Current Date

Search
Close this search box.
Search
Close this search box.

മുബശ്ശറാത് ബിൽ ജന്ന : അഥവാ സ്വർഗം വാഗ്ദാനം ലഭിച്ച വനിതകൾ

സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട 10 സ്വഹാബികളെ കുറിച്ച് നാം ഒരുപാട് കേട്ടിരിക്കുന്നു. അവരുടെ ചരിത്രവും വിശദാംശങ്ങളും വായിക്കുവാൻ പലപ്പോഴും നമുക്ക് അവസരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇമാം അഹമ്മദ്, അബൂദാവൂദ്, ഇബ്നു മാജ തുടങ്ങിയവർ ഉദ്ധരിച്ച ഒരു ഹദീസ് അനുസരിച്ച് 10 സ്വഹാബികൾക്ക് സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രന്ഥങ്ങളായ ഗ്രന്ഥങ്ങളിലെല്ലാം അവരെ കുറിച്ച വിശദാംശങ്ങളുണ്ട്. വഅ്ളുകളിലും ഖുത്വുബകളിലും അവരെ കുറിച്ച വിവരം സുലഭമാണ്.എന്നാൽ അതുപോലെ സ്വർഗം വാഗ്ദാനം ചെയ്യപ്പെട്ട 12 സ്വഹാബിവര്യകളുടെ വിശദാംശങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിൽ പലയിടത്തായി കാണുന്നതിനെ ഒരിടത്ത് ക്രോഡീകരിക്കാനുള്ള ശ്രമം ആദ്യമായി ഈയ്യുള്ളവൻ കാണുന്നത് ഡോക്ടർ സയ്യിദ് ജുമൈലിയുടെ നിസാഉൻ ഹൗലർറസൂൽ എന്ന കൃതിയിലാണ്.അതോടൊപ്പം അവരെ സംബന്ധിച്ച് വന്ന ഹദീസുകളുടെ ആശയവും ചില ചരിത്രങ്ങളും ലളിതമായി പറയാനും ശ്രമിക്കാം;ഇൻശാ അല്ലാഹ് .

1- ഖദീജ (റ) : പ്രവാചകനായ മുഹമ്മദ് നബി (സ) ന്റെ പ്രഥമ പത്നിയും മക്കയിലെ വ്യാപാരപ്രമുഖയുമായിരുന്ന ഖദീജ ബിൻത് ഖുവൈലിദ് (റ ). “സർവശക്തനായ രക്ഷിതാവിൽ നിന്നുമുള്ള ആശംസകൾ അവർക്കറിയിക്കുക.സ്വർഗത്തിൽ ആരവങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലാത്ത മുളയാൽ പണിത ഒരു വീടിൻ്റെ ശുഭവാർത്ത അവരെ അറിയിക്കുകയും ചെയ്യുക ” എന്ന് ജിബ്രീൽ (അ) നബിയെ അറിയിച്ച സുവിശേഷം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്യുന്നു.

2 – ഫാത്വിമ (റ) : മുഹമ്മദ് നബി (സ )യുടെ പുന്നാര മകളായ ഫാത്വിമ സഹ്റ . മുഹമ്മദി(സ)ന്റെ പിതൃസഹോദരനായ അബൂ ത്വാലിബിന്റെ പുത്രനായ
അലി (റ) ആയിരുന്നു ഫാത്വിമ (റ)യുടെ ഭർത്താവ്. നബി അവരോട് “സ്വർഗീയ സ്ത്രീകളുടെ നേതാത്തിയാണ് നീ ” എന്ന് പറഞ്ഞത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസുകളിലുണ്ട്.

3- ഉമ്മു സുലൈം (റ) : മദീനയിൽ നിന്നും ആദ്യകാലത്ത് ഇസ്ലാം സ്വീകരിച്ച പ്രമുഖ വനിതയാണ് ഉമ്മു സുലൈം എന്നറിയപ്പെടുന്ന റുമൈസ ബിൻത് മിൽഹാൻ. മാലിക് ഇബ്നു നദറിനെയാണ് അവർ ആദ്യം വിവാഹം ചെയ്തത്. ഈ വിവാഹത്തിലുണ്ടായ മകനാണ് പ്രശസ്തനായ സ്വഹാബി അനസ് ഇബ്നു മാലിക്. മുഹമ്മദ് നബിയുടെ സേവകനായി സ്വന്തം മകനെ നിയോഗിച്ചത് അവർ തന്നെയായിരുന്നു.അവരെ സംബന്ധിച്ച് റസൂൽ പറയുന്നത് കേൾക്കുക: “ഞാൻ സ്വർഗത്തിൽ പ്രവേശിച്ചപ്പോൾ ഒരു കാലനക്ക ശബ്ദം കേട്ടു. ഞാൻ വിളിച്ചു ചോദിച്ചു: ആരാണത് ? സ്വർഗക്കാർ പറഞ്ഞു: ഇതാണ് അനസ് ബിൻ മാലികിൻ്റെ മാതാവ് ഉമൈസ ബിൻത് മിൽഹാൻ”. (മുസ്ലിം റിപ്പോർട്ട് ചെയ്തത്)

4- ഉമ്മു സുഫർ (റ) : അബിസീനിയയിൽ നിന്നുള്ള സൈറ അൽ-അസദിയ്യ എന്ന നീഗ്രോ സ്ത്രീയായിരുന്നു അവർ.നബിയുടെ അധ്യാപനങ്ങളിൽ സദാ ശ്രദ്ധാലുവായിരുന്നു … ഒരിക്കൽ നബിയുടെ അടുത്ത് വന്നു സങ്കടപ്പെട്ട് പറഞ്ഞു, “ദൈവദൂതരേ, ഞാൻ അപസ്മാരമുള്ള സ്ത്രീയാണ്, എനിക്ക് സ്വർഗത്തിന് വേണ്ടി താങ്കൾ പ്രത്യേകം പ്രാർത്ഥിക്കൂ.” അപ്പോൾ നബി അവരോട് ചോദിച്ചു: നിനക്ക് ക്ഷമിക്കാൻ കഴിയുമോ? അപ്പോഴവർ : എങ്കിൽ എനിക്ക് സ്വർഗം ലഭിക്കുമോ? അവർ നബി പറഞ്ഞതുപോലെ ക്ഷമിച്ചു. നബി അവർക്ക് വേണ്ടി പ്രാർഥിച്ചു. അവരുടെ ക്ഷമ നിമിത്തം അവർക്ക് സ്വർഗത്തെക്കുറിച്ചുള്ള ശുഭവാർത്ത ലഭിച്ചു . (മുസ്ലിം റിപ്പോർട്ട് ചെയ്തത്)

5- ഉമ്മു ഹറാം ബിൻത് മിൽഹാൻ : പ്രവാചകൻ മുഹമ്മദി (സ) ൻ്റെ കുഞ്ഞുമ്മ ആയിരുന്നു. എന്റെ അനുയായികളിൽ ചിലർ അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്ന യോദ്ധാക്കളായും കടലിന് മുകളിലൂടെ കപ്പലോട്ടം നടത്തുന്നവരായും തദ്വാരാ സ്വർഗത്തിൽ പ്രവേശിക്കപ്പെട്ടവരായും എന്റെ മുന്നിൽ സ്വപ്നത്തിൽ പ്രദർശിപ്പിക്കപ്പെട്ടു എന്നു നബി പറയുന്നത് കേട്ടപ്പോൾ ഉമ്മു ഹറാം (റ) പറഞ്ഞു, ‘അല്ലാഹുവിന്റെ ദൂതരേ! എന്നെ അവരിലൊരാളാക്കാൻ പ്രാർത്ഥിക്കുക.’ ഇത് കേട്ട പ്രവാചകൻ പറഞ്ഞു:” നിങ്ങൾ അവരിലൊരാളായിരിക്കും “എന്ന് അവരോട് പറഞ്ഞത് ബുഖാരി നിവേദനം ചെയ്തിട്ടുണ്ട്. മുആവിയയുടെ കാലത്ത് ഒരു നാവികപ്പടയുടെ ഭാഗമായി നടത്തിയ യുദ്ധത്തിൽ നിന്ന്മടങ്ങുമ്പോഴായിരുന്നു അവരുടെ മരണം.

6 – ഉമ്മു അമ്മാറ നുസൈബ ബിൻത് കഅബ് അൻസാരിയ്യ(റ): ഉഹ്ദ് യുദ്ധത്തിൻ്റെ ദിവസം നബി മരിച്ചെന്ന കിംവദന്തി കേട്ട് പല പ്രമുഖരും സങ്കടപ്പെട്ട് കുത്തിയിരുന്നു പോയപ്പോൾ ഏകജാതനായ മകനോടൊപ്പം പതറാതെ നബിയുടെ കൂടെ ഉറച്ചുനിന്ന ഉരുക്കുവനിത .അവർക്ക് സ്വർഗത്തെക്കുറിച്ചു സന്തോഷവാർത്ത അറിയിച്ചു കൊണ്ട് നബി പറഞ്ഞു: “അല്ലാഹുവേ, അവരെ സ്വർഗത്തിൽ എൻ്റെ കൂട്ടാളികളാക്കുക”( ഇസ്വാബ 4/479)

7 – റുബയ്യിഅ് ബിൻത് മുഅവ്വിദ് (റ): അൻസ്വാരി സ്ത്രീകളിൽ പ്രമുഖയാണ്. ബൈഅത്ത് രിദ് വാനിൽ പങ്കെടുത്ത് നബിക്ക് അനുസരണ പ്രതിജ്ഞ ചെയ്ത സ്ത്രീകളിൽ പ്രമുഖ . അവരുടെ സ്വർഗത്തെ കുറിച്ചുള്ള സുവാർത്ത ഇങ്ങനെ: “മരത്തിൻ്റെ ചുവട്ടിൽ ബൈഅത്ത് ചെയ്തവരാരും നരകത്തിൽ പ്രവേശിക്കുകയില്ല.” (അബൂ ദാവൂദ്, തിർമുദി, അഹ്മദ് എന്നിവർ റിപ്പോർട്ട് ചെയ്തത്)

8 – സുമയ്യ ബിൻത് ഖയ്യാത്വ് (റ) : ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷിയായ സ്ത്രീയും ആദ്യ രക്തസാക്ഷി യാസിർ ബിൻ ആമിറി(റ)ൻ്റെ ഭാര്യയും ക്ഷമയുടെ പര്യായമായ അമ്മാർ ബിൻ യാസിറി (റ)ൻ്റെ മാതാവുമായിരുന്നു അവർ. ഈ കുടുംബത്തെ അഭിസംബോധന ചെയ്ത് കൊണ്ട്
നബി പറഞ്ഞത് ചരിത്ര പ്രസിദ്ധമാണ് : “യാസിറിൻ്റെ കുടുംബമേ, ക്ഷമയോടെയിരിക്കുക, കാരണം നിങ്ങളുടെ വാഗ്ദാനം സ്വർഗമാണ്.” (ത്വബ്റാനി, ഹാകിം)

9 – ആഇശാ ബീവി (റ) : പണ്ഡിത, ഹദീഥ് നിവേദക തുടങ്ങിയ നിലകളിലെല്ലാം പ്രസിദ്ധയായ സ്വഹാബി വനിതയായിരുന്നു ആഇശ ബിൻത് അബീബക്‌ർ (റ). നബി അവരോടൊപ്പം ഓട്ട മത്സരം നടത്തിയതെല്ലാം ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. പ്രവാചക പത്നിയായ ഇവരെ കുറിച്ച് ജിബ്‌രീൽ (അ) നബിയോട് പറഞ്ഞ ഒരു വാചകമുണ്ട്: “ഇവർ ഇഹത്തിലും പരത്തിലും നിങ്ങളുടെ ഭാര്യയാണ്. .” (തിർമിദി , ബസ്സാർ, ഇബ്‌നു ഹിബ്ബാൻ)

10 – ഉമ്മു റൂമാൻ (റ) : പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് ജീവിച്ചിരുന്ന പ്രമുഖ സ്വഹാബി വനിതകളിലൊരാളായിരുന്നു . നബിയുടെ സന്തത സഹചാരി അബൂബകറി (റ)ൻറെ ഭാര്യയും നബിയുടെ ഭാര്യയായ ആയിശാ ബീവിയുടെ മാതാവുമായിരുന്നു അവർ . :ഒരു സ്വർഗീയ സ്ത്രീയെ കാണാൻ ഇഷ്ടപ്പെടുന്നവർ ഉമ്മു റൂമാനിലേക്ക് നോക്കട്ടെ” എന്ന അർഥത്തിൽ നബി പറഞ്ഞതായി ഇബ്നു സഅദ്, സഹ്മി എന്നിവർ റിപ്പോർട്ട് ചെയ്യുന്നു.

11- ഫാത്വിമ ബിൻത് അസദ് ( റ ) : നാലാം ഖലീഫയായ അലിയ്യു ബ്നു അബീ താലിബിൻറെ മാതാവ് ആയിരുന്നു . നബിയുടെ മാതൃതുല്യയായ ഇവർ മരിച്ചപ്പോൾ നബി തൻ്റെ മേൽമുണ്ട് കഫനായി പുതപ്പിക്കുകയായിരുന്നു. സ്വന്തം കൈകൊണ്ട് ജനാസ ഖബറിലേക്ക് ഇറക്കി വെക്കുന്ന വേളയിൽ നബിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.ഖബറടക്കം കഴിഞ്ഞതിന് ശേഷം അദ്ദേഹം പറഞ്ഞു: “ഫാത്വിമ ഉമ്മ എൻ്റെ ഉമ്മാക്ക് ശേഷം എനിക്ക് കിട്ടിയ ഉമ്മയാണ്. അവർ സ്വർഗക്കാരിലെ ഒരാളാണെന്നും എഴുപതിനായിരം മാലാഖമാരോട് അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ റബ്ബ് കൽപിച്ചതായും ജിബ്രീൽ എന്നോട് വന്നു പറഞ്ഞു.” (ത്വബ്റാനി, അബൂ നുഐം)

12 – ഹഫ്സ്വ ബിൻത് ഉമർ (റ) : ചില പ്രത്യേക കാരണങ്ങളാൽ നബി ഹഫ്സ്വയെ വിവാഹമോചനം ചെയ്യാൻ പോവുകയാണെന്നറിഞ്ഞ നബിയെ
ഉപദേശിച്ചു കൊണ്ട് ജിബ്രീൽ (അ ) പറഞ്ഞു: “അവരെ താങ്കൾ വിവാഹമോചനം ചെയ്യരുത്, നന്നായി നോമ്പെടുക്കുകയും രാത്രിയിൽ ഏറെ നിന്നു നമസ്കരിക്കുകയും ചെയ്യുന്ന വളരെ നല്ല സ്ത്രീയാണവർ. സ്വർഗത്തിലും അവർ നിങ്ങളുടെ ഭാര്യയായിരിക്കും ” (ത്വബ്റാനി, ബസ്സാർ)

ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: അല്ലാഹുവിൻ്റെ ദൂതൻ, ഒരിക്കൽ നിലത്ത് നാല് വരകൾ വരച്ചിട്ട് “ഇത് എന്താണെന്ന് നിങ്ങൾക്കറിയാമോ?” എന്ന് ചോദിച്ചു. സ്വഹാബികൾ പറഞ്ഞു: അല്ലാഹുവിനും റസൂലിനുമറിയാം. അപ്പോൾ അദ്ദേഹം വ്യക്തമാക്കി: ഖദീജ ബിൻത് ഖുവൈലിദ്, ഫാത്വിമ ബിൻത് മുഹമ്മദ്, ഫിർഔൻ്റെ ഭാര്യ ആസിയ ബിൻത് മുസാഹിം, മറിയം ബിൻത് ഇമ്രാൻ എന്നിവരാണവർ, സ്വർഗത്തിലെ ഏറ്റവും മികച്ച സ്ത്രീകൾ.
(അഹ്മദ്, ത്വബ്റാനി) എന്ന ഹദീസും വ്യക്തമാക്കുന്നത് സ്വർഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ട വേറെയും സ്ത്രീകളുണ്ടെന്നാണ്.

ഈ സ്ത്രീ രത്നങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ചരിത്ര ഗ്രന്ഥങ്ങളിലാണ് ലഭ്യമാവുക . സ്വർഗം സ്വഹാബികളായ പുരുഷ കേസരികൾക്ക് മാത്രമല്ല ,
അവരിലെ സ്ത്രീകൾക്കും സന്തോഷവാർത്തയായി നബി (സ ) പറഞ്ഞിട്ടുണ്ട് എന്നാണ് ഇത്രയും പറഞ്ഞതിൻ്റെ ചുരുക്കം.

അവലംബം
نساء حول الرسول تأليف الدكتور السيد الجميلي.

Related Articles