Current Date

Search
Close this search box.
Search
Close this search box.

കൊറോണ കാലത്തെ നോമ്പും തറാവീഹ് നമസ്കാരവും

ഓരോ വ്യക്തിയും റമദാൻ മാസത്തിൽ നോമ്പെടുക്കുക എന്നത് നിർബന്ധമായിട്ടുള്ള കാര്യമാണ്. എന്നാൽ, കൊറോണ വൈറസ് ബാധിച്ചവർ അതിൽനിന്ന് ഒഴിവാകുന്നതാണ്. ആയതിനാൽ, വിശ്വാസികളും വിശ്വാസിനികളും നോമ്പിനായി തയാറെടുക്കുകയെന്നത് നിർബന്ധമാകുന്നു. ഒഴിവുകഴിവുള്ളവർക്ക് മാത്രമാണ് അതിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയുന്നത്. ബന്ധപ്പെട്ട അധികാരികൾ മസ്ജിദ് തുറക്കുന്നതിന് അനുവാദം നൽകുന്നത് വരെ തറാവീഹ് നമസ്കാരം വീട്ടിൽ വെച്ച് ജമാഅത്തായി നിർവഹിക്കുക. അത് പെട്ടെന്ന് സംഭവിക്കുന്നതിനായി നമുക്ക് അല്ലാഹുവിനോട് പ്രാർഥിക്കാം! വിശുദ്ധ റമദാനിലെ നോമ്പിനെ ഏതെങ്കിലും അർഥത്തിൽ കൊറോണ സ്വാധീനിക്കുമോയെന്ന സംശയങ്ങൾക്കുള്ള പ്രതികരണമെന്ന നിലക്കാണ് ഇതെഴുതുന്നത്. വിശുദ്ധ ഖുർആൻ ഒഴികഴിവ് നൽകിയിട്ടില്ലാത്ത, പ്രായപൂർത്തിയായ എല്ലാവർക്കും നോമ്പ് നിർബന്ധമാണ് എന്നതാണ് ഖണ്ഡിതമായ വിധി. രോഗിയും, യാത്രക്കാരനും അതിൽ നിന്ന് ഒഴിവാകുന്നു. ജമാഅത്ത് നമസ്കാരവും, ജുമുഅയും നിർത്തിവെച്ചതിനെ നോമ്പിലേക്ക് ചേർത്ത് (قياس) കൊറോണ നോമ്പിനെ സ്വാധീനിക്കുമെന്ന ചില എഴുത്തുകളുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ വന്നതിന്റെ അടിസ്ഥാനലാണ് ഇത്തരമൊരു മറുപടി നൽകുന്നത്.

ഉത്തരം: ഇസ് ലാമിന്റെ സുപ്രധാനമായ പഞ്ചസ്തംഭങ്ങളിൽ പെട്ടതാണ് റമദാൻ മാസത്തിൽ നോമ്പെടുക്കുകയെന്നത്. ഇക്കാര്യത്തിൽ പണ്ഡിതർ ഏകാഭിപ്രായക്കാരാണ്. വിശുദ്ധ ഖുർആൻ പറയുന്നു: ‘അല്ലയോ വിശ്വസിച്ചവരേ, നിങ്ങൾക്ക് മുമ്പുള്ള പ്രവാചകന്മാരുടെ അനുയായികൾക്ക് നിർബന്ധമാക്കപ്പെട്ട പോലെ നിങ്ങൾക്കും വ്രതാനുഷ്ഠാനം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. അതുവഴി നിങ്ങളിൽ ഭക്തിയുടെ ഗുണങ്ങൾ വളർന്നേക്കാം. വ്രതാനുഷ്ഠാനം നിശ്ചിത ദിവസങ്ങളിലാകുന്നു. നിങ്ങളിലാരെങ്കിലും രോഗിയോ യാത്രക്കാരനോ ആയിരുന്നാൽ അവൻ മറ്റു ദിവസങ്ങളിൽ അത്രയും എണ്ണം തികക്കട്ടെ. വ്രതമനുഷ്ഠിക്കാൻ കഴിവുള്ളവൻ (എന്നിട്ടും അനുഷ്ഠിക്കുന്നില്ലെങ്കിൽ) പ്രായശ്ചിത്തം നൽകേണ്ടതാകുന്നു. ഒരഗതിക്ക് അന്നം നൽകലാണ് ഒരു വ്രതത്തിന്റെ പ്രായശ്ചിത്തം. ആരെങ്കിലും സ്വമേധയാ കൂടുതൽ നന്മ ചെയ്താൽ അതവന്ന് നല്ലത്. എന്നാൽ, വ്രതമനുഷ്ഠിക്കുന്നത് തന്നെയാണ് ഏറെ ഉത്കൃഷ്ടമായിട്ടുള്ളത്, നിങ്ങൾ മനസ്സിലാക്കുന്നുവെങ്കിൽ.’ (അൽബഖറ: 183-185) ഈ സൂക്തങ്ങൾ മൂന്ന് വിഭാഗത്തിന് ഒഴിവുകഴിവ് അനുവദിക്കുന്നു.

Also read: ലോക്ക്ഡൗണ്‍ ജീവിതം നിങ്ങളെ വിഷമിപ്പിക്കുന്നുവോ?

ഒന്ന്: ഒരുനിലക്കും നോമ്പെടുക്കാൻ കഴിയാത്തവർ. നിലവിൽ മാത്രമല്ല ഭാവിയിലും കഴിയില്ലെന്ന അവസ്ഥയിലുള്ളവർ. ഇതാണ് വിശുദ്ധ ഖുർആൻ  ( وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ)  എന്നതിലൂടെ വ്യക്തമാക്കുന്നത്. വ്യഖ്യാതാക്കൾ ഈ സൂക്തത്തിന് വ്യത്യസ്തമായ വിശദീകരണങ്ങൾ നൽകുന്നു. ഒന്ന്, നോമ്പെടുക്കാൻ ശേഷിയില്ലാത്ത ദുർബലർ. “الطاقة” (കഴിവ്, ശക്തി, ശേഷി) എന്നത് “الجهد” (പരിശ്രമം) എന്ന അർഥത്തിലാണെന്ന് വിശദീകരിക്കുന്നു. അഥവാ “المشقة” (ബുദ്ധിമുട്ട്, പ്രയാസം)  എന്നർഥത്തിൽ വരുന്നത്. “يطيقونه”  എന്നത്, ‘باب الإفعال’ൽ പെട്ടതാണ്. അതിനാൽ, അതിന്റെ അർഥം ശേഷിയില്ലാത്ത ദുർബലർ എന്നാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഈയൊരു വിശദീകരണമാണ് ഇബ്നു അബ്ബാസ്(റ) നൽകുന്നത്. “يطيقونه”  എന്നതിനെ “يكلفونه” (ബുദ്ധിമുട്ടാവുക, പ്രയാസകരമാവുക) എന്ന അർഥത്തിലാണ് ഇബ്നു അബ്ബാസ്(റ) കാണുന്നത്. ഇമാം ബുഖാരി തന്റെ സ്വഹീഹിൽ (4505) അതാഇലേക്ക് ചേർത്ത് റിപ്പോർട്ട് ചെയ്യുന്നു. ഇബ്നു അബ്ബാസ്(റ) പാരായണം ചെയ്യുന്നത് അതാഅ് കേട്ടു: “يطيقونه” എന്നല്ല “وعلى الذين يُطَوَّقونه” (باب التفعيل) എന്നാണ് ഓതിയത്. ഇബ്നു അബ്ബാസ്(റ) പറയുന്നു: ഇത് വിധി റദ്ദ് ചെയ്യപ്പെട്ടതല്ല (ليست منسوخة). വയോധികരായ ഇണകൾക്ക് നോമ്പെടുക്കാൻ കഴിയാതെ വന്ന സന്ദർഭത്തിലാണ്. അവർ രണ്ടുപേരും ഓരോ ദിവസവും അഗതിക്ക് ഭക്ഷണം നൽകണമായിരുന്നു. ഇമാം നസാഈ (2316) റിപ്പോർട്ട് ചെയ്യുന്നു.(പരമ്പര സ്വഹീഹാണെന്ന് ഇമാം അൽബാനി വ്യക്തമാക്കുന്നു): “يكلفونه” എന്നാണ് ഇബ്നു അബ്ബാസ് (റ) അതിനെ വിശദീകരിച്ചത്. അദ്ദേഹം പറഞ്ഞു: ഈ വിധി റദ്ദ് ചെയ്യപ്പെട്ടിട്ടില്ല. നോമ്പെടുക്കാൻ കഴിയാത്തവർക്കോ, മാറാരോഗമുള്ളവർക്കോ അല്ലാതെ ഇതിൽ (നോമ്പ് ഒഴിവാക്കാൻ) ഇളവില്ല. ഇമാം ദാറുഖ്ത്നി സ്വഹീഹായ പരമ്പരയിലുള്ള നിവേദനത്തിൽ കുറച്ചുകൂടി വിശദീകരിച്ചതായി കാണാവുന്നതാണ്. ഇബ്നു അബ്ബാസ്(റ) വിശദീകരിക്കുന്നു: ( ومن تطوع خيراً ) ഇളവുകളുള്ളവർ മറ്റൊരു അഗതിക്കും ഭക്ഷണം നൽകുക. അഥവാ ദരിദ്രരായ രണ്ട് പേർക്ക് വിഭവങ്ങൾ നൽകുക. ഈ (നോമ്പെടുക്കാൻ ശേഷിയില്ലാത്തവർ) അഭിപ്രായമാണ് സഈദ് ബിൻ മുസയ്യബ്, സുദ്ദി തുടങ്ങിയ ഒരുപാട് താബിഉകൾക്കുള്ളത്.

രണ്ട്, “يطيقونه”എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഫിദ് യ –അഗതിക്ക് ഭക്ഷണം നൽകുക എന്നതിനെ മുൻനിർത്തി നോമ്പെടുക്കാനും നോമ്പെടുക്കാതിരിക്കാനുമുള്ള അവസരമാണെന്ന് ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു. എന്നാൽ, ആ വിധി ഈ സൂക്തത്തോടെ (  فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ) ദുർബലമായിരിക്കുന്നുവെന്നതിൽ ( نسخ) അവർ യോജിച്ചിരിക്കുന്നു. നോമ്പ് നിർബന്ധമാണെന്ന സൂക്തത്തത്തിന്റെ പശ്ചാത്തലത്തിൽ “نسخ” മായി ബന്ധപ്പെട്ട സംസാരത്തിന് പ്രസക്തിയില്ല. കാരണം നോമ്പ് വിശ്വാസികൾക്ക് മേൽ നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. തുടർന്ന് വരുന്ന സൂക്തങ്ങൾ രണ്ട് അവസ്ഥകളെ കുറിച്ച് വിശദീകരിക്കുന്നു. യാത്രക്കാരനും, രോഗിയുമാകുമ്പോൾ ഉണ്ടാകുന്ന താൽക്കാലിക പ്രയാസമാണ് (المشقة المؤقتة ) ഒന്നാമത്തെ അവസ്ഥ. പ്രയാസവും ബുദ്ധിമുട്ടും തുടർന്നുകൊണ്ടിരിക്കുന്നതാണ് ( المشقة الدائمة) രണ്ടാമത്തെ അവസ്ഥ. ഇത് പ്രായമായവർക്ക് നോമ്പെടുക്കാൻ കഴിയാതിരിക്കുകയും, രോഗം മാറുമെന്ന പ്രതീക്ഷയില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. “وَعَلَى الَّذِينَ يُطِيقُونَهُ” എന്നത് നോമ്പെടുക്കാനും നോമ്പെടുക്കാതിരിക്കാനമുള്ള അവസ്ഥയാണ്. എന്നാൽ, “كُتِبَ” (നിർബന്ധമാക്കപ്പെട്ടിരിക്കുന്നു) എന്ന് ഖണ്ഡിതമായി വന്ന പശ്ചാത്തലത്തോട് ആ സൂക്തം ചേർന്നുനിൽക്കുന്നില്ല.

Also read: റമദാനില്‍ നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്ത ഗര്‍ഭിണികളും മുലയൂട്ടുന്നവരും

രണ്ട്: രോഗികൾ. കർമശാസ്ത്ര പണ്ഡിതർ പ്രമാണങ്ങളുടെ വെളിച്ചത്തിൽ വ്യക്തമാക്കുന്നു. ഇമാം നവവി തന്റെ ‘അൽമജ്മൂഇൽ’ നോമ്പ് ഒഴിവാക്കുന്നത് അനുവദനീയമാകുന്ന രോഗത്തെ നിർവചിച്ച് കൊണ്ട് പറയുന്നു: ‘നോമ്പെടുക്കുന്നതുകൊണ്ട് കഠിനമായ പ്രയാസമുണ്ടെങ്കിലാണത്. അഥവാ, ബുദ്ധിമുട്ട് താങ്ങാനാവാതെ വരുമ്പോഴാണ്. എന്നാൽ, കഠിനമായ പ്രയാസമില്ലാത്ത നിസാരമായ രോഗമാണെങ്കിൽ നോമ്പ് മുറിക്കാൻ അനുവാദമില്ല. ഇക്കാര്യത്തിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല.’ ഇബ്ന ഖുദാമ മുഗ് നിയിൽ പറയുന്നു: ‘പൊതുവായി, രോഗിക്ക് നോമ്പ് ഒഴിവാക്കാവുന്നതാണ് എന്നതിൽ പണ്ഡിതർ യോജിച്ചിരിക്കുന്നു.’ തുടർന്ന് അദ്ദേഹം പറയുന്നു: ‘നോമ്പെടുത്താൽ കൂടുന്ന കഠിനമായ രോഗവും, പതിയെ മാറുമെന്ന് ഭയക്കുകയുമാണെങ്കിൽ നോമ്പ് ഒഴിവാക്കാവുന്നതാണ്.’ അതുപോലെ, ഒഴിവാക്കിയ നോമ്പ് നോറ്റുവീട്ടണമെന്നതിൽ പണ്ഡിതർ യോജിച്ചിരിക്കുന്നു. “فمن كان منكم مريضا أو على سفر فعدة من أيام أخر”. ആർത്തവകാരികളായ ( الحائض),  പ്രസവാനന്തര അവസ്ഥയിലുള്ള (النفساء ) നോമ്പെടുക്കാത്ത സ്ത്രീകൾ നോറ്റുവീട്ടേണ്ടതാണെന്ന കാര്യത്തിലും പണ്ഡിതർ യോജിച്ചിരിക്കുന്നു.

മൂന്ന്: യാത്രക്കാരാണ്. അതിന്റെ വിശദാംശങ്ങൾ حاشية ابن عابدين (1/528) وبداية المجتهد (1/346) والمجموع (6/261) والروض المربع (1/89) തുടങ്ങിയ ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്.

Also read: സംവാദത്തിന്റെ തത്വശാസ്ത്രം -ആറ്

കൊറോണ വൈറസും നോമ്പും:
കൊറോണയെ (കോവിഡ്19) പരിഗണിക്കുമ്പോൾ അത് മാരകമായ രോഗം തന്നെയാണ്. മാത്രമല്ല, അത് അപകടകാരിയാണ്, വൈറസ് ബാധിച്ച് കഴിഞ്ഞാൽ രോഗിയാകുന്നു. അതിനാൽ, ഇസ് ലാമിക ശരീഅത്ത് രോഗിക്ക് അനുവദിച്ചിട്ടുള്ള എല്ലാ വിധികളും അവർക്ക് ബാധകമാകുന്നതാണ്. ഒരുവനെ വൈറസ് ബാധിക്കാതരിക്കുകയും, മറ്റു രോഗങ്ങളില്ലാതിരിക്കുകയും, നോമ്പ് ഒഴിവാക്കുന്നതിനുള്ള കാരണമില്ലാതിരിക്കുകയും ചെയ്യുകയാണെങ്കിൽ അവന് നോമ്പെടുക്കൽ നിർബന്ധമാണെന്നതിൽ പണ്ഡിതർ ഏകാഭിപ്രായക്കാരാണ്. അത്തരം ആളുകളുടെ അവസ്ഥ ആരോഗ്യമുള്ളവരുടെ അവസ്ഥപോലെയാണ്.

നോമ്പെടുക്കുന്നത് പ്രതിരോധ വ്യവസ്ഥയെ തകരാറിലാക്കുമോ? തുടർന്ന്, കൊറോണ വൈറസ് നോമ്പുകാരനെ കൂടുതൽ ബാധിക്കുമോ? 25/03/2020ന് വിദഗ്ധരായ നാല് ഡോക്ടർമാർ പങ്കെടുത്ത യൂറോപ്യൻ കൗൺസിൽ യോഗത്തിൽ,
നോമ്പെടുക്കുന്നത് രോഗ പ്രതിരോധശേഷി (Acquired immunity) ദുർബലമാക്കില്ലെന്ന് സ്ഥിരീകരിക്കുന്നത് ഞാൻ കേൾക്കുകയുണ്ടായി. കൂടാതെ, മറ്റു ഡോക്ടർമാരും, ന്യൂട്ട്രീഷൻ പ്രെഫസർമാരും അവരുടെ ശാസ്ത്രീയ പഠനങ്ങളുലൂടെ അത് സ്ഥിരീകരിക്കുന്നുണ്ട്. പോഷകാഹാര, പനിയുമായി ബന്ധപ്പെട്ട ചികിത്സ വിഭാഗത്തിലെ ഡോക്ടർ മുഇസ് ഇസ് ലാം ഇസ്സത് ഫാരിസിനെ പോലെയുള്ളവരുടെ പഠനത്തിന്റെ സംഗ്രഹം 1441 ശഅബാൻ 7ന് പ്രസിദ്ധീകരിച്ചിരിന്നു. അതിൽ അദ്ദേഹം പറയുന്നു: ‘ഏകദേശം അറുപതോളം ആരോഗ്യമുള്ള മുതിർന്നവരിൽ ഓക്സീകരണവും (Oxidation), ഇൻഫ്ലമേഷനും (Inflammation) തടയുന്ന പ്രക്രിയകളെ നിയന്ത്രിക്കുന്ന ജീനുകളുടെ ജനിതക എക്സ്പ്രഷൻ (Genetic expression) റമദാൻ മാസത്തിൽ നോമ്പെടുക്കുന്നവരെ സ്വാധീനിക്കുന്നതിനെ സംബന്ധിച്ച് ഞങ്ങളുടെ ഏറ്റവും പുതിയ പഠനത്തിൽ, ആ ജീനുകളുടെ ജെനറ്റിക് എക്സ്പ്രഷൻ റമദാനിൽ നോമ്പെടുക്കുന്നതിലൂടെ വർധിക്കുന്നതായി വ്യക്തമാകുന്നു. അത് 90.05 ശതമാനം എന്ന ഉയർന്ന തലത്തിലെത്തുന്നു. പ്രതിരോധ വ്യവസ്ഥ തകരാറിലാകുന്ന, അതിന്റെ ശേഷിയെ കുറക്കുന്ന ഓക്സീകരണവും, ഇൻഫ്ലമേഷനും തടയുന്നതിന് നോമ്പിന് കഴിയുമെന്ന് സ്ഥിരപ്പെടുത്തുന്ന സുപ്രധാന ഫലമാണിത്. മറ്റൊരു പഠനത്തിൽ, ബാക്ടീരിയയിലൂടെ പകരുന്ന ക്ഷയ രോഗത്തിന് കാരണമാകുന്നതും, മറ്റു രോഗങ്ങൾക്ക് കാരണമാകുന്ന സാംക്രമിക വൈറസുകളും ചെറുക്കുന്നതിന് റമദാൻ മാസത്തിലെ നോമ്പ് ശരീരത്തെ പ്രാപ്തമാക്കുന്നുവെന്ന് വ്യക്തമാകുന്നു.’ വൈറസിലൂടെയുണ്ടാകുന്ന രോഗങ്ങളെ നിയന്ത്രിക്കുന്നതിന് റമദാൻ മാസത്തിലെ നോമ്പിന് കഴിയുമെന്ന് പഠനം വ്യക്തമാക്കുന്നു. അതുപോലെ, മറ്റു പഠനങ്ങളും കാണാവുന്നതാണ്. ഫാഗോസൈറ്റിക് കോശങ്ങൾ (Phagocytic cells) വർധിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധ ശേഷിയും വർധിക്കുന്നു. അതുപോലെ, നിർജീവമായ കോശങ്ങളെ പുനരജ്ജീവിപ്പിക്കുന്നതിന് നോമ്പിന് കഴിയുമെന്ന് സ്ഥരീകരിക്കുന്ന പഠനങ്ങളുണ്ട്. ഈ പഠനങ്ങളെല്ലാം പൊതവായി സ്ഥാപിക്കുന്നത് വിശുദ്ധ ഖുർആൻ പറഞ്ഞ “നിങ്ങൾക്ക് നോമ്പെടുക്കുന്നതാണ് ഉത്തമം” എന്നതുതന്നെയാണ്. ദുനിയാവിൽ മാത്രമല്ല പരലോകത്തും അത് നമുക്ക് നന്മയായി തീരുന്നതാണ്. എവിടെയായിരുന്നാലും, അല്ലാഹു അനുവദിച്ച ന്യായമായ കാരണങ്ങളില്ലാതെ ഒരു വിശ്വാസിക്കും ഈ സുപ്രധാനമായ സ്തംഭത്തെ ഒഴിവാക്കുന്നുതിനെ കുറിച്ച് ചിന്തിക്കുകയെന്നത് അനുവദനീയമല്ല.

Also read: കൊറോണ കാലത്തെ സംഘ പരിവാര്‍

ഈ ശാസ്ത്രീയമായ സ്ഥിരീകരണം നിലനിൽക്കെ തന്നെ ഒന്നിലധികം ഡോക്ടർമാർ വിശ്വസനീയമായി മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഇന്നാലിന്ന വ്യക്തിയെ കൊറോണ വൈറസ് 50 ശതമാനത്തിലധികം ബാധിച്ചിരിക്കുന്നുവെന്ന് പറയുകയാണെങ്കിൽ, അസുഖം ഭേദമായ ശേഷം വീട്ടേണ്ടതാണ് എന്ന ഉദ്ദേശത്തോടെ നോമ്പ് ഒഴിവാക്കാവുന്നതാണ്. ഇത്തരത്തിലുള്ള ഏത് സ്വീകാര്യമായ കാരണത്താലും നോമ്പ് ഒഴിവാക്കുന്നതിൽ പ്രശ്നമില്ല. ഈയൊരു അഭിപ്രായമാണ് പൂർവികരായ കർമശാസ്ത്ര പണ്ഡിതർ സ്വീകരിച്ചുട്ടുള്ളത്. അവരിൽ ഹനഫികളും ഉൾപ്പെടുന്നു. നോമ്പ് നോൽക്കുകയാണെങ്കിൽ രോഗം പിടികൂടുമെന്ന ഉറച്ച ബോധ്യമുണ്ടെങ്കിൽ പിന്നീട് നോറ്റുവീട്ടേണ്ടതാണെന്ന ഉദ്ദേശത്തോടെ ഒഴിവാക്കാവുന്നതാണ്. ഈ ഉറച്ച ബോധ്യം മുമ്പുണ്ടായിരുന്ന അവസ്ഥയിലൂടെയോ ഭിഷഗ്വരന്മാരുടെ സാക്ഷ്യത്തിലൂടെയോ ആയരിക്കണമെന്ന് പണ്ഡിതർ ഉറപ്പിച്ച് പറയുന്നു. എന്നാൽ, ചില കർമശാസ്ത്ര പണ്ഡിതർ ഭിന്നമായ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്. മാലിക്ക് മദ്ഹബ് വീക്ഷിക്കുന്നു: ‘നോമ്പെടുക്കുന്നതിലൂടെ രോഗമുണ്ടാകുമെന്ന് ഭയന്നാലും ഒരുവന് നോമ്പ് ഒഴിവാക്കുന്നതിന് അനുവാദമില്ല. ഒരുപക്ഷേ നോമ്പെടുത്താൽ രോഗമുണ്ടാവുകയില്ലെന്നതാണ്.’ സംഗ്രഹിച്ച് പറഞ്ഞാൽ, കൊറോണ വൈറസ് ബാധിച്ചവർക്കല്ലാതെ നോമ്പ് ഒഴിവാക്കുന്നതിന് അനുവാദമില്ല. കേവലമായ ഭയം കൊണ്ട് നോമ്പ് ഓഴിവാക്കവതല്ല. ഒരു വ്യക്തി നോമ്പെടുക്കുകയാണെങ്കിൽ തീർച്ചയായും രോഗം ബാധിക്കുമെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നോറ്റുവീട്ടണമെന്ന വ്യവസ്ഥയോടെ നോമ്പ് ഒഴിവാക്കാവുന്നതാണ്.

ജമാഅത്ത് നമസ്കാരവും, തറാവീഹും:
അധിക രാഷ്ട്രങ്ങളിലും ജനങ്ങൾക്ക് മുന്നിൽ മസ്ജിദുകൾ അടക്കപ്പെട്ടിരിക്കുകയാണ്. തറാവീഹ് നമസ്കാരം സുന്നത്താണ് എന്നതാണ് ശറഈയായ വിധി. പ്രവാചകൻ(സ) ആദ്യം മസ്ജിദിലും പിന്നീട് വീട്ടിൽ വെച്ചുമാണ് നമസ്കരിച്ചത്. ആയതിനാൽ, താഴെ പറയുന്ന വിധത്തിൽ നമുക്ക് വീട്ടിൽ വെച്ച് തറാവീഹ് നമസ്കരിക്കാവുന്നതാണ്. ഉദാഹരണായി, (മസ്ജിദിലുള്ള) ഇമാമോ മഅ്മൂമോ ഇശാഅ് നമസ്കാരത്തിനായി ബാങ്ക് വിളിക്കുക. മറ്റാരുമില്ലാതെ പള്ളിയിൽ തനിച്ച് തറാവീഹ് നമസ്കരിക്കുകയും ചെയ്യുക. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾക്കനുസരിച്ച് വൈറസിന്റെ വ്യാപനം തടയുന്നതിനും, ജീവന്റെ സുരക്ഷയെ മുൻനിർത്തിയും മറ്റാരുമില്ലാതെ പള്ളിയിൽ ഒറ്റക്ക് നമസ്കരിക്കുകയാണ് വേണ്ടത്. ഓരോ കുടുംബവും ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് അവരുടെ വീട്ടിൽ വെച്ച് ജമാഅത്തായി ഇശാഅും തുടർന്ന് തറാവീഹും നമസ്കരിക്കുകയുമാണ് വേണ്ടത്. ഖുർആൻ പാരായാണം ചെയ്യുന്നവർ മുന്നിൽ നിന്ന് പരസ്പരം അകലം പാലിച്ചുകൊണ്ടാണ് നമസ്കരിക്കേണ്ടത്. മുസ്ഹഫിൽ നോക്കി പാരായണം ചെയ്യുന്നതിൽ പ്രശ്നമൊന്നുമില്ല.

അവലംബം: www.iumsonline.org
വിവ: അർശദ് കാരക്കാട്