Current Date

Search
Close this search box.
Search
Close this search box.

കൃഷി ഖുര്‍ആനിക വീക്ഷണത്തില്‍

സാമ്പത്തികലാഭം ലക്ഷ്യം വെച്ചുകൊണ്ട് ജനോപകാരപ്രദമായ ജീവജാലങ്ങളെയും സസ്യലതാദികളെയും ഉല്‍പാദിപ്പിക്കാനായി ഭൂമിയെ ഉപയോഗപ്പെടുത്തുന്നതിനാണ് കൃഷി എന്നു പറയുന്നത്. ഈ നിര്‍വ്വചനം മൂന്ന് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു.

വിളകള്‍ ഉല്‍പാദിപ്പിക്കാന്‍ വേണ്ടി ഭൂമിയെ ഉപയോഗപ്പെടുത്തലാണ് കൃഷി. ഈ നിര്‍വ്വചനം യൂസുഫ് നബിയുടെ അഭിസംബോധനയില്‍ കാണാം.’യൂസുഫ് പറഞ്ഞു: ‘ഏഴുകൊല്ലം നിങ്ങള്‍ തുടര്‍ച്ചയായി കൃഷി ചെയ്യും. അങ്ങനെ നിങ്ങള്‍ കൊയ്‌തെടുക്കുന്നവ അവയുടെ കതിരില്‍ തന്നെ സൂക്ഷിച്ചുവെക്കുക. നിങ്ങള്‍ക്ക് ആഹരിക്കാനാവശ്യമായ അല്‍പമൊഴികെ.’പിന്നീട് അതിനുശേഷം കഷ്ടതയുടെ ഏഴാണ്ടുകളുണ്ടാകും. അക്കാലത്തേക്കായി നിങ്ങള്‍ കരുതിവെച്ചവ നിങ്ങളന്ന് തിന്നുതീര്‍ക്കും. നിങ്ങള്‍ പ്രത്യേകം സൂക്ഷിച്ചുവെച്ച അല്‍പമൊഴികെ.'(യൂസുഫ്;47-48)

സൂറതുല്‍ വാഖിഅയില്‍ അല്ലാഹു പറയുന്നു. നിങ്ങള്‍ വിളയിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുവോ? നിങ്ങളാണോ അതിനെ മുളപ്പിക്കുന്നത്? അതോ നാമോ മുളപ്പിക്കുന്നവന്‍?(63-64).

ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വളര്‍ത്തുമൃഗങ്ങളെ തീറ്റിവളര്‍ത്താന്‍ വേണ്ടി ഭൂമിയെ ഉപയോഗപ്പെടുത്തലാണ് റഅ്‌യ്(മേയ്ക്കല്‍). ഈ അര്‍ത്ഥത്തില്‍ സൂറതുത്വാഹയില്‍ അല്ലാഹു വിവരിക്കുന്നു. ‘നിങ്ങള്‍ തിന്നുകൊള്ളുക. നിങ്ങളുടെ കന്നുകാലികളെ മേയ്ക്കുകയും ചെയ്യുക. വിചാരശീലര്‍ക്ക് ഇതിലെല്ലാം ധാരാളം തെളിവുകളുണ്ട്’.(64)

ചില ജീവികളെ കീഴ്‌പ്പെടുത്തി പ്രയോജനപ്പെടുത്തുന്നതിന് സൈ്വദ്(വേട്ട) എന്നാണ് പറയുക. സൂറ മാഇദയില്‍ അല്ലാഹു പറയുന്നു ‘വിശ്വസിച്ചവരേ, നിങ്ങളുടെ കൈകള്‍ക്കും കുന്തങ്ങള്‍ക്കും വേഗം പിടികൂടാവുന്ന ചില വേട്ട ജന്തുക്കളെക്കൊണ്ട് അല്ലാഹു നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും'(94).

അതിനാല്‍ തന്നെ നാം സാധാരണ ഉപയോഗിക്കുന്ന പ്രതിപാദനമല്ല വിശുദ്ധ ഖുര്‍ആനില്‍ കൃഷിയായി വിവരിക്കപ്പെട്ടിട്ടുള്ളത്. ഖുര്‍ആന്‍ അതിനെ പ്രയോഗിക്കുന്നത് സിറാഅ, റആ, സൈദ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ്. നമ്മുടെ അടുത്താവട്ടെ അവക്കെല്ലാം വ്യതിരിക്തമായ സവിശേഷതകളുണ്ട്.

കൃഷി ആര്‍ക്കുവേണ്ടി?
എല്ലാ മനുഷ്യര്‍ക്കും കാലികള്‍ക്കും വേണ്ടിയാണ് കൃഷി. അതിലൂടെയുണ്ടാകുന്ന വിളവ് മനുഷ്യരും കാലികളും ഒരുപോലെ ഭക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സൂറതുസ്സജദയില്‍ ഈ ആശയം വിദീകരിക്കപ്പെട്ടിരിക്കുന്നു. ‘ഇവര്‍ കാണുന്നില്ലേ; വരണ്ട ഭൂമിയിലേക്കു നാം വെള്ളമെത്തിക്കുന്നു. അതുവഴി വിളവുല്‍പാദിപ്പിക്കുന്നു; അതില്‍നിന്ന് ഇവരുടെ കാലികള്‍ക്ക് തീറ്റ ലഭിക്കുന്നു. ഇവരും ആഹരിക്കുന്നു. എന്നിട്ടും ഇക്കൂട്ടര്‍ കണ്ടറിയുന്നില്ലേ?'(27). അന്‍ഫുസ് എന്ന പദമാണ് മനുഷ്യരെ സൂചിപ്പിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ചത് എന്നത് ശ്രദ്ദേയമാണ്.

അല്ലാഹു എന്തുകൊണ്ട് ഇണകളെ സൃഷ്ടിച്ചു?
l-അടിമകള്‍ക്ക് ദൃഷ്ടാന്തവും ഉല്‍ബോധനവുമായിട്ട: എല്ലാ മുസ്‌ലിങ്ങളെയും നന്മയിലേക്ക് വഴിനടത്തുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സൂറതു ഖാഫില്‍ അല്ലാഹു വിവരിക്കുന്നു. ‘കൗതുകകരങ്ങളായ സകലയിനം സസ്യങ്ങള്‍ ഭൂമിയില്‍ മുളപ്പിക്കുകയും ചെയ്തു. പശ്ചാത്തപിച്ചു മടങ്ങുന്ന ദാസന്മാര്‍ക്ക് ഉള്‍ക്കാഴ്ചയും ഉദ്‌ബോധനവും നല്‍കാനാണ് ഇതൊക്കെയും'(7-8).
2-അടിമകള്‍ക്ക് പ്രയോജനവും വിഭവവുമായിട്ട്: സൂറതുല്‍ ഖാഫില്‍ അല്ലാഹു പറയുന്നു ‘മാനത്തുനിന്നു നാം അനുഗൃഹീതമായ മഴ പെയ്യിച്ചു. അങ്ങനെ അതുവഴി വിവിധയിനം തോട്ടങ്ങളും കൊയ്‌തെടുക്കാന്‍ പറ്റുന്ന ധാന്യങ്ങളും ഉല്‍പാദിപ്പിച്ചു. അട്ടിയട്ടിയായി പഴക്കുലകളുള്ള ഉയര്‍ന്നുനില്‍ക്കുന്ന ഈത്തപ്പനകളും; നമ്മുടെ അടിമകള്‍ക്ക് ആഹാരമായി(8-9).

അല്ലാഹുവാണ് വിളകള്‍ ഉല്‍പാദിപ്പിക്കുന്നത്
എല്ലാ തരത്തിലുള്ള ചെടികളെയും മുളപ്പിക്കുന്നത് അല്ലാഹുവാണ്. മണ്ണില്‍ വിത്തിറക്കുന്ന മനുഷ്യ പ്രവര്‍ത്തനം അതിന്റെ കാരണമായിത്തീരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

മനുഷ്യന്‍ എത്ര ശ്രമിച്ചാലും ഒരു ചെറിയ വിത്ത് പോലും വളര്‍ത്താന്‍ അവന് സാധ്യമല്ല. സൂറതുന്നംലില്‍ അല്ലാഹു വിവരിക്കുന്നു: ‘ആകാശഭൂമികളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കു മാനത്തുനിന്ന് മഴവെള്ളം വീഴ്ത്തിത്തരികയും ചെയ്തവനാരാണ്? അതുവഴി നാം ചേതോഹരമായ തോട്ടങ്ങള്‍ വളര്‍ത്തിയെടുത്തു. അതിലെ മരങ്ങള്‍ മുളപ്പിക്കാന്‍ നിങ്ങള്‍ക്കാവില്ലല്ലോ'(60). ഈ ആശയം തന്നെ സൂറതുല്‍ വാഖിഅയിലും ദര്‍ശിക്കാം ‘നിങ്ങള്‍ വിളയിറക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുവോ? നിങ്ങളാണോ അതിനെ മുളപ്പിക്കുന്നത്? അതോ നാമോ?'(63-64). ഇത്തരം ചോദ്യങ്ങളിലൂടെ അല്ലാഹുവാണ് ഈ വിളകളെല്ലാം ഉല്‍പാദിപ്പിക്കുന്നതെന്നും മനുഷ്യന്റെ കഴിവിന്നതീതമാണിതെല്ലാം എന്ന യാഥാര്‍ത്ഥ്യം ഉല്‍ബോധിപ്പിക്കുകയാണ്.

ചെടികള്‍ക്ക് വെള്ളവുമായുള്ള ബന്ധം
കൃഷിയുടെയും ചെടികളുടെയും വളര്‍ച്ചക്ക് വെള്ളം അത്യന്താപേക്ഷിതമാണ്. ഈ വിവരണം സൂറതുല്‍ അന്‍ആമില്‍ നമുക്ക് കാണാം ‘അവന്‍ തന്നെയാണ് മാനത്തുനിന്ന് വെള്ളം വീഴ്ത്തുന്നത്. അങ്ങനെ അതുവഴി നാം സകല വസ്തുക്കളുടെയും മുളകള്‍ കിളിര്‍പ്പിച്ചു. പിന്നെ നാം അവയില്‍ നിന്ന് പച്ചപ്പുള്ള ചെടികള്‍ വളര്‍ത്തി. അവയില്‍ നിന്ന് ഇടതൂര്‍ന്ന ധാന്യക്കതിരുകളും'(99). സൂറതു ഖാഫിലും ഇതേ ആശയം കാണാം.’മാനത്തുനിന്നു നാം അനുഗൃഹീതമായ മഴ പെയ്യിച്ചു. അങ്ങനെ അതുവഴി വിവിധയിനം തോട്ടങ്ങളും കൊയ്‌തെടുക്കാന്‍ പറ്റുന്ന ധാന്യങ്ങളും ഉല്‍പാദിപ്പിച്ചു. അട്ടിയട്ടിയായി പഴക്കുലകളുള്ള ഉയര്‍ന്നുനില്‍ക്കുന്ന ഈത്തപ്പനകളും;'(ഖാഫ്:11).

നല്ല മഴ ലഭ്യമാകുമ്പോള്‍ വിളവുല്‍പാദനം വര്‍ദ്ധിക്കുകയും ചാറ്റല്‍ മഴ ലഭിക്കുമ്പോള്‍ വിളവ് കുറയുകയും ചെയ്യാം. ‘ദൈവപ്രീതി പ്രതീക്ഷിച്ചും തികഞ്ഞ മനസ്സാന്നിധ്യത്തോടും തങ്ങളുടെ ധനം ചെലവഴിക്കുന്നവരുടെ ഉദാഹരണമിതാ: ഉയര്‍ന്ന പ്രദേശത്തുള്ള ഒരു തോട്ടം; കനത്ത മഴ കിട്ടിയപ്പോള്‍ അതിരട്ടി വിളവു നല്‍കി. അഥവാ, അതിനു കനത്ത മഴകിട്ടാതെ ചാറ്റല്‍ മഴ മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അതും മതിയാകും'(അല്‍ബഖറ: 265). വെള്ളത്തിന്റെ ലഭ്യത നിലച്ചാല്‍ അതോടെ ചെടികളുടെ വളര്‍ച്ചയും നിലക്കും. അവയെ നാശത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരാള്‍ക്കും സാധ്യമല്ല. സല്‍കര്‍മിയായ മനുഷ്യന്‍ തോട്ടക്കാരനോട് പറയുന്ന കഥ സൂറതുല്‍ കഹ്ഫില്‍ വിവരിക്കുന്നുണ്ട്. ‘അല്ലെങ്കില്‍ അതിലെ വെള്ളം പിന്നീടൊരിക്കലും നിനക്കു തിരിച്ചുകൊണ്ടുവരാനാവാത്ത വിധം വററിവരണ്ടെന്നും വരാം’.

ക്രമാതീതമായി വെള്ളത്തിന്റെ തോത് ഉയര്‍ന്നാല്‍ അത് കൃഷി നാശത്തിന് കാരണമാകും. ഫറോവയുടെ സമൂഹത്തില്‍ പ്രളയം ബാധിച്ചപ്പോള്‍ കൃഷിയിടങ്ങള്‍ നശിച്ചതിനെപ്പറ്റി ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.’അപ്പോള്‍ നാം അവരുടെ നേരെ വെള്ളപ്പൊക്കമിറക്കി’ (അല്‍അഅ്‌റാഫ്:133).

സസ്യങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങള്‍
സസ്യങ്ങളില്‍ അനുകൂലവും പ്രതികൂലവുമായി സ്വാധീനം ചെലുത്തുന്ന ഘടകങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ വിശദീകരിക്കുന്നതായി കാണാം.

1.മഴ: നല്ല മഴ ലഭ്യമായാല്‍ വിളവ് വര്‍ദ്ധിക്കുകയും (അല്‍ബഖറ:235) ചാറ്റല്‍ മഴയില്‍ ഉല്‍പാദനം കുറയുകയും പ്രളയം അത് നശിപ്പിക്കുകയും ചെയ്യും (അഅ്‌റാഫ:133).

2.കാറ്റ്: ശക്തമായ കാറ്റ് കൃഷികളുടെ നാശഹേതുവാകും. സൂറതു ആലുഇംറാനില്‍ അല്ലാഹു വിവരിക്കുന്നു. ‘ഐഹികജീവിതത്തില്‍ അവര്‍ ചെലവഴിക്കുന്നതിന്റെ ഉപമ കൊടുംതണുപ്പുള്ള ഒരു ശീതക്കാറ്റിന്റെതാണ്. അത് സ്വന്തത്തോട് അതിക്രമം കാണിച്ച ഒരു ജനവിഭാഗത്തിന്റെ കൃഷിയിടത്തെ ബാധിച്ചു. അങ്ങനെയത് ആ കൃഷിയെ നിശ്ശേഷം നശിപ്പിച്ചു’ (117).

3.തീക്കാറ്റ്: തീക്കാറ്റും തീമഴയും സസ്യലതാദികളെ കരിച്ചുകളയുന്നതിനെപ്പറ്റി സൂറതുല്‍ ബഖറയില്‍ കാണാം.’നിങ്ങളിലാര്‍ക്കെങ്കിലും ഈന്തപ്പനകളും മുന്തിരി വള്ളികളുമുള്ള തോട്ടമുണ്ടെന്ന് കരുതുക. അതിന്റെ താഴ്ഭാഗത്തൂടെ അരുവികളൊഴുകിക്കൊണ്ടിരിക്കുന്നു. അതില്‍ എല്ലായിനം കായ്കനികളുമുണ്ട്. അയാള്‍ക്കോ വാര്‍ധക്യം ബാധിച്ചിരിക്കുന്നു. അയാള്‍ക്ക് ദുര്‍ബലരായ കുറേ കുട്ടികളുമുണ്ട്. അപ്പോഴതാ തീക്കാറ്റേറ്റ് ആ തോട്ടം കരിഞ്ഞുപോകുന്നു. ഇങ്ങനെ സംഭവിക്കുന്നത് നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? (266)

4.പഴവര്‍ഗങ്ങളും കൃഷിയിടങ്ങളും നശിപ്പിച്ചുകളയുന്ന വെട്ടുകിളി: ‘അപ്പോള്‍ നാം അവരുടെ നേരെ വെള്ളപ്പൊക്കം, വെട്ടുകിളി, കീടങ്ങള്‍, തവളകള്‍, രക്തം എന്നീ വ്യക്തമായ ദൃഷ്ടാന്തങ്ങളയച്ചു’ (അഅ്‌റാഫ്:133).

സസ്യങ്ങളുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍
കൂമ്പെടുക്കല്‍, വെള്ളവും വളവും നല്‍കി ശക്തിപ്പെടുത്തലും കരുത്ത് നേടലും, കാണ്ഡത്തില്‍ ഫലമായി നിവര്‍ന്നു നില്‍ക്കല്‍ എന്നീ വിവിധ ഘട്ടങ്ങളെക്കുറിച്ച് ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്.
‘ഒരു വിള. അത് അതിന്റെ കൂമ്പ് വെളിവാക്കി. പിന്നെ അതിനെ പുഷ്ടിപ്പെടുത്തി. അങ്ങനെ അത് കരുത്തുനേടി. അത് കര്‍ഷകരില്‍ കൗതുകമുണര്‍ത്തി അതിന്റെ കാണ്ഡത്തില്‍ നിവര്‍ന്നുനില്‍ക്കുന്നു.'(അല്‍ ഫത്ഹ്:29).

വിത്തുല്‍പാദന ഘട്ടങ്ങള്‍
വിവിധങ്ങളായ കാലഘട്ടങ്ങളിലൂടെ സസ്യങ്ങള്‍ കടന്നുപോകുന്നു. മണ്ണിനടിയിലെ ചെറിയ വിത്ത്,പിന്നെ സ്ഥിരമായ വളര്‍ച്ച, വലുതായി പഴവര്‍ഗങ്ങള്‍ പാകമാവുന്ന യുവത്വഘട്ടം, പിന്നീടവ വിളവെടുക്കുകയോ, ഉണങ്ങി നശിക്കുകയോ ചെയ്യുന്ന ഘട്ടം. ഈ ഘട്ടങ്ങള്‍ അല്ലാഹു സൂറതുസ്സുമറിലൂടെ വിവരിക്കുന്നു ‘നീ കാണുന്നില്ലേ, അല്ലാഹു മാനത്തുനിന്ന് വെള്ളം വീഴ്ത്തുന്നത്. അങ്ങനെ അതിനെ ഭൂമിയില്‍ ഉറവകളായി ഒഴുക്കുന്നതും. പിന്നീട് അതുവഴി അല്ലാഹു വര്‍ണ വൈവിധ്യമുള്ള വിളകളുല്‍പാദിപ്പിക്കുന്നു. അതിനുശേഷം അവ ഉണങ്ങുന്നു. അപ്പോഴവ മഞ്ഞച്ചതായി നിനക്കു കാണാം. പിന്നെ അവനവയെ കച്ചിത്തുരുമ്പാക്കുന്നു. വിചാരമതികള്‍ക്കിതില്‍ ഗുണപാഠമുണ്ട്’

വിളകളുടെ രുചിഭേദങ്ങള്‍
എല്ലാവിധം സസ്യങ്ങള്‍ക്കും വ്യത്യസ്തമായ രുചികളുണ്ട്. ഈത്തപ്പഴം പോലുള്ളവയുടെ ഒരിനത്തില്‍ തന്നെ ഒറ്റയായും കൂട്ടായും വളരുന്നവയുണ്ട്. ഇവയെല്ലാം ഒരേ വെള്ളത്തില്‍ നിന്നാണ് വളരുന്നത് എന്നിരിക്കെ ജനങ്ങള്‍ ചിലതിന് ചിലതിനേക്കാള്‍ ശ്രേഷ്ഠത നല്‍കുന്നു. ഈ യാഥാര്‍ത്ഥ്യം ഖുര്‍ആന്‍ വിവരിക്കുന്നു. ‘ഭൂമിയില്‍ അടുത്തടുത്തുള്ള ഖണ്ഡങ്ങളുണ്ട്. മുന്തിരിത്തോപ്പുകളുണ്ട്. കൃഷിയുണ്ട്. ഒറ്റയായും കൂട്ടായും വളരുന്ന ഈത്തപ്പനകളുണ്ട്. എല്ലാറ്റിനെയും നനയ്ക്കുന്നത് ഒരേ വെള്ളമാണ്. എന്നിട്ടും ചില പഴങ്ങളുടെ രുചി മറ്റു ചിലതിനേതിനെക്കാള്‍ നാം വിശിഷ്ടമാക്കിയിരിക്കുന്നു. ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്’ (അര്‍റഅദ്.4). സൂറതുല്‍ അന്‍ആമില്‍ അല്ലാഹു വിവരിക്കുന്നു. ‘പന്തലില്‍ പടര്‍ത്തുന്നതും അല്ലാത്തതുമായ ഉദ്യാനങ്ങള്‍; ഈത്തപ്പനകള്‍; പലതരം കായ്കനികളുള്ള കൃഷികള്‍; പരസ്പരം സമാനത തോന്നുന്നതും എന്നാല്‍ വ്യത്യസ്തങ്ങളുമായ ഒലീവും റുമ്മാനും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹുവാണ്’ (144).

കൃഷിയില്‍ നിന്നുള്ള അവകാശങ്ങള്‍
ഫലവര്‍ഗങ്ങളില്‍ നിന്ന് ഒരു വിഹിതം വിളവെടുപ്പ് ദിവസം അര്‍ഹരായ ആളുകള്‍ക്ക് സകാത്ത് നല്‍കേണ്ടതുണ്ട്. ‘വിളവെടുപ്പുകാലത്ത് അതിന്റെ ബാധ്യത അഥവാ സകാത്ത് കൊടുത്തുതീര്‍ക്കുക’. (അല്‍ അന്‍ആം:141)

തോട്ടങ്ങള്‍ രണ്ടിനമുണ്ട്
1.പന്തലില്‍ പടര്‍ത്തുന്നവ: മനുഷ്യര്‍ സാധാരണ പച്ചക്കറി, പഴവര്‍ഗങ്ങള്‍ തുടങ്ങിയവ ഉല്‍പാദിപ്പിക്കാന്‍ വേണ്ടി പടര്‍ത്തിയുണ്ടാക്കുന്ന കൃഷികളാണ് അത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.
2.പടര്‍ത്താത്ത കൃഷികള്‍: മനുഷ്യന്റെ മറ്റ് തരത്തിലുള്ള കൃഷികളാണ് ഇത്‌കൊണ്ട് ഉദ്ദേശിക്കുന്നത്.’പന്തലില്‍ പടര്‍ത്തുന്നതും അല്ലാത്തതുമായ ഉദ്യാനങ്ങള്‍; ഈത്തപ്പനകള്‍; പലതരം കായ്കനികളുള്ള കൃഷികള്‍'(അല്‍ അന്‍ആം;141)

ഫലവര്‍ഗങ്ങളുടെ അടിസ്ഥാനം പച്ചപ്പ്
നനവുണ്ടാവുമ്പോള്‍ ചെടികള്‍ പച്ചപിടിക്കുന്നു. എല്ലാ ചെടികളിലെയും പച്ചനിറത്തിന്റെയും അടിസ്ഥാനം വെള്ളമാകുന്നു. ഈ പച്ച നിറത്തില്‍ നിന്നാണ് വ്യത്യസ്ത രീതിയിലുള്ള ഫലങ്ങള്‍ പുറത്ത് വരുന്നു. അതില്‍ പെട്ടതാണ് ഇടതൂര്‍ന്ന ധാന്യക്കതിരുകള്‍, തൂങ്ങിക്കിടക്കുന്ന കുലകള്‍ തുടങ്ങിയവ.
‘അവന്‍ തന്നെയാണ് മാനത്തുനിന്ന് വെള്ളം വീഴ്ത്തുന്നത്. അങ്ങനെ അതുവഴി നാം സകല വസ്തുക്കളുടെയും മുളകള്‍ കിളിര്‍പ്പിച്ചു. പിന്നെ നാം അവയില്‍ നിന്ന് പച്ചപ്പുള്ള ചെടികള്‍ വളര്‍ത്തി. അവയില്‍ നിന്ന് ഇടതൂര്‍ന്ന ധാന്യക്കതിരുകളും. നാം ഈന്തപ്പനയുടെ കൂമ്പോളകളില്‍ തൂങ്ങിക്കിടക്കുന്ന കുലകള്‍ ഉല്‍പാദിപ്പിച്ചു. മുന്തിരിത്തോട്ടങ്ങളും ഒലീവും റുമ്മാനും ഉണ്ടാക്കി. ഒരു പോലെയുള്ളതും എന്നാല്‍ വ്യത്യസ്തങ്ങളുമായവ. അവ കായ്ക്കുമ്പോള്‍ അവയില്‍ കനികളുണ്ടാകുന്നതും അവ പാകമാകുന്നതും നന്നായി നിരീക്ഷിക്കുക’ (അല്‍ അന്‍ആം: 99).

തോട്ടങ്ങളുടെ ഘടന
തോട്ടത്തിലെ പ്രധാന വിള(തോട്ടക്കാരന്റെ കഥയില്‍ അത് മുന്തിരിയാണ്), അവക്ക് ചുറ്റുമുണ്ടാകുന്നവ, മുന്തിരിത്തോട്ടങ്ങള്‍ക്കിടയിലുണ്ടാകുന്ന കൃഷികള്‍, അവ നനയ്ക്കുന്ന നദികള്‍ തുടങ്ങിയവാണ് തോട്ടത്തിലെ പ്രധാന ഘടകങ്ങള്‍.
‘നീ അവര്‍ക്ക് രണ്ടാളുകളുടെ ഉദാഹരണം പറഞ്ഞുകൊടുക്കുക: അവരിലൊരാള്‍ക്ക് നാം രണ്ടു മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയ്ക്കു ചുറ്റും ഈന്തപ്പനകള്‍ വളര്‍ത്തി. അവയ്ക്കിടയില്‍ ധാന്യകൃഷിയിടവും ഉണ്ടാക്കി.'(അല്‍കഹ്ഫ്: 32)

ചെടികളെക്കുറിച്ച അല്ലാഹുവിന്റെ ജ്ഞാനം
ഈ പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും അല്ലാഹുവിന് സൂക്ഷ്മ ജ്ഞാനമുണ്ട്. അവ ഭൂമിയിലോ വാനത്തിലോ പാറകളിലോ എവിടെയാകട്ടെ, അതെല്ലാം അല്ലാഹു അറിയുന്നുണ്ട്. ‘എന്റെ കുഞ്ഞുമോനേ, കര്‍മം കടുകുമണിത്തൂക്കത്തോളമാണെന്നു കരുതുക. എന്നിട്ട് അതൊരു പാറക്കല്ലിനുള്ളിലോ ആകാശഭൂമികളിലെവിടെയെങ്കിലുമോ ആണെന്നു വെക്കുക; എന്നാലും അല്ലാഹു അത് പുറത്തുകൊണ്ടുവരിക തന്നെ ചെയ്യും. ‘നിശ്ചയമായും അല്ലാഹു സൂക്ഷ്മജ്ഞനും അഗാധജ്ഞനുമാണ്'(ലുഖ്മാന്‍16). ഭൂമിയില്‍ വീണുകിടക്കുന്ന പച്ചയും ഉണങ്ങിയതുമായ ഇലകളെക്കുറിച്ചും ധാന്യമണികളെക്കുറിച്ചും അല്ലാഹു അറിയുന്നുണ്ട്. ‘കരയിലും കടലിലുമുള്ളതെല്ലാം അവനറിയുന്നു. അവനറിയാതെ ഒരിലപോലും പൊഴിയുന്നില്ല. ഭൂമിയുടെ ഉള്‍ഭാഗത്ത് ഒരു ധാന്യമണിയോ പച്ചയും ഉണങ്ങിയതുമായ ഏതെങ്കിലും വസ്തുവോ ഒന്നും തന്നെ വ്യക്തമായ മൂലപ്രമാണത്തില്‍ രേഖപ്പെടുത്താത്തതായി ഇല്ല'(അല്‍ അന്‍ആം: 59). സസ്യങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഫലവര്‍ഗങ്ങളെക്കുറിച്ച് അവയുടെ കൂമ്പില്‍ വെച്ച് തന്നെ അവന്‍ അറിയുന്നു. ‘അവന്റെ അറിവോടെയല്ലാതെ പഴങ്ങള്‍ അവയുടെ പോളകളില്‍ നിന്നു പുറത്തുവരികയോ ഒരു സ്ത്രീയും ഗര്‍ഭം ചുമക്കുകയോ പ്രസവിക്കുകയോ ഇല്ല.'(ഫുസ്വിലത്ത്.47).

ഉത്തമവൃക്ഷവും ക്ഷുദ്രവൃക്ഷവും
അല്ലാഹു ഉത്തമ വചനത്തെ ഉത്തമവൃക്ഷത്തോടുപമിച്ചിരിക്കുന്നു.അതിന്റെ വേരുകള്‍ ഭൂമിയില്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു,അതിന്റെ ശിഖരങ്ങള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നു പന്തലിച്ചിരിക്കുന്നു,ഫലങ്ങള്‍എല്ലാവര്‍ക്കും ലഭ്യമായിക്കൊണ്ടിരിക്കുന്നു. മോശമായ വചനത്തെ ക്ഷുദ്രവൃക്ഷത്തോടുമാണ് ഉപമിച്ചിരിക്കുന്നത്. അടിവേരറുത്ത ഭൂമിയില്‍ നിലനില്‍പില്ലാത്തതുമായാണ് അതിനെ ഉപമിച്ചിരിക്കുന്നത്. ‘ഉത്തമ വചനത്തിന് അല്ലാഹു നല്‍കിയ ഉദാഹരണം എങ്ങനെയെന്ന് നീ കാണുന്നില്ലേ? അത് നല്ല ഒരു മരംപോലെയാണ്. അതിന്റെ വേരുകള്‍ ഭൂമിയില്‍ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ അന്തരീക്ഷത്തില്‍ പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്നു. എല്ലാ കാലത്തും അത് അതിന്റെ നാഥന്റെ അനുമതിയോടെ ഫലങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് ഉപമകള്‍ വിശദീകരിച്ചുകൊടുക്കുന്നു. അവര്‍ ചിന്തിച്ചറിയാന്‍.’
‘ചീത്ത വചനത്തിന്റെ ഉപമ ഒരു ക്ഷുദ്രവൃക്ഷത്തിന്റേതാണ്. ഭൂതലത്തില്‍ നിന്ന് അത് വേരോടെ പിഴുതെറിയപ്പെട്ടിരിക്കുന്നു. അതിനെ ഉറപ്പിച്ചുനിര്‍ത്തുന്ന ഒന്നുമില്ല.'(ഇബ്രാഹീം:25,26)
ആദം(അ)നെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കാന്‍ ഹേതുവായ വൃക്ഷത്തെക്കുറിച്ചും നരകാവകാശികള്‍ക്ക് നല്‍കപ്പെടുന്ന സഖൂം എന്ന വൃക്ഷത്തെക്കുറിച്ചും ഖുര്‍ആനില്‍ പ്രതിപാദനങ്ങള്‍ വന്നിട്ടുണ്ട്.(അദ്ദുഖാന്‍-34)

വിളകളുടെ പ്രതിരോധ ശേഷി
വിളവെടുത്ത ഫലങ്ങളെ അതിന്റെ കതിരുകളില്‍ തന്നെ സംരക്ഷിക്കണമെന്ന് യൂസുഫ് നബി(അ) ഈജിപ്തുകാരെ ഉപദേശിക്കുകയുണ്ടായി. അല്ലാഹു സൃഷ്ടിച്ച അതിന്റെ സംരക്ഷണ കവചമാണത്. അവര്‍ ഭക്ഷ്യവസ്തുവായി ഉപയോഗിച്ചു ബാക്കിയുള്ളവ സംരക്ഷിക്കാനുള്ള മാര്‍ഗവുമാണത്. യൂസുഫ് പറഞ്ഞു: ‘ഏഴുകൊല്ലം നിങ്ങള്‍ തുടര്‍ച്ചയായി കൃഷി ചെയ്യും. അങ്ങനെ നിങ്ങള്‍ കൊയ്‌തെടുക്കുന്നവ അവയുടെ കതിരില്‍ തന്നെ സൂക്ഷിച്ചുവെക്കുക. നിങ്ങള്‍ക്ക് ആഹരിക്കാനാവശ്യമായ അല്‍പമൊഴികെ'(യൂസുഫ്,47).

ഭൂമിക്ക് സംഭവിക്കുന്നത്
നിര്‍ജീവമായ ഭൂമി ആകാശത്തില്‍ നിന്ന് വര്‍ഷിക്കുന്ന മഴ കാരണം മണ്ണില്‍ ജീവന്‍തുടിക്കുകയും വിത്തുകള്‍ ഉല്‍പാദിപ്പിക്കുകയും ഭൂമി സജീവമാവുകയും കൗതുകമുണര്‍ത്തുന്ന സകലവിധ ചെടികളെ മുളപ്പിക്കുകയും ചെയ്യുന്നു. ‘ഭൂമി വരണ്ട് ചത്ത് കിടക്കുന്നതു നിനക്കുകാണാം. പിന്നെ നാമതില്‍ മഴവീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൗതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു'(ഹജ്ജ്:5)

സസ്യങ്ങളുടെ ഫലങ്ങളില്‍ നിന്നും പ്രയോജനമെടുക്കല്‍
മനുഷ്യര്‍ക്ക് പ്രയോജനമെടുക്കാനായി അല്ലാഹു സൃഷ്ടിച്ച ധാന്യങ്ങളെ നാം ഉപയോഗിക്കുന്നു.’ഈ ജനത്തിന് വ്യക്തമായ ഒരു ദൃഷ്ടാന്തമിതാ: ചത്തുകിടക്കുന്ന ഭൂമി, നാം അതിനെ ജീവനുള്ളതാക്കി. അതില്‍ ധാരാളം ധാന്യം വിളയിച്ചു. എന്നിട്ട് അതില്‍ നിന്നിവര്‍ തിന്നുന്നു.'(യാസീന്‍,33)

പച്ചമരത്തില്‍ നിന്നും തീ
അല്ലാഹു വൃക്ഷങ്ങളില്‍ നിന്നും ഇന്ധനം ഉണ്ടാക്കുന്നു. എല്ലാ ഇന്ധനങ്ങളുടെയും അടിസ്ഥാനം മരങ്ങളാണ്. അത് മരത്തടി, ഒലീവ്, ഗ്യാസ് ഇപ്രകാരം മനുഷ്യര്‍ കത്തിക്കാന്‍ ഉപയോഗിക്കുന്നതെല്ലാം ഇന്ധനത്തില്‍ പെടുന്നു. ഇത് ഉപയോഗിച്ചാണ് നാം പ്രകാശിപ്പിക്കുകയും കത്തിക്കുകയും ചെയ്യുന്നത്. ‘പച്ചമരത്തില്‍ നിന്ന് നിങ്ങള്‍ക്ക് തീയുണ്ടാക്കിത്തന്നവനാണവന്‍. അങ്ങനെ നിങ്ങളിപ്പോഴിതാ അതുപയോഗിച്ച് തീ കത്തിക്കുന്നു.'(യാസീന്‍-80).
തീയുടെ അടിസ്ഥാനം വൃക്ഷമാണെന്ന യാഥാര്‍ഥ്യം സൂറതുല്‍ വാഖിഅയിലൂടെ അല്ലാഹു വിവരിക്കുന്നുണ്ട്.’നിങ്ങള്‍ കത്തിക്കുന്ന തീയിനെക്കുറിച്ച് ചിന്തിച്ചുവോ? നിങ്ങളാണോ അതിനുള്ള മരമുണ്ടാക്കിയത്? അതോ നാമോ അത് പടച്ചുണ്ടാക്കിയത്?'(അല്‍ വാഖിഅ,71-72)

സത്യനിഷേധികളും കൃഷിയിടവും
അല്ലാഹുവുവെയും വ്യാജദൈവങ്ങളെയും സത്യനിഷേധികള്‍ കൃഷിയില്‍ ഒരുപോലെ പങ്കാളികളാക്കി. സൂറതുല്‍ അന്‍ആമില്‍ അല്ലാഹു പറയുന്നു.’അല്ലാഹുതന്നെ സൃഷ്ടിച്ചുണ്ടാക്കിയ വിളകളില്‍ നിന്നും കാലികളില്‍ നിന്നും ഒരു വിഹിതം അവരവന് നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ടവര്‍ കെട്ടിച്ചമച്ച് പറയുന്നു: ‘ഇത് അല്ലാഹുവിനുള്ളതാണ്. ഇത് തങ്ങള്‍ പങ്കാളികളാക്കിവെച്ച ദൈവങ്ങള്‍ക്കും.’അതോടൊപ്പം അവരുടെ പങ്കാളികള്‍ക്കുള്ളതൊന്നും അല്ലാഹുവിലേക്കെത്തിച്ചേരുകയില്ല. അല്ലാഹുവിനുള്ളതോ അവരുടെ പങ്കാളികള്‍ക്കെത്തിച്ചേരുകയും ചെയ്യും. അവരുടെ തീരുമാനം എത്ര ചീത്ത!’ (അല്‍ അന്‍ആം: 136). ചില വിളകള്‍ ഭുജിക്കുന്നത് വിലക്കിയ ആളുകളെക്കുറിച്ചും ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. അവര്‍ പറഞ്ഞു: ‘ഇവ വിലക്കപ്പെട്ട കാലികളും വിളകളുമാകുന്നു. ഞങ്ങളുദ്ദേശിക്കുന്നവരല്ലാതെ, അവ തിന്നാന്‍ പാടില്ല. ‘അവര്‍ സ്വയം കെട്ടിച്ചമച്ച വാദമാണിത്. (അല്‍അന്‍ആം-138)

തോട്ടക്കാര്‍
സൂറതുല്‍ ഖലമില്‍ പ്രഭാതത്തില്‍ വിളവെടുത്ത ശേഷം അതില്‍ നിന്നും ആവശ്യക്കാര്‍ക്ക് സകാത്തും സദഖയും നല്‍കാത്ത തോട്ടക്കാരുടെ കഥ വിവരിക്കുന്നുണ്ട്.’ഇവരെ നാം പരീക്ഷണ വിധേയരാക്കിയിരിക്കുന്നു. തോട്ടക്കാരെ പരീക്ഷിച്ചപോലെ. തോട്ടത്തിലെ പഴങ്ങള്‍ പ്രഭാതത്തില്‍ തന്നെ പറിച്ചെടുക്കുമെന്ന് അവര്‍ ശപഥം ചെയ്ത സന്ദര്‍ഭം!'(17). അവരെ നശിപ്പിച്ച രീതി ഖുര്‍ആന്‍ പറയുന്നു. ‘അങ്ങനെ അവര്‍ ഉറങ്ങവെ നിന്റെ നാഥനില്‍നിന്നുള്ള വിപത്ത് ആ തോട്ടത്തെ ബാധിച്ചു.അത് വിളവെടുപ്പ് കഴിഞ്ഞ വയല്‍പോലെയായി..’നിങ്ങള്‍ വിളവെടുക്കുന്നുവെങ്കില്‍ നിങ്ങളുടെ കൃഷിയിടത്തേക്ക് നേരത്തെ തന്നെ പുറപ്പെട്ടുകൊള്ളുക.’അന്യോന്യം സ്വകാര്യം പറഞ്ഞുകൊണ്ട് അവര്‍ പുറപ്പെട്ടു:’ദരിദ്രവാസികളാരും ഇന്നവിടെ കടന്നുവരാനിടവരരുത്.അവരെ തടയാന്‍ തങ്ങള്‍ കഴിവുറ്റവരെന്നവണ്ണം അവര്‍ അവിടെയെത്തി. എന്നാല്‍ തോട്ടം കണ്ടപ്പോള്‍ അവര്‍ വിലപിക്കാന്‍ തുടങ്ങി: ‘നാം വഴി തെറ്റിയിരിക്കുന്നു.’അല്ല; നാം എല്ലാം നഷ്ടപ്പെട്ടവരായിരിക്കുന്നു’ (ഖലം 19-28).

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles