Current Date

Search
Close this search box.
Search
Close this search box.

കൊറോണ കാലത്തെ സംഘ പരിവാര്‍

ദുരന്തം മനുഷ്യരെ കൂടുതല്‍ ഹൃദയമുള്ളവരാക്കും എന്നാണു നാം മനസ്സിലാക്കുന്നത്.മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ദുരന്തങ്ങളെ നേരില്‍ കാണുമ്പോഴാണ് മനുഷ്യര്‍ കൂടുതല്‍ ആര്‍ദ്ര ഹൃദയരായിത്തീരുന്നത്. `പക്ഷെ അതൊന്നും ഇന്ത്യയില്‍ ചിലര്‍ക്ക് ബാധകമല്ല. ഇവിടെ ഇപ്പോഴും തല്ലിക്കൊല്ലലും എറിഞ്ഞു കൊല്ലലും സജീവം തന്നെ. സംഘ പരിവാര്‍ തങ്ങളുടെ നിലപാടില്‍ ഒരു മാറ്റവും വരുത്താന്‍ തയ്യാറായിട്ടില്ല. അതിനു പറ്റുന്ന രീതിയില്‍ ദേശീയ മാധ്യമങ്ങള്‍ കൂടുതല്‍ വിഷംചീറ്റി വിഷയത്തെ ചൂട് പിടിപ്പിക്കുന്നുണ്ട്.

കൊറോണക്ക് മതവും ജാതിയുമില്ല എന്നാണു പ്രധാനമന്ത്രി ഇന്ന് പറഞ്ഞത്. മോഡി പറഞ്ഞതില്‍ ഒരു സത്യമുണ്ട്. കൊറോണക്ക് മാത്രമേ മതവും ജാതിയും ഇല്ലാത്തതുള്ളു . ഇന്ത്യയില്‍ മറ്റെല്ലാം മതത്തിന്റെയും ജാതിയുടെയും പേരിലാണ് നടക്കുന്നത്. ആളുകളെ ആക്രമിക്കുന്നതും ഒറ്റപ്പെടുത്തുന്നതും മതത്തിന്റെ പേരിലാണ്. കൊറോണ കാലത്ത് പോലും അതിനു കുറവ് കണ്ടില്ല. കൊറോണ വൈറസ് അനുബന്ധിച്ച് ഇന്ത്യയില്‍ ഇസ്ലാമോഫോബിയ ഒന്നുകൂടി ശക്തമാക്കാനാണ് തല്‍പര കക്ഷികള്‍ ശ്രമിച്ചത്. അതിന്റെ ഫലം ദേശീയ തലത്തില്‍ നിന്നും അന്താരാഷ്ട്ര തലത്തിലേക്ക് പ്രവഹിച്ചു എന്നതാണ് കൊറോണ നല്‍കുന്ന പാഠം.

Also read: ലോക്ക്ഡൗണ്‍ ജീവിതം നിങ്ങളെ വിഷമിപ്പിക്കുന്നുവോ?

ഇതുവരെ ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളും ഒറ്റപ്പെടുത്തലുകളും മുസ്ലിം രാജ്യങ്ങള്‍ അത്ര കാര്യമായി എടുത്തിട്ടില്ല. ഇനി ഉണ്ടെങ്കില്‍ തന്നെ ഇന്ത്യന്‍ മുസ്ലിംകള്‍ എന്നത് അവരെ സംബന്ധിച്ചിടത്തോളം കാശ്മീര്‍ മാത്രമായിരുന്നു. സ്വതന്ത്ര ഇന്ത്യ കണ്ട വര്‍ഗീയ കലാപങ്ങളും കൂട്ടക്കുരുതികളും അന്താരാഷ്ട്ര തലത്തില്‍ മുസ്ലിം രാജ്യങ്ങളുടെ ഒരു കൂട്ടായ പ്രതികരണത്തിന് കാരണമായിരുന്നില്ല. പക്ഷെ പൗരത്വ ബില്‍ കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കി. അവിടം മുതലാണ്‌ ഓ ഐ സി യെ പോലുള്ള കൂട്ടായ്മകള്‍ ഇന്ത്യയിലേക്ക്‌ കൂടുതല്‍ ശ്രദ്ധ വെച്ച് തുടങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിം സമൂഹത്തിന്റെ അവസ്ഥ മോഡി ഇന്ത്യയില്‍ അത്ര മനോഹരമല്ല എന്നതു അന്താരാഷ്ട്ര മാധ്യമങ്ങള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്ത കാര്യമാണ്. പശുവിന്റെയും പോത്തിന്റെയും പേരില്‍ പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്നവരുടെ വാര്‍ത്തകളും വിശകലനങ്ങളും ലോകത്തിനു മുമ്പില്‍ വാര്‍ത്തയായി വരുന്നു. അന്നെല്ലാം അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം എന്ന നിലയിലായിരുന്നു വിലയിരുത്തപ്പെട്ടത്.

