Current Date

Search
Close this search box.
Search
Close this search box.

മാല്‍ക്കം എക്‌സ് എന്ന തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യന്‍

എല്ലാ സെമസ്റ്ററിലും മനുഷ്യാവകാശങ്ങളെപ്പറ്റി ക്ലാസെടുക്കുമ്പോഴെല്ലാം മാര്‍ട്ടിന്‍ ലൂതര്‍ കിങിന്റെയും മാല്‍ക്കം എക്‌സിന്റെയും വാക്കുകള്‍ ഞാന്‍ വിതരണം ചെയ്യാറുണ്ട്. എന്നിട്ട് അവരിലാരാണ് അത് പറഞ്ഞതെന്ന് ഊഹിക്കാന്‍ ഞാന്‍ വിദ്യാര്‍ഥികളോടാവശ്യപ്പെടും. ഉദാഹരണമായി, ഇതുപോലുള്ള രണ്ട് വാചകങ്ങള്‍ അവരുടെ മുമ്പില്‍ വെക്കും.
‘പരസ്പരമുള്ള അജ്ഞതയാണ് പണ്ട് ഐക്യത്തെ അസാധ്യമാക്കിമാറ്റിയത്. നമുക്ക് കൂടുതല്‍ വെളിച്ചത്തെ, മറ്റുള്ളവരെക്കുറിച്ചുള്ള കൂടുതല്‍ അറിവുകളെ ആവശ്യമുണ്ട്. അതിനേ കൃത്യമായ ധാരണകളെ സൃഷ്ടിക്കാനാകൂ. ആ ധാരണകള്‍ക്കു മാത്രമേ സ്‌നേഹത്തെയും ആ സ്‌നേഹത്തിനു മാത്രമേ സഹനത്തെയും പിന്നീട് ഐക്യത്തെയും സൃഷ്ടിക്കാനാകൂ. അതുകൊണ്ട് പരസ്പരം പഴിചാരുന്നത് നിര്‍ത്തി, ഒരുമിച്ച് അണിയായി നമ്മള്‍ മുന്നോട്ടുപോകേണ്ടതുണ്ട്’.

‘നീഗ്രോകള്‍ അര്‍ഹിക്കുന്ന നീതിയാണ് തങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്നത് എന്നാണ് വെളളക്കാരായ അമേരിക്കക്കാരിലെ മൃഗീയപക്ഷവും മനസിലാക്കിയത്. വംശീയമായ അതിര്‍വരമ്പുകളില്ലാത്ത മധ്യവര്‍ഗ ഉട്ടോപ്യൻ നിര്‍മിതിയെ അമേരിക്കന്‍ സമൂഹം സ്വാഗതം ചെയ്യുകയാണെന്ന് അവര്‍ കരുതി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അത് ആത്മനിന്ദയും സുഖകരമായ പൊങ്ങച്ചം പറച്ചിലുകളും മാത്രമുളള സാങ്കല്‍പിക ലോകമായിരുന്നു അത്’.
ഒന്നാമത്തേത് മാല്‍ക്കമിന്റേയും രണ്ടാമത്തേത് മാര്‍ട്ടിന്റെയുമായിട്ടും വാക്കുകള്‍ ആരുടേതാണെന്ന് തിരിച്ചറിയാന്‍ അവര്‍ വല്ലാതെ ബുദ്ധിമുട്ടി. ഉത്തരം തെറ്റിയത് അവര്‍ ചിലര്‍ക്ക് മാത്രമായിരുന്നില്ല. അമേരിക്കയിലെ വിദ്യാഭ്യാസ വ്യവസ്ഥയും മുഖ്യധാരയുമൊക്കെ മാല്‍ക്കമിനെയും മാര്‍ട്ടിന്‍ ലൂതറിനെയും ചിത്രീകരിച്ചതും സമാനമായ മുന്‍വിധികള്‍ വെച്ചാണ്.

സ്‌നേഹത്തിനും അക്രമരഹിതമായ സമരമാര്‍ഗങ്ങളിലൂന്നി പ്രവര്‍ത്തിച്ച പ്രിയപ്പെട്ട ഇതിഹാസമായിരുന്നു അമേരിക്കന്‍ ജനതക്ക് ലൂതര്‍ കിങെങ്കില്‍ വെറുപ്പും വിവേചനവും പ്രചരിപ്പിച്ച അക്രമാസക്തനായ വില്ലനായിരുന്നു മാല്‍ക്കം എക്‌സ്. ചരിത്രത്തിന്റെ തെറ്റായ വായന മാത്രമല്ല അത്, ലൂതര്‍ കിങ്ങിനെ കുഴപ്പക്കാരനല്ലാതാക്കുകയും മാല്‍ക്കം എക്‌സിനെ ആളുകളെ വഞ്ചിക്കുന്ന നേതാവാക്കിയുമുള്ള വിരുദ്ധോക്തിയുമാണത്. ഇരുവരെയും ലളിതമായ പ്രതീകാത്മകതയോടെ അവതരിപ്പിച്ചത് കിംഗിനെപ്പോലുള്ളവര്‍/അല്ലാത്തവര്‍ എന്ന് രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ തരംതിരിക്കുന്നതിലേക്ക് വഴിവച്ചു. അതുപോലെ, രഞ്ജിപ്പിനായി ലൂതര്‍ കിംഗുപയോഗിച്ച നിയമവിരുദ്ധമായ രൂപങ്ങള്‍ നിയമാനുസൃതമായും ചെറുത്തുനില്‍പ്പിനായി മാല്‍ക്കമുപയോഗിച്ച നിയമാനുസൃത വഴികള്‍ നിയമവിരുദ്ധമായും അവതരിപ്പിക്കപ്പെട്ടു.

Also read: ഇസ്രയേല്‍ അനുകൂല ലോബികളുടെ ചതിക്കുഴികളില്‍ വീഴാതിരിക്കുക

ഒരു നാഷന്‍ ഓഫ് ഇസ് ലാം അംഗമെന്ന നിലയിലോ, സുന്നി മുസ് ലിമെന്ന നിലയിലോ മാല്‍ക്കം ഒരിക്കലും അക്രമസ്വഭാവക്കാരനായിരുന്നില്ല. പക്ഷേ അമേരിക്കയിലെ കറുത്തവംശജര്‍ ഭീമമായ സ്റ്റേറ്റ് അക്രമങ്ങള്‍ക്ക് വിധേയരാകുമ്പോള്‍, അക്രമരാഹിത്യത്തിന്റെ പാത സ്വീകരിക്കുന്നത് കാപട്യമാണെന്നൊന്നും മാല്‍ക്കം കരുതിയിരുന്നില്ല. കറുത്തവര്‍ക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് വിശ്വസിച്ച മാല്‍ക്കം അമേരിക്കയുടെ പഴയ നേതാക്കളൊക്കെ മറ്റുള്ളവരെപ്പോലെ കറുത്തവര്‍ക്കും സ്വാതന്ത്ര്യം വകവെച്ചുനല്‍കാത്തതിനാല്‍ അമേരിക്കയെന്ന രാഷ്ട്രം അസ്ഥിരമാണെന്ന് ആരോപിക്കുകയും ചെയ്തു. ഈ സിദ്ധാന്തങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുന്നത് തനിക്ക് മോശം പ്രതിച്ഛായ നല്‍കുമെന്നും ലൂതര്‍ കിങിന്റെ മുന്നേറ്റങ്ങള്‍ക്ക് ശക്തിപകരുമെന്നും മാല്‍ക്കമിന് അറിയാമായിരുന്നു. അതുതന്നെയാണ് അദ്ദേഹം ആഗ്രഹിച്ചതും. തന്റെ കൊലപാതകത്തിന്റെ ആഴ്ചകള്‍ക്കു മുമ്പ്, ലൂതറിന് പിന്തുണയുമായി സെല്‍മയിലെത്തിയ അദ്ദേഹം താനൊരു ഭീതിയുണര്‍ത്തുന്ന ബദലായി മാറിയെന്നത് വാസ്തവമാണെന്ന് അംഗീകരിക്കുകയും ചെയ്തു. കോരെറ്റ സ്‌കോട്ട് കിംഗുമായി അദ്ദേഹം നടത്തിയ അഭിമുഖങ്ങളിലും മറ്റുമൊക്കെ അദ്ദേഹം ആവര്‍ത്തിച്ചത് അമേരിക്കക്ക് താന്‍ ചോദിക്കുന്നതും അല്ലാത്തതും തരാന്‍ കഴിയുമെന്ന പ്രതീക്ഷയായിരുന്നു. ആ മറ്റുള്ളത് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ലെങ്കിലും കിംഗ് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അമേരിക്ക അംഗീകരിക്കണമെന്ന് അദ്ദേഹം ശക്തമായി വാദിച്ചു.

തന്റെ ജനങ്ങള്‍ മൃഗതുല്യമായ പെരുമാറ്റം നേരിടുന്ന കാലത്തോളം അത്തരമൊരു വില്ലന്‍ വേഷം കളിക്കുന്നത് മാല്‍ക്കമിന് പ്രശ്‌നമായിരുന്നില്ല. ലൂതര്‍ കിംഗ് പ്രതിസന്ധികളോട് അക്രമരഹിതമായ രീതിയില്‍ പെട്ടെന്ന് നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്തതെങ്കില്‍ അതിനെ സമ്പൂര്‍ണമാക്കിത്തീര്‍ത്തത് മാല്‍ക്കം എക്‌സിന്റെ ചടുലതയായിരുന്നു.
പ്രമുഖ എഴുത്തുകാരനായ കോളിന്‍ മോറിസ് എഴുതിയതിങ്ങനെയാണ്: ‘അക്രമരാഹിതമായ ചെറുത്തുനില്‍പ്പിന് വിമോചന പോരാട്ടത്തില്‍ പങ്കുണ്ടെന്ന കാര്യം ഞാന്‍ വിസ്മരിക്കുകയോ ഗാന്ധിയോ മാര്‍ട്ടിന്‍ ലൂതറോ ചെയ്ത പ്രവര്‍ത്തികളെ ചെറുതായിക്കാണുന്നോ ഇല്ല. സമാധാനപരമായ ചെറുത്തുനില്‍പ്പിന്റെ ആളുകള്‍ എത്രകണ്ട് അക്രമത്തെ വെറുത്തിരുന്നെങ്കില്‍ പോലും, അതില്ലാതെയുള്ള അവരുടെ രാഷ്ട്രീയം ദുര്‍ബലമായിരുന്നു. അമേരിക്കയിലെ നീഗ്രോകള്‍ക്ക് മാല്‍ക്കം എക്‌സിനെയും മാര്‍ട്ടിന്‍ ലൂതറിനെയും ഒരുപോലെ ആവശ്യമുണ്ടായിരുന്നു’.

കറുത്തവരുടെ വിമോചനത്തിനായി സമാനമായ നയങ്ങളാണ് മാല്‍ക്കമും മാര്‍ട്ടിന്‍ ലൂതര്‍ കിംഗും സ്വീകരിച്ചതെങ്കിലും അവര്‍ വ്യത്യസ്തമായ യാഥാര്‍ത്ഥ്യങ്ങളോടാണ് സംവദിച്ചത്. പ്രത്യക്ഷത്തില്‍ മാത്രം കറുത്തവരോട് രഞ്ജിപ്പ് നിലവിലുണ്ടായിരുന്ന വടക്കന്‍ അമേരിക്കന്‍ യാഥാര്‍ത്ഥ്യങ്ങളോടാണ് മാല്‍ക്കം സംസാരിച്ചതെങ്കില്‍ അത്തരമൊന്ന് അസാധ്യമായിരുന്ന തെക്കനമേരിക്കന്‍ യാഥാര്‍ത്ഥ്യബോധങ്ങളോടായിരുന്നു ലൂതര്‍ കിംഗ് നേരിടേണ്ടിവന്നത്.
യഥാര്‍ഥ വിമോചനത്തെ സാധ്യമാക്കാന്‍ കറുത്തവര്‍ഗക്കാര്‍ക്കുള്ളിലെ ആന്തരിക വംശീയ യാഥാര്‍ഥ്യങ്ങളോടും മാല്‍ക്കം എക്‌സ് സംസാരിച്ചു. ജെയിംസ് കോണിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ‘കിംഗ് ഒരു രാഷ്ട്രീയ വിപ്ലവകാരിയായിരുന്നെങ്കില്‍ ഒരു സാംസ്‌കാരിക വിപ്ലവകാരിയായിരുന്നു മാല്‍ക്കം എക്‌സ്. നീഗ്രോയെന്ന് മാത്രം വിളിക്കപ്പെട്ടിരുന്ന നമ്മള്‍ക്ക് കറുത്തവരെന്ന സ്വത്വം സ്ഥാപിച്ചുതന്നത് അദ്ദേഹമാണ്’.

Also read: എന്തുകൊണ്ട് സന്തോഷം ഇത്ര അവ്യക്തം?

അതുകൊണ്ടാണ് പാഠപുസ്തകങ്ങളിലും മറ്റും മോശക്കാരനായി ചിത്രീകരിക്കപ്പെട്ട മാല്‍ക്കം എക്‌സ് സമര മുന്നേറ്റങ്ങളിലും കലാരൂപങ്ങളിലും അനശ്വരനായി മാറിയത്. മുഹമ്മദ് അലിയുടെയും കോളിന്‍ കേപ്പര്‍നിക്കിനെയും പോലെ ബ്ലാക്ക് മൂവ്‌മെന്റുകള്‍ക്ക് പ്രചോദനമേകിയ അദ്ദേഹം ശത്രുതാപരമായ അന്തരീക്ഷത്തിലും എങ്ങനെ അന്തസോടെയും വിശ്വാസത്തോടെയും ജീവിക്കണമെന്ന് അമേരിക്കന്‍ മുസ് ലിംകളെ പഠിപ്പിക്കുകയായിരുന്നു. തന്റെ ജീവിതത്തില്‍ നേരിട്ട ഒരു ആശയക്കുഴപ്പം അദ്ദേഹം വിശദീകരിക്കുന്നതിങ്ങനെ: ‘മുസ്്‌ലിംകള്‍ക്ക് ഞാന്‍ ഒരു ഭൗതികനാണെന്ന് തോന്നാം. എന്നാല്‍ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം ഞാനൊരു മതവിശ്വാസിയാണ്. പോരാളികള്‍ക്ക് ഞാന്‍ മിതവാദിയാണെങ്കില്‍ മിതവാദികളുടെ ദൃഷ്ടിയില്‍ ഞാനും പോരാളിയാണ്. ഒരു ട്രപ്പീസുകളിക്കാരന്റെ മാനസികാവസ്ഥയിലാണ് ഞാന്‍’.
അമേരിക്ക ലൂതര്‍ കിംഗിനെ പരിശുദ്ധവല്‍കരിക്കുന്നതുപോലെ അമേരിക്കയിലെ മുസ്്‌ലിംകള്‍ക്കും മാല്‍ക്കം എക്‌സിനെപ്പറ്റിയുളള തെറ്റിദ്ധാരണകള്‍ക്ക് അയവുവരുത്താനാകണം. മാല്‍ക്കമിനെ അദ്ദേഹത്തിന്റെ ഹജ്ജനുഭവങ്ങളിലേക്ക് ചുരുക്കുന്നത് ലൂതര്‍ കിംഗിനെ അദ്ദേഹത്തിന്റെ പ്രശസ്തമായ ‘എനിക്കുമൊരു സ്വപ്‌നമുണ്ട്’ എന്ന പ്രസംഗത്തിലേക്ക് ചുരുക്കുന്നതിന് സമാനമാണ്. കറുത്തവനായതിനാല്‍ ഒട്ടും പിന്‍വാങ്ങാന്‍ തയാറാകാതിരുന്ന അഭിമാനിയായ മുസ്്‌ലിമായിരുന്നു അദ്ദേഹം. മുഴുവന്‍ വെളുത്തവരെയും അദ്ദേഹം കുറ്റപ്പെടുത്തിയില്ലെങ്കിലും ആഗോളതലത്തിലെ വെള്ള വംശീയതയുടെ ആധിപത്യത്തെ വിമര്‍ശിക്കുന്നതില്‍ അദ്ദേഹം ഒരു കുറവും വരുത്തിയില്ല.
അദ്ദേഹത്തിന്റെ ജനങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതത്തിന് പരിഹാരങ്ങള്‍ തേടുന്നതോടൊപ്പം, പരസ്പരബന്ധിതമായ ഒരുപാട് വിഷയങ്ങളെ ഫലപ്രദമായി നേരിടാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മാല്‍ക്കമിന്റെ നേര്‍വിപരീതമായാണ് മാര്‍ട്ടിന്‍ ലൂതറിനെ ചരിത്രം പ്രതിഷ്ഠിച്ചതെങ്കിലും മാല്‍ക്കമിന്റെ ജനസമ്മതി ഇല്ലാതാക്കിയ കാര്യങ്ങള്‍ തന്നെയാണ് ലൂതര്‍ കിംഗും കൊണ്ടുവരാന്‍ ശ്രമിച്ചത്.

ജെയിംസ് ബാള്‍ഡ്‌വിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ‘വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ളവരായിരുന്നെങ്കിലും, വിരുദ്ധധ്രുവങ്ങളില്‍ സ്വയം പ്രതിഷ്ഠിച്ചവരായിരുന്നെങ്കിലും അവര്‍ ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. ഒരാള്‍ മരണപ്പെട്ടപ്പോഴാണ് അത് കൂടുതല്‍ മനസിലായത്. മാല്‍ക്കം എക്‌സ് നട്ടുനനച്ച് വളര്‍ത്തുകയും അതിനായി സ്വന്തം ജീവന്‍ വെടിയുകയും സ്വപ്‌നം കാണുകയും ചെയ്ത ദര്‍ശനങ്ങളുടെ ഭാരത്തെയാണ് പിന്നീട് ലൂതര്‍ കിംഗ് ഏറ്റെടുത്തത്. ലൂതര്‍ കിംഗ് ഏറെ ആരാധനയോടെ കണ്ട വ്യക്തികളിലൊരാളായിരുന്നു മാല്‍ക്കം എക്‌സ്’. അവരിലൊരാളെ മാത്രം സമൂഹം എന്തുകൊണ്ട് ആഘോഷിക്കുന്നു എന്ന് ചോദിക്കാനുള്ള സമയമാവട്ടെ ഇത്.

വിവ. അഫ്‌സല്‍ പിടി മുഹമ്മദ്‌

Related Articles