ഒടുവിൽ 1990-കൾ ആയപ്പോഴേക്കും പാശ്ചാത്യ രാജ്യങ്ങളിൽ പ്രാബല്യം നേടിയ വാദം ലിംഗഭേദങ്ങളെക്കുറിച്ചാണ് (Gender) നമ്മൾ ചർച്ച ചെയ്യേണ്ടത്, ലിംഗത്തെക്കുറിച്ചല്ല (Sex) എന്നതാണ്. ‘ദി എയ്ജ് ഓഫ് എക്‌സ്ട്രീംസ്’ എന്ന പുസ്തകവും ഈ ആശയം പ്രകടിപ്പിക്കുകയുണ്ടായി. സ്ത്രീക്കും പുരുഷനുമിടയിൽ വ്യത്യാസമില്ലെന്നും ലിംഗഭേദമുണ്ടായത് പരിസ്ഥിതി കാരണം മാത്രമാണെന്നും ഗ്രന്ഥകാരൻ പറയുന്നു. അതുകൊണ്ട് പരിസ്ഥിതിയിലും, വിദ്യാഭ്യാസത്തിലും കാലാവസ്ഥയിലും മാറ്റം വരുത്തിക്കൊണ്ട് പുരുഷന്മാരുടെയും സ്ത്രീകളുടെയും കർത്തവ്യങ്ങൾ പരസ്പര കൈമാറ്റം ചെയ്യാൻ കഴിയുന്ന തരത്തിലേക്ക് നമ്മൾ മാറണം. അഥവാ, 2500 വർഷം പഴക്കമുള്ള പാശ്ചാത്യ പാരമ്പര്യത്തിൽ, ഗ്രീക്ക് സ്ത്രീകൾക്ക് മാനവികത വരെ നിഷേധിക്കപ്പെട്ട ആദ്യത്തെ മൂർദ്ധന്യാവസ്ഥയിൽ നിന്ന്, ലിംഗങ്ങൾ തമ്മിൽ വ്യത്യാസങ്ങളില്ലാത്ത ലിംഗഭേദം, കാലാവസ്ഥ, പരിസ്ഥിതി എന്നിവ പരിഗണിച്ച് ലിംഗം തീരുമാനിക്കുന്ന മറ്റൊരു മൂർദ്ധന്യാവസ്ഥയിലേക്ക് നമ്മൾ എത്തിച്ചേർന്നിരിക്കുന്നു. നമ്മൾ ആദ്യം പരാമർശിച്ച ലോക വീക്ഷണത്തിന്റെ ഹ്രസ്വമായൊരു സംഗ്രഹമാണിത്.
ഞാൻ കൂടുതൽ വിശദമായി സംസാരിക്കാൻ ആഗ്രഹിക്കുന്നത് ഇസ് ലാമിക വീക്ഷണത്തെപ്പറ്റിയാണ്. സ്ത്രീകളുടെ പ്രശ്‌നത്തെ ഇസ് ലാം കാണുന്നതെങ്ങനെയാണ്? ഉദാഹരണം പറഞ്ഞാൽ ഗ്രീക്ക് തത്ത്വചിന്തകർക്കോ ഫ്രഞ്ച് വിപ്ലവത്തിന് ശേഷമുള്ള എഴുത്തുകാർക്കോ സമാനമായി മുസ്ലിംകൾ തങ്ങളുടെ സങ്കൽപ്പങ്ങളും ആശയങ്ങളും വിശ്വാസങ്ങളും സഹജീവികളുടേതാണെന്ന് കരുതുന്നില്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ തങ്ങൾക്ക് പഠിപ്പിക്കപ്പെട്ടതും, തങ്ങൾ വിശ്വസിക്കുന്നതും, തങ്ങൾ അനുഷ്ഠിക്കുന്നതുമായ കാര്യങ്ങളെല്ലാം പരസ്പരബന്ധിതമാണെന്നും ദൈവം തങ്ങൾക്ക് നൽകിയ ദൈവിക വെളിപാടിന്റെ ഭാഗമാണെന്നും അവർ വിശ്വസിക്കുന്നു. ദൈവത്തിൽ നിന്നുള്ള വെളിപാടായതിനാൽ അതിന്റെ സത്യാവസ്ഥയിൽ സംശയത്തിനിടമില്ല. താൻ സൃഷ്ടിച്ചത് എന്താണെന്ന് ദൈവത്തിന് വ്യക്തമായി ബോധ്യമുണ്ട് എന്നതാണ് വാദം. അവൻ മനുഷ്യരെ സൃഷ്ടിച്ചു എന്നതുകൊണ്ടും അവൻ സർവ ജ്ഞാനത്തിന്റെയും ഉടമയാണ് എന്നതുകൊണ്ടും ഏറ്റവും മികച്ചത് എന്താണെന്ന് അവനറിയാം. അതിനാൽ, അവന്റെ സൃഷ്ടികളായ മനുഷ്യരാശിക്ക് യോജിച്ചത് അവൻ വിധിക്കുന്നു. ആ വിശ്വാസത്തിന്റെ പ്രകടനമായ ഒരു നിയമസംഹിതയിൽ അഥവാ ശരീഅത്തിൽ അധിഷ്ഠിതമായി ജീവിക്കാൻ മുസ്്‌ലിംകൾ ശ്രമിക്കുന്നു.
നമ്മുടെ ചർച്ചാവിഷയം അല്ലാത്തതിനാൽ ഇസ്്‌ലാമിക നിയമസംഹിതയെപ്പറ്റി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഞാൻ ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നത് ഇസ്്‌ലാം സ്ത്രീകളെ എങ്ങനെയാണ് കാണുന്നത്, അതായത് ഇസ്്‌ലാമിൽ സ്ത്രീത്വം എന്നതിന്റെ വിവക്ഷ എന്താണ് എന്നതൊക്കെയാണ്. ആദ്യകാല ഗ്രീക്ക് തത്വജ്ഞാനികളെപ്പോലെയോ ആദ്യകാല ക്രിസ്ത്യൻ പുരോഹിതന്മാരെപ്പോലെയോ സ്ത്രീകൾ പൂർണ മനുഷ്യരല്ലെന്ന് മുസ്്‌ലിംകൾ വിശ്വസിച്ചിരുന്നോ? സ്ത്രീകൾ സാത്താന്റെ കെണിയിൽ അകപ്പെട്ടവരാണെന്നതിനാൽ അവരെ അവഗണിക്കുകയും തങ്ങളുടെ നിലനിൽപിന് അപകടകരവുമായി കാണുകയും ചെയ്യണമെന്ന് അവർക്ക് തോന്നിയിട്ടുണ്ടോ? അവർ എങ്ങനെയാണ് സ്ത്രീകളെ മനസ്സിലാക്കിയത്? ഖുർആൻ എന്ന ദിവ്യബോധനത്തെ അടിസ്ഥാനമാക്കിയുള്ള ഇസ്ലാമിക പാരമ്പര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഏതൊരാൾക്കും അത് പഠിപ്പിക്കുന്നത് പുരുഷന്മാരും സ്ത്രീകളും ഒരേ കുലത്തിൽ പെട്ടവരും അവർക്കിടയിൽ മാനുഷിക പ്രകൃതിയുടെ അളവിൽ വ്യത്യാസമില്ലെന്നുമാണ്. നമുക്ക് ഇപ്പോൾ അത് നിസ്സാരമായി തോന്നിയേക്കാമെങ്കിലും ഞാൻ പറഞ്ഞതുപോലെ, സ്ത്രീകൾ സമ്പൂർണ്ണ മനുഷ്യരല്ല എന്ന് കണ്ടിരുന്ന പാശ്ചാത്യ നാഗരികതയുടെ പ്രാരംഭകാലത്തെ പരിഗണിക്കുമ്പോൾ ഇത് ഒരു വസ്തുതയാണ്. 1400 വർഷങ്ങൾക്ക് മുമ്പ് അവതരിച്ച വിപ്ലവകരമായ ഒരു ആശയമാണ് ഇസ്്‌ലാമിന്റേതെങ്കിൽ, കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രമാണ് പാശ്ചാത്യ ബൗദ്ധിക വൃത്തങ്ങളിൽ സ്ത്രീകൾ പൂർണ്ണ മനുഷ്യരാണെന്ന കാര്യം അംഗീകരിക്കപ്പെട്ടതെന്നോർക്കണം.
മനുഷ്യകുലത്തിന്റെ ഉത്ഭവത്തെപ്പറ്റി ഖുർആൻ പറയുന്നതിങ്ങനെയാണ്: ‘മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽനിന്നും പെണ്ണിൽനിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയൻ നിങ്ങളിൽ കൂടുതൽ സൂക്ഷ്മതയുള്ളവനാണ്; തീർച്ച. അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.’ [49:13] ഈ ഖുർആനിക വാക്യം പഠിപ്പിക്കുന്നത് മനുഷ്യർ സൃഷ്ടിക്കപ്പെട്ടത് ഒരൊറ്റ ആണിൽ നിന്നും പെണ്ണിൽ നിന്നുമാണെന്നാണ്. മനുഷ്യപ്രകൃതിയുടെ കാര്യത്തിൽ ആണും പെണ്ണും തുല്യനിലയിലാണെന്നാണ് ഇതിന്റെ സൂചന. അതുപോലെ സൂറത്തുന്നിസാഇൽ (ഇതിലെ പ്രധാന ചർച്ചാവിഷയം സ്ത്രീകളായതിനാലാണ് ഇതിന് ഇപ്രകാരം പേര് ലഭിച്ചത്) നിന്നുള്ള മറ്റൊരു വാക്യം ഇങ്ങനെ: ‘ജനങ്ങളേ, നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഒരൊറ്റ സത്തയിൽനിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവൻ. അതിൽനിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവൻ വ്യാപിപ്പിച്ചു.’ [4:1] സ്ത്രീകളും പുരുഷന്മാരുമുൾപ്പെടുന്ന എല്ലാ മനുഷ്യരും ഒരൊറ്റ ഉറവിടത്തിൽ നിന്നും, ഒരൊറ്റ കുടുംബത്തിൽ നിന്നും, ഒരു കൂട്ടം മാതാപിതാക്കളിൽ നിന്നും ഉണ്ടായതാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്. അഥവാ, സ്ത്രീകളെയും പൂർണാർഥത്തിൽ മനുഷ്യരായി ഇസ്്‌ലാം പരിഗണിക്കുന്നുണ്ടെന്നർഥം.
സമാനമായി ഇസ്ലാമിന്റെ രണ്ടാമത്തെ ജ്ഞാനസ്രോതസ്സായ മുഹമ്മദ് നബി (സ്വ) യുടെ ഹദീസ് പാരമ്പര്യങ്ങളിലും തീർച്ചയായും സ്ത്രീകൾ പുരുഷന്മാരുടെ ഇരട്ടകളാണെന്ന് പറഞ്ഞതായി കാണാം. ഇരട്ടപങ്കുകൾ എന്ന് ഞാൻ പരിഭാഷപ്പെടുത്തിയ ‘ഷഖാഇഖ്’ എന്ന അറബി പദത്തിന്റെ ഉദ്ദേശ്യം എന്തെങ്കിലുമെടുത്ത് അതിനെ രണ്ടായി പിളർത്തുക എന്നാണ്. ഏക മനുഷ്യകുലമേ ഉള്ളൂവെന്നും അവർ ഒരൊറ്റ സത്തയാണ് പങ്കിടുന്നതെന്നും, അതിന്റെ ഇരട്ട പകുതികളാണ് പുരുഷനും സ്ത്രീയുമെന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്. ഖുർആനിൽ തന്നെ ഇത് പലയിടത്തും ആവർത്തിക്കുന്നുണ്ട്. മുഹമ്മദ് നബി (സ്വ)യുടെ വാക്കുകളും ഊന്നിപ്പറയുന്നത് ഇതുതന്നെ. പരമ്പരാഗത പാശ്ചാത്യ നാഗരികത സ്ത്രീകളെ മാനവികതയിൽ പങ്കുചേരാത്തവരായി എങ്ങനെ കണ്ടുവെന്ന് ആലോചിക്കുമ്പോൾ മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. സ്ത്രീകളും പുരുഷന്മാരും പൂർണ്ണ മനുഷ്യരാണെന്ന് ഇപ്പോൾ നമ്മൾ കരുതുന്നതിനാൽ അതിൽ വലിയ ആശ്ചര്യമൊന്നും നമുക്ക് തോന്നിയേക്കില്ല. എന്നാൽ ഈയൊരു തിരിച്ചറിവ് പാശ്ചാത്യ പാരമ്പര്യങ്ങളിൽ വളരെ വൈകിയാണ് സംഭവിച്ചത്.
നമുക്ക് അതിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാം. മനുഷ്യരാശിയുടെ ലക്ഷ്യം എന്താണ്? എന്താണവർ ഭൂമിയിൽ നിലനിൽക്കുന്നതിന്റെ ഉദ്ദേശ്യം? അവർ എന്ത് ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് പരിശ്രമിക്കുന്നത്? അവർ ആ ലക്ഷ്യങ്ങൾക്കായി പരിശ്രമിക്കുകയോ പരിശ്രമിക്കാതിരിക്കുകയോ ചെയ്താൽ അവർക്ക് എന്ത് സംഭവിക്കും? ഇസ്ലാമിനെ ധർമ സംസ്ഥാപനത്തിനായി ദൈവത്തിൽ നിന്നുമിറങ്ങിയ ദിവ്യബോധനമായി കാണുന്നതിനാൽ, ഭൂമിയിൽ മനുഷ്യർക്ക് ഒരു നിശ്ചിത ലക്ഷ്യമുണ്ടെന്നാണ് മുസ്ലിംകൾ കരുതുന്നത്. എല്ലാ സൃഷ്ടികൾക്കും പിന്നിൽ ദൈവിക ജ്ഞാനമുണ്ടെന്ന് മുസ്്‌ലിംകൾ വിശ്വസിക്കുന്നു. ഐഹിക സുഖങ്ങളല്ല മനുഷ്യരുടെ ലക്ഷ്യം. ആ ലക്ഷ്യം ഇസ്ലാമിന്റെ അധ്യാപനത്തിലൂടെ അവർക്കു മുമ്പിൽ തുറന്നിടപ്പെട്ടിട്ടുണ്ട്. ദൈവത്തെ ആരാധിക്കാനായി സൃഷ്ടിക്കപ്പെട്ടവരാണ് മനുഷ്യർ എന്നതാണത്. തന്നെ ആരാധിക്കാൻ വേണ്ടി മാത്രമാണ് മനുഷ്യരെ സൃഷ്ടിച്ചതെന്ന് ഖുർആനിലൂടെ അല്ലാഹു പറയുന്നു. അതിനാൽ, മനുഷ്യത്വത്തിന്റെ സാരാംശം ആണിനും പെണ്ണിനും ഇടയിൽ ഒന്നുതന്നെ. ദൈവത്തെ ആരാധിക്കുക എന്ന ഒരേ ലക്ഷ്യമാണ് ഇരുവരും പങ്കിടുന്നത്. ഇസ്്‌ലാമിക സംസ്‌കാരവും നാഗരികതയും മതവിശ്വാസത്തിൽ വേരൂന്നിയതാണെന്ന് നിങ്ങൾക്കറിയാം. അമേരിക്കൻ നാഗരികത എന്തിൽ വേരൂന്നിയതാണ്? യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ സ്ഥാപകരുടെ രചനകളിലോ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലൂടെ സ്ഥാപിക്കപ്പെട്ട ആദർശങ്ങളോ ആണതിന്റെ വേരുകൾ. ചില ആദ്യകാല എഴുത്തുകാരോ സ്ഥാപകരോ എഴുതിയ രാജവാഴ്ചയെയും ജനാധിപത്യത്തെത്തയും പറ്റിയുള്ള ചില വാദങ്ങളിൽ വേരൂന്നിയതാണിത്. അതിനാൽ ഒരു രാഷ്ട്രീയ ചിന്തയിലാണ് അതിന്റെ അടിത്തറ. ഒരുപക്ഷേ ക്രിസ്തുമതത്തിന്റെ ഭാഗമായിട്ടുള്ള ചില ആശയങ്ങളിലേക്ക് ചെന്നെത്തുന്ന ചില പാരമ്പര്യങ്ങൾ ഇതിന് ഉണ്ടായിരിക്കാം. സത്തയിൽ തന്നെ ഒരു മതമായ ഇസ്്‌ലാമിൽ നിന്ന് വ്യത്യസ്തമായി, സാരാംശത്തിൽ തന്നെ ഒരു രാഷ്ട്രീയ ചിന്തയാണ് അമേരിക്ക എന്നത്. 1400 വർഷം പഴക്കമുള്ള ഇസ്്‌ലാമിന്റെ നാഗരികത മതത്തിൽ വേരൂന്നിയ ഒന്നാണ്.
ഒരു മുസ്്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ലക്ഷ്യം ദൈവത്തെ സേവിക്കുക, ദൈവത്തെ മാത്രം ആരാധിക്കുക എന്നതാണ്. മുസ്്‌ലിം എന്നത് ഒരു വംശീയ വിഭാഗത്തിന്റെ പേരല്ല, കീഴ്‌പെടുന്നവൻ എന്നാണ് അതിന്റെ അർഥം. ഇസ്്‌ലാം എന്നാൽ ദൈവഹിതത്തിന് കീഴടങ്ങുക അല്ലെങ്കിൽ ദൈവത്തിന് സ്വമേധയാ സമർപ്പിക്കുക എന്നതായതിനാൽ ഇസ്്‌ലാം ആത്യന്തികമായി സമർപ്പണത്തിന്റെ മതമാണ്. ഇസ്്‌ലാമിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു വശം പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും ഒരേ ഉത്തരവാദിത്തങ്ങൾ പ്രതീക്ഷിക്കപ്പെടുന്നു എന്നതാണ്. ആരാധനക്കർഹൻ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് (സ്വ) അവന്റെ ദൂതനാണെന്നും സാക്ഷ്യപ്പെടുത്താൻ പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ബാധ്യസ്ഥരാണ്. ഇസ്ലാമിന്റെ രണ്ടാമത്തെ തൂണായ ദിവസവുമുള്ള അഞ്ചു നേരത്തെ പ്രാർഥന, റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനം, മക്കയിലേക്കുള്ള തീർത്ഥാടനം, നിർബന്ധിത ദാനം തുടങ്ങിയ കാര്യങ്ങളിലെല്ലാം പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ബാധ്യതയുണ്ട്. ഇസ്്‌ലാമിന്റെ വിശ്വാസങ്ങളിലും ധാർമ്മികമൂല്യങ്ങളിലും പെരുമാറ്റങ്ങളിലുമെല്ലാം ഇരുവരും ഒരുപോലെ ബാധ്യസ്ഥരാണ്.
പുരുഷന്മാരും സ്ത്രീകളും പങ്കിടുന്ന ഈ ഇസ്ലാമികപരമായ സ്വഭാവങ്ങൾ തന്നെയാണ് മുസ്ലിമിനെ അമുസ്ലിമിൽ നിന്നും വ്യതിരിക്തനാക്കുന്നത്. ഇത് മതങ്ങളുടെ പരമ്പരാഗത രീതിയിൽ നിന്ന് വ്യതിചലിക്കുന്നു എന്നതിനാൽ ഇത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, CE 560-ൽ പ്രവാചകൻ മുഹമ്മദ് (സ്വ) ജനിക്കുന്നതിന് അമ്പത് വർഷം മുമ്പ് സ്ത്രീകൾക്ക് ആത്മാക്കൾ ഉണ്ടോ ഇല്ലയോ എന്ന് ചർച്ച ചെയ്യാൻ ഫ്രാൻസിൽ ബിഷപ്പുമാരുടെ ഒരു സമ്മേളനം നടന്നതായി നമുക്ക് കാണാം. അവർക്ക് ആത്മാക്കളുണ്ടെങ്കിൽ ഭൂമിയിലെ അവരുടെ ഉദ്ദേശ്യമെന്താണ്? ദൈവത്തെ ആരാധിക്കുക എന്നതാണോ? അവർ ദൈവത്തെ ആരാധിച്ചാൽ അവർ സ്വർഗത്തിൽ പോകുമോ? അവസാനം, അവർ സ്ത്രീകൾക്ക് ആത്മാക്കൾ ഉണ്ടെന്ന തീർപ്പിലെത്തി. എന്നാൽ ആ ആത്മാക്കളുടെ ലക്ഷ്യം ദൈവത്തെ ആരാധിക്കുക മാത്രമല്ല, പുരുഷന്മാരെ സേവിക്കുക കൂടിയാണെന്നായിരുന്നു.
ഇസ്ലാമിലെ കീഴടങ്ങൽ എന്നതിന്റെ വിവക്ഷ സ്ത്രീകൾ പുരുഷന്മാർക്ക് കീഴടങ്ങുന്നു എന്നതല്ല, മറിച്ച് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ദൈവത്തിന് കീഴടങ്ങുന്നു എന്നതാണ്. ഖുർആനിലൂടെ കണ്ണോടിക്കുന്ന ഏതൊരാൾക്കും വ്യക്തമാകുന്നത് വിശ്വാസികളായ സ്ത്രീപുരുഷന്മാരിൽ നിന്നും അനുസരണയുള്ളവർക്കായിരിക്കും സ്വർഗം ലഭിക്കുക എന്നതാണ്. ഒരു മുസ്്‌ലിമിന്റെ ജീവിതത്തിലെ പരമമായ ലക്ഷ്യവും ഇസ്്ലാമിക നാഗരികതയുടെ അടിസ്ഥാനവുമാണത്. അതുപോലെ, അനുസരണക്കേട് കാണിക്കുന്നവർക്കും ധിക്കാരികൾക്കും ദൈവത്തെ ആരാധിക്കാൻ ആഗ്രഹിക്കാത്തവർക്കും ആണായാലും പെണ്ണായാലും ഒരേ ശിക്ഷയാണ്. അതുകൊണ്ടാണ് ഖുർആനിലുടനീളം ആണിനെയും പെണ്ണിനെയും അഭിസംബോധന ചെയ്യുന്ന പദങ്ങൾ നിങ്ങൾ കാണുന്നത്. ഫ്രഞ്ച് ഭാഷ പോലെ അറബിയിലും രണ്ട് തരം ക്രിയകളാണുള്ളത്. ഒന്ന് സ്ത്രീലിംഗത്തെയും മറ്റൊന്ന് പുരുഷലിംഗത്തെയും പ്രതിനിധീകരിക്കുന്നു. അതിനാൽ ഖുർആനിൽ മനുഷ്യരാശിയുടെ രണ്ട് വിഭാഗങ്ങളെയും അഥവാ രണ്ട് ലിംഗങ്ങളെയും അഭിസംബോധന ചെയ്യുന്നത് നിങ്ങൾ കാണാനാകും.
ചുരുക്കത്തിൽ, മനുഷ്യർ ഒരേ മാനവികത പങ്കിടുന്നു, അവർക്ക് ഈ ഭൂമിയിൽ ഒരേ ലക്ഷ്യമാണുള്ളത്, കൂടാതെ, അവർ ഒരേ പ്രതിഫലം പ്രതീക്ഷിക്കുന്നു എന്ന മൂന്ന് അടിസ്ഥാന കാര്യങ്ങളാണ് മുസ്്ലിംകളെ തമ്മിൽ ബന്ധിപ്പിക്കുന്നത്. അതാണ് അവർ മനുഷ്യർ എന്ന നിലയിൽ കൂട്ടായി പ്രവർത്തിക്കുന്നതിന്റെ ലക്ഷ്യം. ഞാൻ സൂചിപ്പിച്ചതുപോലെ, ഇസ്ലാമിന്റെ ആവിർഭാവത്തിന് മുമ്പ് തത്ത്വചിന്തകർക്കിടയിൽ നിലനിന്നിരുന്ന മുൻകാല മതപാരമ്പര്യങ്ങളിൽ നിന്നും രാഷ്ട്രീയ സാമൂഹിക ധാരണകളിൽ നിന്നുമുള്ള മാറ്റമാണിത്. അതിന്റെ ഫലമായി, നമ്മൾ ഇപ്പോൾ നിസ്സാരമായി കരുതുന്ന പല അവകാശങ്ങളും ഇസ്്‌ലാം അന്ന് തന്നെ സ്ത്രീകൾക്ക് നൽകിയതായി കാണാം. ഏകദേശം 1400 വർഷങ്ങൾക്ക് മുമ്പ് അല്ലാഹു പുരുഷന്മാർക്കും സ്ത്രീകൾക്കും നൽകിയതാണത്. സ്വത്ത് ഉടമപ്പെടുത്താനുള്ള അവകാശം, മത നിയമങ്ങൾ പിന്തുടരുന്നിടത്തോളം കാലം സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സ്വന്തം ഇഷ്ടത്തിനനുസരിച്ച് സ്വത്ത് വിനിയോഗിക്കാനുള്ള അവകാശം, ഇപ്പോൾ രാഷ്ട്രീയാവകാശങ്ങൾ എന്ന് നമ്മൾ വിളിക്കുന്ന എതിരാളികളുമായി ഉടമ്പടിയിൽ ഏർപ്പെടാനുള്ള അവകാശം തുടങ്ങിയവയൊക്കെ പാശ്ചാത്യ രാജ്യങ്ങളിൽ അടുത്തിടെ മാത്രമാണ് വന്നുതുടങ്ങിയത്.
മുഹമ്മദ് നബി (സ)യുടെ കാലത്ത് ഇസ്ലാം നൽകിയ അവകാശങ്ങളിലൊന്ന്, ഒരു സ്ത്രീ അമുസ്ലിമായ എതിരാളിയോട് ഒരു കരാറിലേർപ്പെട്ടാൽ അവളുടെ ഉടമ്പടി പരിഗണിക്കപ്പെടും എന്നതാണ്. മുഹമ്മദ് നബിയുടെ (സ്വ) യുടെ അനുചരവൃന്ദത്തിൽ പെട്ട ഒരു സ്ത്രീയുടെ ചരിത്രം അപ്രകാരമാണ്. ക്രിസ്ത്യൻ പാരമ്പര്യത്തിലും ശിഷ്യന്മാർ (disciples) എന്ന പേരിൽ ഒരു അനുചരവൃന്ദമുണ്ട്. യേശുക്രിസ്തുവിനുണ്ടായിരുന്നത് പോലെ വെറും പന്ത്രണ്ടുപേരല്ല, ആയിരങ്ങളുണ്ടായിരുന്നു അവർ. അവരിൽ പുരുഷന്മാരും സ്ത്രീകളുമുണ്ടായിരുന്നു. പ്രവാചകൻ മുഹമ്മദ് മക്കയിൽ വന്നപ്പോൾ, മക്ക നിവാസിയും മുഹമ്മദ് നബി (സ്വ) യിൽ വിശ്വസിക്കുകയും ചെയ്തിരുന്ന ഉമ്മു ഹാനിഅ് എന്ന സ്ത്രീ തന്റെ ചില ബന്ധുക്കൾക്ക് സംരക്ഷണം നൽകുമെന്ന് കരാറിലേർപ്പെടുകയുണ്ടായി. പ്രവാചകരുടെ അനുചരരിൽ പ്രധാനിയും മകളുടെ ഭർത്താവുമായ അവരുടെ സഹോദരൻ അലി ബിൻ അബി താലിബ് (റ) മുസ്്‌ലിംകളെ ദ്രോഹിക്കുകയും അവർക്കെതിരെ പോരാടുകയും ചെയ്യുന്ന അവിശ്വാസികളിൽ രണ്ട് പേരെ വധിക്കാനായി പുറപ്പെട്ടു. എന്നാൽ ഉമ്മു ഹാനി നബിയുടെ അടുത്ത് ചെന്ന് താൻ അവർക്ക് സംരക്ഷണം ഉറപ്പുനൽകിയിട്ടുണ്ടെന്ന് പരാതിപ്പെട്ടു. അത് കേട്ട പ്രവാചകൻ ആ രണ്ട് വ്യക്തികൾക്കും അവർ നൽകിയ സംരക്ഷണത്തെ അംഗീകരിക്കുകയാണ് ചെയ്തത്.
നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന വർഗ്ഗീകരണത്തിലും പദപ്രയോഗത്തിലും ഇതിനെയാണ് രാഷ്ട്രീയാവകാശം എന്ന് വിളിക്കുന്നത്. യുദ്ധസമയത്ത് മറ്റൊരാൾക്കുള്ള സംരക്ഷണം നൽകുക എന്ന കാര്യം പടിഞ്ഞാറിനെ സംബന്ധിച്ചിടത്തോളം താരതമ്യേന പുതിയതും ഇസ്്‌ലാമിക ലോകത്തിന് 1400 വർഷങ്ങൾക്ക് മുമ്പ് തന്നെ പരിചിതമായ ഒരു പാരമ്പര്യവുമാണ്. അതുപോലെ, ഇസ്്‌ലാമിൽ പൊതുവായ ചില ആരാധനാ കർമങ്ങളും കൂടാതെ സ്വകാര്യമായ ചില ആരാധനാകർമങ്ങളുമുണ്ട്. പൊതുവായ കർമങ്ങളിൽ പെട്ട ഒന്നാണ് തീർത്ഥാടനം. സ്ത്രീകളും പുരുഷന്മാരും തീർത്ഥാടനം നടത്തുക എന്നത് ഇസ്്‌ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നായാണ് ഗണിക്കപ്പെടുന്നത്. അതുപോലെ മറ്റൊരു പൊതു ആരാധനയാണ് വർഷത്തിൽ രണ്ടുതവണ, അഥവാ ഹജ്ജ് തീർത്ഥാടനത്തിന് ശേഷവും റമദാൻ കടന്നുപോയതിന് ശേഷവും നടക്കുന്ന രണ്ട് പെരുന്നാൾ നിസ്‌കാരങ്ങൾ. സ്ത്രീകളും പുരുഷന്മാരും അതിൽ പരസ്യമായി പങ്കെടുക്കുന്നു. അതുപോലെ, ഇസ്ലാമിൽ സ്ത്രീയും പുരുഷനും തമ്മിലുള്ള സാമൂഹിക കരാർ ഒന്നുതന്നെയാണെന്ന് വ്യക്തമാക്കുന്ന ഒരു സൂക്തമുണ്ട്്: ‘സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാർ പരസ്പരം സഹായികളാണ്’ ‘ഔലിയാഅ്’ അഥവാ അറബിയിൽ സുഹൃത്തുക്കൾക്കോ സഖ്യകക്ഷികൾക്കോ അല്ലെങ്കിൽ പരസ്പരം പിന്തുണയ്ക്കുന്നവർക്കോ ഉപയോഗിക്കുന്ന വാക്കാണ് അവിടെ പ്രയോഗിച്ചിരിക്കുന്നത്. ‘അവർ നന്മ കൽപിക്കുന്നു. തിന്മ തടയുന്നു.’ നല്ലതിനെ പ്രോത്സാഹിപ്പിക്കുകയും തിന്മയെ തിരുത്തുകയും ചെയ്യുന്ന സമൂഹത്തിലെ ഒരു തിരുത്തൽ പ്രക്രിയയെപ്പറ്റിയാണ് ഇവിടെ പറയുന്നത്. മാത്രവുമല്ല ‘നമസ്‌കാരം നിഷ്ഠയോടെ നിർവഹിക്കുന്നു. സകാത്ത് നൽകുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നു. സംശയമില്ല; അല്ലാഹു അവരോട് കരുണ കാണിക്കും. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ; തീർച്ച.’
അതിനാൽ, ഈ വാക്യത്തിൽ, സമൂഹത്തിലെ വ്യക്തികൾ എന്ന നിലയിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള സാമൂഹിക കരാർ ഒന്നുതന്നെയാണെന്ന് നമ്മൾക്ക് കാണാം. അവർ ഇരുവരും നന്മ കൊണ്ട് കൽപ്പിക്കുകയും, തിന്മയെ വിലക്കുകയും, പ്രധാന ആരാധനകളായ പ്രാർത്ഥനയിലും ദാനധർമ്മത്തിലും അവർ പങ്കുചേരുകയും ചെയ്യുന്നതിനാൽ ഇരുവർക്കും മഹത്തരമായ ലക്ഷ്യമാണുള്ളത്. അവർ വിശ്വാസങ്ങളിലും ദൈവത്തോടും മുഹമ്മദ് നബി (സ്വ) യോടുമുള്ള അനുസരണയിലും അല്ലാഹുവിന്റെ കാരുണ്യം നേടുക എന്ന പ്രതിഫലേച്ഛയോടെയും അവർ പങ്കുചേരുന്നു. ഇന്നുള്ള പാശ്ചാത്യ പാരമ്പര്യത്തിന് വിരുദ്ധമായ, സ്ത്രീകൾ മാനവികതയിൽ പങ്കുചേരില്ലെന്ന ആദ്യകാല ഗ്രീക്ക് തത്ത്വചിന്തകരുടെ തീവ്രതയുടെ ഫലമായി ഇന്ന് യൂറോപ്പിൽ സംഭവിച്ചത് വളരെ സ്വാഭാവികമായ മാറ്റമെന്നാണ് ഞാൻ കരുതുന്നത്. അഥവാ, തീവ്രതയുടെ ഫലമായി സ്ത്രീയും പുരുഷനും തമ്മിൽ വ്യത്യാസമില്ലെന്ന മറ്റൊരു തീവ്രത രൂപപ്പെടുകയായിരുന്നു.
അതിനാൽ, ജീവശാസ്ത്രപരമായ അർത്ഥത്തിൽ നമ്മൾ ഉപയോഗിക്കുന്ന ലൈംഗികത (സെക്‌സ്) എന്ന പദത്തെപ്പോലെ ഉപയോഗിക്കാനാവാത്ത ലിംഗഭേദം (ജെൻഡർ) എന്ന പദം ഇന്നത്തെ ധാരണപ്രകാരം പുരുഷത്വത്തെയോ സ്ത്രീത്വത്തെയോ നിർവചിക്കുന്ന സ്വഭാവവിശേഷങ്ങളും സാമൂഹിക സ്വഭാവസവിശേഷതകളുമെല്ലാം രൂപപ്പെടുന്നത് എങ്ങനെ വളർന്നു, ഏത് സംസ്‌കാരത്തിലും പരിസ്ഥിതിയിലും ജീവിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. കൂടാതെ പുരുഷന്മാരും സ്ത്രീകളും ചിന്തിക്കുന്ന കാര്യങ്ങളിലോ അവരുടെ പ്രവർത്തികളിലോ മറ്റോ അന്തർലീനമായ വ്യത്യാസമില്ല. അതുകൊണ്ടാണ് അവർ ലിംഗഭേദം എന്ന പദം പകരമായി ഉപയോഗിക്കുന്നത്. ( തുടരും )
വിവ. മുഹമ്മദ് അഫ്സൽ പി. ടി
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE