Book ReviewSeries

മാണിക്യ മലരായ പൂവി

ശൈഖ് മുഹമ്മദ് കാരക്കുന്ന് എഴുതിയ ‘ഖദീജ -മക്കയുടെ മാണിക്യം’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് പരിചയപ്പെടാം.

ഖദീജ ബീവിയില്‍ നിന്നും ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയില്ല. പക്ഷെ പ്രവാചക ജീവിതത്തില്‍ ഖദീജക്കുള്ളത്ര സ്ഥാനം മറ്റാര്‍ക്കും കാണുകയും സാധ്യമല്ല. പല സാമൂഹിക പ്രവര്‍ത്തകനും നേതാക്കാളും തോറ്റു പോകുന്നത് കുടുംബത്തിന്റെ മുന്നിലാണ്. കുടുംബം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങായി പിറകിലില്ലെങ്കില്‍ ആരും പരാജയപ്പെടും. ആര്‍ക്കും മാനസിക കരുത്തു കിട്ടേണ്ട സ്ഥലമാണ് വീട്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വീട്ടുകാര്‍ തന്നെ തള്ളിക്കളഞ്ഞാല്‍ പിന്നെ അയാളൊരു പരാജയമാകും.

ഖദീജയെ പ്രവാചകന്‍ വിവാഹം കഴിക്കണം എന്നത് ഒരു ദൈവീക നിശ്ചയമായിരുന്നു. പ്രവാചകന് ഏല്പിക്കപെടുന്ന ഭാരിച്ച ജോലികള്‍ക്ക് താങ്ങാവാന്‍ ഒരു കുടുംബം ആവശ്യമായിരുന്നു. ഖദീജയോളം അതിനു പറ്റിയ ഒരു സ്ത്രീയും അന്ന് മക്കയില്‍ വേറെ ഉണ്ടായതായി അറിയില്ല. പണക്കാരിയായിരുന്ന ഖദീജ പ്രവാചകനെ വിവാഹം കഴിച്ചപ്പോള്‍ ദാരിദ്ര്യത്തിന്റെ അവശത അനുഭവിച്ചു. കൃത്യമായ ഭക്ഷണം ലഭിക്കാതെയായിരുന്നു അവര്‍ക്കു അസുഖം വന്നതും പിന്നീട് മരണം സംഭവിച്ചതും എന്ന് ചരിത്രം പറയുന്നു. പ്രവാചക ജീവിതത്തില്‍ ഖദീജക്കുള്ള സ്ഥാനം പ്രവാചകന്റെ ആദ്യ സമയങ്ങളില്‍ നേരിട്ട ദുരന്തങ്ങളെ സഹനത്തോടെ നേരിടാന്‍ ഒപ്പം ഒരാള്‍ കൂടി ഉണ്ടായിരുന്നു എന്നതാണ്.

ഭര്‍ത്താവിന്റെ വിശ്വാസം കാരണം രണ്ടു മക്കള്‍ക്ക് ഭര്‍ത്താക്കന്മാരെ നഷ്ടമായി. ഒരു മകള്‍ ഭര്‍ത്താവ് ഉണ്ടായിരിക്കെ തന്നെ ഒരുപാട് മാനസിക വിഷമങ്ങള്‍ അനുഭവിച്ചു. ഏതു ഭാര്യക്കും ഭര്‍ത്താവിനെ തള്ളിപ്പറയാന്‍ ഇത് കാരണമാണ്. പക്ഷെ അവിടെയും അവര്‍ ഭര്‍ത്താവിനെ മാനസികമായി വേദനിപ്പിക്കുന്ന ഒരു നിലപാടും സ്വീകരിച്ചില്ല. ഉമ്മയും ഉപ്പയുടെ വിശ്വാസം സ്വീകരിച്ചു എന്നറിഞ്ഞപ്പോള്‍ പെണ്‍മക്കള്‍ക്കും ആ വഴി സ്വീകരിക്കാന്‍ ഒരു തടസ്സവും ഉണ്ടായില്ല. ഖദീജയെ കുറിച്ച് നമുക്ക് പറയാന്‍ കഴിയുക വിജയിച്ച ഒരു ഭാര്യയും മാതാവും എന്നതാണ്. വീട് പുതിയ വിഷയങ്ങള്‍ തുടങ്ങുന്ന സ്ഥലമായാല്‍ അത് ദുരന്തമായി കലാശിക്കും. എല്ലാ വിഷയങ്ങളുടെയും പരിഹാരമായി ഭവനങ്ങള്‍ മാറാന്‍ പുരുഷനേക്കാള്‍ കൂടുതല്‍ ചെയ്യാന്‍ കഴിയുക സ്ത്രീകള്‍ക്കാവും. ഹിറയില്‍ നിന്നും ദൈവിക ബോധനത്തിന്റെ ആദ്യ അനുഭവത്തില്‍ പരവശനായി വീട്ടിലെത്തിയ ഭര്‍ത്താവിനെ ആശ്വസിപ്പിക്കുക എന്നതില്‍ തുടങ്ങി അത് കാണാം.

പുറത്തു പീഡനങ്ങള്‍ അധികരിക്കുമ്പോഴും പ്രവാചകന് വീടൊരു സമാധാനമായിരുന്നു. വീടിനു പുറത്ത് സമാധാനവും വീട്ടില്‍ അസമാധാനവും എന്നിടത്തു നില്‍ക്കുന്ന ആധുനിക സമൂഹത്തിനു അത് കൊണ്ട് തന്നെ ഖദീജ എന്ന ഗൃഹനായികയില്‍ മാതൃകയുണ്ട്. ഒരു മുഹമ്മദ് ഉണ്ടായി വരാന്‍ ഖദീജ അനിവാര്യമാണ്. നമ്മുടെ പല വീടുകളിലും ആ ഖദീജയില്ല എന്നത് വലിയ കുറവാണു. കേവലം ഭാര്യ ഭര്‍ത്താക്കന്മാര്‍ എന്നതിലപ്പുറം ഒരു ആദര്‍ശത്തിന്റെ അതിജീവനം കൂടിയാണ് ഖദീജ എന്ന മക്കയുടെ മാണിക്യം.

ഖദീജ (റ)യെ കുറിച്ച് നമുക്കറിയാത്ത പുതിയ വിവരങ്ങള്‍ ഈ പുസ്തകം നല്‍കുന്നു. പ്രവാചകത്വത്തിന്റെ ആദ്യ നാളുകളില്‍ മക്കയില്‍ പ്രവാചകന് എങ്ങിനെ അവര്‍ കൂട്ടായി എന്നതും സന്നിഗ്ദ ഘട്ടങ്ങളില്‍ ഭാര്യയും ഭര്‍ത്താവും എങ്ങിനെയാണ് പരസ്പരം സഹകരിക്കേണ്ടതും സഹായിക്കേണ്ടതും എന്ന രേഖാ ചിത്രവും ഈ പുസ്തകത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നു.

ഗ്രന്ഥകാരന്‍: ശൈഖ് മുഹമ്മദ് കാരക്കുന്ന്
പ്രസാധനം: ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്
വില:55

Facebook Comments
Show More

Related Articles

Close
Close