Current Date

Search
Close this search box.
Search
Close this search box.

പടിഞ്ഞാറ് പ്രവാചകനെ ഇങ്ങനെയാണ് വായിക്കുന്നത്

മുഹമ്മദ്‌ നബിയെ വ്യക്തിപരമായി വിമര്‍ശിക്കുന്ന നിലപാട് അന്നത്തെ സമൂഹം അധികം കൈകൊണ്ടില്ല. അതെ സമയം ഇന്നത്തെ മത വിമര്‍ശനത്തിന്റെ അടിസ്ഥാനം തന്നെ മുഹമ്മദ്‌ നബിയാണ്. പ്രവാചകനെ വിശ്വാസികള്‍ സ്വന്തത്തെക്കാള്‍ സ്നേഹിക്കുന്നു. അത് എതിരാളികള്‍ക്ക് മനസ്സിലായിട്ടുണ്ട്. പ്രവാചകന്‍ കൊണ്ട് വന്ന ആശയത്തെ ആശയപരമായി എതിര്‍ക്കുക എന്നതിനേക്കാള്‍ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുക എന്നതാണ് ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. യൂറോപ്പ് ആ രീതിയിലാണ് കാര്യങ്ങളെ കാണുന്നത്. പ്രവാചക നിന്ദ എന്നതു അവിടെ ഒരു സ്ഥിരം രീതിയാണ്. കേവലം പ്രകോപനം എന്നതിലപ്പുറം മറ്റൊന്നും ആരും ഇതില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. യൂറോപ്പും ഇസ്ലാമും തമ്മില്‍ ഏഴാം നൂറ്റാണ്ടു മുതല്‍ ബന്ധമുണ്ട്. പല ഭാഗത്തും ഇസ്ലാം ഭരണകൂടങ്ങളും കൂടിയായിരുന്നു. പല സമയങ്ങളിലായി മുസ്ലിംകള്‍ യൂറോപ്പിന്റെ പല ഭാഗത്ത്‌ നിന്നും പുറത്താക്കപ്പെട്ടു.

ക്രി.എട്ടാം നൂറ്റാണ്ടില്‍ അറബികള്‍ സ്പെയ്നില്‍ ആധിപത്യം സ്ഥാപിച്ചതോടെ അവിടത്തെ ജനത ഇസ്ലാമിലേക്കാകൃഷ്ടരായിക്കൊണ്ടിരുന്നു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇസ്ലാം സ്പെയിന്‍ മുഴുവന്‍ വ്യാപിച്ചു. പതിനഞ്ചാം നൂറ്റാണ്ടുവരെ ഇസ്ലാമിക വ്യവസ്ഥ യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ ഒരു ഭാഗത്ത് നിലനിന്നിരുന്നു. ഒടുവില്‍ ക്രി.1452-ല്‍ ഗ്രാനഡയുടെ പതനത്തോടെ ഇസ്ലാമിക രാഷ്ട്രീയ ശക്തിയുടെ വേരറ്റുപോവുകയും ചെയ്തു എങ്കിലും യൂറോപ്പിന്റെ മറ്റൊരു ഭാഗത്ത് മുസ്ലിംകള്‍ നിര്‍ണായകമായ മുന്നേറ്റം നടത്തുകയുണ്ടായി. ക്രി.1453-ല്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയതാണ് പ്രസ്തുത സംഭവം. .ഉഥ്മാനീ തുര്‍കികളുടെ ശക്തിക്ഷയത്തോട് കൂടി ആധുനിക യുഗത്തില്‍ ഈ രീതിയിലുള്ള വ്യാപനത്തിന് അന്ത്യം കുറിക്കപ്പെട്ടു.

Also read: കിടപ്പാടം നഷ്ടപ്പെട്ടവരുടെ ആവലാതികള്‍

പതിനഞ്ചാം നൂറ്റാണ്ടിനും ആധുനിക കാലത്തിനുമിടയില്‍ ലോകത്ത് ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. അതില്‍ എടുത്തു പറയേണ്ടത് വ്യവസായിക വിപ്ലവം തന്നെ. യൂറോപ്പ് ലോകത്തിനു മേല്‍ അധീശത്വം നേടിയ കാലം കൂടിയാണിത്. മുസ്ലിം രാജ്യങ്ങള്‍ ഈ കാലത്തിനിടയില്‍ പലപ്പോഴും യൂറോപ്യന്‍ രാജ്യങ്ങളുടെ കോളനികളായി മാറിയ ചരിത്രം കൂടിയുണ്ട്. മുസ്ലിം ജനത പടിഞ്ഞാറന്‍ വിദ്യാഭ്യാസത്തോടൊപ്പം പടിഞ്ഞാറന്‍ സംസ്കാവും കൈകൊണ്ടു. ചുരുക്കത്തില്‍ ഇസ്ലാമിനു മേല്‍ പടിഞ്ഞാറ് ആധിപത്യം നേടിയ കാലമാണ്. ഒരു രാഷ്ട്രീയ ശക്തി എന്ന നിലയില്‍ ഇസ്ലാമിനെ യൂറോപ്പ് ഭയപ്പെടുന്നില്ല. അതെ സമയം ഒരു വിശ്വാസം എന്ന രീതിയില്‍ അവരിപ്പോഴും ഇസ്ലാമിനെ ഭയക്കുന്നു. അതും കൂടി ഇല്ലാതാക്കാന്‍ നല്ല രീതിയായി അവര്‍ കാണുന്നത് പ്രവാചക നിന്ദ്യ തന്നെ.

ആധുനിക ലോകത്ത് ഒരാളെ ഇല്ലാതാക്കാന്‍ നല്ലത് ഭീകരതയും തീവ്രവാദവും ആരോപിക്കലാണ്. ഇസ്ലാമോഫോബിയ എന്ന പ്രയോഗം തന്നെ ആ രീതിയില്‍ കണ്ടെത്തിയതാണ്. ഇന്ന് യൂറോപ്പില്‍ ( തുര്‍ക്കി ഒഴികെ )മൊത്തം 44 മില്യന്‍ മുസ്ലിംകള്‍ ഉണ്ടെന്നു പറയപ്പെടുന്നു. മൊത്തം ജനസംഖ്യയുടെ ആറു ശതമാനം മാത്രം. TERRORISTS ARE ALWAYS MUSLIM BUT NEVER WHITE എന്നൊരു തിയറി തന്നെ പടിഞ്ഞാറ് നിലനില്‍ക്കുന്നു. പ്രസ്തുത ലേഖനം ആരംഭിക്കുന്നത് തന്നെ ഇങ്ങിനെയാണ് “ When you hear the word “terrorist,” who do you picture? Chances are, it is not a white person………………..currently, in the Trump administration. The first is that “terrorists are always (brown) Muslims.” The second is that “white people are never terrorists.” ഇതൊരു അവലോകന പഠനമാണ്. എങ്കിലും പടിഞ്ഞാറ് എങ്ങിനെ ചിന്തിക്കുന്നു എന്ന് കൂടി നമുക്ക് മനസ്സിലാക്കാം.

ഏതാണ്ട് എല്ലാ യൂറോപ്യന്‍ നഗരങ്ങളിലും ഇന്ന് മുസ്ലിംകള്‍ ധാരാളമായി അധിവസിക്കുന്നുണ്ടെങ്കിലും ആധുനിക സാങ്കേതിക വിദ്യയുടെ വികാസത്തോടെ അവയുടെ മാസ്മരിക സ്വാധീനത്താല്‍ സമ്പന്നമായ യൂറോപ്യന്‍ ഭരണ മണ്ഡലത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിവുളള ഒരു ശക്തിയായി ഇസ്ലാം മാറിയിട്ടില്ല. നിരവധി മുസ്ലിം ബുദ്ധിജീവകളും പണ്ഡിതന്മാരും ആഭ്യസ്തവിദ്യരും ഇസ്ലാമിനെക്കുറിച്ച് പഠിച്ച് ദിനേന ഇസ്ലാമിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. ആസ്ത്രിയന്‍ ജൂതപണ്ഡിതനും സഞ്ചാരിയും പത്രപ്രവര്‍ത്തകനുമായിരുന്ന മുഹമ്മദ് അസദ് (ലിയോ പോള്‍ഡ് വേസ്), ഫ്രഞ്ചുദാര്‍ശനികനായ റജാ ഗരോഡി, പോപ് സംഗീതജ്ഞനായിരുന്ന യൂസുഫുല്‍ ഇസ്ലാം(കാറ്റ്സ്റീവന്‍സന്‍), ജര്‍മന്‍ ചിന്തകനും എഴുത്തുകാരനുമായ മുറാദ് വില്‍ഫ്രഡ് ഹോഫ്മാന്‍ തുടങ്ങിയവര്‍ അക്കൂട്ടത്തില്‍ പ്രസ്താവ്യരാണ്.

ആധുനിക ലോകത്തെ മിക്ക പാശ്ചാത്യ സര്‍വകലാശാലകളിലും ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക ഡിപ്പാര്‍ട്ടുമെന്റുകള്‍ നിലവിലുണ്ട്. അതില്‍ ഇസ്ലാമിനെ എത്രമാത്രം സത്യസന്ധമായി കൈകാര്യം ചെയ്യുന്നു എന്നത് മറ്റൊരു പഠന വിഷയമാണ്. ഓറിയന്‍റലിസ്റ്റ് ചിന്തകള്‍ ചേര്‍ത്ത ഒരു ഇസ്ലാമിക പഠനം എന്ന പ്രയോഗവും ഒരു പരിധിവരെ സത്യമാകാം. എങ്കിലും പടിഞ്ഞാറന്‍ സമൂഹത്തില്‍ ഇസ്ലാം ഒരു സജീവതയാണ്. അത് കൊണ്ട് തന്നെ അതിനോട് ആദര്‍ശ പരമായ ഒരു സംവാദം നടത്താന്‍ അവര്‍ വിമുഖത കാണിക്കുന്നു. പകരം പ്രവാചകനെ വ്യക്തിപരമായി അപഹസിക്കുക എന്ന നിലപാടുമായി മുന്നോട്ടു പോകുകയും ചെയ്യുന്നു. ഫ്രാന്‍സില്‍ അടുത്തിടെ പ്രവാചകന്റെ കാര്‍ട്ടൂണ്‍ ക്ലാസ്സില്‍ കാണിച്ച അദ്ധ്യാപകന്‍ കൊല്ലപ്പെട്ടിരുന്നു. കൊലയാളിയായ പതിനെട്ടുകാരനെ പോലീസ് വെടിവെച്ചു കൊന്നു.

Also read: ഹിജാബ് വിരുദ്ധതയും ജെന്‍റേര്‍ഡ് ഇസ്ലാമോഫോബിയയും

തൊട്ടടുത്ത ദിവസം മുതല്‍ ഫ്രാന്‍സില്‍ പല പള്ളികളും സ്ഥാപനങ്ങളും സര്‍ക്കാര്‍ പൂട്ടിയിരുന്നു. തീവ്രവാദം തടയുക എന്നതാണ് അതിനു പറഞ്ഞ കാരണം. Islamist separatism എന്നൊരു പ്രയോഗം നടത്തിയത് ഫ്രഞ്ച് പ്രസിഡന്റ്റ് തന്നെയാണു. ഫ്രാന്‍സിലെ മുസ്ലിംകളുടെ മേല്‍ വിഘടനവാദം ഉന്നയിക്കുമ്പോള്‍ അത് മൊത്തം രാജ്യത്തിനു നല്‍കുന്ന സന്ദേശം മറ്റൊന്നാണ്. രാജ്യത്തെ നിയമത്തെക്കാള്‍ വലുതായി മുസ്ലിംകള്‍ അവരുടെ വിശ്വാസത്തെ കണക്കാക്കുന്നു എന്നതാണ് അദ്ദേഹം ഊന്നിപ്പറഞ്ഞ കാര്യം. ഫ്രാന്‍സിലെ പൊതു നിയമങ്ങള്‍ പിന്തുടരാന്‍ വ്യക്തിപരമായി മുസ്ലിംകള്‍ക്ക് അവരുടെ വിശ്വാസം തടസ്സമാകുന്നു. 2022 ല്‍ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷത്തിന്റെ വോട്ടുകള്‍ നേടുക എന്നതാണ് പ്രസിഡന്റ്റ് മക്രോണ് ലക്‌ഷ്യം വെക്കുന്നത് എന്നായിരുന്നു ഫ്രാന്‍സ് മുസ്ലിം സമുദായം നേതൃത്വം പ്രതികരിച്ചത് .

ഇപ്രാവശ്യം ആരോപണം തിരിച്ചുവെച്ചത് ഹമാസിലെക്കായിരുന്നു. പുതിയ കാലത്ത് അതിനു രാഷ്ട്രീയ പ്രാധാന്യം കൂടുതലാണ്. ഇസ്രായേല്‍ ബാന്ധവത്തിന്റെ പുതിയ അദ്ധ്യായം രചിച്ച കാലത്ത് ഹമാസ് തീര്‍ച്ചയായും കൊടുംതീവ്രവാദി പട്ടികയില്‍ വരണം. അതെ സമയം പ്രസിഡന്റ്റ് മക്രരോണ് നടത്തിയ ഇസ്ലാം വിമര്‍ശനം അല്‍ അസ്ഹര്‍ പോലുള്ള സ്ഥാപനങ്ങള്‍ അപലപിച്ചിട്ടുണ്ട്. എന്ത് കൊണ്ട് ഇസ്രയേല്‍ ബന്ധം എന്ന ചോദ്യത്തിന് ഒരു ഉത്തരം ആവശ്യമാണ്. അത് ഹമാസിന്റെ ചിലവില്‍ തന്നെ വരുമ്പോള്‍ അതിനു വില കൂടുതലാണ്. ചുരുക്കത്തില്‍ പ്രവാചകനെയും ഇസ്ലാമിക ചിഹ്നങ്ങളെയും എങ്ങിനെ മാന്യമായി ഉപയോഗപ്പെടുത്താം എന്ന് വിശ്വാസികള്‍ മനസ്സിലാക്കിയതിനെക്കാള്‍ എങ്ങിനെ മോശമായി ഉപയോഗപ്പെടുത്താം എന്ന് എതിരാളികള്‍ മനസ്സിലാക്കിയിരിക്കുന്നു.

Related Articles