Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാമിലും ഇതര മതങ്ങളിലും

ആഗോള തലത്തില്‍ മുമ്പ് നിലനിന്നിരുന്നതും ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും അന്ത്യനാള്‍ വരെ തര്‍ക്കങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നതുമായ വിഷയമാണ് ഇസ്ലാമിലെ സ്ത്രീ. അവര്‍ക്ക് വിദ്യഭ്യാസം നല്‍കുന്നത് മോശമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. അതേസമയം, വിദ്യഭ്യാസത്തിലൂടെ അവളെ സംരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യണമെന്ന് മറ്റു ചിലര്‍ വാദിക്കുന്നു. വിദ്യഭ്യാസമെന്നത് അവരുടെ അവകാശമാണ്. അതവരുടെ സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്. ആശയക്കുഴപ്പത്തിലാക്കുന്ന അനവധി വിഷയങ്ങള്‍ക്കൊപ്പം ഈ ചര്‍ച്ചയും തര്‍ക്കവും അറ്റമില്ലാതെ ദീര്‍ഘിച്ചുകൊണ്ടിരിക്കുമെന്നതാണ് സത്യം. ഇസ്ലാം സ്ത്രീയെ അവഗണിക്കുന്നുവെന്നതിന് ഇസ്ലാം വിരദ്ധര്‍ സ്വീകരിച്ച അവലംബം എന്താണെന്ന് മനസ്സിലാകുന്നില്ല. ഈ കള്ളക്കഥകള്‍ക്ക് അവരുടെ അടുക്കല്‍ എന്ത് തെളിവാണുള്ളത്. അതെല്ലാം കേവലം ആക്ഷേപങ്ങള്‍ മാത്രമാണ്.

സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാമിന് മുമ്പ്

ഈ ലോകത്ത് പുരുഷന്റെ പങ്കാളിയായോ അല്ലാതെയോ ജീവിക്കാന്‍ സാധ്യമാകുമായിരുന്ന ഒരു മനുഷ്യ ജീവിയല്ലായിരുന്നു സ്ത്രീ. അവള്‍ക്ക് കുടുംബമോ സ്വപ്‌നങ്ങളോ സ്‌നേഹമോ അനുവദിക്കപ്പെട്ടിരുന്നില്ല. ഇസ്ലാം വരുന്നതിന് മുമ്പുള്ള അവസ്ഥ നോക്കിയാല്‍ വികല യഹൂദികള്‍ ഹവ്വാ ബീവിയെയും അവര്‍ വഴി ലോകത്ത് ഇപ്പോള്‍ ജീവിക്കുന്നതും ഇനി വരാനിരിക്കുന്നതുമായ സകല സ്ത്രീകളെയും മനുഷ്യകുലത്തിന്റെ നാശമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ഹവ്വാ ബീവി ആദം നബിയെ സ്വര്‍ഗത്തില്‍ നിന്നും ബഹിഷ്‌കൃതനാക്കിയെന്നതാണ് അതിനവര്‍ പറയുന്ന ന്യായം. അതിനാല്‍ തന്നെ ഒരു സഹോദരനുണ്ടെങ്കിലും സ്ത്രീക്ക് അനന്തരസ്വത്ത് നല്‍കാന്‍ യഹൂദികള്‍ ഒരുക്കമായിരുന്നില്ല.

യഹൂദികളുടെ ഇതേ ചിന്താഗതി തന്നെയായിരുന്നു ക്രൈസ്തവരും സ്വീകരിച്ചത്. പുച്ഛമനോഭാവത്തോടെ മാത്രം അവര്‍ സ്ത്രീകളെ സമീപിച്ചു. മധ്യ നൂറ്റാണ്ട് വരെ സ്ത്രീയുടെ മനുഷ്യത്വത്തെക്കുറിച്ച ചര്‍ച്ചയില്‍ കെട്ടുപിണഞ്ഞു കിടക്കുകയായിരുന്നു ക്രൈസ്തവ സമൂഹം. പൂര്‍ണമായൊരു തീരുമാനത്തിലേക്കെത്തിച്ചേരാന്‍ അവര്‍ക്കിപ്പോഴും സാധ്യമായിട്ടില്ല.

