Thafsir

ആയത്തുല്‍ കുര്‍സി: വിശുദ്ധ ഖുര്‍ആനിലെ മഹത്വമേറിയ സൂക്തം

يَا أَيُّهَا الَّذِينَ آمَنُوا أَنْفِقُوا مِمَّا رَزَقْنَاكُمْ مِنْ قَبْلِ أَنْ يَأْتِيَ يَوْمٌ لَا بَيْعٌ فِيهِ وَلَا خُلَّةٌ وَلَا شَفَاعَةٌ وَالْكَافِرُونَ هُمُ الظَّالِمُونَ * اللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ لَهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يُحِيطُونَ بِشَيْءٍ مِنْ عِلْمِهِ إِلَّا بِمَا شَاءَ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ وَلَا يَئُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ

വിശുദ്ധ ഖുര്‍ആനിലെ മഹത്വമേറിയ സൂക്തമായ ആയത്തുല്‍ കുര്‍സിയെ വ്യാഖ്യാനിച്ചു കൊണ്ടാണ് ഞാന്‍ എന്‍റെ പുതിയ ഗ്രന്ഥം ‘അല്‍-മസീഹ് ഈസാ ബ്നു മറിയം(മറിയമിന്‍റെ പുത്രന്‍ ഈസാ) അവസാനിപ്പിച്ചിരിക്കുന്നത്. ഈയൊരു സൂക്തത്തിലൂടെ എങ്ങനെയാണ് അല്ലാഹു തന്നെക്കുറിച്ച് സൃഷ്ടികള്‍ക്ക് സ്വയം പരിചയപ്പെടുത്തി കൊടുക്കുന്നതെന്നതാണ് അതിന്‍റെ ഉള്ളടക്കം. അതിലടങ്ങുന്ന ഓരോ വാക്യവും പരമോന്നതമായ ദൈവികസത്തയുമായി ബന്ധപ്പെട്ടതാണ്. അവന്‍റെ ജ്ഞാനം, കഴിവ്, അധികാരം, രക്ഷാകര്‍തൃത്വം എന്നിവയെക്കുറിച്ച് സംസാരിക്കുന്നതാണ്. അവന്‍റെ മഹത്വം, പ്രതാപം, പൂര്‍ണ്ണത എന്നിവയെക്കുറിച്ചുള്ള ബോധവും അവനോടുള്ള ഭക്തിയും നമ്മുടെ ഹൃദയാന്തരങ്ങളിലത് കോരിയിടും. ആകാശ ഭൂമികളെക്കുറിച്ച് ഒട്ടും അശ്രദ്ധവാനാകാതെ തന്‍റെ സൃഷ്ടികളെ മുഴുവന്‍ നിയന്ത്രിക്കുന്ന അല്ലാഹു പരമാധികാരം, കഴിവ് ദൈവികത എന്നിവ കൊണ്ട് എങ്ങനെ ഏകനാകുന്നുവെന്നത് ഈ സൂക്തം വ്യക്തമാക്കിത്തരുന്നു.
ഇതര സൂക്തങ്ങളെ വെച്ച് നോക്കുമ്പോള്‍ ഇതിന് വലിയ മഹത്വമാണ് കല്‍പ്പിക്കപ്പെടുന്നത്. അല്ലാഹുവിന്‍റെ വിശുദ്ധ ഗ്രന്ഥത്തിലെ ഏറ്റവും മഹത്വമേറിയ സൂക്തം ആയത്തുല്‍ കുര്‍സിയാണെന്ന തിരുമൊഴി അത് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. അല്ലാഹു പറയുന്നു: ‘അല്ലാഹു അല്ലാതെ വേറെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാണവന്‍. മയക്കമോ ഉറക്കമോ അവനെ അവനെ ബാധിക്കുകയില്ല. പ്രപഞ്ചത്തിലുള്ളതെല്ലാം അവന്‍റേതാണ്. അവന്‍റെ സമ്മതമില്ലാതെ ആ സന്നിതിയില്‍ ശുപാര്‍ശ ചെയ്യാന്‍ ആരുണ്ട്? അവരുടെ മുന്നിലും പിന്നിലുമുള്ളത് അവനറിയുന്നു. താനുദ്ദേശിച്ചതൊഴികെ അവന്‍റെ ജ്ഞാനത്തില്‍ നിന്ന് യാതൊന്നും അവരറിയില്ല. അവന്‍റെ അധികാര പീഠം ആകാശ ഭൂമികളെ മുഴുവന്‍ ഉള്‍കൊണ്ടതാണ്. അവരണ്ടും കാത്തുരക്ഷിക്കുക അവന് ഒട്ടുമോ ഭാരമുള്ളതല്ല. അവന്‍ ഉന്നതനും മഹാനുമാകുന്നു'(ബഖറ: 254-255). ഈ വിശുദ്ധ സൂക്തത്തിന്‍റെ അര്‍ത്ഥ തലങ്ങള്‍ നമുക്ക് അന്വേഷിക്കാം.

1-  അല്ലാഹു ലാ ഇലാഹ ഇല്ലാ ഹുവ  (അല്ലാഹു അല്ലാതെ വേറെ ദൈവമില്ല).

അഥവാ, യഥാര്‍ത്ഥത്തില്‍ സ്രഷ്ടാവും ആരാധിക്കപ്പെടുന്നവനുമായി അല്ലാഹു അല്ലാതെ ആരുമില്ല. അല്ലാഹുവിന്‍റെ ഏകത്വത്തെ വിശദീകരിക്കുന്ന ആയത്തുകളില്‍ പെട്ടതാണ് ഈ സൂക്തവും. പങ്കുകാരനില്ലാത്ത, അസാമാന്യനായ, സഹായികളില്ലാത്ത ഏകനാണവന്‍ എന്ന പ്രഖ്യാപനത്തോടൊപ്പം തന്നെ അവനെയല്ലാതെ മറ്റാരെയും ആരാധിക്കരുതെന്ന താക്കീതും കൂടിയാണിത്.

Also read: ഇബ്നു ഖൽദൂനെപ്പറ്റി ഹോഫ്മാൻ

അല്ലാഹുവാണ് യഥാര്‍ത്ഥ ദൈവം. സത്തയാലും വിശേഷണങ്ങളാലും പരിപൂര്‍ണ്ണനായ അവനാണ് നാം നമ്മുടെ ആരാധനകള്‍ സമര്‍പ്പിക്കുന്നത്. അവന്‍റെ പരിപൂര്‍ണ്ണതയാണ് സൃഷ്ടികളായ മനുഷ്യരെ തന്‍റെ അടിമകളായി കാണാന്‍ അവനെ അര്‍ഹനാക്കുന്നത്. അവന്‍റെ കല്‍പനകള്‍ അംഗീകരിക്കാനും നിരോധനങ്ങള്‍ ഉപേക്ഷിക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്നത് അല്ലാഹുവിനോടുള്ള ഈ അടിമത്വ ബോധമാണ്. അല്ലാഹു അല്ലാത്തതെല്ലാം നശ്വരമാണ്. അതനാല്‍ തന്നെ അവന് വേണ്ടിയല്ലാത്ത ആരാധനകളെല്ലാം പിഴച്ച മാര്‍ഗത്തിലുമാണ്.


ലോകരക്ഷിതാവായ ഒരു സത്തയുടെ മേല്‍ അറിയിക്കുന്ന നാമമാണ് അല്ലാഹു എന്നത്. തെറ്റുകുറ്റങ്ങളില്‍ നിന്നും മുക്തനായ എണ്ണമറ്റതും അനന്തവുമായ വിശേഷണങ്ങളാല്‍ സമ്പൂര്‍ണ്ണനായ ആരാധ്യനായ ദൈവമാണ് അല്ലാഹു. അവനല്ലാതെ മറ്റാര്‍ക്കും അല്ലാഹ് എന്ന നാമം വെക്കപ്പെട്ടിട്ടില്ല. മഹോന്നതമായ നാമമാണത്. ലോകത്തിന്‍റെയും അതിലെ സര്‍വ്വ ചരാചരങ്ങളുടെയും സത്തയുമായി അത് ബന്ധപ്പെട്ട് കിടക്കുന്നു. അല്ലാഹു പറയുന്നു: ‘ഹേ മനുഷ്യരേ, അല്ലാഹുവിന്‍റെ ആശ്രിതരാണ് നിങ്ങള്‍, അവനാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു'(ഫാത്വിര്‍: 15). ദൈവികമായ എല്ലാ നാമങ്ങളെയും അല്ലാഹു എന്ന ഏക പദം ഉള്‍കൊള്ളുന്നു. ആന്തരികവും ബാഹ്യവുമായ അനന്തമായ വിഷേശണങ്ങളാല്‍ പരിപൂര്‍ണ്ണനാണവന്‍. അവന്‍റെ നാമങ്ങളും പരിതിക്കപ്പുറമാണ്. അല്ലാഹ് എന്ന മഹത്തായ നാമത്തിന്‍റെ സവിശേഷതകളെക്കുറിച്ച് പല ഗ്രന്ഥങ്ങളും സുദീര്‍ഘമായി വിവരിക്കുന്നുണ്ട്.

Also read: ജനാധിപത്യ ഇന്ത്യയില്‍ ആ ഒരു രുപയ്ക്ക് വലിയ വിലയുണ്ട്..!

2- അല്‍-ഹയ്യുല്‍ ഖയ്യൂം (എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനും).

ഭംഗിയാര്‍ന്ന രണ്ട് മഹോന്നത വിശേഷണങ്ങള്‍ കൊണ്ടാണ് അല്ലാഹു സ്വയം പുകള്‍ത്തുന്നത്; അല്‍-ഹയ്യുല്‍ ഖയ്യൂം. അല്‍-ഹയ്യ്: മരിക്കാതെ എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. അല്ലാഹുവിന്‍റെ മാത്രം വിശേഷണമാണത്. ലോകത്തിന്‍റെ ആദ്യാന്തവും അതിന് ശേഷവും അവന്‍ ഉണ്ടാകും. ലോകത്തെ സര്‍വ്വതും ജനിക്കുകയും മരിക്കുകയും ചെയ്യുന്നു. എന്നാല്‍, ജീവിതത്തിന് ശേഷമുള്ള മരണമോ മരണത്തിന് ശേഷമുള്ള ജീവിതമോ അവന് ബാധകമല്ല. അവന്‍റെ തിരുസത്തയൊഴിച്ചുള്ളതൊക്കെയും നശിച്ചുപൊകും. ഏകനായ അല്ലാഹു വിശേഷിപ്പിച്ച ജീവിതം സത്താപരമായ ജീവിതമാണ്. സ്രഷ്ടാവായ അല്ലാഹു സൃഷ്ടികള്‍ക്ക് നല്‍കിയ ജീവിതം പോലെയല്ല അത്. അതിനൊരു ഉറവിടമില്ല. അതിനാല്‍ തന്നെ സൃഷ്ടികളുടെ ജീവിതത്തില്‍ നിന്നും വ്യത്യസ്തമാണ് അല്ലാഹുവിന്‍റെ ജീവിതം. ആദിയില്ലാതെ പണ്ടേയുള്ളതും ഇനയൊരു അവസാനം ഉണ്ടാകാത്തതുമാണത്.

അല്‍-ഖയ്യൂം: അഥവാ, സൃഷ്ടിയുടെ എല്ലാ കാര്യങ്ങളും സദാ നിയന്ത്രിക്കുന്നവന്‍. ലൗകികവും അലൗകികവുമായ എല്ലാ വസ്തുവിനെയും നിയന്ത്രിക്കുന്നവനാണ് അവന്‍. മനുഷ്യന്‍റെ സൃഷ്ടിപ്പ് തൊട്ട് അവന്‍റെ ഉപജീവനവും മറ്റു ജീവിതാവശ്യങ്ങളും മരണ ശേഷമുള്ള പ്രവര്‍ത്തനങ്ങളും എല്ലാം കൃത്യമായി കുറ്റമറ്റ രീതിയില്‍ അല്ലാഹു നിയന്ത്രിക്കുന്നു. സ്വന്തമെന്ന് പോല്‍ മറ്റുള്ളവരെയും അവന്‍ നിയന്ത്രിക്കുന്നു. അല്ലാഹുവിന് നിര്‍ബന്ധമായ എല്ലാ വിശേഷണങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്ന വിശേഷണമാണ് ഖയ്യൂം. മരിപ്പിക്കുക, ജീവിപ്പിക്കുക, സംസാരിക്കുക, സൃഷ്ടിക്കുക, ഭക്ഷണം നല്‍കുക തടുങ്ങി നിയന്ത്രണങ്ങള്‍ ആവശ്യമാകുന്ന കാര്യങ്ങളെല്ലാം തന്നെ ഇതുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. എല്ലാം അവന്‍റെ അലങ്കനീയമായ നിയന്ത്രണത്തിലാണ്.

ഹയ്യ്’ എന്നത് പരിപൂര്‍ണ്ണതയുടെ എല്ലാ വിശേഷണങ്ങളെയും ഉള്‍കൊള്ളുന്നതാണ്. അതുപോലെ ‘ഖയ്യൂം’ എന്നത് അല്ലാഹുവിന്‍റെ പ്രവര്‍ത്തികളെക്കുറിക്കുന്ന എല്ലാ വിശേഷണങ്ങളെയും ഉള്‍കൊള്ളുന്നു. അതുകൊണ്ടാണ് അല്ലാഹുവിന്‍റെ ഈ വിശുദ്ധ നാമങ്ങള്‍ കൊണ്ട് വിളിച്ചാല്‍ കേള്‍ക്കപ്പെടും എന്ന് പറയുന്നത്. ഈ നാമങ്ങള്‍ കൊണ്ട് ചോദിച്ചാല്‍ നല്‍കപ്പെടും എന്ന് പറയുന്നത്. അതുകൊണ്ട് തന്നെയാണ് പ്രവാചകരും പ്രാര്‍ത്ഥിക്കുമ്പോള്‍ ‘യാ ഹയ്യു യാ ഖയ്യൂം’ എന്ന് വിളിച്ച് പ്രാര്‍ത്ഥിച്ചത്.

Also read: “മക്ക കാഴ്ചയിൽ നിന്ന് ഹൃദയത്തിലേക്ക്” അണയുമ്പോൾ

3- മയക്കമോ ഉറക്കമോ അവനെ അവനെ ബാധിക്കുകയില്ല.

അല്ലാഹുവിന്‍റെ ജീവിതസത്തയുടെയും നിയന്ത്രണാധികാരത്തിന്‍റെയും പരിപൂര്‍ണ്ണതയില്‍ പെട്ടതാണ് ഈ വിശേഷണം. അല്ലാഹുവിന് ഒരിക്കലും മയക്കമോ ഉറക്കമോ വരികയില്ല. കാരണം, അതെല്ലാം മനുഷ്യത്വത്തിന്‍റെ ലക്ഷണങ്ങളാണ്. അല്ലാഹു അതിനെല്ലാം അപ്പുറത്താണ്.

മയക്കം: ഉറക്കത്തിന്‍റെ തുടക്കമാണിത്. പിന്നീടത് യഥാര്‍ത്ഥ ഉറക്കത്തിലേക്ക് നീങ്ങുന്നു. മയക്കത്തേക്കാല്‍ ശക്തമായ രീതിയാണ് ഉറക്കം. അല്ലാഹുവിനെ സംബന്ധിച്ചെടുത്തോളം മയക്കവും ഉറക്കവും അവന്‍റെ വിശേഷണങ്ങളില്‍ നിന്നും പുറത്താക്കുന്നത് അവന്‍റെ പരിപൂര്‍ണ്ണതയെയും സ്ഥായിയായ നിയന്ത്രണ ശക്തിയെയും വ്യക്തമാക്കുന്നു. ഒരു സന്ദര്‍ഭത്തിലും അല്ലാഹുവിന് മടുപ്പോ കാര്യങ്ങളില്‍ വീഴ്ചയോ സംഭവിക്കുകയില്ലെന്ന ഉറച്ച പ്രഖ്യാപനമാണ് ഈ സൂക്തം മുന്നോട്ട് വെക്കുന്നത്.

4- പ്രപഞ്ചത്തിലുള്ളതെല്ലാം അവന്‍റേതാണ്.

അധികാരങ്ങളുടെ സര്‍വ്വാധിപതി അല്ലാഹു ആവുകയും അവന്‍റെ അധികാരത്തില്‍ പങ്കാളിയാകാന്‍ ഒരുത്തനും സാധ്യമല്ലെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് ആകാശ ഭൂമികളുടെ അധികാരത്തെക്കുറിച്ചും അല്ലാഹു പറയുന്നത്. ആകാശ ഭൂമികളില്‍ സകല ജീവ നിര്‍ജീവ വസ്തുക്കളുടെയും അധികാരം അവന് മാത്രമാണെന്നതാണ് അതിന്‍റെ സാരം. അവകളെ നിയന്ത്രിക്കുന്നതും കൈകാര്യം ചെയ്യുന്നതും പരിപാലിക്കുന്നതുമെല്ലാം അവന്‍ ഒരുത്തന്‍ മാത്രമാണ്. അവന്‍റെ എല്ലാ അടിമകളും സൃഷ്ടികളും അവന്‍റെ പരമാധികാരത്തിന് കീഴെയാണ്.

5- അവന്‍റെ സമ്മതമില്ലാതെ ആ സന്നിതിയില്‍ ശുപാര്‍ശ ചെയ്യാന്‍ ആരുണ്ട്?

അമ്പിയാക്കളും മലക്കുകളും അടക്കം ഏത് സൃഷ്ടി തന്നെയായാലും അല്ലാഹുവിന്‍റെ സമ്മതമോ തൃപ്തിയോ കൂടാതെ ഒരാള്‍ക്കും ശപാര്‍ശക്ക് അര്‍ഹത നല്‍കപ്പെടുകയില്ല. ശുപാര്‍ശ അല്ലാഹുവിന് മാത്രമുള്ളതാണ്. അവന്‍റെ മഹത്വത്തിന്‍റെയും ഔന്നിത്യത്തിന്‍റെയും അധികാര മനോഭാവത്തിന്‍റെയും ഭാഗമാണത്. ശപാര്‍ശക്ക് അല്ലാഹു അനുനാദം നല്‍കിയവര്‍ക്കല്ലാതെ സൃഷ്ടികള്‍ക്കിടയിലും സ്രഷ്ടവാവിനിടയിലും ശപാര്‍ശ ചെയ്യുന്നവനാകാന്‍ സാധ്യമാവുകയില്ല. ഒരാള്‍ക്കും അതിനുള്ള അധികാരമില്ല. കാരണം, സൃഷ്ടികളെല്ലാം അവന് താഴെയും അവന്‍റെ അധികാരത്തിന് കീഴെയുമാണ്. അതിനാല്‍ തന്നെ സൃഷ്ടികളില്‍ നിന്നും അല്ലാഹുവിന്‍റെ പ്രീതി നേടിയെടുത്തവനും അവന്‍റെ അടുക്കല്‍ നിന്നും ബഹുമാനം കൈവരിച്ചവനും അത് സാധ്യമാവുകയും ചെയ്യും.

Also read: സീസിയുടെ മതനവീകരണവും അല്‍ അസ്ഹറിന്റെ ഭാവിയും

6- അവരുടെ മുന്നിലും പിന്നിലുമുള്ളത് അവനറിയുന്നു.

ആകാശ ഭൂമികളിലുള്ള അവന്‍റെ സര്‍വ്വ സൃഷ്ടികളെക്കുറിച്ചും വ്യക്തമായ ജ്ഞാനിയാണ് അല്ലാഹു. അവരുടെയെല്ലാം ഭൂതം, വര്‍ത്തമാനം, ഭാവി, ഐഹിക ജീവിതം, മരണ ശേഷമുള്ള പാരത്രിക ജീവിതം തുടങ്ങി എല്ലാത്തിനെക്കുറിച്ചും അവന്‍ സര്‍വ്വജ്ഞാനിയാകുന്നു. ആകാശ ഭൂമികളിലെ സകലമാന കാര്യങ്ങളെക്കുറിച്ചും അല്ലാഹുവിന് കൃത്യമായ അറിവുണ്ടെന്ന് ചുരുക്കം.

കറുത്തിരുണ്ട രാത്രിയില്‍ പൊടിപുരണ്ട ഭൂമക്കടിയിലെ കറുത്ത പാറക്കല്ലില്‍ സഞ്ചരിക്കുന്ന കറുത്ത ഉറുമ്പിനെ അടക്കം പ്രപഞ്ചത്തിനെ സകലതിനെക്കുറിച്ചും അല്ലാഹുവിന്‍റെ അടുക്കല്‍ ജ്ഞാനമുണ്ട്. അന്തരീക്ഷത്തില്‍ പാറിനടക്കുന്ന ധാന്യത്തെക്കുറിച്ചും ആകാശത്തില്‍ വട്ടമിട്ട് പറക്കുന്ന ചെറുപക്ഷികളെക്കുറിച്ചും കടലാഴികളിലെ ചെറുമത്സ്യങ്ങളെക്കുറിച്ചും അവന് അറിവുണ്ട്. അല്ലാഹുവിന്‍റെ ജ്ഞാന പരിതിക്കപ്പുറത്തുള്ള ഒന്നും തന്നെ ആകാശ ഭൂമികളില്‍ ഉണ്ടാവുകയില്ല. അല്ലാഹു അവന്‍റെ സൃഷ്ടിപ്പിനെക്കുറിച്ചും സൃഷ്ടി മനസകങ്ങളില്‍ ഒളിപ്പിച്ചുവെച്ച രഹസ്യങ്ങളെക്കുറിച്ചും സര്‍വ്വജ്ഞാനിയത്രെ.

7- താനുദ്ദേശിച്ചതൊഴികെ അവന്‍റെ ജ്ഞാനത്തില്‍ നിന്ന് യാതൊന്നും അവരറിയില്ല.

അഥവാ, അല്ലാഹു അവന്‍റെ ജ്ഞാനത്തില്‍ നിന്നും ചൊരിഞ്ഞു കൊടുത്തവര്‍ക്കല്ലാതെ അവന്‍റെ അറിവില്‍ നിന്നും യാതൊന്നും ആര്‍ക്കും കരസ്ഥമാക്കാനാകില്ല. അറിവില്ലാത്തത് മനുഷ്യനെ പഠിപ്പിച്ച അത്യദാരനാണവന്‍. അവന്‍ ഉദ്ദേശിച്ചവര്‍ക്ക് അവനുദ്ദേശിച്ചതുപോലെ ജ്ഞാനത്തെ അല്ലാഹു ചൊരിഞ്ഞു കൊടുക്കുന്നു. അല്ലാഹുവിന്‍റെ കൃത്യമായ അറിവോ ഉദ്ദേശമോ ഇല്ലാതെ ഒരാള്‍ക്കും അവന്‍റെ ജ്ഞാനത്തില്‍ നിന്നും ഒന്നും തന്നെ നേടാനാകില്ല. പ്രത്യക്ഷവും പരോക്ഷവുമായ ലോകത്തെക്കുറിച്ചും പ്രാപഞ്ചിക വ്യവസ്ഥിതിയെക്കുറിച്ചും മനുഷ്യന്‍ അറിഞ്ഞെതെല്ലാം അവന്‍റെ ഉദ്ദേശം കൊണ്ട് മാത്രമാണ്. മനുഷ്യന് അജ്ഞാതമായിരുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അവനാണ് അറിവ് നല്‍കിയത്.
അല്ലാഹുവിന്‍റെ ദിവ്യജ്ഞാനത്തെ കുറിക്കുന്ന ഒരുപാട് സൂക്തങ്ങള്‍ വിശുദ്ധ ഖുര്‍ആനിലുണ്ട്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും ജ്ഞാനിയാണവന്‍. അല്ലാഹു തന്നെ പറയുന്നു: ‘ഭുവന-വാനങ്ങളില്‍ ഒരണുത്തൂക്കമുള്ള വസ്തുവോ അതിനേക്കാള്‍ ചെറുതോ വലുതോ ഏതുമാകട്ടെ, താങ്കളുടെ നാഥനില്‍ നിന്ന് അത് ഗോപ്യമാവുകയില്ല. സര്‍വവും സ്പഷ്ടമായൊരു ഗ്രന്ഥത്തില്‍ രേഖപ്പെട്ടിട്ടുണ്ടാവും'(യൂനുസ്: 61). കാര്യങ്ങളെക്കുറിച്ച് അല്ലാഹുവിന്‍റെ അടുക്കലുള്ള ജ്ഞാനം വിശാലമായിരിക്കും. ഓരോ സംഭവ വികാസങ്ങളുടെ മുന്നും പിന്നും ഉള്ളും പുറവും ഗോപ്യമായതും അല്ലാത്തതും എല്ലാം അവന്‍ അറിയുന്നു. അല്ലാഹു നല്‍കിയ ജ്ഞാനമല്ലാതെ ഒരു അണുമണി തൂക്കം പോലും ജ്ഞാനം ഒരാള്‍ക്കും നേടാനാവുകയില്ല.

Also read: സാമൂഹ്യ ധാര്‍മികതയുടെ പരിണാമമെങ്ങോട്ട്?

8- അവന്‍റെ അധികാര പീഠം ആകാശ ഭൂമികളെ മുഴുവന്‍ ഉള്‍കൊണ്ടതാണ്.

അല്ലാഹുവിന്‍റെ ജ്ഞാനത്തിന്‍റെ മഹോന്നതി, ആഴം, വിശാലത എന്നിവയെക്കുറിച്ചുള്ള ആലങ്കാരിക പദമാണ് അധികാര പീഠം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശേഷം പറഞ്ഞ ‘അവരണ്ടും കാത്തുരക്ഷിക്കുക അവന് ഒട്ടുമോ ഭാരമുള്ളതല്ല എന്നത് അതിനുള്ള വിശദീകരണമാണ്. അല്ലാഹുവിന്‍റെ ജ്ഞാനത്തിന്‍റെ വിശാലതയെക്കുറിച്ച് ‘താനുദ്ദേശിച്ചതൊഴികെ അവന്‍റെ ജ്ഞാനത്തില്‍ നിന്ന് യാതൊന്നും അവരറിയില്ല എന്ന വിശദീകരണവും അവന്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ അല്ലാഹുവിന്‍റെ നിയന്ത്രണാധികാരത്തെയും വിശാലമായ അറിവിനെയും ഉദ്ദേശം നടപ്പില്‍ വരുത്തുന്നതിനെയും കുറിക്കാന്‍ അധികാരം പീഠം(കുര്‍സിയ്യ്) എന്ന് ഉപയോഗിച്ചത് ഉചിതവുമായിത്തീരുന്നു. അല്ലാഹുവിന്‍റെ അധികാര, ജ്ഞാന വിശാലതയുടെ വ്യംഗ്യമായ സൂചകം എന്നാണ് ‘കുര്‍സിയ്യ്’ എന്ന പദത്തിന് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവായ അബ്ദുല്ലാഹി ബ്നു അബ്ബാസ്(റ) നല്‍കുന്ന വിശദീകരണം.


പൊതുവെ കസേരയെന്നത് അധികാരത്തെ സൂചിപ്പിക്കാനാണ് ഉപയോഗിക്കാറുളളത്. അങ്ങനെയെങ്കില്‍ ഭുവന-വാനത്തോളം വിശാലമായ കസേരയെന്ന പ്രയോഗം അല്ലാഹുവിന്‍റെ പരമാധികാരത്തെ സ്ഥിരപ്പെടുത്തുന്നു. കേവല ബുദ്ധി ഉപയോഗിച്ച് തന്നെ നമുക്ക് അത് മനസ്സിലാക്കി എടുക്കാവുന്നതേ ഒള്ളൂ. സൂക്തത്തില്‍ മുമ്പ് പറഞ്ഞതെല്ലാം അല്ലാഹുവിന്‍റെ ജ്ഞാനത്തിന്‍റെയും അധികാരത്തിന്‍റെയും വലിപ്പം സൂചിപ്പിക്കുന്നുവെങ്കിലും വീണ്ടും ‘അവന്‍റെ അധികാര പീഠം ആകാശ ഭൂമികളെ മുഴുവന്‍ ഉള്‍കൊണ്ടതാണ്’ എന്ന് ആവര്‍ത്തിച്ചത് അവന്‍റെ മുമ്പ് പറഞ്ഞ കാര്യങ്ങളെ ഒന്നുകൂടി ശക്തിപ്പെടുത്താനും ഊന്നിപ്പറയാനും വേണ്ടിയാണ്.

9- അവരണ്ടും കാത്തുരക്ഷിക്കുക അവന് ഒട്ടുമോ ഭാരമുള്ളതല്ല.

ഭുവന-വാനങ്ങളിലും അതിനിടക്കും അല്ലാഹു സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത കാര്യങ്ങള്‍ അനവധിയാണ്. എന്നാല്‍, അത് നിയന്ത്രിച്ച് പരിപാലിച്ച് കൊണ്ടുപോകാന്‍ അല്ലാഹു ഒരിക്കലും അശക്തനല്ല. അവനെ സംബന്ധിച്ചെടുത്തോളം കാര്യങ്ങളെ യഥാവിധി കൊണ്ടു നടക്കല്‍ ഒട്ടും ഭാരമുള്ള കാര്യവുമല്ല. തന്‍റെ കല്‍പ്പന കൊണ്ട് ആകാശത്തെ തൂണുകളില്ലാത്ത പന്തലാക്കി നിര്‍ത്തുകയും ഭൂഗോളത്തെ സഞ്ചരിപ്പിക്കുകയും ചെയ്യുന്ന അല്ലാഹു എത്ര പരിശുദ്ധനാണ്. പര്‍വ്വതത്തെ ഉയരത്തിലാക്കുകയും പുഴകളെ ഒഴുക്കുകയും കാറ്റിനെ ചലിപ്പിക്കുകയും ധാന്യങ്ങളില്‍ നിന്ന് ഫലങ്ങള്‍ പുറത്തെടുക്കുകയും ചെയ്ത അല്ലാഹു എത്ര അത്ഭുതമാണ്. എല്ലാം അവന്‍റെ നിയന്ത്രണത്തിലും അവന്‍റെ ഉദ്ദേശത്താലുമാണ്. ഭുവന-വാനമോ കാര്‍മേഘങ്ങളോ അവന്‍റെ കല്‍പ്പന ധിക്കരിക്കുകയില്ല.

Also read: എന്നിട്ടും മൂസ ഫറോവയെ തേടിച്ചെന്നു

10- അവന്‍ ഉന്നതനും മഹാനുമാകുന്നു.

സൃഷ്ടികളെക്കാള്‍ അത്യുന്നതനായ അല്ലാഹുവിന്‍റെ സ്ഥാനത്തേക്ക് എത്തിച്ചേരാന്‍ ഒരാള്‍ക്കുമാകില്ല. മഹോന്നതനും ഗാംഭീര്യമുടയവനും പരമാധികാരിയുമാണവന്‍.
അല്‍-അലിയ്യ്(ഉന്നതന്‍): സൃഷ്ടികളുടെ ഗുണവിശേഷണങ്ങളായ ന്യൂനത, വൈകല്യം, അപൂര്‍ണ്ണത തുടങ്ങിയവയെത്തൊട്ട് മഹേന്നതന്‍ എന്നാണ് ഇതുകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ശക്തിയാല്‍ എല്ലാവരെക്കാള്‍ ഉയര്‍ന്നവനും പരിപൂര്‍ണ്ണതയുടെ വിശേഷണങ്ങള്‍ക്ക് ഏറ്റവും അര്‍ഹതപ്പെട്ടവനം പരമാധികാരത്താല്‍ സൃഷ്ടികളെ നിയന്ത്രിക്കുന്നവനും സൃഷ്ടികള്‍ നിയന്ത്രിക്കപ്പെടുന്നവനുമാണെന്ന പ്രഖ്യാപനമാണ് ഈ വിശേഷണത്തിന്‍റെ താല്‍പര്യം. ‘സുബ്ഹാന റബ്ബിയല്‍ അലിയ്യില്‍ വഹാബ്’ എന്ന് പറഞ്ഞായിരുന്നു തിരുനബി തന്‍റെ പ്രാര്‍ത്ഥനകള്‍ ആരംഭിച്ചിരുന്നത്. നിസ്കാരത്തില്‍ സൂജൂദ് ചെയ്യുന്ന സമയത്ത് ‘സുബ്ഹാന റബ്ബിയല്‍ അഅ്ലാ’ എന്ന് മൂന്ന് തവണ പുണ്യ റസൂല്‍ പറയുമായിരുന്നു.

അല്‍-അളീം(മഹാന്‍): മഹത്വത്തില്‍ പരിപൂര്‍ണ്ണന്‍ എന്നര്‍ത്ഥം. അല്ലാഹു സത്തയാലും വിശേഷണത്താലും മഹേന്നതനാണ്. സദൃശ്യങ്ങള്‍ക്കതീതമാണ് അവന്‍റെ തിരുസത്ത. ആരാധാക്കപ്പെടാന്‍ അര്‍ഹനായ ഏകദൈവം അവന്‍ പരമാധികാരിയായ അല്ലാഹു മാത്രമാണ്. പരാമൃഷ്ട ദൈവിക ഗുണവിശേഷണങ്ങളുടെയെല്ലാം സംഗ്രഹമാണ് ഈ രണ്ട് വിശേഷണങ്ങള്‍.

സ്വഹീഹായ ചില ഹദീസുകളില്‍ വന്നത് പോലെത്തന്നെ വിശുദ്ധ ഖുര്‍ആനിലെ സൂക്തങ്ങളില്‍ മഹത്തായ സൂക്തമാണ് ആയത്തുല്‍ കുര്‍സി. അല്ലാഹുവിന്‍റെ ഏകത്വത്തെ എല്ലാ അര്‍ത്ഥത്തിലും അത് ഉള്‍കൊള്ളുന്നു. ലാ ഇലാഹ ഇല്ലാ ഹുവ എന്നത് അതിന്‍റെ പരമമായ പ്രയോഗമാണ്. അല്‍-ഹയ്യുല്‍ ഖയ്യൂം എന്നതും ലഹു മാഫിസ്സമാവാത്തി വല്‍ അര്‍ളി എന്നതും ശേഷം പറഞ്ഞതുമെല്ലാം അതിന്‍റെ ഉപോല്‍പലകമാണ്.

അവലംബം:
1- അബു ത്വയ്യിബ് മുഹമ്മദ് സ്വിദ്ദീഖ് അല്‍-ബുഖാരി അല്‍-ഖനൂജി, ഫതഹുല്‍ ബയാന്‍ ഫീ മഖാസിദില്‍ ഖുര്‍ആന്‍, സ്വിദ്ദീഖ് ഹസന്‍ ഖാന്‍ അല്‍-ഖനൂജി. പരിഷ്കരിച്ചത്; അബ്ദുല്ലാഹ് ബ്നു ഇബ്രാഹീം അല്‍-അന്‍സാരി, അല്‍-മക്തബത്തുല്‍ അസരിയ്യ, സ്വീദാ, ബയ്റൂത്ത്, ഹി.1412, ക്രി.1992, 1/423.
2- അബൂബക്കര്‍ അല്‍-ജസാഇരി, അയ്സറുത്തഫാസീര്‍ ലികലാമില്‍ അലിയ്യില്‍ കബീര്‍, മക്തബത്തുല്‍ ഉലൂമി വല്‍ ഹുകും, മദീന മുനവ്വറ, സഊദി, അഞ്ചാം പതിപ്പ്, 2003, 1/ 245.
3- തഫ്സീറു ബ്നു കഥീര്‍, 1/377, സ്വാലിഹ് അലി അല്‍-ഔദ, അസ്സിര്‍റുല്‍ ഖുദ്സി ഫീ ഫളാഇലി വ മആനി ആയത്തുല്‍ കുര്‍സി, ദാറു ഇബ്നു ഹസ്മ്, ഒന്നാം പതിപ്പ്, 2010, പേ. 65.
4- സഈദ് ഹവാ, അല്‍-അസാസു ഫിത്തഫ്സീര്‍, ദാറുസ്സലാം, കയ്റോ, ഒന്നാം പതിപ്പ്, 1985, 1/596.
5- അശ്ശാഫിഈ, രിസാല, പരിഷ്കരിച്ചത്; അഹ്മദ് ശാകിര്‍, മക്തബു ഹലബി, ഈജിപ്ത്, ഒന്നാം പതിപ്പ്, 1940, പേ. 485.
6- സ്വാലിഹ് അലി അല്‍-ഔദ, അസ്സിര്‍റുല്‍ ഖുദ്സി ഫീ ഫളാഇലി വ മആനി ആയത്തുല്‍ കുര്‍സി, പേ. 96.
7- അലി മുഹമ്മദ് സ്വലാബി, അല്‍-മസീഹു ഈസാ ബ്നു മറിയം ‘അല്‍-ഹഖീഖത്തുല്‍ കാമില’, പേ. 395-403.
8- ഈസ അസ്സഅദി, ദലാലത്തുല്‍ അസ്മാഇല്‍ ഹുസ്നാ അലത്തന്‍സീഹി, കുല്ലിയ്യത്തുത്തര്‍ബിയ്യ, ത്വാഇഫ്, ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്മെന്‍റ്, സഊദി, പേ. 102.
9- മുഹമ്മദ് ത്വാഹിര്‍ ആശൂര്‍, അത്തഹ്രീറു വത്തന്‍വീര്‍ ‘തഹ്രീരുല്‍ മഅനസ്സദീദി വ തന്‍വീറുല്‍ അഖ്ലില്‍ ജദീദി മിന്‍ തഫ്സീരില്‍ കിതാബില്‍ മജീദി’, 3/ 21.
10- വഹ്ബ അസ്സുഹൈലി, അത്തഫ്സീറുല്‍ മുനീര്‍, ഡമസ്കസ്, ദാറുല്‍ ഫിക്ര്‍, ഒന്നാം പതിപ്പ്, 1992, 3/ 1

വിവ- മുഹമ്മദ് അഹ്സൻ പുല്ലൂർ

Facebook Comments

ഡോ. അലി മുഹമ്മദ് സ്വല്ലാബി

1963-ല്‍ ലിബിയയിലെ ബന്‍ഗാസി പട്ടണത്തില്‍ ജനിച്ചു. മദീനയിലെ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടി. ലിബിയന്‍ വിപ്ലവത്തിന്റെ സംഭവവികാസങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഖദ്ദാഫിയുടെ കാലത്ത് ലിബിയയില്‍ പൊതുജനങ്ങള്‍ അനുഭവിക്കേണ്ടിവന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നതും അദ്ദേഹത്തിലൂടെയായിരുന്നു. സമീപകാലം വരെ ഇസ്‌ലാമിക ചരിത്രത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഒരു പ്രബോധകനായിട്ടാണദ്ദേഹം അറിയപ്പെട്ടിരുന്നത്. സന്ദര്‍ഭവും സാഹചര്യവും അദ്ദേഹത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ വ്യാപൃതനാക്കിയിരിക്കുകയായിരുന്നു. ഇസ്‌ലാമിക വിജ്ഞാനത്തിന് പേരുകേട്ട സ്ഥാപനമായ സൂഡാനിലെ ഓംഡുര്‍മാന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തഫ്‌സീറിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഉയര്‍ന്ന മാര്‍ക്കോടെ 1996ല്‍ ബിരുദാനന്തര ബിരുദം നേടി. 1999ല്‍ അവിടെ നിന്നു തന്നെ ഡോക്ടറേറ്റും നേടി. 'ആധിപത്യത്തിന്റെ കര്‍മ്മശാസ്ത്രം ഖുര്‍ആനില്‍' എന്ന അദ്ദേഹത്തിന്റെ പ്രബന്ധം ഗൈഡിന്റെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു.പഠനകാലത്തുതന്നെ വിവിധ രാജ്യങ്ങളിലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പല ഇസ്‌ലാമിക വേദികളിലും അംഗത്വമുണ്ടായിരുന്നു.പ്രധാന ഗ്രന്ഥങ്ങള്‍: അഖീദത്തുല്‍ മുസ്‌ലിമീന്‍ ഫി സ്വിഫാതി റബ്ബില്‍ആലമീന്‍, അല്‍ വസത്വിയ്യ ഫില്‍ ഖുര്‍ആനില്‍ കരീം, മൗസൂഅഃ അസ്സീറഃ അന്നബവിയ്യ, ഫാതിഹ് ഖുസ്ത്വന്‍ത്വീനിയ്യ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഫാതിഹ്കൂടുതല്‍ വിവരങ്ങള്‍ക്ക്..https://islamonlive.in.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker