Current Date

Search
Close this search box.
Search
Close this search box.

സംവാദത്തിന്റെ രീതിശാസ്ത്രം

നമ്മുടെ ആശയങ്ങള്‍ തര്‍ക്കങ്ങളിലും സംവാദങ്ങളിലും പ്രതിരോധിക്കുന്നതിനായി ഒട്ടേറെ ഘടകങ്ങള്‍ ആവശ്യമാണ്. സംവേദനത്തിലെ മര്യാദ, അവതരിപ്പിക്കുന്നതിലെ ശൈലി, ആഴത്തിലുളള അറിവ്, പരിശീലനം, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പരന്ന വായന, അന്വേഷണം, നാവിന്റെ സമര്‍ഥമായ ഉപയോഗം, യുക്തിപൂര്‍വമായി വാദങ്ങള്‍ നിര്‍മിക്കാനും അവതരിപ്പിക്കാനുമുള്ള കഴിവ്, മനഃശാസ്ത്രത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ തുടങ്ങിയവയൊക്കെ അതില്‍ പെട്ടതാണ്.

ഇസ്‌ലാമിക നാഗരികതയില്‍ ആശയങ്ങളും വാദങ്ങളും ശരിയായ ഉള്ളടക്കത്തില്‍ അവതരിപ്പിക്കുന്നതിനായി വളരെയധികം ശ്രദ്ധ ചെലുത്തിയിതായി കാണാം. ചര്‍ച്ചക്കും സംവാദത്തിനും പിന്നിലെ താത്പര്യങ്ങളെക്കുറിച്ചും ഉദ്ദേശ്യങ്ങളെക്കുറിച്ചും ശരീഅത് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സത്യവും നന്മയും വിജയിക്കണം, അസത്യവും അനീതിയും പരാജയപ്പെടണം എന്ന ആഗ്രഹത്തിലായിരിക്കണം സംവാദങ്ങളിലേര്‍പ്പെടേണ്ടത്.

‘ജദല്‍’ എന്ന വാക്ക് വിശുദ്ധ ഖുര്‍ആനില്‍ 29 സ്ഥലങ്ങളില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളിലായി വന്നിട്ടിണ്ട്. എന്നാല്‍ ഏറ്റവും വലിയ താര്‍ക്കികൻ മനുഷ്യന്‍ എന്നതാണ് ഖുര്‍ആനിക ദര്‍ശനം. മനുഷ്യന്റെ ഈ സ്വഭാവത്തെക്കുറിച്ചുള്ള പരാമര്‍ശം പ്രബോധകര്‍ക്ക് വിവാദത്തെക്കുറിച്ചും അതിന്റെ ഉത്ഭവത്തെക്കുറിച്ചും ആഴത്തിലുള്ള അറിവുണ്ടാകണമെന്നതിന്റെ സൂചനയാണ്. എന്നാല്‍, പാശ്ചാത്യ സംസ്‌കാരത്തെ സംബന്ധിച്ചെടുത്തോളം, ഒരു വ്യക്തിക്ക് ഉള്ളടക്കത്തിന്റെ കൃത്യതയോ നല്ലതോ ചിത്തയോ എന്നുള്ള സാധ്യതകള്‍ പോലും പരിഗണിക്കാതെത്തന്നെ തന്റെ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അധികാരം വകവെച്ചുനല്‍കുകയുണ്ടായി.

ചര്‍ച്ചക്കും സംവാദത്തിനും പിന്നിലെ താത്പര്യങ്ങളെക്കുറിച്ചും ഉദ്ദേശ്യങ്ങളെക്കുറിച്ചും ശരീഅത് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സത്യവും നന്മയും വിജയിക്കണം, അസത്യവും അനീതിയും പരാജയപ്പെടണം എന്ന ആഗ്രഹത്തിലായിരിക്കണം സംവാദങ്ങളിലേര്‍പ്പെടേണ്ടത്.

ഇസ്‌ലാമിക നാഗരികതയില്‍, സംവാദം അതിന്റേതായ നിയമങ്ങളും രീതികളും ഉള്ള ഒരു പുരാതനശാസ്ത്രമാണ്. അതിനാല്‍തന്നെ ഇസ്‌ലാമിന്റെ ആശയങ്ങളും അധ്യാപനങ്ങളും ശരിയായ യുക്തിയുടേയും ചിന്തയുടേയും ചട്ടക്കൂടിനുള്ളില്‍തന്നെയാണ് പ്രചരിക്കപ്പെടുന്നത്. അത്‌കൊണ്ട് തന്നെ ഇസ്‌ലാമിക നാഗരിക-സാസ്‌കാരിക കേന്ദ്രങ്ങളിലെല്ലാം, പ്രത്യേകിച്ച് ഇറാഖ്, സ്‌പെയിന്‍ പോലുള് സ്ഥലങ്ങളില്‍ തര്‍ക്കങ്ങളും സംവാദങ്ങളും വ്യാപകമായി നടന്നിരുന്നു. ഹി.365ല്‍ മരണപ്പെട്ട അല്‍-ഖഫാല്‍ അല്‍ കബീര്‍ എന്ന പേരില്‍ വിശ്രുതനായ അബൂബക്കര്‍ അല്‍ ഖഫാല്‍ അല്‍ ഷാഷിയെ ചിലര്‍ തര്‍ക്കശാസ്ത്രത്തില്‍ ആദ്യത്തെ രചന നടത്തിയവരായി കണക്കാക്കുന്നു. പിന്നീട്, ഹി.474ല്‍ മരണപ്പെട്ട അബുല്‍ വലീദ് അല്‍-ബാജി എന്നവരുടെ അല്‍ മിന്‍ഹാജ് ഫീ തര്‍തീബില്‍ ഹുജ്ജാജ് എന്ന ഗ്രന്ഥമാണ് തര്‍ക്കശാസ്ത്രത്തില്‍ ഒരു വഴിത്തിരിവുണ്ടാക്കുന്നത്. വി.ഖുര്‍ആനില്‍ നിന്നും തിരുസുന്നത്തില്‍ നിന്നുമാണ് താന്‍ വാദങ്ങള്‍ കൊണ്ടുവന്നതെന്ന് അല്‍-ബാജി ഉറപ്പിച്ചുപറയുന്നു.

Also read: ഇസ്‌ലാമും സ്ത്രീയുടെ ഭരണാധികാരവും

തര്‍ക്കത്തിന്റെ രീതിശാസ്ത്രനിയമങ്ങള്‍
ആശയങ്ങളുടെ വ്യക്തത:
ഫ്രഞ്ച് തത്ത്വചിന്തകനായ വോള്‍ട്ടയര്‍ ഈ ആശയത്തെ ഊന്നി പറയുന്നുണ്ട്: നിങ്ങള്‍ക്ക് എന്നോട് സംസാരിക്കാന്‍ താത്പര്യമുണ്ടെങ്കില്‍, നിങ്ങള്‍ പറയുന്നത് നിര്‍വചിക്കുകയും നിങ്ങളുടെ ആശയങ്ങള്‍ വ്യക്തമാക്കുകയും ചെയ്യണം. ചര്‍ച്ചകളില്‍ ഓരോരുത്തരും പറയുന്ന കാര്യങ്ങള്‍ കൃത്യമായി നിര്‍വചിച്ച് പറയുകയാണെങ്കില്‍ വലിയ ചര്‍ച്ചകള്‍ പോലും ചെറിയ വാക്യങ്ങളായി മാറുകയും, വലിയ വാക്യങ്ങള്‍ അക്ഷരങ്ങളായി ചുരങ്ങുകയും ചെയ്യും. നമ്മള്‍ അവതരിപ്പിക്കുന്ന ഓരോ ആശയവും കൃത്യമായ നിര്‍വചനത്തിന് വിധേയമായിരിക്കണം.

ഉപകരണങ്ങള്‍, ആശയങ്ങള്‍, തന്ത്രങ്ങള്‍ എന്നിവയിലെ നവീനത:
ആര്‍ഗ്യുമെന്റുകള്‍ കൃത്യമായി സംവേദനം ചെയ്യുന്നതിനായി ഭാഷയിലും ആശയങ്ങളുടെ അവതരണശൈലിയിലും ചര്‍ച്ചാതന്ത്രങ്ങളിലുമൊക്കെ നിരന്തരമായ പുതുക്കല്‍ അത്യാവശ്യമാണ്. പ്രശസ്ത ചിന്തകനായ അലി അല്‍വര്‍ദി പറയുന്നു: ആശയങ്ങള്‍ ആയുധങ്ങളെപ്പോലെയാണ്. ഓരോ ദിവസവും അതിന്റെ ശൈലിയും സ്വഭാവവും മാറിക്കൊണ്ടിരിക്കുന്നു. പഴയ ആശയങ്ങളും പഴയശൈലിയും മുറുകെപ്പിടിച്ച് വാദിക്കുന്നയാള്‍ അന്‍തറത് ബിന്‍ ശദ്ദാദിന്റെ ആയുധം ഉപയോഗിച്ച് മെഷീന്‍ ഗണ്ണിനോട് പോരാടാന്‍ ആഗ്രഹിക്കുന്ന ഒരാളെപ്പോലെയാണ്.

വൈകാരികമായ പക്വത:
സംവാദത്തില്‍ വികാരം പ്രധാനമാണ്. പ്രത്യേകിച്ചും, സംവാദം ജനങ്ങള്‍ക്കിടയിലാണെങ്കില്‍ ജനങ്ങളെ സ്വാധീനിക്കുന്നത് വികാരമാണ്. ജനങ്ങളുടെ വികാരം ഗ്രഹിക്കാനുള്ള കഴിവ് സ്വായത്തമാക്കുന്നതിനെക്കുറിച്ച് ഡോ.അലി മുസ്ഥഫ മുഷറഫ തന്റെ ശാസ്ത്രവും ജീവിതവും എന്ന പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്. ‘സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം, യുക്തി അവരെ ബോധ്യപ്പെടുത്തുകയില്ല. അവര്‍ യുക്തിയുടെ അധികാരത്തിന് വഴങ്ങുകയുമില്ല. അപ്പോള്‍ വികാരത്തിന് സംവാദത്തില്‍ ശക്തമായ സാന്നിധ്യമുണ്ട്. ഒരു വ്യക്തി തന്റെ വികാരങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും അത് നിയന്ത്രിക്കാന്‍ മറ്റൊരാളെ അനുവദിക്കാതിരിക്കുകയും വേണം’. ജെറി സ്‌പെന്‍സ് എഴുതിയ ഓരോ തവണയും എങ്ങനെ വാദിക്കാം? എങ്ങനെ ജയിക്കാം (how to argue&win every time) എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നു: വികാരങ്ങള്‍ ഉയര്‍ന്നുവരട്ടെ, വികാരത്തെ നിങ്ങള്‍ മന്ദീഭവിപ്പിക്കരുത്. കൂടാതെ, ന്യൂറോ സയന്‍സിലെ ഏറ്റവും പുതിയ ഗവേഷണം യുക്തിസഹമായ സൂചകങ്ങളേക്കാള്‍ കൂടുതല്‍ ആളുകളും വൈകാരിക സിഗ്നലുകളോട് പ്രതികരിക്കുന്നുവെന്ന് the 7 triggers to yes എന്ന പുസ്തകത്തില്‍ റസ്സല്‍ ഗ്രേഞ്ചര്‍ സ്ഥിരീകരിക്കുന്നു.

Also read: ചില അറിയപ്പെടാത്ത ഏടുകള്‍

ധാര്‍മികത:
ഒരു വ്യക്തിക്ക് നിയന്ത്രണം നഷ്ടപ്പെടുമ്പോള്‍ അവന് എതിരാളിയോട് ശത്രുത പുലര്‍ത്തുന്നു, അപ്പോള്‍ അവന് കോപം വര്‍ദ്ധിക്കുന്നു. അതിനാല്‍ തന്നെ സംവാദത്തിലേര്‍പ്പെടുന്നവരോട് ഇപ്രകാരം ഉപദേശിക്കപ്പെട്ടിരിക്കുന്നു. ”ഒരു വാദത്തിനിടയില്‍ ശാന്തനായിരിക്കുന്നതിലൂടെ ദുര്‍ബലനായി കണക്കാക്കപ്പെടുന്നതിനെക്കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ട. കാരണം ആത്മനിയന്ത്രണം പാലിക്കുന്നതിലൂടെ നിങ്ങള്‍ക്ക് വാദത്തില്‍ പോയന്റുകള്‍ കൂടുതല്‍ ലഭിക്കൂകയേ ഉള്ളൂ. വാദത്തില്‍ പുലര്‍ത്തുന്ന ധാര്‍മികത ആത്മാക്കളുടെ അഗ്നിജ്വാലകളെ നനയ്ക്കുന്നു. പ്രത്യേകിച്ച്, വാദത്തില്‍ വ്യക്തമായ വിജയവും കൃത്യമായ വാദങ്ങളുമില്ലെന്ന് ഒരാള്‍ മനസ്സിലാക്കുകയാണെങ്കില്‍ അയാള്‍ക്ക് മനസ്സില്‍ തോന്നുന്നതെല്ലാം പറഞ്ഞേക്കാം. പക്ഷെ, അതിന്റെ പ്രത്യാഘാതങ്ങളും ഫലങ്ങളും തീര്‍ച്ചയായും ഖേദമായിരിക്കും. അത് നമ്മുടെ ബന്ധങ്ങളില്‍ പോലും ചിലപ്പോള്‍ പ്രതിഫലിച്ചേക്കാം. അതിനാല്‍ പണ്ഡിതനായ ഇബ്‌നു ഹബാനക് അല്‍ മിദാനി തന്റെ ”സംവാദത്തിന്റെ അടിസ്ഥാന നിയമങ്ങള്‍” എന്ന ഗ്രന്ഥത്തില്‍ ഒരു മുസ്‌ലിം സംവാദത്തില്‍ പുലര്‍ത്തേണ്ട ധാര്‍മികമായ അച്ചടക്കത്തെക്കുറിച്ചും മതപരമായ പ്രതിബദ്ധതയെക്കുറിച്ചും പറയുന്നുണ്ട്. ബാഹ്യമായും ആന്തരികമായും ഇസ്‌ലാം വെച്ചുപുലര്‍ത്തുന്ന ധാര്‍മികത അവന്റെ ഇടപെടലുകളില്‍ ഉണ്ടായിരിക്കണം. അപമാനിക്കാനോ അപവാദം പറയാനോ കുറപ്പെടുത്താനോ പരിഹസിക്കാനോ അശ്ലീലം പറയാനോ ഒരിക്കലും ഒരാള്‍ മുതിരരുത്.

വാസ്തവത്തില്‍, ആക്രോശിക്കുകയോ ശപിക്കുകയോ ചെയ്യുന്നത് വാദത്തിന് അനുയോജ്യമായ ഒരു മാര്‍ഗമല്ല. അതിനാല്‍ ഒരു വ്യക്തി തന്റെ വികാരങ്ങള്‍ തന്റെ നിയന്ത്രണത്തിലാക്കി വെക്കണം. കാരണം, കോപം മനസ്സിനെ ബാധിക്കുന്നുണ്ട്. നിങ്ങള്‍ കോപിക്കുമ്പോള്‍ നിങ്ങള്‍ പരാജയപ്പെടുകയാണ്. സംവാദത്തില്‍ നിങ്ങള്‍ പുലര്‍ത്തുന്ന ഉയര്‍ന്ന ധാര്‍മികതയും ഉന്നതമായ പെരുമാറ്റവും നിങ്ങളുടെ എതിരാളികളെപ്പോലും നിങ്ങളോട് അടുപ്പമുള്ളവരാക്കിമാറ്റാന്‍ കാരണമാകും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: വജാദില്‍ഹും ബില്ലതീ ഹിയ അഹ്‌സന്‍. (അത്യുദാത്തമായ ശൈലിയില്‍ പ്രതിയോഗികളുമായി സംവാദം നടത്തുക). ശാഫിഈ ഇമാം പറയുന്നു: സത്യം പുലര്‍ന്നുകാണാന്‍ വേണ്ടിയല്ലാതെ ഞാന്‍ ആരോടും സംവാദത്തിന് തയ്യാറായിട്ടില്ല. ജലാലുദ്ദീന്‍ റൂമി(റ) പറയുന്നു: നിങ്ങള്‍ നിങ്ങളും ആശയങ്ങളെ ഉന്നതമാക്കു, നിങ്ങളുടെ ശബ്ദങ്ങളല്ല. ഇടിമിന്നലല്ല, മഴയാണ് പുഷ്പങ്ങളെ മുളപ്പിക്കുന്നത്. അതായത്, ശബ്ദം കുറക്കുന്നത് ഒരു വാദം ജയിക്കാന്‍ സഹായിക്കുന്നു. എല്ലാവരെയും അവനിലേക്ക് ആകര്‍ഷിക്കാന്‍ അത് കാരണമാകുന്നു. ഇംഗ്ലീഷില്‍ ഒരു പഴമൊഴിയുണ്ട്; civility costs nothing and buys everything. (ഒരു വിലയും നല്‍കാതെ നാഗരികത എല്ലാം സ്വന്തമാക്കുന്നു).

ഡേവിഡ് റോബ്‌സണ്‍ എഴുതിയ ബുദ്ധിമാന്മാരായ ”ആളുകള്‍ എന്തിനാണ് മണ്ടത്തരങ്ങള്‍ ചെയ്യുന്നത് ” (the intelligence trap:why smart people do stupid things) എന്ന പുസ്തകത്തില്‍ ബുദ്ധി ചിലപ്പോള്‍ കെണിയായി മാറുന്നതിനെക്കുറിച്ച് ഊന്നിപ്പറയുന്നുണ്ട്. ചിലര്‍ തങ്ങളുടെ ബുദ്ധി ഉപയോഗിച്ച് ഗുരുതരമായ തെറ്റുകള്‍ വരുത്തുന്നു. അതില്‍ അദ്ദേഹം പറയുന്ന പ്രധാനപ്പെട്ട ഉപദേശങ്ങളില്‍ ഒന്ന്, ചര്‍ച്ചയില്‍ പാലിക്കേണ്ട വിനയത്തെക്കുറിച്ചും മറ്റുള്ളവരുടെ വാദങ്ങളും ആശയങ്ങളും മനസ്സിലാക്കാനുള്ള സന്നദ്ധതയെക്കുറിച്ചുമാണ്. നമ്മുടെ അജ്ഞതയെക്കുറിച്ച് നമുക്ക് തികഞ്ഞ ബോധ്യമുണ്ടാവണം. ഒരു തത്ത്വമുണ്ട്. ” ഞാന്‍ ബുദ്ധിമാനാണ്. കാരണം, എനിക്ക് ഒന്നും അറിയില്ല എന്ന് എനിക്കറിയാം”. ഈ ജ്ഞാനം ബൗദ്ധികമായയെ തകര്‍ക്കുന്നുണ്ട്. കാരണം, ബുദ്ധി മാത്രമല്ല, ഒരു ചര്‍ച്ചയിലെ ഫലം തീരുമാനിക്കുന്നത്. മറ്റു പലതും ചേരുമ്പോഴാണ് മികച്ച ഫലമുണ്ടാവുന്നത്.

Also read: അടിയന്തിരാവസ്ഥയിലും വ്യവസ്ഥാപിതത്വം

വാദം ആരംഭിക്കുന്ന ആദ്യത്തെയാളാകരുത്:
എതിരാളിയെ അവന്റെ ആശയങ്ങള്‍ വിശദീകരിക്കാന്‍ തുടങ്ങുന്നയാളാക്കി മാറ്റണം. തുടര്‍ന്ന്, ചര്‍ച്ച ചെയ്യാനും നിരാകരിക്കാനും മുന്നോട്ട് വരണം. ആ ദൗത്യം പൂര്‍ണമായശേഷം നിങ്ങളുടെ ചിന്തകള്‍ അവതരിപ്പിക്കണം. മൂസാ നബിയും മായാജാലക്കാരും തമ്മിലുള്ള മത്സരത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ അല്ലാഹു ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. മായാജാലക്കാരായിരുന്നു ആദ്യം വടിയെറിഞ്ഞിരുന്നത്. അല്ലാഹു പറയുന്നു: ആഭിചാര സംഘം പറഞ്ഞു: ഹേ മൂസാ ഒന്നുകില്‍ നീ വടി നിലത്തിടൂ, അല്ലെങ്കില്‍ ആദ്യം ഞങ്ങള്‍ ഇടാം. അദ്ദേഹം പ്രതികരിച്ചു: ശരി, നിങ്ങള്‍ ഇട്ടുകൊള്ളുക. (സൂറതുത്വാഹ:65). ഒരു വ്യക്തിയുടെ ചിന്തകളും അയാളുടെ വാദങ്ങളും എന്താണെന്ന് മനസ്സിലാക്കാതെ കൃത്യമായി ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. അതുപോലെത്തന്നെ, ആളുകളുടെ മനസ്സില്‍ അവശേഷിക്കുന്നത് അവസാന പ്രസംഗമാണ്, സംഭാഷണം ആരംഭിക്കുന്നയാളല്ല.

ശരീര ഭാഷ:
സംവാദത്തില്‍ ശരീര ഭാഷ (body language) പ്രധാനമാണ്. നിങ്ങളുടെ എതിരാളിയെ കളിയാക്കുന്ന രീതിയിലുള്ള ശരീരഭാഷ ഒരിക്കലും ഉണ്ടാവരുത്. സംവാദത്തില്‍ നിങ്ങളുടെ എതിരാളികളുമായുള്ള നേത്ര സമ്പര്‍ക്കം (eye contact) നന്നാക്കേണ്ടതുണ്ട്. മനശാസ്ത്ര പഠനങ്ങള്‍ പറയുന്നത് പ്രകാരം ശരീരഭാഷക്ക് വാക്കുകളേക്കാള്‍ ശക്തിയുണ്ട്.

വിവ- അബ്ദുല്ലത്തീഫ് പാലത്തുങ്കര

Related Articles