ഹിന്ദു ബ്രാഹ്മണ വിശ്വാസികളെ സംബന്ധിച്ചിടത്തോളം, സ്വര്‍ഗസ്ഥരാകാന്‍ സ്ത്രീകളില്‍ നിന്നും അകലം പാലിക്കല്‍ നിര്‍ബന്ധമാണ്. യാതൊരു അവകാശങ്ങള്‍ക്കും അര്‍ഹയല്ലാത്ത അഴുക്കില്‍ നിന്ന് സൃഷ്ടിക്കപ്പെട്ടവരെന്നതാണ് സ്ത്രീയെക്കുറിച്ചുള്ള അവരുടെ വീക്ഷണം. അതുകൊണ്ട് തന്നെ ഭര്‍ത്താവ് മരിച്ചാല്‍ അയാള്‍ക്കൊപ്പം ഭാര്യയും ചിതയില്‍ ചാടി മരണം വരിക്കണം. ഇതിനെതിരെ നിയമ നിര്‍മ്മാണം നടത്താന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഗ്രീക്ക് നിയമപ്രകാരം കുടുംബപരമായും മറ്റും ഏറ്റവും താഴ്ന്ന സ്ഥാനത്തിനര്‍ഹരാണ് സ്ത്രീകള്‍(ഡോ. അബ്ദുല്‍ കരീം ഉസ്മാന്‍,മആലിമുസ്സകാഫത്തില്‍ ഇസ്ലാമിയ്യ, പേ. 271).

ഈജിപ്തിലെ പൗരാണിക സമൂഹം സ്വന്തം മാതാവിനെയും മകളെയും സഹോദരിയെയും വേളി കഴിക്കുന്നത് അനുവദനീയമാക്കിയിരുന്നു. സ്പാര്‍ട്ടയിലെയും ഏഥന്‍സിലെയും ആളുകള്‍ സ്വന്തം സഹോദരിയെ വിവാഹം കഴിക്കുന്നത് വിലക്കുകയും അര്‍ദ്ധസഹോദരിയെ വിവാഹം കഴിക്കുന്നത് അനുവദിക്കുകയും ചെയ്തു. പിതാവിന്റെ സഹോദര പുത്രിയെ വേളി കഴിക്കുന്നതും അവര്‍ വിലക്കിയിരുന്നു(മുഹമ്മദ് അത്വിയ്യത്തുല്‍ ഇബ്‌റാഷി, അള്മത്തുല്‍ ഇസ്ലാം, വാല്യം 2, പേ. 233).

ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പ് അറേബ്യന്‍ ഉപദ്വീപിലെ ജാഹിലിയ്യ സമൂഹം സ്ത്രീകള്‍ക്ക് യാതൊരു തരത്തിലുള്ള പരിഗണനയും വിലയും നല്‍കിയിരുന്നില്ല. സ്ത്രീകളെ ദരിദ്രരും ന്യൂനതയുള്ളവരുമായി കണക്കാക്കുന്നതിനാല്‍ തന്നെ അവരെ ജീവനോടെ കുഴിച്ചുമൂടാനും അവര്‍ മടിച്ചില്ല. മാനുഷികമായ എല്ലാ വിഷയങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് അവര്‍ ബഹിഷ്‌കരണം ഏര്‍പ്പെടുത്തി. കുടുംബത്തിലെ സ്ത്രീകളാല്‍ സമൂഹത്തില്‍ നിന്ന് നേരിടേണ്ടിവരുന്ന അവഹേളനങ്ങള്‍ക്ക് അവര്‍ കണ്ട പരിഹാരമായിരുന്നുവത്. പെണ്‍കുട്ടികളെ കുഴിച്ചുമൂടുന്നത് വ്യാപകമല്ലായിരുന്നവെങ്കിലും അവരുടെ ഉണ്മ അവരുടെ ജീവിതത്തിലൊരു ‘അനാവശ്യ’ നാണക്കേടായി നിലനിന്നിരുന്നു. അതിന്റെ പേരില്‍ പലപ്പോഴുമവര്‍ പരസ്പരം തര്‍ക്കിക്കുകയും പോരടിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ഗോത്രങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ നീളുന്ന പോരാട്ടം ജാഹിലിയ്യ കാലങ്ങളില്‍ സര്‍വ സാധാരണമായിരുന്നു. വളരെ നിസാരമായൊരു കാരണം മതി അവര്‍ക്ക് യുദ്ധം ആരംഭിക്കാന്‍. നിരന്തരമായ യുദ്ധം അവരില്‍ പല സ്ത്രീകളെയും ബന്ധികളാക്കി. അങ്ങനെ പിടിക്കപ്പെടുന്നവര്‍ വൈയക്തിക അവകാശങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കാത്ത അധികാരികളുടെ സേവകരായി. അക്കാലത്ത് അവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം ജീവിതത്തേക്കാള്‍ മരണമായിരുന്നു. ബന്ധിയായി പിടിക്കപ്പെടാതെ വിവാഹം കഴിക്കാന്‍ ഭാഗ്യം ലഭിച്ച സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവ് മരിച്ചാല്‍ അനന്തരസ്വത്തില്‍ നിന്നും അവര്‍ക്കൊന്നും തന്നെ ലഭിക്കുകയില്ല. എന്നുമാത്രമല്ല, ഭര്‍ത്താവ് മരിക്കുന്നതോടെ അനന്തരമെടുക്കുന്നവര്‍ക്ക് വേണ്ട പോലെ ഉപയോഗിക്കാവുന്ന ഒരു സ്വത്തായി ഭാര്യയായിരുന്ന ഈ സ്ത്രീയും മാറും. മരിച്ച വ്യക്തിയുടെ സഹോദരങ്ങള്‍ക്കോ മക്കള്‍ക്കോ മൃഗങ്ങളെ ചെയ്യുന്നത് പോലെ അവള്‍ കൈമാറ്റം ചെയ്യപ്പെടും.

ഇതിനെല്ലാം പുറമെ പുരുഷന്മാര്‍ക്ക് താനിഷ്ടപ്പെടുന്ന ഏത് സ്ത്രീകളെയും വിവാഹം കഴിക്കാമെന്നായിരുന്നു നിയമം. വിവാഹത്തിന് ശേഷം ആ സ്ത്രീയുമായി ജീവിക്കണമെന്നോ അവളെ പരിപാലിക്കണമെന്നോ ഇല്ലായിരുന്നു. സ്ത്രീകളുടെ മനുഷ്യത്വത്തിന് യാതൊരു വിലയും കല്‍പിക്കാതെ താനിഷ്ടപ്പെടുന്ന സ്ത്രീകളെയെല്ലാം അവര്‍ വിവാഹം കഴിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നമുക്ക് ഇങ്ങനെയൊന്ന് സംഭവിക്കുന്നതിനെക്കുറിച്ച് സങ്കല്‍പിക്കാന്‍ പോലും സാധ്യമായെന്ന് വരില്ല. ആയിരത്തൊന്ന് രാവുകളിലെ കഥകളോ ആലീസ് ഇന്‍ വണ്ടര്‍ലാന്റ് കഥയോ വായിക്കുന്ന ലാഘവത്തോടെ മാത്രമേ നമുക്കതെല്ലാം വായിക്കാനും കേള്‍ക്കാനുമാകൂ. ഈ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കൊരിക്കലും സാധ്യമാവുകയില്ല.

സ്ത്രീത്വത്തെ ഉയര്‍ത്തിയ ഇസ്ലാം

സ്ത്രീ വിരുദ്ധതകൊണ്ട് തടവിലാക്കപ്പെട്ടിരുന്ന ആ സമൂഹത്തിന്റെ ഹൃദയത്തിന് പരിവര്‍ത്തനം വരുന്നത് ഇസ്ലാം കൊണ്ടുവന്ന ദൈവിക വിശ്വാസത്തിന്റെ മഹനീയ പ്രകാശത്തിലൂടെയായിരുന്നു. സ്ത്രീയുടെ വിമോചനവും അവള്‍ക്ക് അവകാശപ്പെട്ട പദവിയും നേടിക്കൊടുക്കാന്‍ ഇസ്ലാം സ്വീകരിച്ച അനേകം വഴികളാണ് അവരെയതിന് പ്രാപ്തരാക്കിയത്. ഇസ്ലാമിക പ്രബോധനത്തിന്റെ ആവിര്‍ഭാവം തൊട്ടേ സ്ത്രീ വിമോചനത്തിനുള്ള പരിപൂര്‍ണ ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അതിന് ഉപോത്ഭലകമാകുന്ന നിരവധി സൂക്തങ്ങളാണ് അവതീര്‍ണമായത്; ‘നിശ്ചയം, അല്ലാഹുവിന് കീഴ്പെടുന്നവരായ ആണുങ്ങളും പെണ്ണുങ്ങളും, സത്യവിശ്വാസം കൈക്കൊള്ളുന്ന ആണുങ്ങളും പെണ്ണുങ്ങളും, ആരാധകരായ ആണുങ്ങളും പെണ്ണുങ്ങളും, സത്യസന്ധരായ ആണുങ്ങളും പെണ്ണുങ്ങളും, ക്ഷമാശീലരായ ആണുങ്ങളും പെണ്ണുങ്ങളും, വിനയാന്വിതരായ ആണുങ്ങളും പെണ്ണുങ്ങളും, ധര്‍മിഷ്ഠരായ ആണുങ്ങളും പെണ്ണുങ്ങളും, വ്രതാനുഷ്ഠാനികളായ ആണുങ്ങളും പെണ്ണുങ്ങളും, സ്വന്തം ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും, അല്ലാഹുവിനെ ധാരാളം സ്മരിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും-ഇവര്‍ക്കെല്ലാം പാപമോചനവും വമ്പിച്ച പ്രതിഫലവും അല്ലാഹു സജ്ജീകരിച്ചിരിക്കുന്നു'(അഹ്‌സാബ്: 35).

‘തത്സമയം തങ്ങളുടെ നാഥന്‍ അവരോടു പ്രതികരിച്ചു: പുരുഷനോ സ്ത്രീയോ ആകട്ടെ, നിങ്ങളില്‍ ഒരു പ്രവര്‍ത്തകന്റെ കര്‍മവും ഞാന്‍ ഫലശൂന്യമാക്കില്ലതന്നെ. നിങ്ങളെല്ലാം ഒരേ വര്‍ഗമാണല്ലോ'(ആലു ഇംറാന്‍: 195).

സ്ത്രീയും പുരുഷനെപ്പോലെത്തന്നെയാണ്. ഇതാണ് ഖുര്‍ആനിന്റെ അഭിസംബോധനയുടെ ധ്വനി. ആണായാലും പെണ്ണായാലും മനുഷ്യന്‍ ഒരു ആത്മാവും ശരീരവുമാണ്. ആത്മാവിന് മേലാണ് കല്‍പനകള്‍ വരുന്നത്. സ്വര്‍ഗത്തിന്റെ സുഖലാളനകള്‍ ആസ്വദിക്കുന്നതും നരഗത്തിന്റെ അസഹനീയ ശിക്ഷകള്‍ അനുഭവിക്കുന്നതും ആത്മാവാണ്. ശരീരം ആത്മാവില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അതിലെല്ലാം അല്ലാഹുവിന്റെ അലങ്കനീയമായ പൊരുളുകള്‍ ഒളിഞ്ഞുകിടപ്പുണ്ട്. ശറഇയ്യായ കല്‍പനകള്‍ക്കും പ്രതിഫലങ്ങള്‍ക്കും മുമ്പില്‍ ഇരകൂട്ടരും സമന്മാരാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ ആണയിട്ട് പറയുന്നത്. വിശുദ്ധ ഖുര്‍ആനും മറ്റു പ്രമാണങ്ങളും സ്ത്രീക്ക് അവളുടേതായ സ്ഥാനം നിര്‍ണയിച്ചു കൊടുക്കുകയായിരുന്നു. അവളുടെ സമ്പൂര്‍ണ വിമോചനം സാധ്യമാക്കുകയായിരുന്നു. സ്വര്‍ഗലബ്ധിക്ക് വേണ്ടിയും നരഗ മോചനത്തിന് വേണ്ടിയും സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ കല്‍പിക്കുകയായിരുന്നു.

കാലത്തിന്റെ ചുവരില്‍ കാലോചിതമായ പ്രകാശ രേഖകള്‍ കൊണ്ട് മനുഷ്യ തത്വങ്ങളെ സ്ഥാപിച്ച തിരുസുന്നത്തിന് വിശുദ്ധ ഖുര്‍ആനിന്റെ പ്രാമാണികതയായിരുന്നു അടിസ്ഥാനം. പുരുഷന്മാരുടെ ഇണകളാണ് സ്ത്രീകളെന്ന് ചരിത്രം തിരുത്തി എഴുതി. വേര്‍പെടുത്താന്‍ സാധ്യമാകാത്ത വിധം ഇസ്ലാമിക സമൂഹത്തിന്റെ അഭിവാജ്യ ഘടകമായി സ്ത്രീകള്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടു. വിശുദ്ധ ദീനിനെ ശക്തിപ്പെടുത്തുന്നതിലും ഇസ്ലാമിക സംസ്‌കാരം രൂപപ്പെടുത്തുന്നതിലും സ്ത്രീക്ക് അവളുടെതായ സംഭാവനകളുണ്ടായിരുന്നു. നമസ്‌കാരത്തിനവള്‍ പള്ളിയില്‍ പോയി. റസൂലി(സ്വ)ല്‍ നിന്നും വിദ്യ നേടി. സ്ത്രീയുടെ സമ്മതം വിവാഹം സ്വീകാര്യമാകുന്നതിനുള്ള നിബന്ധനയായി. സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്താനുള്ള അവകാശം ലഭിച്ചു. വിശുദ്ധ ദീനിനെ ശക്തിപ്പെടുത്തുന്നതില്‍ അവര്‍ അവരുടെതായ പങ്ക് വഹിച്ചു. അവര്‍ യുദ്ധത്തില്‍ പങ്കെടുത്തു. മുറിവേറ്റവരെ ചികിത്സിക്കുകയും വെള്ളം കുടിപ്പിക്കുകയും ചെയ്തു.

ഈ അവകാശങ്ങളും വിമോചനവും അടുത്ത കാലത്ത് വരെ മനുഷ്യനായി പോലും പരിഗണിക്കപ്പെടാതിരുന്ന സ്ത്രീക്ക് ഇസ്ലാം നേടിക്കൊടുത്തതാണ്. ഇസ്ലാമിനൊപ്പം സ്ത്രീകള്‍ പുനര്‍ജനിച്ചുവെന്ന് വേണം പറയാന്‍. അത് മാത്രമല്ല, ഇസ്ലാമിലെ സ്ത്രീ സമൂഹത്തിന്റെ പാതിയല്ല, മറിച്ച് അവര്‍ തന്നെയാണ് സമൂഹം. ഇസ്ലാം സ്ത്രീയെ ഒരു വശത്തും മറ്റു സകല പുരുഷന്മാരെയും മറ്റൊരു വശത്തുമായി സ്ഥാപിച്ചു. ഭൂമിയിലെ മുഴുവന്‍ ആളുകളും ഒരുമിച്ചു കൂടിയാല്‍ പോലും സംരക്ഷണം ഒരുക്കാന്‍ കഴിയാത്തിടത്ത് ഇസ്ലാം അവള്‍ക്ക് അനുയോജ്യമായ ഇടങ്ങള്‍ നിര്‍ണയിച്ചുകൊടുത്തു. ഗൃഹസ്ഥയും പരിപാലിക്കുന്നവളും ലോക പണ്ഡിതരെ വാര്‍ത്തെടുക്കുന്ന അധ്യാപികയുമാക്കി മാറ്റി. ജീവിതത്തിന്റെ മറ്റു തുറകളിലുള്ളതിനേക്കാള്‍ അപകടം കുറഞ്ഞ ഇടങ്ങളൊന്നുമല്ലയിത്. മറിച്ച്, അവയെക്കാള്‍ അപകടകരമാണ്. കാരണം, ഇപ്പറഞ്ഞവയെല്ലാം ജീവിതം നിലനിര്‍ത്താനുള്ള ഉറവിടങ്ങളാണ്. ഉറവിടം ദുഷിപ്പിക്കപ്പെട്ടാല്‍ പിന്നെ ദാഹവും ദുരിതവും പേറി ജനങ്ങള്‍ മുഴുവന്‍ നിശിച്ചുപോകും.

സ്ത്രീയുടെ നീതി സംസ്ഥാപനത്തിലെ ചുവടുകള്‍

സ്ത്രീ അവളുടെ സാമൂഹികമായ പങ്ക് പൂര്‍ണമായും നിര്‍വഹിക്കുന്നുണ്ട്. തങ്ങള്‍ക്ക് ലഭിക്കപ്പെട്ട അനുഗ്രത്തില്‍ അവര്‍ ശാന്തരായി നിലകൊണ്ടില്ല. അവര്‍ തന്നെ മുന്‍കൈയെടുത്ത് സമൂഹത്തിന്റെ വിവിധ തുറകളില്‍ തങ്ങളുടെതായ കര്‍ത്തൃത്വങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. വിശുദ്ധ ദീനിനെ ശക്തിപ്പെടുത്തുന്നതില്‍ അവര്‍ വഹിച്ച അത്ഭുതകരമായ പങ്ക് ചരിത്രത്തില്‍ നിസ്തുലമാണ്. അതിന്റെ മുന്‍പന്തിയിലുണ്ടായിരുന്നത് മഹതി ഖദീജ ബീവിയായിരുന്നു. മലവെള്ളം പോലെ വരുന്ന ആക്രമണ പ്രവാഹത്തെ അവരൊറ്റക്ക് നേരിട്ടു. ജനങ്ങള്‍ സഹായം പിന്‍വലിച്ചപ്പോള്‍ നബി(സ്വ)ക്ക് തന്റെ കയ്യിലുള്ളതെല്ലാം എടുത്തുകൊടുത്തു. ജനം ആട്ടിയോടിച്ചപ്പോള്‍ ചേര്‍ത്തുപിടിച്ചു. വിശുദ്ധ ദീനിനെ ശക്തിപ്പെടുത്തുന്നതില്‍ തിരുനബി(സ്വ)യെ ഏറ്റവുമധികം സഹായിച്ചത് ഖദീജ ബീവിയായിരുന്നു.

തന്റെ ഭര്‍ത്താവ് അബൂ സലമയെപ്പോലെത്തന്നെ ദീനിന്റെ മാര്‍ഗത്തില്‍ എന്തിനും തയ്യാറായി നിലയുറപ്പിച്ച മഹതിയായിരുന്നു ഉമ്മു സലമ ബീവി. അങ്ങനെ അല്ലാഹു അവര്‍ക്ക് തന്റെ അനുഗ്രഹമായി തിരുനബി(സ്വ)യെ ഭര്‍ത്താവായി നല്‍കി. ഹുദൈബിയ സന്ധിയില്‍ താന്‍ ചെയ്യേണ്ട ഉത്തരവാദിത്തം മനോഹരമായിത്തന്നെ അവര്‍ നിര്‍വഹിച്ചു. അവര്‍ നബി(സ്വ)യോട് തങ്ങള്‍ ആദ്യം മുടി കളഞ്ഞ് കാണിക്കണമെന്ന് പറഞ്ഞു. നബി(സ്വ) അപ്രകാരം ചെയ്യുകയും അതുകൊണ്ട് ജനങ്ങളെല്ലാം നബിയെ അനുദാവനം ചെയ്യുകയും ചെയ്തു.

ബോധമുള്ള യുവതിയായിരുന്ന ഒരു സ്ത്രീയുണ്ടായിരുന്നു. തിരുനബി(സ്വ) നമുക്കായി കരുതിവെച്ച കാര്യങ്ങളെയും അവിടുത്തെ തിരുചര്യയെയും വിശേഷണത്തെയും സ്വഭാവത്തെയും ജീവിത ചിട്ടകളെയും അനന്തരസ്വത്ത് പോലെ സൂക്ഷിച്ചുവെച്ചവര്‍. ഒരുപാട് ഹദീസുകള്‍ അവര്‍ക്ക് മനപ്പാഠമായിരുന്നു. അതാരാണെന്നതിന് പ്രവാചകന്‍(സ്വ) തന്നെ ഉത്തരം നല്‍കുന്നുണ്ട്. ഒരിക്കല്‍ പ്രവാചകന്‍(സ്വ) ചോദിക്കപ്പെട്ടു: ജനങ്ങളില്‍ വെച്ച് നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടവരാരാണ് നബിയെ? അവുടന്ന് പറഞ്ഞു: ‘ആഇശ’. ഇപ്രകാരം ഇസ്ലാമിക പ്രബോധനത്തെ തങ്ങളുടെ ചുമലിലേറ്റി നടന്ന നിരവധി സ്ത്രീകളുണ്ട്. അവരെല്ലാം അവരുടെ ചുമതലകള്‍ ഭംഗിയായിത്തന്നെ നിര്‍വഹിച്ചവരായിരുന്നു. അതെല്ലാം തന്നെ ഇസ്ലാം അവര്‍ക്ക് അനുവദിച്ചു നല്‍കിയ സ്വാതന്ത്ര്യത്തിന്റെ ഭാഗമായിരുന്നു.

ഇതാണ് നമ്മുടെ ദീനും നമ്മുടെ പാവനമായ ചരിത്രവും. ഇസ്ലാം സ്ത്രീയെ നിന്ദിച്ചുവെന്ന് പ്രചരിപ്പിച്ച് അവര്‍ക്ക് ലഭിച്ച ആദരവിനെ പാശ്ചാത്യന്‍ നാടുകളിലേക്ക് ചേര്‍ത്തുകെട്ടിയ അധിനിവേശ കൊളോണിയലിസ്റ്റുകള്‍ ഇതിലൊരിക്കലും സംതൃപ്തരാകില്ലെന്നത് സത്യമാണ്. അത്തരം വാദങ്ങളെയെല്ലാം പൊളിച്ചെഴുതുന്ന ഗ്രന്ഥങ്ങളാണ് ഖാസിം അമീനിന്റെ ‘അല്‍മര്‍അത്തുല്‍ ജദീദ’യും ‘തഹ്‌രീറുല്‍ മര്‍അ’യും. ശഅ്‌റാവിയും അതില്‍ തന്റേതായ സംഭാവനകള്‍ നടത്തിയിട്ടുണ്ട്. പാശ്ചാത്യന്‍ വാദങ്ങളെ സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കുന്ന മറ്റൊരു ഗ്രന്ഥമാണ് ത്വല്‍അത്ത് ഹര്‍ബിന്റെ ‘തര്‍ബിയത്തുല്‍ മര്‍അത്തി വല്‍ഹിജാബ്’. സൈനബ് ഗസാലിയും മാലിക് ഹിഫ്‌നി നാസ്വിഫുമാണ് ഇവ്വിഷയകമായി പശ്ചാത്യന്‍ വാദങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുന്നയിച്ച മറ്റു ചിലര്‍(ഡോ. അബ്ദുല്‍ മുതആല്‍ അല്‍ജബ്‌രി, അല്‍മര്‍അത്തു ഫിത്തസവ്വുരില്‍ ഇസ്ലാമി, പേ. 153).

