Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ മത – മതേതര സമൂഹങ്ങളിൽ

യൂറോപ്പിലെ ഏറ്റവും കൂടുതൽ മതേതരമായ കുടുംബങ്ങളിൽ പിതാവ് ആരാണെന്ന് അറിയാതെ ജനിക്കുന്ന കുട്ടികളിലെ പെൺകുട്ടികൾ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങൾ നാമറിഞ്ഞിട്ടുണ്ടോ? പലപ്പോഴും അമ്മമാരുടെ വീട്ടിലാവും അവർ വളരുന്നത്. പലർക്കും ശരിക്കുള്ള (ജൈവശാസ്ത്ര) അച്ഛൻ ആരാണെന്ന് പോലും അറിയില്ലായിരിക്കും. പിന്നീടവർ 18 വയസ്സ് വരെ ഇടകലർന്ന് വളരുന്നു.  പ്രായ പൂർത്തിയായതായ തോന്നലുണ്ടാവുന്നു. ആ സമയത്ത് അവർക്ക് രണ്ട് ഒപ്ഷനുകൾ മാത്രമേ ഉള്ളൂ. ആദ്യത്തേത്: അമ്മയോടൊപ്പം താമസിക്കുക, മാസ വാടക കൊടുക്കുന്നതിൽ അമ്മയുടെ  പങ്കാളിയാവുക. രണ്ടാമത്തേത് : അമ്മയെ ഉപേക്ഷിച്ച് ഏതെങ്കിലും സുഹൃത്തിൻ്റെ വീട്ടിൽ താമസിക്കാൻ പോവുക. സ്വാഭീഷ്ട പ്രകാരം ഇറങ്ങിപ്പോയാലും

അവളുടെ കാമുകൻ്റെ വീട്ടിലെ താമസവും അവൾക്ക് സൗജന്യമാവില്ല. ലിവിങ് റ്റുഗദറിൻ്റെ പേരിൽ വിലപ്പെട്ട പലതും ചെറുപ്പത്തിലേ ത്യാഗം ചെയ്യേണ്ടി വരും. ചിലപ്പോൾ ചെലവിലും 50:50 കൊടുക്കേണ്ടി വരും. ലിവിങ് റ്റുഗദർ ജീവിതങ്ങൾ പലപ്പോഴും ശാശ്വതമാവില്ല. ഇടക്കിടക്ക് ബ്രേക്കപ്പുകളുണ്ടാവും. ചിലപ്പോൾ കല്യാണം തന്നെ കഴിഞ്ഞു എന്നു വരില്ല. എന്നാലും ജൈവികമായ ഒരു പ്രക്രിയ എന്ന നിലയിൽ മക്കളുണ്ടാവും. ആരുടേതെന്ന് ഉറപ്പില്ലാത്ത ആ മക്കളും അമ്മയുടെ വഴിയേ ഭർത്താവില്ലാത്ത അമ്മയായും മക്കൾ നോക്കാത്ത തള്ളയായും മാറുന്ന കാഴ്ചയാവും പിന്നീട് ഈ അമ്മ കാണേണ്ടി വരിക. അവസാനം അവളുടെ സങ്കേതവും ഏതെങ്കിലും വൃദ്ധസദനമോ വേശ്യാലയമോ ആവും. ഇതു പടിഞ്ഞാറ് നാം കാണുന്ന പൊതു സത്യമാണ്; അപവാദങ്ങളുണ്ടാവാം. നേരെ മറിച്ചുള്ള സംഭവങ്ങളും അപവാദങ്ങളും പൗരസ്ത്യരിലും കണ്ടേക്കാം.

എന്നാൽ മതബോധം നിലനിൽക്കുന്ന പൗരസ്ത്യൻ നാടുകളെ സംബന്ധിച്ചിടത്തോളം ഒരു പെൺകുട്ടി ജനിക്കുന്നത് ഒരിക്കലും ദുഃശകുനമല്ല. അവളുടെ പിതാവ്, അമ്മ, മുത്തച്ഛൻ, മുത്തശ്ശി,  അമ്മാവൻമാർ, അമ്മായിമാർ , അയൽവാസികളിൽ വരെ അവൾ സന്തോഷ ഹേതു ആവുന്നു. നേർക്കു നേരെ അച്ഛൻ്റെയും അമ്മയുടെയും സംരക്ഷണത്തിലാണ് അവൾ  വളരുന്നതും. അവൾക്ക് വിവാഹപ്രായമാകുമ്പോൾ, നാട്ടിലെ യുവാക്കൾ മാതാപിതാക്കളോട് അവൾക്ക് വിവാഹാഭ്യർത്ഥന നടത്തുന്നു. അവളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന  അനുയോജ്യനായ  ഭർത്താവിനെ കണ്ടെത്തുന്നതുവരെ മാതാവ്/പിതാവ് ചെറുപ്പക്കാരെക്കുറിച്ച് അന്വേഷിച്ചു കണ്ടെത്താനും അതിനുള്ള സാഹചര്യമൊരുക്കാനും അധ്വാനിക്കുന്നു.

വിവാഹം കഴിഞ്ഞ് അവൾക്ക് കുട്ടികളുണ്ടാവുന്നു. അവൾ പ്രായമാകുന്നതുവരെ അതേ സാഹചര്യം ചാക്രികമായി ആവർത്തിക്കുന്നു. പിന്നെ അവളുടെ സേവനത്തിനും പരിചരണത്തിനും വേണ്ടി  മക്കൾ പരസ്പരം മത്സരിക്കുന്നു. അത്തരം വീടകങ്ങളിലും സമൂഹങ്ങളിലും വൃദ്ധ സദനങ്ങൾ കേട്ടു പരിചയം ഇല്ലാത്ത ഇടങ്ങളാവും. മക്കക്കഞ്ഞി ദുഃഖക്കഞ്ഞി എന്നു പറയുന്ന അവസ്ഥ മിക്കവാറും ഉണ്ടാവില്ല. മുസ്ലിം വീടകങ്ങളിൽ പ്രത്യേകിച്ചും വയസ്സായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം സംവിധാനങ്ങളൊക്കെ ഉണ്ടാവും. കാരണം അല്ലാഹുവിനുള്ള ആരാധന (ഇബാദത്ത്) കഴിഞ്ഞാൽ മതാപിതാക്കൾക്കുള്ള സേവനം (ഇഹ്സാൻ) മഹത്തായ കാര്യമായാണ് മുസ്ലിം സമൂഹം മനസ്സിലാക്കി പോരുന്നത്. ഖുർആൻ – ഹദീസ് ക്ലാസുകളിലും ഖുതുബ – വഅ്ളുകളിലും മാതാപിതാക്കളോടുള്ള കടമകൾ നിറവേറ്റാനുള്ള ആഹ്വാനം ഇടക്കിടക്ക് കേട്ടുകൊണ്ടിരിക്കുന്നു.

എന്നിട്ടും ചില ബുദ്ധിജീവി നാട്യക്കാർ വലിയ വായിൽ ഇസ്ലാമിലെ സ്ത്രീ അബലയും ദുർബലയുമാണെന്നും ഇസ്‌ലാമിലെ സ്ത്രീകൾക്ക് സങ്കീർണ്ണമായ നിയന്ത്രണങ്ങളുണ്ടെന്നും പറഞ്ഞു കൊണ്ടിരിക്കുന്നു. സ്ത്രീ സ്വാതന്ത്ര്യമെന്നാൽ തുണിയുടുക്കാതിരിക്കലും തോന്നുന്നവൻ്റെ കൂടെ കൂത്താടുന്നതുമാണെന്നാണ് അത്തരം ലിബറൽ കൂട്ടങ്ങൾ ധരിച്ചുവശായിട്ടുള്ളത്. സ്വാതന്ത്ര്യമെന്നാൽ അവരർത്ഥമാക്കുന്നത്  സ്ത്രീയെ അയാൾക്ക് ഇഷ്ടമുള്ള പുരുഷന്മാരുടെ കൂടെ കയറൂരി വിടുന്നതാണെന്നാണോ ? സമൂഹത്തിൻ്റെ നവോത്ഥാനത്തിന് കാരണമാകുന്ന രീതിയിൽ അവരെ വളർത്തുന്നതും സംസ്കരിക്കുന്നതും ലജ്ജയും നാണവും ശീലിപ്പിക്കുന്നതും ആ സ്വാതന്ത്ര്യത്തിന് എതിരാവുമോ?

എല്ലാ ധാർമിക സദാചാര മതങ്ങളെയും പോലെ ഇസ്‌ലാമും സ്ത്രീകളുടെ അവകാശങ്ങൾ പൂർണ്ണമായി ഉറപ്പുനൽകുന്നു. ഒരുപടി കൂടി കടന്ന് വില കൂടിയ പവിഴം പോലെ സ്ത്രീയെ സംരക്ഷിക്കുകയും ഹിജാബ്, മൂടുപടം എന്നിവയിലൂടെ അവരുടെ അന്തസ്സ്   ഉറപ്പുനൽകുകയും വിശ്വാസവും  ധാർമ്മികതയും ഉള്ള  തലമുറയെ സൃഷ്ടിച്ചുകൊണ്ട്  സമൂഹത്തിൻ്റെ പുരോഗതിക്ക് കാരണമാകുന്നതും ഇസ്ലാമാണ് . എല്ലാ മത ദർശനങ്ങളേക്കാളും ആ രീതിയിൽ അവളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ പുരുഷന്മാരെ പോലെ കായികാധ്വാനം നടത്താതെ തന്നെ വീട്ടിലെ രാജാത്തിയായി സ്വന്തം മാതാപിതാക്കളുടെയും സഹോദരന്മാരുടെയും മക്കളുടെയും സംരക്ഷണവും അനന്തരാവകാശവും അനുഭവിച്ച് സ്വന്തം വീട്ടിലും ഭർതൃ വീട്ടിലും മക്കളുടെ വീട്ടിലും അവരുദ്ദേശിക്കുന്നത് പോലെ താമസിക്കാനും തനിക്കു വേണ്ടി സമ്പാദിക്കാനും സമ്പാദിക്കാതിരിക്കാനും ഒരുപോലെ പ്രിവിലേജുള്ള സവിശേഷമായ രാജകീയ ജന്മമാണ് ഇസ്ലാം സ്ത്രീകൾക്ക് വകവെച്ച് കൊടുക്കുന്നത്. അവരുടെ മേലുള്ള ഉത്തരവാദിത്തമര്യാദയനുസരിച്ച് അവരോടും ബാധ്യതയുണ്ട് എന്ന ഖുർആനികാധ്യാപനം (2:228) എത്രയോ വിലപ്പെട്ടതാണ്. പാശ്ചാത്യരിലോ മറ്റു പൗരസ്ത്യരിലോ കാണാൻ സാധിക്കാത്ത സുന്ദര വാചകം! അതെ അവർക്ക് ബാധ്യതകളും അവകാശങ്ങളും ഒരുപോലെ വകവെച്ചു കൊടുക്കാൻ പാശ്ചാത്യൻ നാഗരികതകൾക്കാവുമോ?

 

???? Follow Our Channel
https://whatsapp.com/channel/0029VaAuUdUJP20xSxAZiz0r

Related Articles