Current Date

Search
Close this search box.
Search
Close this search box.

കോളോണിയല്‍ ലെന്‍സിലൂടെയല്ല ഫലസ്തീനെ വായിക്കേണ്ടത്

Palee.jpg

ഒരു ഫലസ്തീനിയന്‍ അപകോളനീകരണ ചക്രവാളം സാധ്യമാക്കാന്‍ നമ്മുടെ മുമ്പില്‍ എന്തെല്ലാം വഴികളാണുള്ളത്? ഈ ചോദ്യമാണ് കഴിഞ്ഞ അധ്യായങ്ങളിലൂടെയെല്ലാം കടന്നുപോയ ഒരു വായനക്കാരനെ അസ്വസ്ഥപ്പെടുത്തേണ്ടത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എങ്ങനെയാണ് കുടിയേറ്റ അധിനിവേശം എന്ന സവിശേഷമായ പ്രതിഭാസത്തെ നമുക്ക് നേരിടാനാവുക? നമുക്ക് മുമ്പില്‍ എന്തെല്ലാം വഴികളാണുള്ളത്? സമകാലികമായ ഒരു ലോകാവസ്ഥയില്‍ നിന്നു കൊണ്ട് ഒരു അപകോളനീകരണ ലോകം സ്വപ്‌നം കാണുക സാധ്യമാണോ?  ഇപ്പോള്‍ തന്നെ വെസ്റ്റ്ബാങ്ക് മുഴുവനായും ഇസ്രയേലിന്റെ കൈയ്യിലാണ്. അറുപത് ശതമാനത്തോളം വരുന്ന ഫലസ്തീന്‍ ഭൂമി മുഴുവന്‍ ഇസ്രയേലിന്റെ കൈയ്യിലായിരിക്കെ ദ്വിരാഷ്ട്രം എന്ന പരിഹാരം തന്നെ അപ്രായോഗികമാണ്. മാത്രമല്ല, കുടിയേറ്റ അധിനിവേശം എന്ന യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാതെയാണ് ലോകരാഷ്ട്രങ്ങള്‍ ഇന്നോളം ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുള്ളത്. അതിനാല്‍ തന്നെ ഒരു കോളനീകരണ പദ്ധതി എന്ന അര്‍ത്ഥത്തില്‍ ഒരിക്കല്‍ പോലും ഇസ്രയേലി അധിനിവേശത്തെ സമീപിക്കാന്‍ അവര്‍ക്കായിട്ടില്ല.  

ഫലസ്തീന്‍ പ്രശ്‌നത്തെ അഭിമുഖീകരിക്കേണ്ടത് ഒരു അപകോളനീകരണ ചട്ടക്കൂടില്‍ നിന്ന് കൊണ്ടായിരിക്കണം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അപ്പോള്‍ മാത്രമേ കൊളോണിയല്‍ ജ്ഞാനശാസ്ത്രം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ സാധിക്കുകയുള്ളൂ. ദേശീയതയുടെയും ആധുനിക ദേശരാഷ്ട്രത്തിന്റെ ഭാഷയെയും മുന്‍നിര്‍ത്തിക്കൊണ്ട് ഒരിക്കലും ഫലസ്തീന്‍ പ്രശ്‌നത്തെ മനസ്സിലാക്കാന്‍ കഴിയില്ല. ഫലസ്തീനികള്‍ ഇപ്പോള്‍ തേടുന്നത് കൊളോണിയല്‍ ഭാവനകളില്‍ കുടുങ്ങിപ്പോയ തങ്ങളുടെ ചരിത്രത്തെ വീണ്ടെടുക്കാന്‍ സാധിക്കുന്ന ഒരു ജ്ഞാനപദ്ധതിയാണ്. കാരണം ഫലസ്തീനിന്റെ ചരിത്രം വായിക്കപ്പെടുന്നത് കൊളോണിയല്‍ ലെന്‍സിലൂടെയാണ്. എല്ലായിടത്തെയും കൊളോണിയലിസ്റ്റുകളുടെ ഒരു പൊതുസ്വഭാവമാണത്. അതിനാല്‍ തന്നെ ഈ കൊളേണിയല്‍ ചരിത്രനിര്‍മ്മിതിയെ അപനിര്‍മ്മിച്ച് കൊണ്ട് ഫലസ്തീന്‍ ചരിത്രത്തിന്റെ ഒരു അപകോളനീകരണ പ്രക്രിയയാണ് നടക്കേണ്ടത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഒരു രാജ്യത്തെ മുഴുവന്‍ കൊള്ളയടിക്കാനും തദ്ദേശിയ ജനതയെ സ്വന്തം നാട്ടില്‍ നിന്ന് ആട്ടിപ്പായിക്കാനും സയണിസ്റ്റുകള്‍ക്ക് കഴിഞ്ഞു എന്നത് അധിനിവേശങ്ങളുടെ ചരിത്രങ്ങളില്‍ തന്നെ സവിശേഷമാണ്. ജൂതരുടെ മനസ്സുകളില്‍ നിന്ന് മാത്രമല്ല, ലോകജനതയുടെ ബോധത്തില്‍ നിന്ന് തന്നെ ഫലസ്തീനെക്കുറിച്ച എല്ലാ ഓര്‍മ്മകളും ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. കാരണം, അവരെ സംബന്ധിച്ചിടത്തോളം ഭൂമിയും മറ്റ് വിഭവങ്ങളും പിടിച്ചടക്കുക എന്നത് മാത്രമായിരുന്നില്ല ലക്ഷ്യം. മറിച്ച്, ജ്ഞാനശാസ്ത്രപരമായ ആധിപത്യമായിരുന്നു അവര്‍ മുന്നില്‍ കണ്ടത്. അത്‌കൊണ്ടാണ് അവര്‍ക്ക് വേണ്ടി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ബുദ്ധിജീവികളുണ്ടാകുന്നത്. അവര്‍ ചെയ്യുന്നത് കോളനീകരണം സാധ്യമാക്കുന്ന വിധം ചരിത്രങ്ങള്‍ നിര്‍മ്മിക്കുക എന്നതാണ്. അങ്ങനെയാണ് ഫലസ്തീനിലെ ചെറുത്ത്‌നില്‍പ്പ് പ്രസ്ഥാനങ്ങളായ ഹമാസും ഇസ്‌ലാമിക് ജിഹാദുമൊക്കെ ഭീകരരും കൊളോണിയല്‍ രാഷ്ട്രമായ ഇസ്രയേല്‍ മനുഷ്യാവകാശത്തിന്റെ മുന്നണിപ്പോരാളികളുമാകുന്നത്.

ഇസ്രയേലിലെ ജൂതസാന്നിധ്യമോ ജൂതരാഷ്ട്രം എന്ന പേരില്‍ ഇസ്രയേല്‍ അറിയപ്പെടുന്നതോ ജൂതമതത്തിന്റെ രാഷ്ട്രീയവല്‍ക്കരണമോ ഒന്നുമല്ല ഫലസ്തീനികളെ രോഷാകുലരാക്കുന്നത്. മറിച്ച് സ്വന്തം നാട്ടില്‍ ദിനേനയെന്നോണം അവര്‍ നേരിട്ട് കൊണ്ടിരിക്കുന്ന അനീതിയും അവഗണനയുമാണ്. അഥവാ, കുടിയേറ്റ അധിനിവേശത്തിന്റെ സ്വാഭാവികമായ വെല്ലുവിളികളാണ് അവരെ അസ്വസ്ഥരാക്കുന്നത്. മാത്രമല്ല, അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പുകള്‍ സെമിറ്റിക്ക് വിരുദ്ധര്‍ എന്ന പഴി കേള്‍ക്കാന്‍ കാരണമായിത്തീരുകയും ചെയ്യുന്നു. രസകരമായ ഒരു സംഗതിയെന്താണെന്ന് വെച്ചാല്‍ സെമിറ്റിക്ക് വിരുദ്ധര്‍ എന്ന ആരോപണം ഫലസ്തീനികള്‍ക്കെതിരെ മാത്രമല്ല ഉയരുന്നത് എന്നതാണ്. ഫലസ്തീനികള്‍ക്ക് വേണ്ടി സംസാരിക്കുന്ന ജൂത ആക്ടിവിസ്റ്റുകള്‍ക്കെതിരെയും ഈ ആരോപണം ഉന്നയിക്കപ്പെടുന്നുണ്ട്. ഈയടുത്ത് നോര്‍മണ്‍ ഫിങ്കസ്റ്റെയിന്‍ എന്ന ജൂതനും സയണിസ്റ്റ് വിരുദ്ധനുമായ സാമൂഹ്യപ്രവര്‍ത്തകന്‍ നേരിട്ട പ്രതിസന്ധികള്‍ അതിനുദാഹരണമാണ്. ഫലസ്തീനികള്‍ക്ക് അനുകൂലമായി സംസാരിച്ചതിന്റെ പേരില്‍ അദ്ദേഹം പഠിപ്പിച്ചിരുന്ന ലണ്ടനിലെ കോളേജില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയുണ്ടായി.

ഞാന്‍ പറഞ്ഞ് വരുന്നത് കുടിയേറ്റ അധിനിവേശമായത് കൊണ്ടാണ് ഫലസ്തീനികള്‍ ഇസ്രയേലിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നത് എന്നാണ്. അതേസമയം ഫലസ്തീനികള്‍ ഒരിക്കല്‍ പോലും സെമിറ്റിക്ക് വിരുദ്ധമായ നലപാടുകള്‍ വെച്ചുപുലര്‍ത്തിയിട്ടില്ല എന്നല്ല ഞാന്‍ പറയുന്നത്. ചില സന്ദര്‍ഭങ്ങളില്‍ അതുണ്ടായിട്ടുണ്ട്. അത് അപലപിക്കേണ്ടത് തന്നെയാണ്. എന്നാല്‍ വളരെ സവിശേഷമായ അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്ന കുടിയേറ്റ അധിനിവേശം എന്ന വംശീയമായ യാഥാര്‍ത്ഥ്യത്തെ ചെറുക്കുന്നതില്‍ നിന്നും ഈ ‘ആരോപണം’  നമ്മെ തടഞ്ഞ്കൂടാ. അപകോളനീകരണം ചോദ്യം ചെയ്യുന്നത് വംശീയമായ ഇത്തരം തീര്‍പ്പുവെക്കലുകളെ കൂടിയാണ്. അഥവാ, കൊളോണിയല്‍ ജ്ഞാനശാസ്ത്ര അധീശത്വത്തെ കൃത്യമായി അടയാളപ്പെടുത്തുകയും എന്നിട്ട് ബദല്‍ ജ്ഞാനമണ്ഡലങ്ങളെ വികസിപ്പിക്കുകയുമാണ് അപകോളനീകരണം ചെയ്യുന്നത്. അതേസമയം, അപകോളനീകരണ സിദ്ധാന്തം ഈയടുത്താണ് വികസിതമായതെങ്കിലും ഇസ്‌ലാമിക ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങള്‍ കാലങ്ങളായി അത് പ്രാവര്‍ത്തികമാക്കിക്കൊണ്ടിരിക്കുന്നുണ്ട്.

എങ്ങനെയാണ് ഇസ്രയേലിന്റെ കുടിയേറ്റ അധിനിവേശത്തിന് ഒരന്ത്യം കുറിക്കാനാവുക? സയണിസത്തെ അപകോളനീകരണത്തിന് വിധേയമാക്കുക സാധ്യമാണോ? അധികാരത്തോടും അധീശത്വത്തോടുമുള്ള അതിന്റെ ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണിടുക സാധ്യമാണോ? സമാധാനത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചുമൊക്കെയുള്ള ജല്‍പ്പനങ്ങള്‍ക്ക് മുമ്പ് ഇത്തരം ചോദ്യങ്ങളാണ് അഭിമുഖീകരിക്കപ്പെടേണ്ടത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം, സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയുമൊക്കെ വ്യാജമായ ഉടമ്പടികള്‍ തീര്‍ത്തുകൊണ്ടാണ് സയണിസ്റ്റുകള്‍ എക്കാലത്തും ഫലസ്തീനികളുടെ സ്വാതന്ത്ര്യ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുള്ളത്. ഓരോ സമാധാന ഉടമ്പടികള്‍ക്ക് ശേഷവും ഫലസ്തീന്‍ പതിയെ ഫലസ്തീനികള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. ഫലസ്തീനികളോടുള്ള വിവേചനത്തോടെയുള്ള സമീപനങ്ങള്‍ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. അതിനാല്‍ തന്നെയാണ് ഈ ‘സമാധാന’ പ്രവര്‍ത്തനങ്ങളെല്ലാം അവസാനിപ്പിച്ച് കൊണ്ട് സയണിസത്തെയും ഇസ്രയേലിന്റെ നിലനില്‍പ്പിനെയും ജ്ഞാനശാസ്ത്രപരമായി വെല്ലുവിളിക്കണമെന്ന് അപകോളനീകരണ ചിന്തകര്‍ ആവശ്യപ്പെടുന്നത്. അപ്പോള്‍ മാത്രമേ സയണിസം ഉല്‍പ്പാദിപ്പിക്കുന്ന അധികാരത്തെയും അധീശത്വത്തെയും വെല്ലുവിളിക്കാന്‍ സാധിക്കുകയുള്ളൂ. (തുടരും)

വിവ: സഅദ് സല്‍മി

പൗരത്വത്തിലെ സയണിസ്റ്റ് മാനദണ്ഡം

ഫലസ്തീന്‍; പരിഹാര ശ്രമങ്ങള്‍ പാളുന്നതെവിടെ?

Related Articles