Current Date

Search
Close this search box.
Search
Close this search box.

ഈ മൂന്നിൽ നാമെവിടെയാണുള്ളത് ?

മനഃശാസ്ത്രപഠനത്തിന് വിധേയമക്കപ്പെട്ടവയിൽ പ്രധാനമായും മൂന്ന് തരത്തിലുള്ള രക്ഷാകർതൃത്വമാണ് ഉള്ളത്. ഒതോറിറ്റേറിയൻ സ്റ്റൈൽ, ഒതോറിറ്റേറ്റീവ് സ്റ്റൈൽ, പെർമിസ്സിവ് സ്റ്റൈൽ. ഈ മൂന്ന് രീതികളെക്കുറിച്ച് ചെറുതായിട്ടൊന്ന് വിശകലനം ചെയ്ത് നോക്കാം.

1) ഒതോറിറ്റേറിയൻ സ്റ്റൈൽ : ഒതോറിറ്റേറിയൻ സ്റ്റൈൽ പാരന്റിങ്ങിൽ മാതാപിതാക്കൾ വളരെയധികം കണിശതയുള്ളവരും കർക്കശമനോഭാവക്കാരുമായിരിക്കും. തങ്ങളുടേതായ നിയമങ്ങളും നിബന്ധനകളും മുമ്പോട്ട് വെയ്ക്കുകയും അനുസരിക്കാത്തപക്ഷം മക്കളെ ശിക്ഷിക്കുകയും ചെയ്യും. മക്കൾ അങ്ങോട്ട് ഒരു ചോദ്യവും ചോദിക്കാൻ പാടില്ല എന്ന് മാത്രമല്ല ചോദിച്ചാൽ തന്നെ ഞങ്ങൾ പറയുന്നതങ്ങ് അനുസരിച്ചാൽ മാത്രം മതി എന്നല്ലാതെ പ്രത്യേകിച്ച് ഒരു മറുപടിയും അവരിൽ നിന്ന് മക്കൾക്ക് പ്രതീക്ഷിക്കാൻ കഴിയില്ല. കുഞ്ഞുങ്ങളുടെ തുറന്ന ഇടപഴകലോ, ആശയവിനിമയമോ ഇത്തരം മാതാപിതാക്കൾ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല.

നാമെല്ലാം വിശ്വസിക്കുന്നത് ഇത്തരം ഒരു പാരന്റിങ് ആവും അത്യുത്തമം എന്നാവും. കുഞ്ഞുങ്ങൾ നേർവഴിക്ക് നയിക്കപ്പെടുകയും അവർ നല്ല അടക്കവും ഒതുക്കവുമുള്ള കുട്ടികളായി വളരുകയും ചെയ്യും എന്നൊക്കെയാവാം നമ്മുടെ ചിന്ത. എന്നാൽ പലപ്പോഴും തങ്ങളുടെ മാതാപിതാക്കളിൽ കാണുന്ന കണിശതയും അതിയായ സ്ട്രിക്റ്റ് മനോഭാവവും മൂലം കുട്ടികൾക്ക് ഉള്ളിൽ രൂപപ്പെടുന്ന കടുത്ത സമ്മർദ്ദത്താലും അസ്വസ്ഥതയുടെയും പ്രേരണയാൽ ഇതുപോലെയുള്ള അച്ഛനമ്മമാരുടെ മേൽനോട്ടത്തിൽ വളർന്നു വരുന്ന ആ കുട്ടികളിൽ വഴിതെറ്റി നടക്കാനുള്ള സാധ്യതകൾക്ക് ഇത്തരം ഒരു രക്ഷാകർതൃത്വം ഹേതുവായി മാറിയേക്കാം എന്ന് റിസേർച്ചുകൾ തെളിയിക്കുന്നു. കൂടാതെ ആ രക്ഷിതാക്കളുടെ മക്കൾക്ക് അവനവനോടുള്ള പ്രിയവും സ്നേഹവും ആത്മാഭിമാനവും(self-esteem) കുറവായിരിക്കും മാത്രമല്ല അവരുടെയുള്ളിൽ മാതാപിതാക്കളെ ഭയന്ന് ജീവിക്കുന്നതിനാൽ ഭീരുത്വവും കാണപ്പെടുന്നു. ഈ കാരണങ്ങളാൽ എല്ലാം തന്നെ പെരുമാറ്റങ്ങളിൽ അസ്വാഭാവികത വന്നുചേരുന്നതായും കുട്ടികൾ അവനവനിലെ യഥാർത്ഥ സ്വത്വത്തെ മറച്ചു വെച്ചു ജീവിയ്ക്കാൻ നിർബ്ബന്ധിതരാക്കപ്പെടുകയും ചെയ്യുന്നു.

മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് എന്ത്കൊണ്ടും ഈ കുട്ടികളിൽ മാനസിക പിരിമുറുക്കം കൂടുതലായിരിക്കും. ഓരോ നിമിഷവും അച്ഛനിൽ നിന്നോ അമ്മയിൽ നിന്നോ നേരിടേണ്ടി വരുന്ന ശകാരം ഓർത്തും ഭയന്നും ശിക്ഷിക്കപ്പെടുന്നതിനെ കുറിച്ചുള്ള ഭീതിയും അവരിൽ സൃഷ്ടിക്കുന്ന ആകുലത കുറച്ചൊന്നുമായിരിക്കില്ല.. ചില കുട്ടികൾ മാതാപിതാക്കളുടെ ചിട്ടകളെ ചോദ്യം ചെയ്യുകയും എതിർക്കുകയും മതപിതാക്കൾക്കെതിരെ തിരിഞ്ഞ് ഒരു റെബൽ അല്ലെങ്കിൽ നിഷേധിയായി മാറുകയും ചെയ്യുന്നു. മക്കൾക്ക് ഒട്ടും സ്വാതന്ത്ര്യം നൽകാത്ത അത്രയും ഉചിതമല്ലാത്ത രീതിയാണ് ഈ പറയുന്ന പാരന്റിങ് സ്റ്റൈൽ എന്ന് പറയുന്നതിൽ തെറ്റില്ല. എന്തും കുഞ്ഞിലേക്ക് അടിച്ചേൽപ്പിക്കുന്ന രീതി അവരിലെ സ്വാഭാവിക വളർച്ചയെ തടയുന്നതിനാൽ ഈ രീതി പിന്തുടരുന്നവർ കണിശതയിൽ അല്പം അയവ് വരുത്തി മക്കളെക്കൂടെ കേൾക്കാനുള്ള മനസ്സ് കാണിക്കുന്നത് നന്നാവും.

2) ഒതോറിറ്റേറ്റീവ് സ്റ്റൈൽ : ഏറ്റവും ഉചിതവും പ്രശംസനീയവുമായ പാരന്റിങ് സ്റ്റൈൽ ഏതാണെന്നതിൽ സംശയം വേണ്ട, അത് തീർച്ചയായും ഒതോറിറ്റേറ്റീവ് സ്റ്റൈൽ ആണെന്നാണ് ചൈൽഡ് ഡവലപ്മെന്റ് സ്പെഷ്യലിസ്റ്റുകൾ വിശ്വസിക്കുന്നത്. നിങ്ങൾ ഒരു ഒതോറിറ്റേറ്റീവ് പാരന്റ് ആണെങ്കിൽ കുട്ടികൾക്ക് സ്ഥിരമായ കുറച്ച് റൂൾസും ചില അതിർ വരമ്പുകളും വെയ്ക്കും. പക്ഷെ കുഞ്ഞുങ്ങളെ അവർക്ക് പറയാനുള്ളത് കേൾക്കുന്നതോടൊപ്പം തൃപ്തികരമായ വിധത്തിൽ കാര്യകാരണങ്ങൾ സഹിതം മറുപടിയും നൽകും എന്നതാണ് ഈയൊരു രീതിയുടെ സവിശേഷത . പൊസിറ്റീവ് മനോഭാവത്തോടെ കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കുകയും എപ്പോഴും രക്ഷാകർത്താക്കൾക്കും മക്കൾക്കുമിടയിൽ ശരിയായ കമ്മ്യൂണിക്കേഷൻ നടക്കുകയും ചെയ്യുന്നതിനാൽ അവർക്കിടയിൽ തെറ്റിദ്ധാരണകൾക്ക് സ്ഥാനമില്ലാതാകുന്നു.

കൈവിടാതെ കൂടെ നിൽക്കേണ്ട സാഹചര്യങ്ങളിളെല്ലാം കുഞ്ഞുങ്ങളുടൊപ്പം തന്നെ നിൽക്കുകയും വളരെ നല്ല സപ്പോർട്ട് നൽകുകയും വളർച്ചയ്ക്ക് അനുകൂലമായ പരിതസ്ഥിതിയോടൊപ്പം തന്നെ സ്നേഹനിർഭരമായ സമീപനങ്ങളാൽ മാനസിക സുരക്ഷിതത്വമേകിയും ശരിയായ വിധത്തിൽ ആന്തരിക വളർച്ചയെ പരിപോഷിപ്പിച്ചും വളർത്തുന്നതിനാൽ പ്രായത്തിനൊത്ത മാനസികാരോഗ്യവും വളർച്ചയും ഈ കുഞ്ഞുങ്ങളിലാണ് കാണപ്പെടുക. അവനവനോടുള്ള ഇഷ്ടവും സ്നേഹവും (self love) ആത്മാഭിമാനബോധവും(self esteem) നല്ല നിലവാരമുള്ള ജീവിതവും ഈ അച്ഛനമ്മമാരിലൂടെ ജന്മംകൊണ്ട കുട്ടികളാണ് ജീവിക്കുന്നത്. അർത്ഥവത്തായതും മൂല്യാധിഷ്ഠിതവുമായ ജീവിതമാണ് ഇവർ തിരഞ്ഞെടുക്കുക. അക്രമാസക്തി പൊതുവെ കുറവും മദ്യം മയക്ക് മരുന്ന് പോലുള്ള ജീവിതം തകർക്കുന്ന ലഹരിവസ്തുകളോടൊക്കെ ഇവർ വിരക്തിയും കാണിക്കും. അസന്മാർഗ്ഗീകമായ രീതിയിലുള്ള ലൈംഗീകതയ്ക്ക് അടിമപ്പെടാനും അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമൊക്കെയുള്ള പ്രവണതയും ഇവരിൽ വളരെ കുറവായിരിക്കും.

അല്പം ക്ഷമയും പ്രയത്നവും ആർപ്പണ മനോഭാവവും കൂടാതെ ഒരു ഒതോറിറ്റേറ്റീവ് പാരന്റ് ആവാൻ കഴിയില്ല എന്നത് വാസ്തവം തന്നെ. എങ്കിലും ഏറെ ഫലപ്രദമായതും നല്ലൊരു റിസൾട്ട് അല്ലെങ്കിൽ സംതൃപ്തമായ ഒരു ഔട്ട് പുട്ട് ലഭിക്കുന്നതും രക്ഷിതാക്കൾ ഒതോറിറ്റേറ്റീവ് സ്റ്റൈൽ അവലംബിക്കുമ്പോഴാണ്. നല്ലൊരു ഔട്ട് കം ആഗ്രഹിക്കുന്നവർക്ക് ഈ മെത്തഡ് ഫോളോ ചെയ്യാവുന്നതാണ്.

3) പെർമിസ്സിവ് സ്റ്റൈൽ : പേർമിസ്സിവ് ആയ അച്ഛനമ്മമാർ ഊഷ്മളത നിറഞ്ഞ സ്നേഹസമ്പന്നരായ മാതാപിതാക്കൾ ആയിരിക്കുമെങ്കിലും പഴയ പരമ്പരാഗത രീതി വെടിഞ്ഞ് സ്വന്തം ജീവിതം എങ്ങനെ വേണമെന്ന് മക്കൾ തന്നെ തീരുമാനിക്കട്ടെ, അവർ സ്വയം പഠിക്കട്ടെ എന്ന പുരോഗമന ചിന്തയിലൂന്നിയ ഒരു പുതിയ മെത്തേഡ് പിന്തുടരുന്നവരായിരിക്കും. മക്കളെ തൊട്ട് അതിരു കവിഞ്ഞ ആധിയൊന്നും ഇവർ പ്രകടിപ്പിക്കില്ല, അത്രത്തോളം വ്യാകുലരായിരിക്കില്ല. മക്കൾ സ്വതന്ത്രരായി അവരവരുടെ കാര്യങ്ങൾ നോക്കി ജീവിക്കട്ടെ എന്ന നിലപാട് വെച്ച് പുലർത്തുന്നതിനാൽ കുഞ്ഞുങ്ങളുടെ ജീവിതത്തിൽ അവരുടെ തീരുമാനങ്ങളിൽ യാതൊരു വിധ കൈകടത്തലുകളും ഈ അച്ഛനമ്മമാർ നടത്തില്ല എന്നുള്ളതാണ് കാര്യം.

മക്കൾക്ക് യാതൊരു വിധ നിബന്ധനകളോ ചിട്ടകളോ വെക്കാതെ, അതിരവരമ്പുകൾ സൃഷ്ടിക്കാതെ, നിയന്ത്രണങ്ങളിൽ നിർത്താതെയാണ് ഇവർ പരിപാലിക്കുന്നത്. അത് കാരണം ചെറുപ്രായത്തിലേ തന്നെ അവരുടെ മക്കൾക്ക് ഒട്ടേറെ പ്രശനങ്ങളെ അഭിമുഖീകരിക്കേണ്ട സാഹചര്യം മുന്നിൽ വരുന്നു. മക്കൾ ഓരോ സാഹചര്യങ്ങളെയും തനിച്ച്‌ നേരിടേണ്ടി വരുമ്പോൾ പലവിധ മാനസിക സംഘർഷങ്ങളിലൂടെയും കടന്നുപോകാൻ ഇടയാക്കുന്നതിനാൽ തന്നെ അവർ പലപ്പോഴും മാനസികമായി തളർന്നു പോകാൻ ഇടയുണ്ട് . ദുർബലമായ മനസ്സിന് ഉടമകളായി മാറാനും.

പെർമിസ്സിവ് ആയ അച്ഛനമ്മമാരുടെ രക്ഷാകർതൃത്വത്തിൽ വളരുന്ന മക്കൾ മറ്റുള്ളവരാൽ ചൂഷണം ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതലാണ്. തക്കം കിട്ടിയാൽ മറ്റു കുട്ടികൾ ഇവരെ ശല്യം ചെയ്യനും ദേഹോപദ്രവം ഏല്പിക്കാനും മുതിർന്നേക്കാം. പക്ഷെ അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം എന്തെന്ന് വെച്ചാൽ നമ്മൾ ഒന്നാമത് പറഞ്ഞ ഒതോറിറ്റേറിയൻ സ്റ്റൈൽ മാതാപിതാക്കൾ ഇല്ലേ, അവരുടെ മക്കളായിരിക്കും ഇപ്പറയുന്ന കുട്ടികളെ ഉപദ്രവിക്കാനും ചൂഷണം ചെയ്യാനും മുതിരുക. ഒതോറിറ്റേറ്റീവ് മാതാപിതാക്കളുടെ മക്കൾ സംതൃപ്ത ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവർ ആയതിനാൽ അക്രമികൾ ആവാൻ ഇഷ്ടപ്പെടില്ല.

Related Articles