പുതിയ ലോകത്ത് നിന്നും വരുന്ന വാര്‍ത്തകള്‍ പഴയത് പോലെയല്ല . കോവിഡിന്‍റെ മറവില്‍ ഇന്ത്യ ഇസ്ലാമോഫോബിയ വളര്‍ത്തുന്നത് നിര്‍ത്തണം എന്നാണു OIC യുടെ ഉപദേശക സമിതിയായ the Independent Permanent Human Rights Commission (IPHRC) ഇന്ത്യന്‍ സര്‍ക്കാരിനോട് ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് നേരെ നടക്കുന്ന നീചമായ സംഘടിത പ്രവര്‍ത്തനം എന്നാണു പ്രസ്തുത വിഷയത്തെ അവര്‍ സൂചിപ്പിച്ചത്. ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനത്തിന് കാരണം മുസ്ലിംകളാണെന്ന പ്രചരണം ലോക മാധ്യമങ്ങളിലും അന്താരാഷ്ട്ര തലത്തിലും എത്ര മാത്രം ശക്തമായിട്ടുണ്ട് എന്ന് ഈ പ്രതികണം സൂചിപ്പിക്കുന്നു.

Also read: സംവാദത്തിന്റെ തത്വശാസ്ത്രം -ആറ്

സംഘ പരിവാറിനെ വിമര്‍ശിക്കുന്നത് ഹിന്ദു മതത്തെ മോശമാക്കലായി ആരും പറയില്ല. അതെ സമയം ഇതിനു പകരം എന്ന നിലയില്‍ സംഘ പരിവാര്‍ വൈകല്യമുള്ളവര്‍ പലപ്പോഴും ഇസ്ലാമിനെ തന്നെയാണ് ആക്ഷേപിക്കുന്നത്. ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളില്‍ പോലും ആ നില തുടര്‍ന്ന് പോകുന്നത് നാം കാണുന്നു. അത് സാധാരണ പ്രവര്‍ത്തകര്‍ മാത്രമല്ല. വലിയ കച്ചവടക്കാരും അതില്‍ ഭാഗമാകുന്നു. സംഘ പരിവാര്‍ ഗള്‍ഫിലെ സാമൂഹിക ജീവിതത്തിനു തടസ്സമാണ് എന്ന നിലയില്‍ അറബ് പണ്ടിതരില്‍ നിന്ന് തന്നെ അഭിപ്രായം വന്നു കൊണ്ടിരിക്കുന്നു. അത് വെറുതെ ഉണ്ടായതാകാന്‍ സാധ്യതയില്ല. അടുത്തിടെ പൗരത്വ നിയമം തുടങ്ങി കൊറോണ കാലത്തും സംഘ പരിവാരില്‍ പെട്ട പലരും നടത്തിയ തീഷ്ണമായ വര്‍ഗീയ പ്രസ്താവനകളുടെ പരിണിത ഫലം എന്നെ പറയാന്‍ കഴിയൂ.

അറബ് സ്ത്രീകള്‍ക്കെതിരെ വംശീയപരമായി ലൈംഗികാധിക്ഷേപം ചൊരിഞ്ഞ ബി ജെ പി എംപി യുടെ ട്വിറ്റര്‍ ഇന്ന് അറബ് ലോകത്ത് വലിയ പ്രതിഷേധം വിളിച്ചു വരുത്തിയിട്ടുണ്ട്. രാജ്യത്തിലെ ഉത്തരവാദിത്തമുള്ള ഒരു എം പി യുടെ നിലവാരം ഇതാണെങ്കില്‍ സാധാരണ സംഘ പരിവാര്‍ പ്രവര്‍ത്തകരുടെ നിലവാരം നാം ഊഹിക്കുന്നതിലും താഴെയാകും. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്ന നിലയില്‍ പ്രധാനമന്ത്രിക്കു പലരും സന്ദേഹം അയച്ചിട്ടുണ്ട്. വര്‍ഷങ്ങളോളമായി ഇന്ത്യയും അറബ് നാടുകളും തമ്മില്‍ നിലനില്‍ക്കുന്ന നല്ല ബന്ധം പോലും ഇത്തരം വിവേക ശ്യൂന്യരുടെ നിലപാടുകള്‍ കാരണം ഇല്ലാതാകും. ചുരുക്കത്തില്‍ സംഘ പരിവാര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഇസ്ലാമോഫോബിയ ഇന്ത്യയുടെ അതിര്‍ത്തിയില്‍ മാത്രം നിലനില്‍ക്കില്ല. കൊറോണ കാലം ഒറ്റപ്പെടലിന്റെ കാലമാണ്. ശരീരം ഒറ്റപ്പെടുമ്പോഴും മനസ്സുകള്‍ വിശാലമായി തന്നെ നില നിര്‍ത്താന്‍ നല്ല മനുഷ്യര്‍ ശ്രമിക്കുന്നു. അവിടെയാണ് വംശീയതയുടെ രൂപത്തില്‍ സംഘ പരിവാര്‍ കടന്നു വരുന്നത്. നാം വെറുക്കുന്നത് കൊറോണ എന്ന മഹാമാരിയെയാണ്. അതെ സമയം സംഘ പരിവാര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് കൊറോണ ബാധിച്ച മനസ്സുകളെയാണ്.

Related Articles