Current Date

Search
Close this search box.
Search
Close this search box.

വിജ്ഞാനത്തിന്റെ പുതുവഴികള്‍ തേടണം

അറിവ് ഇസ്ലാമിന്റെ ജീവനാണ്. അറിവാണ് മുസ്‌ലിം ലോകത്തെ ചരിത്രത്തിന്റെ ഉടമകളാക്കിയത്, എന്നുമുതല്‍ ഈ ഉമ്മത്ത് അറിവിനോട് മുഖം തിരിക്കാന്‍ തുടങ്ങിയോ, അന്നുമുതലാണ് ഈ ഉമ്മത്തിന്റെ പേരിനു പിറകെ അതിന്റെ ഉടമ ഇഷ്ടപ്പെടാത്ത വിശേഷണങ്ങള്‍ ചാര്‍ത്തപ്പെടാന്‍ തുടങ്ങിയത്. ഇതിന് പല കാരണങ്ങളും നമുക്ക് നിരത്താന്‍ കഴിയും, പക്ഷെ വിശുദ്ധ ഖുര്‍ആന്റെ സങ്കല്‍പ്പ പ്രകാരം നമ്മള്‍ തന്നെയാണ് ഉത്തരവാദികള്‍. ഖുര്‍ആന്‍ പറയുന്നു ”അള്ളാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല, അവര്‍ തങ്ങളുടെ മനസ്സുകളില്‍ ഉള്ളത് മാറ്റുന്നത് വരെ’. (????? 11) ഇവിടെ മനസ്സുകളില്‍ ഉള്ളത് മാറ്റുന്നത് വരെ എന്നത് വിശാലമായ ഒരു ആശയം സമര്‍പ്പിക്കുന്നു. അഥവാ മനസ്സുകളിലുള്ള മനോഭാവം, നിലപാട് എന്നൊക്കെ നമുക്ക് വ്യാഖാനിക്കാം.

ഉമ്മത്തിന്റെ അധ:പതനത്തിനു കാരണം അവരുടെ നിലപാടുകളാണ് എന്നര്‍ത്ഥം. നിലപാടുകള്‍ മനുഷ്യ ജീവിതത്തിന്റെ അവസ്ഥകള്‍ നല്ല നിലയിലേക്കും മോശമായ നിലയിലേക്കും എത്തിക്കും. ചരിത്രത്തില്‍ ഇതിനു നിരവധി ഉദാഹരങ്ങള്‍ കാണാം. വ്യക്തി, സമൂഹം, രാഷ്ട്രം എന്നിവയുടെ ഭാഗധേയം അവരുടെ നിലപാടുകളുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നര്‍ത്ഥം. ഖുര്‍ആനിലെ അല്‍ അന്‍ഫാല്‍ സൂറത്തിലെ 53ാം വചനം ”ഒരു ജനത തങ്ങളുടെ നിലപാട് സ്വയം മാറ്റുന്നതുവരെ അള്ളാഹു ആ ജനതക്ക് ചെയ്തുകൊടുത്ത അനുഗ്രഹത്തില്‍ ഒരു മാറ്റവും വരുത്തുകയില്ല’. ഇതിലേക്ക് സൂചന നല്‍കുന്നു. അനുഗ്രഹങ്ങള്‍ അട്ടിമറിക്കപ്പെടുന്നത് മനോഭാവം മാറ്റപ്പെടുമ്പോള്‍ എന്നാണര്‍ത്ഥം. ചരിത്രത്തിന്റെ ഉടമകള്‍ എന്ന അനുഗ്രഹം, ജനങ്ങള്‍ക്ക് വേണ്ടി ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെട്ട സമൂഹം എന്ന അപാര അനുഗ്രഹം മുസ്ലിംകള്‍ക്ക് നഷ്ടപ്പെട്ടത് ഈ കാരണത്താലാണ്.

ലോക ചരിത്രത്തില്‍ ആദ്യമായി പറക്കാന്‍ ചിന്തിച്ചത് ഈ സമുദായത്തിലെ ഒരംഗമാണ്, അതും എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍. അറുപതു വയസ്സ് കഴിഞ്ഞ ശേഷമാണ് അബ്ബാസ് ബിന്‍ ഫെര്‍നാസ് പറക്കാനുള്ള ശ്രമം നടത്തിയതും അതില്‍ വിജയിച്ചതും എന്ന് ചരിത്രം പറയുന്നു. നാം ഇന്ന് വിശ്രമിക്കാന്‍ വേണ്ടി തയ്യാറാകുന്ന പ്രായം. ഭൂമിയില്‍ തങ്ങളുടെ ഡ്യൂട്ടി അല്ലാഹുവിന്റെ പ്രാതിനിധ്യ ഉത്തരവാദിത്വം നിര്‍വഹിക്കുക എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയവരായിരുന്നു നമ്മുടെ പൂര്‍വീകര്‍.നാം ആ ബോധത്തില്‍ നിന്ന് എത്രയോ അകലെയാണ്. നമ്മുടെ സമീപനങ്ങളില്‍ വന്ന മാറ്റം തന്നെയാണ് ഇതിനു കാരണം.അവര്‍ ജനങള്‍ക്ക് വേണ്ടി ഉയര്‍ത്തെഴുന്നേല്പിക്കപ്പെട്ട സമൂഹം എന്ന സൂക്തത്തിന്റെ വിശാലമായ ആശയം ശരിക്കും ഉള്‍ക്കൊണ്ടു. നാം ഇന്ന് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത് ചെറിയ ചെറിയ കാര്യങ്ങളുടെ പേരിലാണ്. ഇവിടെയാണ് മെന്റാലിറ്റി, കാഴ്ചപ്പാട് എന്ന വിഷയങ്ങള്‍ കടന്നു വരുന്നത്. അബ്ബാസ് ഇബ്‌നു ഫെര്‍നാസും, ഇബ്‌നു സീനയും, ഫാറാബിയും ഇബ്‌നു ഖല്‍ദൂനും ഇനിയും ഈ സമുദായത്തില്‍ നിന്ന് വരേണ്ടതുണ്ട്, പക്ഷെ നിലപാട് മാറ്റണം എന്ന് മാത്രം. അള്ളാഹു അനുഗ്രഹിക്കട്ടെ.

Related Articles