SeriesStudies

ഇസ്‌ലാമിന്റെ വിശാലമായ വിജ്ഞാന സങ്കല്‍പ്പം

ഇസ്ലാമിന്റെ നിലനില്‍പ്പ് അതിന്റെ ജീവനാഡിയായ അറിവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഇസ്ലാമിക ലോകത്തിനു വൈജ്ഞാനിക രംഗത്തു സംഭാവനകള്‍ സമര്‍പ്പിച്ച, ഇബ്‌നുസീന, ഫാറാബി, അബ്ബാസ് ബിന്‍ ഫെര്‍നാസ്, അബു ബക്കര്‍ ബിന്‍ റാസി, ഇമാം ഗസാലി തുടങ്ങിയ ലോകത്ത് അറിയപ്പെട്ട ഇസ്ലാമിക ബുദ്ധിജീവികള്‍ നമ്മുടെ കാലത്തെ മുസ്ലിം പണ്ഡിതന്മാരുടെ സംഘത്തില്‍ പെട്ടവരായിരുന്നില്ല, കാരണം അവര്‍ ഇസ്ലാമിന്റെ വിശാലമായ വൈജ്ഞാനിക സങ്കല്‍പ്പം ഉള്‍കൊണ്ട് പ്രവര്‍ത്തിച്ചവരായിരുന്നു.അവരുടെ ഗവേഷണ വിഷയങ്ങള്‍ കേവല ആരാധനാ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ മാത്രമായിരുന്നില്ല. അറിവിന്റെ സമഗ്ര സങ്കല്‍പ്പം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടവരായിരുന്നു അവര്‍. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ‘നീ വായിക്കുക’ എന്ന ഖുര്‍ആനിന്റെ കല്പന അവര്‍ വിശാലമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കി എന്നര്‍ത്ഥം.

നമ്മുടെ വൈജ്ഞാനിക സങ്കല്‍പം പാടെ മാറിയിരിക്കുന്നു, സല്‍കര്‍മ്മം, പ്രബോധനം, ജിഹാദ്, പൊതുനന്മക്കു വേണ്ടിയുള്ള പ്രവര്‍ത്തനം, വിജ്ഞാനം തുടങ്ങിയ വിഷയങ്ങളില്‍ നമ്മുടെ മുന്‍ഗാമികള്‍ സ്വീകരിച്ച നിലപാടുകളും നമ്മുടെ നിലപാടുകളും തമ്മില്‍ അജ ഗജാന്തരമുണ്ട്. നമ്മുടെ പണ്ഡിതന്മാര്‍ കേവലമായ ദീനി മുഫ്തികളാകാനാണ് കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇബ്‌നു സീന രണ്ടു റക്അത്ത് നമസ്‌കരിച്ചിട്ടാണ് ലാബിലേക്ക് പ്രവേശിച്ചിരുന്നത് എന്ന് ചരിത്രം പറയുന്നു. മൗലിദിന്റെ മഹത്വം, സുബ്ഹി നമസ്‌കാരത്തിലെ ഖുനൂത്, സ്ത്രീകളുടെ പള്ളി പ്രവേശനം, നമസ്‌കാരത്തില്‍ കൈ എവിടെ കെട്ടണം തുടങ്ങിയ ഇസ്ലാമിക നാഗരിക ചിന്താ വൈജ്ഞാനിക പുരോഗതിയുമായി ബന്ധമില്ലാത്ത വിഷയങ്ങളില്‍ ഗവേഷണങ്ങള്‍ നടത്താനാണ് നമ്മുടെ പണ്ഡിതന്മാര്‍ വുളു എടുത്തു ഗവേഷണ റൂമുകളിലേക്ക് കയറുന്നത്. എന്നാല്‍ ഇബ്‌നു സീന അനാട്ടമി പഠിക്കാനാണ് രണ്ടു റക്അത്ത് നമസ്‌ക്കരിച്ചു അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച് ലാബില്‍ കയറിയിരുന്നത്.

എത്ര അന്തരം അല്ലേ!! എന്റെ ചെറുപ്പത്തില്‍ ഞാന്‍ പള്ളി മിമ്പറില്‍ നിന്ന് കേട്ടിരുന്ന വിഷയം സ്ത്രീകളുടെ പള്ളിപ്രവേശനവും, കൈ കെട്ടലും ജുമുഅ ഖുതുബയുടെ ഭാഷയും മറ്റുമൊക്കെയായിരുന്നു. ഇസ്ലാമിന്റെ വിജ്ഞാനം എന്ന് പറഞ്ഞാല്‍ ഇതൊക്കെയാണെന്നര്‍ത്ഥം. യഥാര്‍ത്ഥത്തില്‍ ഈ വിഷങ്ങള്‍ യുക്തിപരമായി കൈകാര്യം ചെയ്യാന്‍ മണിക്കൂറുകള്‍ മതി. ഇപ്പോള്‍ എന്താണെന്നറിയില്ല അത്തരത്തിലുള്ള വിഷയങ്ങളൊന്നും അത്രത്തോളം കേള്‍ക്കുന്നില്ല, കാരണം അവരും പള്ളി മിമ്പറുകളിലൂടെ ലോകവിവരങ്ങളെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു.

വിശുദ്ധ ഖുര്‍ആനിലെ ആദ്യ സൂക്തത്തിലെ ‘നീ വായിക്കുക’ എന്ന പദത്തിന്റെ വിശാല അര്‍ത്ഥം ഉള്‍ക്കൊള്ളാത്തതാണ് ഇതിനു കാരണം. ഇവിടെ إقرأ എന്ന പദം ഗവേഷണം അര്‍ഹിക്കുന്നു. അറബി ഭാഷ നിയമമനുസരിച്ച് قرأ എന്ന പദം സകര്‍മ്മക ക്രിയയാണ്, അഥവാ നിര്‍ബന്ധമായും കര്‍മ്മം ഉണ്ടാകേണ്ട ക്രിയ. വാചകത്തിന്റെ പൂര്‍ത്തീകരണത്തിന് കര്‍മ്മം വേണം എന്നര്‍ത്ഥം. ഇവിടെ എവിടെ കര്‍മ്മം ? നീ വായിക്കുക എന്നാണ് പറഞ്ഞത്. പക്ഷെ എന്ത് വായിക്കണം എന്ന് എന്ത് കൊണ്ട് പറഞ്ഞില്ല ? വായനക്ക് നിബന്ധന വെക്കുക മാത്രമാണ് ചെയ്തത്, അഥവാ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായിക്കണം എന്നതാണത്.

ചുരുക്കിപ്പറഞ്ഞാല്‍ എന്തും വായിക്കാം, എന്നല്ല സകല മേഖലകളിലുമുള്ള വിജ്ഞാനം നേടിയെടുക്കണം എന്നാണ് അല്ലാഹു കല്‍പിക്കുന്നത്. പക്ഷെ അല്ലാഹുവിന്റെ നാമം കൊണ്ടായിരിക്കണം തുടങ്ങുന്നത് എന്ന് മാത്രം. ഈ അടിസ്ഥാനത്തില്‍ ഇസ്ലാമിന്റെ വിജ്ഞാനത്തെ മനസ്സിലാക്കിയവരായിരുന്നു നമ്മുടെ പൂര്‍വീകര്‍. അതുകൊണ്ടാണവര്‍ വൈദ്യ, ശാസ്ത്രീയ, സാമൂഹ്യ,രാഷ്ട്രീയ മേഖലകള്‍ പോലത്തെ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട മേഖലകളില്‍ കൈ വെച്ചത്. നാം അവരുടെ പിന്‍ഗാമികള്‍ എന്ന നിലക്ക് അവരുടെ പാതയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്, അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ.

Facebook Comments
Related Articles
Show More
Close
Close