Current Date

Search
Close this search box.
Search
Close this search box.

പാശ്ചാത്യ രാഷ്ട്രങ്ങളിലെ തെരെഞ്ഞെടുപ്പുകളില്‍ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ അനിവാര്യത – 2

2. ‘വലിയ ദ്രോഹത്തെ ചെറിയത് കൊണ്ട് നീക്കുക’. പ്രസ്തുത തെരെഞ്ഞെടുപ്പുകളില്‍ പങ്കെടുക്കുക എന്നത് ദ്രോഹകരമായ കാര്യം തന്നെയാണ്. തെരെഞ്ഞെടുക്കപ്പെടുന്നത് പ്രസിഡന്റായിട്ടോ കോണ്‍ഗ്രസിലെ അംഗമായിട്ടോ ആരായിട്ടായാലും, ശേഷം ഇസ്‌ലാമിക ശരീഅത്തിനോട് വിരുദ്ധമായ പല നിയമങ്ങളോടും യോജിക്കേണ്ടി വരും. എങ്കിലും മുസ്‌ലിം സാന്നിദ്ധ്യം അവിടെയുണ്ടാകും. മുസ്‌ലിംകള്‍ പാര്‍ലമെന്റില്‍ പ്രവേശിക്കുന്നതിനു മുമ്പോ ശേഷമോ അമുസ്‌ലിംകള്‍ അവിടെയുണ്ടാകും. എന്നാലും നിയമ നിര്‍മാണ രംഗത്തും മാനേജ്‌മെന്റ് തീരുമാനങ്ങളിലും അമുസ്‌ലിംകള്‍ മാത്രമുണ്ടാകുന്ന അവസ്ഥക്ക് മാറ്റം വരും.

ഒരു കാര്യം ഉറപ്പിച്ചു പറയാം. മുസ്‌ലിം സാന്നിദ്ധ്യം, മുസ്‌ലിംകളെയും ഇസ്‌ലാമിനെയും കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റാന്‍ ഏറെ സഹായകരമാകും. തുടര്‍ന്ന് രാഷ്ട്രത്തിനകത്ത് മറ്റേതൊരു ന്യൂനപക്ഷത്തെയും പോലെ (ജൂതന്മാര്‍) മുസ്‌ലിംകള്‍ക്കും അവകാശ സംരക്ഷണങ്ങള്‍ക്കു വേണ്ടി പ്രതിരോധം തീര്‍ക്കാവുന്നതാണ്. ഭരണഘടനാനുസൃതമായി മറ്റു കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. ഇങ്ങനെ നോക്കുമ്പോള്‍ തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കുക എന്നത് ഉപദ്രവം കുറഞ്ഞ ഒരു കാര്യമാണെന്ന് ബോധ്യമാകും. രാഷ്ട്രത്തിന്റെ ചലനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക, ആരോപണങ്ങള്‍ ഏറ്റു വാങ്ങുക,ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന നിയമ നിര്‍മാണം നിര്‍വഹിക്കുക ഇത് പോലുള്ള കഠിനമായ ഉപദ്രവങ്ങളെ പ്രതിരോധിക്കാന്‍ തെരെഞ്ഞെടുപ്പുകളില്‍ പങ്കാളികളാകുന്നത് നിര്‍ബന്ധമാണ്.

3.  ‘നന്മകളെ കൊണ്ടു വരാനും ഉപദ്രങ്ങളെ പ്രതിരോധിക്കാനും സന്ദര്‍ഭമൊരുക്കുക’ തെരെഞ്ഞെടുപ്പ് പങ്കാളിത്തത്തിലൂടെ ഈ അടിസ്ഥാനം പ്രാവര്‍ത്തികമാക്കിയാല്‍ മുസ്‌ലിം സമുദായത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും നിയമ നിര്‍മാണ മേഖലയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് വഴി പ്രതീക്ഷിക്കപ്പെടാവുന്ന ഉപദ്രവങ്ങള്‍ ഇല്ലാതാകുകയും ചെയ്യും.

4.  ‘മാര്‍ഗം പരിഗണിച്ചു കൊണ്ടു തന്നെ ലക്ഷ്യത്തെ ക്കുറിച്ച് ചിന്തിക്കുക’ പണ്ഡിതന്മാര്‍ മതവിധികള്‍ നിര്‍ദ്ദാരണം ചെയ്‌തെടുത്തിട്ടുള്ള ഒരു അടിസ്ഥാനമാണിത്. ഉമര്‍(റ) ഹുദൈഫതുബ്‌നുല്‍ യമാന്‍(റ)വിനോട് യഹൂദിയായ തന്റെ ഭാര്യയെ മൊഴി ചൊല്ലാന്‍ ആവശ്യപ്പെട്ടത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. കാരണം ഈ വിഷയത്തില്‍ സൈനിക  നേതാവായ ഹുദൈഫയെ അനുയായികള്‍ അനുകരിക്കുന്ന അവസ്ഥ വന്നു ചേരാം. അപ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ അവഗണിക്കപ്പെടും. അത് വലിയ കുഴപ്പങ്ങള്‍ക്ക് കാരണമാകുകയും ചെയ്യാം.

അതു പോലെ ഇമാം ഇബ്‌നു തൈമിയ്യയുടെ ഒരു പ്രശസ്തമായ ഫത്‌വ ഈ വിഷയത്തിലുണ്ട്. യുദ്ധ നൈപുണ്യവും ധീരതയുമുള്ള ഒരു സേനാ നായകനുണ്ട്. പക്ഷേ അയാള്‍ തെമ്മാടിയാണ്. അതേ സമയം ഭക്തിയും സൂക്ഷമതയുമുള്ള മറ്റൊരാളുണ്ട്. അയാള്‍ക്ക് യുദ്ധപരിചയം കുറവാണ്. അങ്ങനെ വന്നാല്‍ ആദ്യത്തെയാളെയാണ് ഭരണാധികാരിയായി തെരെഞ്ഞെടുക്കേണ്ടത്. കാരണം, അവന്റെ ശക്തി മൊത്തം മുസ്‌ലിംകള്‍ക്ക് പ്രയോജനപ്പെടും. എന്നാല്‍ അവന്റെ സ്വഭാവ ദൂഷ്യം അവനില്‍ മാത്രം പരിമിതമാണ്. രണ്ടാമ്‌ത്തെയാളെയാണ് സൈനിക ഉത്തരവാദിത്തം ഏല്‍പിക്കുന്നതെങ്കില്‍ അത് മുസ്‌ലിം സമുദായത്തിന്റെ തകര്‍ച്ചയിലേക്കും അവരുടെ താല്‍പര്യ ധ്വംസനത്തിലേക്കും എത്തിച്ചേരും. ഇസ്സുബ്‌നു അബ്ദിസ്സലാം പറയുന്നു. ‘ തെറ്റിന്റെ മേല്‍ സഹായിക്കല്‍ അനുവദനീയമാണ്. അത് തെറ്റിനെ സഹായിക്കലല്ല. അതിലൂടെ നന്മകള്‍ കൈവരുമെങ്കില്‍. അതു പോലെ ക്രമേണ ആ തെറ്റിനെ ഇല്ലാതാക്കാന്‍ കഴിയുമെങ്കില്‍. ശത്രുക്കളുടെ കൈകളില്‍ നിന്ന് മുസ്‌ലിം തടവുകാരെ മോചിപ്പിക്കാന്‍ പണം നല്‍കുന്നത് പോലെയാണത്.’

5. ‘ കാര്യങ്ങളെ അതിന്റെ പൊതു ലക്ഷ്യങ്ങള്‍ പരിഗണിച്ച് നിലപാട് സ്വീകരിക്കുക’. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു മുസ്‌ലിമിന് അമുസ്‌ലിമില്‍ നിന്ന് വൈദ്യ ശാസ്ത്രവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും നേടല്‍ അനുവദനീയമാണ്. അതിലൂടെ നഗ്നത വെളിവായാല്‍ പോലും. ചെറിയ തിന്മകളല്ല, മറിച്ച് അതിലൂടെ കൈവരുന്ന വലിയ നന്മകളും ഉപദ്രവത്തെ തടയാനുമുള്ള അവസരവുമാണ് പരിഗണിക്കപ്പെടുക. ഈ അടിസ്ഥാനത്തില്‍ നിന്നു കൊണ്ട് നോക്കുമ്പോള്‍ തെരെഞ്ഞെടുപ്പില്‍ പങ്കാളിത്തം വഹിക്കുന്നത് ഗുണകരമാണ് എന്ന് ബോധ്യമാകും. ശത്രുക്കളുടെ കൈകളില്‍ നിന്ന് മുസ്‌ലിം തടവുകാരെ മോചിപ്പിക്കാന്‍ വേണ്ടി പണം നല്‍കുന്നത് പ്രഥമ ദൃഷ്ട്യാ തെറ്റാണ്.കാരണം ആ പണം മുസ്‌ലിംകള്‍ക്ക് നേരെ ഉപയോഗിക്കും. പക്ഷേ അതിനേക്കാള്‍ അപകടമാണ് ഒരു മുസ്‌ലിം അവരുടെ കൈകളാല്‍ കൊല്ലപ്പെടുന്നത്. അത് കൊണ്ട് തന്നെ മുസ്‌ലിമിനെ മോചിപ്പിക്കാന്‍ വേണ്ടി പണം നല്‍കുന്നത്(ഫിദ്‌യ) നല്‍കുന്നത് നിര്‍ബന്ധമാണെന്ന് പണ്ഡിതന്‍മാര്‍ പറഞ്ഞിട്ടുണ്ട്. ഈ പ്രവണതയോട് തെരെഞ്ഞെടുപ്പിലെ പങ്കാളിത്തത്തെ ഖിയാസ് ആക്കുമ്പോള്‍ തെരെഞ്ഞെടുപ്പിനു വേണ്ടി പണം ചെലവഴിക്കലും നിര്‍ബന്ധമാണ് എന്ന് വരുന്നു. കാരണം ഇതിലൂടെ മുസ്‌ലിംകളുടെ താല്‍പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നു.

വിവ : സൈനുല്‍ ആബിദീന്‍ ദാരിമി

Related Articles