Middle East

ഒരു ഫലസ്ഥീന്‍ വസന്തത്തിന് സമയമായിരിക്കുന്നു

ഫെബ്രുവരി ഒന്നിന്, യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മധ്യേഷ്യന്‍ നയം പിഴുതെറിയുന്നതില്‍ ഫലസ്ഥീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് അറബ് ലീഗില്‍ വിജയിച്ചിട്ടുണ്ട്. സമ്മേളനത്തില്‍, ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ നിങ്ങള്‍ ‘ജറൂസലേമും അല്‍അഖ്സ മസ്ജിദും ഇസ്രയേലിന് വിറ്റവര്‍’ എന്നായിരിക്കും പിന്നീട് ചരിത്രത്തില്‍ അറിയപ്പെടുകയെന്ന് അദ്ദേഹം അറബ് നേതാക്കള്‍ക്ക് താക്കീത് കൊടുക്കുകയും ചെയ്തു.
ഇസ്രയേല്‍ ജറൂസലേം കീഴടക്കുന്നത് ഒരിക്കലും കാണാനാകാത്തതിനാലും ഫലസ്ഥീനികളുടെ അവകാശങ്ങളെക്കുറിച്ച് അറബ് സ്വേച്ഛാധിപതികള്‍ ഒരിക്കലും ശ്രദ്ധാലുക്കളാകുകയില്ലെന്ന് പൂര്‍ണ്ണ ബോധ്യമുള്ളതുകൊണ്ടും തന്നെയാണ് അന്തരിച്ച ഫലസ്ഥീന്‍ നേതാവ് യാസര്‍ അറഫാത്ത് കേമ്പ് ഡേവിഡ് ഉച്ചക്കോടി(CAMP DAVID SUMMIT-2000) യില്‍ യു.എസിന്‍റെയും ഇസ്രയേലിന്‍റെയും ഉത്തരവ് ശക്തമായി എതിര്‍ത്തത്.
എന്നാലവരുടെ തന്ത്രപരമായ നീക്കം വിജയിച്ചു.

ജറൂസലേം മുഴുവന്‍ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിക്കാനുള്ള യു.എസിന്‍റെ വ്യഗ്രത ട്രംപിന്‍റെ മുഴുവന്‍ ലക്ഷ്യങ്ങള്‍ക്കും തിരച്ചടിയായി മാറുക മാത്രമല്ല ഉണ്ടായത്. ട്രംപിന്‍റെ മണ്ടന്‍ തീരുമാനം ‘നൂറ്റാണ്ടിന്‍റെ കരാറെന്ന്’ പരിഹസിക്കപ്പെടുകയും ചെയ്തു.
അതിനെല്ലാം പുറമെ, ഇസ്രയേലും യു.എസുമായുള്ള എല്ലാ ബന്ധവും അബ്ബാസ് വിച്ഛേദിച്ചു. ഇസ്രയേല്‍ ഞങ്ങളുടെ മേശപ്പുറത്താണെങ്കില്‍ അമേരിക്കയും ഞങ്ങളുടെ മേശപ്പുറത്ത് തന്നെയാണെന്ന് ഒരു ഫലസ്ഥീന്‍ ഉദ്യോഗസ്ഥന്‍ താക്കീതോടെ പ്രസ്താവിക്കുകയും ചെയ്തു.
അബ്ബാസ് താമസിയാതെത്തന്നെ അനുനയത്തിന് വരുമെന്ന് കരുതിയ അമേരിക്കയെ ഇത് ഞെട്ടിച്ചേക്കാം. എന്നാല്‍ അവരുടെ പങ്കാളികളായ ഇസ്രയേലിനെ അതൊരിക്കലും പരിഭ്രാന്തരാക്കുകയില്ല.

Also read: ഹൈക്കു കവിതകളിലൂടെ പ്രപഞ്ചത്തെ പ്രതിഫലിപ്പിച്ച് ‘റിട്ടന്‍’

അമേരിക്കയുടെ അജ്ഞതയും ഇസ്രയേലിന്‍റെ അഹങ്കാരവും
ട്രംപിന്‍റെ ജാമാതാവും രാഷ്ട്രീയ ഉപദേശകനുമായ ജാര്‍ഡ് കുഷ്നറിന്‍റെ അജ്ഞതയാണോ അതോ ട്രംപിന്‍റെ വിശ്വസ്തനായ ഉപദേഷ്ടാവായ ഇസ്രയേല്‍ പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ ധാര്‍ഷ്ട്യമാണോ മിഡ്ല്‍ ഈസ്റ്റ് നയത്തിന് ട്രംപിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാക്കല്‍ പ്രയാസമാണ്. എന്നാല്‍ ഇതു രണ്ടുമാണെന്ന് പറയാം. കാരണം, വിജയകരമായ കൗശലത്വത്തിന് അതു രണ്ടും അനിവാര്യമാണെന്നത് പരമാര്‍ത്ഥമാണ്.
നെതന്യാഹുവിന്‍റെ തീവ്രമായ ചിന്ത അടിസ്ഥാനമാക്കിയാണ് ഇത്തരം ഹീന പദ്ധതികളെല്ലാം തയ്യാറാക്കുന്നതെന്ന് ലജ്ജാവഹമാണ്. വൈറ്റ് ഹൗസ് ചടങ്ങില്‍ നെതന്യാഹുവിനെ തൊട്ടുരുമ്മി നിന്ന് ട്രംപ് അത് പ്രഖ്യാപിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അതാരുടെ കാഴ്ചപ്പാടായിരിക്കുമെന്നതില്‍ ആര്‍ക്കും സംശയം തോന്നില്ല. ട്രംപിന്‍റെ വായന കണ്ടപ്പോള്‍ അദ്ദേഹമത് ആദ്യമായി കാണുകയാണെന്ന് തോന്നിയിരുന്നു. നെതന്യാഹുവിന്‍റെ അജണ്ടാ സൂചനകളും കാപട്യത്തിന്‍റെ മറ നീക്കിക്കളയുന്ന ക്ലീഷെകളും തത്തയെപ്പോലെ പാടുകയെന്നുള്ളതായിരുന്നു പിന്നീട് ട്രംപിന്‍റെ ജാമാതാവിന് ചെയ്യാനുണ്ടായിരുന്നത്.
സത്യത്തില്‍ കുഷ്നര്‍ക്കിടയിലും നെതന്യാഹുവിന്‍റെ മുന്‍ വക്താവായ മാര്‍ക്ക് റെഗേവിനിടയിലും ശൈലിയിലും പെരുമാറ്റത്തിലും ഭയാനകമായ ചില സാദൃശ്യമുണ്ട്. രണ്ട് പേരും അവരുടെ സൂത്രവാക്യങ്ങളെടുക്കുന്നത് ഫ്രാങ്ക് ലണ്‍സിന്‍റെ ഗ്ലോബല്‍ ലാംഗേജ് ഡിക്ഷ്ണറിയില്‍ നിന്നാണ്. പുറത്തിറങ്ങി ഒരു പതിറ്റാണ്ടിനകം തന്നെ ഇത് ഇസ്രയേലിന്‍റെ കുപ്രചരണ കളിപുസ്തകമായി മാറിയിട്ടുണ്ട്.

Also read: വിദ്യാര്‍ഥികള്‍ക്ക് സമഗ്രമായൊരു പഠന സഹായി

നെതന്യാഹുവന്‍റെ മേല്‍നേട്ടത്തില്‍ പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതി(പ്രത്യേകിച്ചും ഫലസ്ഥീനിലെ പുതിയ ഇസ്രയേല്‍ കയ്യേറ്റത്തെ നിയമവല്‍ക്കരിക്കുന്നത്) ഒരിക്കലും ഫലസ്ഥീനികള്‍ക്കിടയിലും ഇസ്രേയേലികള്‍ക്കിടയിലും സമാധാനം കൊണ്ടുവരാനല്ല. മറിച്ച്, വിജയത്തിന്‍റെ നാലാം ഘട്ടം സുനിശ്ചിതമാക്കാന്‍ വേണ്ടിയാണ്.
ഈ പദ്ധതി ഫലസ്ഥീനികള്‍ക്ക് നല്ലൊരു തുടക്കമല്ലെന്ന് കുഷ്നറെക്കാളും നെതന്യാഹുവിന് നന്നായി അറിയാം. ഇതിനകം തന്‍റെ പല ആശയങ്ങളും പ്രാവര്‍ത്തികവല്‍ക്കരിച്ചും അതിനുള്ള ഫിലസ്ഥീനികളുടെ പ്രതികരണം കണ്ടറിഞ്ഞവനുമാണ് നെതന്യാഹു. ഫലസ്ഥീനികളുടെ പ്രതികരണവും പ്രതിഷേധവും മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെയാണ് നെതന്യാഹു ഇത്തരം ഒരു പദ്ധതി തയ്യാറാക്കുന്നതും ആദ്യമായി തന്നെ അതിനെ പിന്തുണക്കുന്നതും. ഇനിയെന്തെന്ന ചോദ്യമാണ് ഇതെല്ലാം മുന്നോട്ട് വെക്കുന്നത്. നെതന്യാഹു കയ്യേറ്റം അനുസ്യൂതം തുടര്‍ന്നുകൊണ്ടിരിക്കെ ഫലസ്ഥീനികള്‍ക്കിനി എന്ത് ചെയ്യാനാകും?

ഗെയിം ചെയ്ഞ്ചര്‍
സായുധ പോരാട്ടത്തെ എതിര്‍ത്ത മിതവാദിയായ അബ്ബാസുമായുള്ള ഉടമ്പടി നെതന്യാഹു നിരസിച്ചു. കൃത്യമായ നയതന്ത്രത്തിന് തയ്യാറായും ചരിത്രപരമായ ഫലസ്ഥീനിന്‍റെ അഞ്ചിലൊരു ഭാഗമെങ്കിലും സൈനിക വിന്യാസത്തില്‍ നിന്ന് മുക്തമാക്കണമെന്ന നയം മുന്നോട്ട് വെച്ചും നെതന്യാഹുവിന്‍റെ കുടിയേറ്റത്തെ ശക്തമായി എതിര്‍ത്തും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പുതിയൊരു സമരതന്ത്രം അബ്ബാസ് മുന്നോട്ട് വെച്ചതാണ് നെതന്യാഹുവിനെ പ്രകോപിപ്പിച്ചത്. അതിനാല്‍ ഫലസ്ഥീനികളുടെ മേല്‍ ഉപയോഗിക്കുന്ന തന്ത്രം തന്നെയാണ് അബ്ബാസിനെതിരെയും അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം കഴിഞ്ഞ് സ്വതന്ത്ര്യമെന്ന ഫലസ്ഥീനിന്‍റെ ഭാവി സ്വപ്നവും നിലവിലുള്ള ഫലസ്ഥീന്‍ നേതൃത്വവും ഒരുപോലെ ഇല്ലാതായിത്തീരാനാണ് നെതന്യാഹു ആഗ്രഹിക്കുന്നത്.
വ്യക്തമായി പറഞ്ഞാല്‍, നെതന്യാഹുവിനെതിരെയുള്ള ധാര്‍മ്മിക വാദം വിജയിച്ചാല്‍ മാത്രം മതി ഇസ്രയേലിന്‍റെ തന്ത്രപരമായ കണക്കുകൂട്ടലുകളെയെല്ലാം തകിടം മറിക്കാമെന്നാണ് ഇത്രകാലമായി തന്‍റെ നിഷ്കളങ്കത തെളിയിച്ച അബ്ബാസ് നിരീക്ഷിക്കുന്നത്. പക്ഷെ, നയതന്ത്രത്തിന്‍റെ സുപ്രധാന തത്ത്വമാണ് അതിലൂടെ അബ്ബാസ് നഷ്ടപ്പെടുത്തിക്കളയുന്നത്. കാരണമത് അധികാര സന്തുലിതാവസ്ഥയുടെ പ്രതിഫലനമാണ്. വിനാശകരമായ ഓസ്ലോ കരാറില്‍ നിന്ന് സ്വതന്ത്രമായിരുന്ന തങ്ങളുടെ രാജ്യത്തെ വേര്‍പ്പെടുത്തിയെടുക്കാന്‍ ഫലസ്ഥീനികള്‍ പരാജയപ്പെട്ടതാണ് അവരുടെ മേല്‍ ഇസ്രയേലിന് ആധിപത്യം നല്‍കിയത്.
യു.എസ്, യു.എന്‍, ഇ.യു, റഷ്യ തുടങ്ങിയ അന്താരാഷ്ട്ര ചതുര്‍ സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ അബ്ബാസ് വിളിച്ചു ചേര്‍ത്ത അന്താരാഷ്ട്ര കോണ്‍ഫറന്‍സിലും ഇതുതന്നെയാണ് സംഭവിച്ചത്. അത്തരമൊരു സമ്മേളനത്തില്‍ യു.എസ് നേടിയെടുത്ത മേധാവിത്വം മാത്രം മതി ഇസ്രയേലിന് ഇതൊരിക്കലും ദോഷകരമായി ബാധിക്കില്ലെന്ന് ഉറപ്പുവരുത്താന്‍. ഇസ്രയേല്‍ ഫലസ്ഥീന്‍ ഭൂമികയില്‍ കാര്യമായൊരു മാറ്റം വരാതെ ഒരിക്കലും നയതന്ത്രത്തിനവിടെ കാര്യമായയൊരു നേട്ടമുണ്ടാക്കാന്‍ സാധിക്കില്ല.
എന്നാല്‍, ശക്തരായവരെ അഭിനന്ദിക്കുകയും ദുര്‍ബലരായവരെ വെറുപ്പോടെ നേക്കിക്കാണുകയും ചെയ്യുന്ന ട്രംപ് പോലും സ്ഥിതിഗതികള്‍ മാറുകയാണെങ്കില്‍ സാങ്കേതികമായിട്ടാണെങ്കില്‍ പോലും യു.എസ് നിലപാടില്‍ മാറ്റം വരുത്താന്‍ താല്‍പര്യപ്പെട്ടേക്കാം.

Also read: അറബ് ലോകത്തെ സ്വേച്ഛാധിപതികളും മതവും

ഒരു ഫലസ്ഥീന്‍ വസന്തം
ഫലസ്ഥീനികളുടെ കഴിവും ഊര്‍ജ്ജവും സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള ശക്തമായ അഭിവാജ്ഞയുമാണ് മാറ്റങ്ങളുടെ അടിസ്ഥാന ഘടകം. കൃത്യമായ ദേശീയ അജണ്ടക്കു കീഴിലുള്ള ഐക്യവും ദേശീയ അനുരഞ്ജനവും അതിന് അത്യവാശ്യമാണ്. ഇതനെല്ലാം പുറമെ, ഫലസ്ഥീന്‍ അധിനിവേശ പ്രദേശങ്ങളില്‍ യു.എസ്, ഇസ്രയേല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി അവിടത്തെ പൗരൻമാരുടെ മേല്‍ ശക്തമായി പിടിമുറുക്കിയിരിക്കുന്ന ‘പോലീസ് സ്റ്റേറ്റിനെയും’ തുടച്ചുനീക്കല്‍ അനിവാര്യമാണ്. ഇസ്രയേലുമായുള്ള എല്ലാ സുരക്ഷാ ഏകോപനവും വിച്ഛേദിക്കപ്പെടുമെന്നും ഇസ്രയേലിനെ ‘സമാധാന പങ്കാളി’ എന്ന് വിളിക്കുന്നതിന് പകരം ‘അധിനിവേശ ശക്തിയായി’ മാത്രമേ കണക്കാക്കാനാകൂ എന്നും അബ്ബാസ് പ്രഖ്യാപിച്ചത് സ്വതന്ത്ര്യ അജണ്ടക്ക് കൂടുതല്‍ ജനപിന്തുണ നേടിക്കൊടുക്കുന്നതിനുള്ള സുപ്രധാന ഘടകമായി മാറിയിട്ടുണ്ട്. അബ്ബാസ് ഈയൊരു മാര്‍ഗത്തിലൂടെത്തന്നെ മുന്നോട്ട് ഗമിക്കുകയാണെങ്കില്‍ ഗെയിം ചെയ്ഞ്ചില്‍ അത് വിപ്ലവകരമായ മാറ്റമായിരിക്കും ഉണ്ടാക്കുക. വരും വര്‍ഷങ്ങളില്‍ വന്‍ സംഘര്‍ഷത്തിലേക്കത് വഴിമാറും.

അദ്ദേഹത്തോട് യോജിച്ചാലും വിയോജിച്ചാലും, സമാധാനത്തിനായി ചുവട് വെച്ചതിനും പരസ്പര സഹവര്‍ത്തിത്വത്തെ പ്രോത്സാഹിപ്പിക്കാന്‍ അറബ് ലീഗിന്‍റെ ഇട്ടാവട്ടത്ത് നിന്നും മാറി യു.എന്നിലേക്ക് ലോക ശ്രദ്ധ ക്ഷണിച്ചതിനും എണ്‍പത് തികഞ്ഞ അബ്ബാസ് പ്രശംസിക്കപ്പെടും. പക്ഷെ, അദ്ദേഹം ഇതൊരിക്കലും ഇവിടം കൊണ്ട് അവസാനിപ്പിക്കരുത്. സ്വദേശത്തും വിദേശത്തുമുള്ള ജനങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനും കഴിയുന്ന ആര്‍ജ്ജവമുള്ള യുവ ഫലസ്ഥീന്‍ നേതൃത്ത്വത്തിലേക്ക് അധികാരത്തിന്‍റെ സുഗമമായ കൈമാറ്റം അദ്ദേഹം ഉറപ്പാക്കണം. 70 വര്‍ഷത്തിലധികമായുള്ള നാടുകടത്തലും 53 വര്‍ഷത്തെ അധിനിവേശവും ഒരു ദശലക്ഷം പേരുടെ ജയില്‍വാസവുമെല്ലാം ഉണ്ടായിട്ടും ഫലസ്ഥീനികള്‍ അവരുടെ ദൃഢനിശ്ചയം തുടരുകയാണ്. ഇരുമ്പ് പോലെ അവരെ വളക്കാമെങ്കിലും ഒരിക്കലുമവരെ തകര്‍ത്തുകളയാനാകില്ല. ഇസ്രയേല്‍ ജനസംഖ്യയുടെ 20 ശതമാനത്തോളം ഫലസ്ഥീനികളാണ്(അതിവിദൂരമല്ലാത്ത ഭാവിയില്‍ തന്നെയത് 25 ശതമാനമായി ഉയരും). ‘ജൂത രാഷ്ട്ര’മെന്ന സ്വപ്നം അതിവേഗം ദ്വിരാഷ്ട്രമായി മാറുകയാണ്. ജോര്‍ദാന്‍ നദിക്കും മെഡിറ്ററേനിയന്‍ കടലിനുമിടയില്‍ താമസിക്കുന്ന ജൂതൻമാരെപ്പോലെത്തന്നെയാണ് ഫലസ്ഥീനികളും. ഏതാണ്ട് കിലോമീറ്ററോളം ദൂരവും ഫലസ്ഥീനികളെയും ജൂതൻമാരെയും പരസ്പരം വേര്‍തിരക്കാവുന്ന രീതിയാണുള്ളത്. അഥവാ, ഫലസ്ഥീന്‍ഇസ്രയേല്‍ ഒരു ദ്വിരാഷ്ട്ര യാഥാര്‍ത്ഥ്യമാണ്. ഇസ്രയേല്‍ പുതിയ പ്രദേശങ്ങള്‍ പിടിച്ചെടുക്കുന്നത് ഈ വസ്തുതയെ ശക്തിപ്പെടുത്തുന്നുണ്ട്.

Also read: കൗമാരക്കാര്‍ക്ക് സംഭവിക്കുന്ന പാളിച്ചകള്‍

ഈ സാഹചര്യത്തില്‍, സമ്പന്ന നഗരങ്ങളും ചേരിപ്രദേശങ്ങളും തമ്മില്‍ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന അടുത്ത അയല്‍പക്ക ബന്ധത്തെ ഒരു ആണവായുധത്തിനും വ്യോമസേന ശക്തികള്‍ക്കും മതിലുകള്‍ക്കും നിര്‍വ്വചിക്കാനാകില്ല. ഫിലസ്ഥീനെതിരെ ഇസ്രയേല്‍ ക്രൂരമായ മര്‍ദ്ദനങ്ങളും ബലപ്രയോഗങ്ങളും തുടര്‍ന്നേക്കാം. എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടുകളിലെ എല്ലാ കൊളോണിയല്‍ ശക്തികളെയും പോലെ നിശ്ചയദാര്‍ഢ്യമുള്ള ഈ തദ്ദേശീയ ജനതയെയും അക്രമത്തിലൂടെ കീഴ്പ്പെടുത്താനാകില്ല. അധിനിവേശത്തെ മറികടന്നുള്ള സ്വതന്ത്ര്യത്തിനും മതഭ്രാന്തിനെ തകര്‍ത്തുകളയുന്ന ജനാധിപത്യത്തിനും വംശീയതയെ പിഴുതെറിയുന്ന നീതിക്കും വേണ്ടി ദാവൂദുമാരെല്ലാം ഗോലിയാത്തുകളെ നേരിടേണ്ട സമയമാണിത്. മുപ്പത് വര്‍ഷത്തിനു ശേഷം ദക്ഷിണാഫ്രിക്കയില്‍ നിന്ന് വര്‍ണ്ണവിവേചനവും വംശീയതയും ഉൻമൂലനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഫിലസ്ഥീനില്‍ നിന്നും അവ പരിപൂര്‍ണ്ണമായി ഉൻമൂലനം ചെയ്യപ്പെടേണ്ട സമയമാണിത്. ഇതൊരു ഫലസ്ഥീന്‍ വസന്തത്തിനുള്ള സമയമാണ്.

വിവ. മുഹമ്മദ് അഹ്സൻ പുല്ലൂർ

Facebook Comments
Related Articles

മര്‍വാന്‍ ബിശാറ

അല്‍-ജസീറയുടെ മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകനാണ് മര്‍വാന്‍ ബിശാറ

Close
Close