Current Date

Search
Close this search box.
Search
Close this search box.

മഹിത മാതൃത്വം

മാനവ സംസ്‌കൃതിയുടെ അടിസ്ഥാനം മാതാവാണ്. അമ്മ അല്ലെങ്കില്‍ ഉമ്മ എന്ന രണ്ടക്ഷരത്തിന്റെ അര്‍ത്ഥവ്യാപ്തി കണ്ടെത്തുക എന്നത് അനിര്‍വചനീയവും അപ്രാപ്യവുമാണ്. ആ ഒരൊറ്റ പദത്തില്‍ തന്നെ വാത്സല്യവും കാരുണ്യവും കരകവിഞ്ഞൊഴുകുന്നു.! കുഞ്ഞ് വളരുന്നതോടെ് അതൊരു വിഹായസ്സായി വിടരുന്നു.! ഗര്‍ഭാവസ്ഥ മുതല്‍ ഒരമ്മ സഹിക്കുന്ന നൊമ്പരങ്ങളും കഷ്ടപ്പാടുമാണ് ഒരു വ്യക്തിയുടെ ആകത്തുക.! അങ്ങനെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി ആയാലോ പിന്നെ പണത്തിനു വേണ്ടിയുള്ള പരക്കംപാച്ചിലില്‍ ഉമ്മയുടെ മുലപ്പാലിന്റെ മാധുര്യം അവന്‍ മറക്കുന്നു. പ്രശ്‌നങ്ങളോ പരാതികളോ പരിഭവങ്ങളോ ഇല്ലാതെ, ദുഃഖം വന്നാലും കരയാത്ത കണ്ണുകളുമായി നമ്മെ സ്‌നേഹിക്കുന്നു അവര്‍.!

മാതൃത്വത്തിന്റെ മഹിമയും മഹത്വവും സൂറത്തുല്‍:അഹ്ഖാഫ് : 15-ാം സൂക്തം അതിമനോഹരമായി ആവിഷ്‌കരിക്കുന്നത് നോക്കൂ.;
وَوَصَّیۡنَا ٱلۡإِنسَـٰنَ بِوَ ٰ⁠لِدَیۡهِ إِحۡسَـٰنًاۖ حَمَلَتۡهُ أُمُّهُۥ كُرۡهࣰا وَوَضَعَتۡهُ كُرۡهࣰاۖ وَحَمۡلُهُۥ وَفِصَـٰلُهُۥ ثَلَـٰثُونَ شَهۡرًا)
ഈ സൂക്തം സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാം കൃത്യം ‘ 9 ‘ പ്രാവശ്യം പടച്ച റബ്ബ് ‘ ه ‘ (ഹ) എന്ന അക്ഷരം ഉപയോഗിച്ചിട്ടുണ്ടെന്ന്. അറബി ഭാഷയില്‍ ഏറെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ് ഉച്ചരിക്കുന്ന ഒരക്ഷരമാണ് ‘ ه ‘(ഹ) എന്നത്. വിശുദ്ധ ഖുര്‍ആന്‍ ഗര്‍ഭിണിയെ വിളിച്ചത് ‘ حاملة ‘ എന്നാണ്. അഥവാ, (ഭാരം ചുമക്കുന്നവള്‍). പ്രസവം ഒരു ഭാരമാണ്. വളരെ വിഷമകരവും വേദനാജനകവുമായ ഒരു പ്രക്രിയ. ഇവിടെ ഗര്‍ഭിണി അനുഭവിക്കുന്ന ഭാരത്തെ ഭാരമുള്ള അക്ഷരം കൊണ്ട് വര്‍ണ്ണിക്കുന്നു. ഭാരവും ഭാരവും തമ്മില്‍ ഞെരുക്കങ്ങളും പ്രയാസങ്ങളും തമ്മില്‍ സമന്വയിക്കുന്ന അതിമനോഹരമായ മുഹൂര്‍ത്തം. അതിമനോജ്ഞമായ രംഗം. അനുവാചകന്‍ ഈ വചനം പാരായണം ചെയ്യുമ്പോള്‍ തന്നെ തന്റെ ഉമ്മയെ ഓര്‍ത്ത് കണ്ണ് നിറയുന്നു. ഭാവനയില്‍ അവന്‍ ഉമ്മയെ കാണുന്നു. അവന്റെ ഹൃദയം ഉമ്മയെ തേടുന്നു. അവന്റെ മസ്തിഷ്‌കം ഉമ്മയെ കൊതിക്കുന്നു. അവന്റെ റൂഹ് ഉമ്മയെ ചുംബിക്കുന്നു. ഈ വചനത്തിലെ വാക്കുകളുടെ മണിമുഴക്കം ആ വിഷമത്തിന്റെ കാഠിന്യവും ക്ലിഷ്ടതയും വിളിച്ചോതുന്നു. വിശേഷിച്ചും ഗര്‍ഭഭാരത്തിന്റെ പാരമ്യത്തിലെ കിതപ്പുകളും നിശ്വാസങ്ങളും ഈ ശബ്ദങ്ങളില്‍ നാം അനുഭവിക്കുന്നു. ഭാവനയില്‍ അതിന്റെ വേദനകളും യാതനകളും ഇപ്പോള്‍ നാം കണ്ടിട്ടുണ്ടാകും. അല്ലാഹു സ്ത്രീകളില്‍ ഏല്‍പിച്ച ദൗത്യം അവര്‍ മധുരമായി അനുഭവിക്കുന്നു എന്നതാണ്. തനിക്ക് ലഭിച്ച സമ്മാനത്തിന്റെ മധുരത്തില്‍ സ്വന്തം ശരീരം കീറിപ്പൊളിക്കുംവിധമുള്ള കഠിന വേദനകള്‍ പോലും ഒരു മാതാവ് മറക്കുന്നു. ജീവിതത്തിന്റെ പുതിയ നാമ്പുകള്‍ അങ്ങനെ പിന്നെയും മുളപൊട്ടുകയും പൂത്തുല്ലസിക്കുകയും ചെയ്യുന്നു, മരണം വരെ.

വിശിഷ്ട പോഷകങ്ങളാല്‍ സമ്പന്നമായ മാതൃനിണത്തെ ആസ്വദിച്ച് നീന്തിത്തുടിച്ചവരായിരുന്നു നമ്മൾ. അതില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ ഊറ്റിക്കുടിച്ചു കൊണ്ടാണ് നാം വളര്‍ന്നത്. പാവം മാതാവ് തിന്നുന്നതും കുടിക്കുന്നതും ദഹിപ്പിക്കുന്നതുമെല്ലാം നമ്മെ ‘ തീറ്റിപ്പോറ്റാന്‍’ വേണ്ടിയായിരുന്നു. ഭ്രൂണത്തില്‍ അസ്ഥി വളരാന്‍ തുടങ്ങുന്ന സമയത്ത് നമുക്കറിയാം ഈ ഊറ്റിക്കുടിക്കല്‍ കഠിനതരമാവുകയും ചെയ്യുന്നു. മാതാവ് തന്റെ മജ്ജയുടെയും മാംസത്തിന്റെയും സത്താണ് മുലപ്പാലിലൂടെ നല്‍കുന്നത്. അവളുടെ ഹൃദയത്തിന്റെയും സിരകളുടെയും സത്താണ് അതിനെ പോറ്റിവളര്‍ത്തുന്നത്. ഇതെല്ലാം സ്വന്തം കുഞ്ഞിനു നല്‍കുമ്പോഴും അവള്‍ സന്തുഷ്ടയും സൗഭാഗ്യവതിയുമാണ്. സ്‌നേഹവതിയും വാത്സല്യനിധിയുമാണ്. ഈ ജോലിയില്‍ ഒരിക്കലും അവള്‍ക്ക് മടുപ്പു തോന്നുകയില്ല. ഇതിനായി ചെലവിടുന്ന അധ്വാനങ്ങള്‍ അവള്‍ക്ക് ഭാരമാവുകയില്ല. കുഞ്ഞിന്റെ രക്ഷയും വളര്‍ച്ചയും സുരക്ഷയുമാണ് അവളുടെ ഏകതേട്ടം..! ആ വളര്‍ച്ച സ്വന്തം കണ്ണു കൊണ്ട് കാണുക എന്നതാണ് ഒരമ്മയുടെ ഏറ്റവും വലിയ സൗഭാഗ്യം.! അങ്ങനെ ‘ക്ഷീണത്തിനു മേല്‍ ക്ഷീണമായി’ മാതാവ് തന്റെ കുഞ്ഞിനു ജന്മം നല്‍കുന്നു.! തന്റെ കുഞ്ഞ് പറക്കമുറ്റുവോളം നീളുന്ന മാതൃത്വത്തിന്റെ മഹല്‍ത്യാഗത്തെ ചൂണ്ടിക്കാണിച്ച് മനുഷ്യ മനസ്സാക്ഷിയെ ഉണര്‍ത്തുകയാണ് വിശുദ്ധ ഖുര്‍ആന്‍..! ഒരു ഗര്‍ഭിണി സഹിക്കുന്ന ക്ലേശവും അണപ്പും കിതപ്പും മുഷിപ്പും കൃത്യമായി ഒപ്പിയെടുക്കുകയാണ് ഖുര്‍ആനിവിടെ. ഇത്രമേല്‍ ഹൃദയസ്പര്‍ശിയായ ഖുര്‍ആനിക ആവിഷ്‌കാരം കണ്ണുകളെ ഈറനണിയിപ്പിക്കുന്നു.

Related Articles