Current Date

Search
Close this search box.
Search
Close this search box.

വിശ്വാസജീവിതം സാധ്യമാക്കുന്ന വിപ്ലവം

ഈമാൻ അഥവാ വിശ്വാസം ഇസ്‌ലാമിക ജീവിതവ്യവസ്ഥയുടെ അടിസ്ഥാനമാണ്. പ്രവാചകനിയോഗത്തിൻറെയും ഖുർആനി കാവതരണത്തിൻറെയും ലക്ഷ്യം വിശ്വാസത്തിലേക്കുള്ള പ്രബോധനമായിരുന്നു. അന്തിമ വിജയത്തിൻറെ അടിസ്ഥാനം ഈമാൻ മാത്രമാണ്. “അംന് എന്ന പദമാണ് ഈമാനിൻറെ മൂലധാതു. മനസ്സ് നിർഭയവും പ്രശാന്തവുമാവുക എന്നതാണ് അംനിൻറെ അടിസ്ഥാനപരമായ അർഥം. … തൻറെ സത്യസന്ധമായ ഇടപാടിനെക്കുറിച്ച് മനസ്സിനു സമാധാനമുണ്ടാവുകയും ചതിക്കുകയില്ലെന്ന് ഉറപ്പുണ്ടാവുകയും ചെയ്യുന്നതു കൊണ്ട് വിശ്വസ്തന് അമീൻ എന്ന് പറയുന്നു…. മനസ്സിൽ രൂഢമൂലമായതും സ്വഭാവചര്യകളുടെ മൂശയായി വർത്തിക്കുന്നതുമായ ചിന്തകളും ആശയങ്ങളുമാണ് ഈമാൻ.” (ഇസ് ലാമിക വിജഞാനകോശം, വാ.6, പേ.270)

വിശ്വാസിയാണ് എന്ന് പറയലല്ല ഈമാൻ. അങ്ങിനെ പറയുകമാത്രം ചെയ്തവർ കപടരും ആത്മവഞ്ചകരുമാണെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. വിശ്വാസത്തെക്കുറിച്ചുള്ള ബുദ്ധിപരമായ കുറേ അറിവുമല്ല ഈമാൻ. അത്തരക്കാരായ കുറെ അഹങ്കാരികളും ധിക്കാരികളും നിഷേധികളുമായവർ സമൂഹത്തിലുണ്ട്. വിശ്വാസത്തിൻറെ സ്ഥാനം രക്തത്തിലും മജ്ജയിലും ഹൃദയത്തിൻറെ ആഴത്തിലുമാണ്.

യൂസുഫുൽ ഖറദാവി എഴുതുന്നു: ’’ഈമാൻ അതിൻറെ സത്തയിൽ വെറും അധരസേവയോ ശരീര ചേഷ്ഠയോ ബൗദ്ധിക വ്യാപാരമോ അല്ല. മറിച്ച്, മനസ്സിൻറെ ആഴങ്ങളിൽ എത്തുന്ന ആന്തരിക ധർമ്മമാണ്. ബോധവും ഇച്ഛയും വികാരവും അതിനെ വലയംചെയ്തു നിൽക്കുന്നു. ബോധം ബുദ്ധിപരമാണ്. അസ്തിത്വ യാഥാർത്ഥ്യം തനതായ രൂപത്തിൽ അനാവരണം ചെയ്യപ്പെടുന്നത് അതിലൂടെയാണ്. ഈ അറിവ് അബദ്ധമുക്തമായ ദൈവിക ബോധനം വഴിയെ പൂർണ്ണമാകൂ. ബുദ്ധിപരമായ ഈ ജ്ഞാനം സംശയമോ സന്ദേഹമോ കലരാത്ത വിധം സുദൃഢവും സുഭദ്രവുമായ അവസ്ഥ സ്ഥാപിക്കേണ്ടതുണ്ട്.’’(വിശ്വാസവും ജീവിതവും)

യഥാർഥ വിശ്വാസികൾ ആരാണെന്ന് ഖുർആൻ പഠിപ്പിച്ചിട്ടുണ്ട്. “അല്ലാഹുവിലും അവൻറെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് ഒട്ടും സംശയിക്കാതിരിക്കുകയും ചെയ്തവരത്രെ യഥാർഥ വിശ്വാസികൾ ” (അൽഹുജുറാത്ത്: 15)

“അല്ലാഹുവാകുന്നു ഞങ്ങളുടെ നാഥൻ എന്ന് പ്രഖ്യാപിക്കുകയും എന്നിട്ടതിൽ ഉറച്ചു നിൽക്കുകയും ചെയ്തവർ ” (ഹാമീം അസ്സജദ: 30)

സയ്യിദ് മൗദൂദി വിശദീകരിക്കുന്നു: “അതായത്, യാദൃച്ഛികമായി അല്ലാഹുവാണ് എൻറെ റബ്ബ് എന്ന് പറഞ്ഞുപോയവനോ,അല്ലാഹുവാണ് എൻറെ റബ്ബ് എന്ന് പറയുകയും അതോടൊപ്പം മറ്റുള്ളവരെക്കൂടി റബ്ബുകളാക്കുകയും ചെയ്യാം എന്ന തെറ്റിദ്ധാരണയിലകപ്പെട്ടവനോ അല്ല; പ്രത്യുത, ഒരിക്കൽ ഈ ആദർശം സ്വീകരിച്ചാൽ പിന്നെ ജീവിതം മുഴുവൻ അതിൽത്തന്നെ നിലകൊള്ളുകയും അതിനെതിരായ മറ്റൊരാദർശവും അംഗീകരിക്കാതിരിക്കുകയും ഈ ആദർശത്തോട് മറ്റേതെങ്കിലും മിഥ്യാദർശനകൾ കൂട്ടിക്കലർത്താതിരിക്കുകയും സ്വന്തം കർമജീവിതത്തിൽ കൂടി ഏകദൈവ വിശ്വാസത്തിൻറെ താൽപര്യങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുന്നവർ എന്നർഥം.” (തഫ് ഹീമുൽ ഖുർആൻ)

“അല്ലാഹു സ്മരിക്കപ്പെട്ടാൽ ഹൃദയങ്ങൾ പ്രകമ്പിതരാകുന്നവരത്രെ യഥാർഥ വിശ്വാസികൾ. അവൻറെ സൂക്തങ്ങൾ ഓതിക്കേൾപ്പിക്കുമ്പോൾ അവർക്ക് വിശ്വാസം വർധിക്കുന്നു. തങ്ങളെ പൂർണമായി തങ്ങളുടെ നാഥന്നു സമർപ്പിക്കുകയും ചെയ്യുന്നു.” (അൽ അൻഫാൽ: 2) “ദൈവത്തിൻറെ ഓരോ ആജ്ഞ വരുകയും അത് മനസാ വാചാ കര്‍മണാ അംഗീകരിക്കുകയും ചെയ്യുമ്പോഴെല്ലാം മനുഷ്യൻറെ ഈമാന്‍ വര്‍ധിച്ചുകൊണ്ടേയിരിക്കും. സ്വന്തം ഹിതത്തിനെതിരായി, സ്വന്തം അഭിപ്രായങ്ങള്‍ക്കും ആദര്‍ശസിദ്ധാന്തങ്ങള്‍ക്കുമെതിരായി, ശീലങ്ങള്‍ക്കും സമ്പ്രദായങ്ങള്‍ക്കുമെതിരായി, സ്വന്തം താല്‍പര്യങ്ങള്‍ക്കും സുഖസൗകര്യങ്ങള്‍ക്കുമെതിരായി, സ്‌നേഹങ്ങള്‍ക്കും മൈത്രീബന്ധങ്ങള്‍ക്കുമെതിരായി അല്ലാഹുവിൻറെ ഗ്രന്ഥത്തിലോ റസൂലിൻറെ ചര്യയിലോ വല്ല നിര്‍ദേശവും കാണുമ്പോള്‍ അതിനെ മാറ്റിമറിക്കാതെ, സ്വയം അതിനൊത്ത് മാറുകയും അതിൻറെ പേരില്‍ എല്ലാ ക്ലേശങ്ങളും സഹിക്കുകയും ചെയ്യുന്നുവെങ്കില്‍, അതുമൂലം ‘വിശ്വാസ’ത്തിനു തിളക്കവും ഓജസ്സും വര്‍ധിച്ചുകൊണ്ടിരിക്കും; നേരെമറിച്ച്, അങ്ങനെ ചെയ്യുന്നതില്‍ വിഘ്‌നം വരുത്തുന്നപക്ഷം ഈമാന്‍ ക്ഷയിച്ച് ക്ഷയിച്ച് നിര്‍ജീവമായിക്കൊണ്ടിരിക്കുകയും ചെയ്യും. ചുരുക്കത്തില്‍, നിശ്ചലവും നിശ്ചേതനവുമായ ഒന്നല്ല ഈമാന്‍. ഒരിക്കല്‍ വിശ്വസിച്ചാല്‍ സദാ വിശ്വാസിയും, ഒരിക്കല്‍ അവിശ്വസിച്ചാല്‍ എന്നും അവിശ്വാസിയുംതന്നെ ആയിരിക്കുമാര്‍, ഈമാനിൻറെ സമ്മത-നിഷേധങ്ങള്‍ ഇളക്കമില്ലാത്തതല്ല. മറിച്ച്, വിശ്വാസവും അവിശ്വാസവും വൃദ്ധിക്ഷയങ്ങള്‍ക്ക് വിധേയമത്രെ. സമ്മതത്തിലും നിഷേധത്തിലും സദാ ഏറ്റക്കുറവുകളും ഉയര്‍ച്ച താഴ്ചകളും സംഭവിച്ചുകൊണ്ടിരിക്കാം. പക്ഷേ, കര്‍മശാസ്ത്ര വിധികള്‍ ആസ്പദമാക്കി നാഗരിക വ്യവസ്ഥയില്‍ മനുഷ്യൻറെ അവകാശബാധ്യതകളും സ്ഥാനപദവികളും നിര്‍ണയിക്കുന്നേടത്ത് വിശ്വാസത്തിനും അവിശ്വാസത്തിനും ഓരോ തട്ട് മാത്രമേ പരിഗണനീയമായിരിക്കയുള്ളൂ. അതായത്, ഇസ്‌ലാമിക സമൂഹത്തില്‍ അതിലെ അംഗങ്ങള്‍ക്കിടയില്‍ വിശ്വാസപരമായി എന്തെന്തു സ്ഥാനവ്യത്യാസങ്ങളുണ്ടെങ്കിലും, വിശ്വാസികള്‍ക്കെല്ലാം നിയമപരമായി ഒരേ അവകാശബാധ്യതകളാണുള്ളത്.” (തഫ്ഹീമുൽ ഖുർആൻ)

“യഥാർഥ വിശ്വാസികൾ അല്ലാഹുവിനെ ഏറ്റവും സ്നേഹിക്കുന്നവരത്രെ.” (അൽബഖറ: 165) “അല്ലാഹുവിൻറെ പ്രീതി മറ്റുള്ളവരുടെ പ്രീതിയെ കവിഞ്ഞു നിൽക്കണം. അല്ലാഹുവിനോടുള്ള പ്രേമത്തിൻറെ പേരിൽ ബലിയർപ്പിക്കാൻ സാധ്യമല്ലാത്ത വിധം ഒന്നിനോടുമുള്ള പ്രേമം ഹൃദയത്തിൽ സ്ഥലം പിടിക്കരുത്. ഇതത്രെ ഈമാനിൻറെ താൽപര്യം.” (തഫ്ഹീമുൽ ഖുർആൻ)

ഈ ഈമാൻ അവൻറെ ഹൃദയത്തിൽ ജ്വലിക്കും. അത് പ്രവർത്തനമായി മാറും. അതിനായി ത്യാഗങ്ങൾ വരിക്കും. തവക്കുൽ അവർക്ക് കരുത്ത് പകരും. വിശ്വാസം കർമത്തിലൂടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലേ ഫലപ്രദമാകൂ. ഖുർആനിൻറെ കൽപ്പനക്കനുസരിച്ചും പ്രവാചകാധ്യാപനങ്ങൾ പകർത്തിയും കൊണ്ടുള്ളതല്ല അവൻറെ വിശ്വാസമെങ്കിൽ അത് കള്ളവാദമായിത്തീരും.

ഇസ്‌ലാമിക വിശ്വാസ സംഹിതയുടെ മൗലിക ഘടകങ്ങൾ അല്ലാഹുവിലുള്ള വിശ്വാസം, അവൻറെ മലക്കുകളിലും ഗ്രന്ഥങ്ങളിലും ദൂതന്മാരിലുമുള്ള പ്രശാസം, അന്ത്യനാളിലുള്ള വിശ്വാസം, നന്മയും തിന്മയുമായ എല്ലാ കാര്യങ്ങളും അല്ലാഹുവിൻറെ നിശ്ചയമനുസരിച്ച് സംഭവിക്കുന്നുവെന്ന വിശ്വാസം – ഇവയാണ് . വിശ്വാസമായും കർമമായും ഇസ്‌ലാമിൽ എന്തെല്ലാമുണ്ടോ അതൊക്കെയും അല്ലാഹുവിലുള്ള വിശ്വാസത്തിൽ അധിഷ്ഠിതമാവുന്നു.

കർമനിരതമായ സമുദായം
ആദർശവാക്യം അംഗീകരിച്ച് പ്രഖ്യാപിക്കുന്നതോടെ ഒട്ടേറെ ചുമതലകൾ വിശ്വാസികളിൽ വന്നുചേരുന്നുണ്ട്. നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ നിർബന്ധാരാധനകൾ മാത്രമല്ല. അവ നിർവ്വഹിച്ച് സ്വയം വിശുദ്ധനായതുകൊണ്ട് മാത്രവുമായില്ല. സഹജീവികൾക്ക് സകല ഇസ്‌ലാമിക മൂല്യങ്ങളും തങ്ങളുടെ ജീവിതത്തിലൂടെ അനുഭവവേദ്യമാകണം. സമൂഹത്തിൽ സത്യവും ധർമവും നീതിയും നിലനിൽക്കാൻ അവർ ആഗ്രഹിക്കണം. അതിനായി പ്രയത്നിക്കണം. തിന്മ കൊടികുത്തി വാഴുമ്പോൾ നോക്കി നിൽക്കുന്നവനാകരുത്. അക്രമം അരങ്ങ് വാണപ്പോൾ മൗനം ഭജിക്കുകയും നിഷ്ക്രിയരാവുകയും ചെയ്ത പൂർവ്വികർ നശിപ്പിക്കപ്പെട്ടതാണ് ചരിത്രം. ഇസ്റാഈൽ വംശം ദാവൂദ്, ഈസാ പ്രവാചകന്മാരാൽ ശപിക്കപ്പെട്ടത് അതിനാലാണ്. നന്മ കൽപിക്കുന്നവരും തിന്മ വിരോധിക്കുന്നവരുമെന്ന് വിശ്വാസി സമൂഹത്തെ അല്ലാഹു വിശേഷിപ്പിച്ചതും സത്യസാക്ഷ്യം വഹിക്കലും ദൈവിക ദീനിലേക്ക് ക്ഷണിക്കലും മൗലിക ബാധ്യതയായി അല്ലാഹു ചുമതലപ്പെടുത്തിയതും ഉത്തമ സമൂഹമെന്ന് മുസ്‌ലിം സമുദായത്തെ ഖുർആൻ വിശേഷിപ്പിച്ചതും ഉമ്മത്തിന്റെ അടിസ്ഥാന ഉത്തരവാദിത്തങ്ങളായാണ് നാഥൻ പഠിപ്പിക്കുന്നത്.

ഈ ചുമതലകളേറ്റെടുത്ത് കൊണ്ടുള്ള പ്രയാണം അയത്നലളിതമല്ല. സത്യത്തിൻറെ സംരക്ഷണവും അസത്യത്തിൻറെ നിർമൂലനവും കഷ്ടനഷ്ടങ്ങളും പീഡനങ്ങളും ക്ഷണിച്ച് വരുത്തുന്ന സന്ദർഭമാണ്. വിശ്വാസത്തിൽ ഉറച്ച് നിന്ന് നെഞ്ചുറപ്പോടെ ആ സന്ദർഭങ്ങളെ തരണം ചെയ്യുന്നവരാണ് വിജയിക്കുന്നവർ.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സമുദായമാണ് ഇസ് ലാമിക സമൂഹം. നൂറു കോടിയിലേറെ വരും അതിൻറെ എണ്ണം. എന്നിട്ടും ചപ്പുചവറു കണക്കെ ആരുടെയെല്ലാമോ പിന്നാലെ ഒഴുകുന്ന ദുരന്ത കാഴ്ച്ചയാണ് കാണുന്നത്. ഇസ്‌ലാമികാധ്യാപനങ്ങൾ കൈവെടിഞ്ഞതാണ് മുസ്‌ലിംകളുടെ അധഃസ്ഥിതിക്ക് കാരണം. പ്രമാണങ്ങളെ മാറ്റിനിർത്തി പുരോഗമന നാട്യകാരെ അനുകരിച്ചാൽ പുരോഗതിയായി എന്ന മിഥ്യയിലാണ് സമുദായം. ക്രിയാശേഷി വിനിയോഗിക്കാത്തിടത്തോളംകാലം മുന്നോട്ട് പോകാൻ കഴിയില്ല.

പ്രവാചകൻ(സ) പ്രവർത്തന രംഗത്ത് നിന്നകന്ന് വിശ്രമിച്ചതായി ഒരു ചരിത്രമേയില്ല. നബി(സ) പറഞ്ഞു: “ദ്രുതഗതിയിൽ സൽക്കർമങ്ങളിലേർപ്പെട്ടുകൊണ്ടിരിക്കുക. ഇരുണ്ട രാത്രിയെപ്പോലെ കറുത്ത കുഴപ്പങ്ങളുണ്ടാകാൻ പോകുന്നു.” (മുസ് ലിം).

“അഞ്ച് അവസ്ഥകൾക്ക് മുമ്പ് അഞ്ച് അനുഗ്രഹങ്ങൾ പ്രയോജനപ്പെടുത്തുക. വാർധക്യത്തിന് മുമ്പ് യൗവനം, രോഗത്തിന് മുമ്പ് ആരോഗ്യം, ദാരിദ്ര്യത്തിനു മുമ്പ് സമ്പന്നത, ജോലിത്തിരക്കുകൾക്കു മുമ്പ് ഒഴിവു സമയം, മരണത്തിനു മുമ്പ് ജീവിതം” (തിർമിദി).

ഈ ആദർശ പാഠങ്ങൾ യഥാവിധം ഉൾകൊള്ളുന്ന വിശ്വാസിക്ക് ഒരിക്കലും നിഷ്ക്രിയനാവാൻ കഴിയുകയില്ല. അല്ലാഹു പറയുന്നു: “നിങ്ങൾ പ്രവർത്തിക്കുക. നിങ്ങളുടെ പ്രവർത്തനങ്ങൾ അല്ലാഹുവും അവൻെറ പ്രവാചകനും വിശ്വാസികളും കാണും” (അത്തൗബ: 105).

അല്ലാഹുവിന്റെ പ്രീതിയിലേക്കും നിത്യമായ സ്വർഗ്ഗത്തിലേക്കുമുള്ള വഴിയിലുള്ള ശക്തമായ പ്രവർത്തനത്തിന് ഖുർആൻ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. അന്ത്യനാളിൽ ആയുസും ആരോഗ്യവും സമ്പത്തും ഉൾപ്പടെയുള്ള എല്ലാ അനുഗ്രഹങ്ങളെ ക്കുറിച്ചും വിചാരണ നേരിടാതെ ഒരടിയും മുന്നോട്ട് പോവാൻ ഒരാൾക്കും കഴിയില്ലെന്ന് പ്രവാചകൻ താക്കീത് ചെയ്തിട്ടുമുണ്ട്.

ഇസ്‌ലാമിക നവോത്ഥാനം
ഇസ്‌ലാമിക സമൂഹത്തിൻെറ നവോത്ഥാനം ശത്രുക്കൾക്ക് അസഹനീയമാണ്. സമുദായം ഇറങ്ങിക്കിടക്കുന്നതിലാണവർക്ക് താൽപര്യം. വിനീത വിധേയരായ, ഓഛാനിച്ച് കൈകൂപ്പി യാചിച്ച് നിൽക്കുന്ന ഒരടിമ സമൂഹത്തെ കുറിച്ച കിനാവാണ് മുസ്‌ലിംകളെ കുറിച്ച് അവർ കണ്ടുകൊണ്ടിരിക്കുന്നത്. ചരിത്രത്തിന്റെ ആവർത്തനം പോലെ ഇസ്‌ലാമിക ചിന്ത വീണ്ടും ഉണർന്നിരിക്കുന്നു. ഇസ്‌ലാമിക സമൂഹത്തെ ഭിന്നിപ്പിച്ച് വിരുദ്ധ ശക്തികൾക്ക് സംരക്ഷണം നൽകലാണല്ലോ സാമ്രാജ്യത്വം പണ്ടേ സ്വീകരിച്ച വഴി. സമുദായത്തിന്റെ ഐക്യത്തിലൂടെ ശത്രുക്കൾക്ക് തിരിച്ചടി നൽകാൻ കഴിയും. “സത്യത്തെ നിഷേധിച്ചവർ പരസ്പരം മിത്രങ്ങളാണ്. നിങ്ങളും ഐക്യത്തിന്റെ നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഭൂമിയിൽ വലിയ നാശവും കുഴപ്പവും ഉണ്ടാവും” (അൽ അൻഫാൽ : 73).

മുസ്‌ലിംകൾ ഇന്നനുഭവിക്കുന്ന ദുരന്തങ്ങളുടെ ഹേതു അവരുടെ ശൈഥില്യമാണ്. ശത്രു ഹൃദയങ്ങളിൽ നിന്ന് നിങ്ങളെ കുറിച്ച ഭയം ഊർന്ന് പോയതും നിങ്ങളുടെ ഹൃദയങ്ങളിൽ ഇഹലോകത്തോടുള്ള ഇഷ്ടവും മരണത്തോടുള്ള വെറുപ്പും കടന്നു കൂടിയതുമാണ്, ആറ്റിലെ ചണ്ടി പോലെ ഏറെ ഉണ്ടായിട്ടും ഭക്ഷണതളികയിലേക്കെന്ന പോലെ നാനാഭാഗത്തു നിന്നും നിങ്ങൾ കടന്നാക്രമിക്കപ്പെടാൻ കാരണമെന്നും നബി തിരുമേനി (സ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശത്രുക്കൾ ഏത് പരാജയത്തിലൂടെയും ലക്ഷ്യമാക്കുന്നത് മുസ്‌ലിംകളുടെ നിശ്ചയദാർഢ്യം തകർക്കാനാണ്. അത് പഷേ ആർക്കും സാധ്യമല്ല. അല്ലാമ ഇഖ്ബാൽ പറഞ്ഞു: ഇസ് ലാം സിന്ദ ഹോത്താ ഹെ ഹർ കബലെ കാ ബഅദ്’ “എല്ലാ കർബലക്ക് ശേഷവും ഇസ്‌ലാം ജീവിക്കുകയാണ്. ഇസ്‌ലാം മരിക്കുന്നില്ല”.

ഇസ്‌ലാമോഫോബിയ കാരണം ഇസ്‌ലാമിനെ തകർക്കാൻ സാമ്രാജ്യത്വവും ഫാസിസവും നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതുമായ ഭീകരതകൾ ലോകത്തിന് വ്യക്തമാണ്. ഇസ്‌ലാമിന് അവകൊണ്ട് ആൾനഷ്ടവും ധനനാശവും അധികാര നഷ്ടവുമെല്ലാം ഏറെ സംഭവിച്ചിട്ടുണ്ട്. എങ്കിലും ഇന്ന് ലോകത്തെവിടെയും വിശ്വാസത്തിന്റെ തുടിപ്പുകൾ കാണാം. ഇരുപതാം നൂറ്റാണ്ടിൽ പിറവികൊണ്ട ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ ഇന്നും ലോകത്തുടനീളം കനലായി ജ്വലിച്ചു നിൽക്കുന്നുണ്ട്. ചരിത്രത്തിലെന്ന പോലെ ഭീതിയില്ലാതെ അവ തങ്ങളുടെ അവസരത്തിനായി കാത്തിരിക്കുകയാണ്. ‘തങ്ങൾക്കെതിരെ സർവസജ്ജരായി വന്ന സൈന്യങ്ങളെ കണ്ടപ്പോൾ വിശ്വാസികൾ പറഞ്ഞത് ഇത് ഞങ്ങൾക്ക് അല്ലാഹുവും അവൻെറ പ്രവാചകനും മുന്നറിയിപ്പ് നൽകിയതാണ് എന്നാണ്. അല്ലാഹുവും പ്രവാചകനും പറഞ്ഞത് സത്യമാണ്. ആ അനുഭവമവർക്ക് വിശ്വാസവും സമർപ്പണവും വർധിപ്പിക്കുകയാണ് ചെയ്തതെ’ന്ന് (അഹ്സാബ്: 22 ൽ) ഖുർആൻ പറയുന്നുണ്ട്. ഇങ്ങനെയാണ് വിശ്വാസികൾ. അവരുടെ നിശ്ചയദാർഢ്യം ആർക്കും തകർക്കാനാവില്ല. “വിശ്വാസികളിൽ ചിലരുണ്ട് അവർ അല്ലാഹുവുമായി ചെയ്ത കരാറുകളെ സാക്ഷാത്കരിച്ചവരും ചിലർ തങ്ങളുടെ നേർച്ച പൂർത്തിയാക്കിയവരും ഇനിയും ചിലർ തങ്ങളുടെ അവസരം പ്രതീക്ഷിച്ച് കഴിയുന്നവരുമാണ്” (അഹ്സാബ് : 23).

അതുകൊണ്ട് തന്നെ അല്ലാഹു അല്ലാത്ത ശക്തികളെ വിശ്വാസികൾ ലവലേശം ഭയപ്പെടാതെ ചങ്കുറപ്പോടെ നിലകൊള്ളും. ജനങ്ങളും പാർട്ടികളുമെല്ലാം നിങ്ങൾക്കെതിരാണെന്നും അതിനാൽ അവരെ ഭയന്നോളൂ എന്നും ജനം ഭീഷണിപ്പെടുത്തിയ സന്ദർഭത്തിലും വിശ്വാസികൾക്ക് ഈമാൻ വർധിക്കുകയും ഞങ്ങൾക്ക് അല്ലാഹു മതിയെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നെന്ന് ഖുർആൻ സ്മരിക്കുന്നുണ്ട്. അതിനാൽ ദൈവാനുഗ്രഹത്തിന്റെയും ദൈവപ്രീതിയുടേതുമായ തവക്കുലിന്റെ വഴി സ്വീകരിച്ച് മുന്നേറലാണ് വിശ്വാസിക്ക് കരണീയമായത്. വിശ്വാസം മുറുകെപ്പിടിച്ചാൽ ദുഖവും ദൗർബല്യവും സമുദായത്തെ ഗ്രസിക്കില്ലെന്ന ശുഭവാർത്ത അല്ലാഹു നൽകിയിട്ടുണ്ട്.

വിപ്ലവജ്വാലയുള്ള ജീവിതം
വിശ്വാസിയുടെ പ്രകൃതിയിലന്തർലീനമായ മൗലിക സംഗതിയാണ് പോരാട്ടം അഥവാ ജിഹാദ്. ആദർശത്തിന് വേണ്ടി ജീവിതത്തെ നൽകുന്ന പരിശ്രമമാണ് ജിഹാദ്. സ്വന്തത്തിലും കുടുംബത്തിലും സമൂഹത്തിലും അല്ലാഹുവിന്റെ ദീൻ നിലനിർത്താനുള്ള എല്ലാ ത്യാഗപരിശ്രമങ്ങൾക്കുമാണ് ജിഹാദ് എന്ന് പറയുക. ജിഹാദ് ഇസ്‌ലാമിന് അന്യമായ ഒരു ആശയമല്ല. വിശ്വാസിയിൽ കെടാതെ നിൽക്കുന്ന വീര്യമാണത്. ഇസ്‌ലാമിന്റെ ഈ വീര്യത്തെ ശത്രുക്കൾ എന്നും പേടിക്കുന്നു. ഈ ഭയമാണ് ലോകത്ത് പ്രശ്നങ്ങളുണ്ടാക്കുന്നത്. ജിഹാദ് എന്ന വിപ്ലവാവേശം ആ ശക്തികളുടെ താൽപര്യത്തിന് എതിരാണ്. വിശ്വാസിയിൽ അന്തർലീനമായ ഈ ആത്മവീര്യത്തെ ഹൃദയത്തിൽ നിന്നും തൂത്തെറിയാൻ ഒരു ശക്തിക്കും കഴിയില്ല.

ആദർശം സ്വീകരിച്ച ഓരോ വ്യക്തിയും ഇസ്‌ലാമിൽ വിപ്ലവകാരിയാണ്. സത്യവിശ്വാസിക്ക് ജിഹാദെന്നത് വ്യക്തിപരമായ ബാധ്യതയാണ്. നരകത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ജിഹാദ് ചെയ്യണം എന്നാണ് ഖുർആന്റെ ശാസന.

”അല്ലയോ വിശ്വസിച്ചവരേ, നിങ്ങളെ വേദനയേറിയ ശിക്ഷയില്‍നിന്ന് മോചിപ്പിക്കുന്ന ഒരു കച്ചവടം ഞാന്‍ പറഞ്ഞുതരട്ടെയോ? അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും നിങ്ങളുടെ ജീവ-ധനാദികളാല്‍ ദൈവിക സരണിയിൽ സമരമനുഷ്ഠിക്കുകയും ചെയ്യുക. അതത്രെ നിങ്ങള്‍ക്കു ശ്രേഷ്ഠമായിട്ടുള്ളത്–നിങ്ങള്‍ അറിയുന്നുവെങ്കില്‍. അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുന്നതാകുന്നു. താഴ്ഭാഗങ്ങളിലൂടെ ആറുകളൊഴുകുന്ന ആരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും നിത്യവാസത്തിനുള്ള തോട്ടങ്ങളില്‍ വിശിഷ്ട സൗധങ്ങൾ നല്‍കുകയും ചെയ്യും. ഇതാകുന്നു മഹത്തായ വിജയം.” (അസ്സ്വഫ്ഫ്: 10 – 13)

അല്ലാഹുവിനെയും പ്രവാചകനെയും പോലെ ഏറ്റവും പ്രിയപ്പെട്ടതാവണം ജിഹാദെന്ന് വിശുദ്ധ വേദം ആഹ്വാനം ചെയ്യുന്നു: “പ്രവാചകന്‍ പറയുക: ‘നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും നിങ്ങള്‍ സമ്പാദിച്ചുവെച്ച മുതലുകളും, മുടങ്ങിപ്പോകുമെന്ന് ഭയപ്പെടുന്ന വ്യാപാരങ്ങളും ഇഷ്ടപ്പെടുന്ന ഭവനങ്ങളുമാണ്, അല്ലാഹുവിനെക്കാളും അവൻ്റെ ദൂതനെക്കാളും അവൻ്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും ഏറെ നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കിൽ കാത്തിരുന്നുകൊള്ളുക, അല്ലാഹു അവൻെറ കല്‍പന നടപ്പാക്കാൻ പോകുന്നു. കുറ്റവാളികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനമരുളുന്നില്ല.” (അത്തൗബ: 24)

സ്വർഗ പ്രവേശത്തിന്റെ ഉപാധിയാണ് ജിഹാദ്. “അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരത്തിൽ ജീവാര്‍പ്പണം ചെയ്യുന്നവരാരെന്നും അവനുവേണ്ടി ക്ഷമിക്കുന്നവരാരെന്നും അല്ലാഹു ഇനിയും കണ്ടുകഴിഞ്ഞിട്ടില്ലെന്നിരിക്കെ, എളുപ്പത്തില്‍ നിങ്ങള്‍ക്ക് സ്വർഗത്തിൽ പോയ്ക്കളയാമെന്ന് വിചാരിക്കുകയാണോ?” (ആലു ഇംറാൻ: 142)

ജിഹാദില്ലാതെ വിശ്വാസി സമൂഹം വിജയിക്കാൻ പോകുന്നില്ല. അവരുടെ നിയോഗലക്ഷ്യം തന്നെ ജിഹാദാണ്. “അല്ലാഹുവിൻറെ മാർഗത്തിൽ സമരം ചെയ്യേണ്ടവണ്ണം സമരം ചെയ്യുവിന്‍. അവന്‍ തന്റെ ദൗത്യത്തിനുവേണ്ടി നിങ്ങളെ തെരഞ്ഞെടുത്തിരിക്കുകയാകുന്നു. ദീനില്‍ നിങ്ങളുടെ മേൽ ഒരു ക്ലിഷ്ടതയുമുണ്ടാക്കിവെച്ചിട്ടില്ല. നിങ്ങളുടെ പിതാവായ ഇബ്‌റാഹീമിന്റെ മതത്തിൽ നിലകൊള്ളുന്നവരാകുവിൻ. അല്ലാഹു പണ്ടേതന്നെ നിങ്ങള്‍ക്ക് ‘മുസ്‌ലിംകൾ’ എന്ന് നാമകരണം ചെയ്തിട്ടുണ്ടായിരുന്നു; ഇതിലും (ഖുര്‍ആനിലും നിങ്ങളുടെ പേര്‍ അതുതന്നെയാകുന്നു). ദൈവദൂതന്‍ നിങ്ങള്‍ക്ക് സാക്ഷിയാകേണ്ടതിന്; നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളാകേണ്ടതിനും. അതിനാല്‍, നമസ്‌കാരം നിലനിര്‍ത്തുവിന്‍. സകാത്തു കൊടുക്കുവിന്‍. അല്ലാഹുവിനെ മുറുകെ പിടിച്ചുകൊള്ളുവിന്‍. അവനാകുന്നു നിങ്ങളുടെ രക്ഷകന്‍. എത്ര വിശിഷ്ടനായ രക്ഷകന്‍! എത്ര വിശിഷ്ടനായ സഹായി!”
(അൽഹജ്ജ്: 78)

ഖുർആനും സുന്നത്തും വരച്ച് കാണിക്കുന്ന യഥാർഥ വിശ്വാസിയായി ജീവിക്കാൻ വേണ്ടിയുള്ള ത്യാഗ പരിശ്രമങ്ങളാണ് ജിഹാദ്. തൻെറ തന്നെ എല്ലാ ദൂശ്യങ്ങൾക്കുമെതിരെയാണ് ജിഹാദ്. മാതൃകാ വിശ്വാസിയാകുന്നതിൽ നിന്ന് തന്നെ തടയുന്ന ഏതേത് ദൂശ്യത്തിൽ നിന്നും മോചനം തേടാനുള്ള ശ്രമങ്ങൾ.

ഇസ്‌ലാമാകുന്ന വിപ്ലവാദർശം നെഞ്ചേറ്റുവാങ്ങിയ ഒരാളെ സംബന്ധിച്ചേടത്തോളം താനെങ്ങിനെയാവണം, തൻ്റെ ഭാര്യയും കുട്ടികളും കുടുംബവും നാടും രാജ്യവും ലോകവും എവ്വിധമാവണം എന്നൊരു സങ്കൽപമുണ്ടാകും. അതിൻെറ അടിസ്ഥാനത്തിൽ മാറ്റിയെടുക്കാനുള്ള എല്ലാവിധ ത്യാഗ പരിശ്രമങ്ങളുമാണ് ജിഹാദ്. അക്രമമില്ലാത്ത, അഴിമതിയും അനീതിയുമില്ലാത്ത രാഷ്ട്രവും ലോകവും ആ സങ്കൽപ്പത്തിന്റെ ഭാഗമാണ്.

അക്രമികളോട് വിട്ടുവീഴ്ച്ചകൾ ചെയ്താൽ, തിന്മകൾക്കെതിരിൽ നിശബ്ദമായാൽ ജീവിതം സുഖകരമായി മുന്നോട്ട് പോയേക്കാം.

പ്രവാചകത്വത്തിന്റെ മാതൃകയിലുള്ള ഖിലാഫത്ത് ലോകത്ത് തിരിച്ചു വരുന്നതിനെക്കുറിച്ച് കിനാവില്ലാത്തവൻ എങ്ങിനെ വിശ്വാസിയാവും. അത് എളുപ്പം സാധിക്കുന്ന കാര്യമല്ല. ത്യാഗങ്ങളുടെയും സമരങ്ങളുടെയും വൻമലകളെ മറികടന്നായിരിക്കും ഒരുവേള അത് സാധ്യമാവുക.

ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നില്ലേ റസൂലേ എന്ന് ഖബ്ബാബ്(റ) ഒരിക്കൽ ചോദിച്ചപ്പോൾ സത്യവിശ്വാസി ഏറ്റുവാങ്ങേണ്ടി വരുന്ന ത്യാഗങ്ങളുടെ ചിത്രം തിരുമേനി വരച്ചുകാട്ടി: “മുൻകാല പ്രവാചകന്മാർ ഈർച്ചവാളുകൊണ്ട് നെടുകെ പിളർക്കപ്പെട്ടു. എല്ലും മാംസവും വേർതിരിക്കപ്പെട്ടു. അതൊന്നും തങ്ങളുടെ ദീനിൽ നിന്നും അവരെ പിന്തിരിപ്പിച്ചിട്ടില്ല. ഇക്കാര്യം അല്ലാഹു പൂർത്തീകരിക്കുക തന്നെ ചെയ്യും. അപ്പോൾ ലോകത്തിൻെറ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഒരു യാത്രക്കാരന് അല്ലാഹുവെയും തൻറെ ആടിനെ പിടിക്കുന്ന ചെന്നായയെയും അല്ലാതെ ഒന്നിനെയും പേടിക്കാതെ സഞ്ചരിക്കാൻ സാധ്യമാകും. നിങ്ങൾ ധൃതികൂട്ടുകയാണ്.”

പേർഷ്യൻ സൈന്യാധിപൻ റുസ്തമിന്റെ കൊട്ടാരത്തിലേക്ക് കയറിച്ചെന്ന രിബ്ഉബ്നു ആമിറിനോട് എന്തിനാണ് വന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “മനുഷ്യാടിമത്തത്തിൽ നിന്ന് ഏകനായ ദൈവത്തിൻറെ അടിമത്തത്തിലേക്ക്, ഇഹലോകത്തിന്റെ കുടുസ്സതയിൽ നിന്ന് ഇഹ-പരലോകങ്ങളുടെ വിശാലതയിലേക്കും നിലവിലുള്ള വ്യവസ്ഥിതികളുടെ ചൂഷണത്തിൽ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും മനുഷ്യരെ മോചിപ്പിക്കാൻ ഞങ്ങളെ അല്ലാഹു നിയോഗിച്ചതാണ്.” ഈ ബോധ്യവും പ്രഖ്യാപനവും ദൗത്യവുമാണ് ജിഹാദ്. ഈ വിപ്ലവ സാക്ഷാത്കാരത്തിന്റെ മാർഗമെന്തെന്ന് അതത് കാലവും ദേശവുമാണ് തീരുമാനിക്കേണ്ടത്. വ്യക്തി ബന്ധങ്ങൾ, പ്രസംഗം, എഴുത്ത്, പ്രകടനം, പ്രക്ഷോഭം, യുദ്ധം തുടങ്ങി എല്ലാം ജിഹാദിന്റെ ഗണത്തിൽ പെടും. സാഹചര്യമാണത് തീരുമാനിക്കേണ്ടത്.

അബുൽ അഅ്ലാ മൗദൂദി എഴുതി: കേവലം യുദ്ധം അല്ല ജിഹാദ് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അധ്വാനപരിശ്രമങ്ങള്‍, കഠിനയത്‌നം, അങ്ങേയറ്റത്തെ പ്രവര്‍ത്തനം, ശ്രമം എന്നീ അര്‍ഥങ്ങളിലാണ് ഈ പദം പ്രയോഗിക്കാറുള്ളത്. ജിഹാദ്, മുജാഹിദ് എന്നിവയുടെ ആശയത്തില്‍ തരണംചെയ്യാന്‍ അധ്വാനപരിശ്രമങ്ങള്‍ ആവശ്യമായിത്തീരുന്ന ഒരു പ്രതിപക്ഷശക്തിയുടെ സാന്നിധ്യവും കൂടി ഉള്‍പ്പെടുന്നുണ്ട്. ഇതോടൊപ്പം, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്ന ഉപാധി, പ്രതിലോമശക്തികള്‍ എന്നാല്‍ അല്ലാഹുവിനുള്ള അടിമത്തത്തെ നിഷേധിക്കുകയും അവൻ്റെ പ്രീതിയെ നിരാകരിക്കുകയും അവൻ്റെ മാര്‍ഗത്തില്‍ ചരിക്കുന്നതിനെ തടയുകയും ചെയ്യുന്നതെന്തൊക്കെയാണോ, അതൊക്കെയാണെന്ന് നിര്‍ണയിക്കുകയും ചെയ്യുന്നു. അത്തരം പ്രതിലോമശക്തികളെ പരാജയപ്പെടുത്തി മനുഷ്യന്‍ സ്വയംതന്നെ അല്ലാഹുവിന്റെ ഉത്തമ അടിമയായിത്തീരാനും ദൈവികവചനത്തി ന്റെ ഉന്നതിക്കും സത്യനിഷേധത്തിന്റെയും കൃതഘ്‌നതയുടെയും വചനങ്ങളുടെ പരാജയത്തിനും ജീവാര്‍പ്പണം ചെയ്യുക എന്നാണ് അധ്വാനപരിശ്രമങ്ങള്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഈ മുജാഹിദിന്റെ പ്രഥമ ലക്ഷ്യം, സദാ ദൈവധിക്കാരത്തിന് പ്രേരണ നല്‍കിക്കൊണ്ടിരിക്കുകയും സത്യവിശ്വാസത്തില്‍നിന്നും ദൈവാനുസരണത്തില്‍നിന്നും തന്നെ തടയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സ്വന്തം മനസ്സിന്റെ ദുഷ്പ്രവണത (امارة النفس)യാകുന്നു. അതിനെ കീഴ്‌പ്പെടുത്താന്‍ കഴിയാത്തേടത്തോളം കാലം ബാഹ്യരംഗത്ത് ഒരു ‘മുജാഹിദി’ന് ഒരു സാധ്യതയുമില്ല. അതുകൊണ്ടാണ് ഒരു യുദ്ധത്തില്‍നിന്ന് തിരിച്ചുവരവെ ഭടന്മാരോട് നബി(സ) ഇപ്രകാരം അരുളിയത്: നാം ഒരു ചെറിയ യുദ്ധത്തില്‍നിന്ന് വലിയ യുദ്ധത്തിലേക്കാണ് തിരിച്ചുപോകുന്നത്. ഏതാണ് വലിയ യുദ്ധമെന്ന് അവിടുന്നുതന്നെ വ്യക്തമാക്കുകയുണ്ടായി: مُجَاهَدَة العَبْدِ هَوَاه (ദാസന്‍ തൻ്റെ ദേഹേച്ഛകള്‍ക്കെതിരായി കഠിനയത്‌നം നടത്തുക.) തന്നെത്തന്നെ വിജയിച്ചതിനു ശേഷമുള്ള ജിഹാദിന്റെ രംഗം മുഴുവന്‍ ലോകത്തോളം പ്രവിശാലമാണ്. ലോകത്തുള്ള എല്ലാ ദൈവനിഷേധ-പൈശാചികശക്തികള്‍ക്കും എതിരായി അവന്‍ മനസ്സിന്റെയും മസ്തിഷ്‌കത്തിന്റെയും ശരീരത്തിന്റെയും ധനത്തിന്റെയും സര്‍വശക്തികളുമുപയോഗിച്ച് അധ്വാനപരിശ്രമങ്ങള്‍ ചെയ്യുകയാണ് ഇവിടെ ആവശ്യപ്പെട്ടിട്ടുള്ള യഥാര്‍ഥ ജിഹാദ് (حق جهاد).

സ്വന്തത്തോടുള്ള ജിഹാദില്‍ നിന്നാണ് ഒരാൾ തൻ്റെ ഇസ്‌ലാമിക ജീവിതം ആരംഭിക്കുന്നത്. ദേഹേഛകളുടെ തടവറയില്‍ നിന്ന് സ്വയം മോചിതനായി ദൈവിക നിയമങ്ങള്‍ക്ക് വിധേയനാവലാണ് സ്വന്തത്തോടുള്ള ജിഹാദ്. എല്ലാ പോരാട്ടങ്ങളുടെയും അടിസ്ഥാനം ദേഹേഛകളോടുള്ള പോരാട്ടമാണ്. സ്വന്തത്തിനും സ്വന്തം ഇച്ഛകള്‍ക്കുമെതിരെ പോരാടാത്തവര്‍ക്ക് ശത്രുക്കൾകെതിരെ പോരാടാൻ സാധിക്കില്ല. തിന്മകൾക്കെതിരെ ഹൃദയം കൊണ്ടും നാവുകൊണ്ടും സമ്പത്തുകൊണ്ടും ശരീരംകൊണ്ടും പോരാടേണ്ടിവരുന്ന സാഹചര്യമുണ്ടാകും. അപ്പോൾ ആദര്‍ശമനുസരിച്ച് ജീവിതത്തെ ചിട്ടപ്പെടുത്തുകയും അത് മറ്റുള്ളവര്‍ക്ക് പ്രബോധനം ചെയ്യാൻ പ്രയത്‌നിക്കുകയും അതിന്നായ് ത്യാഗങ്ങൾ സഹിക്കുകയും ചെയ്യാൻ സന്നദ്ധരല്ലാത്തവർക്ക് വലിയ സമരഭൂമികളിൽ എങ്ങിനെയാണ് പോരാടാൻ കഴിയുക? അതുകൊണ്ടാണ് ഏറ്റവും വലിയ പോരാട്ടം ദേഹേഛക്കെതിരിലുള്ള പോരാട്ടമാണെന്ന് മഹത്തുക്കൾ പറഞ്ഞത്. ആയുധങ്ങളെടുത്ത് അടരാടാന്‍ അവസരം ലഭിച്ചവരും ലഭിക്കാത്തവരുമെല്ലാം ചെയ്യേണ്ട മഹത്തായ പോരാട്ടമാണ് സ്വന്തം ഇച്ഛയോടുള്ള പോരാട്ടമെന്നായിരുന്നു സ്വഹാബത്തും പിൽക്കാലക്കാരും മനസ്സിലാക്കിയത്.

അല്ലാഹുവിന്റെ പ്രീതി നേടിയെടുക്കണമെന്ന അഭിലാഷമാണ് വിശ്വാസിയെ സ്വന്തത്തോടും മറ്റുള്ളവരോടുമെല്ലാം പോരാടാന്‍ പ്രേരിപ്പിക്കുന്ന ഘടകം. നബി(സ)യുടെ ജീവിതം മുഴുവന്‍ പോരാട്ടം നിറഞ്ഞുനില്‍ക്കുകയായിരുന്നു. അതില്‍ സ്വന്തത്തോടുള്ള പോരാട്ടവും പിശാചിനോടുള്ള പോരാട്ടവും സത്യനിഷേധികള്‍ക്കും കപടവിശ്വാസികള്‍ക്കുമെതിരെയുള്ള പോരാട്ടവും അനീതിയുടെയും അധര്‍മത്തിൻറെയും അക്രമത്തിൻറെയും വക്താക്കള്‍ക്കെതിരെയുള്ള പോരാട്ടവുമുണ്ടായിരുന്നു.

ലക്ഷ്യസാക്ഷാത്കാരത്തിന് നിരന്തരം പ്രേരിപ്പിക്കുന്ന ദർശനമായി വിശ്വാസം മാറുമ്പോഴാണ് വിശ്വാസിയുടെ പോരാട്ടം അവസാനിക്കാതെ തുടരുന്നത്. ലക്ഷ്യം ക്ഷിപ്രസാധ്യമാകുമ്പോൾ അവന് പോരാടേണ്ടി വരില്ല. പോരാട്ടം ജീവിതത്തിൻെറ മാർഗവുമാകില്ല. ഇസ്‌ലാം ലക്ഷ്യമായി നിശ്ചയിച്ചിട്ടുള്ളത് ദൈവിക ദർശനത്തിന്റെ സംസ്ഥാപനമാണ്. സ്വന്തത്തിൽ നിന്ന്‌ തുടങ്ങി കുടുംബത്തിലൂടെ വികസിച്ച് അയൽപക്കങ്ങളിലും നാട്ടിലും രാജ്യത്തും ലോകത്തും സംസ്ഥാപിച്ച് കാണണം എന്ന് ആഗ്രഹിക്കുന്ന കാര്യമാണ് ലക്ഷ്യം. ആ ലക്ഷ്യം നേടാനായി പ്രയത്നിച്ചും പോരാടിയും മുന്നോട്ടു പോകുന്നതാണ് ജീവിതം. ലക്ഷ്യം വ്യക്തിയിൽ തൻ്റെ ആഗ്രഹത്തോടെ സ്ഥാപിച്ചെടുക്കാൻ സാധിക്കുന്നു. പക്ഷേ, ദേഹേഛയെ പൊരുതിത്തോൽപ്പിച്ചു വേണം ലക്ഷ്യം സാക്ഷാത്കരിക്കാൻ. കുടുംബത്തിലും സാധ്യത അനുസരിച്ച് ലക്ഷ്യം നടപ്പിൽ വരുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ നടത്തുന്നു. അതോടൊപ്പം സമൂഹത്തിലും രാജ്യത്തും ലോകത്തേക്കും പ്രയത്നങ്ങൾ വികസിക്കുന്നു.

ലക്ഷ്യ സാക്ഷാത്കാരത്തിൻറെ വഴിയിൽ ഒരുവേള അവൻറെ ജീവൻ അവസാനിക്കുന്നു. ഇങ്ങനെയായിരുന്നു പ്രവാചകന്മാർ. ഓരോരുത്തരും ലക്ഷ്യം സാക്ഷാത്കരിച്ചതിന്റെ തോത് വ്യത്യസ്തങ്ങളായ അളവിലാണ്. അവർക്ക് അല്ലാഹു അനുവദിച്ച സമയവും സാധ്യതയും അനുസരിച്ചാണ് അത് പ്രയോഗവൽക്കരിക്കപ്പെട്ടത്; ആരും പരാജയപ്പെട്ടിട്ടില്ല.

പോരാട്ടവീര്യം ഇല്ലാത്ത, പോരാട്ടവീര്യമുള്ള ഒരു മനസ്സില്ലാത്ത വ്യക്തിയെ സംബന്ധിച്ചിടത്തോളം വിശ്വാസത്തെ പുൽകുവാൻ അയാൾക്ക് സാധിക്കുകയില്ല. വിശ്വാസത്തിന്റെ കനൽ ഹൃദയത്തിൽ എരിഞ്ഞു തുടങ്ങുന്നത് ആ മനുഷ്യപ്രകൃതിയിൽ പോരാട്ടത്തിന്റെ കനൽ ഉള്ളതുകൊണ്ടാണ്. വിശ്വാസിയായി കഴിഞ്ഞ മനുഷ്യനെ സംബന്ധിച്ചിടത്തോളം അയാൾക്ക് പോരാടാതിരിക്കുവാൻ സാധിക്കുകയില്ല. കാരണം ആദർശം മനുഷ്യനെ അടങ്ങിയിരിക്കാൻ സമ്മതിക്കുന്ന ഒന്നല്ല. മറിച്ച് അരുതായ്മകൾക്കെതിരെ കലഹിക്കാൻ പ്രചോദിപ്പിക്കുന്ന തീവ്ര വികാരമാണ്.

തിന്മകൾക്കെതിരെ കൈ ഉയർത്താതെ, അതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്താതെ അടങ്ങി ഇരിക്കുവാൻ വിശ്വാസിക്ക് സാധിക്കുകയില്ല. അങ്ങനെ സാധിക്കുമ്പോൾ പിന്നെ അവൻ വിശ്വാസി അല്ലാതെ ആവുകയാണ് ചെയ്യുന്നത്. പോരാടും തോറും വിശ്വാസം കരുത്ത് ആർജിക്കുകയും കരുത്ത് വർദ്ധിക്കുന്തോറും പോരാട്ടം ശക്തി പ്രാപിക്കുകയും ചെയ്യുന്നവനാണ് വിശ്വാസി.

പോരാട്ടം എന്നര്‍ഥമുള്ള ഹര്‍ബ് എന്ന പദത്തില്‍ നിന്നാണ് മിഹ്‌റാബ് നിഷ്പന്നമായത്. മിഹ്‌റാബ്, പ്രാര്‍ഥനക്കു നേതൃത്വം നല്‍കുന്നതിനു ഇമാമിനു കയറി നില്‍ക്കാന്‍ മാത്രമുള്ളതായിരുന്നില്ല. അനീതിക്കും അധര്‍മത്തിനും അരാജകത്വത്തിനുമെതിരെ അജയ്യമായ സമരാഹ്വാനങ്ങള്‍ മുഴങ്ങിക്കേട്ടത് അവിടെ നിന്നാണ്. പ്രതിവാരം ഒരു പ്രദേശത്തെ മുസ്‌ലിംകളെല്ലാം ഒരിടത്തു ഒരുമിച്ചു ചേര്‍ന്ന് പ്രതിജ്ഞ ചെയ്തു പിരിയുന്നതു മാതിരി എന്തു സംവിധാനമാണ് മറ്റാര്‍ക്കായാലും നിലവിലുള്ളത്. അതിൻെറ മഹാശക്തി തിരിച്ചറിഞ്ഞാണ് നൂറ്റാണ്ടുകളോളം ശിയാ വിശ്വാസികള്‍ക്കില്ലാതിരുന്ന ജുമുഅ സംഗമങ്ങള്‍ ഇറാനില്‍ പുനഃസ്ഥാപിച്ചത്. പോര്‍ച്ചുഗീസുകാര്‍ക്കും ഫ്രഞ്ചുകാര്‍ക്കും ഡച്ചുകാര്‍ക്കുമെതിരെ ബ്രിട്ടീഷുകാര്‍ക്കുമെതിരെ തക്ബീർ ധ്വനികൾ മുഴങ്ങിയത് മിഹ്‌റാബുകളിൽ നിന്നുള്ള ആഹ്വാനങ്ങൾ കേട്ടാണ്.

“അല്ലയോ സത്യവിശ്വാസികളേ, പ്രതിരോധത്തില്‍ സദാ ജാഗ്രതയുള്ളവരായിരിക്കുവിന്‍. അങ്ങനെ സന്ദര്‍ഭമനുസരിച്ച് ചെറുസംഘങ്ങളായോ ഒറ്റക്കെട്ടായോ മാര്‍ച്ച് ചെയ്യുവിന്‍. പടയില്‍നിന്ന് മാറിനില്‍ക്കുന്ന ചിലർ തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തിലുണ്ട്. നിങ്ങള്‍ക്ക് വല്ല അപായവും പറ്റിയാൽ അവൻ പറയുന്നു: ‘അല്ലാഹു എനിക്ക് വലുതായ അനുഗ്രഹം ചെയ്തിരിക്കുന്നു. എന്തെന്നാല്‍, ഞാൻ അവരോടൊപ്പം പോയില്ലല്ലോ.’ അല്ലാഹുവിങ്കല്‍നിന്ന് നിങ്ങള്‍ക്ക് അനുഗ്രഹം ലഭിച്ചാലോ, അവനും നിങ്ങളും തമ്മില്‍ ഒരു മൈത്രിയും ഉണ്ടായിട്ടേയില്ലാത്തപോലെ അവൻ പറയും: ‘ഹാ കഷ്ടം! ഞാനും അവരോടൊപ്പമുണ്ടായിരുന്നുവെങ്കിൽ വലിയ നേട്ടം ഉണ്ടാകുമായിരുന്നുവല്ലോ.’ (ഇത്തരം ആളുകള്‍ അറിഞ്ഞിരിക്കട്ടെ:) പരലോകത്തിനുവേണ്ടി ഭൗതികജീവിതത്തെ വില്‍പന നടത്തിയിട്ടുള്ളവർ ദൈവികസരണിയില്‍ പോരാടേണ്ടതാകുന്നു. ദൈവികസരണിയില്‍ സമരം ചെയ്തു വധിക്കപ്പെടുകയോ വിജയിക്കുകയോ ചെയ്യുന്നവന്നു നാം അതിമഹത്തായ പ്രതിഫലം നല്‍കുന്നതാകുന്നു. പീഡിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ സ്ത്രീപുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടാതിരിക്കുന്നതിന് എന്തുണ്ട് ന്യായം? ആ ജനമോ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നു: ‘നാഥാ, മര്‍ദകരായ നിവാസികളുടെ ഈ നാട്ടില്‍നിന്നു ഞങ്ങളെ മോചിപ്പിക്കേണമേ, നിൻെറ പക്കല്‍നിന്നു ഞങ്ങള്‍ക്ക് ഒരു രക്ഷകനെ നിയോഗിച്ചുതരേണമേ, നീ ഞങ്ങള്‍ക്ക് ഒരു സഹായിയെ നിയോഗിച്ചുതരേണമേ!’ സത്യവിശ്വാസം ഉള്‍ക്കൊണ്ടവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടുന്നു. നിഷേധത്തിന്റെ മാര്‍ഗം കൈക്കൊണ്ടവരോ, ത്വാഗൂത്തിന്റെ മാര്‍ഗത്തിലും പോരാടുന്നു. അതിനാല്‍, നിങ്ങള്‍ സാത്താന്റെ മിത്രങ്ങളോടു പോരാടുവിന്‍. അറിഞ്ഞിരിക്കുവിന്‍, സാത്താന്റെ തന്ത്രം സത്യത്തില്‍ അതീവ ദുര്‍ബലമാകുന്നു” .(അന്നിസാഅ് : 71-76)

“യാഥാര്‍ഥ്യമിതാകുന്നു: അല്ലാഹു വിശ്വാസികളില്‍നിന്ന് അവരുടെ ദേഹവും ധനവും അവര്‍ക്കു നല്‍കുന്ന സ്വര്‍ഗത്തിനുള്ള വിലയായി വാങ്ങിയിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധംചെയ്യുകയും വധിക്കുകയും വധിക്കപ്പെടുകയും ചെയ്യുന്നു. അവരോടുള്ള (സ്വര്‍ഗവാഗ്ദാനം) അല്ലാഹു ഏറ്റെടുത്ത ബലിഷ്ഠമായ ഒരു കരാറാകുന്നു. തൗറാത്തിലും ഇഞ്ചീലിലും ഖുര്‍ആനിലും അല്ലാഹുവിനെക്കാളേറെ കരാറു പാലിക്കുന്നവനായി ആരുണ്ട്? അതിനാല്‍, നിങ്ങള്‍ അല്ലാഹുവുമായി നടത്തിക്കഴിഞ്ഞ ഈ കച്ചവടത്തില്‍ ആഹ്ലാദിച്ചുകൊള്ളുവിന്‍. ഇതുതന്നെയാകുന്നു സര്‍വോപരി മഹത്തായ നേട്ടം.” (അത്തൗബ :111-112)

ഇസ്‌ലാമിന്റെ ഭാവി പ്രതീക്ഷയാണ്
ശത്രുക്കൾ ഇസ്‌ലാമിനെതിരെ വിജയങ്ങൾ നേടിയതുകൊണ്ടോ ശാസ്ത്ര സാങ്കേതിക രംഗത്ത് അവർ മികവു പുലർത്തിയതുകൊണ്ടോ ഇന്നത്തെ മുസ്‌ലിംകളുടെ അപചയങ്ങൾ, ആദർശവ്യതിയാനങ്ങൾ, ഭൗതികപ്രമത്തത, പിന്നാക്കാവസ്ഥ, പ്രതിരോധശേഷിക്കുറവ് എന്നിവകൊണ്ടോ മുസ് ലിംകൾ നിരാശരാവേണ്ടതില്ല. മുസ്‌ലിംകളെ നിരാശരാക്കി പരാജയപ്പെടുത്തുകയാണ് ശത്രുക്കളുടെ ലക്ഷ്യം. നിരാശ മുസ്‌ലിംകളുടെ സ്വഭാവമല്ല തന്നെ; നിഷേധികളുടെ സ്വഭാവമാണ്. ഇസ്‌ലാമിന്റെ വിജയം സുനിശ്ചിതമാണെന്ന് ഖുർആൻ പ്രഖ്യാപിച്ച കാര്യമാണ്.

“ഈ ജനം അല്ലാഹുവിന്റെ പ്രകാശത്തെ വായകൊണ്ട് ഊതിക്കെടുത്താന്‍ ഇച്ഛിക്കുന്നു. പക്ഷേ, അല്ലാഹു അവൻെറ പ്രകാശം പൂര്‍ത്തീകരിച്ചല്ലാതെ സമ്മതിക്കുന്നവനല്ല– സത്യനിഷേധികള്‍ക്ക് അതെത്ര അരോചകമായിരുന്നാലും. അവനാണ് തൻ്റെ ദൂതനെ സന്മാര്‍ഗവും സത്യദീനുമായി നിയോഗിച്ചിട്ടുള്ളത്; ആ ദീനിനെ മറ്റെല്ലാ ദീനുകളെക്കാളും വിജയിപ്പിക്കാന്‍ -ബഹുദൈവവിശ്വാസികള്‍ക്ക് അതെത്രതന്നെ അരോചകമായിരുന്നാലും.”(അത്തൗബ : 32,33)

ചരിത്രം ആവർത്തിക്കും. അത് അല്ലാഹുവിൻറെ വാഗ്ദാനമാണ്. ഭയചകിതമായ അവസ്ഥ മാറ്റി ഇസ്‌ലാമിന് ഭൂമിയിൽ ആധിപത്യം ലഭിക്കും. മുസ്‌ലിംകളുടെ അതിജീവന ശേഷിയെ തകർക്കാൻ ഒരു ശക്തിയും പര്യാപ്തമല്ല.

“നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്തെന്നാല്‍, അവരെ അവന്‍ ഭൂമിയില്‍ പ്രതിനിധികളാക്കുന്നതാകുന്നു –അവര്‍ക്കു മുമ്പുണ്ടായിരുന്നവരെ പ്രതിനിധികളാക്കിയിരുന്നതുപോലെ. അല്ലാഹു അവര്‍ക്കായി തൃപ്തിപ്പെട്ടേകിയ ദീനിനെ ഭദ്രമായ അടിത്തറകളില്‍ സ്ഥാപിച്ചുകൊടുക്കുന്നതുമാകുന്നു. അവരുടെ (നിലവിലുള്ള) അരക്ഷിതാവസ്ഥയെ മാറ്റി, പകരം സുരക്ഷിതത്വം പ്രദാനം ചെയ്യുന്നതുമാകുന്നു. അതിനാലവര്‍ എനിക്കു മാത്രം ഇബാദത്തു ചെയ്യട്ടെ; ആരെയും എൻ്റെ പങ്കാളികളാക്കാതിരിക്കട്ടെ. അതിനുശേഷം വല്ലവരും നിഷേധിക്കുന്നുവെങ്കില്‍, അവര്‍ പാപികള്‍തന്നെയാകുന്നു” (അന്നൂർ: 55)

സത്യവിശ്വാസികളെ അല്ലാഹു സഹായിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്യും. ശത്രുക്കളുടെ സകല കുതന്ത്രങ്ങളെയും പരാജയപ്പെടുത്തി അന്തിമ വിജയം വിശ്വാസികൾക്ക് നൽകും .

അൽഅമ്പിയാഅ് 105 ആം സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ശഹീദ് സയ്യിദ് ഖുതുബ് പറയുന്നു: “ഭൂമിയിൽ ചിലപ്പോൾ സ്വേഛാധിപതികളും അക്രമികളും അധികാരം വാഴും. നിഷേധികളും തെമ്മാടികളും ആധിപത്യം ചെലുത്തും. പക്ഷേ, അതൊക്കെയും വെറും താൽക്കാലിക പ്രതിഭാസങ്ങളാണ്. ഭൂമിയുടെ അന്തിമമായ അനന്തരാവകാശം സജ്ജനങ്ങളായ അടിമകൾക്കായിരിക്കും.” ( ഖുർആന്റെ തണലിൽ)

അടിച്ചമർത്തപ്പെട്ട ജനതക്ക് ഭൂമിയിൽ അധിപത്യം നൽകുക എന്നത് അല്ലാഹുവിന്റെ സുന്നത്താണ്.

” നാം ഉദ്ദേശിച്ചതോ, ഭൂമിയില്‍ അടിച്ചമര്‍ത്തപ്പെട്ട ഈ വിഭാഗത്തോട് ഔദാര്യം കാണിക്കാനും അവരെ നായകന്മാരും അനന്തരാവകാശികളുമാക്കാനും അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കാനും അങ്ങനെ ഫറവോനും ഹാമാനും അവരുടെ പടകളും തങ്ങള്‍ അടിച്ചമര്‍ത്തിയവരില്‍നിന്ന് ഭയപ്പെട്ടിരുന്ന തിരിച്ചടി യാഥാര്‍ഥ്യമാക്കി കാണിച്ചുകൊടുക്കാനുമത്രെ.” (അൽഖസ്വസ്വ്: 5,6)

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles