Current Date

Search
Close this search box.
Search
Close this search box.

പുതിയ ഇന്ത്യയിലെ മുസ്‌ലിം വിചാരങ്ങള്‍

ജുനൈദിന്റെയും നാസിറിന്റെയും ദാരുണമായ കൊലപാതകങ്ങള്‍ക്ക് ശേഷം, ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോഴുള്ള സാഹചര്യം പെട്ടെന്നുണ്ടായതല്ല. മറിച്ച്, അത് രൂപപ്പെടാനും ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കപ്പെട്ട പുതിയ യാഥാര്‍ഥ്യമായി മാറാനും അതിന്റേതമായ സമയമെടുത്തു. മാധ്യമപ്രവര്‍ത്തകനായ അലി ഷാന്‍ പറഞ്ഞതുപോലെ, ഇന്ന് പല ഇന്ത്യന്‍ മുസ്‌ലിം യുവാക്കളെ സംബന്ധിച്ചിടത്തോളം, സോഷ്യല്‍ മീഡിയ ഫീഡുകള്‍ തിരക്കേറിയ ശ്മാശനത്തിന് പുറത്തുള്ള സന്ദര്‍ശക ഡയറി പോലെയായിരിക്കുന്നു. ഒരാള്‍ കണ്ണുതുറുന്ന് നമ്മുടെ സമൂഹത്തിലേക്ക് നോക്കുകയാണെങ്കില്‍ സാഹചര്യം തീര്‍ത്തും അസ്വസ്ഥപ്പെടുത്തുന്നതാണ്. കഴിഞ്ഞ ഒന്നോ രണ്ടോ ആഴ്ചകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, മുസ്‌ലിംകളെ ജീവനോടെ കത്തിക്കുന്നത്, പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊലപ്പെടുത്തുന്നത്, കുത്തി പരിക്കേല്‍പ്പിക്കുന്നത്, വീടുകള്‍ തകര്‍ക്കുന്നത്, തീവ്രവാദികളെന്ന് വിളിക്കുന്നത്, രാജ്യത്തുടനീളം വംശഹത്യക്കുള്ള പരസ്യമായ ആഹ്വാനമുണ്ടാകുന്നത് ഉള്‍പ്പെടെയുള്ളവ കാണാന്‍ കഴിയും. ഇപ്പറഞ്ഞത് കെട്ടുകഥയിലെ പ്രശ്‌നഭരിതമായ ഒരു കഥാസന്ദര്‍ഭമെന്ന് തോന്നുമെങ്കിലും, മുസ്‌ലിംകള്‍ നിലവില്‍ ജീവിക്കേണ്ട പുതിയ സാഹചര്യമാണിത്.

നേരത്തെ പറഞ്ഞ ആശങ്കാജനകമായ സംഭവങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍, ഞാന്‍ പലപ്പോഴും ആശയകുഴപ്പത്തിലാകാറുണ്ട്. ഞാനും ഒരു ഇന്ത്യന്‍ മുസ്‌ലിമല്ലേ? ഭക്ഷണ വിഷയങ്ങള്‍ എനിക്ക് വലിയ പ്രശ്‌നമാകുന്നത് എന്തുകൊണ്ടാണ്? വാര്‍ത്താ തലക്കെട്ടുകളിലെ ഇരകളില്‍ നിന്ന് എന്റെ ജീവിതം ഒരുപാട് വ്യത്യസ്തപ്പെടുന്നത് എന്തുകൊണ്ടാണ്? വിദ്യാസമ്പന്നനായ ഒരു യുവ ഇന്ത്യന്‍ മുസ്‌ലിമിന്റെ ജീവിതത്തില്‍, അസൈന്‍മെന്റ്, പരീക്ഷ, മൂല്യനിര്‍ണയം തുടങ്ങിയ സമ്മര്‍ദ്ദങ്ങള്‍ ഉള്‍കൊള്ളുന്നുവെന്നത് ശരിയാണെങ്കിലും, -ഇതേ കുറിച്ച് ഗൗരവത്തില്‍ ചിന്തിച്ചപ്പോള്‍- ഇന്ത്യന്‍ മുസ്‌ലിം യുവാക്കളുടെ ജീവിതത്തില്‍ വലിയ വ്യത്യാസമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. കൃത്യമായി പറഞ്ഞാല്‍, ഇന്ത്യന്‍ മുസ്‌ലിംകളുടെ ജീവിച്ചിരിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ അവരുടെ സാമൂഹിക പുനരുല്‍പാദന പ്രവര്‍ത്തനമല്ലാതെ മറ്റൊന്നുമല്ല. ഒരു വിഭാഗം മുസ്‌ലിം പ്രതിനിധികള്‍ വിവിധ മതനേതാക്കളുമായും രാഷ്ട്രീയക്കാരുമായും വേദികള്‍ പങ്കിടുമ്പോഴും, വ്യക്തിത്വത്തിന്റെ പേരില്‍ മുസ്‌ലിം കച്ചവടക്കാരന്‍ മാര്‍ക്കറ്റില്‍ ബഹിഷ്‌കരിക്കപ്പെട്ടേക്കാം.

വിദ്യാസമ്പന്നനായ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു മുസ്‌ലിം അവന്റെ അക്കാദമികവും തൊഴില്‍പരവുമായ സമ്മര്‍ദ്ദത്തെ കുറിച്ച് വാചാലനാകുന്നു. താഴെകിടയിലുള്ള മുസ്‌ലിം, പലപ്പോഴായുള്ള ബഹിഷ്‌കരണം മൂലം തന്റെ ഉപജീവനമാര്‍ഗത്തിന് ഭീഷണിയാകുന്നതിനെ കുറിച്ചും സംസാരിക്കുന്നു. ഈ യുക്തി ഈ വിഷയത്തില്‍ വ്യക്തത നല്‍കുന്നുണ്ടെങ്കിലും, മറ്റൊരു ഭയാനകമായ ചിന്തയാണ് എന്റെ മനസ്സിലേക്ക് കൊണ്ടുവരുന്നത്. അതിനര്‍ഥം എന്റെ സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, സമൂഹം മൊത്തത്തില്‍ എന്നോട് എങ്ങനെ ഇടപഴകുന്നുവെന്നത് എന്റെ സാമൂഹിക പുനരുല്‍പാദനത്തെ ആശ്രയിച്ചാണോ എന്നതാണ്. ഈ ഭയപ്പെടുത്തുന്ന ചിന്തയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. കഷ്ടം! ഞാനത് ചെയ്യണമായിരുന്നു. ഈ ചിന്തയനുസരിച്ച്, വിദ്യാസമ്പന്നരും സാമ്പത്തിക ശേഷിയുള്ളവരുമായ ഒരോ ഇന്ത്യന്‍ മുസ്‌ലിമും ജുനൈദും നാസിറും അഖ്‌ലാഖും തബ്രീസുമാണ്. ഗോമാംസം ഭക്ഷിച്ചുവെന്ന് ആരോപിക്കപ്പെട്ട മുഹമ്മദ് അഖ്‌ലാഖ് ഞാനായിരുന്നെങ്കില്‍, 200ലധികം വരുന്ന ആള്‍ക്കൂട്ടം എന്നെ തല്ലികൊന്നേനെയെന്നത് വേദനിപ്പിക്കുന്ന തിരിച്ചറിവാണ്. ബീഫ് കഴിക്കുകയും അമുസ്‌ലിം സുഹൃത്തുക്കള്‍ക്കൊപ്പം കറങ്ങിനടക്കുകയും രാഷ്ട്രീയ തമാശകള്‍ പറയുകയും ചെയ്യുന്നത് തനിക്ക് സ്‌റ്റോറിയിടാന്‍ കഴിയുന്നത് തന്റെ പൂര്‍വികര്‍ പുനരുല്‍പാദിപ്പിച്ച ചില സാമൂഹിക പശ്ചാത്തലമുള്ളതുകൊണ്ടാണ്.

വിവ: അര്‍ശദ് കാരക്കാട്

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles