Current Date

Search
Close this search box.
Search
Close this search box.

മുറാദ് ഹോഫ്മാന്റെ ഡയറിക്കുറിപ്പുകൾ

അള്‍ജീരിയയുടെ തലസ്ഥാനത്ത് ജര്‍മ്മന്‍ കോണ്‍സുലേറ്റിന്റെ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ച കാലത്തെ ഓര്‍ത്തെടുക്കുന്നുണ്ട് ഈയടുത്ത് അന്തരിച്ച മുറാദ് ഹോഫ്മാന്‍ തന്റെ, പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ട, ഡയറിക്കുറിപ്പുകളിലൊന്നില്‍. ഫ്രഞ്ച് അധിനിവേശത്തില്‍ നിന്ന് സ്വാതന്ത്ര്യം കൊതിച്ച അള്‍ജീരിയന്‍ ജനതയ്ക്ക് നേരെ ഫ്രഞ്ച് കമാന്റോകള്‍ അഴിച്ചുവിട്ട ആക്രമണപരമ്പരകളെക്കുറിച്ച് വേദനയോടെ കുറിക്കുന്നു അദ്ദേഹം. അള്‍ജീരിയന്‍ യുവതയെ മുയലുകളെപ്പോലെ വേട്ടയാടിയത്, ‘സീക്രട്ട് ആര്‍മി ഓര്‍ഗനൈസേഷന്‍’ കമാന്റോകള്‍ യൂണിവേഴ്സിറ്റികളില്‍ അള്‍ജീരിയന്‍ യുവാക്കളെ ഉന്മൂലനം ചെയ്തത്, ഷോപ്പിങിനു പോകുന്ന അള്‍ജീരിയന്‍ വനിതകളെ വിലക്കുകള്‍ ലംഘിച്ച് വെടിവെച്ചുവീഴ്ത്തിയതെല്ലാം ആള്‍ജിയേഴ്സില്‍ വെച്ചെഴുതിയ അദ്ദേഹത്തിന്റെ കുറിപ്പിലുണ്ട്. ആ കുറിപ്പവസാനിക്കുന്നതിങ്ങനെയാണ്‌ :-

“ഇത്രയേറെ അധിക്ഷേപവും നിന്ദയും ശിക്ഷയുമേറ്റുവാങ്ങിയ അള്‍ജീരിയക്കാരുടെ അടക്കത്തിന്റെ രഹസ്യമറിയാന്‍ അക്കാലത്ത് ഞാന്‍ പലപ്പോഴും 7.65 എം. എം. വാള്‍തെര്‍ പി.കെ പിസ്റ്റള്‍ അരയില്‍ തിരുകി തെരുവിലൂടെ അലഞ്ഞിട്ടുണ്ട്. അവസാനം ഞാന്‍ ഉത്തരം കണ്ടെത്തി; അല്‍ ബഖറയിലെ നൂറ്റി അമ്പത്തി മൂന്നാം സൂക്തം വീണ്ടും വീണ്ടും പാരായണം ചെയ്തപ്പോള്‍: “വിശ്വാസികളേ, അചഞ്ചലമായ സഹനത്താലും പ്രാര്‍ത്ഥനയാലും നിങ്ങള്‍ സഹായം തേടുക. ക്ഷമിക്കുന്നവരോടൊപ്പമല്ലോ അള്ളാഹു..”

Also read: ഒരു ദിവസം ഞാന്‍ നമസ്‌കരിക്കും!

അനീതിയുടെയും അക്രമത്തിന്റെയും എതിരായി മറ്റൊരനീതിക്കും അക്രമത്തിനും പകരം നീതിയിലും സഹനത്തിലുമധിഷ്ഠിതമായ എതിര്‍പ്പുകള്‍ സാധ്യമാണെന്ന ഇസ്ലാമികപാഠം ഒരര്‍ത്ഥത്തില്‍ വില്‍ഫ്രെഡ് ഹോഫ്‌മാന്റെ ‘മുറാദ്’ (ലക്ഷ്യം) ഇസ്ലാമാവുന്നതില്‍ പങ്കുവഹിച്ചിരിക്കാം. ഇസ്ലാമിക വാസ്തുകലകളെയും നിര്‍മ്മിതികളെയും താത്വികമായും സൗന്ദര്യപരമായും വിലയിരുത്തുന്നൊരു കുറിപ്പ് ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തു തന്നെ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ഇസ്ലാമിന്റെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യസവിശേഷതകളെയൊന്നാകെ ആസ്വദിക്കുന്ന വിശ്വാസിയെയാണ്‌ അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളില്‍ നിന്ന് നമുക്ക് വായിച്ചെടുക്കാനാവുക . “വിശ്വാസത്തിന്റെ സവിശേഷഭാവങ്ങളെ സൗന്ദര്യത്തിന്റെ മൗലികഘടകങ്ങളാക്കി പരാവര്‍ത്തനം ചെയ്യാന്‍ സാധിക്കുന്ന മതമാണ്‌ ഇസ്ലാം” എന്ന് തന്നെ അദ്ദേഹം പറഞ്ഞുവെക്കുന്നുമുണ്ട്.

“സമ്പത്തിന്റെയും സുഖാനുഭവത്തിന്റെയും വിഗ്രഹാരാധനയ്ക്കെതിരെ ഗണനീയമായ വിടുതല്‍ നല്‍കാന്‍ ഈ മതത്തിനു സാധിക്കുന്നു”വെന്ന് മറ്റൊരിടത്ത് അദ്ദേഹം എഴുതുന്നു. ഒരാളുടെ സാമ്പത്തികനയത്തിലും കാഴ്ച്ചപ്പാടിലും ഏകദൈവത്വസിദ്ധാന്തത്തിന് എന്തുപങ്കെന്ന ചോദ്യത്തിന്റെ മനോഹരവും ലളിതവുമായ ഉത്തരമാണത് ! അവിടെയുണ്ടാകുന്ന തൗഹീദിന്റെ പോരായ്മ മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്നത് സമ്പത്തിനോടുള്ള ആരാധനയെന്ന അപകടത്തിലേക്കും അതുവഴി സ്വന്തത്തിന്റെയും സമൂഹത്തിന്റെ തന്നെയും നഷ്ടത്തിലേക്കുമാണെന്ന വ്യാഖ്യാനവും അതിൽ നിന്നു വായിച്ചെടുക്കാനാവും.

Also read: വിജയകരമായി ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാം

ഇസ്ലാമിന്റെ സൗന്ദര്യം അതിന്റെ ‘തൗഹീദി’ലാണ്‌ (ഏകദൈവത്വം). ഹോഫ്മാന്‍ ആ സൗന്ദര്യത്തെ അത്രമേല്‍ ആഴത്തില്‍ ഉള്‍ക്കൊള്ളുന്നുവെന്നറിയിക്കുന്ന കാഴ്ച്ചപ്പാടുകളാല്‍ സമൃദ്ധമാണീ കുറിപ്പുകളധികവും. “അവന്റെ മുമ്പാകെ അനുമതി കൂടാതെ ശുപാര്‍ശ ചെയ്യാന്‍ ആര്‍ക്കാവും” എന്ന ഖുര്‍ആനിലെ 2:255 സൂക്തം ഉദ്ധരിച്ചുകൊണ്ട് പടച്ചവനിലേക്ക് ഇടനിലക്കാരനായി വര്‍ത്തിക്കാന്‍ ഒരു ഖലീഫയ്ക്കോ, ഇമാമിനോ, പുണ്യവാളനോ സാധ്യമല്ലെന്നദ്ദേഹം പറയുന്നു. ഇസ്താംബുളിലെ പള്ളിയില്‍ അനുഭവപ്പെട്ട അനാചാരങ്ങളില്‍ അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിക്കുന്നു. മരണാനന്തരം യേശുവിനോട് സ്വീകരിക്കപ്പെട്ട ആരാധനാമനോഭാവം പിന്നീട് ദൈവസ്ഥാനം വകവെച്ചുനല്‍കുന്നതിലേക്ക് വഴിനയിച്ചുവെന്നതിനെ ഓര്‍ത്തെടുത്തുകൊണ്ട് മുഹമ്മദ് നബിയുടെ ജന്മദിനത്തിന്‌ തുര്‍ക്കിയില്‍ രാത്രി നടത്തപ്പെട്ടുകാണാറുള്ളതിന്‌ സമാനമായ മൗലൂദുത്സവങ്ങള്‍ പക്ഷേ, മദീനയില്‍ പ്രവാചകന്റെ ഖബ്‌റിനരികില്‍ നടത്തപ്പെട്ടുകാണാത്തതിന്റെ സാംഗത്യം ഉള്‍ക്കൊള്ളുന്നു.

സൂഫീനൃത്തത്തെ താത്വികമായും ആസ്വാദനപരമായും വിലയിരുത്തുമ്പോഴും സൂഫിസത്തിന്റെ പേരിൽ ഇസ്ലാമികാധ്യാപനങ്ങൾക്ക് വിരുദ്ധമാവുന്ന ദർശനങ്ങളവതരിപ്പിക്കുന്നതിനെ വിമർശിക്കുന്നുണ്ട് ഹോഫ്മാൻ തന്റെ കുറിപ്പുകളിൽ. ഇബ്നു ഖൽദൂൻ അദ്ദേഹത്തിന്റെ കൃതിയിൽ നടത്തിയ സൂഫീവിമർശത്തിലെ വരികളുദ്ധരിച്ചുകൊണ്ട് മുറാദ് പറയുന്നു, “കടുപ്പം തോന്നിയേക്കാം. സത്യമതാണ്”. ഖുർആനിനെയും ബാങ്കിനെയും ഇഖാമത്തിനെയും സുന്ദരമായ കലാരൂപമായി കെട്ടിയലങ്കരിക്കേണ്ടതുണ്ടോ എന്ന, യാഥാസ്തിതികത്വം തോന്നിയേക്കാവുന്ന, ചോദ്യവും മുറാദ് ഹോഫ്മാനിലെ അന്വേഷകൻ തിരയുന്നുണ്ട് കുറിപ്പുകളിലൊന്നിൽ.

1951 മുതല്‍ 1986 വരെയുള്ള കാലയളവില്‍ പലപ്പോഴായെഴുതപ്പെട്ട കുറിപ്പുകളാണ് ‘മുറാദ് ഹോഫ്മാന്റെ ഡയറിക്കുറിക്കുറിപ്പുകൾ’ എന്ന തലക്കെട്ടിൽ മലയാളത്തിൽ അച്ചടിക്കപ്പെട്ട പുസ്തകത്തിലെ ഉള്ളടക്കം. ഇതൊരു ജീവചരിത്ര ഗ്രന്ഥമല്ല. ഗ്രന്ഥകാരൻ തന്നെ പറയുമ്പോലെ, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തൊരാൾ തന്റെ ലോകത്തെ പുതിയൊരു വെളിച്ചത്തിൽ വീക്ഷിക്കാൻ തുടങ്ങുമ്പോൾ തന്നോടു തന്നെയുള്ളൊരു സംവാദത്തിന് അയാൾ നിർബന്ധിതനാക്കും. അതുതന്നെയാണ് പുസ്തകത്തിന്റെ പ്രമേയവും. ഇസ്ലാം സംസ്കൃതിയുടെ വിവിധവശങ്ങളിലേക്ക് നീങ്ങുന്ന ചിന്തകളും അതിൽ നിന്നുരുത്തിരിയുന്ന വീക്ഷണങ്ങളും ചോദ്യങ്ങളും വായനക്കാരനെയും പ്രാപ്തനാക്കുന്നു, സ്വയം ചോദ്യങ്ങൾ ചോദിക്കുവാൻ.

പുസ്തകം : മുറാദ് ഹോഫ്മാന്റെ ഡയറിക്കുറിപ്പുകൾ
ഗ്രന്ഥകർത്താവ്: മുറാദ് വിൽഫ്രെഡ് ഹോഫ്മാൻ
പ്രസാധനം : ഐ പി എച്ച്
വിവർത്തനം : എൻ പി അബ്ദുൽ നാസർ

Related Articles