Current Date

Search
Close this search box.
Search
Close this search box.

വലതു പക്ഷ രാഷ്ട്രീയം ഫ്രാന്‍സ് മുതല്‍ ഇന്ത്യ വരെ

കുറച്ചു കാലമായി യുറോപ്പില്‍ നിന്നും നാം ഇസ്ലാമോഫോബിയ വാര്‍ത്തകള്‍ കേട്ടിട്ട്. ന്യൂസിലന്‍ഡ്‌ പള്ളിയിലെ കൂട്ടക്കൊലക്ക് ശേഷം അത്തരം വാര്‍ത്തകള്‍ അധികം നാം കേട്ടില്ല. അടുത്തിടെ ആ കേസിന്റെ വിധിയും വന്നു. കൊലയാളിക്ക് ആ നാട്ടില്‍ ലഭിക്കാന്‍ സാധ്യതയുള്ള പരമാവധി ശിക്ഷയും കോടതിയും സര്‍ക്കാരും വാങ്ങി നല്‍കി. കൊല്ലപ്പെട്ട ആത്മാക്കള്‍ക്ക് അത് പകരമാകില്ല എന്നറിയാം. ചുരുങ്ങിയത് കുറ്റവാളിക്ക് ഭൂമിയില്‍ ആ നാടിന്റെ അവസ്ഥ അനുസരിച്ച് കിട്ടാന്‍ സാധ്യതയുള്ള ശിക്ഷ കിട്ടി എന്ന് നീതിയില്‍ വിശ്വസിക്കുന്നവര്‍ക്ക് ആശ്വസിക്കാം. യുറോപ്പില്‍ വര്‍ധിച്ചു വരുന്ന വലതു പക്ഷ രാഷ്ട്രീയം നാം കാണാതെ പോകരുത്. കുടിയേറ്റ വിരുദ്ധ ഇസ്ലാം വിരുദ്ധതയാണ് അതിന്റെ അടിസ്ഥാന കാരണം. ഇസ്ലാമോഫോബിയയുടെ ഭാഗമായി യുറോപ്പ് ഇത്തരം സാധ്യതകളെ നന്നായി ഉപയോഗിച്ചു. അതിന്റെ ഫലവും അവര്‍ കണ്ടു. യുറോപ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും ഇതിന്റെ പേരില്‍ മുസ്ലിംകള്‍ക്ക് നേരെയുള്ള ആക്രമണം പരിധികള്‍ ലംഘിച്ചു വര്‍ധിച്ചു വരുന്നു എന്നാണ് കണക്ക്. കഴിഞ്ഞ മാസം ന്യൂയോര്‍ക്ക് ടൈംസ്‌ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം 2018 ല്‍ മാത്രം 52 ശതമാനം വളര്‍ച്ചയാണ് ഫ്രാന്‍സില്‍ രേഖപ്പെടുത്തിയത്. ഓസ്ട്രിയയില്‍ അത് 72 ശതമാനമാണ്. ഫിന്‍ലന്‍ഡ്‌ 62 ശതമാനം ഇറ്റലി 53, ജര്‍മനി 40 ശതമാനം എന്നിങ്ങനെ തുടരുന്നു.

മുസ്ലിം രാജ്യങ്ങളില്‍ നിന്നും യുറോപ്പിലേക്ക് കുടിയേറ്റം ഉണ്ടാകാന്‍ പല കാരണങ്ങളുമുണ്ട്. ഒന്നാമത്തെ വിഷയം അവര്‍ ജീവിക്കുന്ന നാടുകളിലെ രാഷ്ട്രീയ സാഹചര്യം തന്നെ. ഒരാളുടെ ദുരന്തം അയാളുടെ ജീവിതത്തിന്റെ കൂടെയുള്ളതാണ്. അതങ്ങിനെ തന്നെ തുടരണം എന്നതാണ് പടിഞ്ഞാറന്‍ വലതു പക്ഷ രാഷ്ട്രീയം പറയുന്നത്. അതായത് നമ്മുടെ നാട്ടിലെ ചാതുര്‍വര്‍ണ്യം പോലെ. ദേശീയതയാണു യുറോപ്യന്‍ വലതു പക്ഷത്തിന്റെ മറ്റൊരു ദൂഷ്യം. നമ്മുടെ നാട്ടിലും അങ്ങിനെ തന്നെ. ചുരുക്കത്തില്‍ വലതു പക്ഷ രാഷ്ട്രീയം എല്ലായിടത്തും ഒരേ തൂവല്‍ പക്ഷികളാണ്. അത് കൊണ്ട് തന്നെ ഒരേ സമയത്ത് ഒരേ രീതിയില്‍ തന്നെ ഇവര്‍ ലോകത്തിന്റെ പലയിടത്തും പെരുമാറുന്നത് കാണാം.

Also read: ആയത്തുല്‍ കുര്‍സി: വിശുദ്ധ ഖുര്‍ആനിലെ മഹത്വമേറിയ സൂക്തം

മുസ്ലിംകളെ പരമാവധി വൈകാരികമാക്കുക എന്നതാണ് ലോകത്തിന്റെ എല്ലായിടത്തും അവരുടെ ലക്‌ഷ്യം. അതിന്റെ ഭാഗമാണ് ഫ്രഞ്ച് വാരിക Charlie Hebdo പണ്ട് പ്രവാചകനെ മോശമായി ചിത്രീകരിച്ച കാര്‍ട്ടൂണുകള്‍ വീണ്ടും പുനപ്രസിദ്ധീകരണം നടത്തിയത്. 2005 ലും 2006 ലുമാണ് ഈ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചത്. അതുമായി ബന്ധപ്പെട്ടെന്ന് പറയപ്പെടുന്നു 2011 ലും 2016 ലും പത്രം ഓഫീസിനു നേരെ ആക്രമണം ഉണ്ടായി. പത്രത്തിന്റെ സീനിയര്‍ കാര്‍ട്ടൂണിസ്റ്റ് അടക്കം പതിനഞ്ചോളം പേര്‍ കൊല്ലപ്പെട്ടു. അതിന്റെ വിചാരണ തുടങ്ങാന്‍ പോകുന്ന സമയത്താണു വീണ്ടും പത്രം പഴയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചത് എന്ന് പറയപ്പെടുന്നു. ഇതിനു മുമ്പ് പലരും ഞങ്ങളോട് കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്കാന്‍ പറഞ്ഞെങ്കിലും അതിനു പറ്റിയ കാലമല്ല എന്നത് കൊണ്ട് മുതിര്‍ന്നില്ല എന്നാണു പത്രം പറയുന്നത്.

ഒരു കാര്യം നാം ചേര്‍ത്ത് വായിക്കാതെ പോകരുത്. കേവലം 60000 കോപ്പികള്‍ അച്ചടിച്ചിരുന്ന വാരിക ഈ ആക്രമണത്തിന്റെ പേരില്‍ അതിന്റെ അച്ചടി മൂന്നു മില്യനാക്കി ഒരിക്കല്‍ ഉയര്‍ത്തി എന്നാണു കണക്ക്.
അതെ സമയത്ത് തന്നെയാണ് സ്വീഡനില്‍ നിന്നും പുതിയ ആക്രമണങ്ങള്‍ കേള്‍ക്കുന്നത്. ഇസ്ലാം വിരുദ്ധ റാലിക്ക് സര്‍ക്കാര്‍ അനുമതി നല്‍കാതിരുന്നിട്ടും കുടിയേറ്റ മുസ്ലിംകള്‍ താമസിക്കുന്ന സ്ഥലത്ത് വെച്ച് അക്രമികള്‍ പരസ്യമായി ഖുര്‍ആന്‍ കത്തിച്ച വാര്‍ത്ത നാം അടുത്താണ് വായിച്ചത്. പിന്നെ ആക്രമണത്തിന്റെ കാരണം മുസ്ലിംകളുടെ തലയില്‍ വെച്ച് കെട്ടാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതും.

അതെ സമയത്ത് ഇന്ത്യയില്‍ സമാനമായ മറ്റൊന്ന് കൂടി നടന്നു. അതിന്റെ പേരാണ് യു പി എസ് സി ജിഹാദ്. മുസ്ലിംകള്‍ സിവില്‍ സര്‍വീസ് പരീക്ഷകളില്‍ കൂടുതല്‍ പങ്കെടുക്കുന്നു. അവരുടെ ശതമാനം സിവില്‍ സര്‍വ്വീസുകളില്‍ വര്‍ധിക്കുന്നു എന്നൊക്കെയാണ് പുതിയ ജിഹാദിന്റെ അടിസ്ഥാന കാരണം. അങ്ങിനെ ആ അനുപാതം വര്‍ധിച്ചാല്‍ നാടിന്റെ അവസ്ഥ എന്താകും എന്നതാണ് വര്‍ഗീയ വാദികള്‍ ഉന്നയിക്കുന്ന ചോദ്യം. സുദര്‍ശന്‍ എന്നൊരു സംഘ പരിവാര്‍ ചാനല്‍ അങ്ങിനെ ഒരു ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും കോടതി ഇടപെട്ടു ഇപ്പോള്‍ നിര്‍ത്തി വെച്ചിരിക്കയാണ്‌. ദല്‍ഹി കലാപക്കേസിലെ പ്രതികളായ കപില്‍ മിശ്രയെ പോലുള്ളവര്‍ ഈ നീക്കത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നു. സച്ചാര്‍ കമ്മിറ്റി പതിനഞ്ചു വര്ഷം മുമ്പ് ഇന്ത്യന്‍ മുസിംകളുടെ സാമൂഹിക സാമ്പത്തിക അവസ്ഥയെ കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ട് ഒരു ജനതയുടെ അവസ്ഥ പറയും .

Also read: ഇബ്നു ഖൽദൂനെപ്പറ്റി ഹോഫ്മാൻ

രാജ്യത്തെ പൊലീസ് സേനയിലെ മുസ്ലിം പ്രാതിനിധ്യം 7.63 ശതമാനത്തില്‍ നിന്ന് 6.27 ആയി കുറഞ്ഞു. (2013ലെ കണക്ക്). ഐഎഎസ്, ഐപിഎസ് തലത്തിലാണ് മുസ്ലിം പ്രാതിനിധ്യം ഏറ്റവും കുറവ്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അനുസരിച്ച് ഐഎഎസ് പ്രതിനിധ്യം മൂന്ന് ശതമാനവും ഐപിഎസ് നാല് ശതമാനവും ആയിരുന്നു. 2016ലെ ആഭ്യന്തര മന്ത്രാലയത്തിലെ കണക്ക് അനുസരിച്ച് ഐഎസ് തലത്തില്‍ ഇത് 3.32 ആണ്. ഐപിഎസില്‍ 3.19 ശതമാനവും. സംസ്ഥാന സര്‍വീസില്‍നിന്ന് പ്രമോഷന്‍ ലഭിച്ച് ഐപിഎസ് ലഭിച്ചവരുടെ എണ്ണം സച്ചാര്‍ റിപ്പോര്‍ട്ടില്‍ 7.63 ശതമാനം ഉണ്ടായിരുന്നത് 2016ല്‍ 3.82 ശതമാനമായി കുറഞ്ഞു. ഇതാണ് വസ്തുത എന്നിരിക്കെയാണ് സംഘ പരിവാര്‍ പുതിയ ജിഹാദ്മായി രംഗത്ത്‌ വന്നിരിക്കുന്നത്.

ഇവരുടെയൊക്കെ പിന്നാമ്പുറം അന്വേഷിച്ചു ചെന്നാല്‍ നമുക്ക് കാണാന്‍ കഴിയുക തികഞ്ഞ ഇസ്ലാമോഫോബിയ എന്നല്ലാതെ മറ്റൊന്നുമല്ല. മുസ്ലിംകളെ കുറിച്ച് ഒരു പൊതു ധാരണ ഇവര്‍ ഉണ്ടാക്കിയിട്ടുണ്ട്. അവര്‍ എന്നും വെള്ളം കോരികളും വിറകുവെട്ടികളുമായി അവശേഷിക്കണം. അതില്‍ നിന്നും അവര്‍ പുറത്തു കടക്കാന്‍ ശ്രമിച്ചാല്‍ ഉപയോഗിക്കാനുള്ള വടിയാണ് ജിഹാദ്. ജിഹാദുകള്‍ പലവിധമാണ്. ത്യാഗപരിശ്രമം എന്നാണു ഒറ്റവാക്കില്‍ അതിനു പറയാന്‍ കഴിയാവുന്ന അര്‍ഥം. ഒന്നിലേക്ക് എത്തിച്ചേരാന്‍ സ്വീകരിക്കേണ്ട പരിശ്രമങ്ങളെ ജിഹാദ് എന്ന് വിളിക്കാം. പക്ഷെ ഇന്ന് ജിഹാദ് ഒരു മോശം പദമാണ്. നമുക്കറിയാവുന്ന എന്തിന്റെ മുന്നിലും ആ പദം ശത്രു ഒട്ടിച്ചു വെച്ചിരിക്കുന്നു.

വലത് പക്ഷ രാഷ്ട്രീയം ഉന്നം വെക്കുന്നത് പ്രതിയോഗികളെ കൂടുതല്‍ വൈകാരികതയിലേക്ക് തള്ളിവിടുക എന്നതാണ്. സംഘ പരിവാറിന്റെ അത്തരം നിലപാടുകളെ മറികടക്കാന്‍ ഇന്ത്യന്‍ മുസ്ലിംകള്‍ ഇപ്പോള്‍ പഠിച്ചിരിക്കുന്നു. ആഗോള തലത്തിലും അങ്ങിനെ തന്നെ. പക്ഷെ എന്തിനും അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പ്രതികരിക്കാന്‍ പല സംഘങ്ങളെയും അവര്‍ തന്നെ നിര്‍മ്മിച്ചു വെച്ചിരിക്കുന്നു. ഐ എസ് ഐ എസ് , പേര് മാത്രമുള്ള ചില സംഘങ്ങള്‍ , ആരും കാണാത്ത ഭീകരര്‍ എന്നിവ അതിന്റെ മറ്റൊരു രൂപമാണ്‌. മുസ്ലിംകളെ കലാപങ്ങളില്‍ തളച്ചിടാന്‍ അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു എന്നത് അതിന്റെ കൂടി ഭാഗമാണ്

Related Articles