Opinion

വൈറസിനും ഹിന്ദുത്വ വയലൻസിനും ഇടയിലെ ഇന്ത്യൻ മുസ്ലിം ജീവിതം

ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം കഴിഞ്ഞ് രണ്ടാഴ്ച്ചകൾക്കു ശേഷം, പ്രമുഖ ഇന്ത്യൻ മാധ്യമപ്രവർത്തക റാണാ അയ്യൂബ് ചോദിക്കുകയുണ്ടായി, “ധാർമികമായി അധഃപതിച്ച ഒരു രാജ്യത്ത് ഒരു വൈറസിന് കൊല്ലാൻ എന്താണിനി ബാക്കിയുള്ളത്?”

പകർച്ചവ്യാധി ഇറാനെയും ഇറ്റലിയെയും തകർക്കുകയും രാജ്യങ്ങൾക്കിടയിലും രാജ്യങ്ങൾക്കകത്തും വ്യാപിക്കുകയും ചെയ്തപ്പോൾ, തദ്ദേശീയമായ ഒരു വ്യത്യസ്ത തരം വൈറസാണ് ഇന്ത്യയുടെ തലസ്ഥാനഗരിയായ ഡൽഹിയിൽ പടർന്നുപിടിച്ചത്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു അതിനു രൂപംനൽകിയത്. ഫെബ്രുവരി അവസാനത്തിൽ ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്ച രണ്ട് അഹംഭാവികളുടെ അഹന്തയുടെ പ്രദർശനമത്സരമായിരുന്നു, കൂടാതെ ഡൽഹിയിലെ മുസ്ലിം വിരുദ്ധ വംശഹത്യ കൂടുതൽ തീവ്രതയോടെ അത് ആളിക്കത്തിക്കുകയും ചെയ്തു.

ലോകത്തിലെ രണ്ട് പ്രമുഖ ഇസ്ലാമോഫോബ്-ഇൻ-ചീഫുമാരുടെ കൂടിക്കാഴ്ചയിൽ ആവേശഭരിതരായി, ഹിന്ദുത്വ ഭീകരവാദികൾ ഡൽഹിയിലെ മുസ്ലിം ഭൂരിപക്ഷ മേഖലകൾ കടന്നാക്രമിക്കുകയും വീടുകൾ അഗ്നിക്കിരയാക്കുകയും മസ്ജിദുകൾ തകർക്കുകയും നശിപ്പിക്കുകയും മുസ്ലിംകളുടെ വ്യാപാരസ്ഥാപനങ്ങൾ തെരഞ്ഞുപിടിച്ച് നാമാവശേഷമാക്കുകയും മുസ്ലിംകളെയും അവരെ സംരക്ഷിക്കാൻ ശ്രമിച്ചവരെയും കൊന്നുകളയുകയും ചെയ്തു. 60 മനുഷ്യരുടെ ജീവനാണ് ഡൽഹിയിലെ ആക്രമണം കവർന്നെടുത്തത്, അതിൽ 47 ആളുകൾ മുസ്ലിംകളാണ്. കൊല്ലപ്പെട്ടവരിൽ 85 വയസ്സായ ഒരു സ്ത്രീയുമുണ്ടായിരുന്നു, ജയ്ശ്രീറാം വിളിച്ചെത്തിയ അക്രമികളുടെ സംഘം അവരെ കെട്ടിയിട്ട് ജീവനോടെ തീകൊളുത്തി കൊല്ലുകയാണ് ചെയ്തത്.

സ്റ്റേറ്റ് സ്പോൺസേഡ് ഇസ്ലാമോഫോബിയയുടെയും ആൾക്കൂട്ട ആക്രമണത്തിന്റെയും രൂപത്തിൽ മോദി തന്റെ നയങ്ങളും പ്രഖ്യാപനങ്ങളും കൊണ്ട് ഇന്ത്യയെ പിടിമുറുക്കിയിരിക്കുന്ന ഹിംസയുടെ ഈ പകർച്ചവ്യാധിയെ വർഷങ്ങളായുള്ള തന്ത്രപരമായ നീക്കങ്ങളിലൂടെ ശക്തിപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ത്യ ഹിന്ദുക്കൾക്കു മാത്രമുള്ളതാണ് എന്ന “ഹിന്ദുത്വ ദേശീയ”യുടെ ബാനർ, രാജ്യത്തെ ഭൂരിപക്ഷ ഹിന്ദു ജനതയെയും അതിവേഗം ബാധിച്ചു കഴിഞ്ഞു, മാത്രമല്ല, ഇന്ത്യയിലെ 201 മില്യൺ വരുന്ന മുസ്ലിം ജനസാമാന്യത്തെ പറഞ്ഞറിയിക്കാവാത്ത ഭയാനകതയിലേക്ക് നയിക്കുകയും ചെയ്തു.

Also read: കൊറോണ കാലത്തെ സംഘ പരിവാര്‍

ഇന്ത്യൻ ഇസ്ലാമോഫോബിയയും ഡൽഹിയിൽ ആഴ്ചകളോളം നീണ്ടുനിന്ന ഹിന്ദുത്വ ഭീകരതയും അവസാനിച്ചുവെന്ന് കരുതിയ സമയത്താണ് പുതിയ സംഭവവികാസങ്ങൾ ഉടലെടുത്തത്. കോവിഡ് 19 പ്രധാന തലക്കെട്ടായി മാറുകയും, നോവൽ വൈറസ് പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവൻ കവരുകയും ചെയ്ത സമയത്ത്, ഇന്ത്യൻ മുസ്ലിംകൾക്കെതിരെ നടത്തുന്ന തങ്ങളുടെ മനുഷ്യത്വരഹിതമായ അതിക്രമങ്ങളെ കൂടുതൽ ന്യായീകരിക്കാനുള്ള ഒരു അവസരമായി ഹിന്ദുത്വ നേതാക്കൾ അതിനെ കണ്ടു: ഇന്ത്യയിൽ കോവിഡ് പടർന്നതിനു കാരണക്കാർ മുസ്ലിംകളാണെന്ന് അവർ പ്രചരിപ്പിച്ചു.

മാർച്ച് 1 മുതൽ 15 വരെ, തബ്ലീഗ് ജമാഅത്ത് എന്ന ഒരു മുസ്ലിം പ്രബോധക സംഘടന, ന്യൂഡൽഹിയിൽ അവരുടെ വാർഷിക സമ്മേളനം സംഘടിപ്പിച്ചിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്നവർ, ദക്ഷിണ ഡൽഹിക്കു സമീപമുള്ള നിസാമുദ്ദീനിലെ തബ്ലീഗിന്റെ മർകസ് ആസ്ഥാനത്ത് യോഗം ചേർന്നു. മാസങ്ങൾക്കു മുമ്പു തന്നെ ആസൂത്രണം ചെയ്തിരുന്ന സമ്മേളനം, കൊറോണ വൈറസിന്റെ ആഭ്യന്തര വ്യാപനത്തെ സംബന്ധിച്ച വർധിച്ചു വരുന്ന ആശങ്കകളോടെയാണ് ചേർന്നത്. ഭരണകൂടം അതുവരെയും ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നില്ല, അതുകൊണ്ടു തന്നെ മറ്റു മതസംഘടനകളുടെ സമ്മേളനങ്ങൾ പോലെ തന്നെ തബ്ലീഗ് ജമാഅത്തും തങ്ങളുടെ പരിപാടികളുമായി മുന്നോട്ടു പോവുകയാണ് ഉണ്ടായത്.

എന്നിരുന്നാലും, മുഖ്യധാര മാധ്യമങ്ങളുടെ രോഷവും, തബ്ലീഗ് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച നഗരത്തിലൂടെ അക്രമാസക്ത തേരോട്ടം നടത്തിയ ഹിന്ദുത്വ തീവ്രവാദക്കൂട്ടവും കോവിഡ് 19ന്റെ ആഭ്യന്തര വ്യാപനത്തിന്റെ ഹേതുമായി സൗകര്യപ്രദമായ ഒരു ബലിയാടിനെ കണ്ടെത്തി: അത് മുസ്ലിംകളായിരുന്നു. കേവലം തബ്ലീഗ് സമ്മേളനത്തിന്റെ സംഘാടകരും, രണ്ടായിരത്തോളം വരുന്ന സമ്മേളനത്തിൽ പങ്കെടുത്തവരും മാത്രമല്ല, മറിച്ച് ഇന്ത്യയിലെ മൊത്തം മുസ്ലിംകളും കോവിഡ് വ്യാപനത്തിന്റെ കാരണക്കാരായി മാറുന്ന കാഴ്ചയാണ് കണ്ടത്. വളരെ പെട്ടെന്ന് തന്നെ 201 മില്യൺ മുസ്ലിംകളും മാറ്റിനിർത്തപ്പെടുകയും, ഇന്ത്യയിലെ കൊറോണ വൈറസിന്റെ പ്രചാരകർ എന്ന നിലയിൽ ബലിയാടാക്കപ്പെടുകയും ചെയ്തു.

Also read: സംവാദത്തിന്റെ തത്വശാസ്ത്രം -ആറ്

തബ്ലീഗ് സമ്മേളനമാണ് ഇന്ത്യയൊട്ടാകെ കോവിഡ് പകരാൻ കാരണമായത് എന്ന തരത്തിൽ പത്രമാധ്യമങ്ങൾ തലക്കെട്ടുകൾ കൊടുത്തു. വൈറസ് വ്യാപനത്തെ “കൊറോണ ജിഹാദ്”, “മുസ്ലിം വൈറസ്” എന്ന വിശേഷിപ്പിച്ച് ഹിന്ദുത്വ ദേശീയവാദികൾ സോഷ്യൽ മീഡിയയിൽ കുപ്രചാരണങ്ങൾ അഴിച്ചുവിട്ടു. ബൈസ്റ്റാൻഡേഴ്സിനും ഡോക്ടർമാർക്കും നേരെ തുപ്പുന്ന മുസ്ലിംകളുടെ കാരിക്കേച്ചറുകളുടെയും, സ്റ്റേ ഹോം ഉത്തരവ് ലംഘിക്കുന്ന മുസ്ലിംകൾ എന്ന പേരിലുള്ള വ്യാജ വീഡിയോകളുടെയും അകമ്പടിയോടെയായിരുന്നു പ്രസ്തുത മുദ്രകുത്തലുകൾ പ്രചരിക്കപ്പെട്ടത്.

സമ്മേളന സംഘാടകരെ വിമർശിക്കുന്നതിനു പകരം, വൈറസ് വ്യാപനത്തിന്റെ ഉത്തരവാദിത്തം ഇന്ത്യയിലെ ഓരോ മുസൽമാന്റെയും മേൽ കെട്ടിവെക്കപ്പെട്ടു. ഡൽഹിയിൽ നിന്നും ആയിരക്കണക്കിന് മൈലുകൾ അകലെയുള്ളവരും, തബ്ലീഗ് ജമാഅത്തിന്റെ ആശയവുമായി ബന്ധമില്ലാത്തവരുമായ മുസ്ലിംകൾ പോലും ഒറ്റപ്പെടുത്തപ്പെട്ടു.

എന്നിരുന്നാലും, ഭയം വളർത്തുന്നത് പ്രധാനമാകുമ്പോൾ വസ്തുതകൾ അപ്രധാനമാകും. ഒരു ആഗോള പകർച്ചവ്യാധിയുടെ കാരണക്കാർ ഇന്ത്യയിലെ മർദ്ദിത പീഡിത ജനവിഭാഗമായ മുസ്ലിംകളാണെന്ന് പ്രചരിപ്പിച്ച്, ഭൂരിപക്ഷ മതവിഭാഗങ്ങൾക്കിടയിൽ മുസ്ലിംകളെ കുറിച്ച് ഭയം ഉണ്ടാക്കിയെടുത്ത്, ആ ഭയത്തെ മുതലെടുക്കുന്ന ഹിന്ദുത്വ ഭീഷണിയുടെ പുതിയ വൈറസിന്റെ വ്യാപനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

Also read: നോമ്പിന്‍റെ ഫിദ്‌യ

ഹിന്ദു ദേശീയവാദികൾ മുസ്ലിംകളെ “ചിതലുകൾ”, “ഭീകരവാദികൾ”, “അനാവശ്യ വിദേശികൾ” എന്നിങ്ങനെ മുദ്രകുത്തുകയും, അവരെ ഇന്ത്യയിൽ നിന്നും പുറന്തള്ളാൻ ഉറച്ച തീരുമാനം കൈക്കൊള്ളുകയും ചെയ്തിട്ടുണ്ടെങ്കിൽ പോലും, കോവിഡ് 19 വ്യാപനത്തിന് മുസ്ലിംകളെ കുറ്റപ്പെടുത്തുന്നത് അങ്ങേയറ്റം നീചമായ നടപടിയാണ്.

രാജ്യത്തെ മുസ്ലിം ന്യൂനപക്ഷവുമായി ഭരണകൂടത്തെ ബന്ധിപ്പിക്കുന്ന എല്ലാവിധ ധാർമിക, ജനാധിപത്യ മൂല്യങ്ങളും, സാമൂഹിക ശ്രേണിയിൽ ഹിന്ദുക്കളെ ഏറ്റവും മുകളിലും മുസ്ലിംകളെ ഏറ്റവും താഴെയും പ്രതിഷ്ഠിച്ചു കൊണ്ടുള്ള ജാതിവ്യവസ്ഥയുടെ പുനരവതരണത്തിനു വേണ്ടി തുടച്ചുമാറ്റപ്പെട്ടു. മോദിയെയും അദ്ദേഹത്തിന്റെ ആരാധകരെയും സംബന്ധിച്ചിടത്തോളം, ഇന്ത്യൻ സ്വത്വം എന്നാൽ “രക്തം, മണ്ണ്” എന്നിവയുമായി ബന്ധപ്പെട്ട ഒന്നാണ്.

കോവിഡ് 19നും പകർച്ചവ്യാധിയും അപ്രതീക്ഷിതമായിരുന്നു, എന്നാൽ ഇന്ത്യയിലെ ഇസ്ലാമോഫോബിക്ക് അടിച്ചമർത്തലിന്റെയും പീഡനത്തിന്റെയും ബലിയാടാക്കലിന്റെയും ഘടനയും രൂപവും ഇവിടെ ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്. മുസ്ലിം അഭയാർഥികൾക്ക് പൗരത്വം നിഷേധിക്കുന്ന, രേഖകളില്ലാത്ത മുസ്ലിം പൗരൻമാരുടെ പൗരത്വം റദ്ദു ചെയ്യുന്ന ഭരണഘടനാ ഭേദഗതികളുടെ മുകളിലാണ് അതു സ്ഥാപിതമായിരിക്കുന്നത്. ചൈനീസ് ശൈലിയിലുള്ള തടങ്കൽ പാളയങ്ങൾ അസാമിലുണ്ട്, രാജ്യത്തുടനീളമുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും, കൈയ്യിൽ ആയുധങ്ങളും കണ്ണിൽ ചോരയുമായി റോന്തുചുറ്റുന്ന ഹിന്ദുത്വ ആൾക്കൂട്ടം തങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിക്ക് നിരപരാധികളുടെ ചോര കൊണ്ട് അഭിവാദ്യമർപ്പിച്ചുകൊണ്ടിരിക്കുന്നു.

Also read: കൊറോണ കാലത്തെ നോമ്പും തറാവീഹ് നമസ്കാരവും

ഭരണകൂട ഭീകരതയും പടരുന്ന വൈറസും മുസ്ലിംകൾക്കെതിരെ പറഞ്ഞറിയിക്കാനാവാത്ത അക്രമങ്ങൾ നടത്തുമ്പോൾ, ഇനിയങ്ങോട്ടുള്ള ദിനങ്ങൾ ഏറെ ഇരുണ്ടതായിരിക്കും. ഇന്ത്യൻ മുസ്ലിംകളെ സംബന്ധിച്ചിടത്തോളം, വീട്ടിലിരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും ജീവിതവും മരണവുമായി അഭേദ്യമായി ബന്ധപ്പെട്ട വിഷയമായിരിക്കാം. ലോകം മൊത്തം നിശ്ചലമാക്കിയ വൈറസ് മാത്രമല്ല അതിനു കാരണം, മറിച്ച് അതിനേക്കാൾ അപകടകരവും വിനാശകരവുമായ ഒരു പകർച്ചവ്യാധിയാണ് അതിനു കാരണം – ഇന്ത്യൻ ഇസ്ലാമോഫോബിയയും വാക്സിൻ ഇല്ലാത്ത വിദ്വേഷ രോഗം ബാധിച്ച ക്രൂരമനസ്കരായ ഹിന്ദുത്വ ജനക്കൂട്ടവുമാണ് വൈറസിനെ അപേക്ഷിച്ച് ഇന്ത്യൻ മുസ്ലിംകളുടെ ജീവന് ഭീഷണി ഉയർത്തുന്നത്.

(നിയമ പണ്ഡിതനും, American Islamophobia: Understanding the Roots and Rise of Fear എന്ന ഏറെ നിരൂപക പ്രശംസ നേടിയ കൃതിയുടെ രചയിതാവുമാണ് ലേഖകൻ.)

വിവ. അബൂ ഈസ

 

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker