Current Date

Search
Close this search box.
Search
Close this search box.

വിട്ടുവീഴ്ച്ചയിലൂടെയും പൊതുമാപ്പിലൂടെയും സമാധാനം

peace.jpg

അക്രമണത്തിനെതിരെ താക്കീത്: നിഷേധികളായിട്ടുള്ളവര്‍ അക്രമത്തില്‍ നിന്നും ദൈവികമാര്‍ഗത്തില്‍ നിന്ന് ആളുകളെ തടയുന്നതില്‍ നിന്നും ഇസ്‌ലാമിനോടുള്ള പോരാട്ടത്തില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനും നബി(സ) പ്രത്യേകം ഉണര്‍ത്തിയിരുന്നു. എന്നാല്‍ അവര്‍ യുദ്ധം ചെയ്തു. ഹിജ്‌റ രണ്ടാം വര്‍ഷം റമദാനില്‍ ബദ്ര്‍ യുദ്ധം നടന്നു. വിശ്വാസികള്‍ അതില്‍ വിജയിക്കുകയും മുശ്‌രികുകള്‍ പരാജിതരാവുകയും ചെയ്തു. ഈ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായില്ല. ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള ശത്രുത അവര്‍ തുടര്‍ന്നു. ഹിജ്‌റ മൂന്നാം വര്‍ഷം ഉഹ്ദില്‍ വീണ്ടും അവര്‍ ഏറ്റുമുട്ടാന്‍ വന്നു. നിഷേധികള്‍ ഇത്തരത്തില്‍ നിരന്തരം ഇസ്‌ലാമിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഹിജ്‌റ അഞ്ചാം വര്‍ഷം ജൂതന്‍മാര്‍ ഇസ്‌ലാമിന്റെ കഥകഴിക്കാന്‍ നിഷേധികളെയെല്ലാം ഒരുമിച്ച് കൂട്ടി. മുസ്‌ലിംകളെ സംബന്ധിച്ചടത്തോളം കടുത്ത പരീക്ഷണമായിരുന്നു അത്. വിശുദ്ധ ഖുര്‍ആന്‍ അതിനെ കുറിച്ച് വിവരിക്കുന്നത് കാണുക: ‘അല്ലയോ വിശ്വാസികളേ, അല്ലാഹു (ഇപ്പോള്‍) നിങ്ങള്‍ക്ക് ചെയ്തുതന്നിട്ടുള്ള അനുഗ്രഹങ്ങള്‍ ഓര്‍ത്തുനോക്കുവിന്‍. ശത്രുസേനകള്‍ നിങ്ങളുടെ നേരെ ഇരമ്പിവന്നപ്പോള്‍ നാം അവരുടെ മേല്‍ കൊടുങ്കാറ്റയച്ചു. നിങ്ങള്‍ക്ക് കാണാനാവാത്ത ഒരു സൈന്യത്തെയും വിട്ടു. അന്നേരം നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതൊക്കെയും അല്ലാഹു കാണുന്നുണ്ടായിരുന്നു. ശത്രുക്കള്‍ മീതെനിന്നും താഴെനിന്നും നിങ്ങള്‍ക്കു നേരെ വന്നപ്പോള്‍, ഭീതിയാല്‍ നിങ്ങളുടെ കണ്ണ് തുറിക്കുകയും ഹൃദയം തൊണ്ടയിലേക്ക് കയറുകയും അല്ലാഹുവിനെക്കുറിച്ച് പലവിധം ഊഹിച്ച് തുടങ്ങുകയും ചെയ്തപ്പോള്‍, ആ സന്ദര്‍ഭത്തില്‍ വിശ്വാസികള്‍ നന്നായി പരീക്ഷിക്കപ്പെടുകയും ശക്തിയായി വിറപ്പിക്കപ്പെടുകയും ചെയ്തു.’ (33: 9-11) ആ വലിയ സംഘത്തിനേറ്റ പരാജയത്തില്‍ നിന്നും അവര്‍ പാഠം പഠിച്ചില്ല, ശത്രുതാപരമായ നിലപാട് അവര്‍ വീണ്ടും തുടര്‍ന്നു.

സമാധാനത്തിനും സുരക്ഷക്കും വിട്ടുവീഴ്ച്ചകളോടെയുള്ള സന്ധി: ഹിജ്‌റ ആറാം വര്‍ഷം ദുല്‍ഖഅദ് മാസത്തില്‍ നബി(സ) കഅ്ബ സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനുമായി മദീനയില്‍ നിന്നും പുറപ്പെട്ടു. ഉംറയാണ് ഉദ്ദേശിക്കുന്നതെന്ന് ബോധ്യപ്പെടുത്താന്‍ ബലിയറുക്കാനുള്ള മൃഗങ്ങളെയും കൂടെ കൊണ്ടു പോയിരുന്നു. യുദ്ധത്തിനല്ല വരുന്നതെന്നും ഉംറ നിര്‍വഹിക്കാനാണെന്നുമുള്ള തന്റെ ആഗമനോദ്ദേശ്യം ഖുറൈശികളെ അറിയിക്കാന്‍ ഉഥ്മാന്‍(റ)നെ അദ്ദേഹം അയച്ചു. എന്നാല്‍ അദ്ദേഹത്തെയും മുസ്‌ലിംകളെയും തടയുമെന്ന ഉറച്ച നിലപാടാണ് അവര്‍ സ്വീകരിച്ചത്. സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ നബി(സ) ദൃഢനിശ്ചയം ചെയ്തിരുന്നു. അവസാനം ചര്‍ച്ചയിലൂടെ ഒരു സന്ധിയില്‍ എത്തി. ഖുറൈശികളുടെ കര്‍ക്കശമായ പല നിലപാടുകളും വിട്ടുവീഴ്ച്ചയോടെ അംഗീകരിച്ചാണ് നബി(സ) സന്ധി ചെയ്തത്. ഇബ്‌നുല്‍ ഖയ്യിം അതിനെ കുറിച്ച് എഴുതുന്നു: പത്ത് വര്‍ഷത്തേക്ക് യുദ്ധം ചെയ്യില്ല, ജനങ്ങള്‍ക്ക് നിര്‍ഭയത്വം നല്‍കും, പ്രസ്തുത വര്‍ഷം മടങ്ങി പോകും, അടുത്തവര്‍ഷം വരികയും മൂന്ന് ദിവസം അവിടെ താമസിക്കുകയും ചെയ്യാവുന്നതാണ്, സാധാരണ യാത്രയില്‍ ഉപയോഗിക്കുന്ന ആയുധങ്ങളും ഉറയില്‍ തന്നെയുള്ള വാളുകളുമല്ലാതെ കൂടെ കൊണ്ടുവരരുത്, നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ഞങ്ങളുടെ അടുത്ത് വരുന്നവരെ മടക്കി അയക്കില്ല, ഞങ്ങളില്‍ നിന്ന് ആരെങ്കിലും നിങ്ങളുടെ അടുത്തെത്തിയാല്‍ അവരെ ഞങ്ങളിലേക്ക് തന്നെ മടക്കണം തുടങ്ങിയ ഉപാധികളോടെ മുസ്‌ലിംകള്‍ക്കും മക്കക്കാര്‍ക്കും ഇടയില്‍ സന്ധിയുണ്ടാക്കി. സഹാബിമാര്‍ ചോദിച്ചു അതും അവര്‍ക്ക് വിട്ടുനല്‍കുകയാണോ? പ്രവാചകന്‍(സ) പറഞ്ഞു: നമ്മില്‍ നിന്നും അവരിലേക്ക് പോയവനെ അല്ലാഹു അകറ്റിയിരിക്കുന്നു, അവരില്‍ നിന്നും നമ്മിലേക്ക് വന്നവനെ നാം അവരിലേക്ക് തന്നെ മടക്കുന്നു, അവന് ആശ്വാസവും മോചനവും അല്ലാഹുവാണ്.

പൊതുമാപ്പിലൂടെ സമാധാനം നിലനിര്‍ത്തല്‍: ഖുറൈശികള്‍ കരാര്‍ ലംഘിക്കുകയും മുസ്‌ലിംകള്‍ക്കെതിരെ ആക്രമണം തുടരുകയും ചെയ്തു. ഹിജ്‌റ എട്ടാം വര്‍ഷം റമദാനില്‍ പ്രവാചകന്‍(സ) മക്കയിലേക്ക് പുറപ്പെട്ടു. അദ്ദേഹത്തിന്റെ കരങ്ങളിലൂടെ അല്ലാഹു മക്ക വിജയിച്ചു. കഅ്ബയിലെത്തി ത്വവാഫ് ചെയ്യുകയും വിഗ്രഹങ്ങളില്‍ നിന്നതിനെ ശുദ്ധീകരിക്കുകയും ചെയ്തു. പിന്നീട് പൊതുമാപ്പിലൂടെ സമൂഹത്തില്‍ സമാധാനം ഉറപ്പാക്കുകയാണ് അദ്ദേഹം ചെയ്തത്. ‘ഞാന്‍ എന്തു ചെയ്യുമെന്നാണ് നിങ്ങള്‍ കരുതുന്നത്?’ എന്ന് ഖുറൈശികളോട് അദ്ദേഹം ചോദിച്ചു. അവര്‍ പറഞ്ഞു: നല്ലത് മാത്രമേ ഞങ്ങള്‍ പ്രതീക്ഷിക്കുന്നുള്ളൂ.. മാന്യനായ സഹോദരന്റെ പുത്രനായ താങ്കള്‍ മാന്യനായ സഹോദരനാണ്. പ്രവാചകന്‍(സ) അവരോട് പറഞ്ഞു: ‘എന്റെ സഹോദരന്‍ യൂസുഫ് തന്റെ സഹോദരങ്ങളോട് പറഞ്ഞതാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്: ഇന്ന് നിങ്ങള്‍ക്കെതിരെ പ്രതികാരമില്ല, നിങ്ങള്‍ സ്വതന്ത്രരാണ് നിങ്ങള്‍ക്ക് പോകാം.’ മാനവിക സാഹോദര്യം പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഖുറൈശി സമൂഹമേ, ജാഹിലിയത്തിന്റെ പൊങ്ങച്ച പ്രകടനവും പിതാക്കളെ കൊണ്ടുള്ള പെരുമ നടിക്കലും അല്ലാഹു നിങ്ങളില്‍ നിന്നും എടുത്തു കളഞ്ഞിരിക്കുന്നു. മനുഷ്യരെല്ലാം ആദമില്‍ നിന്നാണ്, ആദം മണ്ണില്‍ നിന്നും. തുടര്‍ന്ന് വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തം അദ്ദേഹം പാരായണം ചെയ്തു: ‘അല്ലയോ മനുഷ്യരേ, ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്. പിന്നെ നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളുമാക്കി; പരസ്പരം തിരിച്ചറിയേണ്ടതിന്ന്. നിങ്ങളില്‍ ഏറ്റം ദൈവഭക്തിയുള്ളവരാകുന്നു, അല്ലാഹുവിങ്കല്‍ ഏറ്റം ഔന്നത്യമുള്ളവര്‍. നിശ്ചയം, അല്ലാഹു എല്ലാം അറിയുന്നവനും തികഞ്ഞ ബോധമുള്ളവനുമാകുന്നു.’ (49:13)

സുരക്ഷയും സമാധാനവും വ്യാപിക്കുന്നതില്‍ പ്രവാചകന്റെ പങ്ക്‌ – 2

Related Articles