Current Date

Search
Close this search box.
Search
Close this search box.

തുർക്കിയ ഭൂകമ്പത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ

തുർക്കിയിലെ ഭൂകമ്പബാധിത പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾ അവസാനത്തോട് അടുക്കവെ നാശനഷ്ടങ്ങളെക്കുറിച്ച ഒരു ഏകദേശ കണക്ക് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എന്തായാലും തുർക്കിയക്കാരുടെ ജീവിതത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയ ജീവിതത്തിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വളരെ ദൂരവ്യാപകമായിരിക്കും. ഇക്കഴിഞ്ഞ ഫെബ്രുവരി ആറ് പ്രഭാതത്തിൽ റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് തെക്കൻ തുർക്കിയയിലും വടക്കൻ സിറിയയിലും ഉണ്ടായത്. പത്ത് തുർക്കിയ പ്രവിശ്യകളിൽ പല തോതിൽ ഭൂകമ്പം നാശനഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ പ്രകമ്പനം ഇറാഖ്, ലബനാൻ, ജോർദാൻ, ഫലസ്തീൻ, ഈജിപ്ത് എന്നീ നാടുകളിൽ വരെ അനുഭവപ്പെടുകയുണ്ടായി. ഭൂകമ്പമാപിനിയിൽ 7.6 തീവ്രതയിൽ വീണ്ടും ഭൂകമ്പമുണ്ടായി. 3170 തുടർ കുലുക്കങ്ങളും. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി ഇത്രത്തോളമാക്കിയത്. ഇതിന് സമാനമായ ഒരു ദുരന്തം തുർക്കിയയുടെ സമീപകാല ചരിത്രത്തിലുണ്ടായിട്ടില്ല. 1999 – ലെ ഇസ്മിത്ത് ഭൂകമ്പത്തെയും കവച്ചു വെക്കുന്നതാണ് ഇതിലെ നാശനഷ്ടങ്ങൾ.

ഇതെഴുതുമ്പോൾ മരരണം നാൽപ്പത്തിമൂന്നായിരം കവിഞ്ഞിരിക്കുന്നു. പരിക്കേറ്റവർ ലക്ഷക്കണക്കിന്. അവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നര ലക്ഷം പേരെ മറ്റു പ്രവിശ്യകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. തുർക്കി പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞത് , പത്തൊമ്പതിനായിരം കെട്ടിടങ്ങൾ പറ്റെ തകർന്നു എന്നാണ്. നാൽപ്പത്തി ഏഴായിരം കെട്ടിടങ്ങൾ ഗുരുതര കേടുപാടുകൾ പറ്റിയതിനാൽ താമസയോഗ്യമല്ലാതായി. അവ ഉടൻ പൊളിച്ച് നീക്കേണ്ടിവരും.

ഉർദുഗാൻ പറഞ്ഞതനുസരിച്ച് രണ്ടര ലക്ഷത്തിലധികം ഗവൺമെന്റ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ്. അവരിൽ 35, 000 പേർ രക്ഷാപ്രവർത്തനത്തിൽ വിദഗ്ധ പരിശീലനം കിട്ടിയവരാണ്. കെട്ടിട്ടാവശിഷ്ടങ്ങൾ നീക്കുന്ന പന്ത്രണ്ടായിരം യന്ത്രങ്ങളും 121 ഹെലികോപ്റ്ററുകളും 26 കപ്പലുകളും 45 ഡ്രോണുകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. വിദേശ സഹായം ആവശ്യമാണെന്ന് സൂചിപ്പിക്കുന്ന നാലാം മുന്നറിയിപ്പ് സൈറണാണ് മുഴക്കിയിരിക്കുന്നത്. നൂറ് രാജ്യങ്ങൾ സഹായ വാഗ്ദാനവുമായി രംഗത്ത് വന്നു. 84 രാജ്യങ്ങൾ പതിനൊന്നായിരം രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ട്. വിമാനം വഴി 61 രാജ്യങ്ങളിൽ നിന്ന് സഹായമെത്തിക്കഴിഞ്ഞു. ഭൂകമ്പബാധിതമായ പത്ത് പ്രവിശ്യകളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെ ഒരാഴ്ച ദു:ഖാചരണവും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടാഴ്ച അവധിയാണ്. വിദ്യാർഥികളുടെ ഹോസ്റ്റലുകളിൽ ദുരന്ത ബാധിതർക്ക് അഭയം നൽകിയിരിക്കുകയാണ്. നൂറ്റാണ്ടിന്റെ ദുരന്തം എന്നാണ് പ്രസിഡന്റ് ഉർദുഗാൻ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നേരിട്ടോ അല്ലാതെയോ ഇരുപത് ദശലക്ഷം പേരെയാണ് ഇത് ബാധിച്ചിരിക്കുന്നത്. നമ്മുടെ കാലത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്ന് എന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ട്റസും വിശേഷിപ്പിച്ചു.

ഈ ഭൂകമ്പത്തിന് രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാവുക സ്വാഭാവികം മാത്രം. ആരാണോ ഭരിക്കുന്നത് അവർക്ക് അതിന്റെ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായും വരും. ആ ഭരണകൂടം ഏതെല്ലാം രീതിയിൽ ഇടപെട്ടാലും അതിന്റെ വില കൊടുക്കേണ്ടി വരികയും ചെയ്തേക്കാം. ഈ പ്രകൃതി ദുരന്തം കാര്യമായി രാഷ്ടീയവൽക്കരിക്കപ്പെടുമെന്ന് പറയാനുള്ള കാരണം വരുന്ന ജൂണിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്രസിഡന്റ് – പാർലമെന്റ് തെരഞ്ഞെടുപ്പുകളാണ്. ആ തെരഞ്ഞെടുപ്പുകൾ കുറച്ച് നേരത്തെ മെയ് 14 – നടത്താനും ആലോചന ഉണ്ടായിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വളരെ ആഴത്തിലുള്ള ധ്രുവീകരണമുണ്ടായി എന്നതാണ് ഭൂകമ്പത്തിന്റെ ഒന്നാമത്തെ രാഷ്ട്രീയ പ്രത്യാഘാതം; പ്രത്യേകിച്ച് മുഖ്യ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പ്ൾസ് പാർട്ടിയുമായി. സംഭവിച്ചതിന്റെയെല്ലാം പൂർണ്ണ ഉത്തരവാദിത്തം ഉർദുഗാന്ന് മാത്രമാണ് എന്നാണ് മുഖ്യപ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷൻ ആരോപിച്ചത്. ‘രാഷ്ട്രീയാതീതമായി വിഷയത്തിൽ ഇടപെടാൻ’ അദ്ദേഹം വിസമ്മതിച്ചു. ഭരണകൂടത്തെയും ഭരണ സംവിധാനങ്ങളെയും ബഹിഷ്കരിക്കുകയാണ് എന്നും പ്രഖ്യാപിച്ചു. മുൻ റിപ്പബ്ലിക്കൻ പീപ്പ്ൾസ് പാർട്ടി പ്രസിഡന്റ് ദനീസ് ബായ്ക്കലിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കവെ റിപ്പബ്ലിക്കൻ പീപ്പ്ൾസ് പാർട്ടി പ്രസിഡന്റ് കമാൽ കലീഗ്ദാർ ഒഗലുവിനോ, ഇസ്തംബൂൾ മേയർ അക്‌റം ഇമാം ഒഗലുവിനോ, ഫ്യൂച്ചർ പാർട്ടി നേതാവ് ദാവൂദ് ഒഗലുവിനോ കൈ കൊടുക്കാൻ നിൽക്കാതെ ഒഴിഞ്ഞു മാറുകയാണ് ഉർദുഗാൻ ചെയ്തത്.

ഭൂകമ്പത്തിന് മുമ്പുള്ള കാര്യമാണെങ്കിലും ശേഷമുള്ള കാര്യമാണെങ്കിലും ഭരണകൂടത്തിന് ഉത്തരവാദിത്തമേൽക്കാതിരിക്കാൻ നിവൃത്തിയില്ല. ഭൂകമ്പത്തിന് മുമ്പ് കെട്ടിടങ്ങളുടെ ഉറപ്പ് പരിശോധിക്കുകയും നിർദേശാനുസാരം തന്നെയാണ് അവ പണിതതെന്ന് തീർച്ചപ്പെടുത്തുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയായിരുന്നു. പ്രത്യേകിച്ച് 1999 – ന് മുമ്പ് പണിത കെട്ടിടങ്ങളുടെ കാര്യത്തിൽ. സമ്പദ്ഘടനക്ക് നവോന്മേഷം പകരാനായി കെട്ടിട നിർമാണക്കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന നയം സ്വീകരിച്ചിരിക്കെ അവിടെയാണ് വീഴ്ച ഉണ്ടായതെങ്കിൽ ആ ഉത്തരവാദിത്തത്തിൽ നിന്ന് ഗവൺമെന്റിന് ഒഴിഞ്ഞുമാറാനാകില്ല. ഭൂകമ്പാനന്തരം, തുർക്കിയയിലെ പ്രകൃതി ദുരന്ത നിവാരണ സംഘ (AFAD)ത്തിന് ഭൂകമ്പബാധിതമായ എല്ലാ സ്ഥലത്തും രക്ഷാപ്രവർത്തനം നടത്താൻ കഴിയില്ല എന്ന് അവർ തന്നെ പ്രഖ്യാപിച്ചിരുന്നു. അങ്ങനെയാണ് തുർക്കിയ അന്താരാഷ്ട്ര സഹായം തേടിയത്. ഭൂകമ്പത്തിന് ശേഷമുള്ള ആദ്യ രണ്ട് ദിവസം ആശയക്കുഴപ്പവും മെല്ലെപ്പോക്കും ഉണ്ടായി എന്ന് ഉർദുഗാൻ സമ്മതിച്ചിട്ടുണ്ട്. പിന്നെ ഭരണകൂടം പൂർണ്ണമായി സജ്ജമാവുകയായിരുന്നു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി തുർക്കി വൈസ് പ്രസിഡന്റ് ഫുആദ് ഒക്തായ് മണിക്കൂറുകൾക്കകം തന്നെ ഭൂകമ്പബാധിത മേഖലയിൽ എത്തിയിരുന്നു. 1999 – ലെ ഭൂകമ്പത്തിൽ ഇതായിരുന്നില്ല സ്ഥിതി. എങ്കിലും ദുരന്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും എണ്ണപ്പെരുക്കം നോക്കുമ്പോൾ ഇതൊന്നും ആശ്വസിക്കാൻ വക നൽകുന്നതല്ല.

ഒരു പാട് പേരുടെ മരണത്തിനിടയാക്കിയ തകർന്ന് വീണ കെട്ടിടങ്ങളിൽ 98 ശതമാനവും നിർമിച്ചത് 1999 – ന് മുമ്പാണെന്ന് ഉർദുഗാൻ പറയുകയുണ്ടായി. ഗവൺമെന്റ് സംരംഭമായ TOKI നിർമിച്ച കെട്ടിടങ്ങൾ ഭൂകമ്പത്തെ അതിജീവിക്കുകയും ചെയ്തു. എന്നാലും കെട്ടിടങ്ങൾ നവീകരിക്കാനുള്ള ശ്രമം ഗവൺമെന്റ് നടത്തിയില്ല എന്ന് വിമർശിക്കാം. മറ്റൊരു കാര്യം, നിർമാണ സംബന്ധമായ അധികാരങ്ങൾ മുൻസിപ്പാലിറ്റികൾക്കാണ് എന്നതാണ്. പ്രതിപക്ഷം ഭരിക്കുന്ന മുൻസിപ്പാലിറ്റികളുമുണ്ടല്ലോ. അപ്പോൾ അവയുടെ തകർച്ചയിൽ പ്രതിപക്ഷത്തിനും ഉത്തരവാദിത്തമുണ്ട്.

ഭൂകമ്പം കാരണം തെരഞ്ഞെപ്പുകൾ നീട്ടി വെക്കുമോ എന്നതാണ് മറ്റൊരു രാഷ്ട്രീയ ചർച്ച. നിയമപരമായും രാഷ്ട്രീയമായും പല വിധ സങ്കീർണ്ണതകൾ ഉള്ള വിഷയമാണ്. പ്രഖ്യാപിക്കപ്പെട്ട സമയത്ത് ഭൂകമ്പബാധിത പ്രദേശങ്ങളിൽ ബൂത്തുകളോ മറ്റു ഗവൺമെന്റ് സംവിധാനങ്ങളോ ഒന്നും ഒരുക്കാൻ കഴിയില്ല. എല്ലാം തകർന്നു കിടക്കുകയാണല്ലോ. അവിടെയൊന്നും തെരഞ്ഞെടുപ്പിന് പറ്റിയ അന്തരീക്ഷവുമല്ല. ഇതാണ് തെരഞ്ഞെടുപ്പ് നീട്ടി വെക്കേണ്ടിവരും എന്ന് പറയുന്നവരുടെ വാദം. വോട്ടർമാരൊക്കെ മറ്റു സ്ഥലങ്ങളിലേക്ക് മാറിയതിനാൽ തെരഞ്ഞെടുപ്പ് നടത്തുന്നതിന് എന്ത് തടസ്സം എന്ന് മറുപക്ഷവും ചോദിക്കുന്നു. ‘യുദ്ധം കാരണത്താൽ തെരഞ്ഞെടുപ്പ് നടത്തുക അസാധ്യമായാൽ നീട്ടി വെക്കാം’ എന്ന് ഭരണഘടനയുടെ 78-ാം വകുപ്പിൽ പറയുന്നുണ്ട്. അതിന് പാർലമെന്റിന്റെ അംഗീകാരവും വേണം. ഭൂകമ്പം കാരണം തെരഞ്ഞെടുപ്പ് നീട്ടി വെക്കാനാവില്ല എന്നർഥം. പക്ഷെ ആ ഭരണഘടനാ പരാമർശത്തിന് വേറെ വ്യാഖ്യാനവും ആകാമെന്ന് കരുതുന്നവരുണ്ട്. പരാമർശത്തിൽ ‘യുദ്ധം’ മാത്രമല്ല, ‘നടത്തുക അസാധ്യമാവുക’ എന്നുമുണ്ടല്ലോ. നാശനഷ്ടങ്ങൾ കണക്കിലെടുക്കുമ്പോൾ , ശരിക്കും ഒരു യുദ്ധ സാഹചര്യം തന്നെയാണല്ലോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. 500 അണുബോംബ് വർഷത്തിന്റെ പ്രഹരമാണല്ലോ ഈ ഭൂകമ്പം ഏൽപ്പിച്ചിരിക്കുന്നത്. പിന്നെ ഭരണഘടനാ ഭേദഗതിയാണ് മുൻപിലുള്ളത്. അതിന് വേണ്ട ഭൂരിപക്ഷം ഭരണകക്ഷിക്ക് പാർലമെന്റിൽ ഇല്ല. റിപ്പബ്ലിക്കൻ പീപ്പ്ൾസ് പാർട്ടി തെരഞ്ഞെടുപ്പ് നീട്ടി വെക്കുന്നതിന് എതിരാണ്. ഗുഡ് പാർട്ടി ദീർഘിച്ച കാലം നീട്ടി വെക്കരുത് എന്ന് പറയുന്നു. കുറച്ച് കാലം നീട്ടി വെക്കാം എന്ന പൊതു ധാരണ ഉണ്ടാകാനേ സാധ്യതയുള്ളൂ. തെരഞ്ഞെടുപ്പ് അധികം നീട്ടിയാലും കുറച്ചു നീട്ടിയാലും ഈ ഭൂകമ്പം തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയമാകുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. അത് ഭരണകക്ഷിയെ എങ്ങനെ ബാധിക്കുമെന്നും കൃത്യമായി പറയാൻ കഴിയില്ല. അത് ഭരണ കക്ഷിക്ക് എതിരാണെങ്കിൽ 20 വർഷമായി ഒറ്റക്ക് തുടർഭരണം നടത്തുന്ന അക് പാർട്ടിയുടെ സാധ്യതക്ക് അത് മങ്ങലേൽപ്പിക്കും. രക്ഷാപ്രവർത്തനവും പുനരധിവാസ നീക്കങ്ങളും ചടുലമാക്കി അവർക്ക് വോട്ടർമാരെ ഒപ്പം നിർത്താനാവുമോ എന്നതാണ് ചോദ്യം. ഏതായാലും ഈ വിഷയത്തിൽ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും നരേറ്റീവുകൾ തമ്മിലാണ് അടുത്ത തെരഞ്ഞെടുപ്പിലെ യഥാർഥ പോര്.

വിവ. അശ്റഫ് കീഴുപറമ്പ്

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles