Current Date

Search
Close this search box.
Search
Close this search box.

പൗരത്വ സങ്കല്‍പ്പത്തിന്റെ ചരിത്രവും വികാസവും

പൊളിറ്റിക്കൽ ഫിലോസഫിയുടെ ചരിത്രവും വികാസവും പരിശോധിക്കുന്ന ഒരു വ്യക്തിക്ക് പൗരത്വമെന്ന ആശയത്തിൻറെ വളർച്ചയും വികാസവും മനസ്സിലാക്കാൻ സാധിക്കും. ഗ്രീക്ക് കാലഘട്ടത്തിൽ ഉപയോഗിച്ച അർത്ഥമല്ല മധ്യകാലഘട്ടത്തിലെത്തുമ്പോൾ അതിനുള്ളത്. അത് പോലെ തന്നെ ഫ്രഞ്ച് വിപ്ലവത്തിന് ശേഷം യൂറോപ്പ് മനസ്സിലാക്കിയതും വേറൊരു തരത്തിലാണ്. അതാകട്ടെ ആധുനിക കാലഘട്ടത്തിലെ പൗരത്വം എന്ന ആശയത്തിൽ നിന്നും ഭിന്നവുമാണ്. പൗരത്വം – എല്ലാ ചരിത്ര കാലഘട്ടത്തിലും – ആ കാലഘട്ടത്തിലെ സാംസ്കാരികവും ധാർമ്മികവുമായ ഘടനയുടെ ഒരു പ്രകടനമായിരുന്നു, തുടർന്ന് പൗരത്വം അതിന്റെ കാലഘട്ടത്തിൽ ധാർമ്മികവും രാഷ്ട്രീയവുമായ ആശയങ്ങൾ എത്രത്തോളം കൈവരിക്കപ്പെട്ടു എന്നതിന്റെ സൂചകമാണ്.

“സ്വതന്ത്രനായ ഗ്രീക്കുകാരൻ” അതാണ് പൗരത്വത്തിന് ഗ്രീക്കുകാരുടെ അടുക്കൽ ഉള്ള നിർവചനം. ദേശ രാഷ്ട്ര കാലഘട്ടത്തിലെ പൗരൻ രാഷ്ട്രം രൂപീകരിക്കപ്പെട്ട സമൂഹത്തിലെ സന്തതിയാണെങ്കിൽ , മുൻകാലങ്ങളിൽ, പൗരത്വം എല്ലായ്പ്പോഴും പൊതുവായ ധാർമ്മികവും രാഷ്ട്രീയവുമായ തത്വങ്ങളെയും മൂല്യങ്ങളെയുമായിരുന്നില്ല സൂചിപ്പിച്ചിരുന്നത്, മറിച്ച് ചിലർക്ക് കൈവശമുണ്ടായിരുന്നതും മറ്റുള്ളവർക്ക് നിഷേധിക്കപ്പെട്ടതുമായ ഒരു പ്രത്യേക പദവിയായിട്ടായിരുന്നു അത് നിലനിന്നത്. അതായത് : പൗരത്വം എന്നത് അസമത്വത്തിന്റെ ഒരു അവസ്ഥയായിട്ടായിരുന്നു അന്ന് നില നിന്നത്. പൗരത്വം എന്ന ആശയം ആറ് ഘട്ടങ്ങളിലൂടെ കടന്ന് പോയതായി ഹംദി മഹ്റാൻ നിരീക്ഷിക്കുന്നുണ്ട്.

1. നഗര രാഷ്ട്രത്തിലെ പൗരത്വം.

റോമാ – ഗ്രീക്ക് കാലഘട്ടത്തിൽ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന ഒരാശയമാണത്, പൗരത്വത്തിൻറെ അടിസ്ഥാനത്തിൽ പൗരന്മാർക്കിടയിലുള്ള രാഷ്ട്രീയ പങ്കാളിത്തതിൻറെയും സമത്വത്തിൻറെയും മൂല്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരികരിക്കുന്നുവെന്നതാണ് ഇതിൻറെ പ്രത്യേകത. എന്നാൽ മറ്റൊരു തലത്തിൽ നോക്കുമ്പോൾ ഇതിനെ പൂർണ്ണാർത്ഥത്തിൽ ഉള്ള പൗരത്വം എന്ന് പറയാൻ കഴിയില്ല, കാരണം സ്വതന്ത്രരായ പുരുഷന്മാർ മാത്രമാണ് ഈ ഇനത്തിൽ ഉൾപ്പെട്ടിരുന്നത്. അടിമകളും സ്ത്രീകളും കുട്ടികളും അത് പോലെ നഗരത്തിൻറെ പുറത്ത് നിന്നുള്ളവരും ഈ വൃത്തത്തിൽ നിന്ന് പുറത്തായിരുന്നു. വളരെ കുറഞ്ഞ ആളുകൾ മാത്രമേ പൗരൻ എന്ന വിശേഷണത്തിന് അർഹരായിരുന്നുള്ളു. എന്നാൽ, പ്രാചീന ഗ്രീക്ക് പൗരത്വ സങ്കൽപം, പൗരന്മാരുടെ പങ്കാളിത്തം, ഉത്തരവാദിത്തം എന്നീ ആശയങ്ങളിൽ കണിശത പുലർത്തുകയും പൗരന്മാരുടെ താൽപര്യങ്ങൾക്ക് വേണ്ടി നിലനിൽക്കുന്ന സ്ഥാപനങ്ങൾ മുഖേന അവരുടെ നേർക്കുനേരെയുള്ള ഭരണ പങ്കാളിത്തത്തിന് പ്രാധാന്യം കൽപ്പിക്കുകയും ചെയ്തിരുന്നതിനാൽ, പല ദാർശനികന്മാരുടെയും പൗരത്വ മൂല്യ  വീക്ഷണം പിന്നീട് പ്രാചീന ഗീക്ക് പൗരത്വ സങ്കൽപ്പത്താൽ സ്വാധീനിക്കപ്പെടുകയുണ്ടായി.

Also read: പടിഞ്ഞാറ് പ്രവാചകനെ ഇങ്ങനെയാണ് വായിക്കുന്നത്

2. വിശ്വാസാധിഷ്ഠിതമായ പൗരത്വം.

ഇസ്ലാമിൻറെയും ക്രൈസ്തവതയുടെയും ഇടയിൽ മധ്യകാലഘട്ടത്തിൽ ഉണ്ടായിരുന്ന ഒന്നാണിത്, “രാഷ്ട്രത്തിൻറെ ഔദ്യോഗിക മതത്തിൽ വളർന്നു വന്ന വ്യക്തി ” അതാണിതിൻറെ നിർവചനം. ദേശത്തിൻറെ അതിർത്തിക്ക് അകത്ത് മാത്രം പരിമിതമായ ഒന്നായിരുന്നില്ല ഇത്. മറിച്ച് ആഗോള തലത്തിലുള്ള ഒരു വിശേഷണമായിരുന്നു ഇതിനെ പരിഗണിച്ചിരുന്നത് ,ഈയൊരു വിശ്വാസമുള്ള, ലോകത്ത് എവിടെയും താമസിക്കുന്ന ഏതൊരു വ്യക്തിയെയും ഉൾക്കൊള്ളുന്നതായിരുന്നു ഇത്തരത്തിലുള്ള പൗരത്വം. ഈ ആശയം, അതിന്റെ ഇസ്ലാമിക രൂപത്തിൽ സ്ത്രീക്ക് സുപ്രധാനമായ അവകാശങ്ങൾ നൽകി. എന്നാൽ ഭൂമിയിൽ ഈ അവകാശങ്ങളുടെ പ്രയോഗവൽക്കരണം (കർമ്മാവിഷ്കാരം) അതേ നിലവാരത്തിലായിരുന്നില്ല. അതിനാൽ ഇസ്ലാമിക ചരിത്രത്തിന്റെ അധിക ഘട്ടങ്ങളിലും സ്ത്രീ ഫലത്തിൽ രാഷ്ടീയ പ്രക്രിയയിൽ നിന്ന് അകലെ സ്ഥിതി ചെയ്തു. എന്നാൽ ഇതിൻറെ ക്രൈസ്തവതയുടെ രൂപമാകട്ടെ സ്ത്രീക്ക് ചർച്ചിന് അകത്തോ പുറത്തോ യാതൊരു അവകാശവും നൽകിയില്ല, അടിമകൾക്ക് ഭൗതിക പിന്തുണ നൽകാതെ കേവലം മാനസിക പിന്തുണ മാത്രം നൽകി, അടിമത്വം ദൈവികമായ വിശേഷണമായി സ്വീകരിക്കണം എന്ന് കൂടി അവരോട്  ആവശ്യപ്പെടുകയുണ്ടായി അതോടെ ഈയൊരു കാലഘട്ടത്തിൽ അടിമകൾ അവരുടെ ഏറ്റവും മോശം അവസ്ഥയിൽ തന്നെ തുടരുകയും ചെയ്തു.

3. സ്വതന്ത്ര നഗരങ്ങളിലെ പൗരത്വം

മധ്യകാലഘട്ടത്തിൽ തെക്കൻ യൂറോപ്പിലെ വാണിജ്യ നഗരങ്ങളിൽ നിലനിന്നിരുന്ന ഒന്നായിരുന്നു ഇത്. ഒരു നിശ്ചിത തുക ഒടുക്കുന്നതിൻറെ ബദലായി കച്ചവടക്കാർക്ക് ലഭിക്കുന്ന ഒരു പദവിയാണിത്. പ്രഭുവിൻറെ അനുമതി ഇല്ലാതെ തന്നെ വിൽക്കാനും വാങ്ങാനും വിവാഹത്തിനും വിവാഹമോചനത്തിനും യാത്രക്കും തുടങ്ങി എല്ലാ ഇടപാടുകൾക്കും സാധ്യമാകുന്ന രീതിയാണിത്. അക്കാലഘട്ടത്തിൽ നിലവിലുണ്ടായിരുന്ന വ്യവസ്ഥയനുസരിച്ച്  പ്രഭുവിൻറെ നേരിട്ടുള്ള അനുവാദമോ മറ്റോ ഇതിനാവശ്യമില്ലായിരുന്നു. അവിടെ താമസിക്കുന്ന ആളുകൾക്ക് സാമ്പത്തികവും ബൗദ്ധികവുമായ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഇത് അവരെ പ്രഭു വ്യവസ്ഥയെയും ചർച്ചിനെയും വിമർശനാത്മകമായി സമീപിക്കുന്നതിന് പ്രാപ്തരാക്കി.

Also read: ലിബിയ സമാധാനത്തിലേക്കോ ?

4. കരാറടിസ്ഥാനത്തിലുള്ള പൗരത്വം

സാമൂഹിക കരാറിൻറെ അടിസ്ഥാനത്തിൽ നവോത്ഥാന കാലഘട്ടം മുതൽ നില നിന്നിരുന്ന ഒരാശയമാണിത്. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഈ ആശയം നാല് നൂറ്റാണ്ടുകൾക്ക് രൂപം കൊണ്ട ദേശ രാഷ്ട്രത്തിലെ പൗരത്വം എന്ന ആശയവുമായി ബന്ധമുണ്ട്. പൗരന്മാരുടെ ചിന്തകളെ ഒരു പരിമിതികളുമില്ലാതെ പിന്തുണക്കുക എന്നത് ഈ ആശയത്തിൻറെ  ക്രിയാത്മകമായ ഒരു പ്രത്യേകതയാണ്. അതിലൂടെ പൗരന്മാർ കേവലം അതിന് വിധേയപ്പെടുന്നവർ മാത്രമാവാതെ പരമാധികാരികളാവുകയും ചെയ്യുന്നു, തുടർന്ന് അഴിമതിക്കാരായ ഭരണാധികാരികളെ സ്ഥാനഭ്രഷ്ഠരാക്കാനും മറ്റുള്ളവരെ നിയമിക്കാനും ഉത്തരവാദിത്തത്തോടെ നിലനിർത്താനും കഴിയും, ഇത് സാമൂഹിക കരാറിന്റെ വ്യവസ്ഥകൾക്കനുസൃതമായാണ് സാധ്യമാവുക, ഈ ആശയം അടിമത്തത്തെയും അതിന്റെ വിവിധ ന്യായീകരണങ്ങളെയും എതിർത്തു, എന്നാൽ  സ്ത്രീകളുടെ കാര്യത്തിലിത് പുതുതായൊതൊന്നും അവതരിപ്പിച്ചില്ല. അതിനാലവർ പൗരത്വ അവകാശങ്ങളിൽ നിന്ന് വളരെ വിദൂരത്തായിരുന്നു.

5. അവകാശാടിസ്ഥാനത്തിലുള്ള പൗരത്വം

പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിലനിന്നിരുന്ന ഒരു ആശയമാണിത്, ഇത് പ്രകൃതി അവകാശങ്ങളിൽ നിന്ന് മനുഷ്യാവകാശങ്ങളിലേക്കും പിന്നീട് പൗരത്വ അവകാശങ്ങളിലേക്കും, അതിൽ നിന്ന് തൊഴിലാളികളുടെ അവകാശങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ തുടങ്ങിയ മറ്റ് തരത്തിലുള്ള അവകാശങ്ങളുടെ ആശയവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ ആശയത്തിന് പൗരാവകാശം എന്ന ചിന്ത രൂപപ്പെട്ട ഫ്രഞ്ച് വിപ്ലവത്തിൽ നിന്ന് ശക്തമായ പിന്തുണ ലഭിച്ചു. ഫ്രഞ്ച് റിപ്പബ്ലിക്കിലെ എല്ലാ വ്യക്തികൾക്കും സിവിൽ – നിയമപരമായ അവകാശങ്ങൾ പരിഗണിച്ച് കൊണ്ട് മാനുഷികവും പൗരത്വപരവുമായ അവകാശങ്ങൾ ലഭ്യമാക്കാനുള്ള പ്രഖ്യാപനമുണ്ടായി.
ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ അവരുടെ അവകാശങ്ങൾ നേടുന്നതിനായി ഈ ആശയത്തെ പിന്തുണക്കുകയും ചെയ്തു, അതുപോലെ തന്നെ അടിമത്തത്തിനെതിരായ പ്രസ്ഥാനങ്ങൾ, തൊഴിൽ അവകാശ സംരക്ഷണ പ്രസ്ഥാനങ്ങൾ തുടങ്ങിയവയൊക്കെ, ഈ ആശയത്തെ അവരുടെ നിയമാനുസൃത ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ഉപയോഗപ്പെടുത്തുകയുണ്ടായി.

6.അന്തർ ദേശീയ പൗരത്വം

പുതിയ അസ്തിത്വങ്ങളെ സ്വീകരിക്കുകയും അവക്ക് ദേശീയതയുമായുള്ള ചാർച്ചയേക്കാൾ മഹത്വം കൽപ്പിക്കുകയും ചെയ്യുന്ന, ഒരു രാജ്യം, ഒരു ജനത എന്ന രാഷ്ട്ര സങ്കൽപ്പത്തിനപ്പുറം കൂടുതൽ വിശാലമായ ഒരു വേള കൂടുതൽ ഇടുങ്ങിയ പൗരത്വ കൽപനകളെ ദ്യോദിപ്പിക്കുന്ന ആശയമാണ് അന്തർദേശീയ പൗരത്വം. ആഗോളവൽക്കരണം അതിന്റെ ആവിർഭാവം മുതൽ പൗരത്വത്തിന്റെ ഈ അന്തർദേശീയ മാതൃകയെ സ്വാധീനിച്ചിട്ടുണ്ട്. ഈ ആശയത്തെ യാഥാർത്ഥ്യമാക്കും വിധം, പുതിയ സാങ്കേതിക വിദ്യകളെ ഉപജീവിച്ച് സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ പരസ്പര ബന്ധിതവും തുറന്നതുമായ ഒരു ലോകത്തിനു വേണ്ടി ആഹ്വാനം ചെയ്തു കൊണ്ട് അന്തർദേശീയ കൂട്ടായ്മകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ വിശേഷിച്ചും. എന്നാൽ, മിക്ക സമൂഹങ്ങളും അമൂല്യമായിക്കാണുന്ന പൈതൃകങ്ങളുടെ ഇടമായ ദേശീയ രാഷ്ട്ര സങ്കൽപ്പത്തിന് വിരുദ്ധവും സാംസ്കാരിക സ്വത്വത്തത്തിന് ഭീഷണി ഉയർത്തുന്നതുമാണെന്ന ആശങ്ക നില നിൽക്കുന്നതിനാൽ ഈ ആശയത്തിന് സാമാന്യ ജനത്തിന്റെ വിശ്വാസം ആർജ്ജിക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെയായിരിക്കണം, മുമ്പോട്ടുള്ള ഗമനത്തിന് തടസ്സം നിൽക്കും വിധം, ഒരു വേള എന്നെന്നേക്കുമായി അതിനെ നിശ്ചലമാക്കും വിധം, സാംസ്കാരിക സ്വത്വം നഷ്ടപ്പെടുമെന്ന ഭയത്തിൽ നിന്നുളവാകുന്ന ശക്തമായ തിരസ്കാരം ഈ ആശയം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്.

ഇതിൻറെയൊക്കെ അടിസ്ഥാനത്തി പൗരത്വമെന്ന സങ്കൽപ്പം ചരിത്രത്തിൻറെ ഒരോ ഘട്ടത്തിലും താഴെ പറയുന്ന വ്യത്യസ്ത രൂപത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന് നമുക്ക് പറയാനാകും.

Also read: കിടപ്പാടം നഷ്ടപ്പെട്ടവരുടെ ആവലാതികള്‍

1. പൗരത്വമെന്ന സങ്കൽപ്പം അതിൻറെ നീണ്ട ചരിത്രത്തിൽ ഒന്നിലധികം രൂപങ്ങളിൽ ഉണ്ടായിട്ടുണ്ട്, അത് കടന്ന് പോയ ഒരോ ഘട്ടങ്ങളിലുമുള്ള ധാർമികവും രാഷ്ട്രീയപരവുമായ മുല്യങ്ങളും അതിനെ സ്വാധീനിച്ചിട്ടുണ്ട്, അത് ചിലപ്പോൾ ഉത്തരവാദിത്വമായി പ്രത്യക്ഷപ്പെടും മറ്റു ചിലപ്പോൾ അവകാശങ്ങളായും, അത് പോലെ ചിലപ്പോൾ അധികാരത്തിന്  കീഴ്വണങ്ങുന്നതിനെ സൂചിപ്പിക്കുന്നു മറ്റു ചിലപ്പോൾ അധികാരം കൈവശം വെക്കുന്നതിനെയും അതിനെ പ്രയോഗിക്കുന്നതിനെയും സൂചിപ്പിക്കുന്നു. അതിൻറെ അതിരുകൾ നഗര രാഷ്ട്രത്തിൻറെ വിസ്തൃതിയിൽ പരിമിതമാകുവാനോ അതല്ലെങ്കിൽ ലോകത്തെ മുഴുവൻ ഉൾക്കൊള്ളുവാനോ പ്രാപ്തമായിരുന്നു. അത് തന്നെയാണ് ഇയൊരു സങ്കൽപ്പം ചരിത്രത്തിലുടനീളം സാക്ഷാൽക്കരിച്ച വൈവിധ്യത്തെ കുറിക്കുന്നത്.

2. പൗരത്വമെന്ന സങ്കൽപ്പം അതിൻറെ ചരിത്രത്തിലുടനീളം അസ്വമത്വത്തിൻറെതും അടിമത്വത്തിറേതായിരുന്നു. ഉദാഹരണത്തിന് അടിമകളും സ്ത്രീകളും എപ്പോഴും പൗരത്വം ലഭിക്കുന്നതിൽ നിന്ന് ഒഴിവായിരുന്നു, അടിമത്വം അവസാനിച്ച ശേഷം സ്ത്രീകൾക്ക് പൗരത്വ അവകാശങ്ങൾ ലഭിച്ചു. എന്നാൽ തന്നെ രാഷ്ട്രത്തിൻറെ സന്തതികളും അവിടെ താമസിക്കുന്നവരും തമ്മിൽ ഒരു വിത്യാസം കൽപ്പിക്കപ്പെട്ടു. ഇതിന് പരിഹാരമായി എല്ലാ മനുഷ്യരെയും ലോകമെന്ന രാഷ്ട്രത്തിലെ പൗരന്മാരായി ഗണിക്കുന്ന അന്തർദേശിയ പൗരത്വമെന്ന ആശയമാണ് നല്ലത്

3.രാഷ്ട്രീയ ചിന്തയിലെ ഒരു കേന്ദ്ര ആശയമാണ് പൗരത്വം, അത് പോലെ – അതിന്റെ സ്വഭാവം അനുസരിച്ച് – ലോകത്തിലെ ഏത് രാജ്യത്തും തുല്യത, പങ്കാളിത്തം, അവകാശങ്ങൾ, കടമകൾ, ബഹുസ്വരത, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള നിരവധി സുപ്രധാന ആശയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് പൗരത്വ ചരിത്രത്തെക്കുറിച്ചുള്ള പഠനം, അതിൻറെ ആശയം വിവിധ കാലഘട്ടങ്ങളിൽ വികസിച്ചതിനെയും വ്യത്യസ്തമായതിനെയുംക്കുറിച്ചുള്ള ഒരു പഠനമായി പരിഗണിക്കുന്നത്, ഇത് പാശ്ചാത്യ രാഷ്ട്രീയ ചിന്തയിലെ അതിന്റെ നിലവിലെ രൂപത്തെ മനസിലാക്കാനും സ്വാംശീകരിക്കാനും ഗവേഷകനെ പ്രാപ്തമാക്കുന്നു.

വിവ- മുബഷിർ എ കെ