അങ്ങനെയൊക്കെയാണെങ്കിലും അധിനിവേശക്കാരായ പാശ്ചാത്യര്‍ക്ക് നമ്മുടെ സംസ്‌കാരത്തിന് മേല്‍ ആധിപത്യം ചെലുത്താന്‍ സാധിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. അവര്‍ നമ്മെ പര്‌സപരം പോരടിപ്പിച്ചു. നമ്മുടെ മക്കളെ അവരുടെ ഇംഗിതങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാക്കി. നമ്മുടെ ഭൂമി അവര്‍ക്ക് കയ്യേറാന്‍ സാധിച്ചിട്ടില്ലെങ്കിലും നമ്മുടെ ചിന്തക്കും ബുദ്ധിക്കും മേലെ ആധിപത്യം ചെലുത്താന്‍ അവര്‍ക്ക് സാധ്യമായിട്ടുണ്ട്.

കാലമെത്ര കഴിഞ്ഞുപോയാലും അല്ലാഹു അവന്റെ വിശുദ്ധ പ്രകാശത്തെ ലോകത്ത് വ്യാപിച്ചുകൊണ്ടേയിരിക്കും. പുരുഷന് ഒന്നിലധികം വിവാഹം ചെയ്യാമെന്ന ഇസ്ലാമിക വീക്ഷണം ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. കുടുംബത്തിന്റെ തുടര്‍ച്ചയ്ക്കും കെട്ടുറപ്പിനും ഇത് സഹായകമാകുമെന്നത് നിഷേധിക്കാനാകില്ല. ഒരു മുസ്ലിമിന തന്റെ ഭാര്യയോടൊത്ത് ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അവന് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാം. അതേസമയം, ഒന്നാമത്തെ കുടുംബത്തെ പരിപാലിക്കല്‍ അവന്റെ ചുമതല തന്നെയാണ്. യൂറോപ്പിലിപ്പോള്‍ ഒരു സ്ത്രീയെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന സിവില്‍ നിയമം നിലവില്‍ വന്നു. അതുകൊണ്ടാണ്, അവിടെയുള്ള പുരുഷന്മാര്‍ പലപ്പോഴും വിവാഹം കഴിച്ച് ഭാര്യയും മക്കളുമൊത്തുള്ള കുടുംബ ജീവിതം ഉപേക്ഷിച്ച് നിലവിലുള്ള ഭാര്യയെക്കൂടാതെ ഒന്നോ അധിലധികമോ സ്ത്രീകളുമായി ജീവിക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും നിയമവിരുദ്ധമായ രീതിയില്‍ പ്രസവിക്കപ്പെടുകയും അനാഥരായി വളരുകയും ചെയ്യുന്ന കുട്ടികളിന്ന് അനവധിയാണ്. സ്ത്രീ സ്വാതന്ത്ര്യത്തിലുള്ള പരിശുദ്ധ ദീനിന്റെ കാഴ്ചപ്പാട് മഹത്തരമാണ്. അവള്‍ക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനും എവിടേക്കും യാത്രപോകാനും ആരുമായും ചര്‍ച്ചകള്‍ നടത്താനും ഇസ്ലാം അനുവദിച്ചു നല്‍കുന്നുണ്ടെന്നത് അവഗണിക്കാനാകില്ല.

 

വിവ: മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles