Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹിയിലെ ‘താജ്മഹല്‍’ അഥവാ ഹുമയൂണ്‍ ടോംബ്

ഡല്‍ഹിയില്‍ പോയി വരുമ്പോള്‍ പലരും വളരെ ആകാംക്ഷയോടെ ചോദിക്കുന്ന ഒരു ചോദ്യമാണ് താജ്മഹല്‍ കണ്ടില്ലേ? എന്ന്. ഇനി ശരിക്കും കണ്ടില്ലെങ്കില്‍ തന്നെ കണ്ടുവെന്ന് സമ്മതിക്കുകയേ നിവൃത്തിയുള്ളൂ ഇല്ലെങ്കില്‍ പിന്നെയെന്ത് സംഭവിക്കും എന്നത് വിവരണാതീതമാണ്. മുന്‍പ് കേരളത്തില്‍ നിന്നും ആദ്യമായി ഡല്‍ഹി കാണാന്‍ വണ്ടി കയറുന്നവര്‍ അവിടെയെത്തി ആദ്യം തിരിച്ചറിയുന്ന യാഥാര്‍ത്ഥ്യങ്ങളിലൊന്നായിരിക്കും താജ്മഹല്‍ ഡല്‍ഹിയിലല്ലെന്ന വലിയ സത്യം. യാത്രാ സാങ്കേതിക വിദ്യ അത്രമേല്‍ വികാസം പ്രാപിച്ചപ്പോള്‍ പുതു തലമുറക്ക് അക്കാര്യങ്ങളില്‍ വലിയ അബദ്ധങ്ങള്‍ സംഭവിച്ചില്ല എന്ന് വേണമെങ്കില്‍ പറയാം. എങ്കിലും ആ സത്യം അറിയാതെ ഡല്‍ഹിയില്‍ വന്നിറങ്ങുന്നവരെ ഇപ്പോഴും കാണാം.

ഡല്‍ഹിയിലല്ലെങ്കില്‍ താജ്മഹല്‍ പിന്നെയെവിടെയാണ്? ഇന്നത്തെ ഉത്തര്‍പ്രദേശിലുള്ള അക്ബറാബാദിലെത്താന്‍ (ആഗ്രയുടെ പഴയ നാമം) ഡല്‍ഹിയില്‍ നിന്ന് ഏകദേശം 237 കിലോമീറ്റര്‍ യാത്ര ചെയ്യണം. അവിടെ നിന്ന് അഞ്ചര കിലോമീറ്റര്‍ യാത്ര ചെയ്ത താജ് ഗഞ്ചിലെത്തിയാല്‍ യമുനയുടെ തീരത്തെ സാക്ഷാല്‍ താജ് മഹല്‍ വീക്ഷിക്കാം. മുഗള്‍ കാലഘട്ടത്തില്‍ പണി കഴിപ്പിച്ചിട്ടുള്ള നിരവധി മുസ്ലിം അവശേഷിപ്പുകള്‍ ആഗ്രയുടെ പ്രൗഢി വിളിച്ചോതിയിട്ടുണ്ട്. ഫത്തേപ്പൂര്‍ സിക്രി, ആഗ്ര കോട്ട തുടങ്ങിയവ താജ്മഹലിന് പുറമേ ആഗ്രയുടെ മുസ്ലിം നിര്‍മ്മിതികളാണ്.

ഇനി നമുക്ക് ഡല്‍ഹിയിലെ ‘താജ്മഹലി’നെപ്പറ്റി സംസാരിക്കാം. ഒരു മിനി താജ്മഹല്‍ ഡല്‍ഹിക്കും അവകാശപ്പെടാനുണ്ട്. 2016 ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ സാക്ഷാല്‍ താജ്മഹല്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സൗദി അറേബ്യയിലെ അബ്ദുല്ലാ രാജാവിന്റെ പൊടുന്നനെയുള്ള വിയോഗത്തില്‍ സൗദിയിലേക്ക് മടങ്ങുകയാണുണ്ടായത്. പക്ഷെ അദ്ദേഹം യാത്ര തിരിക്കുന്നതിനു മുന്‍പേ ഡല്‍ഹിയിലെ മിനി താജ്മഹലായ ഹുമയൂണ്‍ ടോംബ് കണ്ടിരുന്നു.

താജ്മഹല്‍ നിര്‍മ്മിക്കുന്നതിന് 85 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മിക്കപ്പെട്ട ഹുമയൂണ്‍ ടോംബ് മുഗള്‍ വാസ്തു വിദ്യാ േ്രശണിയിലെ വ്യക്തമായ വീക്ഷണ-നിരീക്ഷണങ്ങളോടെ പണിതുയര്‍ത്തപ്പെട്ട ആദ്യത്തെ ഇന്‍ഡോ-പേര്‍ഷ്യന്‍ മാതൃകയാണ്. പേര്‍ഷ്യന്‍ കൊത്തുപണികള്‍ കൊണ്ട് മനോഹരമാക്കിയതാണ് ടോമ്പിന്റെ ഉള്‍വശം. അഷ്ടകോണ നിര്‍മ്മാണ രീതികളിലൂടെ ഇന്ത്യയിലെ പേര്‍ഷ്യന്‍ വാസ്തു വിദ്യയുടെ എക്കാലത്തെയും മഹനീയ മുദ്രകള്‍ മുന്നോട്ടു വെക്കാന്‍ പ്രസ്തുത നിര്‍മ്മിതിക്ക് കഴിഞ്ഞു എന്നത് തന്നെയാണ് മറ്റു മുഗള്‍ നിര്‍മ്മിതികളില്‍ നിന്ന് ടോമ്പിനെ വ്യത്യസ്തമാക്കുന്നതും.

1571ല്‍ മിറാക് സയ്യിദ് ഗിയാസ് എന്ന പേര്‍ഷ്യന്‍ വാസ്തു കലാകാരനാണ് ഹുമയൂണിന്റെ ശവകുടീരം ഡിസൈന്‍ ചെയ്തു പണിതുയര്‍ത്തിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചെറുതും വലുതുമായ ശവകുടീരങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഇന്നത്തെ ഡല്‍ഹി. അവയില്‍ എടുത്ത് പറയേണ്ട പൗരാണിക നിര്‍മിതിയാണ് ഹുമയൂണ്‍ ടോംബ്. മുഗള്‍ സാമ്രാജ്യം സ്ഥാപിച്ച ബാബറിന്റെ മകനാണ് ഹുമയൂണ്‍. ലോകത്ത് തന്റെ ഭാര്യയോടുള്ള പ്രണയത്തിന്റെ എക്കാലത്തെയും സുന്ദര ശില്പ മാതൃകയാണ് താജ്മഹല്‍ എന്ന ശവകുടീരം മുന്നോട്ടു വെക്കുന്നതെങ്കില്‍ തന്റെ പ്രിയതമനോടുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഈടുറ്റ മാതൃകയായിട്ടാണ് ഹുമയൂണിന്റെ ശവകുടീരം നിലനില്‍ക്കുന്നത്.

മുഗള്‍ നിര്‍മ്മാണ ശൈലിയുടെ പ്രധാന പ്രേത്യേകതകളിലൊന്നാണ് ഉദ്യാനങ്ങള്‍ കൊണ്ട് അലംകൃതമായ കോട്ടകള്‍, ശവകുടീരങ്ങള്‍, സ്തൂപ മാതൃകകള്‍… ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉദ്യാനങ്ങളാല്‍ ചുറ്റപ്പെട്ട മികവുറ്റ നിര്‍മ്മിതിയാണ് ഹുമയൂണ്‍ ടോംബ് എന്ന് യഥേഷ്ടം പറയാം. നാലു ഭാഗത്തും പൂന്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട (ചാര്‍ ബാഗ്) പ്രദേശത്തിന്റെ മധ്യ ഭാഗത്തതാണ് ടോമ്പിന്റെ പ്രധാന ഭാഗം കെട്ടിയുയര്‍ത്തപ്പെട്ടിട്ടുള്ളത്. പിതാവ് ബാബറിന്റേതടക്കം നിരവധി പ്രമുഖരുടെ ശവകുടീരങ്ങള്‍ വേറെയും അങ്ങിങ്ങായി കാണാം. അത് കൊണ്ട് തന്നെ മുഗളന്മാരുടെ കിടപ്പാടം (ഡോര്‍മിറ്ററി ഓഫ് മുഗള്‍) എന്നാണ് പ്രസ്തുത ശവകുടീരത്തെ വിശേഷിപ്പിക്കുന്നത്.

താജ്മഹലിലെ നാലു മിനാരങ്ങള്‍ ഹുമയൂണ്‍ ടോമ്പില്‍ കാണാന്‍ കഴിയില്ലെങ്കിലും രൂപ സാദൃശ്യം കൊണ്ട് ഏതൊരു സന്ദര്‍ശകനും ഒറ്റ നോട്ടത്തില്‍ താജ്മഹല്‍ എന്നേ ഹുമയൂണ്‍ ടോമ്പിനെ വിശേഷിപ്പിക്കാനാവൂ. മുഗള്‍ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടവയില്‍ ഇത്രയും മനഹോരമായ ഒരു ശവകുടീര മാതൃക സാക്ഷാല്‍ താജ്മഹല്‍ കഴിഞ്ഞാല്‍ കാണുക പ്രയാസമാണ്.

1993ലാണ് യുനസ്‌കോയുടെ ലോക ഹെറിറ്റേജ് പട്ടികയില്‍ ഹുമയൂണ്‍ ടോമ്പ് ഇടം പിടിച്ചത്. 1857ലെ ഒന്നാം സ്വാതന്ത്ര്യ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ അവസാന മുഗള്‍ സുല്‍ത്താനായ ബഹദൂര്‍ ഷാ സഫര്‍ രണ്ടാമനെ ബ്രിട്ടീഷുകാര്‍ പിടികൂടുന്നതും ഇവിടെ നിന്നായിരുന്നു. ആഗ്ര, ജയ്പൂര്‍ നഗരങ്ങള്‍ ഡല്‍ഹിയുമായി വിനോദ സഞ്ചാര വലയം കാത്ത് സൂക്ഷിക്കുന്ന സുവര്‍ണ്ണ ത്രികോണ ടൂറിസ്റ്റ് നഗരങ്ങളായിട്ടാണ് (ഗോള്‍ഡന്‍ ട്രയാങ്കിള്‍) ഇന്ത്യയില്‍ അറിയപ്പെടുന്നത്. അത് കൊണ്ട് തന്നെയാണ് ഡല്‍ഹിയില്‍ വരുന്നവര്‍ ആഗ്രയിലെ താജ്മഹല്‍ കണ്ടേ നാട് പിടിക്കാവൂ എന്ന് തീരുമാനമെടുക്കുന്നതും. ഇനി ചോദ്യം ചോദിക്കുന്നവരോട് ധൈര്യമായി പറയാം ‘ഡല്‍ഹിയിലെയും താജ്മഹല്‍ ഞങ്ങള്‍ കണ്ടുവെന്ന്’.

Related Articles