Current Date

Search
Close this search box.
Search
Close this search box.

സല്‍മാനുല്‍ ഫാരിസി (റ); സാത്വികനായ സത്യാന്വേഷി

സ്വഹാബിമാർ -2

അങ്ങ് പേര്‍ഷ്യയില്‍ നിന്നാണ് നായകന്റെ വരവ്. അതിനു ശേഷം ഒരുപാടാളുകള്‍ പേര്‍ഷ്യയില്‍ നിന്നും ദീന്‍ പുല്‍കി. ഇത് ഇസ്ലാമിന്റെ ഒരു സൗന്ദര്യമാണ്. ഈയൊരു തത്വസംഹിത ഒരു സ്ഥലത്ത് പ്രവേശിച്ചു കഴിഞ്ഞാല്‍ അവിടെയുള്ള എല്ലാ പ്രതിഭകള്‍ക്കും അത് തീപിടിപ്പിക്കുന്നു. ആ സ്ഥലത്തിന്റെ എല്ലാ ശക്തികളെയും അത് ചലനാത്മകമാക്കുന്നു.ആളുകളില്‍ ഒളിഞ്ഞിരിക്കുന്ന എല്ലാ പ്രതിഭകളെയും അത് ഉണര്‍ത്തുന്നു. ആ സ്ഥലത്തെ സ്‌നേഹം വഴിയുന്ന ഇടങ്ങളാക്കുന്നു. അങ്ങനെ മുസ്്‌ലിം തത്വചിന്തകരും മുസ്്ലിം ഡോക്ടര്‍മാരും മുസ്്‌ലിം നിയമജ്ഞരും മുസ്്‌ലിം ശാസ്ത്രജ്ഞരും അവിടെ പിറവിയെടുക്കുന്നു.

ഇസ്്‌ലാം കടന്നുചെല്ലുന്ന ഓരോ പ്രദേശവും ഇങ്ങനെയായിരുന്നു. എല്ലാ മേഖലകളിലും പ്രതിഭാധനരാല്‍ സമ്പന്നമായിരുന്നു. പല നാടുകളിലുമുള്ളവര്‍, അവരുടെയെല്ലാം ദീന്‍ ഒന്ന് മാത്രം..ഇസ്്‌ലാം.

പ്രവാചകന്‍(സ) ഇസ്്‌ലാമിന് ഇങ്ങനൊരു വേലിയേറ്റം പ്രവചിച്ചിരുന്നു. എന്നല്ല, ഇത്തരമൊരു നേട്ടം സംജാതമാകുമെന്ന് റബ്ബുല്‍ ആലമീന്റെ വാഗ്ദാനമായിരുന്നു. അതിനായി കാലം ചെവിയോര്‍ത്തിരുന്നു. പട്ടണങ്ങളുടെ നഗരങ്ങളുടെയും മുകളില്‍ പരിശുദ്ധ ദീനിന്റെ വെന്നിക്കൊടി പാറുന്നതിന് സല്‍മാനുല്‍ ഫാരിസ്(റ) സാക്ഷിയായി.

ഹിജ്‌റ അഞ്ചാം വര്‍ഷം, ഒരുകൂട്ടം ജൂതനേതാക്കള്‍ മക്കയിലേക്ക്് പുറപ്പെട്ടു. മുശ്രിക്കുകളുമായി ചേര്‍ന്ന് വാചകനെതിരെ സഖ്യകക്ഷികളെ തയ്യാറാക്കാനാണ് പദ്ധതി. ഒരു ഭയങ്കരമായ യുദ്ധം, അതില്‍ ഈ പുതിയ മതത്തിന്റെ അടിവേരിളക്കി പിഴുതെറിയണം! അതിന് മക്കയിലെ ആളുകളുടെ സഹായം വേണം. അങ്ങനെ യുദ്ധത്തിനുള്ള നീക്കങ്ങളാരാംഭിച്ചു. ഖുറൈശിപ്പടയും മദീനയിലെ ഗഥ്ഫാന്‍ ഗോത്രവും പുറത്തുനിന്ന് ആക്രമിക്കും. മുസ്്‌ലിംകളുടെ പിന്നിലൂടെ ഉള്ളില്‍ നിന്ന് ബനൂഖുറൈളയും. അങ്ങനെ നമുക്കവരെ മുച്ചൂടും ഇല്ലാതാക്കാം! ചരിത്രപ്രസിദ്ധമായ ഖന്‍ദഖ് യുദ്ധം തുടങ്ങുകയായി.

ലജബില്‍ നിന്നുള്ള വന്‍സൈന്യം മദീനയിലേക്ക് വരുന്നുണ്ടെന്നറിഞ്ഞ റസൂലും സ്വഹാബികളും ഉത്കണഠാകുലരായി. ഖുര്‍ആന്‍ ഈ അവസ്ഥയെ ചിത്രീകരിക്കുന്നതിങ്ങനെ: ‘ നിങ്ങളുടെ മുകള്‍ ഭാഗത്തുകൂടിയും നിങ്ങളുടെ താഴ്ഭാഗത്തുകൂടിയും അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോവുകയും ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം’.

അബൂസുഫ്‍യാന്റെയും ഉയയ്‌ന ബിന്‍ ഹിസിന്റെയും നേതൃത്വത്തില്‍ ഇരുപത്തിനാലായിരം പോരാളികള്‍ മദീനയെ വളഞ്ഞാക്രമിക്കാനും മുഹമ്മദിനെയും അവന്റെ കൂട്ടാളികളെയും അവസാനിപ്പിക്കാനും മദീനയിലേക്ക് എത്തുന്നു. ഖുറൈശികള്‍ മാത്രമായിരുന്നില്ല. ഇസ്്‌ലാമിനെ ശത്രുസ്ഥാനത്ത് കണ്ടിരുന്ന എല്ലാവരും അതിലുണ്ടായിരുന്നു. ഇത് മുഹമ്മദിനെയും കൂട്ടരെയും ഇല്ലാതാക്കാനുള്ള അവസാന ശ്രമമാണ്. വിശ്വാസികള്‍ ആകെ വിഷമവൃത്തത്തിലായി.

പ്രവാചകരും അനുയായികളും കൂടിയിരുന്ന് ആലോചിച്ചു.

തിരിച്ചടിക്കണം! പക്ഷേ എങ്ങനെ?

അതാ നല്ല ഉയരമുള്ള, തിങ്ങിയ മുടിയുള്ള ഒരാള്‍ കടന്നുവരുന്നു. പേര്‍ഷ്യക്കാരന്‍ സല്‍മാന്‍!. മുന്നോട്ട് വന്ന് പീഠഭൂമിയുടെ മുകളില്‍ നിന്ന് മദീനയെ സൂക്ഷമമായി നിരീക്ഷിച്ചു. പാറകളും മലകളുമാണ് ചുറ്റുമുള്ളത്. പക്ഷേ ആ കാണുന്ന വിടവിലൂടെ സൈന്യത്തിന് എളുപ്പത്തില്‍ മദീനയിലേക്ക് പ്രവേശിക്കാം. തന്റെ നാടായ പേര്‍ഷ്യയില്‍ നിന്നും ഒരുപാട് യുദ്ധരീതികളും തന്ത്രങ്ങളും അദ്ദേഹത്തിനറിയാം. അങ്ങനെ മുമ്പ് അറബികള്‍ക്കത്ര പരിചയമില്ലാത്ത ഒരു യുദ്ധരീതി പ്രവാചകന് സല്‍മാന്‍ പറഞ്ഞുകൊടുത്തു. മദീനയുടെ ചുറ്റും കിടങ്ങ് കുഴിക്കുക!

ഇനിയെങ്ങാനും ആ കിടങ്ങ് കുഴിച്ചില്ലായിരുന്നുവെങ്കില്‍ മുസ്്‌ലിംകളുടെ ഗതിയെന്താവുമായിരുന്നു.!

മദീനയില്‍ പ്രവേശിക്കാനാവാതെ ഒരുമാസമാണ് ശത്രുക്കള്‍ അവരുടെ കൂടാരത്തില്‍ കഴിഞ്ഞത്. ഒരുദിവസം രാത്രി അതിശക്തമായ കാറ്റ് വീശുകയും ശത്രുപക്ഷത്തിന്റെ കൂടാരങ്ങള്‍ മുഴുവന്‍ ചിതറിപ്പോവുകയും ചെയ്തു.

ഏറെ ദയനീയമായി അബൂസുഫ്‌യാന്‍ തന്റെ സൈനികരോട് വന്നിടത്തേക്ക് പോവാന്‍ കല്‍പിച്ചു.

പ്രവാചകന്റെയും സ്വഹാബികളുടെയും കൂടെ സല്‍മാനും കിടങ്ങ് കുഴിക്കാനിങ്ങി. കിടങ്ങിന്റെ പണി പുരോഗമിക്കവെ, ഒരു വലിയ പാറ അവര്‍ക്ക് തടസ്സം സൃഷ്ടിച്ചു.

സല്‍മാന്‍ നല്ല കരുത്തനാണ്. അദ്ദേഹത്തിന്റെ ആഞ്ഞൊരടി മതി പാറകള്‍ ചിതറാന്‍. പക്ഷേ ഇവിടെ അദ്ദേഹം നിസ്സഹായനായി. പ്രതിബന്ധം സൃഷ്ടിക്കുന്ന പാറ തകര്‍ക്കാന്‍ കൂടെയുള്ളവരെ അദ്ദേഹം വിളിച്ചു. അവരുടെ ക്ഷീണം വര്‍ദ്ധിച്ചതല്ലാതെ വേറൊന്നും സംഭവിച്ചില്ല.

കുഴിക്കുന്ന സ്ഥലം മാറ്റിയാലോ എന്ന് സല്‍മാന്‍ ഫാരിസ്(റ) പ്രവാചകരോട് ചോദിച്ചു. സല്‍മാനെയും കൂട്ടി പ്രവാചകന്‍(സ) സ്ഥലം പരിശോധിച്ചു. സ്ഥലം കണ്ടപ്പോള്‍ പ്രവാചകന്‍ ഒരു മണ്‍വെട്ടി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും സ്വഹാബികളോട് അല്‍പം മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തക്ബീര്‍ ചൊല്ലി, കൈകള്‍ രണ്ടും ബലമായി മണ്‍വെട്ടിയില്‍ മുറുക്കിപ്പിടിച്ച്, മേലോട്ടുയര്‍ത്തി പാറക്കല്ലില്‍ ആഞ്ഞുവെട്ടി. പാറ പിളര്‍ന്നു. പല കഷ്ണങ്ങളായി. സല്‍മാന്‍(റ) പറയുന്നു: ആ കഷ്ണങ്ങള്‍ തിളങ്ങുന്നതായി ഞാന്‍ കണ്ടു. ആ വെളിച്ചം മദീനയിലാകെ പരന്നു.’

പ്രവാചകന്‍(സ) ഉറക്കെപ്പറഞ്ഞു: ‘അല്ലാഹു അക്ബര്‍, എനിക്ക് പേര്‍ഷ്യയുടെ താക്കോല്‍ക്കൂട്ടങ്ങള്‍ ലഭിച്ചിരിക്കുന്നു. എനിക്ക് വേണ്ടി അല്‍ ഹീറയുടെ കൊട്ടാരങ്ങള്‍ വെട്ടിത്തിളങ്ങുന്നു.’

രണ്ടാമതും മണ്‍വെട്ടിയെടുത്ത് പാറയുടെ മേലെ ആഞ്ഞടിച്ചു. അവിടം വീണ്ടും പ്രകാശത്താല്‍ ജ്വലിച്ചു. ‘ അല്ലാഹു അക്ബര്‍, എനിക്ക് റോമിന്റെ താക്കോല്‍ക്കൂട്ടങ്ങള്‍ ലഭിച്ചിരിക്കുന്നു. അവിടത്തെ ചുവന്ന കൊട്ടാരങ്ങള്‍ എനിക്ക് വേണ്ടി പ്രകാശപൂരിതമായിരിക്കുന്നു. എന്റെ ഉമ്മത്ത് അവിടം കീഴടക്കും.’

മണ്‍വെട്ടിയെടുത്ത് മൂന്നാമതും പ്രവാചകന്‍(സ) ശക്തിയായി ആഞ്ഞുവെട്ടി. പാറക്കല്ല് പൊട്ടിച്ചിതറുകയും അവിടമാകെ പ്രകാശമാനമാവുകയും ചെയ്തു. നബിയോടൊപ്പം അനുചരരും തഹ്‌ലീല്‍ മുഴക്കി. സിറിയയിലും സന്‍ആയിലും എന്നുതുടങ്ങി ഒരനാള്‍ സത്യദീനിന്റെ വിജയപതാകയുയരുന്ന പട്ടണങ്ങളെ കുറിച്ച് നബി(സ) സ്വഹാബികളോട് പറഞ്ഞു. നിശ്ചയദാര്‍ഢ്യത്തോടെ മുസ്്‌ലിംകള്‍ ഒന്നടങ്കം പ്രതിവചിച്ചു: ‘ ഇത് അല്ലാഹുവും അവന്റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്.’

സല്‍മാനാണ് കിടങ്ങ് കുഴിക്കണമെന്ന അഭിപ്രായം മുന്നോട്ട്് വച്ചത്. വരാനിരിക്കുന്ന ധാരാളം രഹസ്യങ്ങളുറങ്ങിക്കിടന്ന പാറ ആദ്യം കണ്ടത് സല്‍മാനായിരുന്നു. റസൂലിന്റെ വശങ്ങളിലൂടെ പ്രത്യാശയുടെ കിരണങ്ങളുയരുന്നതിനും സല്‍മാന്‍ സാക്ഷിയായിരുന്നു. സന്തോഷവാര്‍ത്ത കേള്‍ക്കാനും സല്‍മാനുണ്ടായിരുന്നു. എന്നല്ല, അത് സത്യമായി പുലര്‍ന്ന കാലത്തും സല്‍മാന്‍ ഫാരിസ് (റ) ജീവിച്ചിരുന്നു.

ഉയര്‍ന്ന മിനാരങ്ങളിലൂടെയുള്ള ഹിദായത്തിന്റെയും നന്മയുടെയും അനുഗ്രഹീതമായ ബാങ്കൊലിയാല്‍ ഭൂമി പുളകമണിയുന്നത് അദ്ദേഹം കണ്ടു.

അല്‍മദാഇനിലെ വീട്ടിലെ ഇടതൂര്‍ന്ന മരത്തണലിലിരുന്ന് കൂടെയുള്ളവരോട് തന്റെ സത്യാന്വേഷണ ഗാഥകള്‍ പറയുകയാണ് സല്‍മാനുല്‍ ഫാരിസ്(റ). ക്രൈസ്തവത ഉപേക്ഷിച്ച് ഇസ്്‌ലാമിന്റെ ശ്വാദലതീരമണഞ്ഞതും പിതാവിന്റെ സ്വത്തുവകകളെല്ലാം വിട്ടെറിഞ്ഞ് ഒന്നുമില്ലായ്മ വരിച്ചതും ചുറ്റുമുള്ളവരോട് വിവരിക്കുകയാണദ്ദേഹം.

സത്യാന്വേഷണ പാതയില്‍ എങ്ങനെയദ്ദേഹം അടിമച്ചന്തയില്‍ എത്തപ്പെട്ടു?

റസൂലിനെ കാണുകയും വിശ്വസിക്കുകയും ചെയ്തതെങ്ങനെ?

വരൂ, നമുക്കദ്ദേഹത്തിന്റെ ഉജ്ജ്വലമായ ചരിത്രം കേള്‍ക്കാം..

തീയിനെ ആരാധിക്കുന്ന മജൂസി മതത്തില്‍ ഒരുപാടു കാലം വിശ്വസിച്ചു. ഒരിക്കല്‍ സല്‍മാനെ തന്റെ പിതാവ് അദ്ദേഹത്തിന്റെ ഒരു എസ്റ്റേറ്റിലേക്ക് കൊണ്ടുപോയി. അവിടെ ക്രൈസ്തവര്‍ പ്രാര്‍ത്ഥിക്കുന്നത് സല്‍മാന്‍ കേള്‍ക്കാനിടയായി. അവരെന്താണ് ചെയ്യുന്നതെന്നറിയാനുള്ള ആകാംക്ഷയില്‍ അകത്തേക്ക് പ്രവേശിച്ച സല്‍മാന് അവരുടെ ആരാധനാ രീതി അത്ഭുതപ്പെടുത്തി. ഇത് തങ്ങളുടെ മതത്തേക്കാള്‍ കൊള്ളാമല്ലോ എന്ന് അദ്ദേഹത്തിന് തോന്നി.

എന്നിട്ട് അവിടെയുണ്ടായിരുന്ന ക്രിസ്ത്യാനികളോട് ഈ മതത്തിന്റെ ഉത്ഭവത്തെ കുറിച്ചന്വേഷിച്ചു. ശാമിലാണെന്ന് അദ്ദേഹത്തിന് മറുപടി ലഭിക്കുകയും ചെയ്തു.

തിരിച്ച് വീട്ടിലെത്തിയ സല്‍മാന്‍ ചര്‍ച്ചിനെ കുറിച്ചും അവിടുത്തെ ആരാധനാ രീതികളെ കുറിച്ചും പിതാവിനോട് പറഞ്ഞു. നമ്മുടേതിനേക്കാള്‍ നല്ല മതമാണല്ലോ അതെന്ന് പറഞ്ഞോപ്പോഴേക്കും സല്‍മാനെ പിതാവ് ബന്ധിക്കുകയും കാലില്‍ വിലങ്ങിടുകയും ചെയ്തു.

പിന്നീട് സല്‍മാനുല്‍ ഫാരിസ് ക്രൈസ്തവത സ്വീകരിക്കുകയും ക്രൈസ്തവ പുരോഹിതരോടൊപ്പം ശാമിലേക്ക് യാത്രതിരിക്കുകയും ചെയ്തു.

ശാമിലെത്തിയ സല്‍മാന്‍ അവിടെ ഒരു ബിഷപ്പിനെ പരിചയപ്പെടുകും തന്റെ ആഗമനോദ്ദേശ്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ ആ ബിഷപ്പ് പാവങ്ങള്‍ക്ക് വിതരണം ചെയ്യാനെന്ന വ്യാജേന പണം വാങ്ങി പൂഴ്ത്തിവെക്കുന്നയാളായിരുന്നു. അയാളുടെ മരണാനന്തരം വേറൊരാളെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുകയുണ്ടായി. ഇഹലോക വിരക്തിയും പരലോക മുക്തിയും കൈമുതലാക്കിയ തികഞ്ഞ ദൈവവിശ്വാസിയായ ഒരാളായിരുന്നു അദ്ദേഹം.

അദ്ദേഹത്തെ സല്‍മാന്‍ അതിയായി സ്‌നേഹിച്ചു. ഒരിക്കല്‍ ആ അദ്ദേഹത്തോട് സല്‍മാന്‍ ഒരാഗ്രമുന്നയിച്ചു:’ ദൈവസന്നിധിയില്‍ നിന്നിറങ്ങി വന്നയാളെപ്പോലെയാണ് താങ്കളെ എനിക്കനുഭവിക്കാന്‍ കഴിയുന്നത്. താങ്കള്‍ക്കെന്താണ് എന്നോട് കല്‍പിക്കാനുള്ളത്? ആര്‍ക്കാണ് താങ്കളെന്നെ ശിപാര്‍ശ ചെയ്യുന്നത്?

അദ്ദേഹം പറഞ്ഞു:’ മകനേ, എന്നെപ്പോലെ ആരെയും എനിക്കറിയില്ല. മൊസൂളിലെ ഒരാളൊഴികെ.

അങ്ങനെ സല്‍മാന്‍ മൊസൂളിലേക്ക് തിരിച്ചു. അവിടെയുള്ള ആ സ്വാതികനോടൊപ്പം കുറച്ചുനാള്‍ കഴിയുകയും അദ്ദേഹത്തിന്റെ മരണമടുത്തപ്പോള്‍ ആ വ്യക്തി നുസൈബിനില്‍ ഉള്ള ഒരു പണ്ഡിതനിലേക്ക് സല്‍മാനെ പറഞ്ഞയച്ചു. അങ്ങനെ അവസാനം റോമിലുള്ള അമ്മൂരിയയിലെ പണ്ഡിതന്റെയടുക്കല്‍ സല്‍മാന്‍ എത്തിച്ചേര്‍ന്നു. അങ്ങനെ ആ പണ്ഡിതനും മരണാസന്നനായപ്പോള്‍ സല്‍മാന്‍ ഫാരിസ് അദ്ദേഹത്തോട് ചോദിച്ചു: ‘ ഇനിയെങ്ങോട്ടാണ് ഞാന്‍ പോവുക?. അദ്ദേഹം പറഞ്ഞു:’ മകനേ, ഞങ്ങളെപ്പോലുള്ളവരെ എനിക്കറിയില്ല, ഇബ്‌റാഹീം പ്രവാചകന്റെ മതവുമായി അവതരിക്കുന്ന ഒരാള്‍ വരാനുണ്ട്. അയാളുടെ അടുത്തേക്ക് നീ ചെല്ലുക. ഈന്തപ്പനകളുള്ള നാട്ടിലേക്ക് അവന്‍ കുടിയേറും. നിനക്ക് പറ്റുമെങ്കില്‍ നീ അയാളുടെ അടുക്കല്‍ ചെല്ലുക. മറഞ്ഞിരിക്കാത്ത ഒരുപാട് ദൃഷ്ടാന്തങ്ങള്‍ അവന്റെ കൈവശമുണ്ട്. അവന്‍ ദാനങ്ങള്‍ സ്വീകരിക്കുകയില്ല. സമ്മാനങ്ങള്‍ സ്വീകരിക്കുന്നയാളാണ്. അവന്റെ തോളുകളില്‍ പ്രവാചക മുദ്രണമുണ്ട്. അയാളെ കണ്ടാല്‍ നിനക്ക് മനസ്സിലാവും’.

അങ്ങനെ ഒരു യാത്രാസംഘത്തോടൊപ്പം അറേബ്യന്‍ ഉപദ്വീപിലേക്ക് സല്‍മാന്‍ യാത്രതുടങ്ങി. വാദി അല്‍ ഖുറയിലെത്തിയപ്പോള്‍ അവര്‍ ഒരു ജൂതന് സല്‍മാനെ വിറ്റു കാശാക്കി. ചുറ്റും ഈത്തപ്പനകള്‍ കണ്ടതോടെ തനിക്ക് വിവരിക്കപ്പെട്ട സ്ഥലം ഇതായിരിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കി. പക്ഷേ അതായിരുന്നില്ല സ്ഥലം. സല്‍മാന്‍ തന്റെ യജമാനന്റെ അടുത്ത് തന്നെ നിന്നു. അയാള്‍ ബനൂഖുറൈളയിലെ വേറൊരു ജൂതന് സല്‍മാനെ വിറ്റു. അയാള്‍ സല്‍മാനെയും കൊണ്ട് മദീനയിലേക്ക് പോയി. അങ്ങനെ തനിക്ക് വിവരിക്കപ്പെട്ട സ്ഥലം സല്‍മാന്‍ കണ്‍നിറയെ കണ്ടു.

കുറേ നാള്‍ സല്‍മാന്‍ ആ ജൂതയജമാനന്റെ കീഴില്‍ ഈത്തപ്പന തോട്ടത്തില്‍ പണിയെത്തു പോന്നു. ആയിടക്കാണ് മദീനയില്‍ പ്രവാചകന്‍(സ) എത്തിച്ചേരുന്നത്.

ഒരിക്കല്‍ സല്‍മാന്‍ ഈത്തപ്പനയുടെ മുകളിലിരിക്കുമ്പോള്‍ ഒരു ജൂതന്‍ മരത്തിന് താഴെയുണ്ടായിരുന്ന യജമാനനോട് വന്നിട്ട് ഇങ്ങനെ പറഞ്ഞു:’ മക്കയില്‍ നിനിന്നുള്ള ഒരുത്തന്‍ പ്രവാചകന്‍ ആണെന്നും പറഞ്ഞ് ഖുബായില്‍ എത്തിയിട്ടുണ്ട്.’

കേട്ടയുടനെ മരത്തിന്റെ മുകളില്‍ നിന്നും സല്‍മാന്‍ മരത്തില്‍ നിന്നും പിടിവിട്ട് താഴേക്ക് വീണു. അയാളോട് ചോദിച്ചു:’ നീയെന്താ പറഞ്ഞത്? എന്താണ് വാര്‍ത്ത?’

അപ്പോള്‍ ജൂതയജമാനന്‍ അദ്ദേഹത്തെ മര്‍ദ്ദിച്ച് ചോദിച്ചു:’ അതിന് നിനക്കെന്താ?. പോയി പണിയെടുക്ക്..’

അദ്ദേഹം ജോലിയില്‍ മുഴകി. വൈകുന്നേരമായപ്പോള്‍ ഉള്ളതെല്ലാം പെറുക്കിയെടുത്ത് ഖുബാഇലേക്ക് പ്രവാചകനെ കാണാന്‍ പുറപ്പെട്ടു. അവിടെയെത്തിയപ്പോള്‍ പ്രവാചകരുടെ കൂടെ ഒരുപറ്റം സ്വാഹാബികളെയും കണ്ടു. എന്നിട്ട് പ്രവാചകന്റെയടുക്കല്‍ ചെന്നിട്ട് പറഞ്ഞു: ‘ എന്റെ അടുത്ത് കുറച്ച് ദാനധര്‍മ്മത്തിനായി നേര്‍ച്ച വെച്ച കുറച്ച് ഭക്ഷണമുണ്ട്. നിങ്ങളെ കണ്ടിട്ട് ആവശ്യക്കാരാണെന്ന് തോന്നുന്നല്ലോ..’

പ്രവാചകന്‍ (സ) ആ ഭക്ഷണം സ്വീകരിച്ചതിന് ശേഷം അത് സ്വഹാബികള്‍ക്ക് കൊടുത്തതിന് ശേഷം പറഞ്ഞു:’ ബിസ്മി ചൊല്ലി കഴിക്കുക.’ അദ്ദേഹം അത് കഴിക്കുന്നതേ ഇല്ല.

സല്‍മാന്‍ മനസ്സിലുറപ്പിച്ചു:’ ദൈവത്താണ, ഒരു സൂചന ലഭിച്ചിരിക്കുന്നു..ഇദ്ദേഹം സ്വദഖ സ്വീകരിക്കുന്നില്ല!’

വൈകുന്നേരമായപ്പോള്‍ സല്‍മാന്‍ വീണ്ടും ഭക്ഷണവുമായി ചെന്നിട്ട് പറഞ്ഞു:’ ദാനമായി തന്നത് താങ്കള്‍ സ്വീകരിക്കുന്നില്ല. എന്റെയടുത്ത് താങ്കള്‍ക്കായി മാറ്റിവച്ച ഒരു സമ്മാനപ്പൊതിയുണ്ട്. താങ്കളത് സ്വീകരിച്ചാലും.’

പ്രവാചകന്‍(സ) അത് സ്വീകരിക്കുകയും സ്വഹാബികള്‍ക്ക് കൊടുക്കുകയും ചെയ്തു.

സല്‍മാന് രണ്ടാമത്തെ സൂചന കിട്ടി. അദ്ദേഹമതാ, സമ്മാനം സ്വീകരിക്കുന്നു.

ഒരു ജനാസയെ അനുഗമിക്കവെ പ്രവാചകന്റെ തോള്‍ഭാഗം വെളിപ്പെടുകയും അപ്പോള്‍ സല്‍മാന്‍ ആ ഭാഗത്ത് പ്രവാചകമുദ്രണം ശ്രദ്ധിക്കുകയും ചെയ്തു.

സന്തോഷത്താല്‍ സല്‍മാന്‍ കരഞ്ഞുകൊണ്ട് പ്രവാചകരെ ചുംബിച്ചു. അദ്ദേഹത്തെ അടുത്തുവിളിച്ച് പ്രവാചകന്‍(സ) വിവരം തിരക്കി. സല്‍മാന്‍ ഇതപര്യന്തമുള്ള തന്റെ യാത്രയെ കുറിച്ച് വിശദമായി പ്രവാചകനോട് പറഞ്ഞുകൊടുത്തു.

അങ്ങനെ സല്‍മാനുല്‍ ഫാരിസ് ഇസ്്‌ലാം സ്വീകരിച്ചു. അദ്ദേഹത്തെ അടിമത്തത്തില്‍ നിന്നും പ്രവാകന്‍ മോചിപ്പിച്ചു.

സല്‍മാനുല്‍ ഫാരിസെന്ന സത്യാന്വേഷിയുടെ അത്യുജ്ജ്വലമായ യാത്രയാണ് ഇതുവരെ നാം വായിച്ചത്.

ഇത്രമേല്‍ ഉന്നതനായ വേറാരാണുണ്ടാവുക?

എന്തിനെയും മറികടക്കാനുള്ള അദ്ദേഹത്തിന്റെ ഇച്ഛാശക്തിയും അസാധ്യമയതിനെ സാധ്യമാക്കാനുള്ള അദ്ദേഹത്തിന്റെ ശേഷിയും എന്തുമാത്രം അപാരമാണ്!

സത്യത്തിനായി സമര്‍പ്പിച്ചയാള്‍..പിതാവിന്റെ സ്വത്തുക്കളെല്ലാം ഇട്ടെറിഞ്ഞ് ശൂന്യതിലേക്ക്..രാജ്യങ്ങളില്‍ നിന്നും രാജ്യങ്ങളിലേക്ക്..പീഡിതനായി..ആരാധകനായി..സത്യത്തിന്റെ പിന്നാലെയുള്ള ദൃഢനിശ്ചയവുമായി..അടിമച്ചന്തയില്‍ വില്‍ക്കപ്പെടുവോളമുള്ള അദ്ദേഹത്തിന്റെ മഹത്തായ ത്യാഗം..അങ്ങനെ പ്രവാചകനെ കണ്‍നിറയുവോളം കാണുന്നു..അദ്ദേഹത്തോടൊപ്പം എല്ലായിടത്തു നിന്നുമുള്ള ആളുകള്‍ ദീനിലേക്ക് സാക്ഷ്യംവഹിച്ച് കടന്നു വരുന്നു..

ഇത്രയും ദൃഢനിശ്ചയമുള്ള ഒരാളുടെ ഈമാന്‍ എന്തുമാത്രം ശക്തമായിരിക്കും?

അബുദ്ദര്‍ദ്ദാഅ് (റ) ന്റെ കൂടെയാണ് സല്‍മാനുല്‍ ഫാരിസ് (റ) കഴിഞ്ഞിരുന്നത്. പകല്‍ നോമ്പും രാത്രി നമസ്‌കാരവുമായി കഴിഞ്ഞിരുന്ന ആളായിരുന്നു അബുദ്ദര്‍ദ്ദാഅ്.

ഒരുദിവസം ഈ ഉപവാസത്തില്‍ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ സല്‍മാന്‍ (റ) ചെന്നു. ഉടന്‍ അബുദ്ദര്‍ദ്ദാഅ് പറഞ്ഞു:’ എന്റെ രക്ഷിതാവിന് വേണ്ടി നോമ്പെടുക്കുന്നതില്‍ നിന്നും താങ്കളെന്നെ തടയുകയാണോ’?

സല്‍മാന്‍ (റ) ന്റെ മറുപടി ഇങ്ങനെയായിരുന്നു:’ തീര്‍ച്ചയായും നിന്റെ കണ്ണുകളോട് നിനക്ക് ബാധ്യതയുണ്ട്. നിന്റെ കുടുംബത്തോട് നിനക്ക് ബാധ്യതയുണ്ട്. നോമ്പെടുത്തോളൂ..പക്ഷേ ഇടക്ക് മുറിക്കണം..നമസ്‌കരിച്ചോളൂ..എന്നാല്‍ ഇടക്ക് ഉറങ്ങണം..’

പ്രവാചകന്റെയടുക്കല്‍ വിവരമെത്തി. അവിടുന്ന് ഇങ്ങനെ പറഞ്ഞു:’ സല്‍മാന്‍ വിജ്ഞാനത്താല്‍ നിറഞ്ഞിരിക്കുന്നുവല്ലോ..’. പ്രവാചകന്‍ അദ്ദേഹത്തിന്റെ വിജ്ഞാനത്തെ മുക്തഗണ്ഠം പ്രശംസിച്ചു.

ഖന്‍ദഖ് യുദ്ധത്തിന്റെ അന്ന്, മുഹാജിറുകളും അന്‍സ്വാറുകളും സല്‍മാനു വേണ്ടി പിടിവലിയായി. സല്‍മാന്‍ ഞങ്ങളില്‍ പെട്ടവനാണെന്ന് ഇരുകൂട്ടരും പറഞ്ഞുകൊണ്ടേയിരുന്നു.

പ്രവാചകന്‍ അവരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു:’ സല്‍മാനുല്‍ ഫാരിസ് ആലുബൈത്തില്‍ പെട്ടവനാണ്’!

ഇതത്രെ അദ്ദേഹത്തിന് ചേരുന്ന സ്ഥാനം. ലുഖ്മാനുല്‍ ഹക്കീം എന്നായിരുന്നു അലി(റ) അദ്ദേഹത്തെ വിളിച്ചിരുന്നത്. സല്‍മാനുല്‍ ഫാരിസിയെ കുറിച്ച് അദ്ദേഹത്തിന്റെ വിയോഗശേഷം അലി(റ) നോട് ചോടിക്കുന്നുണ്ട്. അദ്ദേഹം പറയുന്നതിങ്ങനെ:’ ആ മഹനുഭാവന്‍ ആലുബൈത്തില്‍ പെട്ടയാളായിരുന്നു. നിങ്ങളില്‍ ലുഖ്മാനുല്‍ ഹക്കീമിനെ പോലെ ആരെങ്കിലുമുണ്ടോ?. ആദ്യത്തെയും അവസാനത്തെയും ജ്ഞാനം ലഭിച്ചവര്‍, ആദ്യത്തെയും അവസാനത്തെയും വേദം വായിച്ചവര്‍..സല്‍മാനുല്‍ ഫാരിസ്, സമൃദ്ധമായ സമുദ്രമാണത്!’.

നബിയുടെയും സ്വഹാബിമാരുടെയും ഹൃദയത്തില്‍ ഉന്നതസ്ഥാനമലങ്കരിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം.

ഉമര്‍(റ) ഖലീഫയായിരുന്നപ്പോള്‍ മദീനയിലെത്തിയ സല്‍മാനുല്‍ ഫാരിസ് (റ) നെ സ്വീകരിച്ചാനയിക്കാന്‍ സ്വഹാബികളെല്ലാവരും ഓടിപ്പോവുന്നത് കണ്ട്് ഖലീഫ ഉമര്‍ (റ) ആശ്ചര്യപ്പെട്ടു.

പ്രവാചക കാലത്ത് മാത്രമല്ല, അബൂബക്കര്‍ (റ) ന്റെയും ഉമര്‍ (റ) ന്റെയും കാലത്ത് ജീവിച്ചിരുന്നയാളായിരുന്നു സല്‍മാനുല്‍ ഫാരിസ്. ഉസ്മാന്‍(റ) ന്റെ കാലത്താണ് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയാവുന്നത്.

ഇസ്ലാം എല്ലാ അര്‍ത്ഥത്തിലും സമ്പല്‍സമൃദ്ധമായിരുന്ന കാലമായിരുന്നു ഇത്. സാമ്പത്തികമായി മാത്രമല്ല, ഭരണകൂടവും ദിനംപ്രതി വികസനം പ്രാപിക്കുകയായിരുന്നു.

നിരന്തരം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇസ്്‌ലാമിക സാമ്രാജ്യം, ഉത്തരവാദിത്തങ്ങളും പദവികളും ഓരോന്നായി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു..ഈ തിരക്കിനിടയില്‍ സല്‍മാനെവിടെയായിരിക്കും?

കണ്‍തുറന്ന് നോക്കൂ, അങ്ങകലെ മരത്തണലിലിരുന്ന് പാത്രങ്ങളുണ്ടാക്കുന്ന ഒരാളെ കാണുന്നില്ലേ..സല്‍മാനാണത്, സല്‍മാനുല്‍ ഫാരിസ്.

ഏറെ ഗാംഭീര്യത്തോടെ, മുട്ടുവരെ നീളംകുറഞ്ഞ വസ്ത്രം ധരിച്ച സല്‍മാന്‍.

സല്‍മാനുല്‍ ഫാരിസ്(റ) ന്റെ ദാനധര്‍മ്മം ഏറെ വിശ്രുതമാണ്. നാലായിരത്തിന്റെയും ആറായിരത്തിന്റെയും ഇടയിലുള്ള തുകയാണ് അദ്ദേഹം സ്വദഖയായി നല്‍കുന്നത്. ഒരു രൂപ പോലും സ്വന്തമായി അദ്ദേഹം എടുത്തിരുന്നില്ല.

അബൂബക്കര്‍ (റ), ഉമര്‍(റ), അബൂദര്‍(റ) എന്നിവരുടെ തഖ്‌വയെ കുറിച്ച് കേള്‍ക്കുമ്പോള്‍ അതവരുടെ ജീവിതം അങ്ങനെ ആയതുകൊണ്ടാണെന്ന് എന്നാണ് നാം പറയാറ്.

ഇവിടെ നോക്കൂ, സമൃദ്ധിയുടെയും ആഡംബരത്തിന്റെയും നാടായ പേര്‍ഷ്യ, എല്ലാവിധ പ്രതാപത്തിന്റെയും നാഗരികതയുടെയും നാട്, അവിടുത്തെ വരേണ്യരില്‍ പെട്ടയാള്‍, ഇന്ന് അതെല്ലാം വിട്ടെറിഞ്ഞ് വെറുമൊരു ദിര്‍ഹം കൊണ്ട്് ദിവസം തള്ളിനീക്കുന്നു!

അധികാരത്തില്‍ നിന്ന് ഓടിപ്പോവുകയും അതിനെ നിരസിക്കുകയും ചെയ്തിട്ട് സല്‍മാന്‍ പറയുന്നത് നോക്കൂ: ‘ മണ്ണ് തിന്നിട്ടാണെങ്കില്‍ പോലും രണ്ടുപേര്‍ക്കിടയില്‍ നീ ഭരിക്കുന്നവനാവരുത്. ‘

നാഗരികതയുടെയും സര്‍വൈശ്വര്യങ്ങളുടെയും കളിത്തൊട്ടിലായിരുന്ന പേര്‍ഷ്യയില്‍ നിന്ന് വന്നിട്ടുപോലും സല്‍മാനുല്‍ ഫാരിസ് (റ) ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്തിനായിരിക്കും?

അദ്ദേഹം തന്നെ പറയട്ടെ. മരണക്കിടക്കിയിലാണ് സല്‍മാനുല്‍ ഫാരിസ്. ദുനിയാവിനോട് വിടപറയാന്‍ നേരമായിരിക്കുന്നു. സഅദ് ബിന്‍ അബീവഖാസ് (റ) അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെല്ലുന്നു. സഅദിനെ കണ്ടയുടന്‍ സല്‍മാനുല്‍ ഫാരിസ് (റ) കരയുകയാണ്.

സഅദ് (റ) ചോദിച്ചു:’ ഹേ, അബൂഅബ്ദില്ലാ..താങ്കെളെന്തിനാണ് കരയുന്നത്? അല്ലാഹുവിന്റെ തിരുദൂതര്‍ താങ്കളെ തൊട്ട് തൃപ്്തിപ്പെട്ടതല്ലേ..?’

സല്‍മാന്‍ പറഞ്ഞു:’ മരണവേദന കൊണ്ടല്ല ഞാന്‍ കരയുന്നത്, ദുനിയാവിനോടുള്ള ആര്‍ത്തി കൊണ്ടുമല്ല, നബിവര്യര്‍ നമ്മളുമായി ഒരു കരാറുണ്ടാക്കിയിരുന്നല്ലേ..ഈ ലോകത്ത് നിങ്ങളുടെ ഓഹരി ഒരു യാത്രക്കാരന്റേത് പോലെ ആയിരിക്കണമെന്ന്..എന്നാല്‍ എന്റെ ചുറ്റും എന്തെല്ലാമാണ് ഉള്ളതെന്ന് കാണുന്നില്ലേ..’

പക്ഷേ സഅദിന് ഒരു അംഗശുദ്ധി വരുത്താനുള്ള പാത്രമല്ലാതെ വേറൊന്നും അവിടെ കാണാന്‍ കഴിഞ്ഞില്ല.

സല്‍മാനുല്‍ ഫാരിസ് (റ) സഅദ് ബിന്‍ അബീവഖാസിനോട് പറഞ്ഞു:’ ഓ സഅ്ദ്, വിഷമം വന്നാല്‍ അല്ലാഹുവെ ഓര്‍ക്കുക, ശപഥം ചെയ്യുമ്പോഴും ഭരിക്കുമ്പോഴുമെല്ലാം അല്ലാഹുവെ ഓര്‍ക്കുക.’

ഐഹിക ജീവിതത്തോടുള്ള വിരക്തിയാല്‍ മനസ്സിനെ തൃപ്തിപ്പെടുത്തിയവയരാണ് സല്‍മാനുല്‍ ഫാരിസ്(റ). ഭൗതികലോകം നിങ്ങളെ കീഴ്‌പെടുത്താതിരിക്കട്ടെ. ഒരു വഴിയാത്രക്കാരന്റെ ഓഹരി മാത്രമേ നിങ്ങള്‍ക്കുള്ളൂ എന്ന പ്രവാചക വസിയ്യത്ത് നിറവേറ്റിയവര്‍.

റൂഹ് പിരിയുന്ന നിമിഷം. തിരുനബിയുടെ ആ കല്‍പന നിറവേറ്റാനായോ എന്നോര്‍ത്ത് ആ മഹാനുഭാവന്റെ കണ്ണുനീര്‍ ഉറ്റിവീണു.

അംഗശുദ്ധി വരുത്താനുള്ള ഒരു കോപ്പയല്ലാതെ മറ്റൊന്നുമില്ലെങ്കിലും അദ്ദേഹം അങ്ങേയറ്റം ഐശ്വര്യത്തില്‍ തന്നെയാണ്.

ഭരണകൂടം നല്‍കുന്ന ഒന്നും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. കൈതൊഴിലല്ലാതെ വേറൊരു വരുമാന മാര്‍ഗ്ഗവും അദ്ദേഹത്തിന് ശീലമില്ലായിരുന്നു.

ഒരിക്കല്‍ അദ്ദേഹം റോഡിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ ശാമില്‍ നിന്നും അത്തിപ്പഴവും ഈത്തപ്പഴവും ചുമന്നുവരുന്ന ഒരാളെ കണ്ടുമുട്ടി. ഭാണ്ഡക്കെട്ടിന്റെ ഭാരം താങ്ങാനാവാതെ ബുദ്ധിമുട്ടുകയാണയാള്‍. വഴിയരികില്‍ നില്‍കുന്ന സല്‍മാനുല്‍ ഫാരിസ് (റ) നെ കണ്ടതും ഇയാള്‍ ചുമടുമായി അദ്ദേഹത്തിന്റെയടുക്കല്‍ ചെന്നിട്ട് പറഞ്ഞു:’ ഈ ചുമടൊന്ന് ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ എന്നെ സഹായിക്കണം. പകരം എന്തെങ്കിലും തരാം’. അങ്ങനെ രണ്ടുപേരും കൂടി ചുമടുമായി നടന്നുനീങ്ങി.

വഴിയിലുടനീളം ആളുകള്‍ അവര്‍ക്ക് സലാം പറയുന്നുണ്ട്. അയാള്‍ ഉള്ളില്‍ ചോദിച്ചു:’ ഇവരിത് ആരോടാണ് സലാം പറയുന്നത്?’

കുറച്ചുകഴിഞ്ഞപ്പോള്‍ ചിലര്‍ തങ്ങളിരുവര്‍ക്കും നേരെ പാഞ്ഞടുത്തു. എന്നിട്ട് ‘രാജകുമാരന് സലാം’ എന്ന് പറഞ്ഞു. കച്ചവടക്കാരന്റെയുള്ളില്‍ അമ്പരപ്പ് വര്‍ദ്ധിച്ചു.

അങ്ങനെ തന്റെ കൂടെ തന്റെ ചുമട് വഹിക്കുന്നത് നഗരങ്ങളുടെ രാജകുമാരനായ സല്‍മാനുല്‍ ഫാരിസ് (റ) ആണെന്ന് ആ സിറിയക്കാരനായ വ്യാപാരി മനസ്സിലാക്കി. ഉടന്‍ സല്‍മാന്‍ (റ) നോട് ക്ഷമാപണം നടത്തുകയും അദ്ദേഹത്തിന്റെ കൈയില്‍ നിന്നും തന്റെ കച്ചവടച്ചരക്കുകള്‍ വാങ്ങുകയും ചെയ്തു.

എന്നാല്‍ സല്‍മാനുല്‍ ഫാരിസ്(റ) അത് തിരികെ കൊടുക്കാന്‍ കൂട്ടാക്കാതെ അയാളോട് പറഞ്ഞു:’ സാരമില്ല, ഇത് ഞാന്‍ താങ്കളുടെ വീട്ടിലെത്തിച്ചു തരും’.

ഭൗതികമായ സുഖാഡംബരങ്ങള്‍ സല്‍മാന്‍ (റ) നെ തെല്ലും വശംവദനാക്കിയിരുന്നില്ല. വളരെ അത്യാവശ്യമായ ചിലതൊഴികെ അദ്ദേഹത്തിന്റെ കൈവശം ഒന്നുമുണ്ടായിരുന്നില്ല.

മരണവും കാത്ത് സല്‍മാനുല്‍ ഫാരിസ് (റ) കിടക്കുകയാണ്. പ്രിയപത്‌നിയെ ചാരത്ത് വിളിച്ച് വരാനാവശ്യപ്പെട്ടു. അവര്‍ ജല്‍വലാഅ് പിടിച്ചടക്കിയ ദിവസം അദ്ദേഹം കൊടുത്ത സുഗന്ധദ്രവ്യവുമായി അടുത്തേക്ക് ചെന്നു. അത് അ്‌ദ്ദേഹത്തിന്റെ ശരീരത്തില്‍ തളിച്ചു. എന്നിട്ടദ്ദേഹം ഭാര്യയോട് പറഞ്ഞു:’ കുറച്ച് നന്മേച്ഛുക്കളായ ചിലയാളുകള്‍ അല്‍പം കഴിഞ്ഞാല്‍ ഇവിടെ വരും. എന്നെ വാതില്‍ക്കല്‍ കൊണ്ട്് വച്ചോളൂ..

കുറച്ചുകഴിഞ്ഞപ്പോള്‍ ആ റൂഹ് സല്‍മാനുല്‍ ഫാരിസി (റ) ന്റെ ഭൗതികശരീരത്തെയും വിട്ടകന്ന് അല്ലാഹുവിന്റെ രാജസന്നിധിയിലേക്ക് യാത്രയായി. അവിടെ പ്രവാചകനും അബൂബക്കര്‍, ഉമര്‍ എന്നിവരെല്ലാമടങ്ങിയ സച്ചരിതരായ ഒരുകൂട്ടമാളുകളിലേക്ക് പേര്‍ഷ്യയില്‍ നിന്നെത്തിയ ആ സത്യാന്വേഷിയും ചേര്‍ന്നു.

 

വിവ: മുഖ്‍താർ നജീബ്

സ്വഹാബിമാർ-1

Related Articles