Current Date

Search
Close this search box.
Search
Close this search box.

ഫലസ്ത്വീനിലെ പോരാട്ടങ്ങള്‍: പ്രവാചകന്‍ (സ) വഴി തെളിക്കുന്നു

തന്റെ ജീവിതകാലത്ത് അനവധി രാഷ്ട്രീയ പ്രതിസന്ധികളെ അഭിമുഖീകരിച്ച അല്ലാഹുവിന്റെ തിരുദൂതര്‍  അവയെ അതിജീവിക്കാന്‍ അവലംബിച്ച രീതിശാസ്ത്രങ്ങള്‍ അതിമനോഹരമായ നയനിലപാടുകളാണ്. പ്രവാചക ചര്യകള്‍ എക്കാലവും അടിസ്ഥാന സോത്രസ്സാവുന്ന മുസ്ലിം സമൂഹത്തിന് തിരുദൂതരുടെ രാഷ്ട്രീയ നിലപാടുകളും പിന്തുടരപ്പെടേണ്ട മാതൃകകളാവുന്നു. സമയവും സാഹചര്യവും അവ സൃഷ്ടിക്കുന്ന സങ്കീര്‍ണതകളും ധാര്‍മിക സമസ്യകളും പ്രവാചക കാലത്ത് നിന്ന് വ്യത്യസ്തമാകയാല്‍ സമകാലിക മുസ്ലിം സമുദായം കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതില്‍ പ്രതിസന്ധികള്‍ നേരിടാറുണ്ട്. ചുരുക്കമാണെങ്കിലും, പ്രവാചക രീതിശാസ്ത്രങ്ങള്‍ മുന്‍നിര്‍ത്തി എളുപ്പത്തില്‍ നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളും നിലവിലുള്ളതായി കാണാം. ഫലസ്ത്വീന്‍ പ്രശ്‌നം അത്തരമൊരു അപൂര്‍വ്വതയാവുന്നു.

മുസ്ലിംകള്‍ എങ്ങനെയാണ് നീതി തേടേണ്ടത് എന്ന ചോദ്യത്തെ അഭിമുഖീകരിക്കാന്‍ വ്യത്യസ്ത മാനദണ്ഡങ്ങളും ദീനി വശങ്ങളും പരിഗണിക്കേണ്ടിയിരിക്കുന്നു. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ചെറുത്തുനില്‍പ്പ്, കീഴടങ്ങല്‍, സന്ധി, ശക്തനും സേച്ഛാധിപതിയുമായ അധികാരിയോട് അനുവര്‍ത്തിക്കേണ്ട നയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രവാചകന് അന്തിമ അധികാരമുണ്ട്. പ്രവാചകനെ അനുഗമിക്കാത്ത മനുഷ്യര്‍ക്ക് പോലും അദ്ദേഹത്തിന്റെ മാതൃകയില്‍ പ്രചോദനവും സത്യവും കണ്ടെത്താന്‍ സാധിക്കും. പ്രവാചകന്‍ വഴി അല്ലാഹു അവതരിപ്പിച്ചിട്ടുള്ള അധ്യാപനങ്ങളും മൂല്യങ്ങളും സാര്‍വത്രികമാവുന്നതിനൊപ്പം എല്ലാ മനുഷ്യര്‍ക്കും പ്രാപ്യവുമാണ് (ഫിത്വ്‌റ). സ്വേച്ഛാധിപത്യത്തിന് ഒരിക്കലും കീഴൊതുങ്ങാത്ത ഇസ്ലാം അതിനെ അംഗീകരിക്കുന്നത് പോലും പ്രോത്സാഹിപ്പിക്കുന്നില്ല. എപ്പോഴും വിമോചനം  പ്രതിധ്വനിക്കുന്ന ഇസ്ലാമിന് ഫലസ്ത്വീനിനായി പോരാടാന്‍ കാരണങ്ങള്‍ ഏറെയാണ്.

ഫലസ്ത്വീനികള്‍ ജീവിക്കുന്നത്  വംശീയ – കുടിയേറ്റ – കൊളോണിയല്‍ രാഷ്ട്ര വ്യവസ്ഥയോട് മല്ലിട്ടാണ്. കഴിഞ്ഞ എഴുപതിലേറെ വര്‍ഷമായി അവര്‍ സ്വന്തം  നാടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു. തികച്ചും മനുഷത്വരഹിതമായ സാഹചര്യങ്ങളില്‍ – ബോംബുകള്‍ വര്‍ഷിക്കപ്പെടുന്ന തടവറയില്‍ – ജീവിക്കാന്‍ അവര്‍ നിര്‍ബന്ധിതരാണ്. മതസ്വത്വങ്ങളുടെ പേരില്‍ വേട്ടയാടപ്പെടുന്നതിനൊപ്പം ശക്തമായ സാമ്പത്തിക ഉപരോധവും അനുഭവിക്കുന്നു. ആ ജനതയെ സമ്പൂര്‍ണ്ണമായി തകര്‍ക്കാന്‍ കൂട്ടക്കൊലകള്‍ ഇസ്‌റായേല്‍ ഒരു നയമായി സ്വീകരിച്ചിരിക്കുന്നു. ഇസ്‌റായേലി രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ പ്രസ്തുത കൂട്ടക്കൊലകളെ ‘പുല്ലു വെട്ടുന്ന’തിനോടാണ് ഉപമിച്ചത് എന്ന് കൂടി ഓര്‍ത്തുവെക്കുക.

തങ്ങളുടെ വംശഹത്യാ സിദ്ധാന്തങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുന്ന തീവ്ര വലതുപക്ഷ കുടിയേറ്റക്കാരെ ഇസ്‌റായേല്‍ പിന്തുണക്കുന്നതിനൊപ്പം മസ്ജിദുല്‍ അഖ്‌സയിലേക്കുള്ള മുസ്ലിംകളുടെയും ഫലസ്ത്വീനികളുടെയും പ്രവേശനം തടയുകയും ചെയ്യുന്നു. സമീപ കാലത്തെ ഇസ്‌റായേലി ആക്രമണങ്ങളും ഫലസ്ത്വീനി പ്രതിരോധവുമെല്ലാം മസ്ജിദുല്‍ അഖ്‌സയുമായി ബന്ധപ്പെട്ടാണ്. സയണിസ്റ്റ് ഭരണത്തിലെ പൊതുജന ബോധ്യങ്ങളിലും വംശഹത്യ പ്രവണതകള്‍ പ്രകടമാണ്. കഴിഞ്ഞ ഇസ്‌റായേലി തെരെഞ്ഞെടുപ്പില്‍ ഉയര്‍ന്ന് കേട്ട ‘മുഴുവന്‍ അറബികള്‍ക്കും മരണം’  ‘മുഹമ്മദ് മരിച്ചു പോയിരിക്കുന്നു’ (ചത്തു എന്ന അര്‍ഥത്തിലുള്ള പ്രയോഗം) തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉദാഹരണം. ഇത്തരം സയണിസ്റ്റ് ബോധ്യങ്ങള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വ്യാപകമാവുന്ന മുസ്ലിം വിരുദ്ധ വംശഹത്യ പ്രവണതകളെ വരെ സ്വാധീനിക്കുന്നുണ്ട് എന്നത് കൂടി ചേര്‍ത്തു വായിക്കുക.

ഫലസ്ത്വീന്‍ പ്രശ്‌നം മുസ്ലിം സമൂഹവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും അതൊരു മുസ്ലിം പ്രശ്‌നമല്ല. ഇസ്‌റായേലെന്ന വംശീയ രാഷ്ട്രം ലക്ഷ്യം വെക്കുന്നവരില്‍ ഭൂരിഭാഗവും മുസ്‌ലിംകളാണെങ്കിലും ഫലസ്ത്വീനി ക്രൈസ്തവരെയും അത് വെറുതെ വിടാറില്ല. വംശീയതയില്‍ നിര്‍മിക്കപ്പെട്ട ഈ രാഷ്ട്രം വെള്ളക്കാരല്ലാത്ത ജൂതരോടും കടുത്ത വിവേചനം കല്‍പ്പിക്കാറുണ്ട്. സെമിറ്റിക് വിരുദ്ധതയും ഇസ്ലാം വിദ്വേഷവും പ്രസരിപ്പിക്കുന്ന ക്രൈസ്തവ സയണിസത്തിന്റെ സാന്നിധ്യം ഇസ്‌റായേലിന്റെ രൂപീകരണത്തിലും വളര്‍ച്ചയിലും സജീവ പങ്ക് വഹിച്ചതായി കാണാം. ഇതൊരു മുസ്ലിം-ജൂത പ്രശ്‌നമല്ലെന്ന് ചുരുക്കം. ഫലസ്ത്വീനി അവകാശങ്ങള്‍ക്കായി വാദിക്കുന്ന നിരവധി പണ്ഡിതന്‍മാരും ചരിത്രകാരന്‍മാരും ആക്ടിവിസ്റ്റുകളും ജൂത പശ്ചാത്തലമുള്ളവരാണ്.

ഒരു ഇസ്‌റായേലി ചരിത്രകാരന്‍ വംശീയ രാഷ്ട്രത്തിന്റെ ആക്രമണങ്ങളെ ‘വ്യവസ്ഥാപിത വംശഹത്യ’ യെന്ന് വിശേഷിപ്പിക്കുമ്പോള്‍ അറബ് നേതാക്കള്‍ തങ്ങളുടെ സഹോദരങ്ങളെ വ്യവസ്ഥാപിതമായി വഞ്ചിക്കുകയായിരുന്നു. സ്വന്തം രാഷ്ട്രീയ-സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വേണ്ടി അവര്‍ മസ്ജിദുല്‍ അഖ്‌സയെ പോലും വിസ്മരിച്ചു. പരിഷ്‌കൃത ലോകത്തിന് മനസിലാവുന്ന രാഷ്ട്രീയ-ദേശീയ-മനുഷ്യാവകാശ വ്യഖ്യാനങ്ങള്‍ മാത്രം ഫലസ്ത്വീന്‍ പ്രശ്‌നത്തിന് നല്‍കുന്ന സെക്യുലര്‍-കൊളോണിയല്‍ രീതികളെ കുറിച്ച് മുനീസ റിസ്വി എഴുതുന്നുണ്ട്. ഫലസ്ത്വീനി-അമേരിക്കന്‍ പണ്ഡിതനായ സ്റ്റീവന്‍ സലയ്റ്റ വിമര്‍ശനാത്മക-അപകോളണീകരണ പ്രതലത്തിലൂന്നി ഫലസ്ത്വീന്‍ ഒരു മുസ്ലിം പ്രശ്‌നമാണെന്ന് സ്ഥാപിക്കുന്നതായും കാണാം. ഈ ലേഖനം അവരുടെ ചില നിരീക്ഷണങ്ങളെയും വിയോജിപ്പുകളെയും സ്ഥിതീകരിക്കുന്നതിനൊപ്പം ഈ സമരത്തിന്റെ ഇസ്ലാമിക അര്‍ത്ഥ തലങ്ങളെക്കൂടി അന്വേഷിക്കുകയാണ്.

മുസ്ലിം സമൂഹത്തിന് ഒരിക്കലും ഫലസ്ത്വീനെ ഇസ്ലാമില്‍ നിന്ന് വേര്‍പ്പെടുത്തി മനസ്സിലാക്കാന്‍  സാധിക്കുകയില്ല.  മസ്ജിദുല്‍ അഖ്‌സയിലെയും പരിസരപ്രദേശങ്ങളിലെയും ഇസ്റയേലി അധിവേശം  തികച്ചും ഇസ്ലാമിക പ്രശ്‌നം തന്നെയാണ്. ഏതെങ്കിലും ഒരു കൊളോണിയല്‍ ശക്തി മദീന കീഴ്‌പ്പെടുത്തുകയും മദീനാവാസികളെ വധിക്കുകയും പുറത്താക്കുകയും അവിടേക്കുള്ള സന്ദര്‍ശനങ്ങള്‍ (സിയാറത്ത്) തടയുകയും ചെയ്താലുണ്ടാവുന്ന അവസ്ഥക്ക് സമാനമാണ് ഫലസ്ത്വീനും.  അത്തരമൊരു സന്ദര്‍ഭത്തില്‍ മദീനയുടെ വിമോചനം മുസ്ലിംകള്‍ക്ക്  ഏറെ പ്രധാനപ്പെട്ടതാകുന്നത് പോലെ തന്നെയാണ്  ഖുദ്‌സിന്റെ വിമോചനവും. അതിനുമപ്പുറം, സാര്‍വത്രികമായി അംഗീകരിക്കപ്പെടുന്ന ജീവിക്കാനും അഭിമാനം സംരക്ഷിക്കാനും വിശ്വാസങ്ങള്‍ക്ക് മേലുള്ള അക്രമങ്ങളില്‍ നിന്ന് സുരക്ഷിതരാവാനുമുള്ള  അവകാശങ്ങള്‍ ഫലസ്ത്വീനില്‍ നിരന്തരം ലംഘിക്കപ്പെടുന്നുണ്ട്. ഒരു മുസ്ലിമിന്റെ വിശ്വാസ സ്വാതന്ത്ര്യത്തിന്് വേണ്ടി പ്രയത്‌നിക്കല്‍ ലോകത്തെമ്പാടുമുള്ള മുസ്ലിംകളുടെ ബാധ്യതയാണ്. 

മസ്ജിദുല്‍ അഖ്‌സ നിഷേധിക്കപ്പെടുന്ന സാഹചര്യം നീറുന്ന വിഷയമാകുന്നു. അഖ്‌സയും പരിസര പ്രദേശങ്ങളും അനുഗ്രഹീതമാണെന്ന് ചുരുങ്ങിയത് ആറ് സൂക്തങ്ങളിലെങ്കിലുമായി അല്ലാഹു പ്രഖ്യാപിക്കുന്നുണ്ട്. അന്ത്യനാള്‍ സംബന്ധിച്ച അനവധി പ്രവചനങ്ങളിലും ഫലസ്ത്വീന് സ്ഥാനമുള്ളതായി കാണാം. അവസാന നാളുകളില്‍ സത്യമാര്‍ഗത്തില്‍ നിലകൊള്ളുന്നവര്‍ മസ്ജിദുല്‍ അഖ്‌സക്ക് വേണ്ടി പൊരുതുന്നവരായിരിക്കുമെന്ന് തിരുദൂതര്‍ അറിയിക്കുന്നുണ്ട്. ബൈത്തുല്‍ മഖ്ദിസും പരിസര പ്രദേശങ്ങളും സംരക്ഷിക്കുകയെന്നത് മുസ്ലിം സമുദായത്തിന് ആദരവും ബാധ്യതയുമാണ്.

മേല്‍ പരാമര്‍ശിക്കപ്പെട്ട അധ്യാപനങ്ങള്‍ ആവര്‍ത്തിക്കുന്നതിനപ്പുറം  ഫലസ്ത്വീനി പോരാട്ടങ്ങളെ മക്കക്കാര്‍ക്കെതിരെ പ്രവാചകന്‍ സ്വീകരിച്ച നയനിലപാടുകളുമായി ബന്ധപ്പെടുത്തി മനസിലാക്കാനാണ് ഈ പഠനം ശ്രമിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ വലിയൊരു ഭാഗം മക്കക്കാര്‍ക്കെതിരെയുള്ള സമരപോരാട്ടങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നു. മുസ്ലിം സമൂഹം തങ്ങളുടെ ചരിത്രത്തിലെ വിവിധ സമരങ്ങളെ മനസിലാക്കിയിട്ടുള്ളതും പ്രസ്തുത ഖുര്‍ആന്‍ സൂക്തങ്ങളെ മുന്‍നിര്‍ത്തിയാണ്. എന്നാല്‍, സമകാലിക സന്ദര്‍ഭത്തില്‍ വിശുദ്ധ ഖുര്‍ആനെയും തിരുസുന്നത്തിനെയും ദുരുപയോഗപ്പെടുത്തിയാണ് മുസ്ലിം നേതാക്കളും രാഷ്ട്രത്തലവന്‍മാരും മസ്ജിദുല്‍ അഖ്‌സയെയും ഫലസ്ത്വീനികളെയും ഒറ്റു കൊടുത്തത്. ആ വംശീയ അധികാരവ്യവസ്ഥയെ സാധാരണവത്കരിക്കാനും ചരിത്രത്തിലുടനീളം മുസ്ലിംകളെ വഞ്ചിച്ചിട്ടുള്ള പാശ്ചാത്യ നേതാക്കളെ അംഗീകരിക്കാനും ഹുദൈബിയ സഡിയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതായും കാണാം.

മക്കയിലെ പതിമൂന്ന് വര്‍ഷക്കാലം നീണ്ട പീഢനങ്ങള്‍ക്കും പുറത്താക്കലുകള്‍ക്കും ശേഷം മുസ്ലിംകള്‍ മദീനയിലേക്ക് കുടിയേറി. അടിച്ചമര്‍ത്തപ്പെട്ട ആ ജനതക്ക് അല്ലാഹു മദീനയില്‍ രാഷ്ട്രീയ കര്‍തൃത്വം നല്‍കുകയും സാമൂഹികമായി ശക്തിപ്പെടുത്തുകയും ചെയ്തു. അവിടെ വെച്ച് ആദ്യം പ്രതിരോധിക്കാന്‍ അനുവാദം നല്‍കപ്പെട്ടു, തുടര്‍ന്ന് പോരാടാനും കല്‍പ്പിക്കപ്പെട്ടു.  പ്രസ്തുത കല്‍പനകള്‍ പ്രതിപാദിക്കുന്ന സൂക്തങ്ങള്‍ പരിശോധിച്ചാല്‍ അവ ഫലസ്ത്വീനി പ്രശ്‌നത്തോട് പല തലങ്ങളില്‍ സാമ്യത പുലര്‍ത്തുന്നതായി കാണാം. സമയവും സ്ഥലവും വ്യത്യസ്തമെങ്കിലും ഇരു കൂട്ടരും അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു. ഇരു വിഭാഗവും സ്വഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ടിരിക്കുന്നു, സമ്പത്ത് അന്യാധീനപ്പെട്ടിരിക്കുന്നു, അവരുടെ നാടുകളില്‍ സ്ഥിതി ചെയ്യുന്ന പവിത്രമായ അല്ലാഹുവിന്റെ ഭവനങ്ങള്‍ അവര്‍ക്ക് വിലക്കപ്പെട്ടിരിക്കുന്നു. 

ഹിജ്‌റ രണ്ടാം വര്‍ഷം നടന്ന ബദ്ര്‍ യുദ്ധത്തിലെ പല ഘടകങ്ങളും ഫലസ്തീനി പോരാട്ടങ്ങളോട് സാമ്യത പുലര്‍ത്തുന്നുണ്ട്. ഇരു കാലങ്ങളിലെയും മുസ്ലിംകള്‍ ഭൗതികമായ സംവിധാനങ്ങളിലും ആയുധങ്ങളിലും എണ്ണത്തിലും വളരെ പിന്നിലാണ്. ബദ്‌റിലേക്ക് നയിച്ച കാര്യകാരണങ്ങളെ ഖുര്‍ആന്‍ വിശദീകരിക്കുന്നത് കാണുക: ”ആര്‍ക്കെതിരില്‍ യുദ്ധം നടത്തപ്പെടുന്നുവോ, അവര്‍ക്ക് അനുമതി നല്‍കപ്പെട്ടിരിക്കുന്നു. എന്ത് കൊണ്ടെന്നാല്‍ അവര്‍ മര്‍ദിതരാകുന്നു, അല്ലാഹു അവരെ സഹായിക്കാന്‍ തികച്ചും കഴിവുറ്റവന്‍ തന്നെ. സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ആട്ടിപ്പുറത്താക്കപ്പെട്ടവരാണവര്‍.

‘ഞങ്ങളുടെ റബ്ബ് അല്ലാഹുവാകുന്നു’ എന്നു പ്രഖ്യാപിച്ചതു മാത്രമാകുന്നു അവരുടെ കുറ്റം. അല്ലാഹു ജനങ്ങളില്‍ ഒരു വിഭാഗത്തെ മറ്റൊരു വിഭാഗത്തെക്കൊണ്ടു തടഞ്ഞുകൊണ്ടിരിക്കുന്നില്ലായിരുന്നുവെങ്കില്‍ അല്ലാഹുവിന്റെ നാമം ധാരാളമായി സ്മരിക്കപ്പെടുന്ന മഠങ്ങളും ചര്‍ച്ചുകളും പ്രാര്‍ഥനാലയങ്ങളും പള്ളികളും തകര്‍ക്കപ്പെട്ടുപോകുമായിരുന്നു, അല്ലാഹുവിനെ സഹായിക്കുന്നവരെ അവന്‍ സഹായിക്കുകതന്നെ ചെയ്യും.അല്ലാഹു അതിശക്തനും പ്രതാപിയുമല്ലോ (സൂറ: അല്‍ ഹജ്ജ് 39-40). 

യുദ്ധകല്‍പ്പനക്കൊപ്പം അതിന്റെ കൃത്യമായ കാരണങ്ങളും വിശുദ്ധ ഖുര്‍ആന്‍ നല്‍കുന്നുണ്ട്. – അടിച്ചമര്‍ത്തല്‍, സ്വഭവനങ്ങളില്‍ നിന്ന് പുറത്താക്കപ്പെടല്‍, സത്യത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ അതിക്രമങ്ങള്‍ക്ക് വിധേയരാവല്‍ തുടങ്ങിയവ. തുടര്‍ന്ന് ലോകത്തെ അതിക്രമങ്ങളെ തടയുന്നതില്‍ അല്ലാഹു സ്വീകരിക്കുന്ന നടപടിക്രമത്തെ കുറിച്ചും പറയുന്നു. അതിക്രമകാരികളെ ഒരു വിഭാഗം തടഞ്ഞു നിര്‍ത്തേണ്ടത് അനിവാര്യമാണ്. അപ്രകാരം സംഭവിക്കാത്ത പക്ഷം ലോകത്ത് അല്ലാഹുവിനെ ആരാധിക്കുന്ന കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടുകയും അരാജകത്വമുണ്ടാവുകയും ചെയ്യുമെന്ന പൊതു തത്വമടങ്ങിയ പ്രസ്തുത സൂക്തങ്ങള്‍ എല്ലാ കാലത്തും അനീതിക്കും സേച്ഛാധിപത്യത്തിനുമെതിരെ പോരാടാന്‍ കല്‍പിച്ചതിന്റെ യുക്തിയെയും പ്രതിധ്വനിപ്പിക്കുന്നു.

 

വിവ: ബാസിൽ പി.എ

അവലംബം: yaqeeninstitute.org

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles