നു. മറ്റ് നാഗരികതകളും അടിസ്ഥാനപരമായി പുരുഷന്മാരെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്ത്രീകളുടെ പ്രയത്നത്തെ അടിസ്ഥാനമാക്കി സ്ഥാപിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്ത മനുഷ്യരാശിക്ക് അറിയാവുന്ന ഒരേയൊരു നാഗരികത ഇസ്്‌ലാം മാത്രമാണ്. ഇസ്ലാം സ്ത്രീകളെ എങ്ങനെ ഉയർത്തിക്കൊണ്ടുവന്നു എന്നതിനെക്കുറിച്ചുള്ള എന്റെ ചില ആലോചനകൾ മാത്രമാണിത്. ( അവസാനിച്ചു )

വിവ. മുഹമ്മദ് അഫ്സൽ പി. ടി

???? കൂടുതല്‍ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles