Current Date

Search
Close this search box.
Search
Close this search box.

ഖുൽഅ് : കോടതിയുടേത് ധീരമായ ചുവടുവെപ്പ്

പൊതുസമൂഹത്തിലും സമൂഹ മാധ്യമങ്ങളിലും എക്കാലവും പ്രസക്തിയേറിയ വിഷയമാണ് ലിംഗ സമത്വം. പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ ജീവിക്കുന്ന സ്ത്രീകൾ എപ്പോഴും അഭിമുഖീകരിച്ചു വരുന്ന വെല്ലുവിളികൾ പോലെ തന്നെ മുസ്ലിം സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നിരവധിയാണ്. പ്രത്യേകിച്ചും ഭർതൃഗൃഹത്തിൽ നിന്നും ഏറ്റുവാങ്ങുന്ന പീഡനങ്ങളും അവ​ഗണനയുമൊക്കെ അധികരിച്ചു വരുന്ന ഈ കാലത്ത്.

സ്ത്രീകൾക്ക് ഇസ്ലാം നൽകിയ അവകാശങ്ങളെയും അധികാരങ്ങളെയും കുറിച്ച് സമൂഹവും മുസ്ലിം സ്ത്രീകളും അജ്ഞരോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്തവരാണ്. ഇതിൽ വളരെ പ്രധാനമാണ് വിവാഹമോചനത്തിന്ന് ഇസ്ലാം സ്ത്രീകൾക്ക് നൽകിയ ഖുൽഅ് (ഖുല), ഫസ്ക് പോലുള്ള നിയമങ്ങളും അവകാശങ്ങളും. അതേത്തുടർന്ന് ദിനംപ്രതി കേസുകൾ കൂടുതൽ സങ്കീർണമാവുകയും തലമുറകളായി ഈ അജ്ഞത വ്യാപിക്കുകയും ചെയ്തു. കാരണം, Dissolution of Muslim Marriage Act, 1939, പ്രകാരം കോടതിയെ സമീപിക്കാതെ അവർക്ക് കോടതി ബഹ്യമായി(extra-judicial) വിവാഹമോചനം ലഭിക്കുവാനുള്ള അവകാശം 1972ൽ, MC Moyin v. Nafeesa കേസിലെ വിധിയിലൂടെ നിഷേധിക്കപ്പെട്ടിരുന്നു. എന്നാൽ, ഈ വിധിയെ മറികടന്നുകൊണ്ടുള്ള ഉത്തരവ് പ്രഖ്യാപിച്ചുകൊണ്ടാണ് കേരള ഹൈക്കോടതിയുടെ, കോടതി ബാഹ്യമായ രീതിയിലൂടെ വിവാഹ മോചനത്തെ അവലംഭിക്കുന്നതിൽ നിന്നും മുസ്ലിം സ്ത്രീകളെ ഫലപ്രദമായി തടഞ്ഞുവെച്ചുള്ള വിധിയെ അസാധുവാക്കി, മതാടിസ്ഥാനത്തിൽ ശരീയത്ത് നിയമപ്രകാരം ഖുൽഅ് വഴി വിവാഹമോചനം നേടാമെന്ന് പുനസ്ഥാപിക്കുന്നത്. “ഖുർആനിലെ രണ്ടാം അധ്യായമായ സൂറ ബകറയിൽ 228,229 സൂക്തങ്ങളും നാലാം അധ്യായമായ നിസാഇലെ 1,20,21,58,128 സൂക്തങ്ങളും അതോടൊപ്പം അഞ്ചാം അധ്യായത്തിലെ എട്ടാം സൂക്തവും പ്രബല ഹദീസ് ഗ്രന്ഥമായ സ്വഹീഹ് ബുഖാരിയും രാജ്യത്തെ പ്രമുഖ നിയമജ്ഞൻ ഡോ. താഹിർ മഹ്മൂദിന്റെ പ്രശസ്ത കൃതിയായ ‘മുസ്ലിം ലോ ഇൻ ഇന്ത്യ ആൻഡ് അബ്റോഡ്’, ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ സയ്യിദ് അബുൽ അഅ്ല മൗദൂദിയുടെ ‘ഹുഖൂഖുസ്സൗജൈൻ’ (ഇണതുണ അവകാശങ്ങൾ) എന്നീ കൃതികളും കോടതി വിധിയിൽ തെളിവായി സ്വീകരിച്ചത്. ”

പതിറ്റാണ്ടുകളായി മുസ്ലിംകൾക്കിടയിൽ വിവാഹമോചനവുമായി ബന്ധപ്പെട്ട ഏറ്റവും അപരചിതമായ രഹസ്യമായിരുന്നു ഖുൽഅ് നിയമം. ഖുർആനിൽ യാതൊരു പരാമർഷവുമില്ലാത്ത മുത്വലഖിന്റെ വിഷയം ചർച്ച ചെയ്യാൻ വൻതോതിൽ പത്രങ്ങൾ സ്ഥലം നീക്കിവെച്ചിട്ടും, ഖുൽഅ് സമ്പ്രദായത്തിലൂടെ വിവാഹം റദ്ദാക്കാനുള്ള മുസ്ലിം സ്ത്രീകളുടെ അവകാശം ചർച്ചക്ക് വന്നില്ല. ഇക്കാലമത്രയും സ്ത്രീകൾ അനുഭവിച്ച മാനസികവും ശാരീരികമായുമുള്ള പീഡനത്തിന്റെ പൂർണ ഉത്തരവാധി സമൂഹമല്ലെന്നും മറിച്ച് കോടതികളാണെന്നും പറയാനാവില്ല. സമൂഹത്തിലെ ഓരോ വ്യക്തികളും അതിൽ വലിയ പങ്കുവഹിക്കുന്നുമുണ്ട്. കാരണം ഒരു വ്യക്തിയുടെ ചിന്താഗതിയാണ് ആ വ്യക്തിയിലൂടെ ഒരു സമൂഹത്തിൽ രൂപപ്പെട്ടുവരുന്നത്. സമുദായത്തിലെത്രത്തോളം ചിന്താപരമായ വളർച്ച ഉണ്ടാവുന്നുവോ അപ്രകാരമായിരിക്കും ആ സമൂഹത്തിലെ നിയമ വളർച്ചയുടെ സാധ്യതയെന്നും ഇതിനോടകം വ്യക്തമാവുന്നു. പ്രത്യേകിച്ചും ഈ വിഷയത്തെ കുറച്ച് മുസ്ലിം സമുദായത്തിന്റെ ഗുരുതരമായ വീഴ്ചയും എടുത്തുപറയേണ്ടതുണ്ട്.

എന്താണ് ഖുൽഅ്?

മുഹമ്മദ് നബി(സ )യുടെ ഒരു ഹദീസിൽ “തന്റെ ഭർത്താവിന്റെ രൂപം ഇഷ്ടപ്പെടാത്തതിന്റെ പേരിൽ ഒരു സ്ത്രീക്ക് ഖുൽഇലേക്ക് പോകാൻ അനുവാദം നൽകി. ഈ പ്രസിദ്ധമായ സന്ദർഭത്തിൽ, ഒരു സ്ത്രീ മുഹമ്മദ് നബി (സ)യെ സമീപിച്ച് ഭർത്താവിനെ വിവാഹമോചനം ചെയ്യാനുള്ള ആഗ്രഹം പ്രഖ്യാപിച്ചു. അവളുടെ തീരുമാനം പുനർ പരിശോധിക്കാൻ അദ്ദേഹം അവളോട് ആവശ്യപ്പെട്ടു, തുടർന്ന് ആ സ്ത്രീ പ്രാവചകനോട് അദ്ദേഹത്തിന്റെ ശുപാർശയാണോ അതോ നിർദ്ദേശമാണോ എന്ന് ചോദിച്ചു. ഇത് ഒരു ശുപാർശ മാത്രമാണെന്ന് നബി പറയുകയും ഇതേത്തുടർന്ന്, യുവതി ശുപാർശ നിരസിക്കുകയും ഖുൽഇനായി പോകുകയും ചെയ്തു. അവൾ വാഗ്ദാനം ചെയ്ത പൂന്തോട്ടം സ്വീകരിച്ച് സ്ത്രീയെ വിട്ടയക്കാൻ പുരുഷനോട് അദ്ദേഹം നിർദ്ദേശിക്കുകയും ചെയ്തു.” – സഹീഹ് ബുഖാരി. നിയമപരമായ പശ്ചാത്തലത്തിന്റെ അഭാവത്തിൽ ഖുൽഇന്റെ പ്രസക്തി ഇസ്ലാമിക ചരിത്രത്തിലെത്രത്തോളമുണ്ടെന്നു തെളിയിക്കുന്ന പ്രഭലമായ ഉദ്ധരണിയാണ് കേരള ഹൈകോടതി വിധിയിലൂടെ മേൽ സൂചിപ്പിച്ച ഹദീസ്.

The muslim personal law (shariat) Application Act, 1937 ലെ സെക്ഷൻ 2 പ്രകാരം ത്വലാഖ്, ഇലാ, സിഹാർ, ലിയാൻ, ഖുൽഅ്, മുബാറത്ത് മുതലായവായിലൂടെ കോടതിയുടെ ഇടപെടലില്ലാതെ ഒരു മുസ്ലിമിന് ശരീഅത്തിലൂടെ വിവാഹ മോചനം നേടാമെന്ന് കേരള ഹൈക്കോടതി 49 വർഷം മുമ്പുള്ള മൊയിൻ കേസ് വാദം അസാധുവാക്കികൊണ്ട് 2021 ഏപ്രിലിൽ അംഗീകരിച്ചു.

പുരുഷന്മാർക്കു വിവാഹ മോചനത്തിനായി ത്വലാഖ് സമ്പ്രദായമുള്ളത് പോലെ സ്ത്രീകൾക്ക് തന്റെ ഭർത്താവിൽ നിന്നും കോടതി മുഖാന്തിരമല്ലാതെ വിവാഹബന്ധത്തിൽ നിന്നും മോചനമാവാനുള്ള തുറസ്സായ മാർഗമാണ് ഖുൽഅ്. ഈ സമ്പ്രദായം ബ്രിട്ടീഷ് ഇന്ത്യയിൽ തന്നെ നിയമ സാധുതയുള്ളതായി കാണപ്പെട്ടിരുന്നു. എന്നാലിവിടെ ത്വലാക്കും ഖുൽഅയും പ്രധാനമായും വ്യത്യസ്തമാവുന്നത് വിവാഹസമയത്ത് സമ്മതിച്ച മഹറും, അവൾക്കു നൽകിയ സമ്മാനങ്ങളും നഷ്ടപരിഹാരങ്ങളും സ്ത്രീ ഖുൽഇലൂടെ വിവാഹത്തിൽ നിന്ന് ഒഴിവാക്കുന്നു എന്ന വസ്തുത പരിഗണിച്ച് തിരിച്ചു നൽകണം. ജുവേറിയ അബ്ദുൽ മജീദ് പട്‌നി വി. ആതിഫ് ഇഖ്ബാൽ മൻസൂരി, (2014) 10 SCC 736) എന്ന കേസിൽ സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലും ഇസ്ലാമിക പ്രമാണങ്ങളുടെ അടിസ്ഥാനത്തിലും ഭാര്യ ഖുൽഅ് ചെയുമ്പോൾ തന്റെ മഹ്റും മറ്റും തിരിച്ചു നൽകണമെന്നും കോടതി ഉറപ്പുവരുത്തുന്നു. നേരെ മറിച്ച്, ത്വലാക്കിൽ അവൾക്കതൊന്നും ഉപേക്ഷിക്കേണ്ടിവരുന്നില്ല, കാരണം അതവളുടെ അവകാശമാണ്. മാത്രമല്ല, ഒരു സ്ത്രീ തന്റെ ഭർത്താവിൽനിന്നും ഖുൽഅ് ആവശ്യപ്പെട്ടാൽ അത് തിരസ്കരിക്കാൻ ഭർതാവിന് അവകാശമില്ലെന്നും പ്രമാണങ്ങളിൽ കാണാം.

“ചുരുക്കത്തിൽ, മൂന്ന് നിബന്ധനങ്ങളോടെയല്ലാതെ മുസ്ലീം സ്ത്രീക്ക് ഖുൽഅ് ചെയ്യാൻ സാധിക്കില്ല :
1) വിവാഹം റദ്ദാക്കുന്നതായുള്ള പ്രഖ്യാപനം.
2) വിവാഹ സമയത്തോ വിവാഹ ബന്ധത്തിനു ഇടയിലോ ഭർത്താവിൽ നിന്നും ലഭിച്ച നേട്ടങ്ങൾ തിരിച്ചു നൽകാമെന്നുള്ള വാഗ്ദാനം.
3)ഖുൽഇന് മുൻപ് കൃത്യമായ അനുരജ്ഞന ചർച്ചകൾ നടന്നിരിക്കണം .”

മുസ്‌ലിം സ്ത്രീക്ക് ഖുൽഇലൂടെ സ്വമേധയാ വൈവാഹിക ബന്ധം വേർപ്പെടുത്താം എന്ന കേരള ഹൈകോടതി വിധി മുസ്ലിം വ്യക്തി നിയമത്തെ ആധാരമാക്കി ആണെങ്കിൽ കൂടിയും അത് എത്രത്തോളം ‘ഇസ്‌ലാമിക’മാണ് എന്നതും പരിശോധിക്കപ്പെടേണ്ടതാണ്. ഇസ്ലാമിക ശരീഅത്ത് അനുശാസിക്കുന്ന ഖുൽഇന്റെ യഥാർത്ഥ രൂപത്തെ മനസ്സിലാക്കുന്നതിലൂടെ മാത്രമേ മേൽപറഞ്ഞ സൂക്ഷ്മത കുറവ് പരിഹരിക്കപ്പെടുകയുള്ളൂ. ആണധികാരം ആഴ്ന്നിറങ്ങിയ വ്യവസ്ഥിതിയിൽ ഉപര്യുക്ത കോടതി വിധിയിൽ മുസ്‌ലിം പെണ്ണിന് ആശ്വസിക്കാൻ വകയുണ്ടെങ്കിലും ഇസ്‌ലാമികമായി നോക്കുമ്പോൾ വിധിയിൽ അൽപം സൂക്ഷ്മതക്കുറവുണ്ട് എന്ന് പറയാതെ വയ്യ. കോടതി വിധിയെ നിരുപാധികം സ്വാഗതം ചെയ്യാനും അതുകൊണ്ട് തന്നെ സാധ്യമല്ല. ഈ കോടതി വിധിപ്രകാരം ഒരു സ്ത്രീക്ക് മഹ്ർ തിരിച്ചു നൽകി മധ്യസ്ഥ നീക്കം നടത്തി സ്വയം നിലക്ക് ഖുൽഅ്‌ പ്രഖ്യാപിക്കാം. ഇസ്‌ലാമികമല്ലാത്ത ലിംഗ സമത്വം കൊണ്ടുവരികയാണിവിടെ.

ഇസ്‌ലാമിക വ്യവസ്ഥയിൽ ഒരു മുസ്‌ലിം സ്ത്രീ ഖുൽഇനായി കോടതി മുഖാന്തിരം അവതരിപ്പിക്കുകയാണ് ചെയ്യുക. ശേഷം ഭർത്താവ് നിരസിച്ചാൽ അവളെ വിവാഹമോചനം ചെയ്യാൻ അയാളോട് ന്യായാധിപൻ കൽപ്പിക്കേണ്ടതാണ്. എന്നിട്ടും അനുസരിക്കുന്നില്ലെങ്കിൽ അയാളെ ജയിലിലടക്കാൻ ന്യായാധിപന് അവകാശമുണ്ട്. ഇങ്ങനെ ഒട്ടനവധി സംഭവങ്ങൾ പ്രാമാണികമായി സ്ഥിരപ്പെട്ടതുമാണ്. ഇവ്വിധമാണ് ഖുൽഇന്റെ ഇസ്‌ലാമിക രൂപം എന്നത് അബുൽ അഅ്ലാ മൗദൂദിയുടെ “ദാമ്പത്യ ജീവിതം ഇസ്‌ലാമിൽ” എന്ന പുസ്തകത്തിൽ കാണാം.

ഷയറ ബാനു vs യൂണിയൻ ഓഫ് ഇന്ത്യ (2017) 9 SCC 1) കേസിൽ അനുരഞ്ജനത്തിനുള്ള ശ്രമമില്ലാതെ മുത്തലാഖ് ചൊല്ലിയത് ഭരണഘടനയുടെ ആർട്ടിക്കിൾ 14 ൽ അടങ്ങിയിരിക്കുന്ന മൗലികാവകാശത്തിന്റെ ഏകപക്ഷീയവും നിയമപരവുമായ ലംഘനമാണ്. എന്നാൽ , ഖുൽഅ് ആവശ്യപ്പെടാൻ പ്രത്യേക കാരണങ്ങളൊന്നും ആവശ്യമില്ലെങ്കിലും, അനുരഞ്ജനത്തിന്റെ നടപടിക്രമം തന്നെ ന്യായമായ കാരണമായി മാറിയതിനാൽ കക്ഷികൾ തമ്മിലുള്ള തർക്കങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമത്തെ അത് പ്രതിഫലിപ്പിക്കും. അതിനാൽ, അനുരഞ്ജനത്തിനുള്ള ശ്രമങ്ങളൊന്നുമില്ലാതെ ഖുൽഇന്റെഏതൊരു ആഹ്വാനവും നിയമത്തിൽ അംഗീകാരാമില്ലായെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സ്ത്രീധനത്തിന്റെയും ബാഹ്യ സൗന്ദര്യത്തിന്റെയും ബഹുഭാര്യത്വത്തിന്റെയും മറ്റും മറവിൽ പീഡനങ്ങൾ അനുഭവിക്കുന്ന അവളെ വെറുമൊരു ലൈംഗിക വസ്തുവായി പരിഗണിച്ച് പുരുഷന്റെ ഭൗതിക താല്പര്യങ്ങൾക്കു വേണ്ടി മാത്രമായി കണക്കാകുന്ന ഇത്തരം മനോഭാവം കാലങ്ങളായി തുടർന്ന് വരുന്നു. പുരുഷധിപത്യ സമൂഹത്തിന്റെ ഈ സാഹചര്യത്തിലാണ് സ്വന്തം ഭർതൃഗൃഹത്തിൽ പോലും അവൾക്കൊരു സ്ത്രീ തുണ ലഭിക്കാതെ വരുന്നതും ഒടുക്കം ജീവനൊടുക്കേണ്ടി വരുന്നതിനും കാരണമായി തീരുന്നത്.

ഖുൽഅ് നിയമം മുസ്ലിം സ്ത്രീകൾക്ക് ലഭിച്ചൊരു ആശ്വാസ സൂചനയെന്നപോലെ 2008ലെ സൈദലി കെ. എച് v. വി സലീന (Saidali K H. vs. V Saleena 2008 (4)- KHC 531- ILR 2008(4) ker:420 2008(3) KLJ 637 2008(4) KLT 885) കേസിൽ ഭർത്താവ് രണ്ടാം വിവാഹം കഴിക്കുകയും അതുകാരണത്താൽ ഭാര്യ ഭർത്താവിന്റെ കൂടെ താമസിക്കാൻ വിസമ്മതിക്കുകയും ചെയ്തതുകൊണ്ട് മാത്രം വിവാഹമോചനം നൽകാനുള്ള കാരണമല്ല എന്ന വിധിയെ ദുർബലപ്പെടുത്തികൊണ്ട് 2010ഇൽ അബ്ദുറഹ്മാൻ v. ഖൈറുന്നീസ (Abdurrahman vs. Khairunnessa-2010 (1) KHC 857:2010(1) KLT 891: ILR 2010 (1) Ker. 830.) കേസിലെ ഹൈക്കോടതി വിധിയിൽ വിവാഹമോചനം തേടുന്നതിന് Dissolution of Muslim Act,1939ലെ Sec. 2(viii)(f) പ്രകാരം അത്തരമോരു വിവാഹത്തിൽ തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് ഒരു ഭാര്യക്ക് അനുഭവപ്പെട്ടാൽ അവൾക്കു വിവാഹമോചനം ലഭിക്കുന്നതിൽ നിയമതടസ്സങ്ങളൊന്നുമില്ലെന്ന വിധിയും ഈയൊരവസരത്തിൽ ഏറെ പ്രസക്തിയേറിയതാണ്.

Dissolution of Muslim Marriages Act എന്ന പ്രത്യേക നിയമവ്യവസ്ഥ നിലനിൽക്കെ മുസ്ലീം സ്ത്രീക്ക് വിവാഹക്കരാറിനെ കോടതിയുടെ ഇടപെടലില്ലാതെ ഫസ്ഖിലൂടെ ഏകപക്ഷീയമായി (വിവാഹ ബന്ധത്തെ ) തള്ളിക്കളയാനാവില്ലെന്നും അത് രാജ്യത്തിന്റെ നിയമചട്ടങ്ങളെ എതിർക്കുകയാണെന്നും, അതിനപ്പുറം കക്ഷികളുടെ അവകാശങ്ങൾക്ക് സഞ്ചരിക്കാനും തീരുമാനിക്കാനും സാധിക്കില്ലെന്നും, ഇത്തരം വ്യവസ്ഥകളെ നിഷേധിക്കുന്നുവെന്ന കോടതി വിധിയാണ് മൊയിൻ കേസിൽ നിന്നുമുണ്ടായ നിയമ പ്രശ്നങ്ങൾ. കോടതി വിധിയിൽ ജില്ല മാജിസ്‌ട്രേറ്റ് ചോദ്യമായി ഉന്നയിച്ചത് “മുസ്ലിം പേഴ്‌സണൽ ലോ മുഹമ്മദീയ ഭാര്യക്ക് ഭർത്താവിനെ ഫസ്ഖിലൂടെ ബന്ധത്തിൽനിന്ന് സ്വയം മോചിപ്പിക്കാനുള്ള അവകാശം തിരിച്ചറിഞ്ഞാൽ, ഒരു സ്ത്രീക്ക് ഭർത്താവിൽനിന്ന് വിവാഹ മോചനം നേടാൻ പ്രാപ്തമാക്കുന്ന ഒരു നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത എവിടെയാണ്?” എന്നാണ്.

ഈ ചോദ്യത്തെ അതിന്റെ യുക്തിസഹമായ ലക്ഷ്യത്തിലേക്ക് അദ്ദേഹം പിന്തുടരാതെ ഒരു തെറ്റായ നിഗമനത്തിലെത്തിചേരുകയും ചെയ്തു. ഇന്ത്യയിലെ മുസ്ലിങ്ങളിൽ ഭൂരിഭാഗവും ഹനഫികളായതിനാൽ ഹനഫി നിയമമാനുസരിച്ച് മുസ്ലിം സ്ത്രീകൾക്ക് ഭർത്താവിൽനിന്നും വിവാഹമോചനം നേടാൻ അവകാശമില്ല എന്നതായിരുന്നു കോടതി അഭിപ്രായപ്പെട്ടത്. എന്നാൽ ഈ നിയമം വളരെ കർക്കശമാണെന്നും ഇതേതുടർന്ന് വിവാഹമോചനം നേടാൻ കഴിയാതെ മുസ്ലിം സ്ത്രീകൾക്ക് പറഞ്ഞറിയിക്കാനാവാത്ത പീഡനങ്ങൾ അനുഭവിച്ചിരുന്നു. ആയതിനാൽ,1972ൽ കെ.സി. മോയിൻ v. നഫീസ കേസിൽ സിംഗിൾ ബെഞ്ച് നടത്തിയ ഈ വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. മേൽപ്പറഞ്ഞ തീരുമാനത്തിന്റെ സാധുതയെ വിലയിരുത്തുവാനും, നിയമം നടപ്പിലാക്കുന്നതിനുള്ള കാരണങ്ങളും വസ്തുക്കളും പരിശോധിക്കാൻ ബെഞ്ച് പരി​ഗണിച്ചു. തുടർന്ന് , മുസ്ലീം വ്യക്തിനിയമം (ശരീഅത്ത്) ആപ്ലിക്കേഷൻ ആക്ട്, 1937 (ശരീഅത്ത് ആക്ട്) സെക്ഷൻ 2യിൽ പരാമർശിച്ച ക്ലോസുകൾ ഒഴികെയുള്ള എല്ലാ കോടതി ബാഹ്യമായ വിവാഹമോചനങ്ങളും ഖാസി പോലുള്ള അധികാരികളുടെ ഇടപെടൽ നിർബന്ധമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

കുടുംബ കോടതി നിയമത്തിലെ സെക്ഷൻ 7 (1) ന്റെ എക്സ്പ്ലനേഷൻ (ബി) പ്രകാരം, ഏതൊരു വ്യക്തിയുടെയും വൈവാഹിക പദവി പ്രഖ്യാപിക്കുന്നതിനുള്ള അധികാരപരിധി കുടുംബ കോടതിക്ക് നൽകുന്നു. അതിനാൽ, ഒരു വ്യക്തിയുടെ വൈവാഹിക പദവി പ്രഖ്യാപിക്കാൻ ഒരു കോടതിക്ക് പുറത്തുള്ള വിവാഹമോചനത്തെ അംഗീകരിക്കാൻ കുടുംബ കോടതിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. തലാഖ്, ഖുൽഅ്, മുബാറത്ത്, തലാഖ്-ഇ-തഫ്‌വിസ് ( ഭാര്യ ഭർതൃ ബന്ധത്തിന്റെ ആരംഭത്തിൽ പരസ്പരം കരാർ വെക്കുകയും ആ കരാർ വ്യവസ്ഥകൾ ലംഘിച്ചാൽ ഭാര്യക്ക് കോടതിയെ സമീപിക്കാതെ വിവാഹമോചനം ലഭിക്കുന്ന അവകാശമാണിത് ) എന്നിവയുടെ കാര്യത്തിൽ, കുടുംബ കോടതികൾ അത്തരം കക്ഷികളുടെ വൈവാഹിക നില പ്രഖ്യാപിക്കുന്നതിനായി കക്ഷികളിൽ നിന്നോ അല്ലെങ്കിൽ ഇരു കക്ഷികളിൽ നിന്നോ നൽകിയ അപേക്ഷകൾ പരിഗണിക്കും. ഖുൽഉം ത്വലാഖും ഏകപക്ഷീയമായി വിവാഹബന്ധം വേർപെടുത്തുന്ന കാര്യത്തിൽ, കുടുംബ കോടതികൾക്ക് മുമ്പിലുള്ള അന്വേഷണത്തിന്റെ പരിധി പരിമിതമാണ്.

ഒരു മുസ്ലീം സ്ത്രീക്ക്, കോടതി ബാഹ്യമായ വിവാഹമോചനം ആവശ്യപ്പെടാനുള്ള അവകാശം കേരള ഹൈക്കോടതി വളരെ പ്രായോഗികമായിട്ടാണ് സുപ്രധാനമായ ഈ വിധിയിലൂടെ നൽകിയിട്ടുള്ളത് . ഇത്രയൊക്കെയായിട്ടും അവർക്കു അവകാശപ്പെട്ട ഈ നിയമം പുറം ലോകമറിയാനും സ്ത്രീ സമൂഹത്തെ അവരുടെ ഭീതിജനകമായ അന്തരീക്ഷത്തിൽ നിന്നും ആശ്വാസം പകരാനും അരനൂറ്റാണ്ടിലധികം കാലതാമസം വന്നുവെന്നതാണ് വാസ്തവം. എന്നിരുന്നാലും നിരന്തരമായി കഷ്ടപ്പെടുന്നതിനുപകരം പുരുഷന്മാരെപ്പോലെ സ്ത്രീകൾക്കും അവരുടെ അവകാശങ്ങൾക്കായി സംസാരിക്കാൻ കഴിയുമെന്ന് ഇതിനോടകം കോടതി ഉറപ്പു വരുത്തുന്നു. പ്രധാനമായും, അല്ലാഹുവും റസൂലും സ്ത്രീകൾക്ക് അനുവദിച്ച നിയമത്തെ പുനസ്ഥാപിക്കുക വഴി ധീരവും തിളക്കവുമാർന്ന ഈ വിധി സ്ത്രീകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നു. വിവാഹമോചനമെന്ന അവസാന ആശ്രയത്തെ അവൾ കണ്ടെത്തുമ്പോൾ പുരുഷന്മാരെപ്പോലെ ഇസ്ലാമിക മാനദണ്ഡങ്ങളോടെ അതിൽനിന്നും മോചനം നേടാനുള്ള അവളുടെ അവകാശത്തെ അംഗീകരിക്കുന്ന ഒരു പുതിയ മാതൃക വെച്ചുനീട്ടുകയും ചെയ്യുന്നു.

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles