Current Date

Search
Close this search box.
Search
Close this search box.

അധിനിവേശവും ക്രൈസ്തവ യൂറോപ്പും

Palestine3c3.jpg

ജൂതര്‍ക്ക് ഫലസ്തീനിലെ ഒരു ചെറിയ ഭാഗം വിട്ട് തരണമെന്നാവശ്യപ്പെട്ട് കൊണ്ട് ഹെര്‍സല്‍ ഒട്ടോമന്‍ ഭരണാധികാരികളെ സമീപിക്കുകയുണ്ടായി. ഒട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാം എന്ന വാഗ്ദാനമായിരുന്നു പകരം ഹെര്‍സല്‍ മുന്നോട്ട് വെച്ചത്. 18, 19 നൂറ്റാണ്ടുകളില്‍ ഒട്ടോമന്‍ സാമ്രാജ്യം അറിയപ്പെട്ടിരുന്നത് യൂറോപ്പിന്റെ രോഗി എന്നായിരുന്നു. സാമ്രാജ്യത്വത്തെ അധീനപ്പെടുത്താന്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ പരസ്പരം മല്‍സരത്തിലായിരുന്നു. ഈയൊരു പ്രതിസന്ധി ഘട്ടത്തിലാണ് ഹെര്‍സല്‍ ഒട്ടോമന്‍ ഭരണകൂടത്തെ സമീപിക്കുന്നത്. ഇതര യൂറോപ്യന്‍ രാഷ്ട്രങ്ങളെപ്പോലെത്തന്നെ കൊളോണിയല്‍ താല്‍പ്പര്യങ്ങള്‍ തന്നെയാണ് ഹെര്‍സലിനും സയണിസ്റ്റുകള്‍ക്കും ഉണ്ടായിരുന്നത്.

ഫലസ്തീന്‍ പ്രശ്‌നത്തെ ഒരു കൊളോണിയല്‍ പദ്ധതി എന്ന നിലക്ക് തന്നെയാണ് സമീപിക്കേണ്ടത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അല്ലാതെ കേവലം സമാധാന പ്രക്രിയയുടെ (Peace process) ലംഘനമായല്ല. ആളുകള്‍ അങ്ങനെയാണ് ഫലസ്തീന്‍ പ്രശ്‌നത്തെ മനസ്സിലാക്കുന്നത്. കാരണം, 1800 കളില്‍ തന്നെ സയണിസ്റ്റ് പ്രൊജക്ട് യൂറോപ്യന്‍ കൊളോണിയല്‍ വ്യവഹാരത്തിന്റെ ഭാഗമാകുന്നതായി നമുക്ക് കാണാന്‍ സാധിക്കും. ആധുനിക പൂര്‍വ്വവും അപരിഷ്‌കൃതവുമായ സംസ്‌കാരങ്ങളോടുള്ള പോരാട്ടമാണ് ജൂതര്‍ നടത്തുന്നതെന്ന് ഹെര്‍സല്‍ ഒരിടത്ത് എഴുതുന്നുണ്ട്. അറബികളെയാണ് ഇവിടെ അദ്ദേഹം അപരിഷ്‌കൃതരെന്നും ആധുനിക പൂര്‍വ്വമായ സംസ്‌കാരം പേറുന്നവരെന്നും ആക്ഷേപിക്കുന്നത്. യൂറോപ്യന്‍ ശക്തികളും ലോകത്തുടനീളം അധിനിവേശങ്ങള്‍ നടത്തിയിട്ടുള്ളത് ഇത്തരം വ്യവഹാരങ്ങള്‍ ഉല്‍പ്പാദിപ്പിച്ച് കൊണ്ടാണ്.

ദേശീയതയെയും കുടിയേറ്റ വംശീയതയെയും പുണര്‍ന്ന് കൊണ്ടാണ് യൂറോപ്പിലെ സയണിസ്റ്റുകള്‍ സെമിറ്റിക് വിരുദ്ധ വംശീയതയോട് പ്രതികരിച്ചത്. ഇസ്രയേല്‍ എന്ന ദേശരാഷ്ട്രത്തിന്റെ രൂപീകരണം തന്നെ സെമിറ്റിക് വിരുദ്ധതയെക്കുറിച്ച വ്യവഹാരങ്ങളുമായാണ് ബന്ധപ്പെട്ട് കിടക്കുന്നത്. യൂറോപ്യന്‍ രാഷ്ട്രങ്ങളും സയണിസവും കൈകോര്‍ത്തു കൊണ്ടാണ് അത്തരം വ്യവഹാരങ്ങള്‍ ഉല്‍പാദിപ്പിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. ഫലസ്തീനില്‍ ക്രൈസ്തവ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. രസകരമെന്ന് പറയട്ടെ, ക്രിസ്തുവിന്റെ രണ്ടാം വരവെന്നാണ് യൂറോപ്യന്‍ ശക്തികള്‍ സയണിസ്റ്റ് അധിനിവേശത്തെ വിലയിരുത്തുന്നത്. അഥവാ, കുരിശ് യുദ്ധത്തിന് ശേഷം മുസ്‌ലിം ലോകത്ത് വീണ്ടും ആധിപത്യം സ്ഥാപിക്കാനുള്ള മാര്‍ഗമായാണ് അവരിതിനെ മനസ്സിലാക്കുന്നത്.

പാശ്ചാത്യ ക്രൈസ്തവതയെ സംബന്ധിച്ചിടത്തോളം ഫലസ്തീനെയും വിശുദ്ധ ഭൂമിയെയും കീഴടക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുക എന്നത് മതകീയ മാനങ്ങളുള്ള പദ്ധതിയാണ്. ക്രിസ്തുവിന്റെ രണ്ടാം വരവിനുള്ള മുന്നോടിയായാണ് ഇസ്രായേലിന്റെ സ്ഥാപനത്തെ ക്രൈസ്തവ അധികാരികള്‍ മനസ്സിലാക്കുന്നത്. മുസ്‌ലിംകളെ ഒന്നടങ്കം വിശുദ്ധഭൂമിയില്‍ നിന്ന് പുറത്താക്കിയെങ്കില്‍ മാത്രമേ ക്രിസ്തുവിന്റെ മടങ്ങിവരവ് സാധ്യമാവുകയുള്ളൂ എന്ന ദൈവശാസ്ത്രപരമായ വാദമാണ് അവരുന്നയിക്കുന്നത്. അഥവാ, ദൈവശാസ്ത്രപരമായാണ് ഇസ്രയേലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ പാശ്ചാത്യ ശക്തികള്‍ വ്യാഖ്യാനിക്കുന്നത്.

വിശുദ്ധഭൂമിയെ തിരിച്ച് പിടിക്കാനുള്ള യൂറോപ്പിന്റെ ശ്രമം ഇപ്പോഴും തുടരുകയാണ്. കാരണം യൂറോപ്പിനെ സംബന്ധിച്ചിടത്തോളം വിശുദ്ധഭൂമി എന്നത് തങ്ങളുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ സ്വത്വത്തിന്റെ ഭാഗമാണ്. അതിനാലാണ് അധിനിവേശത്തെയും സയണിസ്റ്റ് വംശീയതയെയുമെല്ലാം ദൈവശാസ്ത്രപരമായി അത് സമീപിക്കുന്നത്. മാത്രവുമല്ല, ഓട്ടോമന്‍ സാമ്രാജ്യത്വത്തിന്റെ കോണ്‍സ്റ്റാന്റിനോപ്പിള്‍ അധിനിവേശത്തോടെ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രതാപത്തെ തിരിച്ച്പിടിക്കാനുള്ള അവസരമായും ഇസ്രയേല്‍ അധിനിവേശത്തെ യൂറോപ്പ് കാണുന്നു. യൂറോപ്പിന്റെ നിലനില്‍പ്പ് സാധ്യമാകുന്നത് തന്നെ ഇങ്ങനെയുള്ള മുസ്‌ലിം അപരവല്‍ക്കരണത്തിലൂടെയാണ്. (തുടരും)

വിവ: സഅദ് സല്‍മി

സയണിസവും കുടിയേറ്റ അധിനിവേശവും

ഫലസ്തീന്‍ പ്രശ്‌നവും അപകോളനീകരണ വായനയും

Related Articles