Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിലെ സാമ്പത്തിക ജീവിതം

money2000.jpg

പൗരന്‍മാരുടെ വ്യത്യസ്ത താല്‍പര്യങ്ങളെ മാനിക്കുന്ന നൈതികമായ ഒരു സാമ്പത്തിക വ്യവസ്ഥയെ മുന്‍നിര്‍ത്തി ഇസ്‌ലാമിക സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്റെ ലക്ഷ്യം അധികാരമുള്ളവന്‍ അതില്ലാത്തവന്റെ മേല്‍ ചെലുത്തുന്ന ആധിപത്യത്തെ തടയുക എന്നതാണ്. ഈ വിഷയത്തിലുള്ള പ്രസക്തമായ ഖുര്‍ആനിക സൂക്തങ്ങളെ വിശദീകരിക്കുന്ന സന്ദര്‍ഭത്തില്‍ സയ്യിദ് ഖുതുബ് ഇസ്‌ലാമിന്റെ സാമ്പത്തിക വ്യവസ്ഥയെക്കുറിച്ച് വളരെ വിശദമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. നൈതികതയെക്കുറിച്ച ഇസ്‌ലാമിന്റെ സുപ്രധാനമായ വീക്ഷണത്തെ മുന്‍നിര്‍ത്തിയാണ് സയ്യിദ് ഖുതുബ് സാമ്പത്തിക സദാചാരത്തെക്കുറിച്ച് സംസാരിക്കുന്നത്. കാരണം നൈതികമായ ജീവിതം ഭൂമിയില്‍ സാധ്യമാക്കുക എന്നത് ഇസ്‌ലാമിന്റെ വളരെ പ്രധാനപ്പെട്ട ഒരാശയമാണ്. അതിനാദ്യമായി സമത്വത്തിലും നീതിയിലും അധിഷ്ഠിതമായ ഒരു സാമ്പത്തിക വ്യവസ്ഥ നിര്‍മ്മിക്കപ്പെടുക എന്നത് അത്യന്താപേക്ഷികമാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ക്ഷേമം ലഭ്യമാകും വിധമുള്ള സാമ്പത്തിക ജീവിതമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത് എന്നാണ് സയ്യിദ് ഖുതുബ് പറയുന്നത്.

കമ്മ്യൂണിസത്തിലും മുതലാളിത്തത്തിലും അധിഷ്ഠിതമായ സാമ്പത്തിക വ്യവസ്ഥകളെ സയ്യിദ് ഖുതുബ് രൂക്ഷമായ വിമര്‍ശനത്തിന് വിധേയമാക്കുന്നുണ്ട്. ഇസ്‌ലാം ഈ രണ്ട് സാമ്പത്തിക തീവ്രതകളെയും നിരാകരിച്ച് കൊണ്ട് വളരെ മധ്യമമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നാണ് ഖുതുബ് പറയുന്നത്. കാരണം മുതലാളിത്തം പറയുന്നത് എല്ലാ വിധ നിയന്ത്രണങ്ങളെയും ഇല്ലാതാക്കിക്കൊണ്ട് വളരെ ഉദാരമായ ഒരു സാമ്പത്തിക വ്യവസ്ഥ സൃഷ്ടിക്കപ്പെടണമെന്നാണ്. വ്യക്തിയുടെ അധികാരത്തിന്‍മേല്‍ യാതൊരു വിധത്തിലുള്ള അധികാരവും കൈകടത്താത്ത ഒരു സാമ്പത്തിക ക്രമീകരണമാണത്. ഈ സാമ്പത്തിക വ്യവസ്ഥയിലാണ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം രൂക്ഷമാവുക. നമ്മുടെ കണ്‍മുമ്പില്‍ തന്നെ നാമത് കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഇനി കമ്മ്യൂണിസ്റ്റ് വ്യവസ്ഥയിലാണെങ്കില്‍ വ്യക്തിക്ക് പകരം രാഷ്ട്രമാണ് സമ്പത്ത് നിയന്ത്രിക്കുക. അഥവാ, രാഷ്ട്രം ഭരിക്കുന്ന അധികാരികളാകും അത് തീരുമാനിക്കുക. വ്യക്തിസ്വത്ത് എന്ന ഒന്ന് അവിടെ ഉണ്ടാവില്ല. രാഷ്ട്രമാണ് ഉല്‍പ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയുമൊക്കെ ചെയ്യുക.

എന്നാല്‍ ഈ രണ്ട് സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സാമ്പത്തിക ക്രമമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നത്. ഇസ്‌ലാമിന്റെ കാഴ്ചപ്പാടനുസരിച്ച് ദൈവത്തിനാണ് സമ്പത്തിന് മേല്‍ അടിസ്ഥാനപരമായി അധികാരമുള്ളത്. വ്യക്തിക്കോ രാഷ്ട്രത്തിനോ അല്ല. ദൈവമാണ് മനുഷ്യന്‍ സമ്പത്ത് എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നത്. മുഴുവന്‍ മനുഷ്യരുടെയും ക്ഷേമത്തിന് വേണ്ടിയുള്ള സാമ്പത്തിക ജീവിതമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. അവിടെ മുതലാളിയോ തൊഴിലാളിയോ വെളുത്തവനോ കറുത്തവനോ ഇല്ല. അതോടൊപ്പം തന്നെ ഇതര വ്യവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി സമ്പത്തിന്റെ അനുസ്യൂതമായ ഒഴുക്ക് ഇസ്‌ലാം മുന്നോട്ട് വെക്കുന്നുണ്ട്. സകാത്ത് എന്ന വ്യവസ്ഥ അതിനാണ് നിര്‍ബന്ധമാക്കപ്പെട്ടിട്ടുള്ളത്. അത് മനുഷ്യന്റെ ആത്മീയതയെയും സാമൂഹികതയെയും ഒരുപോലെ പരിശുദ്ധമാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ പിന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം തന്നെയുണ്ടാവില്ല എന്നാണ് ഖുതുബ് പറയുന്നത്.

സാമ്പത്തിക ജീവിതവുമായി ബന്ധപ്പെട്ട് ഇസ്‌ലാം ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്നുണ്ട്. വളരെ ചുരുക്കി അവ താഴെ വിവരിക്കുന്നുണ്ട്:

1) അല്ലാഹുവാണ് സൃഷ്ടാവ്. ഈ ലോകത്തുള്ളതെല്ലാം അവന്റേതാണ്. അവ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് നിര്‍ദേശിക്കാനുള്ള പരമാധികാരം അവനാണ്.
2) അല്ലാഹുവിന്റെ പ്രതിനിധിയാണ് മനുഷ്യന്‍. ലോകത്തിലുള്ള വിഭവങ്ങളുടെ മേല്‍ അവന് യാതൊരു തരത്തിലുള്ള അധികാരവുമില്ല. ദൈവിക മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ് അവന്‍ പ്രവര്‍ത്തിക്കേണ്ടത്.
3) ധൂര്‍ത്തും ധുര്‍വ്യയവും പിശുക്കും ഇസ്‌ലാം ശക്തമായി വിലക്കുന്നു.
4) പലിശ വാങ്ങുന്നതും കൊടുക്കുന്നതുമെല്ലാം ഇസ്‌ലാം കര്‍ശനമായി വിലക്കുന്നു.

തന്റെ സാമ്പത്തിക സ്രോതസ്സുകളെല്ലാം അല്ലാഹുവിങ്കല്‍ നിന്നുള്ളതാണെന്ന് മനുഷ്യന്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ പിന്നെ അവനൊരിക്കലും അല്ലാഹുവിനിഷ്ടമല്ലാത്ത മാര്‍ഗത്തില്‍ ധനം വിനിയോഗിക്കുകയില്ല. സയ്യിദ് ഖുതുബ് പറയുന്നത് പലിശയെ ഇസ്‌ലാം ശക്തമായ ഭാഷയിലാണ് വിലക്കുന്നതെന്നാണ്. സാമ്പത്തിക ചൂഷണമാണ് പലിശയിലൂടെ സൃഷ്ടിക്കപ്പെടുന്നത്. സന്തുലിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിപ്പിന് അത് വിലങ്ങുതടിയാണ് എന്നത് കൊണ്ട് തന്നെയാണ് ഇസ്‌ലാം അത് നിരോധിച്ചത്. കടം നല്‍കുക എന്ന വളരെ നന്‍മയേറിയ ഒരു പ്രവൃത്തിയെ മലീമസമാക്കുകയാണ് പലിശ ചെയ്യുന്നത്. അപ്പോള്‍ അവിടെ കടം നല്‍കുന്നതിലൂടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും അവസാനിക്കുകയല്ല. മറിച്ച് പുതിയ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയാണ് ചെയ്യുന്നത്. സയ്യിദ് ഖുതുബ് പറയുന്നത് ലോകത്തൊരിടത്തെയും സാമ്പത്തിക പ്രതിസന്ധികള്‍ പലിശ കൊണ്ട് പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. മറിച്ച, സമൂഹത്തിന്റെ ഉല്‍പാദനശേഷി നശിപ്പിക്കുകയാണ് പലിശ ചെയ്യുന്നതെന്നും അസന്തുലിതമായ സാമ്പത്തികക്രമത്തിന്റെ സൃഷ്ടിപ്പാണ് അതിലൂടെ നടപ്പിലാവുന്നതെനന്നും ഖുതുബ് ചൂണ്ടിക്കാണ്ക്കുന്നു. അതുകൊണ്ടാണ് ഇസ്‌ലാം തുടക്കത്തില്‍ തന്നെ പലിശക്ക് മേല്‍ കൈവച്ചതും പുതിയൊരു സാമ്പത്തിക വീക്ഷണം അവതരിപ്പിച്ചതുമെന്ന് ഖുതുബ് ഊന്നിപ്പറയുന്നുണ്ട്.

വിവ: സഅദ് സല്‍മി

ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ – 5
ഖുര്‍ആന്റെ തണലിലെ സാമൂഹിക വിഷയങ്ങള്‍ – 7

Related Articles