Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ എല്ലാ ലക്ഷ്യങ്ങളും നേടാന്‍ കഴിയുമോ ?

പോസിറ്റീവ് ചിന്തയുടെ വക്താക്കള്‍ അവരുടെ പ്രഭാഷണങ്ങളിലൂടെയും രചനകളിലൂടെയും നമ്മുടെ മുമ്പില്‍ സമര്‍പ്പിക്കുന്ന സങ്കല്‍പ്പം, നമുക്ക് എന്തും നേടാന്‍ കഴിയും എന്നതാണ്. നാമതിന് ചെയ്യേണ്ടത് ഒന്ന് മാത്രം, നമ്മുടെ മനോഭാവം അഥവാ മൈന്‍ഡ്സെറ്റ് മാറ്റുക, അങ്ങനെ ആണെങ്കില്‍ നമുക്ക് എന്തും നേടിയെടുക്കാം. പ്രായോഗിക രംഗത്ത് ഇത് തെളിയിച്ച നിരവധി ആളുകളെ നമുക്ക് കാണാം.
ഇവിടെ സ്വഭാവികമായും ഒരു ചോദ്യം വരുന്നു, പിന്നെ വിധിയുടെ പ്രസക്തി എന്താണ്? അതിനുള്ള ഉത്തരം പലതുമാകാം. ഒന്ന് നമ്മുടെ വിധി എന്ത് എന്നത് നമുക്ക് അറിയില്ല, രണ്ട് നമ്മുടെ വിധി നിശ്ചയിച്ച ദൈവത്തിന് എപ്പോഴും അത് മാറ്റാന്‍ കഴിയും, മൂന്ന് പ്രാര്‍ത്ഥനകൊണ്ട് വിധി മാറ്റി മറിക്കപെടും എന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്.

നമുക്ക് പ്രായോഗിക രംഗത്തേക്ക് വരാം. മറ്റു തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുക എന്നത് നമ്മുടെ ജോലിയല്ല, അത് ഭൂമിയില്‍ കാര്യമായൊന്നും ചെയ്യാനില്ലാത്ത ആളുകള്‍ക്ക് വിട്ടുകൊടുക്കാം. ലക്ഷ്യങ്ങള്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ എത്ര എത്ര ആളുകളെയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്? എന്തുകൊണ്ട് നമുക്ക് നമ്മുടെ ലക്ഷ്യങ്ങളൊന്നും നേടാന്‍ കഴിയുന്നില്ല? നമുക്കതിനു കഴിയില്ലേ ? കഴിയുന്നില്ലെങ്കില്‍ എന്ത് കൊണ്ട് കഴിയുന്നില്ല?

മനുഷ്യന്റെ ഭാഗധേയ നിര്‍ണ്ണയം പൂര്‍ണ്ണമായും അവന്റെ കയ്യിലാണെന്നുള്ള സങ്കല്‍പ്പം തികച്ചും തെറ്റാണ് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പിന്നെ എന്ത് കൊണ്ട് ചിലര്‍ അവര്‍ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങള്‍ അനായാസേന നേടിയെടുക്കുന്നു ? ഇത് സാധ്യമാണോ ?
അള്ളാഹു സൃഷ്ട്ടിച്ച മനുഷ്യന്റെ മനസ്സിന്റെ ഘടന എത്ര സുന്ദരമാണ്? നാമാണതിനെ മോശമാക്കുന്നത്.

വിശുദ്ധ ഖുര്‍ആനിന്റെ സങ്കല്‍പ്പ പ്രകാരം, ഒരു മനുഷ്യന്‍ തന്റെ മനസ്സില്‍ വെക്കുന്ന എന്തും നേടിയെടുക്കാന്‍ കഴിയും. ഖുര്‍ആന്‍ തന്നെ പറയട്ടെ ‘ആരെങ്കിലും ഐഹികജീവിതവും അതിന്റെ ആര്‍ഭാടങ്ങളും മാത്രമാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമാവരുടെ കര്‍മഫലങ്ങളൊക്കെ ഇവിടെ വെച്ച് തന്നെ പൂര്‍ണ്ണമായി നല്‍കും. അതിലവര്‍ക്കൊട്ടും കുറവ് വരുത്തില്ല”. (ഹൂദ്: 15). പ്രവാചകന്‍ പറഞ്ഞു ഓരോ മനുഷ്യനും അവനുദ്ദേശിച്ചത് ഉണ്ടായിരിക്കും.  وإنما لكل إمرئ ما نوى ഇവിടെ ഖുര്‍ആന്‍ മനുഷ്യന്റെ മനസ്സിന്റെ ഘടനയാണ് നമ്മെ പഠിപ്പിക്കുന്നത്. ചിന്താരീതികള്‍ മാറ്റുന്നതോടെ മനുഷ്യന്റെ മനസ്സിന്റെ ഘടന മാറ്റാന്‍ കഴിയും എന്നര്‍ത്ഥം.

നിരാശകളും ദുഖങ്ങളും അവസാനിപ്പിച്ച് കര്‍മനിരതരാവൂ, വിജയം കരസ്ഥമാക്കൂ.നിങ്ങളുടെ മനസ്സിന്റെ ഘടന നിങ്ങള്‍ ഉദ്ദേശിക്കുന്ന ആശയങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കൂ. ഭൂമിയില്‍ ഉയര്‍ന്നുവന്ന ഒരാളും നെഗറ്റീവ് ചിന്ത അവരുടെ ജീവിതത്തില്‍ വരാന്‍ അനുവദിച്ചിട്ടില്ല. നിങ്ങള്‍ക്കും അങ്ങനെ ആകാം. നെഗറ്റീവ് ചിന്ത മനുഷ്യനെ ഓരോ നിമിഷവും തകര്‍ത്തുകൊണ്ടിരിക്കും, അവസാനം മനുഷ്യനെ അത് ഒന്നുമല്ലാതാക്കും. നെഗറ്റീവ് ചിന്തകള്‍ക്ക് പകരം പോസിറ്റീവ് ചിന്തകള്‍ മനസ്സിലേക്ക് കൊടുക്കുക. തീര്‍ച്ചയായും വിജയത്തിന്റെ പാതകള്‍ നിങ്ങളുടെ മുമ്പില്‍ തെളിഞ്ഞുവരും.

Related Articles