Onlive Talk

മാൽക്കം എക്സ് ; ആത്മീയ ഉണർവിന്റെ രാഷ്ട്രീയ രൂപം

മഹാനായ അമേരിക്കൻ മുസ്ലിം വിപ്ലവകാരി മാൽക്കം എക്സ് കൊല്ലപ്പെട്ടതിന്റെ 55ാം വാർഷികമായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി 21. ഏറെ പ്രാധാന്യമുള്ള ഒരു രാഷ്ട്രീയ വ്യക്തിത്വം എന്ന നിലയിലാണ് മാൽക്കം വ്യാപകമായി അറിയപ്പെടുന്നതെങ്കിലും, അദ്ദേഹത്തിന്റെ ആത്മീയജീവിതത്തെ നാം കാണാതെ പോകരുത്.

ഇസ്ലാമിന്റെ രാഷ്ട്രീയവും ആത്മീയവുമായ വശങ്ങളെ അദ്ദേഹം ചേർത്തുപിടിച്ചു, അദ്ദേഹത്തിന്റെ ജീവിതം അതിനു സാക്ഷ്യം വഹിക്കുന്നു. കാരണം മതത്തിന്റെ ഈ രണ്ട് വശങ്ങളെയും വേർതിരിച്ചു നിർത്തുന്നത് മുസ്ലിം സമുദായശരീരത്തെ ദുർബലമാക്കുകയേള്ളു.

ഇസ്ലാമിന്റെ രാഷ്ട്രീയവും ആത്മീയവുമായ വശങ്ങൾ എങ്ങനെയാണ് പരസ്പരം പരിപോഷിപ്പിക്കുകയും പരസ്പരം ആശ്രയിക്കുകയും ചെയ്യുന്നത് എന്നതിന്റെ ഉദാഹരണം മാൽക്കം എക്സിൽ നമുക്കു കാണാം. അദ്ദേഹത്തിന്റെ ജീവിതവും ആത്മീയ പ്രധാനമായ രണ്ടു സുപ്രധാന കാലഘട്ടങ്ങളും വായിച്ചാൽ, ഇതിന്റെ അനന്തഫലമായ രാഷ്ട്രീയ വളർച്ചയുടെ രണ്ടു സുപ്രധാനകാലങ്ങളെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

Also read: മാല്‍ക്കം എക്‌സ് എന്ന തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യന്‍

ഒരു രാഷ്ട്രീയ വ്യക്തിത്വമായാണ് മാൽക്കം എക്സ് വ്യാപകമായി വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും, അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും പുറത്തുവരുന്നതിൽ അദ്ദേഹത്തിന്റെ ആത്മീയ ഉണർവ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. തന്റെ ആത്മകഥയിൽ, നാഷൺ ഓഫ് ഇസ്ലാം മുന്നോട്ടു വെച്ച ഇസ്ലാമിനെ കുറിച്ച് ആദ്യമായി അറിഞ്ഞപ്പോൾ സ്വീകരിച്ച പ്രാംരഭ നടപടികളെ കുറിച്ച് മാൽക്കം വിശദീകരിക്കുന്നുണ്ട് – സിഗരറ്റും പന്നിയിറച്ചിയും താരതമ്യേന എളുപ്പത്തിൽ ഉപേക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞെങ്കിലും, പ്രാർഥന നിർവഹിക്കൽ വളരെയധികം ബുദ്ധിമുട്ടായിരുന്നു:

“എന്റെ ജീവിതത്തിൽ ഞാൻ നേരിട്ട ഏറ്റവും കഠിനമായ പരീക്ഷണം പ്രാർഥനയായിരുന്നു. മനസ്സിലാക്കാനും വിശ്വസിക്കാനും ‘അത് ശരിയാണ്!’ എന്ന് എന്റെ മനസ്സ് പറയേണ്ട ആവശ്യമേയുണ്ടായിരുന്നുള്ളു.. പക്ഷേ പ്രാർഥിക്കുന്നതിനു വേണ്ടി മുട്ടുമടക്കാൻ- എനിക്ക് ഒരാഴ്ച വേണ്ടി വന്നു..”

മുട്ടുകുത്തിയിരുന്ന് വാതിലുകളുടെ പൂട്ട് പൊളിച്ചിരുന്ന വർഷങ്ങളും, ശേഷം ദൈവത്തോട് പ്രാർഥിക്കാൻ മുട്ടുകുത്തി നിൽക്കുന്നതിൽ നേരിട്ട വെല്ലുവിളിയും മാൽക്കം വിവരിക്കുന്നുണ്ട്. ഈ തടസ്സത്തെ മറികടക്കാൻ തന്റെ അഹന്തയെ അദ്ദേഹം അതിജയിച്ചു; ഈ തുറവിയായിരുന്നു അദ്ദേഹത്തിന്റെ ആത്മീയ വളർച്ചയ്ക്ക് തുടക്കം കുറിച്ചത്, മാത്രമല്ല അദ്ദേഹത്തിന്റെ വൈജ്ഞാനികവും രാഷ്ട്രീയവുമായ വികാസത്തിന് അതു ഉത്തേജകമായി വർത്തിക്കുകയും ചെയ്തു.

“മുട്ടുമടക്കാൻ എനിക്ക് എന്നെ സ്വയം നിർബന്ധിക്കേണ്ടി വന്നു. നാണക്കേടും ലജ്ജയും എന്നെ പിറകോട്ടു വലിക്കും. തിന്മയെ സംബന്ധിച്ചിടത്തോളം മുട്ടുമടക്കുക, കുറ്റം ഏറ്റുപറയുക, ദൈവത്തോട് പൊറുക്കലിനെ തേടുക എന്നിവയാണ് ലോകത്തിലെ ഏറ്റവും പ്രയാസകരമായ കാര്യങ്ങൾ. ഇപ്പോൾ അതെല്ലാം കാണാനും പറയാനും എനിക്ക് എളുപ്പമാണ്. എന്നാൽ, അന്ന്, ഞാൻ തിന്മയുടെ പ്രതിരൂപമായിരുന്നപ്പോൾ, ഞാൻ അതിലൂടെയെല്ലാം കടന്നുപോവുകയായിരുന്നു. അല്ലാഹുവിനു മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നതിനായി ഞാൻ എന്നെ തന്നെ ആവർത്തിച്ച് നിർബന്ധിക്കും. അവസാനം എനിക്കതിന് സാധിച്ചപ്പോൾ- അല്ലാഹുവിനോട് എന്തു പറയണം എന്ന് എനിക്കറിയില്ലായിരുന്നു.”

മാൽക്കമിന്റെ ജീവിതത്തിലെ ആകർഷകമായ ഘടകങ്ങളിലൊന്ന്, അദ്ദേഹം സ്വീകരിച്ച പ്രശംസനീയമായ യു-ടേൺ ആണ്, സുഖാനുഭൂതി നിറഞ്ഞ ജീവിതത്തിൽ നിന്നും ഒരു ലോകപ്രസിദ്ധ വ്യക്തിത്വത്തിലേക്കുള്ള മാറ്റം. മാൽക്കം ജയിൽ നിന്നും പുറത്തിറങ്ങുമ്പോഴേക്കും, അദ്ദേഹം സ്വയം പരിവർത്തനത്തിനു വിധേയമായിരുന്നു; സ്വന്തത്തെ കീഴടക്കിയ ഒരു മനുഷ്യനായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ശത്രുക്കളിൽ ഒരാളുടെ വാക്കുകൾ കടമെടുത്താൽ:

“ആർക്കും മാൽക്കമിനെ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നില്ല. അദ്ദേഹം വളരെയധികം ബുദ്ധിമാനായിരുന്നു. അച്ചടക്കമുള്ളവനുമായിരുന്നു.. മാൽക്കം പുകവലിക്കുന്നത് ഞാൻ കണ്ടിട്ടില്ല. മാൽക്കം ആരോടും ശാപവാക്കുകൾ പറയുന്നതായി ഞാൻ കേട്ടിട്ടില്ല. മാൽക്കം ഒരു സ്ത്രീയെ അശ്ലീലച്ചുവയോടെ നോക്കുന്നതായി ഞാൻ കണ്ടിട്ടില്ല. ഭക്ഷണ സമയത്തിനിടയിൽ അവൻ മറ്റെന്തെങ്കിലും കഴിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. ഒരു ദിവസം ഒരു നേരം മാത്രമാണ് അവൻ ആഹാരം കഴിച്ചിരുന്നത്. പ്രഭാത നമസ്കാരം നിർവഹിക്കുന്നതിനായി എന്നും രാവിലെ 5 മണിക്ക് എഴുന്നേൽക്കും. കൂടിക്കാഴ്ചക്കായി വൈകി എത്തുന്ന മാൽക്കമിനെ ഞാൻ കണ്ടിട്ടില്ല. മാൽക്കം ഒരു ക്ലോക്ക് പോലെയായിരുന്നു.” (ലൂയിസ് ഫറാഖാൻ)

ഒരു മനുഷ്യൻ തന്റെ ആത്മീയ ഉണ്മയുമായി സ്വരലയത്തിലാവുന്നതിന്റെ തിളക്കമാർന്ന ഉദാഹരമാണ് മാൽക്കമിന്റെ അച്ചടക്കശീലവും വിശ്വാസത്തോടുള്ള പ്രതിബദ്ധതയും.

ജയിൽ മോചനത്തോടെ, പരിവർത്തന വിധേയനായ മാൽക്കമിന്റെ വളർച്ച വേഗത്തിലായി; 50കളുടെ തുടക്കത്തിൽ 1200 അംഗങ്ങൾ ഉണ്ടായിരുന്ന നാഷൺ ഓഫ് ഇസ്ലാമിലേക്ക് 60കളുടെ തുടക്കത്തോടെ 75000 സജീവ പ്രവർത്തകരെ എത്തിക്കാൻ മാൽക്കമിന്റെ പ്രവർത്തനങ്ങൾക്കു കഴിഞ്ഞു.

Also read: മുറാദ് ഹോഫ്മാന്റെ ഡയറിക്കുറിപ്പുകൾ

ആക്ടിവിസം ഒരു ഭാഗത്തു നടക്കുമ്പോഴും, മാൽക്കമിന്റെ രാഷ്ട്രീയവാദത്തിന് നാഷൺ ഓഫ് ഇസ്ലാമിന്റെ കർശനമായ അരാഷ്ട്രീയവാദം കടിഞ്ഞാണിട്ടു. റാലികളിൽ പങ്കെടുക്കുക, വോട്ട് ചെയ്യുക തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന അംഗങ്ങൾ ശിക്ഷാനടപടികൾക്കു വിധേയരാകുമായിരുന്നു. മൂർച്ചയേറിയതും പ്രകോപനപരവുമായ ശൈലിയിൽ പ്രസംഗിക്കുന്ന ഒരാളെന്ന നിലയിൽ അദ്ദേഹം അറിയപ്പെട്ടിരുന്നെങ്കിലും, നാഷൺ ഓഫ് ഇസ്ലാമിനോട് വേർപിരിയുകയും രണ്ടാം ആത്മീയ ഉണർച്ച സംഭവിക്കുകയും ചെയ്തതിനു ശേഷമാണ് യഥാർഥത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം ആളിക്കത്താൻ തുടങ്ങിയത്.

1963ൽ മാൽക്കം എക്സിന് ഏതാനും നഷ്ടങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. എലിജാ മുഹമ്മദിനെ തള്ളിപ്പറഞ്ഞതിലൂടെ അദ്ദേഹത്തിന് തന്റെ മതാചാര്യനെ നഷ്ടപ്പെട്ടു,നേഷൻ ഓഫ് ഇസ്ലാമിനാൽ ബഹിഷ്കരിക്കപ്പെട്ടതോടെ, താൻ വളർത്തിയെടുക്കാൻ സഹായിച്ച സമുദായത്തെ അദ്ദേഹത്തിന് നഷ്ടമായി, ഏറ്റവും പ്രധാനമായി, നേഷൻ ഓഫ് ഇസ്ലാമിന്റെ വംശീയ സിദ്ധാന്തത്തിൽ നിന്നും അകന്നതോടെ അദ്ദേഹത്തിന് തന്റെ മതവും നഷ്ടപ്പെട്ടു.

വഴിതെറ്റി, നേർദിശ കണ്ടെത്താൻ അലഞ്ഞ മാൽക്കം, അദ്ദേഹത്തിന്റെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും മാറ്റിമറിച്ച ഹജ്ജ് കർമം നിർവഹിക്കാൻ പുറപ്പെട്ടു. അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ മാനിംങ് മരാബിൾ പറയുന്നു : “മഹത്തായ മാറ്റത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഈ ഘട്ടത്തിൽ ആത്മീയ ശുദ്ധീകരണത്തിനുള്ള അവസരത്തിലൂടെ കടന്നുപോകേണ്ടത് വളരെ പ്രധാനമാണ്.”

തീർച്ചയായും, ആഴമേറിയ ആത്മീയതയുള്ള ഒരാളായിരുന്നു മാൽക്കം. മാൽക്കമിനെ സുന്നി ഇസ്ലാമിലേക്കു നയിക്കാൻ സഹായിച്ച ഡോ. മഹ്മൂദ് ഷെർബാവി പറയുന്നു : “വിശുദ്ധ ഖുർആനിലെ സൂക്തങ്ങൾ വായിക്കപ്പെടുമ്പോൾ മാൽക്കം കരയുമായിരുന്നു.”

ഹജ്ജ് മാൽക്കത്തിൽ ചെലുത്തിയ ആത്മീയവും രാഷ്ട്രീയവുമായ സ്വാധാനം അദ്ദേഹത്തിന്റെ രചനകളിൽ തെളിഞ്ഞുകാണാം. ഏറ്റവും ശ്രദ്ധേയമായത്, തന്റെ വംശീയ ആശയങ്ങളുമായി ബന്ധപ്പെട്ട് മാൽക്കത്തിൽ കാര്യമായ മാറ്റം വരുത്താൻ ഹജ്ജ് സഹായിച്ചു.

“വിശ്വാസിക്ക് തന്റെ സഹജീവിയോട് ആത്മാർഥവും സ്വമേധയാ ഉള്ളതുമായ കടമകൾ ഉണ്ട് എന്നതാണ് ഏകദൈവത്വം എന്ന ഇസ്ലാമിക അധ്യാപനത്തിന്റെ സാരാംശം (സർവ്വരും ഒരൊറ്റം മാനവിക കുടുംബമാണ്, എല്ലാവരും പരസ്പരം സഹോരൻമാരും സഹോദരികളുമാണ്).. മനുഷ്യരാശിയുടെ ഏകത്വം തിരിച്ചറിയുന്നവനാണ് യഥാർഥ വിശ്വാസി.”

പുതിയൊരു ഊർജ്ജവും ശക്തിയും സംഭരിച്ചായിരുന്നു മാൽക്കം ഹജ്ജ് കർമം നിർവഹിച്ച് അമേരിക്കയിലേക്ക് മടങ്ങിയെത്തിയത്. “തന്റെ ആത്മീയ ജീവിതത്തിൽ മാത്രമല്ല, തന്റെ മനുഷ്യാവകാശ പ്രവർത്തനങ്ങളിലും ഇസ്ലാം വഹിക്കുന്ന പങ്ക് അദ്ദേഹത്തിനു കാണാൻ കഴിഞ്ഞു.” മാൽക്കം തന്റെ ഹജ്ജ് അനുഭവങ്ങൾ വിവരിച്ച് ഇപ്രകാരം ഉപസംഹരിച്ചു, “രണ്ടു കാര്യങ്ങളിലാണ് അമേരിക്കയിലെ നമ്മുടെ വിജയം കുടികൊള്ളുന്നത്, ബ്ലാക്ക് നാഷണലിസവും ഇസ്ലാമും.”

മാൽക്കത്തിന്റെ ജീവിതത്തിലെ രാഷ്ട്രീയ ചലനാത്മകതയുടെ ഉത്തേജകം എന്ന നിലയിൽ ആത്മീയ ഉണർച്ചക്കുള്ള പങ്ക് നിഷേധിക്കാനാവില്ല.

രാഷ്ട്രീയവും ആത്മീയവുമായ രണ്ടു മേഖലകളുടെ സംയോജനത്തിന്റെ മികച്ച ഉദാഹരണമാണ് മാൽക്കം സ്ഥാപിച്ച രണ്ടു സംഘടനകൾ – ഓർഗനൈസേഷൻ ഓഫ് ആഫ്രോ-അമേരിക്കൻ യൂണിറ്റി എന്ന സെക്കുലർ സംഘടനയും, മുസ്ലിം മോസ്ക് Inc. എന്ന ഇസ്ലാമിക സംഘടനയും. ഒന്നാമത്തേത്, പൗരാവകാശങ്ങൾക്കും സമത്വത്തിനും വേണ്ടി പ്രവർത്തിക്കുന്ന വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നുള്ള സാമൂഹിക പ്രവർത്തകരെ ഉൾവഹിച്ചപ്പോൾ, രണ്ടാമത്തേത്, മുസ്ലിംകൾക്കിടയിൽ അമേരിക്കൻ സുന്നി ഇസ്ലാമിന് വേരോട്ടം ലഭിക്കുന്നതിന് വേണ്ടി പ്രവർത്തിച്ചു.

മതേതര ഇടങ്ങളിൽ ഇടപെടേണ്ടതിന്റെ ആവശ്യകതയും, അതുപോലെ സമുദായത്തിന്റെ മതപരമായ ആവശ്യങ്ങൾ നിറവേറ്റേണ്ടതിന്റെ അനിവാര്യതയും അദ്ദേഹം ഒരുപോലെ വിലമതിച്ചത് പാശ്ചാത്യ മുസ്ലിംകൾ മാതൃകയാക്കേണ്ട ഒന്നാണ്.

ഇസ്ലാമിന്റെ അഞ്ചു സ്തംഭങ്ങളിൽ ഒന്നായ നമസ്കാരത്തിലൂടെയുള്ള മാൽക്കമിന്റെ പ്രഥമ ആത്മീയ ഉണർവ്വും, മറ്റൊരു സ്തംഭമായ ഹജ്ജിലൂടെയുള്ള രണ്ടാമത്തെ ആത്മീയ ഉണർവ്വും കണക്കിലെടുത്താൽ രാഷ്ട്രീയ ശക്തിക്കുള്ളിലെ ആത്മീയകരുത്ത് തീർച്ചയായും ഉപകാരപ്രദവും ഫലദായകവുമാണെന്ന് ബോധ്യമാവും.

വിവ. മുഹമ്മദ് ഇർഷാദ്

Facebook Comments
Related Articles
Tags
Close
Close