Book Review

ലോകാനുഗ്രഹി: പ്രവാചക ജീവിതത്തിലെ 111 മഹദ് സംഭവങ്ങള്‍

‘അറിവാണെന്റെ മൂലധനം. വിവേകമാണെന്റെ ആദര്‍ശത്തിന്റെ അകക്കാമ്പ് .സ്‌നേഹമാണെന്റെ മൗലികത. പ്രത്യാശയാണ് എന്റെ വാഹനം. ദൈവസ്മരണയാണ് എന്റെ സഹചാരി. വിശ്വസ്തതയാണെന്റെ വിഭവം. ദുഃഖമാണെന്റെ കൂട്ടുകാരന്‍. ഉള്‍ക്കാഴ്ചയാണെന്റെ ആയുധം. ക്ഷമയാണെന്റെ വസ്ത്രം. സമൃദ്ധിയാണ് എന്റെ മൂലധനം .ദാരിദ്ര്യമാണെന്റെ അഭിമാനം. വിരക്തിയാണെന്റെ ചര്യ .ദൃഢവിശ്വാസമാണെന്റെ ഇന്ധനം. സത്യസന്ധതയാണെന്റെ ശുപാര്‍ശകന്‍. അനുസരണമാണെന്റെ തറവാട് .ത്യാഗമാണെന്റെ ശക്തി .പ്രാര്‍ത്ഥനയാണെന്റെ സന്തോഷം.’

വാക്കാല്‍പ്പറഞ്ഞത് ജീവിതത്തിലും യാഥാര്‍ത്ഥ്യമാക്കിയ പ്രവാചക ജീവിതത്തിലെ നൂറ്റിപ്പതിനൊന്ന് മഹത് സംഭവങ്ങളുടെ സമാഹാരമാണ് ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ്(കജഒ) പ്രസിദ്ധീകരിച്ച ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ ‘ലോകാനുഗ്രഹി’.
സംഭവബഹുലമായ ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളെ സുന്ദരമായി കോര്‍ത്തിണക്കി ഗുണപാഠങ്ങള്‍ തലവാചകങ്ങളാക്കി ,ഉല്‍ബോധനോപദേശങ്ങളെ കഥാസാര മാക്കി ,വായനക്കാരന്റെ മനസ്സിനെ പിടിച്ചിരുത്തുന്നുണ്ട് ഈ ആവിഷ്‌കാരം. മാനവകുലത്തിന് നന്മയായി അവതരിച്ച മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ജീവിതം ലോകത്തിന് പഠിപ്പിക്കുക വഴി സ്വയമേ തന്നെ അനുഗ്രഹമായി മാറുകയാണ് ഈ കഥയും കാഥികനും.
നബിയെ വികലമായി ചിത്രീകരിക്കാന്‍ വെമ്പുന്ന സമൂഹത്തിന് ഉദാഹരണങ്ങള്‍ കൊണ്ട് ബോധപൂര്‍വം മറുപടി നല്‍കുന്നുണ്ട് ഗ്രന്ഥകാരന്‍. പണ്ഡിതനും പാമരനും ഒരുപോലെ ഗ്രാഹ്യവും കുട്ടികളുള്‍പ്പെടെ ജാതിമതഭേദമന്യേ വായിക്കാനുതകുന്നതുമാണ് നൂറ്റിരുപത് രൂപക്ക് ലഭ്യമാകുന്ന ഈ മനോഹര കൃതി.

ആസ്വാദന മികവിന് തന്റേതായ സങ്കല്പനങ്ങളോ അതിവൈകാരികതയോ കൂട്ടിച്ചേര്‍ക്കാതെ പ്രമാണ ബന്ധിതമാക്കാന്‍ അതീവ സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്. പ്രവാചകന് മുന്നില്‍ മുട്ട് വിറച്ച അബൂജഹല്‍ കഥകളോടൊപ്പം കേട്ടുപഴകിയ ‘ഭയപ്പെടുത്തിയ മാലാഖമാരുടെ സാന്നിധ്യം’ പോലും കൂടെപ്പറയാതിരുന്നത് അതുകൊണ്ടായിരിക്കാം.
നുബുവ്വത്ത് മുതല്‍ വഫാത്ത് വരെയുള്ള ചെറുതും വലുതുമായ ചരിത്രം കാലാനുസൃതമായി തന്നെ ക്രോഡീകരിച്ചിരിക്കുന്നു .ഒന്ന് രണ്ടു സന്ദര്‍ഭങ്ങളില്‍ തൊട്ടു മേലെ പറഞ്ഞത് ശേഷം ആയിരുന്നെങ്കില്‍ നന്നായിരുന്നേനെ..എന്ന് തോന്നിപ്പോയതൊഴിച്ചാല്‍ മറ്റൊന്നും പറയാന്‍ കഴിയാതെ വിഷമിക്കുകയാണെന്റെ വിമര്‍ശനമനസ്സ്.

ഇരുപത്തിനാലാം അദ്ധ്യായത്തില്‍ ‘അദാസിന്റെ സന്മാര്‍ഗ സ്വീകരണം’ എന്ന തലക്കെട്ട് ശേഷം വരുന്ന ‘ശത്രുക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച പ്രവാചകന്‍ ‘എന്ന ഇരുപത്തിയഞ്ചാം അദ്ധ്യാ യത്തിനുശേഷമായിരുന്നു വരേണ്ടത്. ചരിത്ര ആഖ്യാനത്തിലെ കാലക്രമം എന്ന നിലയ്ക്ക് ,ഇ രുപത്തി ആറാം അദ്ധ്യായം’ പ്രയോജനപ്പെടാതെ പോയ പ്രത്യുപകാരം’ഹിജ്‌റക്കുശേഷം ബദര്‍യുദ്ധ വസരത്തില്‍ പറയാമായിരുന്നു. അതേസമയം ഈ പുസ്തകത്തിന്റെ മൗലികഭാഗം നബിയുടെ നന്മയുടെ സാരാംശം ഉയര്‍ത്തിക്കാണിക്കുക എന്നായിരിക്കെ,പ്രവാചകന്റെ പ്രത്യുപകാര മനസ്ഥിതിയെ കഷ്ടതകള്‍ക്കിടയില്‍ അഭയം ലഭിച്ച സുകൃതം പറയേണ്ടിടത്ത് ആവിഷ്‌കരിക്കാന്‍ ശ്രമിച്ചെങ്കില്‍ ,അത് ഈ പുസ്തകതിന്റെ തേട്ടം മാത്രമാണെന്ന് നമുക്ക് ആശ്വസിക്കാം..
നാല്പത്തിയെട്ടാം അദ്ധ്യായത്തില്‍ ‘വിജയത്തിന് വഴിയൊരുക്കിയ വിട്ടുവീഴ്ച’യിലൂടെ ഹുദൈബിയ സന്ധി പരിചയപ്പെടുത്തിയതിന് ശേഷം നാല്‍പ്പത്തിയൊമ്പതാം അദ്ധ്യായത്തിലെ ‘അബൂജന്തലിന്റെ കഥ’യുടെ തുടക്കത്തില്‍ വീണ്ടും ഹുദൈബിയ സന്ധിയുടെ ആമുഖം സൂചിപ്പിക്കുന്നത് ആദ്യവസാനം വരെ തുടര്‍ച്ചയായ വായനക്കാരന്‍ എന്ന തലത്തില്‍ ഒരു ആവര്‍ത്തന വിരസത സൃഷ്ടിക്കുന്നുണ്ട്. അതേസമയം തിരഞ്ഞെടുക്കപ്പെട്ട ഒരു കഥ എന്നര്‍ഥത്തില്‍ വായിക്കുന്നവന് ഉപകാരപ്രദവുമാണ് അടിമത്വത്തില്‍നിന്ന് അമരത്വത്തിലേക്ക് ,തിന്മയെ നന്മകൊണ്ട് തടയാം ,അന്ധനുവേണ്ടി അവതരിച്ച വിശുദ്ധ ഖുര്‍ആന്‍ ,മര്‍ദ്ദിതന്റെ അവകാശം നേടി കൊടുത്ത നബി, ശത്രുക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച പ്രവാചകന്‍ ,ക്ലേശകരമായ സത്യസ ന്ധത, സമാനതകളില്ലാത്ത സാഹോദര്യം തുടങ്ങി പകുതിയിലധികം അധ്യായങ്ങളും നബി (സ)പ്രകാശിപ്പിച്ച സ്വഭാവ വിശുദ്ധിയുടെയും ജീവിതത്തില്‍ പാലിക്കേണ്ട ധാര്‍മിക മൂല്യങ്ങളുടെയും നല്ലപാഠങ്ങള്‍ ആകുമ്പോള്‍, ദഅദൂറിന്റെമനംമാറ്റം, അബൂജന്‍ദലിന്റെ കഥ, അബൂബസ്വീറിന്റെ ദുഃഖം ,കരാര്‍ തിരുത്തിയ തരുണി, പിതാവിനേക്കാള്‍ പ്രിയപ്പെട്ട പ്രവാചകന്‍ തുടങ്ങി പ്രവാചകാധ്യാപനങ്ങളുടെയും ധാര്‍മികശിക്ഷണത്തിന്റെയും കരുത്തുറ്റ അടയാളങ്ങളെ സാക്ഷ്യപ്പെടുത്തുകയാണ് ബാക്കി ഭാഗങ്ങള്‍. പ്രവാചകന്‍ പിറക്കുന്നു ,വെളിച്ചം വന്നവഴി, സഫയുടെ മുകളില്‍ ,ചിതലുകളുടെ സേവനം, ഒന്നാം അഖബ ഉടമ്പടി,ഹിജ്‌റക്ക് പശ്ചാത്തലമൊരുക്കിയ പ്രതിജ്ഞ അന്യൂനമായആസൂത്രണം,ഭയപ്പെടേണ്ട അല്ലാഹു നമ്മോടൊപ്പമുണ്ട് ,അബു അയ്യൂബിനെ വീട്ടില്‍,യഥരിബ് മദീനയായി മാറുന്നു, വിജയപ്രഖ്യാപനം ,പ്രവാചകന്‍ വിടപറയുന്നു, പ്രവാചകന്റെ വിടവാങ്ങല്‍ പ്രഭാഷണം തുടങ്ങി പ്രവാചക ചരിത്രത്തിലെ നിര്‍ണായക ഘട്ടങ്ങളെ വ്യക്തമായി ആവിഷ്‌കരിക്കുകയും ചെയ്തിരിക്കുന്നു. സഹധര്‍മിണിയുടെ സാക്ഷ്യം ,അലിയുടെ പിന്തുണയും ഖുറൈശികളുടെ പരിഹാസവും, യാസിര്‍ കുടുംബമേ ക്ഷമിക്കൂ, പരിഹാസം പരിഗണിക്കാതെ മുന്നോട്ട്, പരാജയപ്പെട്ട ഗൂഢാലോചന തുടങ്ങിയ അധ്യായങ്ങളിലൂടെ ശത്രുക്കളുടെ പീഢയും ഉറ്റവരുടെ ആശ്വാസവും പങ്കുവെക്കപ്പെടുന്നു.

സഹധര്‍മ്മിണിയുടെ സാക്ഷ്യം എന്ന അദ്ധ്യായം അവസാനിക്കുന്നത് ‘ പ്രിയപ്പെട്ടവനെ.. സന്തോഷിച്ചു കൊള്ളുക, ദൃഢമാനസനാവുക,അങ്ങയുടെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ സാക്ഷി!അങ്ങ് ഈ ജനത്തിന് പ്രവാചകനായിതീരുമെന്ന് തീര്‍ച്ചയായും ഞാന്‍ പ്രതീക്ഷിക്കുന്നു…’എന്ന സാമാന്യം ദീര്‍ഘിച്ച വാക്യത്തിലാണ്.ഇപ്രകാരം ഹദീസുകളില്‍ പ്രമാണബന്ധിതമായി വന്ന ചരിത്ര സന്ദര്‍ഭങ്ങളെയും സംഭാഷണങ്ങളെയും സാഹചര്യയോചിതം എടുത്തുദ്ധരിച്ചിരിക്കുന്നു.
തിന്മയെ നന്മ കൊണ്ട് നേരിടുക എന്ന തലവാചകത്തിനു കീഴെ അബൂജഹലിന്റെയും ഉമുജമീലിന്റെയും ക്രൂരതകള്‍ വിവരിച്ചതിനു ശേഷം ഗ്രന്ഥകാരന്‍ ,’നന്മയും തിന്മയും തുല്യമാവുകയില്ല. തിന്മയെ നന്മ കൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവന്‍ ആത്മമിത്രത്തെപ്പോലെയായിത്തീരും. ക്ഷമ പാലിക്കുന്നവര്‍ക്ക് അല്ലാതെ ഈ നിലവാരത്തില്‍ എത്താനാവില്ല ,മഹാ ഭാഗ്യവാനല്ലാതെ ഈ പദവി ലഭ്യമല്ല ‘(41: 34 ,35 )എന്ന ഖുര്‍ആനിക ആയത്തുകൊണ്ട് ആ അധ്യായം സമ്പൂര്‍ണ്ണമാക്കുന്നു.

ഖുര്‍ആനിക ആയത്തുകള്‍ക്കും നബിവചനങ്ങള്‍ ക്കുമൊപ്പം സ്വന്തമായ ആശയങ്ങള്‍ കൊണ്ടും അദ്ദേഹം ചരിത്രത്തെ വിശദീകരിക്കുന്നു. തീ തൊടാത്ത തങ്കത്തിന് തിളക്കം ഇല്ലാത്തതുപോലെ കടുത്ത പരീക്ഷണങ്ങള്‍ തരണം ചെയ്യാത്തവര്‍ക്ക് മഹത്തായ ലക്ഷ്യത്തിലെത്തിച്ചേരാന്‍ കഴിയില്ലെന്ന് പ്രവാചകന് അറിയാമായിരുന്നു. അദ്ദേഹം പറഞ്ഞു, നിങ്ങള്‍ക്കുമുമ്പ് മനുഷ്യരെ വലിയ കുഴി കുത്തി അതില്‍ കൊണ്ടുവന്നു നിര്‍ത്തിയിരുന്നു.എന്നിട്ട് ഈര്‍ച്ചവാള്‍ കൊണ്ട് തലകീഴായി രണ്ടായി പകുത്തിരുന്നു. അവരുടെ മാംസവും എല്ലുകളും ഇരുമ്പ് ചീര്‍പ്പ് ഉപയോഗിച്ചു വേര്‍പ്പെടുത്തിയിരുന്നു .എന്നിട്ട് അതൊന്നും അവരെ തങ്ങളുടെ ആദര്‍ശത്തില്‍ നിന്ന് പിന്തിരിപ്പിച്ചിരുന്നില്ല. അല്ലാഹുവാണ, ഇക്കാര്യം അല്ലാഹു പൂര്‍ത്തീകരിക്കുക തന്നെ ചെയ്യും.സന്‍ ആഅ മുതല്‍ ഹദര്‍ മൗത്ത് വരെ ഒരു യാത്രാസംഘത്തിന് അല്ലാഹുവെയും ആടിനെ വേട്ടയാടുന്ന ചെന്നായയും അല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതെ സഞ്ചരിക്കാന്‍ സാധിക്കുവോളം!പക്ഷേ നിങ്ങള്‍ ധൃതി കാണിക്കുകയാണ്.. ഇതിലൂടെ പ്രവാചകന്‍ പ്രബോധനം ചെയ്യുന്ന ആദര്‍ശം ,ശാന്തവും ഭദ്രവും സമാധാനനിരതമായ സമൂഹത്തെയും രാഷ്ട്രത്തെയും സൃഷ്ടിക്കുമെന്ന് അവിടുന്ന് അനുയായികളെ അറിയിക്കുകയായിരുന്നു .ഒപ്പം അതിനുള്ള മാര്‍ഗ്ഗം ഏറെ ദുര്‍ഘടം ആണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു .
മക്കയില്‍ അബൂത്വാലിബിന്റെ മരണത്തിനുശേഷം അഭയം നല്‍കിയ മുത്ഇമിന് ബദര്‍ യുദ്ധത്തില്‍ നബി അഭയം അനുവദിച്ചു. അദ്ദേഹം അത് നിരസിക്കുകയും യുദ്ധത്തില്‍ കൊല്ലപ്പെടുകയും ചെയ്തു . പ്രത്യുപകാരത്തിന് ആദര്‍ശ ,വിശ്വാസ ,ജാതി, മത ,സമുദായ പരിഗണന ബാധകമല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു പ്രവാചകന്‍. പ്രവാചകനു വേണ്ടി കവിത രചിക്കുകയും ആലപിക്കുകയും ചെയ്തിരുന്നു ഹസ്സാനുബ്‌നു സാബിത് മുത്ഇമിനുവേണ്ടി അനുശോചനം ചൊല്ലാന്‍ അനുവാദം ചോദിച്ചപ്പോള്‍ സമ്മതിക്കുകയും അനുശോചന കാവ്യം ആലപിക്കുകയും ചെയ്തു. വധിക്കപ്പെട്ട ശത്രുവിനു വേണ്ടി രചിക്കപ്പെട്ട ചരിത്രത്തിലെ ഏക അനുശോചന കാവ്യമായിരിക്കുമതെന്ന് അത്ഭുതം കൂറുന്നുണ്ട്, ഗ്രന്ഥകാരന്‍.

പാതിരാവില്‍ പരമരഹസ്യമായി പലായനത്തിന് പുറപ്പെടുമ്പോഴും സൂക്ഷിപ്പ് മുതല്‍ തിരിച്ചു കൊടുക്കാന്‍ ഏര്‍പ്പാടു ചെയ്യുന്നതില്‍ പ്രവാചകന്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്നതിനെക്കുറിച്ച് ഡോക്ടര്‍ ഇമാദുദ്ധീന്‍ പറയുന്ന പ്രസ്താവന ഗ്രന്ഥകാരന്‍ ഈ അധ്യായത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു ,’നിക്ഷേപങ്ങള്‍ തിരിച്ചു നല്‍കാതെ നബി പലായനം ചെയ്തിരുന്നെങ്കില്‍ അത് മക്കയിലെ പ്രതിയോഗികളില്‍ സൃഷ്ടിക്കുമായിരുന്നു പ്രതികരണം എന്തായിരിക്കുമെന്ന് ഒന്നാലോചിച്ചുനോക്കൂ .ഇളിഭ്യതയുടെ തീക്കുണ്ഡത്തില്‍ കിടന്ന് എരിയുന്ന അവര്‍ വിളിച്ചു കൂവുമായിരുന്നു ‘വിശ്വസ്തന്‍ കള്ളനായി മാറിയിരിക്കുന്നു .ഞങ്ങള്‍ മുമ്പേ പറഞ്ഞിരുന്നില്ലേ അവനു വേണ്ടത് പണമാണെന്ന്’.

അന്‍സ്വാറുകളുടെ സമാനതകളില്ലാത്ത സഹോദര്യത്തെ പ്രശംസിച്ച ഖുര്‍ആനിക ആയതിനോടൊപ്പം അനസുബ്‌നു മാലിക്കിന് നിന്ന് നിവേദനം ചെയ്യുന്ന ഹദീസും ചേര്‍ത്തുപ്പറയുന്നു:അല്ലാഹുവിന്റെ ദൂതരേ.. ഞങ്ങള്‍ ചെന്നെത്തിയ സമൂഹത്തെക്കാള്‍ നന്നായി ചിലവഴിക്കുന്നവരെ ഞങ്ങളൊരിക്കലും എവിടെയും കണ്ടിട്ടില്ല,അവരെ ജോലിയില്‍ സഹായിക്കാന്‍ പോലും ഞങ്ങളെ അനുവദിക്കുന്നില്ല,അതോടൊപ്പം വിളവില്‍ ഞങ്ങളെ പങ്കാളികളാക്കുകയും ചെയ്യുന്നു.
ഖുര്‍ആനും ഹദീസും ചരിത്രത്തോടൊപ്പം ചേര്‍ത്തു വെക്കുന്നതിലൂടെ വായനക്കാരന് സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട ദൈവിക നിര്‍ദ്ദേശങ്ങളായി മാറുന്നുണ്ട് ഇതില്‍ പരാമര്‍ശിക്കപ്പെടുന്ന ഓരോ സംഭവങ്ങളും.
‘ അന്ധന് വേണ്ടി അവതരിച്ച വിശുദ്ധ ഖുര്‍ആന്‍’ എന്ന അധ്യായത്തില്‍ ഗ്രന്ഥകാരന്‍ പറയുന്നു ഇവിടെ ഖുര്‍ആന്‍ വാദിച്ചത് കണ്ണുപൊട്ടന് വേണ്ടിയാണ് .ഗുണദോഷിച്ചത്പ്രവാചകനെയും.

അതും പ്രവാചകന്റെ നാവിലൂടെ ദൈവിക ഗ്രന്ഥത്തില്‍ . അങ്ങനെ അന്ധനായ അബ്ദുല്ല ചരിത്രത്തില്‍ അനശ്വരനായി. അദ്ദേഹത്തെപോലെ അവഗണിക്കുന്നവര്‍ക്ക് താക്കീതും ഇപ്രകാരം നാല്‍പ്പത്താറാംഅദ്ധ്യായത്തില്‍ ‘പ്രവാചക പ്രഖ്യാപനത്തിന് അല്ലാഹുവിന്റെ തിരുത്ത് ‘എന്ന തലക്കെട്ടിനു താഴെ ഹംസയുടെ ഘാതകര്‍ക്കെതിരെ പ്രതികാരം ചെയ്യുമെന്ന നബിയുടെ പ്രഖ്യാപനത്തെ അല്ലാഹു തിരുത്തുന്ന ഒരു സംഭവവും കാണാം.

ഇങ്ങനെ ചരിത്രത്തില്‍ അനശ്വരമായ ഒരുപറ്റം ജീവിതമുഹൂര്‍ത്തങ്ങളെ സാക്ഷ്യപ്പെടുത്തുകയാണ് ഈ കൃതി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ രചിച്ച ഒരു ഗ്രന്ഥകാരനില്‍ നിന്ന് ഇത്തരമൊരു ആവിഷ്‌കാരം അത്ഭുതമല്ല .ഇംഗ്ലീഷ് ,കന്നട, തമിഴ് ,ഗുജറാത്തി എന്നീ ഭാഷകളിലേക്ക് ഇദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് .ലോകാനുഗ്രഹി എന്ന ഈ കൃതി കന്നഡയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു

Facebook Comments
Show More

Related Articles

Close
Close